
കുഞ്ഞുമോന്‍ താഹയുടെ ചിത്രമായ മൊരടനില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ് തെങ്കാശിപ്പട്ടണം ആദ്യമായി കാണുന്നത്. അതിനു മുന്‍പ് അതേ പേരിലുള്ള ഒരു സിനിമ കണ്ടിട്ടുണ്ട്. അന്നു മുതല്‍ ആ പട്ടണവും അതിനടുത്തുള്ള കൊച്ചുഗ്രാമങ്ങളും ഒന്നു സന്ദര്‍ശിക്കണമെന്നുണ്ടായിരുന്നു. അതിനുള്ള ഭാഗ്യം ആദ്യമായി ഒത്തുവന്നത് ആ സിനിമയുടെ ചിത്രീകരണസമയത്താണ്.
തെങ്കാശിക്കടുത്തുള്ള ആളംകുളത്തായിരുന്നു ആദ്യ ലൊക്കേഷന്‍. എവിടെയാണ് ആളംകുളം, മലയാളികള്‍ സ്വാഭാവികമായി ചോദിക്കാന്‍ സാധ്യതയുള്ള ഒരു ചോദ്യം. സംശയിക്കേണ്ട തമിഴ്‌നാട്ടില്‍ത്തന്നെ, തെങ്കാശിക്കടുത്താണ്. തലേദിവസമാണ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍നിന്നും 20 മണിക്കൂര്‍ യാത്രചെയ്ത് തിരുവനന്തപുരത്തു ലാന്‍ഡ് ചെയ്തത്. വെളുപ്പിന് മൂന്നുമണിക്ക് പ്രൊഡക്ഷന്‍ ക്രൂ ഏര്‍പ്പാടു ചെയ്തുതന്ന കുടപ്പനക്കുന്ന് രാജീവ് കാറുമായി എയര്‍പോര്‍ട്ടില്‍ എന്നെ കാത്തുനിപ്പുണ്ടായിരുന്നു. അവിടുന്നു നേരെ പോയത് ഷോബി തിലകന്റെ വീട്ടിലേക്കായിരുന്നു. അവിടുന്ന് ചായയും കുടിച്ച് കുടപ്പനക്കുന്നിനെയും ഷോബിയെയും കൂട്ടിയാണ് കുറ്റാലം വഴി തെങ്കാശിയിലേക്ക് തിരിച്ചത്. ജെറ്റ് ലാഗും യാത്രാക്ഷീണവും കാരണം കാറിലിരുന്ന് ഒന്നു മയങ്ങിയെഴുന്നേറ്റപ്പോള്‍ തമിഴ്‌നാട് ബോര്‍ഡര്‍ കഴിഞ്ഞിരുന്നു. തെങ്കാശിയില്‍ വന്നപ്പോള്‍ ശിവ എന്ന പേരുള്ള ഒരാള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. അവിടുത്തെ ലൊക്കേഷന്‍ മാനേജരായിരുന്ന അയാളാണ് ഞങ്ങളെ ആളംകുളം ശരവണ ലോഡ്ജില്‍ എത്തിച്ചത്.

