'കാരുണ്യ'ത്തിലെ ഗോപിനാഥൻ നായർ. ഭാര്യയുടെ അകാലവിയോഗമേല്പിച്ച ആഘാതത്തിൽ ജീവിക്കാനുള്ള ആഗ്രഹം പോലും നഷ്ടപ്പെട്ട ഒരാൾ. മുരളി അവതരിപ്പിച്ച ആ കഥാപാത്രത്തിന്റെ ആന്തരിക സംഘർഷം ഹൃദയസ്പർശിയായ ഒരു പാട്ടിലൂടെ സിനിമയിൽ ആവിഷ്കരിച്ചിട്ടുണ്ട് ലോഹിതദാസ് :
'മറഞ്ഞുപോയതെന്തേ നീ 
അകന്നു പോയതെവിടെ, 
ഇരുളുന്ന മൺകൂട്ടിലെന്നെ തനിച്ചാക്കി
എങ്ങു നീ പറന്നുപോയി...' 

വരികളും സംഗീതവും കൈതപ്രത്തിന്റെ വക. ആലാപനം ഗാനഗന്ധർവൻ.

To advertise here,

തീയേറ്ററിലെ ഇരുട്ടിലിരുന്ന് ആ പാട്ടു കേട്ട് തേങ്ങിപ്പോയിട്ടുണ്ട് ശ്രീകാന്ത്. 'കരച്ചിൽ കേട്ട് അമ്പരന്നുപോയ ഭാര്യ എന്റെ കൈ മുറുകെ പിടിച്ചു. ചിരിയായിരുന്നു അവൾക്ക്. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന ജാള്യവും. 'എന്നെക്കാളും വലിയ സെന്റി ആണല്ലോ നിങ്ങൾ. സിനിമ കണ്ട് ഇങ്ങനെയൊക്കെ കരഞ്ഞാലോ ? അവളുടെ ചോദ്യം. ഒപ്പം ഒരു അപേക്ഷ കൂടി: 'മനുഷ്യനെ നാണം കെടുത്തല്ലേ. പ്ലീസ്..'

സ്വന്തം ജീവിതത്തിൽ ആവർത്തിക്കാൻ പോകുന്ന ദുരന്തമാണ് അതെന്ന് സങ്കല്പിച്ചിരിക്കുമോ ഭർത്താവും ഭാര്യയും? 'കഷ്ടിച്ച് രണ്ടു വർഷം കൂടിയേ ജീവിച്ചിരുന്നുള്ളൂ അവൾ.' ശ്രീകാന്ത് പറഞ്ഞു. 'കാൻസറായിരുന്നു. രോഗനിർണയം വളരെ വൈകി. കാരുണ്യത്തിലെ മുരളിയെപ്പോലെ അവളുടെ മരണം ഉൾക്കൊള്ളാനാകാതെ വീട്ടിൽ നിന്ന് ഇറങ്ങിനടന്നു ഞാൻ. ചിലപ്പോൾ കരഞ്ഞു, ചിലപ്പോൾ ചിരിച്ചു. ഭ്രാന്തനെപ്പോലെ പെരുമാറി. അവളില്ലാത്ത വീട്ടിലേക്ക് തിരിച്ചുപോകാൻ വയ്യായിരുന്നു. ഇപ്പോഴും ആ അവസ്ഥയിൽ നിന്ന് പൂർണമായി പുറത്തുവന്നു എന്ന് പറഞ്ഞുകൂടാ....' നിഴൽ പോലെ ഒപ്പമുണ്ടായിരുന്ന പങ്കാളിയുടെ വേർപാടിനെ കുറിച്ചോർക്കുമ്പോഴെല്ലാം ബഷീറിന്റെ ഒരു വാചകം ഓർമ്മവരും നല്ലൊരു വായനക്കാരൻ കൂടിയായ ശ്രീകാന്തിന്; ചെറിയൊരു ഭേദഗതിയോടെ: 'നീയും ഞാനുമെന്ന യാഥാർഥ്യത്തിൽ നിന്ന് ഒടുവിൽ ഞാൻ മാത്രം അവശേഷിക്കാൻ പോകുന്നു.'

പാട്ടുകളോടുള്ള ഭ്രമത്തിൽ ഭാര്യയേക്കാൾ ഒട്ടും പിന്നിലല്ല ഭർത്താവ്. എങ്കിലും ഭാര്യയുടെ അമിതമായ ചലച്ചിത്രഗാനപ്രേമത്തെ പൈങ്കിളി എന്നു പറഞ്ഞു കളിയാക്കാറുണ്ടായിരുന്നു അയാൾ. വരികളൊക്കെ എടുത്തുപറഞ്ഞാണ് പരിഹസിക്കുക. 'ഇന്ന് അതേ പാട്ടുകൾ, അതേ വരികൾ എന്നെ കരയിക്കുന്നു. സ്വന്തം ജീവിതവുമായി അവയെ ചേർത്തുവെക്കുന്നതു കൊണ്ടാവും...'

കാരുണ്യത്തിലെ പാട്ടിന്റെ ചരണം ഓർമ്മിപ്പിക്കുന്നു ശ്രീകാന്ത്:
'കരയിൽ വീണ മീനിനെപ്പോൽ ഇന്ന് 
നിമിഷങ്ങൾ എണ്ണിയെണ്ണി കഴിയുന്നു ഞാൻ 
മഞ്ഞിന് കുളിർമ്മയില്ല പുലരിക്ക് തെളിമയില്ല 
തെന്നലിൽ സാന്ത്വനമില്ല 
നീ വാഴും തീരം എത്ര ദൂരെ, നീളുമീ പെരുവഴി എത്ര ദൂരം... ' 

ഭാര്യയുടെ വിയോഗശേഷം അവർ റെക്കോർഡ് ചെയ്തുവെച്ച പാട്ടുകൾ ആവർത്തിച്ച് കേൾക്കുന്നത് ദിനചര്യയുടെ ഭാഗമാക്കിയിരുന്നു ശ്രീകാന്ത്. 'ഓരോ പാട്ടിനെയും അത്യന്തം വികാരപരമായാണ് അവൾ സമീപിക്കുക. ഒരു യുക്തിയും കാണില്ല ചിലപ്പോൾ ആ വിലയിരുത്തലുകളിൽ. ഇടക്കൊക്കെ തർക്കിക്കേണ്ടി വരും. ഫലമൊന്നുമുണ്ടാവില്ല എന്ന് മാത്രം. അവളുടെ ഗാനശേഖരം ഇന്ന് കേൾക്കുമ്പോൾ ആ പറഞ്ഞതൊക്കെ എത്ര ശരിയായിരുന്നു എന്ന് തോന്നാറുണ്ട്. ആ പാട്ടുകളിലൂടെയാണ് ഞാൻ ഇന്ന് അവളുടെ സാന്നിധ്യം അനുഭവിക്കുന്നത്. ഓരോ പാട്ടും ഓരോ കാലമാണ്. മറക്കാനാവാത്ത കാലം.' 

ഒരു രാത്രി വൈകിയാണ് ആദ്യമായി ശ്രീകാന്തിന്റെ ഫോൺ വന്നത്. എല്ലാ അർത്ഥത്തിലും ഒറ്റയ്ക്കായിപ്പോയിരുന്നു അയാൾ; വീട്ടിൽ മാത്രമല്ല, ജീവിതത്തിലും. ഭാര്യ വിടവാങ്ങി വർഷം ആറാകുന്നു. മക്കളില്ല. 'വെറുതെ ഓരോന്നാലോചിച്ചു കിടന്നപ്പോൾ താങ്കളെ വിളിക്കണമെന്ന് തോന്നി. ആഴ്ചപ്പതിപ്പിൽ വന്നിരുന്ന പാട്ടെഴുത്ത് എന്ന കോളം വെട്ടിയെടുത്ത് ബൈൻഡ് ചെയ്തു സൂക്ഷിച്ചിരുന്നു അവൾ. ഇന്ന് കാലത്ത് പഴയ കടലാസുകളും രേഖകളുമൊക്കെ സൂക്ഷിച്ചിരുന്ന അലമാരിയിൽ ആ പുസ്തകം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. പാട്ടായിരുന്നു അവളുടെ ജീവൻ. കുട്ടികളില്ലായിരുന്ന അവൾക്ക് മക്കളെപ്പോലെയായിരുന്നു ഓരോ പാട്ടും. ജാനകിയമ്മയെ എന്നെങ്കിലും കണ്ടു സംസാരിക്കണമെന്നായിരുന്നു ഏറ്റവും വലിയ മോഹം. അത് സാധിച്ചു കൊടുക്കാൻ കഴിയാത്തതിന്റെ ദുഃഖം മനസ്സിലുണ്ട്.'

നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ആ മോഹം സഫലമാക്കാൻ കൂടെ നിന്നേനെ എന്ന് പറയണമെന്നുണ്ടായിരുന്നു. പറഞ്ഞില്ല. ഇനി പറഞ്ഞിട്ടെന്ത് കാര്യം?

വിരലിലെണ്ണാവുന്ന ഹിറ്റ് പാട്ടുകൾ മാത്രം പാടി വിസ്മൃതിയിൽ മറഞ്ഞുപോയവരെ കുറിച്ചെഴുതിയ ലേഖനമായിരുന്നു ഭാര്യക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് ശ്രീകാന്ത് പറഞ്ഞറിഞ്ഞപ്പോൾ അത്ഭുതം തോന്നി. ഒരു ഓണക്കാലത്തെഴുതിയ ഫീച്ചറാണ്. 'താങ്കൾ സൂചിപ്പിച്ച പാട്ടുകളൊക്കെ ശേഖരിച്ച് ഒരു സി ഡി ആക്കി അവൾ. ഇടയ്ക്കിടെ ആ സിഡി കേൾക്കുന്നതായിരുന്നു അവസാനകാലത്തെ പ്രധാന ഹോബി. 'സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഭാഗ്യം ഒരു വലിയ ഘടകമാണ് ചേട്ടാ, മറ്റെന്തുണ്ടായിട്ടും കാര്യമില്ല.' - അവൾ പറയും. സിഡി കവറിനു മുകളിൽ 'അൺലക്കി' എന്ന് സ്കെച്ച് പെൻ കൊണ്ട് വലിയ അക്ഷരങ്ങളിൽ കുറിച്ച് അതിന് കീഴെ പാട്ടുകളുടെയും പാട്ടുകാരുടേയും പട്ടിക എഴുതിവെച്ചിരുന്നു ഭാര്യ. ആ ലിസ്റ്റ് എന്നെ വായിച്ചു കേൾപ്പിക്കുമ്പോൾ പലപ്പോഴും ശ്രീകാന്തിന്റെ ശബ്ദം ഇടറി. 

പാട്ടുകൾ പലതും ഇപ്പോഴുമുണ്ട് ഓർമ്മയിൽ. അമ്മേ അമ്മേ അവിടുത്തെ മുൻപിൽ ഞാനാര് ദൈവമാര് (അയിരൂർ സദാശിവൻ), മണിമുകിലേ മണിമുകിലേ (എ കെ സുകുമാരൻ), മുണ്ടകൻ കൊയ്ത്തിന് പോയേ (ചന്ദ്രമോഹൻ), ഇതിഹാസങ്ങൾ ജനിക്കും മുൻപേ (ശ്രീകാന്ത്), കാഞ്ഞിരോട്ട് കായലിലെ (നിലമ്പൂർ കാർത്തികേയൻ), മേടമാസക്കുളിരിലാരെ നീ (ഷെറിൻ പീറ്റേഴ്സ്), സ്വപ്‌നങ്ങൾ അലങ്കരിക്കും (ജയശ്രീ), വിമൂകശോക സ്മൃതികളുണർത്തി (രാധാ വിശ്വനാഥ്), വാഴ്ത്തുന്നു ദൈവമേ (മേരി ഷൈല), മെല്ലെ നീ മെല്ലെ വരൂ (സതീഷ് ബാബു), എന്റെ വീടിന് ചുമരുകളില്ല (എസ് ടി ശശിധരൻ), കല്പനാരാമത്തിൽ (കൊച്ചിൻ ഇബ്രാഹിം), നീലയമുനേ സ്നേഹയമുനേ (കെ സി വർഗീസ്), മണിമാരൻ തന്നത് (മച്ചാട്ട് വാസന്തി), ഖദീജേ ഖദീജേ (തങ്കം), ഒരു മുല്ലപ്പൂമാലയുമായ് (പ്രേമ), കാളിന്ദീ തീരം തന്നിൽ (ജാനകീദേവി), മിഴിയിലെന്നും നീ ചൂടും നാണം (ഗോപൻ), രാമായണത്തിലെ ദുഃഖം (എൻ വി ഹരിദാസ്), ആരാദ്യം പറയും (ആശ ജി മേനോൻ) ..... ശ്രദ്ധിക്കപ്പെട്ട പാട്ടുകൾ പാടിയിട്ടും മറവിയിലൊടുങ്ങിയ ഗായകരാണ് അധികവും.
 
'സമയം കിട്ടുമ്പോൾ ഇവരിൽ ചിലരെയെങ്കിലും പോയി കാണണം.'- ഭാര്യ പറയും. 'അവർക്ക് സന്തോഷമാകും. ആരെങ്കിലുമൊക്കെ നമ്മളെ ഇപ്പോഴും ഓർക്കുന്നു എന്ന അറിവ് ഏത് കലാകാരനെയാണ് സന്തോഷിപ്പിക്കാതിരിക്കുക ?' നടക്കാതെ പോയ ,മറ്റൊരാഗ്രഹം. ഭാര്യക്ക് മുൻപേ ഈ ലോകത്തു നിന്ന് യാത്രയാകണം എന്നായിരുന്നു ശ്രീകാന്തിന്റെ ആഗ്രഹവും പ്രാർത്ഥനയും. 'ഭാര്യയാണ് ആദ്യം വിട്ടുപോകുന്നതെങ്കിൽ അതോടെ നമ്മുടെ ജീവിതം തീർന്നു എന്ന് കരുതിയാൽ മതി. മക്കൾ കൂടിയില്ലെങ്കിൽ ഒറ്റപ്പെടലിന്റെ വേദന തീവ്രമാകും.' ക്യാൻസറാണ് എന്നറിയുന്ന നിമിഷം ഭാര്യയുടെ പ്രതികരണം എന്തായിരിക്കുമെന്നോർത്ത് ആശങ്കയും വേദനയുമൊക്കെ തോന്നിയിരുന്നു ശ്രീകാന്തിന്. പക്ഷേ അങ്ങേയറ്റം പ്രയോഗികബുദ്ധിയോടെയാണ് അവർ ആ അവസ്ഥയെ നേരിട്ടത്. രോഗത്തെ കാത്തിരിക്കുകയായിരുന്നോ എന്ന് പോലും തോന്നിപ്പോയി. 'ഞാനായിരുന്നു അവളുടെ സ്ഥാനത്തെങ്കിൽ തകർന്നുപോയേനെ.'- ശ്രീകാന്ത്.

അസുഖമാണെന്ന സത്യം ഉൾക്കൊണ്ടുകൊണ്ട് ജീവിച്ച ആറു മാസക്കാലമത്രയും വായനയുടെയും പാട്ടിന്റേയും ലോകത്തായിരുന്നു ഭാര്യ. 'എല്ലാ പുസ്തകോത്സവങ്ങൾക്കും പോകുമായിരുന്നു ഞങ്ങൾ. എടുത്താൽ പൊങ്ങാത്തത്ര പുസ്തകങ്ങളുമായാണ് തിരിച്ചുവരിക. ചിലതൊക്കെ ഒന്ന് മറിച്ചുനോക്കാൻ പോലും സമയം കിട്ടില്ല, അത്തരം പുസ്തകങ്ങളൊക്കെ ആ ആറു മാസം കൊണ്ട് അവൾ വായിച്ചുതീർത്തു; ആർത്തിയോടെ.' അവസാനമായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും തലയിണയ്ക്കടിയിൽ ഒരു നോവൽ ഉണ്ടായിരുന്നു; വീട്ടിൽ തിരിച്ചെത്തുമ്പോൾ തുടർന്നുവായിക്കാനായി പേജിന്റെ വക്ക് മടക്കിവെച്ച ഒരു പുസ്തകം.

അതായിരുന്നു അവസാനയാത്ര. പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല വീട്ടിലേക്ക്. വായിച്ചുതീരാത്ത പുസ്തകങ്ങളും കേട്ടുതീരാത്ത പാട്ടുകളും ഭൂമിയിൽ ഉപേക്ഷിച്ച് യാത്രയായി ശ്രീകാന്തിന്റെ ജീവിതസഖി. 'അവളുടെ കൈപ്പടയിൽ അൺലക്കി എന്നെഴുതിയത് കാണുമ്പോൾ അറിയാതെ കണ്ണു നിറയും. അതിനടിയിൽ സ്വന്തം പേരും മനസ്സുകൊണ്ട് എന്നേ എഴുതിച്ചേർത്തിരിക്കണം അവൾ...'