
'ജിമ്മി ജോര്‍ജ്ജ്' എന്ന പേരു കേട്ടാല്‍ സാധാരണക്കാരായ പുതിയ തലമുറയ്ക്ക് അത്ര പരിചയമൊന്നും തോന്നാനിടയില്ല. പക്ഷേ, വോളിബോള്‍ കളിക്കുന്നവരും മലയാളികളും എന്നെന്നും ഓര്‍മിക്കുന്ന ഒരു പേരാണത് എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നതുപോലെതന്നെയായിരുന്നു ഇന്ത്യന്‍ വോളിബോളിന്, കേരളത്തിന്റെ അഭിമാനമായ ജിമ്മി ജോര്‍ജ്ജ്. അദ്ദേഹത്തിന്റെ രംഗപ്രവേശനത്തോടെ വോളിബോളില്‍ ഇന്ത്യയുടെ സുവര്‍ണകാലം ആരംഭിച്ചു എന്നുതന്നെ പറയാം.
ഹോക്കിയിലൊഴിച്ച് ഇന്ത്യ ഏതെങ്കിലും മത്സരത്തില്‍ രാജ്യാന്തര നിലവാരത്തില്‍ ആദ്യമായി കളിച്ചത് 1986ല്‍, ദക്ഷിണ കൊറിയയിലെ സോളില്‍ വച്ചു നടന്ന ഏഷ്യന്‍ ഗെയിംസിലെ വോളിബോളിലായിരുന്നു. ജിമ്മി നയിച്ച ടീം അതിശക്തരായ ജപ്പാനെയാണ് അന്നു തറപറ്റിച്ചത്.

ഞാനും, ബാബുവും മൂത്ത ജേഷ്ഠന്‍ ജോസഫ് ആന്റണിയും വോളിബാള്‍ കളിക്കാരാണ്. ജോസഫ് ആന്റണി 17 വയസില്‍ തന്നെ സംസ്ഥാന ടീമിന്റെ കുപ്പായം അണിഞ്ഞു. ഹൈസ്‌കൂളില്‍ വെച്ചുതന്നെ ലോങ്ങ് ജംപിനു നാഷണല്‍ മീറ്റില്‍ സ്വര്‍ണവും നേടിയിരുന്നു. പഠിത്തത്തില്‍ ശ്രദ്ധിക്കാഞ്ഞതുകൊണ്ട് പിന്നീട് യൂണിവേഴ്സിറ്റി ലെവലില്‍ ഒന്നും പോകാന്‍ പറ്റിയില്ലെങ്കിലും കേരളാ ട്രാന്‍സ്‌പോര്‍ട്ട് ടീമിലെ പ്രധാനകളിക്കാരനായിരുന്നു. ഇപ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്മെന്റില്‍ നിന്നും പെന്‍ഷനായി പൊന്‍കുന്നത്ത് വിശ്രമജീവിതം നയിക്കുന്നു. ഭാര്യ പള്ളിക്കത്തോട് തുനിയംബ്ര തറവാട്ടിലെ ആലീസ് ജോസഫ് ആണ്.