ആദ്യം പേരുകേട്ടപ്പോള്‍ ഏതോ വെജിറ്ററിയന്‍ റസ്റ്റോറന്റും മുകളില്‍ താമസ സൗകര്യവുമൊക്കെയായി ഒരടിപൊളി സെറ്റപ്പ് ആണെന്നാണ് കരുതിയത്. നല്ല മസാല ദോശയുടെ മണവും രുചിയുമൊക്കെ ഓര്‍ത്ത് വായില്‍ വെള്ളമൂറി. പക്ഷേ, ചെന്നുകണ്ടപ്പോള്‍ സകല സ്വപ്നങ്ങളും തകര്‍ന്നടിഞ്ഞു. ഞങ്ങളുടെ കാറിന്റെ മുന്നില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുകൊണ്ട് ശിവയായിരുന്നു വഴികാട്ടി. ആളംകുളം എന്ന പട്ടണം കഴിഞ്ഞ് ഇരുട്ടില്‍ ഏതോ ഊടുവഴിയിലൂടെ കുറേനേരം ഞങ്ങള്‍ ശിവയെ പിന്തുടര്‍ന്നു. അവസാനം പൊട്ടിപ്പൊളിഞ്ഞു കിടന്ന ഒരു റോഡിലേക്ക് തിരിഞ്ഞു. നല്ല മഴയായിരുന്നതുകൊണ്ട് കുണ്ടും കുഴിയും നിറഞ്ഞ ആ കൊച്ചു റോഡില്‍ ചളിവെള്ളം കെട്ടികിടന്നിരുന്നു. ശിവക്കൊപ്പം ഞങ്ങളുടെ വണ്ടിയും കുഴികളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാനായി വളച്ചും തിരിച്ചും ശരവണയുടെ വാതിൽക്കലെത്തി. രണ്ടുനിലയുള്ള ആ കെട്ടിടത്തില്‍ ഹോട്ടലു പോയിട്ട് ഒരു കുഞ്ഞു ചായക്കടപോലുമില്ലായിരുന്നു. കേരള അതിര്‍ത്തിയിലുള്ള ആര്യാകുളത്തായിരുന്നു ആദ്യ ഷൂട്ട്. അതുകഴിഞ്ഞ് അടുത്ത ദിവസം രാത്രി ആയപ്പോഴാണ് തെങ്കാശിയില്‍ എത്തിയത്. വരുന്ന വഴി ചായയും സമോസയും കഴിച്ചെങ്കിലും നന്നായി വിശക്കുന്നുണ്ടായിരുന്നു. വണ്ടി നിര്‍ത്തിയപ്പോഴേ ശിവയുടെ സംസാരം കേട്ടു. ഹെല്‍മെറ്റും വെച്ച് മഴക്കോട്ടും ഇട്ടിരുന്നതുകൊണ്ട് ശിവയെ കണ്ടാല്‍പോലും തിരിച്ചറിയില്ലായിരുന്നു. ഞാന്‍ കാറിന്റെ ഗ്ലാസ് താഴ്ത്തി സൂക്ഷിച്ചു നോക്കി. ശിവയുടെ മുഖം ഇരുട്ടില്‍ അവ്യക്തമായി കണ്ടു.
തമിഴന്മാരെപ്പോലെ നല്ല ഉറക്കെയാണ് ആരോടോ സംസാരിക്കുന്നത്. ശ്രദ്ധിച്ചപ്പോള്‍ അത് ശരവണന്‍ എന്ന ആളാണെന്നു മനസ്സിലായി. അദ്ദേഹത്തിന്റെ പേരാണ് ഈ ലോഡ്ജിനിട്ടിരിക്കുന്നതന്നും അല്ലാതെ ഞങ്ങള്‍ ഊഹിച്ചതുപോലെ ഒരു അടിപൊളി ഹോട്ടല്‍ സെറ്റപ്പൊന്നുമല്ലെന്നും മനസിലായി. ശിവയും ശരവണനും കാറിന്റെ അടുത്തെത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു.
'റൂം എങ്കെ'
'ഇങ്കെതാന്‍ ഫസ്റ്റ് ഫ്‌ളോറിലെ എല്ലാം സെറ്റപ്പാക്കിയിരുക്കെ'
'ചൂടുതണ്ണിയിരുക്കേ'
എനിക്കറിയാവുന്ന തമിഴില്‍ ഞാന്‍ ചോദിച്ചു.
'ഇല്ല സാര്‍'
'AC ഇറുക്കെ?'
'പുതുസ് എസി സാര്‍'
ഓ സമാധാനമായി! കുളിച്ചില്ലെങ്കിലും സുഖമായി ഉറങ്ങാമല്ലോ. വീണ്ടും ശരവണന്‍ സംസാരിച്ചു മലയാളത്തില്‍ തമിഴ് കലര്‍ത്തിയാണ് പറയുന്നത്.
'സാര്‍ കെറ്റില്‍ ഇറുക്കെ അതില് ചൂടുതണ്ണി ബോയില്‍ ചെയ്തു ബക്കറ്റില്‍ ഒഴിച്ചാല്‍ പോതും'
അതു നല്ല ഒരാശയമായി തോന്നി. തമിഴന്റെ ബുദ്ധി കൊള്ളാം. മുറിയില്‍ കയറിയപ്പോഴേ ആ ബുദ്ധിതന്നെ ഉപയോഗിച്ചു. മുറി വൃത്തിയായിരുന്നെങ്കിലും ടോയ്ലെറ്റിന്റെ കാര്യം പരിതാപകരമായിരുന്നു. എന്നാലും ആദ്യംതന്നെ രണ്ടു കെറ്റില്‍ വെള്ളം തിളപ്പിച്ച് ബക്കറ്റില്‍ ഒഴിച്ച് കുളിക്കാന്‍ നോക്കിയപ്പോള്‍ ടവൽ നഹി. വീണ്ടും താഴെവന്നു ഓഫീസിന്റെ ഡോര്‍ ഒന്നു തള്ളിയപ്പോഴേ തുറന്നു. എന്തിനാണ് ഓഫീസ് രാത്രിയിലും ലോക്ക് ചെയ്യാതെ തുറന്നിട്ടതെന്ന് മനസ്സിലാസ്സാകുന്നില്ല. ശരവണനെ അവിടെയെല്ലാം തിരഞ്ഞു. ആടു കിടന്നിടത്തു പൂടപോലുമില്ലെന്നു പറഞ്ഞതുപോലെ, ശരവണന്‍ മുങ്ങി. അവിടെയെങ്ങും ടവൽ കണ്ടില്ല. കുറെ പുതിയ തോര്‍ത്തുകള്‍ അലസമായി ഒരു ഷെല്‍ഫില്‍ ഇട്ടിരിക്കുന്നു. രണ്ടും കല്‍പ്പിച്ചു ഞാനവിടുന്നൊരു പുതിയ തോര്‍ത്തെടുത്തു. അല്ല മോഷ്ടിച്ചു എന്നുതന്നെ പറയാം. വേറെ നിവൃത്തിയില്ലല്ലോ. കുളികഴിഞ്ഞു എ സി യുമിട്ടു കിടക്കാന്‍ തുടങ്ങിയപ്പോള്‍ നല്ല വിശപ്പുണ്ട്. ശിവ ഫുഡ് മേടിക്കാന്‍ പോകുമെന്നു സൂചിപ്പിച്ചിരുന്നു. തൊട്ടപ്പുറത്തെ മുറികളില്‍ നടി രാജിയും. നടന്‍ ഷിബുവുമുണ്ടായിരുന്നു. പേരുകള്‍ വ്യാജമാണന്നു പറയേണ്ടതില്ലല്ലോ. അവരും ആഹാരത്തിനായി കാത്തിരിക്കുകയായിരുന്നു. ആഹാരം താമസിച്ചാണെങ്കിലും എത്തി. ഞങ്ങള്‍ കഷ്ടിച്ചു കഴിച്ചു കഴിച്ചില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ. കിടന്നുറങ്ങാന്‍ തുടങ്ങി ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കരണ്ടും പോയി. പിന്നത്തെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. കുറച്ചുറങ്ങിയും ഉറങ്ങാതെയും കൊതുകിനെ ഓടിച്ചും നേരം വെളുപ്പിച്ചു. രാവിലെ എട്ടു മണിക്കൂ തന്നെ പുതിയ ലൊക്കേഷനിലേക്കുള്ള വണ്ടിയുമെത്തി. അപ്പോഴും വിശപ്പിന്റെ കാര്യത്തില്‍ വലിയ മാറ്റമൊന്നുമില്ലായിരുന്നു. പോയ വഴി മറ്റൊരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. അവിടുന്ന് നേരെ ലൈക്കേഷനിലേക്ക്. ലൊക്കേഷനില്‍ കുറേനേരം മേക്കപ്പ് ഇട്ടു വിളിവരാന്‍ കാത്തിരിക്കുന്നു. കൊടുങ്കാറ്റാണ് പുറത്ത്. മരങ്ങള്‍ ശക്തിയായി ആടിയുലയുന്നുണ്ട്. ചുറ്റും വിൻഡ് മില്ലുകളാണ്. വൈദ്യുതി ഉത്പാതിപ്പിക്കാനായി കാറ്റാടികള്‍ കൂടുതല്‍ ആവേശത്തോടെ കറങ്ങുന്നതു കണ്ട്, ഞങ്ങള്‍ താരങ്ങള്‍, അവര്‍ വിളിക്കുന്നതുവരെ മരങ്ങള്‍ക്കിടയിലൂടെ മാനത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.
ജൂലായ് 15
അന്നത്തെ എല്ലാ സീനുകളും എടുത്തിട്ടും എന്നോടു ലൊക്കേഷനില്‍ ഇരിക്കണമെന്ന് പറഞ്ഞു. ഒരു പുതിയ സീനാണെന്നാണ് സംവിധായകന്‍ പറഞ്ഞത്. അത് എന്റെ പിറന്നാള്‍ ആഘോഷത്തിനായിരുന്നു എന്നത് കേക്കുമായി പ്രോഡക്ഷന്‍ ടീം വന്നപ്പോഴാണ് അറിഞ്ഞത്. ലൈറ്റ് എല്ലാമിട്ട് എല്ലാവരും ഒന്നിച്ചുകൂടി. ഞാന്‍ കേക്കു മുറിച്ചു. പ്രൊഡക്ഷന്‍ ടീമിലെ എല്ലാവരും ഒന്നിച്ച് ഹാപ്പി ബര്‍ത്‌ഡേ പാടി എല്ലാവര്‍ക്കും കേക്കുകൊടുത്തു, ഓര്‍മ്മകള്‍ പങ്കുവെച്ചു. താമസിയാതെ സംവിധായകന്‍ പായ്ക്കപ്പ് പറഞ്ഞു.

ഇത് രണ്ടാമത്തെ തവണയാണ് എന്റെ ബര്‍ത്ത്‌ഡേ സിനിമാ ലൊക്കേഷനില്‍ ആഘോഷിക്കുന്നത്. ആദ്യത്തേത് ബ്ലെസിയുടെ കല്‍ക്കട്ടാ ന്യൂസ് എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ചായിരുന്നു. മീരാ ജാസ്മിനും ദിലീപുമായിരുന്നു നയികാനായകന്മാര്‍.
അടുത്ത ദിവസവും ആളംകുളത്ത് ഞാനും ഷോബി തിലകനുമായുള്ള കോമ്പിനേഷന്‍ സീനുകളായിരുന്നു കൂടുതലും എടുത്തത്. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നു രണ്ടു സീനുകളില്‍ ജീപ്പോടിച്ചു. ഇതിനു മുന്‍പ് ഗിയര്‍ ഉള്ള വണ്ടി (സ്റ്റിക്ക് ഷിഫ്റ്റ്) ഓടിച്ചത് കല്‍ക്കട്ടാ ന്യൂസ് എന്ന മൂവിക്കുവേണ്ടി കല്‍ക്കട്ടാ നഗരത്തിലൂടെ ആയിരുന്നു. അതും അമ്പതുകളിലെ മോഡല്‍ മോറിസ് മൈനര്‍. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ വീട്ടിലെ കാര്‍ അതുപോലെ ഒരു കറുത്ത മോറിസ് മൈനര്‍ ആയിരുന്നു. അതൊന്ന് ഓടിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അപ്പന്‍ സമ്മതിച്ചില്ല. എന്നാലും അതില്‍ അപ്പന്റെ കൂടെ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. അതിനുശേഷം ലാൻഡ് റോവര്‍ ആയിരുന്നു. അതില്‍ യാത്ര പോകുമ്പോള്‍ ജയിലാനി എന്ന ഡ്രൈവറാണ്, എനിക്ക് 8 വയസുള്ളപ്പോള്‍ എന്നെ ആദ്യം സ്റ്റീയറിങ്ങില്‍ തൊടീക്കുന്നത്. പിന്നീട് അംബാസിഡര്‍ കാറും 12 വയസില്‍ ഓടിച്ചു തുടങ്ങിയിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ വില്ലീസ് ജീപ്പുമുണ്ടായിരുന്നു. അങ്ങനെ വളരെ ചെറുപ്പത്തിലേ ഓടിച്ചുതുടങ്ങിയതൊന്നും അവര്‍ക്കറിയാന്‍ ഒരു സാധ്യതയുമില്ലല്ലോ. ഇപ്പോള്‍ മകന്‍ കായലിന് 95 മോഡല്‍ സ്റ്റിക് ഷിഫ്റ്റുള്ള ജീപ്പുണ്ട് എന്ന കാര്യംകൂടി ഓര്‍മ്മിപ്പിക്കുന്നു. അതും കാലിഫോർണിയയില്‍ വെച്ച് വല്ലപ്പോഴും ഓടിക്കാറുണ്ട്. എന്തായാലും വര്‍ഷങ്ങള്‍ക്കുശേഷം കല്‍ക്കട്ട നഗരത്തിലൂടെ ഒരു മോറീസ് മൈനര്‍ ഓടിക്കാനുള്ള ഭാഗ്യമുണ്ടായി. എന്റെ കഥാപാത്രം മീരയുടെ സൈക്യാട്രിസ്റ്റ് ആയിരുന്നു. കാറോടിച്ചപ്പോള്‍ ദിലീപും മീരാ ജാസ്മിനുമായിരുന്നു സഹയാത്രികര്‍. അന്ന് അവരെ പറ്റിക്കാനായി, ഗിയര്‍ ഉള്ള വണ്ടി ഓടിക്കാനറിയില്ല എന്നൊരു കള്ളം പറഞ്ഞിരുന്നു, അവരതു വിശ്വസിക്കുകയും ചെയ്തു. അതുകൊണ്ട് അവര്‍ രണ്ടുപേരും വണ്ടിയില്‍ ശ്വാസം പിടിച്ചാണിരുന്നത്. ദിലീപ് ഇടയ്ക്കിടെ അതാ ട്രെയിന്‍ വരുന്നു തമ്പിച്ചായാ പതുക്കെ എന്നൊക്കെ പറഞ്ഞുകൊണ്ട് ഇടയ്ക്കിടെ ഗിയറില്‍ കയറിപ്പിടിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ മീര ശ്വാസം പിടിച്ചിരുന്നു പറഞ്ഞതാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്.
'ഒന്നു മിണ്ടാതിരി ദിലീപേട്ടാ തമ്പി ചേട്ടന്‍ ഓടിക്കട്ടെ'
ഞാന്‍ അതൊന്നും ശ്രദ്ധിക്കാതെ നഗരതിരക്കുകളിലൂടെ ട്രാമിനെപോലും ഓവര്‍ടേയ്ക്ക് ചെയ്ത് ഓടിക്കുന്നതു കണ്ടപ്പൊഴാണ് അവര്‍ക്കാശ്വാസമായത്.
'തമ്പി ചേട്ടന്‍ ഒരു മുഴുത്ത കള്ളം പറഞ്ഞു ദിലീപേട്ടനെ പേടിപ്പിച്ചു' എന്നു പറഞ്ഞ് അന്ന് മീര പൊട്ടിച്ചിരിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.

ആ ദിവസം അവസാനത്തെ സീന്‍ തെങ്കാശിയില്‍ ആളംകുളത്തിനടുത്തുള്ള നിമിഷയുടെ വീട്ടിലായിരുന്നു, നിമിഷ ഐഎഎസ് പരീക്ഷ പാസായിട്ട് ഏതാനും ദിവസങ്ങളെ ആയിരുന്നുള്ളൂ. അതുകൊണ്ട് യൂണിറ്റിലുള്ളവര്‍ അവളുടെ മൂന്നുനില വീടിനു കളക്ടറുടെ വീട് എന്നാണ് പറഞ്ഞിരുന്നത്. ഉടനെ എങ്ങോട്ടെങ്കിലും അപ്പോയിന്മെന്റ് പ്രതീക്ഷിച്ചിരിക്കുന്ന ഒരു യുവ ഐഎഎസ് കാരിയുടെ വീട്ടില്‍ത്തന്ന ഷൂട്ട് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം തോന്നി. ഔട്ട്ഡോര്‍ മുഴുവനും കാറ്റാടിപ്പാടങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. മാസങ്ങളോളം എടുത്ത്, തമിഴ്‌നാട്ടിലെ ഒരുകുഗ്രാമത്തില്‍ ഇതുവരെ മലയാള സിനിമയില്‍ വന്നിട്ടില്ലാത്ത അതിമനോഹരങ്ങളായ ലൊക്കേഷനുകളാണ് കുഞ്ഞുമോന്‍ താഹയും കൂട്ടുകാരും കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കളക്ടറുടെ അതെ വീട്ടില്‍ മൂന്നു ദിവസം ഷൂട്ട് ചെയ്യ്തതാണ്. ഭിത്തിയില്‍ അവളുടെ അപ്പാവുടെ വലിയ ഫോട്ടോ മാലയൊക്കെയിട്ട് ഫ്രെയിം ചെയ്തുവെച്ചിരുന്നു.
ആ നാട്ടിലെ പ്രമാണിയും രാഷ്ട്രീയക്കാരനുമായിരുന്ന അയാള്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചുപോയിരുന്നു എന്നാണറിഞ്ഞത്. ആ വീടാണ് ഗജേന്ദ്ര എന്ന എന്റെ കഥാപാത്രത്തിന്റ വീട്. അന്നത്തെ സീന്‍ രാത്രിയില്‍ ഒരു പോലീസ് ഓഫിസറുമായുള്ള വെള്ളമടി സീനായിരുന്നു. തൃശ്ശൂരില്‍ നിന്നുള്ള ധന്യ രാമചന്ദ്രനായിരുന്നു സീനില്‍. ആറടി പൊക്കമുള്ള ധന്യ ഒരു കായികതാരമായിരുന്നു എന്നാണ് പറഞ്ഞത്. ഗജേന്ദ്ര എന്ന എന്റെ ദാദാ കഥാപാത്രം തന്നെ പറ്റിച്ചവരോട് പകരം ചോദിക്കുമെന്ന് പറഞ്ഞത് അടിച്ചു പൂസാകുന്ന രംഗമായിരുന്നു. സീന്‍ കഴിഞ്ഞപ്പോള്‍ സംവിധായകന്‍ കുഞ്ഞുമോന്‍ താഹ എന്റെ കയ്യില്‍പിടിച്ചു വളരെ നന്നായി എന്നു പറഞ്ഞു. സെറ്റിലുള്ളവരെല്ലാവരും അഭിനന്ദിച്ചു. ഷൂട്ട് ഒന്‍പതു മണിയായപ്പോള്‍ അവസാനിച്ചെങ്കിലും കളക്ടര്‍ കൊച്ചിനെ അവിടെങ്ങും കാണാത്തത്തില്‍ വിഷമം തോന്നി. തലേ ആഴ്ച്ച ഷൂട്ട് ചെയ്തപ്പോള്‍ ഞങ്ങളോടൊപ്പം നിന്ന് എല്ലാ കാര്യങ്ങളിലും സഹകരിച്ച നിമിഷക്കെന്തുപറ്റി. എന്നൊരൂഹവും കിട്ടിയില്ല. അമ്മയ്ക്ക് സുഖമില്ലാത്തതുകൊണ്ട് മുകളിലത്തെ മുറിയില്‍ അമ്മക്കൊപ്പം അമ്മയെ പരിചരിച്ചിരിക്കുകയാണെന്നാണ് ആരോ പറഞ്ഞത്. തിരിച്ച് ആളംകുളത്തു ശരവണയില്‍ എത്തിയപ്പോള്‍ രാത്രി പത്തു മണി. ഇത്തവണ ഡിന്നര്‍ പാക്കേജ് കയ്യില്‍ കൊണ്ടുവന്നതുകൊണ്ട് വിശപ്പകറ്റി കിടന്നെങ്കിലും പതിവുപോലെ കൃത്യം പതിനൊന്നു മണിക്കൂ കറണ്ടുപോയി. പിന്നത്തെ കാര്യം അറിയാമല്ലോ. കൊതുകിനെ പേടിച്ച് ജനാലകള്‍ തുറക്കാനും പറ്റുന്നില്ല. എന്തായാലും ഉറങ്ങിയും ഉറങ്ങാതെയും നേരം വെളുപ്പിച്ചു. ഇനി നാളത്തെ കാര്യം എന്താകുമോ എന്തോ!

അടുത്ത ദിവസം നല്ല മഴയോടുകൂടിയുള്ള പ്രഭാതം. കേരളത്തിലേതുപോലെ ശക്തമായ ഒരു മഴക്കാലം തമിഴ്‌നാട്ടില്‍ ഉണ്ടാകാറില്ല. പെട്ടന്നുതന്നെ മഴയുടെ ശക്തി കുറഞ്ഞു, ചാറ്റല്‍ മഴയായി അപ്പോഴും പെയ്യുന്നുണ്ടായിരുന്നു. കറണ്ടു വരുന്നതിന്റെ ലക്ഷണമൊന്നുമില്ലായിരുന്നു. ഞാന്‍ വാതിലും ജനാലകളും തുറന്നിട്ടു. വീണ്ടും മാനത്തേക്ക് നോക്കിയിരുന്നു. കാറ്റിന് ശക്തി കുറഞ്ഞിരുന്നു മരങ്ങള്‍ക്കിടയിലൂടെ പാത്തും പതുങ്ങിയും പറന്നുകളിക്കുന്ന കിളികളുടെ കളകളാരവം കേട്ടുകൊണ്ട്, ആളംകുളത്തേക്കുള്ള വണ്ടി വരാനായി കാത്തിരുന്നു.
Content Highlights: Thampy Antony hollywood and malayalam film journey, dileep, meera jasmin
Published: 13 Jun 2025, 09:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented