1988 മാര്‍ച്ച് 26 ല്‍. അന്നാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ സിലിക്കൺ വാലിയില്‍ വെച്ച് പ്രേംനസീറിനെ ആദ്യമായി അടുത്തുകാണുന്നത്.  സ്‌കൂളില്‍ പഠിക്കുമ്പോള്‍ കോട്ടയം താഴത്തങ്ങാടി വള്ളംകളി കാണാന്‍ അധ്യാപകരോടൊപ്പം പോയപ്പോള്‍ നസീറിനെ കണ്ടതോര്‍മയുണ്ട്. ശകുന്തള ഇറങ്ങിയ സമയമായിരുന്നതുകൊണ്ട് ആ സിനിമയുടെ പരസ്യത്തിനും കൂടിയായിരുന്നു അവര്‍ വന്നത്. വള്ളംകളിയുടെ  ഉദ്ഘാടനചടങ്ങുകളോടനുബന്ധിച്ച് പ്രേംനസീറും ഷീലയും പുഷ്പാലംകൃത ചുണ്ടന്‍വള്ളത്തില്‍ വരുന്നത് വളരെ ദൂരെനിന്ന് ആകാംഷയോടെ നോക്കിനിന്നിട്ടുണ്ട്. 

To advertise here,
placeholder
 എം.ജി.ആർ

അതിനു മുന്‍പ് ദൂരെ നിന്നു കണ്ട ഒരു നടന്‍ എംജിആര്‍ ആയിരുന്നു. പൊന്‍കുന്നം പട്ടണത്തില്‍ക്കൂടെ കാറില്‍ ശബരിമലയ്ക്ക് പോകുന്നത് കണ്ടതോര്‍മയുണ്ട്. സ്‌കൂളില്‍നിന്നു ടൗണിലൂടെ നടന്നുവരുമ്പോള്‍ ആരോ വിളിച്ചു പറഞ്ഞു: 'ദേ എംജിആര്‍.' അപ്പോഴാണ് ഞാനും തിരിച്ചറിഞ്ഞത്. പതിയെ പോയ അംബാസിഡര്‍ കാറിന്റെ ഗ്ലാസ് താഴ്ത്തി കറുപ്പുടുത്ത എംജിആര്‍ ഞങ്ങളെയും കൂട്ടുകാരെയും കൈവീശി കാണിച്ചു. 

ആനന്ദലബ്ധിക്കിനിയെന്തുവേണം. ഞങ്ങള്‍ കൂട്ടുകാര്‍ ത്രില്ലടിച്ചു. ഇനിയുമുണ്ട് താരകാഴ്ചകള്‍! ഏതോ ഒരു വര്‍ഷം എംഎന്‍ നമ്പ്യാരെയും പൊന്‍കുന്നം ടൗണില്‍വെച്ചു കണ്ടതോര്‍ക്കുന്നു. ഒരിക്കല്‍ ഞാന്‍ പൊന്‍കുന്നത്തെ തറവാട്ടുവീടിന്റെ മുറ്റത്തുനില്‍ക്കുമ്പോള്‍ കെകെ റോഡില്‍ വെച്ചാണ് പ്രേംനവാസിന്റെ ഫിയറ്റ് കാറിന്റെ ടയര്‍ പഞ്ചറായത്. എനിക്ക് ആരാണെന്നൊന്നും ആദ്യം മനസ്സിലായില്ലായിരുന്നു. ആരോ പറഞ്ഞു സിനിമാതാരം പ്രേംനസീറിന്റെ അനുജന്‍ പ്രേംനവാസാണെന്ന്. കുറേ ആളുകള്‍ കാറിനു ചുറ്റും കൂടി നിന്നിരുന്നതുകൊണ്ട് പിന്നീട് ശരിക്ക് കണ്ടതുമില്ല. എന്നാലും ആദ്യം കണ്ടത് ഞാന്‍തന്നെ. അധികം താമസിയാതെ അടുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍നിന്നും മെക്കാനിക് വന്ന്, സ്‌പെയര്‍ ടയര്‍ ഇട്ടുകൊടുത്തതും, ഉടനെ പോവുകയും ചെയ്തു. 

placeholder

എനിക്കു മൂന്നോ നാലോ വയസ്സുള്ളപ്പോള്‍. പൊന്‍കുന്നംകാരനായ ഒരു വലിയ വ്യവസായിയോടൊപ്പം സത്യന്‍ മാഷ് വീട്ടില്‍ വന്നിട്ടുണ്ട്. തോമസ് നീലിയറ എന്നറിയപ്പെടുന്ന ആ വ്യവസായി മദ്രാസിലെ വിദേശ കാറുകളുടെ ഡീലറായിരുന്നു. എന്റെ അപ്പന്റെ കൂട്ടുകാരനായിരുന്ന അയാള്‍ക്ക് അന്ന് സിനിമാക്കാരുമായൊക്കെ നല്ല ബന്ധമുണ്ടായിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഞങ്ങളുടെ അപ്പന്‍ ഒരിക്കലും സിനിമ കാണില്ലായിരുന്നു. എന്നിട്ടും മക്കള്‍ രണ്ടും സിനിമാക്കാരായി എന്നത് വേറെ കാര്യം. അന്നു നീലിയറയുടെ അമേരിക്കന്‍ ആഡംബര കാറില്‍ വന്ന സത്യനെ  നിഴലുപോലെ  കണ്ടതിന്റെ മറ്റൊരോര്‍മ്മ. സിനിമാ നടനാണെന്നുപോലും അറിയാതെയാണ് കണ്ടത് എന്നതാണ് ഏറ്റവും വിചിത്രം. പിന്നീട് അമ്മയാണ് പറഞ്ഞത് അത് സിനിമാനടന്‍ സത്യനാണെന്ന്. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്നു.

placeholder

നമ്മള്‍ പ്രേംനസീറിന്റെ കാര്യമാണല്ലോ പറഞ്ഞുവന്നത്. ന്യൂയോര്‍ക്കില്‍ മറ്റൊരു പ്രോഗ്രാമിന് മുഖ്യാതിഥിയായി വന്നതായിരുന്നു. അവിടെവെച്ച് അദ്ദേഹം, സംഘാടകരോട് സാന്‍ഫ്രാന്‍സിസ്‌ക്കോ കാണണമെന്ന് പറഞ്ഞു. അന്നൊക്കെ സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ മലയാളികള്‍ തീരെ കുറവായിരുന്നു. അതുകൊണ്ട് സ്‌പോണ്‍സറെ കിട്ടിയില്ല. എന്നിട്ടും അദ്ദേഹം സ്വന്തം ചെലവില്‍ വരാമെന്നു പറഞ്ഞു. അതുകൊണ്ടു മാത്രമാണ്  ഞങ്ങള്‍ക്ക് ആ മഹാനടനെ കാണാനുള്ള ഭാഗ്യമുണ്ടായത്. ഇന്നുള്ള ഏതെങ്കിലും നടന്മാര്‍ അങ്ങനെ സ്വന്തം ചെലവില്‍ ഒരു പ്രോഗ്രാമിനു വരുമോ? അന്നത്തെ ചെറിയ സംഘടനയായ മങ്ക (Malayali association of N. California) ഒരു സ്വീകരണവും കൊടുത്തു. പ്രോഗ്രാം കഴിഞ്ഞ് വൈകുന്നേരത്തെ ഡിന്നറിന് എന്നെയും പ്രേമയെയും ക്ഷണിച്ചിരുന്നു. പ്രേമ അന്ന് അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. അതുകൊണ്ടാണ് ഞങ്ങളെയും വിളിച്ചത്. കളത്തില്‍ പാപ്പച്ചനായിരുന്നു പ്രസിഡന്റ്. ആര്‍മി എഞ്ചിനീയറിംഗ് കോളേജ് ഗ്രാജ്വേറ്റായ അദ്ദേഹം പിന്നീട് ഫൊക്കാനായുടെ പ്രസിഡന്റുമായിരുന്നു. നല്ല ഒരു സംഘാടകനായിരുന്ന അദ്ദേഹം ഇപ്പോള്‍ എറണാകുളത്ത് വിശ്രമജീവിതം നയിക്കുന്നു. 

അന്നത്തെ സംഗമത്തില്‍ പ്രേംനസീറിന്റെ സ്‌നേഹംനിറഞ്ഞ നല്ല വാക്കുകള്‍ ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നു. നിത്യഹരിതനായകന്‍ അന്ന് രാഷ്ട്രീയത്തിലേക്ക് വലതുകാല്‍ വെച്ച് കയറുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സിനോടായിരുന്നു ആഭിമുഖ്യം. അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രസംഗത്തിലുടനീളം അതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. അതുകൂടി കുറിക്കുന്നു 

'അമേരിക്കയിലുള്ള പല നഗരങ്ങളും ഞാന്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. നല്ല വിദ്യാഭാസവും വിവരവുമുള്ള മാതാപിതാക്കളുമായി സംസാരിക്കാനും ഇടപഴകാനും. കഴിഞ്ഞു എന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ജീവിക്കാന്‍വേണ്ടി നാടും വീടും വിട്ടു ഇവിടെവന്നു നിങ്ങളൊക്കെ വളരെ സന്തുഷ്ടരായി കഴിയുന്നത് കണ്ടപ്പോള്‍, എനിക്കതിലേറെ സന്തോഷമായി. കുട്ടികളുമായും സംസാരിച്ചു. നല്ല ബുദ്ധിയുള്ള കുട്ടികള്‍. മിടുക്കന്മാരും മിടുക്കികളുമാണ്. അമേരിക്കയിലെ മലയാളികളുടെ ഭാവി തലമുറ അവരുടെ കയ്യില്‍ ഭദ്രമാണ് എന്നതില്‍ എനിക്ക് സംശയമില്ല. പക്ഷേ, അവരും നിങ്ങളുമൊക്ക ഇപ്പോള്‍ നാട്ടിലേക്കു വന്നാല്‍ ശരിയാവില്ല. അവിടുത്തെ രാഷ്ട്രീയ അന്തരീക്ഷമൊക്ക ആകെ തകിടം മറിഞ്ഞു കിടക്കുകയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവുംകൊണ്ട് സാധാരണക്കാര്‍ കഷ്ടപ്പെടുകയാണ്. സമരങ്ങളും രാഷ്ട്രീയ പ്രകടനങ്ങളും മാത്രമേയുള്ളൂ. എല്ലാ ശരിയാകുമ്പോള്‍, ഞാന്‍ പറയാം. നിങ്ങളും,  ഞാനും നമ്മള്‍ എല്ലാവരും കൂടി ഒന്നിച്ചു പരിശ്രമിച്ചാല്‍ നമുക്കും നമ്മുടെ കേരളം സ്വര്‍ഗമാക്കാം. താമസിയാതെ എല്ലാം ശരിയാകും എന്ന ശുഭപ്രതീക്ഷയോടെ. എന്നെ സ്‌നേഹപൂര്‍വം സ്വീകരിച്ച സാന്‍ ഫ്രാന്‍സിസ്‌ക്കോയിലെ മങ്ക എന്ന മലയാളി സമൂഹത്തിന് നന്ദി, സ്‌നേഹം' ജയ് ഹിന്ദ്.

എന്റെ ഓര്‍മയില്‍ നിന്നും, പ്രസംഗത്തിലെ ഏതാനും ഭാഗങ്ങള്‍ മാത്രമാണിത്. അദ്ദേഹം ഒരു കോണ്‍ഗ്രസ് അനുകൂലിയായിരുന്നു, അന്നദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഇലക്ഷന് നില്‍ക്കാനുള്ള പ്രാരംഭഘട്ടത്തിലായിരുന്ന് എന്നാണറിയാന്‍ കഴിഞ്ഞത്.

ഇടയ്ക്കെപ്പഴോ ബാബു ആന്റണിയെ അറിയുമോ എന്നു ചോദിച്ചു. ബാബു അന്ന് ഭരതന്റെ ചിലമ്പ്, ഫാസിലിന്റെ പൂവിനു പുതിയ പൂന്തെന്നല്‍ തുടങ്ങിയ സിനമകളില്‍ അഭിനയിച്ചിരുന്നു. വൈശാലി ഇറങ്ങിയിട്ടില്ലായിരുന്നു. ബാബുവിനെ അറിയുമോ എന്ന് വെറുതെ ചോദിച്ചതാണ്. 

'അറിയാം,  അറിയാം,  അവരൊക്കെ പിള്ളേരല്ലേ' എന്ന് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ മറുപടി പറഞ്ഞു. 

തന്റെ പടംകൊണ്ട് നിര്‍മാതാവിന് നഷ്ടംവന്നാല്‍ അടുത്ത പടത്തിനു പണം നോക്കാതെ ഡേറ്റ് കൊടുക്കുമായിരുന്നു പ്രേംനസീര്‍ എന്നും കേട്ടിട്ടുണ്ട്. മലയാളം സിനിമയില്‍ അതൊക്ക ഇപ്പോള്‍ സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമാണ്. ശാർക്കര ക്ഷേത്രത്തിന് ആനയെ കൊടുത്തതുള്‍പ്പെടെ ഇനിയുമുണ്ട് ഒരുപാടു നന്മകള്‍. അന്ന് അമേരിക്കയില്‍ വന്നപ്പോള്‍ അദ്ദേഹത്തെ പരിചയപ്പെടാന്‍ സാധിച്ചത് ഒരു മഹാഭാഗ്യമായി ഞങ്ങള്‍ ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നു.  സാന്‍ഫ്രാന്‍സിസ്‌കോയിലായിരുന്നു ആ മഹാനടന്റെ അവസാന പ്രോഗ്രാം. സാന്‍ഫ്രാന്‍സിസ്‌ക്കോ കാണണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം തന്നെയാണ് അദ്ദേഹത്തെ കാലിഫോര്‍ണിയയില്‍ എത്തിച്ചത്. 

ഇന്ന് രണ്ടുപേരും പപ്പുവും പ്രേംനസീറും നമ്മോടൊപ്പം ഇല്ലല്ലോ. അസുഖം ബാധിച്ച് ചെന്നൈയില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്‌തെങ്കിലും  ന്യൂമോണിയ ആണെന്ന്  കണ്ടുപിടിച്ചപ്പോഴേക്കും വളരെ താമസിച്ചുപോയിരുന്നു. പിന്നീട് ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല എന്നാണറിഞ്ഞത്. മരുമകളായിരുന്നു പ്രേംനസീറിന്റെ പുറത്തിറങ്ങിയ ആദ്യ ചിത്രം. 1989 ല്‍ അറുപത്തി എട്ടാമത്തെ വയസ്സിലാണ് നമ്മെ വിട്ടുപിരിഞ്ഞത്. പ്രശസ്ത നടി ഷീലക്കൊപ്പമാണ് ഏറ്റവും കൂടുതല്‍ പടത്തില്‍ അഭിനയിച്ചത്.

മലയാളികളുടെ എക്കാലത്തെയും അഹങ്കാരമായ കലാകാരനാണ് പ്രേംനസീര്‍. ഏറ്റവും കൂടുതാല്‍ സിനിമയില്‍ നായകനായി അഭിനയിച്ചു ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്. നടി ഷീലയുടെകൂടെ കൂടുതല്‍ ചിത്രത്തില്‍ അഭിനയിച്ചു എന്ന റെക്കാ ര്‍ഡും പ്രേംനസീറിന് സ്വന്തമാണ്. ഒരേ നായികയുടെ കൂടെ ഇത്രയധികം സിനിമകളില്‍ അഭിനയിച്ചവര്‍ ഈ ലോകത്തില്‍ വേറെ ആരും ഇല്ല എന്നതും അദ്ദേഹത്തിന്റെ റെക്കോഡാണ്.