സ്വർണത്തെ തോൽപ്പിക്കാൻ ആവില്ല മക്കളേ. അതിന് ശ്രമിച്ചിട്ടുണ്ട്. പലരും പലവട്ടം. അങ്കമുറ കൊണ്ടും ആയുധബലം കൊണ്ടും സ്വർണത്തെ തോൽപ്പിക്കാനോ സ്വർണത്തോടുള്ള നമ്മുടെ ഭ്രമം കുറപ്പിക്കാനോ ആണായി പിറന്നവർ ആരുമില്ല. ഇനിയിപ്പോ പുരഞ്ജയമായി തുടങ്ങി സൗഭദ്രമാണെ് തോന്നിക്കുന്ന പഴയ ആ പുത്തൂരം അടവുമായിട്ടോ പരിചക്ക് മണ്ണുവാരി കണ്ണിലെറിഞ്ഞു ചതിക്കുന്ന കുറുപ്പന്മാരുടെ പുതിയ അടവുമായിട്ടോ ആരേലും പുതുതായി വന്നിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല.

To advertise here,

പണ്ടിങ്ങനെ പലരും ശ്രമിച്ചപ്പോൾ ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിയാണെന്നു കരുതി സ്വർണച്ചേകവർ തൊടുക്കാൻ കൂട്ടുനിന്നിട്ടുണ്ട്. പന്തിപ്പഴുത് കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടി ഒഴിഞ്ഞിട്ടുണ്ട്. എന്നാൽ, അതൊന്നും സ്വർണത്തെ പിടിച്ചുകെട്ടാനിറങ്ങിയവർക്ക് മനസിലാക്കാനുള്ള പഠിപ്പുപോലും ഇല്ലായിരുന്നു. കാരണം സ്വർണം വെറുമൊരു ലോഹമല്ല; അത് മനുഷ്യരുടെ കൂട്ടായ ഭ്രമത്തിന്റെ തിളങ്ങുന്ന രൂപമാണ്.

ലോകത്ത് രാജാക്കന്മാർ വീണു. സാമ്രാജ്യങ്ങൾ തകർന്നു. നാണയങ്ങൾ മാറി. ബാങ്കുകൾ പൂട്ടി. ഓഹരി വിപണികൾ കുത്തനെ ഇടിഞ്ഞു. ക്രിപ്‌റ്റോകൾ രാത്രികൊണ്ട് കോടീശ്വരന്മാരെയും പിറ്റേന്ന് പിച്ചക്കാരെയും ഉണ്ടാക്കി. പക്ഷേ, സ്വർണത്തിന് മാത്രം പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ല. അത് ഇന്നും പഴയ തിളക്കത്തിൽ തന്നെ നമ്മുടെ അലമാരയിലും ലോക്കറിലും കുടുംബ സ്വപ്നങ്ങളിലുമായി കിടക്കുന്നു. നമ്മളതിനെ ഇന്നും പൊന്നുപോലെ തന്നെയാണ് കൊണ്ടുനടക്കുന്നത്. കല്യാണമണ്ഡപത്തിൽ ഇന്നും സ്വർണത്തിനാണ് പ്രധാന സീറ്റ്. വരനും വധുവും ചിലപ്പോൾ സൈഡിലായാലും ''എത്ര പവൻ ഉണ്ടായി?'' എന്ന ചോദ്യമാണ് മെയിൻ ഇവന്റ്. ''പത്ത് പവൻ കുറവാണോ?'' എന്നൊരു ചോദ്യമുണ്ട് അതിന്റെ സാമൂഹികവും കുടുംബപരവും മാനസികവും രാഷ്ട്രീയവുമായ പ്രത്യാഘാതം ചില മന്ത്രിസഭ തീരുമാനങ്ങൾക്കുപോലും ഉണ്ടാകാറില്ല.

ബജറ്റിൽ നികുതി കൂടിയാലും ആളുകൾ രണ്ട് ദിവസം ചർച്ച ചെയ്യും. പക്ഷേ കല്യാണത്തിന് സ്വർണം കുറവായി എന്ന് നാട്ടിൽ ഒരു വാർത്ത പടർന്നാൽ അത് മൂന്നു തലമുറ ചർച്ച ചെയ്യും. ഇപ്പോൾ സ്വർണവില കുതിച്ചുയരുന്നു എന്ന് കേട്ടാൽ സാമ്പത്തിക വിദഗ്ധർ ടിവിയിൽ വന്ന് മുഖത്ത് ഗൗരവം വരുത്തി പറയും 'സ്വർണം ഒരു ഉത്പാദന ആസ്തിയല്ല, അത് സാമ്പത്തിക വളർച്ചയ്ക്ക് വലിയ സംഭാവന ചെയ്യില്ല. ദീർഘകാലത്തിൽ ഇക്വിറ്റിയാണ് മികച്ചത്.' അവരുടെ സംസാരമൊക്കെ കേട്ടാൽ തോന്നും, ഇനി ജനങ്ങളെല്ലാം മാലയും വളയും വിറ്റ് നേരെ മ്യൂച്വൽ ഫണ്ടിലേക്ക് ഓടുമെന്നാണ്.

പക്ഷേ, അതേ വിദഗ്ധൻ വീട്ടിൽ ചെല്ലുമ്പോൾ സാഹചര്യം അൽപം വ്യത്യസ്തമായിരിക്കും. അവിടെ ഭാര്യ വളരെ ലളിതമായി ചോദിക്കും, ''സ്വർണത്തിന് വില കുറഞ്ഞുതുടങ്ങിയല്ലോ. അപ്പൊ ഈ മാസം ഒരു വള എടുക്കാമല്ലോ?' അവിടെ തീരും സാമ്പത്തികശാസ്ത്രം. ടിവി സ്റ്റുഡിയോയിൽ ''ഡൈവേഴ്‌സിഫിക്കേഷൻ'' പറഞ്ഞ മനുഷ്യൻ ഉടൻ മൊബൈൽ എടുത്ത് ഇന്നത്തെ പവൻവില നോക്കും. പിന്നെ സ്വൽപം ചുമച്ച് പറയും, 'ഇനി കുറച്ച് കൂടിയാൽ വാങ്ങാൻ പറ്റില്ല... ഇപ്പോൾ എടുത്താൽ എടുക്കാം...' അതാണ് സ്വർണത്തിന്റെ ശക്തി. നോബൽ സമ്മാനം നേടിയ സാമ്പത്തിക സിദ്ധാന്തങ്ങൾക്കുപോലും വീട്ടിലെ ഡ്രസിംഗ് ടേബിളിന്മേൽ കിടക്കുന്ന ഒരു ചെറിയ ജൂവൽ ബോക്‌സിനു മുന്നിൽ ചിലപ്പോൾ തോൽക്കേണ്ടി വരും.

ചരിത്രത്തിൽ സ്വർണത്തെ തോൽപ്പിക്കാൻ മനുഷ്യൻ നടത്തിയ ഏറ്റവും വലിയ ശ്രമം എന്തിനായിരുന്നു എന്ന് അറിയാമോ?

അത് സ്വർണം ഇല്ലാതാക്കാൻ അല്ലായിരുന്നു. അത് സ്വർണം ഉണ്ടാക്കാനായിരുന്നു. അൽക്കമി എന്നൊരു സംഭവമുണ്ട്. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ശാസ്ത്രവും മാന്ത്രികതയും ചേർത്ത് ചെയ്ത ഒരു സ്റ്റാർട്ടപ്പ് പരീക്ഷണം. പണ്ടത്തെ ചില ശാസ്ത്രജ്ഞൻമാർക്കും ജ്യോത്സ്യന്മാർക്കും മന്ത്രവാദികൾക്കും ഒരു ഉറച്ച വിശ്വാസമുണ്ടായിരുന്നു, ഇരുമ്പും ചെമ്പും കുറച്ച് രഹസ്യപ്പൊടിയും ചേർത്ത് നന്നായി തിളപ്പിച്ചാൽ ഒരു ദിവസം സ്വർണം പുറത്തുവരുമെന്ന്. അതിന് വേണ്ടി അവർ ജീവിതം മുഴുവൻ ലാബിൽ പുകച്ചു തീർത്തു. ചട്ടികൾ പൊട്ടിച്ചു. വീടുകൾ പണയം വെച്ചു. രാജാക്കന്മാരിൽനിന്ന് ഗ്രാന്റ് വാങ്ങി. ചിലർക്ക് പരീക്ഷണത്തിനിടെ മീശയും കണ്പീലിയും വരെ കത്തി പോയിട്ടുണ്ടാവും. എന്നാലും മനുഷ്യൻ വിട്ടില്ല. കാരണം ലക്ഷ്യം സ്വർണമായിരുന്നു.

''ഇനി കുറച്ച് കൂടി ചൂടാക്കിയാൽ വരും...' എന്ന പ്രതീക്ഷയിൽ എത്ര രാത്രികളാണ് അവർ ഉറങ്ങാതെ കഴിഞ്ഞത്! ഇന്നത്തെ ക്രിപ്‌റ്റോ ട്രേഡർമാരുടെ അവസ്ഥ കണ്ടാൽ ആ അൽക്കമിസ്റ്റുമാർക്ക് പോലും ഒരു ആത്മബന്ധം തോന്നുമായിരിക്കും. അവസാനം കിട്ടിയത് എന്താണെന്ന് അറിയാമോ? സ്വർണം അല്ല, രസതന്ത്രം. അതായത് സ്വർണം കിട്ടിയില്ലെങ്കിലും ലോകത്തിന് കെമിസ്ട്രി കിട്ടി. സ്‌കൂളിലെ കുട്ടികൾക്ക് ഇന്നും പരീക്ഷയിൽ തലവേദന കിട്ടുന്ന ആ വിഷയം, യഥാർത്ഥത്തിൽ സ്വർണഭ്രമത്തിന്റെ സൈഡ് എഫക്ടാണ്.

മനുഷ്യൻ പിന്നെയും വിട്ടില്ല. 'മണ്ണിന് മുകളിൽ കിട്ടുന്നില്ലെങ്കിൽ ഭൂമിക്കടിയിൽ ഒളിപ്പിച്ചിട്ടുണ്ടാകും'' എന്ന പ്രതീക്ഷയിൽ നിധിവേട്ട തുടങ്ങി. സ്വർണം മനുഷ്യനെ ഏറ്റവും കൂടുതൽ വ്യായാമം ചെയ്യിച്ച ലോഹമാണെങ്കിൽ അതിന് പ്രധാന കാരണം ഈ കുഴിയെടുപ്പുകളായിരിക്കും. ഇന്ത്യയിലെ നിധിവേട്ടയുടെ ചരിത്രം എടുത്താൽ പല സിനിമകളും ഫ്‌ലോപ്പാകും. എവിടെയെങ്കിലും ഒരു പഴയ കിണറോ തകർന്ന മതിലോ കണ്ടാൽ മതി ഉടൻ ആരെങ്കിലും ശബ്ദം കുറച്ച് പറയും, 'ഇവിടെ ടിപ്പു സുൽത്താന്റെ നിധിയുണ്ടത്രേ...'

അത്ര മതി. രാത്രി പന്ത്രണ്ടിന് മൂന്നു പേർ ടോർച്ചുമായി എത്തും. ഒരാളുടെ കയ്യിൽ ജ്യോത്സ്യന്റെ മാപ്പ്. മറ്റെയാളുടെ കയ്യിൽ ഇരുമ്പ് കമ്പി. മൂന്നാമൻ വെറുതെ ആവേശത്തിന്. മൂന്ന് മണിക്കൂർ കുഴിച്ച ശേഷം കിട്ടുക പഴയ ചിരട്ട, ഒരു പൊട്ടിയ കലശം, രണ്ടു തവള. പക്ഷേ നിരാശയില്ല. കാരണം സ്വർണവുമായി ബന്ധപ്പെട്ട പ്രതീക്ഷകൾക്ക് ലോജിക് ബാധകമല്ല. ''ഇത് ഡമ്മി കുഴിയായിരുന്നു... യഥാർത്ഥ നിധി അടുത്ത ഭാഗത്തായിരിക്കും...' എന്ന് പറഞ്ഞ് അടുത്ത ഞായറാഴ്ച വീണ്ടും കുഴിയെടുപ്പ് തുടരും.

കേരളത്തിലും ഈ കഥകൾക്ക് കുറവൊന്നുമില്ല.

''ആ വീട്ടിൽ ഒരു നാഗക്കളമുണ്ട്...'

'അവിടെ യക്ഷി കാത്തിരിക്കുന്ന സ്വർണക്കിണറുണ്ട്...'

'ഈ പറമ്പിൽ പഴയ ജന്മിയുടെ പെട്ടി മൂടിയിട്ടുണ്ടത്രേ...'

ഇങ്ങനെ കേട്ടുകേട്ട് എത്ര ആളുകൾ വീടിന്റെ പറമ്പ് വരെ ജെസിബി ഇറക്കി കുഴിച്ചിട്ടുണ്ടാകും!

പണ്ടൊരിക്കൽ നാട്ടിൽ ഒരു വീട്ടിൽ രാത്രിയിൽ കുഴിയെടുക്കുന്നത് കണ്ട അയൽവാസികൾ ചോദിച്ചു:

''എന്താ പരിപാടി?''

ഉടൻ മറുപടി വന്നു:

''വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രെയിനേജ് ഇടുന്നതാ...'

കേരളത്തിൽ ഡ്രെയിനേജിനേക്കാൾ കൂടുതൽ കുഴിയെടുത്തത് നിധിവേട്ടക്കായിരിക്കാം. ഒരു നിധിയും കിട്ടിയില്ലെങ്കിലും നാട്ടുകാർക്ക് കുറഞ്ഞത് ഒരു കാര്യം കിട്ടും. പുതിയ ഗോസിപ്പ്. പിന്നെ വർഷങ്ങളോളം ചായക്കട ചർച്ച; ''അവർക്കൊന്നും കിട്ടിയില്ലെന്ന് പറയുന്നുണ്ട്... പക്ഷേ ആഴ്ചയ്ക്കുള്ളിൽ മരുമകൾക്ക് പുതിയ മാല വന്നല്ലോ...'

സ്വർണത്തിനെതിരായ മറ്റൊരു വലിയ യുദ്ധം സർക്കാരുകൾ തന്നെയാണ് നടത്തിയിട്ടുള്ളത്. ''ജനങ്ങൾ സ്വർണം വാങ്ങരുത്... പകരം ബാങ്കിൽ പണം നിക്ഷേപിക്കൂ... സാമ്പത്തിക വ്യവസ്ഥയ്ക്ക് അതാണ് നല്ലത്...' എന്ന് പറഞ്ഞ് എത്ര പദ്ധതികളാണ് വന്നത്.

മലയാളികളുടെ കയ്യിൽ കുറച്ച് പൈസ കിട്ടിയാൽ ആദ്യം ഓർക്കുന്നത് ബാങ്ക് നിക്ഷേപത്തെക്കുറിച്ചോ മ്യൂച്വൽ ഫണ്ട് എസ് ഐ പിയേക്കുറിച്ചോ അല്ല., ''ഒരു പവൻ എടുത്താലോ?'' എന്ന ചിന്തയാണ്.

അതിനാലാണ് ഒരുകാലത്ത് സർക്കാർ വലിയ പ്രതീക്ഷയോടെ സോവറീൻ ഗോൾഡ് ബോണ്ട് കൊണ്ടുവന്നത്.

സർക്കാർ പറഞ്ഞു; ''നിങ്ങൾ സ്വർണം വാങ്ങേണ്ട. അതിന് പകരം ഞങ്ങൾ കടലാസിൽ സ്വർണം തരാം. മുടക്കുന്ന പൈസയ്ക്ക് പലിശയും തരാം. വിൽക്കുമ്പോൾ അന്നത്തെ മാർക്കറ്റ് പ്രൈസും തരാം.''

സാമ്പത്തിക വിദഗ്ധർ കൈയടിച്ചു.

''ബ്രില്ല്യന്റ് ഐഡിയ!''

വില കൂടുന്നത് കണ്ട് സുരക്ഷിത ആസ്തി എന്ന രീതിയിലാണ് സ്വർണാഭരണങ്ങൾ വാങ്ങുന്നതെന്നാണ് സർക്കാർ കരുതിയത്. അതുകൊണ്ടാണ് സ്വർണ ഇറക്കുമതി കുറയ്ക്കാനാകാത്തത് എന്നും കരുതി. ഇത്തരക്കാർക്ക് ആകർഷകമായ കടലാസ് സ്വർണ പദ്ധതി ആവിഷ്‌കരിച്ചാൽ അത് വാങ്ങി നമ്മൾ സമാധാനപ്പെടും എന്നും കരുതി. സ്വർണ ഭ്രമമമുള്ള നമ്മൾ ലോഹരൂപത്തിലുള്ള സ്വർണവും ആഭരണങ്ങളും വാങ്ങുന്നത് നിർത്തുമെന്നും പ്രതീക്ഷിച്ചു. പക്ഷേ നമ്മളാരാ മോൻ. നമ്മൾ രണ്ടും വാങ്ങി. സ്വർണാഭരണങ്ങൾ വാങ്ങുന്നത് തുടരുകയും ഒപ്പം സോവറീൻ ഗോൾഡ് ബോണ്ട് എന്ന കടലാസ് സ്വർണവും വാങ്ങി. സ്വർണ ഇറക്കുമതി ഒട്ടും കറഞ്ഞില്ല എന്ന് മാത്രമല്ല സോവറീൻ ഗോൾഡ് ബോണ്ടിലേക്ക് വൻതോതിൽ പണം ഒഴുകി. അതോടെ ആ പദ്ധതി തന്നെ വലിയ ബാധ്യതയായി. അവിടെ തീർന്നു സാമ്പത്തിക പരിഷ്‌കാരം. പദ്ധതി തന്നെ നിർത്തിവെക്കേണ്ടിവന്നു. സോവറീൻ ഗോൾഡ് ബോണ്ട് സാമ്പത്തികമായി മോശം പദ്ധതിയൊന്നുമല്ലായിരുന്നു. പലപ്പോഴും ആഭരണത്തേക്കാൾ നല്ല നിക്ഷേപം തന്നെയായിരുന്നു. പലിശ കിട്ടും. സുരക്ഷ ഉണ്ടാകും. ലോക്കറിൽ വയ്‌ക്കേണ്ടതില്ല. മോഷണഭയമില്ല. പണിക്കൂലി ഇല്ല. പക്ഷേ അതിന് സ്വർണത്തിന്റെ പ്രഭയില്ലായിരന്നു.

ഇന്ത്യയിൽ സ്വർണത്തിന്റെ ഏറ്റവും വലിയ USP നിക്ഷേപമല്ല.'ഫംഗ്ഷനിൽ ഇടാൻ പറ്റണം' എന്നതാണ്.

നമ്മുടെ നാട്ടിൽ ആരും ബാങ്ക് പാസ്ബുക്ക് കഴുത്തിൽ ഇട്ട് കല്യാണത്തിന് പോകില്ലല്ലോ.അതുകൊണ്ടാണ് സർക്കാർ എത്ര സാമ്പത്തിക ബോധവത്ക്കരണം നടത്തിയാലും, അവസാനം ഒരു ജ്വല്ലറിയുടെ ഷോറൂമിൽ കയറുമ്പോൾ ആളുകളുടെ കണ്ണിൽ വരുന്ന ആ തിളക്കം ഇന്നും ഒരു ഫിനാൻഷ്യൽ പ്രോഡക്റ്റിനും സൃഷ്ടിക്കാനാകാത്തത്.

ഇന്ത്യക്കാരൻ സ്വർണം വാങ്ങുന്നത് വെറും നിക്ഷേപത്തിനല്ല.

അതൊരു വികാരമാണ്.

കുഞ്ഞ് പിറന്നാൽ ഒരു കാപ്പ്.

ചോറൂണിന് ഒരു അരഞ്ഞാണം.

കല്യാണത്തിന് ഒരു സെറ്റ്.

ഗൾഫിൽ നിന്ന് വരുന്ന ചേട്ടൻ കൈയിൽ ഒരു ചെറിയ കവറുമായി വന്നില്ലെങ്കിൽ കുടുംബയോഗത്തിൽ അവന്റെ റേറ്റിംഗ് താഴും.

സ്വർണത്തിന് ഇന്ത്യയിൽ റിസർവ് ബാങ്കിനേക്കാൾ വലിയ സാമൂഹിക വിശ്വാസ്യതയുണ്ട്. ഒരു കുടുംബത്തിൽ സാമ്പത്തിക പ്രതിസന്ധി വന്നാൽ ആദ്യം എന്താണ് പറയുക?'സ്വർണം ഉണ്ടല്ലോ...'ആ വാക്കിൽ തന്നെയുണ്ട് ഈ ലോഹത്തിന്റെ യഥാർത്ഥ ശക്തി. സ്റ്റോക്ക് മാർക്കറ്റ് ഇടിഞ്ഞാൽ ആളുകൾ ടെൻഷനാകും. ക്രിപ്‌റ്റോ താഴ്ന്നാൽ യുവാക്കൾ ട്വിറ്ററിൽ കരയും. പക്ഷേ സ്വർണം വാങ്ങിയ അമ്മമാർക്ക് ഒരു സമാധാനമുണ്ട്. അലമാര തുറന്ന് ഒന്നു നോക്കിയാൽ മതി. മനസിന് ഒരു ആത്മവിശ്വാസം വരും.

ഇതൊക്കെ കേട്ട് എന്നെപ്പോലുള്ള സാമ്പത്തിക വിദഗ്ധർ വീണ്ടും പറയും ''ഡെഡ് ഇൻവെസ്റ്റ്‌മെന്റ്... നോൺ പ്രൊഡക്റ്റീവ് അസറ്റ്...'

പക്ഷേ അവർക്ക് മനസിലാകാത്ത ഒരു കാര്യമുണ്ട്. ഇന്ത്യയിൽ സ്വർണം ഒരു മെറ്റൽ അല്ല. അത് ഒരു കുടുംബ ഇൻഷുറൻസാണ്.

ഒരു സാമൂഹിക സ്റ്റാറ്റസാണ്. ഒരു മാനസിക സമാധാനമാണ്.

ചിലപ്പോൾ അമ്മയുടെ സ്‌നേഹത്തിന്റെ രൂപവുമാണ്.

അതുകൊണ്ടാണ് സ്വർണവില കിലോമീറ്ററുകൾ കയറിയാലും ജ്വല്ലറികളിൽ തിരക്ക് കുറയാത്തത്. ''ഇനി വില കൂടും'' എന്ന ഭയവും ''ഇപ്പോൾ വാങ്ങിയില്ലെങ്കിൽ നഷ്ടം'' എന്ന മനോഭാവവും ചേർന്നാൽ മനുഷ്യൻ സാമ്പത്തികശാസ്ത്രം മറക്കും. ഇതൊക്കെ കണ്ട് സ്വർണം ചിരിക്കുമെന്നെനിക്ക് തോന്നാറുണ്ട്. കാരണം അതിനെ തോൽപ്പിക്കാൻ വന്നവരെല്ലാം അവസാനം അതിന്റെ പരസ്യക്കാരായി മാറി. സ്വർണം മോശമാണെന്ന് പറഞ്ഞ സാമ്പത്തിക വിദഗ്ധർ പോലും മകളുടെ കല്യാണത്തിന് ''കുറച്ചുകൂടി എടുത്താൽ നന്നായിരുന്നു'' എന്ന് പറയും. ''മിനിമലിസം'' പ്രഭാഷണം നടത്തുന്ന സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ പോലും വിവാഹ ഫോട്ടോഷൂട്ടിൽ സ്വർണക്കമ്മൽ ഇടും. അതാണ് സ്വർണത്തിന്റെ യഥാർത്ഥ മായാജാലം.