ഒരു പെരുമഴയത്ത് ഒരു വൈകുന്നേരം ഞാൻ സുകുമാർ അഴീക്കോടിന്റെ വീട്ടിലെത്തി. മാഷ് ചിരിച്ചുകൊണ്ടു പറഞ്ഞു, 'സഖാവേ മഴയാണല്ലോ'. 1990 കളിലെ എന്റെ രാഷ്ട്രീയനിലപാടുകളെ മാഷ് മഴയത്തുനിർത്തുകയായിരുന്നു. മലയാളി കേട്ടുശീലിച്ച സഭാപതിയായ സുകുമാർ അഴീക്കോട് ആയിരുന്നില്ല വ്യക്തിപരമായ സംഭാഷണങ്ങളിൽ മാഷ്. ആ നേരങ്ങളിൽ അഴീക്കോട് വ്യക്തിബന്ധങ്ങളിൽ ആഴമുള്ള കരുതലും സ്നേഹവും ചേർത്ത് മനോഹരമാക്കുന്ന സൗമ്യഭാഷിയായിരുന്നു. അദ്ദേഹത്തിന്റെ ജന്മശതാബ്ദിവേളയിൽ (ജനനം: 26 മേയ് 1926) ആ നേരങ്ങളെ ഓർക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിൽ മുഖ്യാധാരാ ഇടതുപക്ഷം ഒരു വഴിത്തിരിവിൽ പെരുമഴയത്ത് കുടയില്ലാതെ നിൽക്കുകയാണ്.

To advertise here,

ഇരിങ്ങാലക്കുടയിലെ ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ ഒരു വൈകുന്നേരം ചങ്ങമ്പുഴ അനുസ്മരണസമ്മേളനം നടക്കുകയായിരുന്നു. പൂരത്തിന് എണ്ണംപറഞ്ഞ ആനകൾ അണിനിരക്കുന്നതുപോലെ ഉയരം കൂടിയ നാലുപ്രഭാഷകർ അന്ന് വേദിയിലുണ്ടായിരുന്നു. ജി . കുമാരപിള്ള, എം.എൻ. വിജയൻ, എം.കെ. സാനു, പിന്നെ സുകുമാർ അഴീക്കോടും. നിറഞ്ഞുകവിഞ്ഞ സദസ്സിൽ ഒരു അണുബിന്ദു പോലെ ഞാനും. പ്രസംഗത്തിന്റെ പിറ്റേന്ന് ഞാൻ മാഷിനെ കാണുവാൻ വീട്ടിൽ പോയി. ഒരു ചോദ്യം ചോദിക്കാനായിട്ടാണ് പോയത്. ' ഷേക്സ്പിയറിന്റെ "Age cannot wither her, nor custom stale/Her infinite variety" (Act II, scene 2, Antony and Cleopatra) എന്ന വരികളെ ഓർമ്മിപ്പിച്ചിട്ട് അങ്ങു പറഞ്ഞല്ലോ എല്ലാ കാമുകന്മാരേയും മോഹിപ്പിച്ച ക്ലിയോപാട്രയുടെ മൂക്കുപൊലെ മലയാളഭാഷയിലെ നീണ്ടു വളഞ്ഞ മൂക്കായിരുന്നു ചങ്ങമ്പുഴ എന്നും അതിനാലാണ് അദ്ദേഹം കവിതയെ ഇത്രയേറെ മാറ്റിക്കളഞ്ഞത് എന്നും. പ്രസംഗത്തിനു മുൻപുതന്നെ ഈ വാചകം തയ്യാറാക്കി വെച്ചിരുന്നോ?' അദ്ദേഹം പറഞ്ഞ മറുപടി ഓർമ്മയിൽ നിന്ന് ഉദ്ധരിക്കാം: 'പ്രസംഗപീഠത്തിൽ കയറുന്നത് ക്ഷേത്രത്തിൽ കയറുന്നതുപോലെയാണ്. ചില ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോകുമ്പോൾ നടയടഞ്ഞുകിടക്കുകയാകും. തിരക്കുള്ള ദിവസങ്ങളിൽ നമ്മൾ പ്രദക്ഷിണം വെച്ച് തിരികെപ്പോകും. ചില ദിവസം നട തുറന്നുകിട്ടും. പ്രസംഗവും അങ്ങനെയാണ്. ഇന്നലെ ഇരിങ്ങാലക്കുടയിൽ നട തുറന്നുകിട്ടിയ ഒരു ദിവസമായിരുന്നു'. അപ്പോൾ ഞാൻ ചോദിച്ചു, 'മാഷ് ഒരിക്കൽ പറഞ്ഞല്ലോ അദ്വൈതിയ്ക്ക് ക്ഷേത്രത്തിൽ പോകേണ്ട കാര്യമില്ലല്ലോ എന്ന്' . അപ്പോൾ അഴീക്കോട് പറഞ്ഞു 'പ്രസംഗിക്കാൻ പോകുമ്പോൾ ദ്വൈതിയാണ്... സദസ്സ് വേറേ, പ്രഭാഷകൻ വേറേ'.

കാവ്യവിമർശകന്റെ പരിമിതികളെക്കുറിച്ചായിരുന്നു ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ അദ്ദേഹം പ്രധാനമായും സംസാരിച്ചത്. വാഗ്ഭടാനന്ദന്റെ ശിക്ഷണത്തിൽ കാവ്യമീമാംസ പഠിച്ചശേഷം ചെറുപ്പത്തിന്റെ തിളപ്പിൽ താനെഴുതിയ ചങ്ങമ്പുഴ വിമർശനം (1956) ഇപ്പോൾ ആര് ഓർക്കുന്നു, എന്നാൽ നാമെല്ലാവരും ഇവിടെക്കൂടിയിരുന്ന് ചങ്ങമ്പുഴയെ ഓർക്കുകയല്ലേ? എന്നദ്ദേഹം ചോദിച്ചത് സാഗരവിനയം പോലെ ഇപ്പോഴും ചെവിയിൽ തിരയടിക്കുന്നുണ്ട്. എന്നാൽ മറ്റൊരു സായാഹ്നവും ഓർമ്മയിൽ വരുന്നു. സ്ഥലം തൃശൂരെ വിയ്യൂരിലുള്ള അഴീക്കോടിന്റെ വീടു തന്നെ. ജി . ശങ്കരക്കുറുപ്പിന്റെ 'ശിവതാണ്ഡവ'ത്തിലെ ശബ്ദഗരിമയെ പുകഴ്ത്തി ഞാനെന്തോ പറഞ്ഞു. 1963ൽ ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന പുസ്തകമെഴുതിയ അതേ വീറോടെ അദ്ദേഹം പറഞ്ഞു, 'എടോ, നല്ല പച്ച ഈർക്കിലി തീയിൽ പഴുപ്പിച്ച് ശിവന്റെ ചന്തിയ്ക്കടിച്ചാലും നതോന്നതയിൽ ശിവൻ താണ്ഡവം ചെയ്യില്ല' എന്ന്. ആ ഭാഷ എന്നെ ഞെട്ടിച്ചു. അപ്പോൾ വള്ളപ്പാട്ടുകാർ വഞ്ചിപ്പാട്ടു പാടുന്ന രീതിയിലല്ലാതെ ഞാൻ ശിവതാണ്ഡവത്തിലെ

'മതിമറന്നാടീടുന്നു തൂനിലാവിൻ ഭസ്മമുതിർ-

ന്നു വീഴുകയാണെൻ മുഗ്ദ്ധജീവനിൽ.

മോളിലദൃശ്യങ്ങളായി

ത്തിരിയുന്ന 'നീഹാരികാപാളികളിൽ നവനവ-

സൗരയൂഥങ്ങൾ

തുറക്കുന്നുണ്ടായിരിക്കാമത്ഭുതവുമഹ്ളാദവും

നിറഞ്ഞ കണ്ണുകൾ ശിവതാണ്ഡവം കാണ്മാൻ '

എന്ന ഭാഗം ചൊല്ലിയപ്പോൾ തികഞ്ഞ ആത്മഗൗരവത്തോടെ മാഷ് അതുകേട്ടിരുന്നു. കാവ്യവിമർശകനെ കവി അതിജീവിക്കുന്നതെക്കുറിച്ച് അദ്ദേഹം ചിന്തിച്ച് ശിവതാണ്ഡവത്തെ സ്മരിക്കുമ്പോലെ തോന്നി. ആ മുഗ്ദ്ധജീവനിൽ കാവ്യാസ്വാദനത്തിൻ്റെ തൂനിലാഭസ്മം ഉതിർന്നുവീണു.

ആത്മഗൗരവത്തെ കുറിച്ചു പറയുമ്പോൾ മറ്റൊന്നുകൂടി എഴുതട്ടെ. എല്ലാ ദിവസവും കെ. കരുണാകരനെ അടിമുടി വിമർശിച്ച് അദ്ദേഹം പ്രസംഗിച്ചു നടന്നിരുന്ന കാലത്തിൽ ഒരു ദിവസം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. അദ്ദേഹത്തിന്റെ കരുണാകരവിമർശം പൊതുമണ്ഡലത്തിൽ കൈയ്യടിയുണ്ടാക്കിയിരുന്നെങ്കിലും സ്വകാര്യസംഭാഷണങ്ങളിൽ ഒരിക്കലും കക്ഷിരാഷ്ട്രീയം പറയാതിരിക്കാൻ ശ്രദ്ധാലുവായിരുന്നു. അന്ന് രാവിലേ വന്ന പത്രവാർത്തയിൽ കെ. കരുണാകരൻ അഴീക്കോടിന് പറഞ്ഞ മറുപടി പ്രാധാന്യത്തോടെ വന്നിരുന്നു. അതേക്കുറിച്ച് ഞാൻ പരാമർശിച്ചപ്പോൾ അദ്ദേഹം വിഷയം മാറ്റി, മുഖത്ത് പൊടുന്നനെ പ്രത്യക്ഷമായ ആത്മഗൗരവത്തോടെ ചോദിച്ചു 'കഴിഞ്ഞ തവണ വന്നപ്പോൾ താൻ പറഞ്ഞിരുന്നല്ലോ കഠോപനിഷത്ത് ഒരു റേഡിയോ ചിത്രീകരണമാക്കുന്നതിനെക്കുറിച്ച് ... അതെന്തായി? നചികേതസ്സിൽ ശ്രദ്ധ ആവേശിച്ചപ്പോഴാണ് ആ കുമാരൻ അച്ഛനെ ചോദ്യം ചെയ്തത്' എന്ന്. ഉപനിഷത്തുകളെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിൽ സ്ഫുടമാകുന്ന മനോനില പൊതുവേ മറ്റിടങ്ങളിൽ കാണാറില്ല, ഗാന്ധിയെക്കുറിച്ച് സംസാരിക്കുമ്പോളൊഴികെ. ആ ദിവസം കഠോപനിഷത്തിനെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചത് ഇപ്പോഴും ഓർമ്മയിൽ തങ്ങിനിൽക്കുന്നു.

ടാഗോറിന്റെ കാബൂളിവാല പുറത്തുവന്ന് നൂറുകൊല്ലങ്ങൾ തികഞ്ഞ 1992 ൽ ഒരു ദിവസം ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി. എത്ര വായിച്ചാലും മതിവരാത്ത ആ കഥയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു, ടാഗോറിനെ വായിക്കാനെടുക്കുന്നതിന് മുൻപ് കുളിച്ചിട്ടേ ആ പുസ്തകങ്ങൾ ഒരാൾ തൊടാവൂ' എന്ന്. ഇന്നും ടാഗോറിന്റെ മുഖമോ പുസ്തകങ്ങളോ കാണുമ്പോൾ 'കുളിച്ചിട്ടേ തൊടാവൂ' എന്ന ഉപദേശം മനസ്സിൽ വരും. കാബൂളിവാലയുടെ നൂറാം വാർഷികത്തിൽ ഒരു പ്രഭാഷണം റേഡിയോയ്ക്ക് തരാമോ എന്നു ഞാൻ ചോദിച്ചു. മഹാരസികനായിരുന്ന അഴീക്കോട് മാഷ് പറഞ്ഞു, 'എടോ അടുത്ത ഒരാഴ്ച ഞാൻ ഡൽഹിയിലായിരിക്കും. കലാമണ്ഡലത്തിലെ വി. കലാധരൻ എന്റെ പ്രസംഗത്തെ അതേപടി അനുകരിയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. താൻ അയാളോട് വന്ന് പ്രഭാഷണം നടത്താൻ പറഞ്ഞോളൂ… റേഡിയോ ആകുമ്പോൾ ആരും കാണില്ലല്ലോ. പക്ഷേ, പ്രതിഫല ചെക്ക് എനിയ്ക്കുതന്നെ തരണം'.

എന്നുചെല്ലുമ്പോഴും വീടിന്റെ മുന്നിലെ മുറിയിൽ അഴീക്കോട് മാഷിന് ആ ദിവസം വന്ന കത്തുകളുടെ കൂമ്പാരം കാണാമായിരുന്നു. പലരും സുകുമാർ അഴീക്കോട്, തൃശൂർ എന്നേ എഴുതുമായിരുന്നുള്ളൂ. പേരുതന്നെയായിരുന്നു വിലാസം. ഒരു ദിവസം ചെല്ലുമ്പോൾ ആ കത്തുകളുടെ മേൽ 'വിലാസലതിക' എന്ന വള്ളത്തോൾ കാവ്യം ഇരിപ്പുണ്ടായിരുന്നു. ഞാൻ ചോദിച്ചു ഇതേതു വിലാസത്തിൽ വന്നതാണുമാഷേ? എന്നോട് മാഷ് പറഞ്ഞു, 'ശൃംഗാരവിലാസത്തിൽ.… അധികമാരും പരാമർശിച്ചുകാണാത്ത കവിതയാണിത്. ശൃംഗാര നാരായണമേനോന്റെ ലഘുഭാഷാകാവ്യം'. അദ്ദേഹത്തിന് വന്നിട്ടുള്ള ഏറ്റവും ഇഷ്ടപ്പെട്ടകത്തിനെക്കുറിച്ചൊരിക്കൽ പറഞ്ഞു… ഇടുക്കിയിൽ നിന്നൊരാൾ എഴുതിയത്. വാചകങ്ങൾ ഓർമ്മയിൽ നിന്ന് പറയാം.

'പ്രിയപ്പെട്ട അഴീക്കോട് മാഷിന്,

ഞാൻ സാറെഴുതിയ 'തത്ത്വമസി' ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുകയാണ്. ഒരാഴ്ച മുൻപ് ഭാര്യ എന്നെ ഉപേക്ഷിച്ചുപോയതിനാൽ ഈ പുസ്തകം വായിക്കാൻ ഒരവസരം കിട്ടി. ഒരിക്കലും വിവാഹം കഴിക്കാത്തതിനാൽ സാറിന് ഈ പുസ്തകം എഴുതാനും കഴിഞ്ഞു'.

തലേന്ന് രാത്രി പ്രസംഗവും കഴിഞ്ഞ് വളരെ വൈകി യാത്ര ചെയ്ത് വീട്ടിലെത്തി ഉറങ്ങി എഴുന്നേറ്റ മാഷിനെ പിറ്റേന്ന് കണ്ടപ്പോൾ തിരക്കേറിയ കഥകളി നടനെപ്പോലെ വീണ്ടും അടുത്ത അരങ്ങിനുള്ള പുറപ്പാടിലായിരുന്നു. അദ്ദേഹം ചെറുചിരിയോടെ പറഞ്ഞു, 'അവിവാഹിതന്റെ ഏറ്റവും വലിയ വെല്ലുവിളി വൈകുന്നേരങ്ങളാണ്. ഏകാന്തത കടിച്ചുകീറാൻ വരും. അതുകൊണ്ടാണെടോ ഞാൻ ഇങ്ങനെ പ്രസംഗിച്ചു നടക്കുന്നത്'.

എന്താണ് ഭാരതീയത എന്ന വിഷയത്തെക്കുറിച്ച് തൃശൂരിൽ സുകുമാർ അഴീക്കോട് പ്രസംഗസപ്‌താഹം നടത്തിയത് ബാബരിപ്പള്ളി പൊളിയ്ക്കപ്പെട്ടതിന് ശേഷമായിരുന്നു. കാസറ്റിൽ ശബ്ദലേഖനം ചെയ്യപ്പെട്ട ആ പ്രസംഗങ്ങൾ മുഴുവനും കേട്ട് പകർത്തിയെഴുതിയത് ഞാനായിരുന്നു. ഓരോ ദിവസത്തേയും പ്രസംഗം പകർത്തിയെഴുതിയതിനു ശേഷം മാഷിന് വായിക്കുവാൻ കൊടുക്കുകയും അദ്ദേഹം തിരുത്തുകയും ചെയ്തു. ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്ര ഭീകരത ഇന്ത്യയെ വിഴുങ്ങാൻ പോകുന്നുവെന്ന് അഴീക്കോട് മാഷ് മുൻകൂട്ടി മനസ്സിലാക്കിയിരുന്നു എന്ന് ആ പ്രസംഗപരമ്പര തെളിയിക്കുന്നു. പിൽക്കാലത്ത് ആ പ്രസംഗമാണ് 'എന്താണ് ഭാരതീയത?' എന്ന പേരിൽ നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ചത്.

1996 ൽ ഡൽഹിയിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ അതു പറയുവാൻ ഞാൻ മാഷിന്റെ വീട്ടിൽ ചെന്നു. അദ്ദേഹം പറഞ്ഞു, 'ഡിഗ്രി പാസ്സായിക്കഴിഞ്ഞ് ഒരു ജോലി കിട്ടാനായി ഞാൻ ഡൽഹിയിൽ പോയി. വി.പി. മേനോനെ കണ്ടു. ഒരാഴ്ച ഡൽഹിയിൽ നിൽക്കാൻ പറഞ്ഞു. അതൊരു ജൂൺ മാസമായിരുന്നു. ജോലി കിട്ടിയില്ലെങ്കിലും സാരമില്ല, ആ കൊടും ചൂടിൽ ഒരാഴ്ച താമസിക്കാൻ കഴിയില്ലെന്ന് തീരുമാനിച്ച് ഞാൻ തീവണ്ടി കയറി. വാർദ്ധയിൽ വണ്ടിയിറങ്ങി. ഗാന്ധിയെക്കാണാൻ പോയി. അന്ന് അദ്ദേഹം മൗനവ്രതത്തിലായിരുന്നതിനാൽ ഒരക്ഷരം മിണ്ടിയതുമില്ല. പിറ്റേന്ന് നാട്ടിലേക്കു തിരിച്ചു'.

2012 ലെ ക്രിസ്തുമസ് തലേന്ന് സുകുമാർ അഴീക്കോട് അന്തരിച്ചു. എന്റെ മനസ്സിലേക്കു വന്നത് ഭാരതീയതാപ്രസംഗസപ്താഹത്തിലെ ഒരു ഭാഗമാണ്...' ബാബരി മസ്‌ജിദ്‌ പൊളിച്ചപ്പോൾ ഞാൻ RSS കാർക്കെതിരേ അതിശക്തമായി പ്രസംഗിച്ചുനടന്നു. ഒരു ദിവസം ഒരാൾ എന്നെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കി. ഞാൻ അയാളോട് പറഞ്ഞു, മരണത്തിനുശേഷം നിത്യജീവൻ എന്നു വിശ്വസിക്കുന്ന ഒരാളെ വധഭീഷണി കൊണ്ട് ഭയപ്പെടുത്താൻ നോക്കരുത്'

അതാണ് സുകുമാർ അഴീക്കോടിന്റെ മുഗ്ദ്ധജീവൻ.