അന്നൊന്നും കളിക്കാര്‍ക്ക് ഗ്രേസ് മാര്‍ക്ക് എന്നൊരു ഏര്‍പ്പാടൊന്നുമില്ലായിരുന്നു. അല്ലെങ്കില്‍ വോളിബോളില്‍ ഒരുപാടു പ്രതീക്ഷ നല്‍കിയ കളിക്കാരനായിരുന്നു ജോസഫ് ആന്റണി. അനിയന്‍ ബാബു ആന്റണി കോളേജ് പഠനത്തിനു പുണെയ്ക്ക് പോയതുകൊണ്ട് പുണെ യൂണിവേഴ്സിറ്റി വോളിബോള്‍ ടീം ക്യാപ്റ്റനും പോള്‍വാള്‍ട്ട് ചാമ്പ്യനുമായിരുന്നു. അങ്ങനെ പാരമ്പര്യമായി കിട്ടിയതുകൊണ്ടായിരിക്കും മകന്‍ കായല്‍ ആന്റണി ഇപ്പോള്‍ കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് ക്ലബ് ടീമിന്റെ ക്യാപ്റ്റനാണ്. കഴിഞ്ഞ ജിമ്മി ജോര്‍ജ് നാഷണല്‍ ടൂര്‍ണമെന്റില്‍ ഫൈനലില്‍ ഡാലസിനോടാണ് അടിയറവ് പറഞ്ഞത്. അന്ന് കായലിന് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഡിഫന്‍സിവ് പ്ലെയർ, ബെസ്റ്റ് സെറ്റര്‍ തുടങ്ങിയ ബഹുമതികളും കിട്ടിയിരുന്നു. ഞാന്‍ പ്രീഡിഗ്രിക്കു തിരുവനന്തപുരം സെന്റ് സേവിയേഴ്സില്‍ പഠിക്കുമ്പോള്‍ വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. പിന്നീട് കോതമംഗലം എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുമ്പോള്‍ വോളിബോള്‍ ടീമിന് സാധ്യത ഇല്ലാതിരുന്നതുകൊണ്ട്, അവിടെവെച്ചുതന്നെ ബാസ്‌കറ്റ്ബോളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ചെയര്‍പേഴ്‌സണ്‍ പ്രേമ തെക്കേക്ക് എന്നിവര്‍ക്കൊപ്പം തമ്പി ആന്റണി
ഫൈനല്‍ ഇയറില്‍ ടീം ക്യാപ്റ്റനുമായിരുന്നു. ഇപ്പോഴും ഞാന്‍ വോളിബോള്‍ കളിക്കുന്നു. കഴിഞ്ഞ ജിമ്മി ജോര്‍ജ് യുഎസ്എ നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ കായല്‍ സീനിയര്‍ ടീമിലും ഞാന്‍ 40+ ടീമിലും കളിച്ചു എന്നതും അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു. അമേരിക്കയിലെ ഈ അന്തര്‍ ദേശീയ മത്സരം ഇവിടെ ജനിച്ചു വളര്‍ന്ന രണ്ടാമത്തെ തലമുറ ഏറ്റടുത്ത് എല്ലാവര്‍ഷവും വിജയകരമായി നടത്തുന്നു എന്നതില്‍ നമുക്കഭിമാനിക്കാം.

1974 ല്‍, പത്തൊന്‍പതാമത്തെ വയസ്സില്‍, ടെഹ്റാന്‍ ഏഷ്യന്‍ ഗെയിംസിലാണ് ജിമ്മി ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. വളരെ നേരിയ വ്യത്യാസത്തിലാണ് അന്ന് ഇന്ത്യ പുറത്തായത്. ജിമ്മിയായിരുന്നു കളിയുടെ സൂത്രധാരന്‍. അന്നത്തെയും അതുകഴിഞ്ഞുള്ള മത്സരങ്ങളിലെയും പ്രകടനങ്ങളാണ്, ജിമ്മിയെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ഇന്ത്യയുടെ അര്‍ജുന അവാര്‍ഡിന് അര്‍ഹനാക്കിയത്. വോളിബോളില്‍ അങ്ങനെയൊരു ബഹുമതി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ് ജിമ്മി.
രാജ്യാന്തരമത്സരങ്ങളില്‍ ജിമ്മിക്കു മുമ്പും അതിനുശേഷവും, വോളിബോളില്‍ അത്രയധികം നേട്ടങ്ങള്‍ നാം നേടിയിട്ടില്ല എന്നതു ശ്രദ്ധേയമാണ്. പേരാവൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍, ജോസഫ് ജോര്‍ജ്ജിന്റെയും മേരിയുടെയും എട്ട് ആണ്‍മക്കളില്‍ മൂത്ത മകനായി 1955 മാര്‍ച്ച് 8 നാണ് ജിമ്മിയുടെ ജനനം. അപ്പന്‍ ജോസഫ്, മദ്രാസ് യൂണിവേഴ്സിറ്റി വോളിബോള്‍ താരമായിരുന്നു. ജിമ്മി വോളിബോള്‍ താരം മാത്രമായിരുന്നില്ല. മറ്റു സ്പോര്‍ട്സ് വിഭാഗങ്ങളിലും ചെസ്സിലും യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്നു. പുകവലിയോ മദ്യപാനമോ ഇല്ലായിരുന്നു എന്ന് മാത്രമല്ല, പഠനത്തിലും അതീവസമര്‍ത്ഥനായിരുന്ന ജിമ്മി ഇന്നത്തെ സ്പോര്‍ട്സ് താരങ്ങള്‍ക്ക് ഒരു മാതൃകയാണ്.
എനിക്ക് ജിമ്മിയുടെ കളി കാണാനുള്ള ഭാഗ്യം സിദ്ധിച്ചത്, ദേശീയ ചാമ്പ്യൻഷിപ്പിൽ അദ്ദേഹം തമിഴ്നാടുമായി ഫൈനല്‍ കളിച്ചപ്പോഴാണ്. അന്ന് നൂറ്റിരണ്ടു ഡിഗ്രി പനിയുമായി, മുഴുവന്‍ നേരം കളിക്കാതിരുന്നതുകൊണ്ടു മാത്രം നമ്മള്‍ പരാജയപ്പെട്ടു. അതു കാണികളെയെല്ലാം നിരാശപ്പെടുത്തി.

ടീം ക്യാപ്റ്റന്‍ രാജു വര്‍ഗീസിനൊപ്പം
മൂന്നു മലയാളികളാണ് അക്കാലങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ജിമ്മിയുടെ ഇളയ സഹോദരന്‍ ജോസ് ജോര്‍ജ്ജും ഗോപിനാഥും ജിമ്മി ജോര്‍ജ്ജും. അവര്‍ മൂന്നുപേരും അന്ന് കേരളാ യൂണിവേഴ്സിറ്റിയിലും കേരളാ സ്റ്റേറ്റിലും ഇന്ത്യന്‍ ടീമിലും ഒരേ സമയം കളിക്കുന്ന താരങ്ങളായിരുന്നു. ആ കാലങ്ങളില്‍ കേരളാ യൂണിവേഴ്‌സിറ്റി അജയ്യരായിരുന്നു. ഇന്ത്യയിലെ ഒരു യൂണിവേഴ്‌സിറ്റിയും മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെട്ട കേരളത്തോടു ജയിച്ചിട്ടില്ലായിരുന്നു. ഒരിക്കല്‍ റഷ്യന്‍ ടീമുമായി കളിച്ചപ്പോള്‍, അവരുടെ കോച്ചാണ് ജിമ്മിയുടെ, ലോകനിലവാരമുള്ള കഴിവുകള്‍ കണ്ടെത്തിയത്. അദ്ദേഹമാണ് ആദ്യമായി ജിമ്മിയോട് ഇന്ത്യയ്ക്കു പുറത്തുള്ള രാജ്യങ്ങളില്‍പ്പോയി കളിക്കണമെന്നു നിര്‍ദ്ദേശിച്ചത്. 1979 ല്‍, ആദ്യമായി കളിച്ചത് അബുദാബി സ്പോര്‍ട്സ് ക്ലബ്ബിനുവേണ്ടിയാണ്. അവിടെ കളിച്ചപ്പോഴാണ്, ഏറ്റവും നല്ല കളിക്കാരനുള്ള പേര്‍ഷ്യന്‍ പ്ലെയര്‍ അവാര്‍ഡ് കരസ്ഥമാക്കിയത്. അതിനുശേഷം ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് 1987 നവംബര്‍ 30 ന് വാഹനാപകടത്തില്‍ ജിമ്മി ജോര്‍ജ്ജ് മരണപ്പെട്ടത്.
നമ്മുടെ വോളിബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം, മറ്റു രാജ്യങ്ങള്‍ക്കുവേണ്ടി കളിക്കുന്നത് എന്നത് ഓര്‍ക്കേണ്ടതുണ്ട്. ജിമ്മി ജോര്‍ജ്ജിന്റെ പേരില്‍ ഇറ്റലിയിലെ ബ്രാസിക്ക പ്രോവിന്‍സില്‍ 1993 ല്‍ പണി കഴിപ്പിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം, അദ്ദേഹത്തോടുള്ള അവരുടെ ആദരവിന്റെ സൂചകമാണ്. ഇന്ത്യയ്ക്കു പുറത്ത് ആരുടെയെങ്കിലും പേരില്‍ അങ്ങനെയൊരു സ്റ്റേഡിയം ഇനിയുണ്ടാകുമോ എന്നത് സംശയമാണ്; വിശേഷിച്ച്, ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കുന്ന പുതിയ തലമുറയെ കാണുമ്പോള്‍!
ജിമ്മിയെപ്പറ്റി ഇത്രയൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, ഇപ്പോഴും അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഇന്ത്യയ്ക്കകത്തും പുറത്തും നടക്കുന്ന വോളിബോള്‍ മത്സരങ്ങളാണ്. അമേരിക്കയില്‍ മുപ്പത്തിഅഞ്ചു വര്‍ഷങ്ങളായി നടന്നുവരുന്ന, 'ജിമ്മി ജോര്‍ജ് യുഎസ്എ അന്തര്‍ദേശീയ വോളിബോള്‍ മത്സരങ്ങള്‍' ഇത്തവണയും പൂര്‍വാധികം ഭംഗിയായി നടക്കുന്നു. ഇപ്പോഴും എപ്പോഴും ആ വോളിബോള്‍ പ്രതിഭാസം തലമുറകളെ സ്വാധീനിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ് ഈ മത്സരങ്ങള്‍. എല്ലാ വര്‍ഷവും അമേരിക്കയിലെയും കാനഡയിലെയും ഓരോരോ പ്രമുഖ സിറ്റികളിലും വിജയകരമായി അരങ്ങേറുന്നു. അടുത്ത വര്‍ഷം 2026 ഇല്‍ ടെക്സാസിലെ ഡാലസിലാണ് അരങ്ങേറുന്നത്. തദവസരത്തില്‍ കായല്‍ ആന്റണിയും കൂട്ടുകാരും കളിക്കുന്ന കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് മധുരപ്രതികാരം തീര്‍ക്കുമെന്നുള്ള പ്രതീക്ഷയിലാണ്.
ഒരിക്കല്‍ സൗദി എയര്‍പോര്‍ട്ടില്‍ വെച്ചുണ്ടായ ഒരനുഭവം കൂടി എഴുതിയാലേ ഈ ഓര്‍മ്മചിതം പൂര്‍ണമാകൂ എന്നൊരു തോന്നല്‍. അതുകൊണ്ട് അതുകൂടി കുറിക്കട്ടെ.
'മലയാളികളോടാ അവന്റെയൊക്കെ ഒരു കളി'
ഒരിക്കല്‍ സൗദിയിലെ റിയാദ് എയര്‍പോര്‍ട്ടില്‍ ട്രാന്‍സിറ്റായി, വെറുതെയിരുന്നപ്പോള്‍ ഉണ്ടായ അനുഭവം.
ഞാനന്ന് 2014 ല്‍ ബര്‍ലിന്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ കഴിഞ്ഞുള്ള വരവാണ്. അന്ന് ഞാനും പ്രകാശ് ബാരെയും ഒക്കെ അഭിനയിച്ച ജയന്‍ ചെറിയാന്റെ പപ്പീലിയോ ബുദ്ധ എന്ന സിനിമ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യയില്‍നിന്നുമുള്ള രണ്ടു പടങ്ങളില്‍ ഒന്നായ ഹൈവേ എന്ന ഹിന്ദിപടവുമായി ബന്ധപ്പെട്ട് എആര്‍ റഹ്‌മാനും താരങ്ങളുമൊക്കെ അവിടെ ഉണ്ടായിരുന്നു. അന്ന് ആദ്യമായി റഹ്‌മാനെ കണ്ടതിലുള്ള സന്തോഷത്തിലുമായിരുന്നു ഞാന്‍. അവിടുന്ന് ഞാന്‍ ഒറ്റയ്ക്കായിരുന്നു തിരിച്ചുപോന്നത്. നിര്‍ഭാഗ്യവശാല്‍ സൗദി ഫ്ളൈറ്റാണ് കിട്ടിയത്. അതൊന്നുമല്ല ഇവിടുത്തെ വിഷയം. നാലു മണിക്കൂറോളം റിയാദ് എയര്‍പോര്‍ട്ടില്‍ എങ്ങനെ ചെലവഴിക്കും എന്നതായിരുന്നു. ചുറ്റുപാടും ആകെ കറുത്ത വസ്ത്രങ്ങള്‍ കൊണ്ടു മൂടിയ പെണ്‍കുട്ടികള്‍, വെള്ള നീളകുപ്പായക്കാര്‍. മറ്റു ദേശക്കാരൊക്കെ ഉണ്ടെങ്കിലും ഒരു തകര്‍ന്ന തറവാട്ടില്‍ ഒറ്റപ്പെട്ടുപോയ അവസ്ഥ. ആ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയിട്ടുള്ളവര്‍ക്കറിയാം അവിടുത്തെ അവസ്ഥ. ഇപ്പോള്‍ ആ അവസ്ഥയൊക്കെ മാറി എന്നു കേള്‍ക്കുന്നു. എനിക്ക് ബര്‍ലിനില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയ്ക്കു കിട്ടിയതോ ഈ ഗാന്ധി പ്ലെയിന്‍. സൗദി എയര്‍ ലൈന്‍സിന്റെ പ്ലെയിനിന് അന്നൊക്കെ അങ്ങനെ ഒരു വിളിപ്പേരുണ്ടായിരുന്നു. കാരണം പ്ലെയിനിനകത്ത് ജ്യൂസും മറ്റു നോണ്‍ ആള്‍ക്കഹോളിക് പാനീയങ്ങളും മാത്രമേ കിട്ടുമായിരുന്നുള്ളു.
ഇനിയാണ് സംഭവത്തിന്റെ ട്വിസ്റ്റ്!
അങ്ങനെ പരിചയമുള്ള ആരെയും കാണാതെ ബോറടിച്ചിരിക്കുമ്പോഴാണ് പരിചയമുള്ള ഒരു മുഖം കാണുന്നത്. എന്നെ കണ്ടപ്പോഴേ ഒരു കോട്ടയം അച്ചായന്‍ ഭാഷയില്‍ എന്നാ ഉണ്ട്, എന്താ ഇവിടെ എന്നൊക്കെ ചോദിച്ച് അടുത്തുകൂടി. എനിക്കും സന്തോഷമായി ബോറടി മാറ്റാന്‍ ഒരു മലയാളിയെ കിട്ടിയല്ലോ. അത് എനിക്കറിയാവുന്ന ബിജു ആയിരുന്നു. ആള്‍ ഓരൊന്നാന്തരം വോളിബോള്‍ പ്ലെയര്‍ ആണന്നറിയാമായിരുന്നു. കേരള യൂണിവേഴ്സിറ്റിക്കും സ്റ്റേറ്റിനുംവേണ്ടി കളിച്ചിട്ടുണ്ട്. ഇപ്പോള്‍ നാട്ടില്‍നിന്ന് അമേരിക്കയിലേക്ക് ജിമ്മി ജോര്‍ജ് ടൂര്‍ണമെന്റ് കളിക്കാനുള്ള വരവാണ്. ഞാന്‍ നേരത്തെ ബിജുവിന്റെ കളി കണ്ടിട്ടുണ്ട് വെടിക്കെട്ട് സ്മാഷിങ്ങാണ്, ബ്ലോക്കൊക്കെ തെറിപ്പിച്ചുകൊണ്ട് ഫസ്റ്റ് കോര്‍ട്ടില്‍ അടിക്കും. 90 കളില്‍ ന്യൂയോര്‍ക്കിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരുന്നത്. അന്നൊക്കെ കളി കാണാന്‍ പോയപ്പോള്‍ കണ്ടുള്ള പരിചയമാണ്. ബിജുവിന്റെ സഹോദരന്‍ ലൂക്കാച്ചനും കേരളത്തില്‍ അറിയപ്പെടുന്ന വോളിബോള്‍ താരമായിരുന്നു. അമേരിക്കയില്‍ വെച്ച് കാര്‍ ആക്‌സിഡന്റില്‍ മരിച്ച എം.കെ ലൂക്കാച്ചന്റെ പേരില്‍ എം.കെ ലൂക്കാച്ചന്‍ നെടുമ്പറമ്പില്‍ എന്ന ഒരു നാഷണല്‍ ടൂര്‍ണമെന്റ് അമേരിക്കയില്‍ എല്ലാ വര്‍ഷവും അരങ്ങേറുന്നുണ്ട്, അതൊക്കെ ഓര്‍ത്തങ്ങനെ നിന്നപ്പോള്‍ ബിജു എന്നോട് 'തമ്പി ആന്റണി എങ്ങോട്ടാ ' എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു സാന്‍ഫ്രാന്‍സിസ്‌കോയിലേക്കാണ്. എന്നെ പേരു പറഞ്ഞു വിളിച്ചപ്പോള്‍ എനിക്കത്ഭുതം തോന്നി. ഒരുപക്ഷേ സിനിമ പരിചയമായിരിക്കണം എന്നു കരുതി. ഉടന്‍ തന്നെ കൈയില്‍ ഇരുന്ന വെള്ളത്തിന്റെ കുപ്പി പൊക്കിക്കാണിച്ചു ചോദിച്ചു.
'ഒന്നു വീശുന്നോ'.
'വേണമെങ്കില്‍ കയറുന്നതിനു മുന്‍പ് ഒന്നു വീശിക്കോ ഉറക്കം സുഖമാകും'
നാട്ടില്‍ ബാറിലൊക്കെ, പോകാന്‍ തിരക്കുള്ളവര്‍ നിന്നിട്ടു വീശുന്നതിനാണ് നിപ്പന്‍ അടിക്കുക എന്നു പറയുന്നത്. ഞാന്‍ ഉടന്‍ തന്നെ നിരസിച്ച് നന്ദിയും പറഞ്ഞു. ഫ്‌ളൈറ്റില്‍ കയറാന്‍ നേരം ബിജു വീണ്ടും തിരിഞ്ഞുനോക്കി യാത്ര പറഞ്ഞപ്പോള്‍ കുപ്പിയിരുന്ന കൈ പൊക്കിക്കാണിച്ചു കുപ്പി ഒന്നുകൂടെ കുലുക്കിക്കൊണ്ട് ബൈ പറഞ്ഞ് ഒന്നുകൂടി ഒന്ന് ആക്കി ചിരിച്ചു. അപ്പോള്‍ ഞാനോര്‍ത്തു,
'മലയാളികളോടാ കളി'
എന്നൊരു ധ്വനി ബിജുവിന്റ ആ ചിരിയില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നുതന്നെ അപ്പോള്‍ തോന്നിയിരുന്നു. ഞാനും കൈ പൊക്കി യാത്ര പറഞ്ഞു. അന്നൊക്കെ സൗദിയില്‍ ആള്‍ക്കഹോള്‍ കൊണ്ടുവന്നാല്‍ ജയില്‍ ശിക്ഷ ഉറപ്പാണ്. അതൊക്ക അവഗണിച്ചുകൊണ്ട് വോഡ്ക്ക നിറച്ച ആ വെള്ളകുപ്പിയുമായി ഫ്ളൈറ്റിലേക്ക് പുല്ലുപോലെ കയറിപ്പോയ ബിജു ഇപ്പോള്‍ എവിടെയാണോ ആവോ. അടുത്ത കാലത്തായി കളി പൂര്‍ണമായും നിര്‍ത്തിയെങ്കിലും, കളി കാണാന്‍ അമേരിക്കയില്‍ വരുമ്പോള്‍ വീണ്ടും കാണണമെന്നും ആ ഓര്‍മ്മകള്‍ പുതുക്കണമെന്നുമുണ്ട്. അടുത്ത ജിമ്മി ജോര്‍ജ് 2025 ടൂര്‍ണമെന്റ് അടുത്ത മെയില്‍ ഡാലസില്‍വെച്ചാണ്. മകന്‍ കായല്‍ ഈ വര്‍ഷവും കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് എന്ന ടീമിന്റെ ക്യാപ്റ്റനാണ്. അതുകൊണ്ട് ഞങ്ങളും പോകാതിരിക്കില്ല. അപ്പോള്‍ വീണ്ടും സ്റ്റേഡിയത്തില്‍ വെള്ളക്കുപ്പിയുമായി ബിജുവിനെ കാണാമെന്നു പ്രതീഷിക്കുന്നു. അപ്പോള്‍ എനിക്കും ചോദിക്കണമെന്നുണ്ട് 'ബിജുവേ നമുക്കൊന്നു വീശിയാലോ'
Content Highlights: Thampy Antony shares memories of the Kerala emergency period
Published: 19 Jun 2025, 01:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented