
ഗായകൻ ശ്രീകാന്ത് | ഫോട്ടോ: മാതൃഭൂമി
ആയിരക്കണക്കിന് പാട്ടുകൾ പിറന്നിട്ടുണ്ടാകും പ്രേമത്തെക്കുറിച്ച് മലയാളത്തിൽ. എങ്കിലും വയലാറെഴുതിയ ഈ "പ്രേമഗാന"ത്തിന്റെ സൗരഭ്യമൊന്ന് വേറെ.
"ഇതിഹാസങ്ങൾ ജനിക്കും മുൻപേ
ഈശ്വരൻ ജനിക്കും മുൻപേ
പ്രകൃതിയും കാലവുമൊരുമിച്ചു പാടി
പ്രേമം ദിവ്യമാമൊരനുഭൂതി.."
പ്രേമത്തെ ദാർശനികതലത്തിൽ നോക്കിക്കാണുന്ന രചന: സംഗീതം: ദേവരാജൻ. ആലാപനം: ശ്രീകാന്ത്.
പ്രേമം, അനുരാഗം തുടങ്ങിയ വാക്കുകളൊക്കെ കാലഹരണപ്പെട്ടുവരുന്ന സമയമാണ്. "പ്രണയ"ത്തിനും "വൈബി"നുമോക്കെയാണ് ഇപ്പോൾ ആവശ്യക്കാർ ഏറെ. എങ്കിലും "ചുവന്ന സന്ധ്യ"കളിലെ (1975) ഈ മനോഹരഗാനത്തിൽ വയലാർ അവതരിപ്പിക്കുന്ന ആശയം നിത്യനൂതനം. ആഴമുള്ള അർത്ഥതലങ്ങളിലൂടെ കടന്നുപോകുന്നു ആ വരികൾ:
"അന്നത്തെ ആദ്യാനുരാഗ പുഷ്പങ്ങൾ അണ്ഡചരാചരങ്ങൾ,
അവയുടെ ആകർഷണത്തിൽ വിടർന്നതാണായിരം
ജീവന്റെ നാളങ്ങൾ,
അവർ പാടീ നമ്മളേറ്റുപാടി
അനശ്വരമല്ലോ പ്രേമം...."
തീർന്നില്ല:
"അന്നത്തെ ആശ്ലേഷ രോമഹർഷങ്ങൾ ആദിമന്വന്തരങ്ങൾ
അവയുടെ അഭിനിവേശങ്ങൾ കൊരുത്തതാണായിരം
സംഗമയാമങ്ങൾ
അവർ പാടീ നമ്മളേറ്റു പാടി
അനശ്വരമല്ലോ പ്രേമം "
യേശുദാസും ജയചന്ദ്രനും ബ്രഹ്മാനന്ദനുമൊക്കെ തിളങ്ങിനിൽക്കുന്ന സമയത്ത് പിന്നണിഗായകനായി കടന്നുവന്ന ശ്രീകാന്തിനെ മലയാളിയുടെ സംഗീത മനസ്സിൽ അടയാളപ്പെടുത്തിയത് ഈ പാട്ടാണ്. ഇന്നും ആ പേരിനൊപ്പം ആദ്യം മനസ്സിൽ വന്നു നിറയുന്ന ഗാനവും ഇതുതന്നെ. ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് "ഇതിഹാസങ്ങൾ" തന്നെ തേടിയെത്തിയതെന്നു പറയും ശ്രീകാന്ത്. അതിനു മുൻപ് ഒരൊറ്റ പാട്ടേ സിനിമയ്ക്ക് വേണ്ടി പാടി റെക്കോർഡ് ചെയ്തിട്ടുള്ളൂ. ദേവരാജൻ മാസ്റ്ററുടെ ഈണത്തിൽ മാധുരിയോടൊപ്പം "ഭാര്യ ഇല്ലാത്ത രാത്രി" എന്ന ചിത്രത്തിലെ അഭിലാഷമോഹിനീ എന്ന യുഗ്മഗാനം. അധികം വൈകാതെ ചുവന്ന സന്ധ്യകളിൽ പാടാനുള്ള ക്ഷണം വരുന്നു. മലയാള സിനിമയിലെ ഏറ്റവും ഉന്നതമായ ബാനറുകളിൽ ഒന്നായ മഞ്ഞിലാസിന്റെ പടം. കെഎസ് സേതുമാധവന്റെ സംവിധാനം. വയലാർ - ദേവരാജൻ ടീമിന്റെ ഗാനങ്ങൾ. താരതമ്യേന തുടക്കക്കാരനായ ഒരു ഗായകന് ആന്ദലബ്ധിക്കിനി എന്തുവേണം?
റെക്കോർഡിംഗിന് തലേന്ന് ചെന്നൈയിലെ കൂവം ഓവർബ്രിഡ്ജിനടുത്തുള്ള ഒരു ബന്ധുഗൃഹത്തിൽ വന്നു തങ്ങുന്നു ശ്രീകാന്ത്. "പാട്ടു പാടുന്നതിനെ കുറിച്ച് ആലോചിച്ചു ടെൻഷനടിച്ചതു കൊണ്ടാവണം കാലത്തെഴുന്നേറ്റപ്പോൾ നല്ല പനി." - ശ്രീകാന്തിന്റെ ഓർമ്മ. പനിയോടെ തന്നെ ഉച്ചക്ക് ഭരണി സ്റ്റുഡിയോയിൽ ഹാജരാകുന്നു ഗായകൻ. ശരീരമാകെ വേദന. പാട്ടു കൈവിട്ടുപോകുമോ എന്ന വേവലാതി വേറെ. ദേവരാജൻ മാസ്റ്ററും അസിസ്റ്റന്റ് ആർകെ ശേഖറും റെക്കോർഡിസ്റ്റ് കണ്ണനുമൊക്കെ അവിടെ കാത്തിരിപ്പുണ്ട്.
മാസ്റ്ററിൽ നിന്ന് അതുവരെ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. പനിയാണെന്ന കാര്യം തുറന്നുപറയാൻ ഒരുങ്ങിയതാണ്. മനസ്സിലിരുന്ന് ആരോ വിലക്കി അപ്പോൾ. ഇക്കാര്യം തുറന്നുപറഞ്ഞാൽ നിന്റെ ഗതി എന്താവും? മാസ്റ്ററുടെ പ്രതികരണം ഊഹിക്കാം: "സാരമില്ല, നീ പോയി വിശ്രമിക്ക്. നമുക്ക് വേറെയാരെയെങ്കിലും വിളിക്കാം. സ്റ്റുഡിയോ ബുക്ക് ചെയ്തുപോയില്ലേ?"
അന്നത്തേതുപോലൊരു ആത്മസംഘർഷം അതിനു മുൻപും പിൻപും താൻ അനുഭവിച്ചിട്ടില്ലെന്നു പറയും ശ്രീകാന്ത്. ഒടുവിൽ ജയിച്ചത് പ്രയോഗികബുദ്ധി തന്നെ. പനിയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. നേരെ വോയ്‌സ് ബൂത്തിൽ ചെന്നുനിന്നു. സകല ദൈവങ്ങളേയും ധ്യാനിച്ച് പാടിത്തുടങ്ങി. മൂന്നാമത്തെ ടേക്കിൽ പാട്ട് ഓക്കെ.
"ഇന്നും ആ പാട്ട് കേൾക്കുമ്പോൾ തോന്നും, അസുഖമില്ലാതെ പാടിയിരുന്നെങ്കിൽ ഇതിലും നന്നാക്കാമായിരുന്നു എന്ന്. എങ്കിലും സങ്കടമൊന്നുമില്ല. ഓരോ പാട്ടിനും ഓരോ തലക്കുറിയുണ്ടല്ലോ." ചില്ലറ വേവലാതികളോടെ അന്ന് താൻ പാടിയ പാട്ട് അര നൂറ്റാണ്ടിനിപ്പുറവും ജനം ഓർമ്മയിൽ സൂക്ഷിക്കുന്നു. മലയാളത്തിലെ "ഇതിഹാസ"ഗാനങ്ങളിൽ ഒന്നായി വാഴ്ത്തപ്പെടുന്നു. ഒരു പാട്ടുകാരന് അഭിമാനിക്കാൻ ഇതിൽപ്പരം എന്തുവേണം
തിരുവനന്തപുരത്ത് കടയ്ക്കാവൂരിനടുത്ത് നിലയ്ക്കാമുക്കുകാരൻ ശശിധരനെ ദേവരാജൻ മാസ്റ്റർ ശ്രീകാന്ത് ആക്കി മാറ്റിയതും ഇതേ റെക്കോർഡിംഗിനിടയിൽ തന്നെ. ശശിധരൻ എന്നറിയപ്പെടുന്ന മറ്റൊരു പാട്ടുകാരനുണ്ട് അന്ന് മലയാളത്തിൽ. റെക്കോർഡിംഗ് കഴിഞ്ഞയുടൻ മാസ്റ്റർ യുവഗായകനെ വിളിച്ചു പറഞ്ഞു: "എടാ, നിന്റെ പേര് മാറ്റാൻ ഉദ്ദേശിക്കുകയാ. വിഷമമുണ്ടാകും നിനക്ക് എന്നറിയാം. അമ്മയുമച്ഛനും മടിയിലിരുത്തി ഇട്ടുതന്ന പേരല്ലേ? സാരമില്ല. അതങ്ങു ശരിയായിക്കൊള്ളും.."
അന്ന് ശ്രീകാന്തായി "പുനർജ്ജന്മം" നേടിയതാണ് ശശിധരൻ. തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല പിന്നെ.
Published: 06 Dec 2025, 09:53 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented