
ഒരു ദിവസം, പ്രേമയും ഞാനും സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ഗേറ്റ് പാര്‍ക്കിനടുത്ത്, ആദ്യമായി വാടകയ്ക്ക് താമസിച്ച അപ്പാര്‍ട്ട്മെന്റ് സന്ദര്‍ശിച്ചു. 40 വര്‍ഷം കഴിഞ്ഞിട്ടും, അതേ ബില്‍ഡിംഗ് ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് അത്ഭുതകരമായിതോന്നി. ആ കെട്ടിടത്തിനോ റോഡുകള്‍ക്കോ ഒരു മാറ്റവുമില്ല എന്നതും ഞങ്ങളെ അതിശയിപ്പിച്ചു. ഞങ്ങള്‍ താമസിച്ചിരുന്ന അതെ അപ്പാര്‍ട്ട്മെന്റിന്റെ തൊട്ടുതാഴെ 'ഫോര്‍ റെന്റ്' എന്ന ഒരു ബോര്‍ഡ് ഒരാണിയില്‍ തൂക്കിയിട്ടിരുന്നു. അതില്‍ വാടകയ്ക്ക് ആവശ്യമുള്ളവര്‍ക്ക് വിളിക്കാനുള്ള ഫോണ്‍ നമ്പറും കൊടുത്തിട്ടുണ്ട്. ഒന്നുവിളിച്ചാല്‍ ഒരുപക്ഷേ, അകത്തൊക്കെ കയറി കാണാമായിരുന്നു. പക്ഷേ, അതിനൊക്കെ മുന്‍കൂര്‍ അപ്പോയന്റ്മെന്റ് ആവശ്യമാണന്നറിയാമായിരുന്നു. തത്കാലം അതിനുള്ള സമയമില്ലല്ലോ എന്നോര്‍ത്ത് ആ ഉദ്യമം വേണ്ടന്നുവെച്ചു. കാര്‍ ഗരാഷിന്റെ തടികൊണ്ടുള്ള കതകിന്റെ കളറിനുമാത്രം വ്യത്യാസമുണ്ടായിരുന്നു. ഞങ്ങള്‍ സ്ട്രീറ്റില്‍ത്തന്നെ കാര്‍ നിര്‍ത്തി, കാറിലിരുന്നു കുറേനേരം അങ്ങോട്ടുതന്നെ നോക്കിയിരുന്നു. തിരക്കുള്ള സ്ട്രീറ്റ് ആയിരുന്നതുകൊണ്ട് ചുവന്ന വരയുള്ള നോ പാര്‍ക്കിംഗ് സോണിലായിരുന്നു നിര്‍ത്തിയിരുന്നത്, കുറേനേരം ഇരുന്നതിനുശേഷം പാര്‍ക്കിങ് സൗകര്യം കിട്ടി. പാര്‍ക്കിങ് മീറ്ററില്‍ ചില്ലറകള്‍ നിക്ഷേപ്പിച്ചിട്ട് ഞങ്ങള്‍ പുറത്തേക്കിറങ്ങി അതെ അപ്പാര്‍ട്ട്മെന്റിന്റെ ഓരം ചേര്‍ന്നുനിന്നു. അമേരിക്കയിലെ ആദ്യദിവസങ്ങളുടെ ഒരുപാടോര്‍മ്മകള്‍, മനസ്സിലെ കുഞ്ഞോളങ്ങളായി. വയലാറിന്റെ പ്രസിദ്ധമായ ഒരു പാട്ടാണ് അപ്പോള്‍ ഒരു ചോദ്യചിഹ്നംപോലെ മനസ്സിലേക്ക് ഓടിയെത്തിയത്.
'ഓര്‍മ്മകള്‍ മരിക്കുമോ ഓളങ്ങള്‍ നിലക്കുമോ'
ഇല്ല ഒരിക്കലും മരിക്കില്ല എന്നതല്ലേ സത്യം. ആ മരിക്കാത്ത ഓര്‍മകളുമായി കുറെനേരം അവിടെത്തന്നെ നിന്നു. അതിനുശേഷം ഒരു സെല്‍ഫി എടുത്തു. ഫോട്ടോ കണ്ടാല്‍ പള്ളിയില്‍ പോയതാണെന്നോ മതം മാറിയതാണെന്നോ തോന്നുമെങ്കിലും തെറ്റിദ്ധരിക്കേണ്ട. 1277-9 th. അവന്യുവിലെ തണുത്ത കാറ്റടിച്ചപ്പോള്‍ പ്രേമ ഷാളുകൊണ്ടു തലയൊന്നു മൂടിയിട്ടുവന്നേയുള്ളൂ. കാറ്റില്‍നിന്നും തണുപ്പില്‍നിന്നും പൊടിക്കാറ്റില്‍നിന്നും രക്ഷപ്പെടാനാണ് പല വേഷങ്ങളും ഉണ്ടായിട്ടുള്ളത്. പിന്നീട് അതൊക്കെ ആചാരങ്ങളായി തീരുന്നു, എന്നതല്ലേ സത്യം.
ശീതക്കാറ്റടിച്ചാല്‍ ചെവി വേദനിക്കുമെന്ന് ഞങ്ങളുടെ ഹണിമൂണ്‍ കാലത്ത്, കശ്മീരിലെ ദാല്‍ തടാകത്തിലൂടെയുള്ള ബോട്ട് യാത്രയില്‍ പ്രേമ പറഞ്ഞതാണ് പെട്ടന്നു മനസിലേക്കോടി എത്തിയത്.
ജാക്കറ്റ് എടുക്കാന്‍ മറന്നതുകൊണ്ടു ഞാനും തണുത്തു വിറയ്ക്കാന്‍ തുടങ്ങിയെങ്കിലും പരാതി പറഞ്ഞില്ല. അതൊക്കെ ആണുങ്ങളുടെ അഭിമാനത്തിന്റെ പ്രശ്നമല്ലേ. അധികം താമസിയാതെ പോകാം എന്നു പ്രേമ പറഞ്ഞപ്പോള്‍ അവള്‍ക്കു കാര്യം പിടികിട്ടി എന്ന് മനസ്സിലായി. അത്രയ്ക്കും ശക്തികൂടിയ കാറ്റായിരുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ അന്തരീക്ഷം എല്ലാസമയത്തും പ്രവചനാതീതമാണ് ഏതു വേനലിലും ഒരു ജാക്കറ്റ് കൈയില്‍ കരുതണം.
1984 ല്‍ പ്രസിദ്ധമായ ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്കിനടുത്ത്ഞങ്ങള്‍ ആദ്യം താമസിച്ച ആ പഴയ അപ്പാര്‍ട്ട്മെന്റ് ഇപ്പോഴും അവിടെയുണ്ടോ എന്നറിയാന്‍കൂടി പോയതാണ്. പ്രേമ USFൽ (University of San Francisco) വിദ്യാര്‍ഥിയായിരുന്നപ്പോള്‍ പരിചയമുള്ള സ്ഥലമായിരുന്നതുകൊണ്ടായിരിക്കണം അവിടെത്തന്നെ താമസസൗകര്യം തരപ്പെടുത്തിയത് എന്നാണെന്റെ ഊഹം. തൊട്ടടുത്ത ഫ്ളാറ്റില്‍ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ കുടുബമായിരുന്നു. അവിടുത്തെ മൂസോ എന്ന കറുത്ത സുന്ദരി മിക്കവാറും ഞങ്ങളുടെ ഫ്ളാറ്റില്‍ വരുമായിരുന്നു. എന്തുകൊടുത്താലും ആര്‍ത്തിയോടെ കഴിക്കുന്ന ആ ടീനേജര്‍ പ്രേമയുടെ അനുജത്തിയുടെ കൂട്ടുകാരി എന്ന നിലയ്ക്കാണ് ഞങ്ങളോടു കൂടുതല്‍ അടുപ്പവും സ്വാതന്ത്ര്യവും കാണിച്ചത് എന്നതും മറന്നിട്ടില്ല. മുസോ ഇപ്പോള്‍ എവിടെയായിരിക്കും എന്നൊക്കെ വെറുതെ ഓര്‍ത്തുപോയി. അന്നത്തെ പതിനഞ്ചുകാരി ഇപ്പോള്‍ അമ്പതുകാരിയായി.
കുഞ്ഞുകുട്ടി പരാധീനങ്ങളുമായി അമേരിക്കയില്‍ത്തന്നെ ഏതെങ്കിലും പട്ടണത്തില്‍ ജീവിക്കുന്നുണ്ടാവും. ജീവിതം ഒരു ട്രെയിന്‍ യാത്രപോലെയെ എനിക്കു തോന്നിയിട്ടുള്ളു. ഓരോ സ്റ്റേഷനില്‍നിന്നു കയറുന്നവര്‍ അവര്‍ക്കിറങ്ങേണ്ട സ്റ്റേഷനില്‍ ഇറങ്ങിപ്പോകുന്നു. പിന്നീടൊരിക്കലും അവരെ നമ്മള്‍ കാണുന്നതേയില്ല എന്നതല്ലേ സത്യം. അങ്ങനെ എത്രയെത്ര നൈമിഷിക സൗഹൃദങ്ങള്‍! നമ്മള്‍ മരിച്ച് അന്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മുടെ കൊച്ചുമക്കള്‍ നമ്മളുടെ ഫ്രെയിം ചെയ്ത പഴയ ഫോട്ടോയിലൂടെ മാത്രം നമ്മളെ കാണുന്നു. വീടു മാറുമ്പോള്‍ അവരുടെ മക്കള്‍ അതെല്ലാം വലിച്ചെറിയുന്നു. അത്രയ്ക്കൊക്കെയേ ഉള്ളൂ നമ്മളും നമ്മളുടെ ലോകവും എന്നോര്‍ക്കുമ്പോഴാണ് ജീവിതം എത്രയോ ചെറുതാണെന്ന തോന്നല്‍ ഉണ്ടാകുന്നത്.
താഴത്തെ നിലയില്‍ ഒരു കുറവിലങ്ങാട്ടുകാരന്‍ കുര്യാക്കോസിന്റെ സൈക്കിള്‍ ഷോപ്പ് ഉണ്ടായിരുന്നു എന്നതായിരുന്നു എന്നെ അന്ന് അതിശയിപ്പിച്ചത്. ആകെ കണ്ട ആദ്യത്തെ മലയാളി! ചന്ദ്രനില്‍ ചെന്നപ്പോള്‍ ആരോ കണ്ട മലയാളിയുടെ ചായക്കട കഥപോലെ തീര്‍ത്തും അവിശ്വസനീയമായിരുന്നു അന്നെനിക്കത്. അമേരിക്കയില്‍ സ്വന്തമായി സൈക്കിള്‍ ഷോപ്പുണ്ടായിരുന്ന ഒരേയൊരു മലയാളി പി.കെ കുര്യാക്കോസായിരിക്കുമെന്നാണ് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത്. മലയാളം പറയാനുള്ള കൊതികൊണ്ട് ഞാന്‍ പതിവായി സൈക്കിൾ കടയില്‍ കയറുമായിരുന്നു. കുര്യാക്കോസിനും അതിഷ്ടമായിരുന്നിരിക്കണം. അന്നൊക്കെ കുര്യാക്കോസ് പറയുന്ന ഒരു തമാശയുണ്ടായിരുന്നു.
'ഒന്നുരണ്ടു മലയാളികള്‍കൂടി ഉണ്ടായിരുന്നെങ്കില്‍ ഒരു അസോസിയേഷന്‍ തുടങ്ങാമായിരുന്നു'
വെറുതെ പറഞ്ഞതാണെങ്കിലും അതല്ലേ ശരി. അപ്പോഴൊക്കെ ഞാന്‍ മറുപടിയും പറയും
'എന്തിനധികം മൂന്നുമതി, ഞാനും പ്രേമയും കുര്യാക്കോസും. പ്രസിഡന്റ് സെക്രട്ടറി ട്രഷറര്‍'
'അപ്പോള്‍പിന്നെ നമുക്കാലോചിക്കാവുന്നതേയുള്ളു'- എപ്പോഴും അളന്നു മുറിച്ചുമാത്രം സംസാരിക്കുന്ന കുര്യാക്കോസച്ചായന്‍ ചിരിച്ചുകൊണ്ടു പ്രതികരിച്ചു.
കുര്യാക്കോസച്ചായന്‍ ഒരു തികഞ്ഞ രാജ്യസ്നേഹിയായിരുന്നു എന്നാണ് കൊച്ചുമകന്‍ ഒരിക്കല്‍ വിളിച്ചപ്പോള്‍ പറഞ്ഞത്. അതുകൊണ്ടായിരിക്കണം ഭാര്യയോ ബന്ധുക്കളെയോ ആരെയും കൊണ്ടുവരാതെ നാടുവിട്ടത്. കുറച്ചു കാശുണ്ടാക്കി തിരിച്ചുപോകാനുള്ള ദൃഢനിശ്ചയത്തിലായിരിക്കണം സൈക്കിള്‍കട തുടങ്ങിയത്. ഒരു ദിവസം എല്ലാം വിറ്റ് നാട്ടില്‍ പോയി എന്ന് പിന്നീടാണറിഞ്ഞത്. സ്വന്തം ഗ്രാമത്തില്‍പോയി. ഒരു പുതിയ സൈക്കിള്‍ മേടിച്ച് സ്ഥിരം സൈക്കിളിലായിരുന്നു യാത്രയെന്നും കൊച്ചുമകന്‍ പറഞ്ഞറിഞ്ഞു. രാവിലെ സൈക്കിളില്‍ കുറവിലങ്ങാട് കവലയിലെ ചായപ്പീടികയില്‍ പോയി കൂട്ടുകാരുമായി ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക പതിവായിരുന്നു എന്നും പറഞ്ഞു.
അന്നൊക്കെ ഇന്നത്തെപോലെ മലയാളം ചാനലുകളോ പത്രങ്ങളോ ഇന്റര്‍നെറ്റോ ഒന്നുമില്ലായിരുന്നു, എന്നോര്‍ക്കണം. ന്യൂയോര്‍ക്കില്‍നിന്നും നാദം എന്നൊരു പത്രം ഇറങ്ങുന്നുണ്ടെന്ന് കുര്യാക്കോസച്ചായന്‍ പറഞ്ഞറിയാമായിരുന്നെങ്കിലും അത് കണ്ടിരുന്നില്ല. അതിനുശേഷം മലായാളികളുടെ എണ്ണം കൂടിയപ്പോള്‍ പുതിയ പ്രസിദ്ധീകരണങ്ങളും കൂണുപോലെ മുളയ്ക്കാന്‍ തുടങ്ങി. അതില്‍ ഏറ്റവും പ്രചാരമേറിയത് 'മലയാളം പത്രം' ആയിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഈ പത്രത്തില്‍ അമേരിക്കയിലെയും നാട്ടിലെയും പ്രമുഖ എഴുത്തുകാര്‍ എഴുതിയിരുന്നു. എം കൃഷ്ണനായരുടെ സാഹിത്യവാരഫലവും എന്റെ നാട്ടുകാരിയും എഴുത്തുകാരിയുമായ റോസ് മേരിയുടെ കോളവും വന്നിരുന്നതായി ഓര്‍മ്മിക്കുന്നു. അന്ന് ഞാനും ആ പത്രത്തില്‍ കവിതകള്‍ എഴുതിയിരുന്നു. ഒരിക്കല്‍ എം കൃഷ്ണനായര്‍ എന്റെ കവിതകളെയും നിശിതമായി വിമര്‍ശിച്ചിരുന്നുവെങ്കിലും, അതെനിക്ക് കിട്ടിയ ഒരംഗീകാരമായിതന്നെ ഞാന്‍ കരുതുന്നു.
പിന്നീടും കേരളാ എക്സ്പ്രസ്സ്, സംഗമം മുതലായ മലയാളം പ്രസിദ്ധീകരങ്ങള്‍ ധാരാളം ഇറങ്ങിയെങ്കിലും ഇന്റര്‍നെറ്റിന്റെ വരവോടുകൂടി എല്ലാം ഓണ്‍ലൈന്‍ ആയിക്കൊണ്ടിരിക്കുന്നു. ഇ-മലയാളി എന്നൊരു ഓണ്‍ലൈന്‍ പത്രമാണ് ഇപ്പോള്‍ അമേരിക്കയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്.
പറഞ്ഞുവന്നത് കുര്യാക്കോസിന്റെ കാര്യമാണല്ലോ, അയാള്‍ ആ ഷോപ്പ് ഒരു സായിപ്പിന് വിറ്റിട്ടാണ് പോയതെന്നറിയാമായിരുന്നു. അതൊക്കെ വര്‍ഷങ്ങള്‍ക്കുമുന്‍പല്ലേ. എന്തായാലും ആ സൈക്കിള്‍ഷോപ്പ് ഇപ്പോഴില്ല. 'കി ക്കി' എന്ന പേരുള്ള ജാപ്പനീസ് റസ്റ്റോറന്റാണവിടെയിപ്പോള്‍.
അന്ന് കൊറോണക്കാലം കഴിയാഞ്ഞിട്ടായിരിക്കണം Take out only എന്ന് ചോക്കുകൊണ്ടെഴുതിയ ഒരു ബോര്‍ഡ് വാതിലിനടുത്ത് നിലത്തു ചാരി വെച്ചിട്ടുണ്ട്. അങ്ങനെ ആ തെരുവില്‍ ആകെയുണ്ടായിരുന്ന മലയാളികള്‍ ഞങ്ങളും കുറവിലങ്ങാടുകാരന്‍ കുര്യാക്കോസും ആയിരുന്നു. പ്രേമയുടെ അമ്മയും അനുജത്തിയും നാട്ടില്‍നിന്നു വന്നപ്പോള്‍ ഞങ്ങള്‍ ആ സ്ഥലം ഉപേക്ഷിച്ചു. സൗത്ത് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഒരു ടൗണ്‍ഹോമിലേക്കു താമസം മാറി. ഞങ്ങളാണ് ആദ്യം കൂടുവിട്ടത്. അന്നത്തെ കടകളുടെ പേരുകള്‍ മാറിയതല്ലാതെ ഒന്നിനും ഒരു മാറ്റവുമില്ല, പൊതുവെ ശാന്തമായ തെരുവുകളാണെങ്കിലും വാഹനത്തിരക്കുകളുടെ ബാഹുല്യം വളരെ കൂടുതലായിരുന്നു. ഞാന്‍ സ്ട്രീറ്റില്‍നിന്നും കാറെടുത്ത് ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്കിനടുത്ത്, പാര്‍ക്കിങ് കിട്ടാതെ കുറെ കറങ്ങി. അന്നൊക്കെ ഓട്ടവും നടത്തവുമൊക്കെ ആ പാര്‍ക്കിലൂടെയായിരുന്നു. അവസാനം പാര്‍ക്കിനടുത്തു ഒരു ഫ്രീ പാര്‍ക്കിങ് കിട്ടിയെങ്കിലും ജാക്കറ്റില്ലാതെ തണുത്ത കാറ്റടിച്ചു നടക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങള്‍. അതുകൊണ്ട് അപ്പോഴേക്കും തിരിച്ചു പോരാനുള്ള തീരുമാനത്തില്‍ എത്തിയിരുന്നു.
കുട്ടികള്‍ ഇല്ലായിരുന്നെങ്കിലും, ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ യൗവ്വനതീഷ്ണവും പ്രേമസുരഭിലവുമായ ആ കാലഘട്ടങ്ങളിലെ കഷ്ടപ്പാടിന്റെ കുഞ്ഞോര്‍മ്മകള്‍, സൗന്ദര്യപിണക്കങ്ങളുടെയും, പരിഭവങ്ങളുടെയും കൊച്ചു കൊച്ചു നിമിഷങ്ങള്‍ എല്ലാം ഒന്നുകൂടി പുതുക്കിയതില്‍ ഒരുന്മേഷവും സന്തോഷവും തോന്നിയിരുന്നു. വന്നവഴിയൊക്കെ ഓര്‍ക്കുന്നതുതന്നെയാണ് എപ്പോഴും നമ്മെ മുന്നോട്ട് നയിക്കുന്നത് എന്നതല്ലേ യാഥാര്‍ഥ്യം. ജീവിതത്തില്‍ അന്നുവരെ എടുത്ത തീരുമാനങ്ങളൊന്നും തെറ്റാണെന്നു തോന്നിയിട്ടില്ല, അങ്ങനെ തോന്നുന്നിടത്താണല്ലോ നമ്മളുടെ പരാജയത്തിന്റെ തുടക്കം.
കുര്യാക്കോസിനെപ്പറ്റി ഒരിക്കല്‍ ഫെയ്സ്ബുക്കിൽ ഞാനൊരു കുറിപ്പിട്ടിരുന്നു. അദ്ദേഹത്തിന്റെ അമേരിക്കയിലുള്ള കൊച്ചുമകന്‍ ആ പോസ്റ്റ് കണ്ടിട്ടാണ് എനിക്ക് ആദ്യം മെസ്സേജ് അയച്ചത്. ഞാന്‍ ഔസേപ്പച്ചന്‍ എന്നാണ് ആദ്യം എഴുതിയിരുന്നതെങ്കിലും അയാളുടെ യഥാര്‍ഥ പേര് പി.കെ.കുര്യാക്കോസ്സ് എന്നാണ്. സൈക്കിളുകടയുടെ പേരും കിട്ടി. അജി സൈക്കിള്‍ അതുകൂടി തിരുത്തിയിട്ടുണ്ട്. ഗ്രാന്റപ്പാ പത്തു വര്‍ഷം മുമ്പ് മരിച്ചെന്നും പറഞ്ഞു. നാട്ടില്‍ പല തവണ പോയിരുന്നെങ്കിലും ഒരിക്കല്‍പോലും കുറവിലങ്ങാടുള്ള കുര്യാക്കോസച്ചായനെ കാണാന്‍ മറന്നല്ലോ എന്നതോര്‍ത്തപ്പോള്‍ മനസ്സില്‍ ഒരു സങ്കടക്കടല്‍! അതെപ്പോഴും അങ്ങനെയാണല്ലോ നമ്മള്‍ കാണണമെന്നാഗ്രഹിക്കുന്ന പല സുഹുത്തുക്കളും തിരക്കുകള്‍ക്കിടയില്‍ നമ്മെ വിട്ടുപോകുന്നത് നമ്മള്‍ അറിയുന്നത്, മിക്കപ്പൊഴും ഒരു മരണവാര്‍ത്തയിലൂടെ ആയിരിക്കും.
Content Highlights: Thampy Antony shares memories of the Kerala emergency period
Published: 05 Jun 2025, 04:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented