ഗാനഗന്ധര്‍വന്‍ യേശുദാസിനൊപ്പം മൂന്നു ദിവസം പങ്കിടുക, മനസ്സുതുറന്നു സംസാരിക്കുക, തിരിച്ചറിവ് നേടുക. ഇതൊരു ചെറിയ കാര്യമല്ല. ആ മഹത് വ്യക്തിയുടെ കാലത്ത് ജീവിച്ചിരിക്കുന്നതുതന്നെ ഭാഗ്യമായി കരുതുന്ന സംഗീതപ്രേമികള്‍ക്ക് അങ്ങനെയേ ചിന്തിക്കാനാവൂ. എല്ലാം ഒരു സ്വപ്നംപോലെ സംഭവിച്ചു. അത്രയ്ക്ക് ആനന്ദകരമായിരുന്നു ആ ദിവസങ്ങള്‍. എല്ലാം മറ്റുള്ളവര്‍ ചെയ്തുകൊടുക്കണമെന്ന് വിചാരിക്കുന്ന സിനിമക്കാര്‍ക്ക് ഒപ്പമായിരുന്നു ഞാന്‍ അധികസമയവും ചെലവഴിച്ചിരുന്നത്. അവരില്‍നിന്ന് എത്രയോ വ്യത്യസ്തന്‍, ആരിലുമുയരത്തില്‍ നില്‍ക്കുന്ന ഗാനഗന്ധര്‍വന്‍! 

To advertise here,

രാവിലെ അടുക്കളയില്‍വന്ന് സ്വന്തമായി ഭക്ഷണമെടുത്ത് കഴിക്കും. അമേരിക്കയില്‍ ജീവിക്കണമെന്നാഗ്രഹിക്കുന്ന ഏതൊരാളും മനസ്സിലാക്കേണ്ട പ്രാഥമികപാഠം. എല്ലാം മറ്റുള്ളവരെക്കൊണ്ട് ചെയ്യിച്ചു പഠിച്ചവര്‍ക്ക് അമേരിക്കന്‍ ജീവിതം വമ്പന്‍ പരാജയമായിരിക്കും! കഴിയുന്നതും ഒരു കാര്യത്തിനും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുന്നതാണ് യേശുദാസിന്റെ ശൈലി. എല്ലാറ്റിനും ഉണ്ടൊരു സ്വയംപര്യാപ്തത. അതുകൊണ്ടുകൂടിയാവണം അദ്ദേഹം അമേരിക്കയിലേക്ക് ചേക്കേറിയത്. നാട്ടിലാണെങ്കില്‍ കാലില്‍ വീഴാനും അനുഗ്രഹം വാങ്ങാനും എല്ലായിടത്തും തിരക്കായിരിക്കും. അതിലൊക്കെ ദാസേട്ടനു സന്തോഷവുമുണ്ട്. പക്ഷേ, ആ സ്‌നേഹം സ്വതന്ത്രജീവിതത്തെ ബാധിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. 

placeholder
ഡാലസിലെ വീട്ടില്‍ യേശുദാസിനും ഭാര്യ പ്രഭയ്ക്കുമൊപ്പം തമ്പി ആന്റണി

അദ്ദേഹത്തിന്റെ ഡാലസിലുള്ള വീട്ടില്‍ ഒരിക്കല്‍ പോയിരുന്നു. അവിടെ അദ്ദേഹം തന്നെയാണ് എല്ലാം ചെയ്യുന്നത്. പച്ചക്കറി വാങ്ങാനും ഷോപ്പിങ്ങിനും സ്വയം കാറോടിച്ചുപോകും. വീട്ടില്‍ ദാസേട്ടനും മകനുംകൂടി ഒരു റെക്കോഡിംഗ് തീയേറ്റര്‍ ഉണ്ടാക്കിയിട്ടുണ്ട്. പാചകത്തിന് പ്രഭയെ സഹായിക്കാനും ഒരു മടിയുമില്ല. ഒരുപക്ഷേ, നാട്ടിലുള്ള സിനിമക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍പോലും പറ്റാത്തവിധം സ്വതന്ത്രമാണ് ഗാനഗന്ധര്‍വന്റെ അമേരിക്കന്‍ ജീവിതം. 

എന്നും പുലര്‍ച്ചയ്ക്ക് നാലരയ്‌ക്കെഴുന്നേറ്റ് സാധകംചെയ്യുക അദ്ദേഹത്തിന്റെ  ദിനചര്യ. ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കും. സ്വരത്തെ അപകടപ്പെടുത്തുന്ന ഒരു ഭക്ഷണവും കഴിക്കാറില്ല. സ്വരത്തിനും സംഗീതത്തിനും വേണ്ടിയുള്ളതാണ് ആ ജീവിതമെന്ന് മനസ്സിലാക്കാം. അദ്ദേഹത്തിന്റെ ശീലങ്ങള്‍ ഏതൊരു തലമുറയ്ക്കും ഒരു പാഠപുസ്തകം. 

ചെറുപ്പകാലത്ത് യേശുദാസ് എവിടെ യാത്ര പോയാലും പോകുന്നതിനുമുമ്പ് എറണാകുളം വല്ലാര്‍പ്പാടം പള്ളിയില്‍ക്കയറി പ്രാര്‍ത്ഥിച്ചിട്ടേ പോകാറുള്ളൂ. ഒരിക്കല്‍ മധുരയ്ക്കു പോകാനായി കൊച്ചി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു. അല്‍പം താമസിച്ചതിനാല്‍ പള്ളിയില്‍ കയറേണ്ടെന്നു തീരുമാനിച്ചു. എങ്കിലും പള്ളിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ ഒന്നു കയറണമെന്നു തോന്നി. പള്ളിയില്‍ നിന്നിറങ്ങി വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും വിമാനം പൊയ്ക്കഴിഞ്ഞിരുന്നു. പിന്നെക്കേട്ടത് ഒരപകടവാര്‍ത്തയാണ്: മധുരയ്ക്കു പോയ വിമാനം മധുരയ്ക്കടുത്ത് നിലംപൊത്തി! യാത്രക്കാരെല്ലാം മരിച്ചു. 

വല്ലാര്‍പ്പാടം പള്ളിയെന്നല്ല, ഏതു പ്രാര്‍ഥനാലയവും ദാസേട്ടനു പുണ്യസ്ഥലമാണ്. അച്ഛന്‍ അഗസ്റ്റിന്‍ ജോസഫ് പഠിപ്പിച്ച ആദ്യപാഠം. ഒരു ദൈവത്തോടും അദ്ദേഹം ഒന്നും ആവശ്യപ്പെടാറില്ല. 'മുകളിലിരിക്കുന്ന ജഗദീശ്വരന്‍ എല്ലാം കാണുന്നുണ്ടല്ലോ, പിന്നെയെന്തിനു പറയണം, എല്ലാമറിയുന്നവന്‍ അറിഞ്ഞു ചെയ്യട്ടെ' എന്നതാണ് തത്ത്വശാസ്ത്രം

അച്ഛന്‍തന്നെയാണ് ആദ്യഗുരുവെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. ഇന്ന് നമ്മളറിയുന്ന പത്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസിനെ സംഗീതലോകത്തേക്ക് തിരിച്ചുവിട്ടത് പിതാവും അന്നത്തെ പ്രശസ്ത സംഗീതജ്ഞനും നടനുമായ അഗസ്റ്റിന്‍ ജോസഫ് തന്നെയായിരുന്നു. അതിനുശേഷം ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ടെങ്കിലും അപ്പന്‍ പഠിപ്പിച്ച ആദ്യപാഠങ്ങള്‍തന്നെയാണ് അമൃതഗീതം.

കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ദാസേട്ടന്റെ ബാല്യകാലം. അപ്പന് അസുഖമായപ്പോള്‍ മരുന്നിനുപോലും കാശില്ലാതെ ഓടിനടന്ന കാലം. ആദ്യം പാടിയ പാട്ടു കേള്‍ക്കാന്‍ അടുത്ത വീട്ടിലെ റേഡിയോയുടെ മുമ്പില്‍പ്പോയി നിന്നതും സംഗീത സ്‌കൂളില്‍വെച്ചു നേരിടേണ്ടിവന്ന അവഗണനയും ഫീസു കൊടുക്കാനില്ലാതെ പുറത്തുനില്‍ക്കേണ്ടിവന്നതും ഉള്‍പ്പെടെ എത്രയെത്ര അനുഭവങ്ങള്‍! അതെല്ലാം സംഗീതത്തിനുവേണ്ടി മാത്രം അദ്ദേഹം സഹിക്കുകയായിരുന്നെങ്കിലും പിന്നീട് കുതിച്ചുയരാനുള്ള വാശിയായി. ആ വാശിയാണ് സംഗീതത്തിന്റെ ഉയരങ്ങളിലെത്തിച്ചത്. എന്നിട്ടും അദ്ദേഹം പറയുന്നത്, സംഗീതമെന്ന മഹാസാഗരത്തിന്റെ അടുത്തെങ്ങും എത്തിയിട്ടില്ലെന്നാണ്! എത്ര അപാരമാണാ ലോകമെന്ന് അറിയണമെങ്കില്‍ ഒരു യേശുദാസെങ്കിലും ആകണം! വെറും സംഗീതാസ്വാദകരായ നമ്മള്‍ എവിടെനില്‍ക്കുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളു. 

ഓള്‍ ഇന്ത്യാ റേഡിയോ

യേശുദാസിന്റെ ചെറുപ്പകാലം; അതായത് പാടിത്തുടങ്ങിയ കാലം. അന്ന് ഇന്നത്തെപ്പോലെ റിയാലിറ്റി ഷോയും ടിവിയുമൊന്നുമില്ല. ഓള്‍ ഇന്ത്യാ റേഡിയോയിലാണ് എല്ലാവരും ഭാഗ്യം പരീക്ഷിക്കുന്നത്. അവിടെ സെലക്ഷന്‍ കിട്ടിയാല്‍ മാത്രമേ ജനം അംഗീകരിക്കുകയുള്ളൂ. അതിനുവേണ്ടി യേശുദാസെന്ന കൊച്ചുമിടുക്കനും പോയി. അന്നു തിരുവനന്തപുരത്തൊക്കെ പോയി പാടണമെങ്കില്‍ കുറച്ച് സാമ്പത്തികമൊക്കെ വേണം. ദാസും ആരുടെയൊക്കെയോ കനിവില്‍ മത്സരിക്കാന്‍ ചെന്നു. ഭക്ഷണം കഴിക്കാന്‍ പൈസയില്ലാഞ്ഞതുകൊണ്ടും പാടാനുള്ള ആകാംക്ഷകൊണ്ടും വിശപ്പിനെ മറന്നു. റേഡിയോ സ്റ്റേഷന് തൊട്ടടുത്ത റോഡിലെ പൈപ്പില്‍നിന്നു വെള്ളംകുടിച്ചു വയര്‍ നിറച്ചു. അന്നത്തെ പ്രധാനപ്പെട്ട സംഗീതജ്ഞരുടെ സദസ്സിനുമുമ്പില്‍ ആത്മവിശ്വാസത്തോടെ പാടി. പക്ഷേ റിസള്‍ട്ടു വന്നപ്പോള്‍, 'ദാസിന്റെ പാട്ടിനു കുഴപ്പമില്ല, പക്ഷേ മൈക്രോഫോണിനു പറ്റില്ല' എന്നാണു വിധി വന്നത്! 

അന്ന് വളരെ നിരാശയോടെയാണ് ആ കൊച്ചുപാട്ടുകാരന്‍ തലസ്ഥാനനഗരം വിട്ടത്. പിന്നെയുള്ളതൊക്കെ എല്ലാവര്‍ക്കുമറിയാവുന്ന ചരിത്രമാണ്. ഇപ്പോഴത്തെ പുതിയ പാട്ടകാര്‍ക്കും അതൊരു പാഠമാകട്ടെ. 'വ്യത്യസ്തനായ ഒരു കുട്ടിക്ക് ലോകത്തെ മാറ്റാന്‍ കഴിയും' എന്നൊരു പ്രസ്താവന എവിടെയോ വായിച്ചതോര്‍ക്കുന്നു. യേശുദാസിന്റെ കാര്യത്തില്‍, 'വ്യത്യസ്തമായൊരു ശബ്ദത്തിനു ലോകത്തെ മാറ്റാന്‍ കഴിയും' എന്ന പാഠഭേദമാണ് കൂടുതല്‍ യോജിക്കുക. 

കഴിവുള്ള ധാരാളം പാട്ടുകാരിന്നുണ്ടെങ്കിലും വേറിട്ടൊരു ശബ്ദത്തിനു നാം കാതോര്‍ക്കുകയാണ്. അങ്ങനെ ഒരാള്‍കൂടി വന്നു മലയാളഗാനങ്ങളെ അനുഭൂതിസാന്ദ്രമാക്കട്ടെ; വാനമ്പാടി ചിത്രയെപ്പോലെ, വടക്കേ ഇന്ത്യയില്‍നിന്നു വന്ന ശ്രേയ ഘോഷ​ലിനെപ്പോലെ. തത്കാലം നമുക്ക് ഒരേയൊരു ദാസേട്ടനേയുള്ളൂ. അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യമാണ് നമുക്കു വേണ്ടത്. 

ഇന്നത്തെ റിയാലിറ്റി ഷോയിലാണെങ്കില്‍പ്പോലും അവിടെയിരിക്കുന്നവരുടെ വിധിയാണ് അന്തിമവിധി! അതൊക്കെ അവരുടെ അഭിപ്രായം മാത്രം. എല്ലാ അവാര്‍ഡുകളുടെ കാര്യവും അങ്ങനെതന്നെയാണ്. കഴിവിനെക്കാളുപരി അതെല്ലാം ഭാഗ്യപരീക്ഷണങ്ങളാണ്. ഭരത് അവാര്‍ഡ് കിട്ടാത്തതുകൊണ്ട് സത്യനും തിലകനും നെടുമുടിയുമൊന്നും മോശം നടന്‍മാരാകാതിരിക്കുന്നത് അതുകൊണ്ടാണ്. അവാര്‍ഡ് കിട്ടുന്നവര്‍ ഏറ്റവും മികച്ച നടന്‍മാരുമല്ല. അസാധാരണമായ കഴിവുള്ളവരെ ആരെങ്കിലും എന്നെങ്കിലും അംഗീകരിക്കാതിരിക്കില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിന്റെ സ്വന്തം ഗാനഗന്ധര്‍വന്‍. 

placeholder
തമ്പി ആന്റണിയുടെ കഥാസമാഹാരം
''ഡോഗ് വാക്കര്‍'' സ്വീകരിക്കുന്ന യേശുദാസ്

ജൂലായ് ഇരുപതാം തീയതി ഒരു കച്ചേരിക്കുവേണ്ടി വന്നപ്പോഴാണ് എന്നോടൊപ്പം കാലിഫോര്‍ണിയയിലെ അലമോയിലുള്ള ഞങ്ങളുടെ വീട്ടില്‍ താമസിച്ചത്. അല്‍പ്പമകലെ ഹേവാഡ് ഷാബ്ബോ കോളേജിന്റെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. വന്നവര്‍ക്കെല്ലാം ഓര്‍ക്കാനും ഓമനിക്കാനുമുള്ള അവസരമായി അതു മാറി. അവിസ്മരണീയമായ ആ കച്ചേരി വന്‍വിജയമാക്കാന്‍ ഇന്ത്യന്‍ സംഘടനകളെല്ലാം ഒന്നിച്ചുനിന്നു എന്നത് ദാസേട്ടന്‍ മഹനീയ സാന്നിധ്യംകൊണ്ടു മാത്രമാണ്. 

പരിപാടിയുടെ അടുത്ത ദിവസം സന്ദര്‍ശകര്‍ക്കുള്ളതായിരുന്നു. പഴയ പരിചയക്കാരില്‍ പലരും വീട്ടില്‍ വന്നുപോയി. അവരുമായി അദ്ദേഹത്തിന്റെ സംഗീതവും ദര്‍ശനങ്ങളും പങ്കുവച്ചു. അങ്ങനെ മൂന്നു ദിവസം വീടു മുഴുവന്‍ സംഗീതമയമായി! 

placeholder
യേശുദാസിനൊപ്പം തമ്പി ആന്റണിയുടെ മകന്‍ കായല്‍ ആന്റണി 

ഒടുവില്‍, സാന്‍ഫ്രാന്‍സിസ്‌കോ എയര്‍പോര്‍ട്ടില്‍വെച്ചു ദാസേട്ടന്‍ യാത്ര പറഞ്ഞപ്പോള്‍ എന്തോ നഷ്ടപ്പെട്ടതുപോലെ. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയുമുള്ള യാത്രയായിരുന്നു പിന്നിട്ട ദിവസങ്ങളില്‍. അത്  വിശദീകരിക്കാൻ ഒരുപക്ഷേ എനിക്കോ പ്രേമയ്‌ക്കോ കുട്ടികള്‍ക്കോ ഒരിക്കലും സാധിച്ചില്ലെന്നുവരാം. അത്ര വിലമതിച്ചതാണെന്നേ പറയാന്‍ പറ്റൂ. കൊച്ചുമകള്‍ ദിയക്കുട്ടിപോലും ആ മഹാസാന്നിധ്യത്തില്‍ എല്ലാം മറക്കുകയായിരുന്നു. ഇടയ്ക്കിടെ അവള്‍ 'യേശുദാസപ്പൂപ്പാ' എന്നുവിളിച്ചുകൊണ്ട് ഓടിപ്പോയി താടിയില്‍ പിടിക്കുമ്പോള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിച്ചിരിക്കുന്ന ദാസേട്ടനെ എങ്ങനെ മറക്കും?! ദിയമോള്‍ക്ക് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നത് ഞങ്ങള്‍ അത്ഭുതത്തോടെ നോക്കിനിന്നു.

placeholder
യേശുദാസിനോടൊപ്പം തമ്പി ആന്റണിയുടെ മകള്‍
ഡോ.നദി, മരുമകന്‍ റോയ് മാത്യു, ദിയമോള്‍

സംഗീതത്തെയും നൃത്തത്തെയും ഇഷ്ടപ്പെടുന്ന, എന്റെ മകള്‍ നദിയും മരുമകന്‍ റോയിയും ആ അസുലഭാവസരം മകള്‍ക്ക് കിട്ടിയതില്‍ അതീവസന്തുഷ്ടരാണ്. അതൊന്നു വീഡിയോയില്‍ പകര്‍ത്താന്‍ പറ്റിയില്ലല്ലോ എന്ന സങ്കടത്തിലാണവര്‍, ഇപ്പോഴും!