രാജീവ് അഞ്ചലിന്റെ 'നതിംഗ് ബട്ട് ലൈഫ്' എന്ന ഇംഗ്ലീഷ് സിനിമയുടെ ഷൂട്ടിങ്ങിനു പോകുമ്പോള്‍ കാലിഫോര്‍ണിയയിലെ ഓക്​ലാൻഡ് വിമാനത്താവളത്തിന്റെ ലോബിയില്‍വെച്ചാണ് തെരേസയെ ആദ്യമായി ഞാന്‍ കാണുന്നത്. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അവളെത്തന്നെ ഞാന്‍ സാകൂതം വീക്ഷിച്ചുകൊണ്ടിരുന്നു. പ്രായംകുറഞ്ഞ വേറെയും കോളേജ് പെണ്‍കുട്ടികളുടെ ഒരു സംഘം അവിടെയുണ്ടായിരുന്നു. എങ്കിലും എന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റിയത് തെരേസയും അവളുടെ ചുവപ്പിച്ച ചുരുണ്ട മുടിയുമായിരുന്നു. പല നിറങ്ങളടുക്കിയ പൂക്കളും ചെടികളും നിറഞ്ഞ ടോപ്പും അവിടവിടെ കീറിപ്പറിഞ്ഞ ന്യൂജെന്‍ ജീന്‍സും. ഒറ്റനോട്ടത്തില്‍ ഒരു കോമാളിയെന്നു തോന്നും. ഒന്നു പരിചയപ്പെടണമെന്ന വിചാരം പതിയെപ്പതിയെ മനസ്സില്‍നിന്നു വിട്ടുപോയി. 

To advertise here,

യാത്രകളില്‍ ആരെയൊക്കെ നാം പരിചയപ്പെടുന്നു. അത്തരം ബന്ധങ്ങള്‍ക്ക് ഇഴയടുപ്പം കുറവായിരിക്കും. അല്‍പ്പായുസ്സുകളായിരിക്കും. പെട്ടെന്നുതന്നെ അസ്തമിക്കും. ഈ ചിന്ത കൂടി കടന്നുവന്നതോടെആകാംക്ഷ തീരെ കുറഞ്ഞു. വിമാനങ്ങളുടെ പറക്കലുകളും നീക്കങ്ങളും കാണാന്‍ പാകത്തിന് വലിയ ചില്ലുവാതിലിനു പുറത്തേക്കു നോക്കി ഞാനിരുന്നു. ഇടയ്ക്കൊന്നു പിന്തിരിഞ്ഞപ്പോള്‍, സഹയാത്രികരെല്ലാം മൊബൈല്‍ ഫോണില്‍ മുഖം പൂഴ്ത്തി കുത്തിയിരിപ്പാണ്. ആ പെണ്‍കുട്ടി മാത്രം ഏതോ പുസ്തകത്തില്‍ കണ്ണുംനട്ട് അവളുടെ ലോകത്തില്‍ മുഴുകി ഇരിക്കുന്നു. 

ആല്‍ബുക്കര്‍ക്കിയിലേക്കുള്ള അന്നത്തെ വിമാനം ഒരുമണിക്കൂര്‍ വൈകിയിരുന്നു. സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കണ്ണുകള്‍ വീണ്ടും അവളിലേക്കു നീണ്ടു. പരിചയപ്പെടുന്നതിന്റെ ആവശ്യകത അപ്പോഴും തോന്നിയില്ലെന്നതാണു സത്യം. സാംസ്കാരികമായി വളരെ ദൂരത്താണ് അവൾ എന്നൊരു തോന്നല്‍. അപ്പോഴും ഒന്നു പരിചയപ്പെടുന്നതില്‍ എന്താണ് കുഴപ്പമെന്ന ആകാംക്ഷ. വര്‍ണത്തില്‍ മുക്കിയെടുത്ത വസ്ത്രങ്ങള്‍ അണിയുന്നവരുടെ പ്രദര്‍ശനപരത അവര്‍ക്കുള്ളിലെ ദുഃഖത്തെ മറയ്ക്കുന്ന ആവരണമാണെന്ന മനഃശാസ്ത്ര സമീപനം ഓര്‍ത്തു. വിചിത്രമായ വസ്ത്രധാരണം തന്നെയാണിത്. എങ്കിലും ഒരു ഫാഷന്‍ ഷോയെ ഓര്‍മ്മിപ്പിക്കുന്ന, മോഡലിനെപ്പോലെ മെലിഞ്ഞ ശരീരപ്രകൃതിയുള്ള പെണ്‍കുട്ടി. 

ചില സ്ത്രീകൾ അങ്ങനെയാണ്. ഒരുങ്ങിയില്ലെങ്കിലും അവര്‍ എല്ലാവരേയും തങ്ങളിലേക്ക് അടുപ്പിക്കും. മുപ്പതു മുപ്പത്തിയഞ്ച് വയസ്സെങ്കിലും കാണും. ഇടയ്ക്കിടെ അവളെയും ശ്രദ്ധിച്ചിരുന്നപ്പോഴാണ് അനൗണ്‍സ്‌മെന്റ് കേട്ടത്. ആല്‍ബുക്കര്‍ക്കിയിലേക്കുള്ള ഫ്‌ളൈറ്റില്‍ ബോര്‍ഡിങ്ങിനുള്ള ക്ഷണമാണ്. ആരെയും ഗൗനിക്കാതെ അവള്‍ പുസ്തകം മടക്കി, ലഗേജ് ഉരുട്ടി ക്യൂവിലേക്കു നടന്നു. അല്‍പ്പനേരം കാത്ത് ഞാനും ക്യൂവിലേക്കു നീങ്ങി.

വിമാനത്തിലെ നേരിയ ഇരുട്ടിലേക്കും ഏകാന്തതയിലേക്കും അടക്കിപ്പിടിച്ച സംസാരങ്ങളിലേക്കും വാതില്‍ തുറക്കുമെന്നു കരുതിയ എന്നെ കാത്തിരുന്നത്, പക്ഷേ, അപ്രതീക്ഷിതമായ മറ്റൊന്നാണ്. ഓരോ പുതിയ വഴിത്തിരിവിനും ഒരു കാരണമുണ്ടാവുമെന്ന് അന്നാണെനിക്കു വിശ്വാസമായത്! ദേ, അവളെന്റെ തൊട്ടടുത്ത സീറ്റില്‍...! ലഗേജ് മുകളില്‍ വെച്ച് മുഖത്തു നോക്കിയപ്പോഴേക്കും അവള്‍ 'ഹായ്' എന്നുപറഞ്ഞു ചിരിച്ചു. 

'ഹായ്, അയാം ആന്റണി തെക്കേക്ക്... യു കാന്‍ കാള്‍ മി ആന്റണി.'
'ഐ ആം തെരേസ ട്രസ്സല്‍. നൈസ് റ്റു മീറ്റ് യു. വാട്ട് എ നൈസ് ലാസ്റ്റ് നെയിം... തെക്കേക്ക്!' 

അവള്‍ ഒരു പ്രത്യേക ട്യൂണില്‍ മുറിച്ചുമുറിച്ചു പറഞ്ഞു. അതൊക്കെയെങ്ങനെ വിശദീകരിക്കുമെന്നോര്‍ത്ത് ഞാന്‍ നിശ്ശബ്ദത പാലിച്ചു. അവള്‍ക്കു വിടാന്‍ പ്ലാനില്ല. ഉടന്‍ ചോദിച്ചു: 
'വാട്ട് ഈസ് ദ മീനിങ്?'

അവളുടെ ചോദ്യം കേട്ടപ്പോള്‍ ഉള്ളിലൊന്നു പൊട്ടിച്ചിരിച്ചെങ്കിലും അതു പുറത്തുവരാതിരിക്കാന്‍ ശ്രദ്ധിച്ചു. 

അമേരിക്കയില്‍ വന്നപ്പോള്‍ ഒരു 'ലാസ്റ്റ് നെയിം' വേണമായിരുന്നു. അതുകൊണ്ടു വീട്ടുപേരുകൂടി ചേര്‍ത്തതാണ്. സായിപ്പിനു പറയാന്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ തെക്കേക്കൂറ്റ് ഒന്നു മുറിച്ചു, 'തെക്കേക്ക്!' അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം! അതുകൊണ്ട്, 'സൗത്ത് പ്ലെയ്സ്' എന്നു ഞാന്‍ പറഞ്ഞു. 
'വൗ! വാട്ട് എ ഫന്റാസ്റ്റിക് മീനിങ്!'

വിമാനത്തിന് ഇടയ്ക്ക് സ്റ്റോപ്പില്ലാത്തതിനാല്‍ അവളും ആല്‍ബുക്കര്‍ക്കിയിലെവിടെയോ ആണെന്ന് മനസ്സിലായി. മൂന്നു മണിക്കൂറിലധികം യാത്രയുണ്ട്. ഒന്നും മിണ്ടാതെ, സീറ്റ് പോക്കറ്റില്‍നിന്ന് ഒരു ട്രാവല്‍ മാഗസിനെടുത്ത്, വായിക്കുന്നുവെന്ന വ്യാജേന വെറുതെ പേജുകള്‍ മറിച്ചുകൊണ്ടിരുന്നു. അല്‍പസമയത്തിനകം ടേക്ക് ഓഫ് ചെയ്യാനുള്ള അനൗണ്‍സ്‌മെന്റ് വന്നു. താമസിച്ചില്ല, വിമാനം മേഘങ്ങള്‍ക്ക് മുകളിലേക്കു പറന്നു. 

അവള്‍ ഉറങ്ങാനുള്ള പുറപ്പാടിലാണ്. ആ സമയത്താണ് ബിവറേജ് കാര്‍ട്ടുമായി എയര്‍ഹോസ്റ്റസ് വന്നത്. ഞാനൊരു റെഡ് വൈന്‍ ഓര്‍ഡര്‍ ചെയ്തു, ഓഫര്‍ ചെയ്തു. അവള്‍ സന്തോഷപൂര്‍വം 'യെസ്, ഒഫ് കോഴ്‌സ്' എന്നു പറഞ്ഞു. ഞാന്‍ ക്രെഡിറ്റ് കാര്‍ഡും കൊടുത്തു. അവള്‍ അത്ഭുതകരമായ രീതിയില്‍ നന്ദി പറഞ്ഞു. 

അവള്‍ കുപ്പിയില്‍നിന്നു ഗ്ലാസ്സിലേക്കു വൈന്‍ പകര്‍ന്നു. എന്നിട്ട് എനിക്കായി കാത്തിരുന്നു. ഞാന്‍ ഗ്ലാസ്സിലേക്കു വൈന്‍ ഒഴിച്ചപ്പോള്‍, അവളാണ് ആദ്യം ചിയേഴ്‌സ് പറഞ്ഞത്. 
'ആര്‍ യു ഫ്രം ഇന്ത്യ?'
'യെസ്. ഐ ആം ഫ്രം എ സ്‌മോള്‍ സതേണ്‍ സ്റ്റേറ്റ് കോള്‍ഡ് കേരള.'
'ഓക്കേ... കേരള... മലയാളം' എന്നു നീട്ടിപ്പറഞ്ഞിട്ട് അടുത്ത ചോദ്യമെറിഞ്ഞു: 
'യു നോ ആമ?'

ഒന്നു പകച്ചു. അപ്പോള്‍ കൈ കൂപ്പിക്കൊണ്ട് അവള്‍ രണ്ടു പ്രാവശ്യം 'ആമ... ആമ' എന്നു പറഞ്ഞു. അപ്പോഴാണു കാര്യം മനസ്സിലായത്. ഉടനെ ഞാന്‍ വ്യക്തമാക്കി: 
'ആമയല്ല, അമ്മ. അമൃതാനന്ദമയി.'

തലകുലുക്കി ഒന്നിളകിച്ചിരിച്ചു അവള്‍.
'യു നോ, ഐ ആം ഫ്രം ദ സെയിം പ്ലെയ്‌സ് ഇന്‍ ഇന്ത്യ, സ്പീക് സെയിം ലാംഗ്വേജ്.'

അതു കേട്ടപാടെ, അവളെന്റെ കൈയില്‍ അമര്‍ത്തിയൊരു പിടി. പിന്നെ, തലകുനിച്ച് 'ഓ മൈ ഗോഡ്' എന്ന് ഉച്ചത്തിലൊരലര്‍ച്ച. അടുത്തിരുന്ന സായിപ്പുപോലും ഞെട്ടിപ്പോയി. അവള്‍ അവളുടെ ദൈവത്തിന്റെ നാട്ടുകാരനെ കണ്ടിട്ടാണെന്ന കാര്യം അയാള്‍ക്കറിയില്ലല്ലോ...! 

സത്യത്തില്‍ എനിക്കങ്ങനെ ആരിലും വിശ്വാസമില്ല. ഞാന്‍ അമ്മയെപ്പറ്റി കേട്ടിട്ടേയുള്ളു. പക്ഷേ അതവളോടു പറയേണ്ടെന്നു തീരുമാനിച്ചു. അമ്മയുടെ ഏറ്റവുമടുത്ത സ്വന്തക്കാരനായി ഞാനഭിനയിച്ചു. ഇനിയിപ്പോള്‍ ബന്ധക്കാരനാണെന്നു പറഞ്ഞാലും അവള്‍ വിശ്വസിക്കുമെന്ന് ഉറപ്പായി. 

തല കുനിച്ചതും ഞാനവളുടെ തലയില്‍ കൈവച്ചു. അവള്‍ താഴ്മയോടെ കണ്ണടച്ചു കുനിഞ്ഞിരുന്നു. ഏതാനും നിമിഷം അങ്ങനെയിരുന്നപ്പോള്‍ ഞാനാലോചിച്ചത്, ഈ വെളുമ്പരിത്ര നിഷ്‌കളങ്കരാണോ എന്നാണ്! 

അവള്‍ കണ്ണു തുറന്നപ്പോള്‍ ഞാന്‍ വെറുതെ ചോദിച്ചു: 
'ഐ നോ യു ഹാവ് എ ലോട്ട് ഓഫ് പ്രോബ്ലംസ് ഇന്‍ യുവര്‍ ലൈഫ് തെരേസ...'

ജീവിതത്തില്‍ പ്രശ്‌നങ്ങളില്ലാത്ത ആരെങ്കിലുമുണ്ടോ?! അതോര്‍ത്തുകൊണ്ട് ഞാന്‍ തട്ടിവിട്ടതാണ്. സംഗതിയേറ്റു. കണ്ണുതുടച്ചു പൊട്ടിക്കരഞ്ഞ് അവള്‍ കഥ പറഞ്ഞുതുടങ്ങി. അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് അവളുടെ രണ്ടര വയസ്സുള്ള മകള്‍ ഒരപകടത്തില്‍ മരണപ്പെട്ടു. ബാഗില്‍നിന്ന് അവളൊരു കൊച്ചുപെണ്‍കുട്ടിയുടെ ഫോട്ടെയെടുത്തു കാണിച്ചു. ആ സുന്ദരിക്കുട്ടി മരണപ്പെട്ടത് ഭര്‍ത്താവിന്റെ  അശ്രദ്ധമൂലമാണത്രേ! 

ഭര്‍ത്താവ് അബി ഒരു കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടറായിരുന്നു. ഒരിക്കല്‍ മോളെയുംകൊണ്ടു വര്‍ക്ക് സൈറ്റില്‍ പോയപ്പോഴായിരുന്നു അപകടം. കുഞ്ഞ് പിക്കപ്പ് ട്രക്കിനു വെളിയിലിറങ്ങി ഓടിക്കളിക്കുകയായിരുന്നു. അതറിയാതെ അയാള്‍ വണ്ടി പിന്നോട്ടെടുത്തപ്പോള്‍ ടയര്‍ കയറിയിറങ്ങി. 

placeholder
ഷൂട്ടിങ് യാത്രയില്‍ കണ്ടുമുട്ടിയ തെരേസാ ട്രസലിനൊപ്പം
തമ്പി ആന്റണിയും ഭാര്യ പ്രേമയും

ലോകത്തില്‍ ഒരമ്മപോലും അതു സഹിക്കുമെന്നു തോന്നുന്നില്ല. അതോടുകൂടി അവള്‍ അബിയില്‍നിന്നു വിവാഹമോചനം നേടി ആറു വയസ്സുള്ള ആണ്‍കുട്ടിയുമായി പടിയിറങ്ങി. ഇപ്പോഴവള്‍ ബെര്‍ക്കിലി യൂണിവേഴ്സിറ്റിയില്‍ ജോലിയുള്ള ബോയ്ഫ്രണ്ടിനെ കാണാന്‍ വന്നതാണത്രേ! ഇതൊക്കെ പറയുമ്പോളും അവള്‍ വിതുമ്പിക്കരയുകയായിരുന്നു. മകന്‍ മിഡില്‍ സ്‌കൂളില്‍ പഠിക്കുകയാണ്. 

ഈ കണ്ടുമുട്ടലിനുശേഷം അവള്‍ സിനിമയുടെ ലൊക്കേഷനില്‍ വരികയും ജീവിതത്തെപ്പറ്റി ഒരുപാട് സംസാരിക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് വരണമെന്നും അമ്മയുടെ ആശ്രമത്തില്‍ പോകണമെന്നുമൊക്കെ നിര്‍ബന്ധം പിടിച്ചു. അതിനെയൊന്നും ഞാന്‍ പ്രോത്സാഹിപ്പിച്ചില്ല. അങ്ങനെ ഒറ്റയ്ക്കുള്ള യാത്രകളൊന്നും സുരക്ഷിതമല്ലെന്നു പറഞ്ഞു പിന്തിരിപ്പിച്ചു. അതായിരുന്നു ശരിയെന്ന് പിന്നീടവള്‍ക്ക് മനസ്സിലാവുകയും ചെയ്തു. പിന്നീട് അവളുടെ യാത്രകളധികവും നേപ്പാളിലെ പാവങ്ങളുടെ ഇടയിലേക്കായിരുന്നു. ഇപ്പോഴുമത് തുടരുന്നു. 

വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അന്നത്തെ യാത്രയില്‍ അപ്രതീക്ഷിതമായുണ്ടായ ആ അനുഭവം വല്ലാത്തൊരു ആഘാതമായിരുന്നു. ആ കൊച്ചുസുന്ദരിയുടെ മരണം ഇനി എന്റെ ജീവിതത്തെയും വേട്ടയാടിക്കൊണ്ടിരിക്കും. അതങ്ങനെയാണ്. അടുപ്പം കൂടുന്തോറും അവരുടെ പ്രശ്‌നങ്ങള്‍ നമ്മുടേതു കൂടിയാവും. 

ന്യൂ മെക്‌സിക്കോയില്‍ വരുമ്പോള്‍ മിക്കപ്പോഴും അവള്‍ വിളിക്കാറുണ്ട്. എന്റെ കൂടെ ഇന്ത്യയിലേക്കൊന്ന് വരണമെന്നതാണ് ഇനിയുള്ള ഏകസ്വപ്നമെന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ഒറ്റയ്ക്കാണു താമസവും യാത്രകളുമൊക്കെ. ഏകമകന്റെ പഠനം കഴിഞ്ഞു, ജോലിയായി. അവള്‍ ഭൂട്ടാനിലും മ്യാന്‍മാറിലും ആഫ്രിക്കയിലും പാവങ്ങളുടെയിടയില്‍ കര്‍മ്മനിരതയാണ്. ഞാനും ഇടയ്ക്കിടെ ചെറിയ സംഭാവനകള്‍ കൊടുക്കുന്നു. 

placeholder
നത്തിംഗ് ബട്ട് ലൈഫ് ലൊക്കേഷനില്‍
നടന്‍ മാധവനും നിര്‍മാതാവ് നവീനുമൊപ്പം തമ്പി ആന്റണി

നത്തിങ് ബട്ട് ലൈഫ്, മെയ്ഡ് ഇന്‍ യു.എസ്.എ. എന്ന പേരില്‍ മലയാളത്തിലും ഇറങ്ങിയിരുന്നു. മധുപാലും ശ്രീനിവാസനും ഇന്നസന്റും ബാബു ആന്റണിയും കാവേരിയും ഞാനും വേഷമണിഞ്ഞു. തമിഴില്‍നിന്ന് മാധവനും നാസറുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. പൂര്‍ണമായും അമേരിക്കയിലെ ആല്‍ബുക്കര്‍ക്കിയിലായിരുന്നു ചിത്രീകരണം.