
വിയോജിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ കാതൽ. അതുകൊണ്ടാണ് മറ്റൊരാൾക്ക് തന്നോട് വിയോജിക്കുന്നതിനുള്ള അവകാശം സംരക്ഷിക്കുന്നതിന് കൊലമരത്തിലേക്ക് പോകാൻ തയ്യാറാണെന്ന വോൾട്ടയറുടെ വചനം ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ നിർവ്വചനമാവുന്നത്. ഈ സൗന്ദര്യമാണ് , ഈ പ്രകാശവും പ്രസന്നതയുമാണ് അടിയന്തരാവസ്ഥ കെടുത്തിക്കളഞ്ഞത്.
വിയോജിക്കുന്നവരെ ഇല്ലാതാക്കുന്നതാണ് എളുപ്പമെന്ന ചിന്തയായിരുന്നു ഗാന്ധി വധത്തിന് പിന്നിൽ. 77 കൊല്ലം മുമ്പ് ഡെൽഹിയിലെ ബിർള ഹൗസിൽ നിറയൊഴിക്കപ്പെട്ട വെടിയുണ്ടയുടെ തുടർച്ചയാണ് ഗോവിന്ദ് പൻസാരെയിലും ധബോൽക്കറിലും ഖൽബുർഗിയിലും ഗൗരി ലങ്കേഷിലുമുണ്ടായതെന്നത് നടുക്കുന്ന സംഗതിയാണ്. ഏകാധിപതികൾ എക്കാലവും അരക്ഷിതത്വത്തിന്റെ പിടിയിലായിരിക്കും. ഭരണം നിലനിർത്താൻ അവർ ഏതറ്റം വരെയും പോകും. 1971-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 352 സീറ്റുകളുടെ വൻ ഭൂരിപക്ഷത്തിലാണ് ഇന്ദിരാ ഗാന്ധി അധികാരത്തിലെത്തിയത്. എന്നിട്ടും അരക്ഷിതാവസ്ഥ അവരെ വിട്ടുപോയില്ല. അലഹാബാദിലെ ആനന്ദഭവനിൽ അമ്മ കമല നേരിട്ട അരക്ഷിതാവസ്ഥയുടെ നിഴൽ ജീവിതത്തിലുടനീളം ഇന്ദിരയെ പിന്തുടർന്നു. ആ നിഴലിലാണ് എതിർപ്പുകൾ അടിച്ചമർത്തുന്നതിനുള്ള എളുപ്പ വഴിയെന്ന നിലയിൽ 1975 ജൂൺ 25-ന് ഇന്ദിരാ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
1937 നവംബറിൽ കൽക്കത്തയിൽ നിന്നിറങ്ങുന്ന മോഡേൺ റിവ്യു മാസികയിൽ ഒരു ലേഖനം വന്നു. ' We Want No Caesars' എന്ന തലക്കെട്ടിലുള്ള ലേഖനം കോൺഗ്രസ് പ്രസിഡന്റ് ജവഹർലാൽ നെഹ്രുവിനുള്ള മുന്നറിയിപ്പായിരുന്നു. എപ്പോൾ വേണമെങ്കിലും നെഹ്രു ഒരു സീസറാവാമെന്നും അത് തടയുന്നതിനുള്ള കരുതൽ ഉണ്ടായിരിക്കണമെന്നുമുള്ള ആഹ്വാനത്തോടെയാണ് ആ ലേഖനം അവസാനിച്ചത്. ചാണക്യ എന്നായിരുന്നു ലേഖന കർത്താവിന്റെ പേര്. എന്നാൽ പിന്നീട് വെളിപ്പെടുത്തപ്പെട്ടത് ചാണക്യ സാക്ഷാൽ നെഹ്രു തന്നെയായിരുന്നു എന്നാണ്.
ഏകാധിപത്യത്തിലക്കേ് അപചയിക്കുന്നതിനെതിരെ നെഹ്രു സ്വയം എടുത്ത മുൻകരുതൽ ആയിരുന്നു ആ ലേഖനം. 1950 ൽ സർദാർ പട്ടേൽ മരിച്ചതോടെ കോൺഗ്രസിലും സർക്കാരിലും അവസാന വാക്ക് നെഹ്രുവിന്റേതായി. എന്നിട്ടും ഏകാധിപത്യത്തിന്റെ ചതുപ്പുകളിലേക്ക് നെഹ്രു വീണില്ല. കാരണം കോൺഗ്രസിൽ അപ്പോഴും വിയോജിപ്പിന്റെ തുറസ്സുകൾ ധാരാളമായുണ്ടായിരുന്നു. കുഴലൂത്തുകാരുടെ സംഘത്തിന്റെ നടുക്കായിരുന്നില്ല നെഹ്രുവിന്റെ രാഷ്ട്രീയ ജീവിതം. സ്വന്തം മരുമകൻ ഫിറോസ് ഗാന്ധി ഉൾപ്പെടെയുള്ളവർ പാർലമെന്റിലും പുറത്തും ഉയർത്തുന്ന വിയോജിപ്പുകൾ കേൾക്കാതിരിക്കാൻ നെഹ്രുവിനാവുമായിരുന്നില്ല.

നെഹ്രുവിന്റെ മകൾ
ഈ നെഹ്രുവിന്റെ മകളാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നത് വല്ലാത്തൊരു വൈരുദ്ധ്യമായിരുന്നു. വിനാശകാലേ വിപരീത ബുദ്ധി എന്നാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പോലിസ് ഓഫിസർമാരോട് ഇന്ദിരാ വിരുദ്ധചേരിയുടെ മുഖ്യ നേതാവ് ജയപ്രകാശ് നാരായൺ പറഞ്ഞത്. ജെ.പി. മാത്രമല്ല മൊറാർജി ദേശായിയും ചന്ദ്രശേഖറും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളിൽ ഭൂരിപക്ഷം പേരും ജയിലഴിക്കുള്ളിലായി. സുബ്രഹ്‌മണ്യൻ സ്വാമിയെ പോലെ കുറച്ചുപേർ വിദഗ്ധമായി ഒളിവിൽ പോയി. അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യം നേരിട്ട ഏറ്റവും കടുത്ത പരീക്ഷണമായിരുന്നു.
ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയായിരുന്നു ആ നാളുകളിൽ ഇന്ത്യയിലെ ഭരണഘടനാതീത അധികാര കേന്ദ്രം.സഞ്ജയിനെ എതിർത്തതിന്റെ പേരിൽ ഇന്ദിരയുടെ ഏറ്റവും വിശ്വസ്തനും 1970കളുടെ തുടക്കത്തിൽ രാജ്യത്തെ ഏറ്റവും ശക്തനായ സർക്കാർ ഉദ്യോഗസ്ഥനുമായിരുന്ന പരമേശ്വർ നാരായൺ ഹക്‌സറുടെ കുടുംബാംഗങ്ങൾ പോലും അറസ്റ്റ് ചെയ്യപ്പെട്ടു. ജനസംഖ്യ കുറയ്ക്കാൻ ജനങ്ങൾ നിർബ്ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കപ്പെട്ടു. പാവങ്ങളുടെ ചേരികൾ നഗര വികസനത്തിനെന്ന പേരിൽ ഇടിച്ചുനിരത്തപ്പെട്ടു. സ്‌നേഹലതാ റെഡ്ഡിയെയും പി. രാജനെയും പോലുള്ളവർ അടിയന്തരാവസ്ഥയുടെ അൾത്താരയിൽ ഹോമിക്കപ്പെട്ടു. സുപ്രീംകോടതിയുൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ നോക്കുകുത്തികളായി.
1976-ൽ അടിയന്തരാവസ്ഥക്കാലത്താണ് എഡിഎം ജബൽപൂർ കേസിൽ സുപ്രീംകോടതി വിധി പറഞ്ഞത്. ആളുകളെ അന്യായമായി തടങ്കലിൽ വെയ്ക്കുന്നത് ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പ് നൽകുന്ന ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ നിഷേധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ചീഫ് ജസ്റ്റിസ് എ.എൻ. റേ നേതൃത്വം നൽകിയ അഞ്ചംഗ ബഞ്ചിൽ നാല് പേരും (എം.എച്. ബെഗ്, പി.എൻ. ഭഗവതി, വൈ.വി. ചന്ദ്രചൂഡ്) ഭരണകൂടത്തിനൊപ്പം നിന്നു. അടിയന്തരാവസ്ഥയുടെ പ്രഖ്യാപനത്തോടെ മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ തീർപ്പ്.
ജസ്റ്റിസ് എച്.ആർ. ഖന്ന മാത്രമാണ് അഞ്ചംഗ ബഞ്ചിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഒരു ഘട്ടത്തിലും ആർക്കും നിഷേധിക്കാനാവില്ലെന്ന അടിയുറച്ച നിലപാടാണ് ജസ്റ്റിസ് ഖന്ന എടുത്തത്. എന്നെങ്കിലും ഇന്ത്യൻ ജനാധിപത്യം അതിന്റെ യശസ്സ് വീണ്ടെടുക്കുകയാണെങ്കിൽ ആരെങ്കിലും ഒരാൾ ജസ്റ്റിസ് ഖന്നയ്ക്ക് ഒരു സ്മാരകം നിർമ്മിക്കാതിരിക്കില്ല എന്നാണ് ഈ വിയോജനക്കുറിപ്പിനെക്കുറിച്ച് ന്യൂ യോർക്ക് ടൈംസ് എഴുതിയത്.
ഭരണകൂടത്തിനെതിരെ നിലകൊണ്ടതിന് ജസ്റ്റിസ് ഖന്നയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നു. സ്വാഭാവികമായും ലഭിക്കേണ്ടിയിരുന്ന ചിഫ് ജസ്റ്റിസ് പദവി അദ്ദേഹത്തിന് നഷ്ടമായി. സിനിയോറിറ്റിയിൽ മുന്നിലായിരുന്ന ജസ്റ്റിസ് ഖന്നയെ മറികടന്ന് ജസ്റ്റിസ് എം.എച്. ബെഗിനെയാണ് ഇന്ദിരാ ഭരണകൂടം ചീഫ് ജസ്റ്റിസായി നിയമിച്ചത്. ഇതിൽ പ്രതിഷേധിച്ച് ജസ്റ്റിസ് ഖന്ന രാജി വെയ്ക്കുകയും ചെയ്തു.

പുലിപ്പുറത്ത് കയറിയാൽ
അടിയന്തരാവസ്ഥ 21 മാസമാണ് നീണ്ടുനിന്നത്. ഇതിനിടയിൽ ഇന്ദിരയുടെ ജനപ്രീതി വല്ലാതെ ഇടിഞ്ഞു. തീർത്തും വ്യക്തിപരമായ പരിസരത്തിലാണ് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിൽ ഒരു പ്രത്യയശാസ്ത്ര പദ്ധതിയുണ്ടായിരുന്നില്ല. ജനാധിപത്യ ഇന്ത്യയുടെ പ്രശോഭിത മുഖമായിരുന്ന നെഹ്രുവിന്റെ മകൾ എന്തിന് ഇത്തരമൊരു അധികാര ദുർവ്വിനിയോഗത്തിനൊരുങ്ങി എന്ന ചോദ്യം ലോകം ചോദിച്ചപ്പോൾ ഇന്ദിരയ്ക്ക് മനഃസാക്ഷിക്കുത്ത് അനുഭവപ്പെടുകയും ചെയ്തു.
അതുകൊണ്ടാണ് അടിയന്തരാവസ്ഥ എന്ന പുലിപ്പുറത്ത് നിന്നിറങ്ങേണ്ടത് എങ്ങിനെയാണെന്ന് ഇന്ദിര ജിദ്ദു കൃഷ്ണമൂർത്തിയോട് ചോദിച്ചത്. പുലിയേക്കാൾ ബുദ്ധിയുള്ള നിലയ്ക്ക് നിങ്ങൾക്കതിനാവും എന്ന് ജിദ്ദു ഇന്ദിരയോട് പറയുകയും ചെയ്തു. ഒടുവിൽ 1977 മാർച്ച് 21-ന് ഇന്ദിരാ സർക്കാർ അടിയന്തരാവസ്ഥ പിൻവലിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ നിരക്ഷരരും നിരാലംബരുമായ ജനസമൂഹം ഇന്ദിരയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയും ഇന്ത്യൻ ജനാധിപത്യം വീണ്ടെടുക്കുകയും ചെയ്തു.
പിന്നീടിങ്ങോട്ട് ഇന്ത്യൻ ജനാധിപത്യത്തിന്റെ യാത്ര ഏറെക്കുറെ കരുതലോടെയായിരുന്നു. 1980-ൽ അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ 77-ലെ സാഹസം മറക്കാനാണ് ഇന്ദിര ശ്രമിച്ചത്. 84-ൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിട്ടും രാജിവ് ഗാന്ധിയും ഏകാധിപത്യത്തിന്റെ കെണിയിൽ പെടാതിരിക്കാൻ ശ്രദ്ധിച്ചു. അതിന് ശേഷം 2014 വരെ ഒരു പ്രധാനമന്ത്രിക്കും സ്വന്തം നിലയിൽ ഭൂരിപക്ഷമുണ്ടായിരുന്നില്ല. വിപി സിങായാലും വാജ്‌പേയി ആയാലും മൻമോഹൻ സിങ് ആയാലും സഖ്യകക്ഷികളുടെ ആനുകൂല്യത്തിലായിരുന്നു ഭരണചക്രം തിരിച്ചത്. അതുകൊണ്ട് തന്നെ അവർ വിചാരിച്ചാലും ഏകാധിപത്യത്തിനുള്ള അവസരമുണ്ടായിരുന്നില്ല. 11 കൊല്ലം മുമ്പ് മോദി അധികാരത്തിലെത്തിയതോടെ ചിത്രം മാറി. എതിർപ്പുകൾ അടിച്ചമർത്തിയാണ് മോദി ഗുജറാത്തിൽ 12 കൊല്ലം ഭരിച്ചത്. ഇന്ദ്രപ്രസ്ഥത്തിൽ എത്തിയപ്പോഴും ആ ശീലത്തിന് മാറ്റമുണ്ടായില്ല. കൂടുതൽ അധികാരം കൂടുതൽ ശക്തനായ ഭരണാധികാരിയെ സൃഷ്ടിച്ചു.
സംവാദവും ചർച്ചകളും ഏക ഭാഷണങ്ങൾക്ക് വഴിമാറി. പത്രസമ്മേളനങ്ങളുടെ സ്ഥാനം മൻകീ ബാത്ത് ഏറ്റെടുത്തു. ഇന്ദിരാ ഭരണത്തിലെന്ന പോലെ ക്യാബിനറ്റ് ഒന്നടങ്കം പ്രധാനമന്ത്രിക്ക് വിധേയരായി. ഭരണകൂടത്തിന്റെ അനീതികൾ ചോദ്യം ചെയ്യുന്നവർ ജലിലിൽ അടയ്ക്കപ്പെടുന്ന കാഴ്ചയാണ് സമകാലിക ഇന്ത്യയ്ക്ക് മുന്നിലുള്ളത്. സുധ ഭരദ്വാജ്, ആനന്ദ് തെൽതുംബ്ദെ, സ്റ്റാൻ സ്വാമി, ജ്യോതി ജഗ്തപ്, സാഗർ ഗൊർക്കെ, രമേഷ് ഗെയ്‌ചൊർ, സുധിർ ധവാലെ, ഷോമ സെൻ, മഹേഷ് റൗട്ട്, സരേന്ദ്ര ഗാഡ്‌ലിങ്, റൊണ വിത്സൺ, വെർണൻ ഗൊൺസാൽവസ്, അരുൺ ഫെരേര, ഹാനി ബാബു, ഗൗതം നവലേഖ, വരവര റാവു, ജി.എൻ. സായിബാബ, തുടങ്ങിയവരൊക്കെ ഈ കാലയളവിൽ ഭരണകൂടത്തിന്റെ രോഷത്തിനിരയായവരാണ്. 80 പിന്നിട്ട ഫാ. സ്റ്റാൻ സ്വാമി ജുഡീഷ്യൽ കസ്റ്റഡിയിലാണ് മരിച്ചത്. ഡൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ ഉമർ ഖാലിദ് കഴിഞ്ഞ അഞ്ച് വർഷമായി തിഹാർ ജയിലിലാണ്.

ഫെഡറലിസം പ്രതിസന്ധിയിൽ
ഇന്ദിരാ ഭരണകൂടത്തിനും മോദി സർക്കാരിനുമിടയിലുള്ള തുടർച്ചയുടെ ക്ലാസ്സിക് ഉദാഹരണമാണ് ഇരു ഭരണകൂടങ്ങളും വേട്ടയാടിയ പ്രബിർ പുർകായസ്ത എന്ന ന്യൂസ്‌ക്ലിക്ക് പത്രാധിപർ. പുർകായസ്തയുടെ ആദ്യത്തെ അറസ്റ്റ് അടിയന്തരാവസ്ഥയിൽ 1975 സെപ്റ്റംബർ 12-നായിരുന്നു. രണ്ടാമത്തേത് മോദി സർക്കാരിന് കീഴിൽ രണ്ട് വർഷം മുമ്പ് ഒക്ടോബർ മൂന്നിനും. എഞ്ചിനീയറിങ് ബിരുദം നേടിയ ശേഷം ജെഎൻയുവിൽ ബിരുദാനന്തര ബിരുദ പഠനത്തിനെത്തിയ പ്രബിറിനെ ആളുമാറിയാണ് അടിയന്തരാവസ്ഥയിൽ ഡൽഹി പോലിസ് അറസ്റ്റ് ചെയ്തത്. തെറ്റ് പറ്റിയതറിഞ്ഞിട്ടും പോലിസ് അത് തുറന്ന് സമ്മതിക്കാൻ തയ്യാറവാതിരുന്നതുകൊണ്ട് ഒരു കൊല്ലത്തോളമാണ് പ്രബിറിന് അടിയന്തരാവസ്ഥയിൽ ജയിലിൽ കഴിയേണ്ടി വന്നത്.
മോദി സർക്കാരിനെ കുഴപ്പത്തിലാക്കിയ കർഷക പ്രക്ഷോഭവും സിഎഎ വിരുദ്ധ സമരവും സമഗ്രമായി റിപ്പോർട്ട് ചെയ്ത ചുരുക്കം ചില മാദ്ധ്യമങ്ങളിൽ ഒന്നായിരുന്നു പ്രബിറിന്റെ പത്രാധിപത്യത്തിലുള്ള ന്യൂസ്‌ക്ലിക്ക്. സ്വതന്ത്ര പത്രപ്രവർത്തനം മോദി സർക്കാർ എത്രമാത്രം ശത്രുതാപരമായാണ് കാണുന്നതെന്നതിന്റെ ഒന്നാന്തരം തെളിവായിരുന്നു പ്രബീറിന്റെയും ന്യൂസ്‌ക്ലിക്ക് എച്ച്ആർ മേധാവിയുടെയും അറസ്റ്റുകൾ. പ്രബിറിനായാലും സുധ ഭരദ്വാജിനായാലും കൃത്യമായ രാഷ്ട്രീയമുണ്ട്. അടിച്ചമർത്തപ്പെടുന്നവർക്കൊപ്പം നിലയുറപ്പിക്കുന്ന രാഷ്ട്രീയം. സമത്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിനായി സ്വയം സമർപ്പിക്കാതെ രാഷ്ട്രീയ പ്രവർത്തനം അസാദ്ധ്യമാണെന്ന് പ്രബിർ ആത്മകഥയായ 'Keeping up the Good Fight-From the Emergency to the Present Day' യിൽ എഴുതുന്നുണ്ട്.
വിയോജിക്കുന്ന മാദ്ധ്യമങ്ങളെ പേടിപ്പിക്കുന്ന പരിപാടി അടിയന്തരാവസ്ഥയിൽ ഇന്ദിര ഭരണകൂടം ചെയ്തിരുന്നു. ഇന്ത്യൻ എക്‌സ്പ്രസ്സുമായി ഇന്ദിര ഭരണകൂടം നടത്തിയ ഏറ്റുമുട്ടലുകൾ ചരിത്രമാണ്.
അടിയന്തരാവസ്ഥയിൽ ഇന്ദിരാ ഗാന്ധിക്കെതിരെയുള്ള പ്രതിപക്ഷനിര ശക്തമായിരുന്നു. അവരെ ഒന്നിപ്പിച്ചു നിർത്താൻ ജെ.പിയെപ്പോലൊരു നേതാവുമുണ്ടായിരുന്നു. ഭരണഘടനയുടെ 352-ാം വകുപ്പ് ഉപയോഗിക്കാതെ തന്നെ ജനാധിപത്യം എങ്ങനെ ദുർബ്ബലമാക്കാനാവും എന്നാണ് 2014-ലെയും 19-ലെയും മോദി സർക്കാരുകൾ നോക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷനുൾപ്പെടെയുള്ള സർക്കാർ ഏജൻസികളിൽ പിടി മുറുക്കിക്കൊണ്ടാണ് ഈ ദൗത്യം ആർഎസ്എസ്സിന്റെ അനുഗ്രാഹിശ്ശുകളോടെ ബിജെപി സർക്കാർ ഏറ്റെടുത്തത്. 2016-ലെ നോട്ട് നിരോധനത്തിലും 2019-ൽ 370-ാം വകുപ്പ് നിർവ്വീര്യമാക്കിക്കൊണ്ട് ജമ്മു കശ്മീരിനെ രണ്ടാക്കിയ നടപടിയിലും ഫെഡറലിസത്തിന്റെ മരണമണിയുടെ മുഴക്കമുണ്ടായിരുന്നു എന്ന നിരീക്ഷണം ഉയരുന്നത് ഈ പരിസരത്തിലാണ്.

പ്രത്യാശയുടെ നാളങ്ങൾ
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത ഒരിക്കൽ കൂടി ജനാധിപത്യം വീണ്ടെടുക്കാൻ ഇടപെട്ടു. ജെ.പി. മൂവ്മെന്റുമായി താരതമ്യപ്പെടുത്താനാവില്ലെങ്കിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപമെടുത്ത വിശാല പ്രതിപക്ഷ മുന്നണി ഈ നീക്കത്തിൽ രാസത്വരകമായി. 1947-ൽ ഇന്ത്യ എടുത്ത ഒരു തീരുമാനമുണ്ട്. മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും വഴിയിലൂടെ നീങ്ങാനുള്ള തീരുമാനം. പാക്കിസ്താനെപ്പോലെ മതരാഷ്ട്രം ആവില്ല എന്ന തീരുമാനം. അന്ന് മതേതര രാജ്യത്ത് തുടരാനാണ് ഇന്ത്യയിലെ മുസ്ലിങ്ങൾ നിലപാടെടുത്തത്.
പാക്കിസ്താൻ മാത്രമല്ല മക്കയും മദീനയും ഇന്ത്യയ്ക്കെതിരെ യുദ്ധത്തിനു വന്നാൽ അതിനെതിരെ ഇന്ത്യയ്ക്കായി പൊരുതുമെന്ന് പറഞ്ഞ ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലിനെയും സി.എച്ച്. മുഹമ്മദ് കോയയെയും പോലുള്ളവർ ജിന്നയെയല്ല ഗാന്ധിയെയാണ് സ്വന്തം നേതാവായി കണ്ടത്. ഈ മുസ്ലിം സമൂഹത്തെ അന്യവത്കരിക്കുന്നതിന് എതിരെയുള്ള സന്ദേശം കൂടിയായിരുന്നു 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം. അയോദ്ധ്യ ക്ഷേത്രം ഉൾപ്പെടുന്ന ഫൈസബാദ് മണ്ഡലത്തിൽ ബിജെപിയുടെ പരാജയമായിരുന്നു അതിനുള്ള മകുടോദാഹരണം.
അയൽരാജ്യങ്ങൾ ജനാധിപത്യ വിരുദ്ധതയിലേക്ക് കൂപ്പുകുത്തുമ്പോൾ ഏതിരുട്ടിലും ഉണർന്നിരിക്കുന്ന ഒരു ജനസമൂഹം ഉണ്ടെന്നുള്ളതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷത. നമുക്ക് സീസർമാർ വേണ്ട എന്ന നെഹ്രുവിയൻ പ്രഖ്യാപനം നെഞ്ചേറ്റുന്ന ഈ ജനതയാണ് ഇന്ദ്രപ്രസ്ഥത്തിൽ മോദിയും അങ്ങ് കിഴക്ക് മമതയും ഇങ്ങ് തെക്ക് പിണറായിയും ജനാധിപത്യ ധ്വംസനത്തിന്റെ ചതുപ്പുകളിലേക്ക് വീഴുമ്പോൾ പ്രതിവിഷവും മറുമരുന്നുമാവുന്നത്!
വഴിയിൽ കേട്ടത് : ഇന്ത്യൻ വംശജനായ സൊഹറാൻ മംദാനി ന്യൂയോർക്ക് മേയറാവാൻ സാദ്ധ്യത . ചലച്ചിത്ര സംവിധായിക മിരാ നായരുടെയും വിദ്യാഭ്യാസ വിദഗ്ദൻ പ്രൊഫസർ മഹ്‌മുദ് മംദാനിയുടെയും മകൻ. അമേരിക്കയിലല്ല ജനിച്ചതെന്നതുകൊണ്ട് പ്രസിഡന്റ് സ്ഥാനത്തേക്കെത്തില്ല. പക്ഷേ, ഭാവിയിൽ ലോകം കാതോർത്തേക്കാവുന്ന നേതാക്കളിലൊരാൾ . ഭാവുകങ്ങൾ സൊഹ്‌റാൻ !
Content Highlights: Indira declared Emergency as an easy way to suppress opposition
Published: 26 Jun 2025, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented