ഇഡ്ഡലിക്കട എന്ന തമിഴ് സിനിമയിലെ ശിവനേശന്‍ കട നടത്തുന്നത് ആളുകള്‍ക്ക് രുചികരമായ ഭക്ഷണം നല്‍കാന്‍ വേണ്ടിയാണ്. എന്നും രാവിലെ മുന്നുമണിക്ക് എഴുന്നേറ്റ് കുളിച്ച് ഭസ്മക്കുറിതൊട്ട് അമ്പലത്തില്‍ പോകുന്നതുപോലെയാണ് ഓലമേഞ്ഞ കടയിലേക്ക് പോകുന്നത്. അവിടെയെത്തി രണ്ട് മണിക്കൂറോളം അമ്മിക്കല്ലില്‍ അരിയും ഉഴുന്നും സ്വന്തം കൈകൊണ്ട് ആട്ടിയാണ് ഇഡ്ഡലി മാവ് തയ്യാറാക്കുന്നത്. പാരമ്പര്യമായി കൈമാറിക്കിട്ടിയ കൈപ്പുണ്യം കൂടിയാകുമ്പോള്‍ അയാള്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ക്കെല്ലാം രുചിയൂറും.

To advertise here,

ഉസ്താദ് ഹോട്ടലെന്ന സിനിമയിലെ കരീമിക്ക വയര്‍ നിറയ്ക്കുന്നതിനേക്കാള്‍ ആളുകളുടെ മനസ് നിറയ്ക്കുന്ന ഭക്ഷണമാണ് ഉണ്ടാക്കി വിളമ്പുന്നത്. പഠിക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണം ശിവനേശന്‍ ഫ്രീയായിട്ടാണ് നല്‍കുന്നത്. ഉസ്താദ് ആകട്ടെ വളരെ മിതമായ നിരക്കേ ഭക്ഷണത്തിന് ഈടാക്കാറുള്ളൂ.

ഇത്തരം ആളുകളെ നമുക്കു ചുറ്റും ധാരാളം കാണാന്‍ കഴിയും. ജീവിക്കാനുള്ള തത്രപ്പാടിനായി ഹോട്ടലുകളോ ഭക്ഷണശാലകളോ ചായക്കടകളോ തുടങ്ങിയവര്‍. കൈപ്പുണ്യത്തിന്റെയും ഉള്ളിലെ നന്മയുടെയും പേരില്‍ നാട്ടിലെങ്ങും പേരുകേട്ടവരായി മാറിയവര്‍. ഇക്കാന്റെ കട, നായരുചേട്ടന്റെ ഹോട്ടല്‍, പണിക്കരുടെ കട, ഔസേപ്പച്ചന്റെ കട തുടങ്ങിയ പേരില്‍ അറിയപ്പെടുന്ന ഒന്നോ രണ്ടോ ഭക്ഷണശാലകള്‍ നാട്ടില്‍ എവിടെ നോക്കിയാലും കാണും.

ഇത്തരം ചെറിയ ഭക്ഷണശാലകള്‍ എന്തുകൊണ്ട് വലിയ ഫുഡ് ചെയ്നുകളായി മാറുന്നില്ലെന്ന് നമ്മള്‍ അദ്​ഭുതപ്പെടാറുണ്ട്. മക്കള്‍ പഠിച്ച് വേറെ ജോലിക്ക് പോകുന്നതോടെ ഇത്തരം കടകള്‍ പതിയെ അപ്രത്യക്ഷമാകുന്നുവെന്നും നമ്മള്‍ പരിതപിക്കാറുണ്ട്. ജീവിക്കാന്‍ വേണ്ടി ചെറിയ സോഡ ഫാക്ടറി നടത്തുന്നയാളിന്റെ മക്കള്‍ അതിനെ ഒരു ശീതള പാനീയ കമ്പനിയായി വളര്‍ത്താത്തത് നമ്മുടെ സംരംഭകത്വ മികവിന്റെ പരിമിതി കൊണ്ടാണ് എന്നാണ് നമ്മുടെ വിലയിരുത്തല്‍.

ഇഡ്ഡലിക്കടയിലെ മകന്‍ എംബിഎ കഴിഞ്ഞ് അതിനെ ഒരു ഫുഡ് ചെയ്നായി വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ശിവനേശന്‍  എതിര്‍ക്കുന്നു. എന്തിന് അമ്മിക്കല്ല് മാറ്റി ഒരു ഗ്രൈന്‍ഡര്‍ വയ്ക്കാന്‍ പോലും അയാള്‍ സമ്മതിക്കുന്നില്ല. ഇഡ്ഡലിയുടെ ടേസ്റ്റ് പോകുമെന്നാണ് പരാതി. തന്റെ മകനും നാട്ടില്‍ നിന്ന് ഈ കട ഇതുപോലെ നടത്തണം എന്നാണ് അയാളുടെ ആഗ്രഹം. പക്ഷേ, എത്രനാള്‍ ഈ പൊട്ടക്കിണറ്റില്‍ ജീവിക്കും. നമുക്കും നന്നായി ജീവിക്കേണ്ടേ എന്നാണ് മകന്റെ ചോദ്യം. കാറും ബംഗ്ലാവും നമുക്കും മേടിക്കേണ്ടേ എന്നാണ് മകന്റെ ചോദ്യം.

ഏതിലാണ് നല്ല ജീവിതം ഉള്ളതെന്ന് നമ്മള്‍ വിചാരിക്കുന്നോ അതിലാണ് നല്ല ജീവിതമുള്ളതെന്നാണ് ശിവനേശന്‍ അതിന് മറുപടി നല്‍കുന്നത്. കാറും ബംഗ്ലാവും എസിയും ആഡംബരങ്ങളുമാണ് ജീവിതം എന്ന് വിചാരിച്ചാല്‍ അവിടെയാണ് നല്ല ജീവിതമുള്ളത്. ഈ മണ്ണും ആറും കുളവും നാടും മാടും കോഴിയും വിഷമില്ലാത്ത കാറ്റും എല്ലാം തരുന്ന ഈ ഭൂമിയും നമ്മുടെ ദൈവം കറുപ്പസാമിയും എല്ലാമാണ് ജീവിതം എന്നു വിചാരിച്ചാല്‍ അതാണ് നല്ല ജീവിതം. അപ്പോള്‍ മകന്‍ ചോദിക്കുന്നു. അപ്പോള്‍ അച്ഛന്റെ സ്വപ്നത്തിനുവേണ്ടിയാണോ ഞാന്‍ ജീവിക്കേണ്ടത്. ഞാന്‍ കണ്ട സ്വപ്നത്തിലും എനിക്ക് ജീവിക്കേണ്ടേ.

നാടുവിട്ടു പോകുന്നതാണ് സ്വപ്നമെങ്കില്‍ നീ പൊയ്‌ക്കോ എന്ന് ശിവനേശന്‍ മറുപടിയും കൊടുക്കുന്നു. ഇഡ്ഡലിക്കടയിലെ ശിവനേശനും ഉസ്താദ് ഹോട്ടലിലെ കരീമിക്കയും ആഗ്രഹിച്ചത് തങ്ങളുടെ കട തങ്ങളുടെ മക്കളോ മരുമക്കളോ തങ്ങള്‍ നടത്തിയിരുന്നതുപോലെ തുടര്‍ന്നും നടത്തണം എന്നായിരുന്നു. പക്ഷേ, മക്കളുടെ ആഗ്രഹത്തിനനുസരിച്ച് അതിന് വിട്ടുവീഴ്ച ചെയ്യാന്‍ ഒരുക്കമല്ലായിരുന്നു. എല്ലാവരും പ്രായമാകുമ്പോള്‍ അവരുടെ ആകാശം നോക്കി പറക്കണം. പ്രകൃതി നിയമമാണ് അതെന്ന് പറഞ്ഞ് ശിവനേശന്‍ മകനെ വിദേശത്തേക്ക് യാത്രയാക്കി. ഉസ്താദ് ഹോട്ടലിലെ കരീമിക്കയാകട്ടെ കടയും വലിയ കടവും ചെറുമകനെ ഏല്‍പ്പിച്ച് ഒരു മുങ്ങുമുങ്ങി.

മിക്ക ബിസിനസിലും ഈ സംഘര്‍ഷമുണ്ട്. ചെറിയ രീതിയില്‍ തുടങ്ങിയ ബിസിനസ് വലുതായിക്കഴിയുമ്പോള്‍ മക്കളെ വലിയ വിദ്യാഭ്യാസം ചെയ്യിക്കും. അവര്‍ തിരികെ വന്ന് ബിസിനസില്‍ പരിഷ്‌കാരം കൊണ്ടുവരാനോ കാലോചിതമായ മാറ്റം കൊണ്ടുവരാനോ ശ്രമിക്കുമ്പോള്‍ കാര്‍ന്നോന്മാര്‍ ഉടക്കും. ഇതിന് മറുവശവുമുണ്ട്. എന്താണ് ബിസിനസിന്റെ പാരമ്പര്യമെന്നോ അടിത്തറയെന്നോ മൂല്യമെന്നോ മനസിലാക്കാതെ പഠിച്ചത് അന്ധമായി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന മക്കള്‍. സമീപനം എന്തുതന്നെയായാലും അത് ബിസിനസിന്റെ ആത്മാവിനെ നശിപ്പിക്കുന്നു.

ശിവനേശന്റെ മകന്‍ പറഞ്ഞ മാറ്റങ്ങള്‍ക്ക് തയ്യാറായാല്‍ അവിടെ നാളെയും വിളമ്പുന്നത് ഇഡ്ഡലി തന്നെ ആയിരിക്കും. ഓലമേഞ്ഞ കടയ്ക്ക് പകരം എയര്‍കണ്ടീഷന്‍ ചെയ്ത, ഫോണ്‍ ആപ്പിലൂടെ ഓര്‍ഡര്‍ എടുക്കുന്ന ''ഹെറിറ്റേജ് ഫുഡ് ചെയിന്‍സ്'' ഉയരും. ''സൗത്ത് ഇന്ത്യന്‍ ഓതന്റിക് എക്‌സ്പീരിയന്‍സ്'' എന്ന് പേരില്‍ അതൊരു വന്‍ ബിസിനസ് പ്രോജക്ടായി മാറും. ഉസ്താദിന്റെ കൊച്ചുമകന്‍ കട ഏറ്റെടുത്ത് ''ഉസ്താദ് ബിരിയാണി 2.0'' എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് നാടെങ്ങും പ്രചരിപ്പിക്കും.

ഫ്രാഞ്ചൈസി ബിസിനസ് കൊഴുക്കും. നിങ്ങള്‍ക്ക് ഒരു അടുക്കളയെ ഫ്രാഞ്ചൈസ് ചെയ്യാം. പക്ഷേ ആ അടുക്കളിയിലെ അത്മാവിനെ ഫ്രാഞ്ചൈസ് ചെയ്യാന്‍ കഴിയില്ല. ശിവനേശന്റെ ഇഡ്ഡലിക്കട ഒരിക്കല്‍ ക്ഷേത്രമായിരുന്നു. ഇന്നത് ആപ്പായിരിക്കുന്നു. അതേ ഇഡ്ഡലി ഇപ്പോള്‍ ബയോഡീഗ്രേഡബിള്‍ പാക്കറ്റിലായിരിക്കും വരിക #Authentic #Homemade എന്ന ഹാഷ്ടാഗുകളോടെ.

പുതിയ തലമുറയെ കുറ്റപ്പെടുത്താനാവില്ല. അവര്‍ വില്ലന്മാരൊന്നുമല്ല. പിതാവിന്റെ പാരമ്പര്യം പിന്തുടര്‍ന്ന് ബിസിനസ് വളര്‍ത്താന്‍ തന്നെയാണ് മക്കളും ആഗ്രഹിക്കുന്നത്. അവര്‍ ബ്രാന്‍ഡിംഗിനും റേറ്റിംഗിനുമൊക്കെ പരിശ്രമിക്കും. പണ്ട് അത് ആവശ്യമില്ലായിരുന്നു. ഇന്ന്, പക്ഷേ, അതൊക്കെ വേണം. കാര്‍ന്നോന്മാരുടെ മാജിക് രഹസ്യക്കൂട്ടുകളില്‍ മാത്രമല്ല. പാവനമായ മൂല്യങ്ങളിലുമുണ്ട് അവരുടെ മാജിക്.

ശിവനേശന് എംബിഎ ഇല്ലാതെ തന്നെ അറിയാം ''കസ്റ്റമര്‍ റിട്ടന്‍ഷന്‍'' എങ്ങനെ നേടാമെന്ന്. ചൂടായ ഇഡ്ഡലി, സ്‌നേഹമുള്ള മുഖം, വഞ്ചനയില്ലായ്മ അതായിരുന്നു പുള്ളിയുടെ മാര്‍ക്കറ്റിംഗ് തന്ത്രം. ഉസ്താദിനും അറിയാം അതെല്ലാം. അദ്ദേഹത്തിന്റെ ''ബ്രാന്‍ഡ് ഐഡന്റിറ്റി'' കരുണയായിരുന്നു.

ബിസിനസ് വലുതാക്കുന്നതില്‍ കാര്‍ന്നോന്മാര്‍ക്ക് എതിര്‍പ്പില്ല. അവര്‍ക്ക് ബിസിനസ് വെറും കച്ചവടം മാത്രമല്ല. അത് കല കൂടിയാണ് അവര്‍ക്ക്. പക്ഷേ ആത്മാവ് നഷ്ടപ്പെടുത്തി വലുതായാല്‍ കല കണക്കുകള്‍ മാത്രമായിപ്പോകുമെന്ന് അവര്‍ ഭയപ്പെടുന്നു.

'സാള്‍ട്ട് എന്‍ പെപ്പര്‍' എന്ന സിനിമയില്‍ ലാലിന്റെ കഥാപാത്രം പാചകം വഴി പ്രണയത്തെയും ജീവിതലക്ഷ്യത്തെയും കണ്ടെത്തുന്ന ഒരു സാധാരണ കുക്കായിരുന്നു. ചോറിന്റെയും ചട്ടിയുടെയും ഇടയിലൂടെ ആത്മാവ് ഉണരുന്നൊരു മനുഷ്യന്‍. പക്ഷേ, ഇന്നത്തെ പതിപ്പായിരുന്നെങ്കില്‍? ലാല്‍ കുക്കിന്റെ സ്ഥാനം ഇപ്പോള്‍ കേരളാസ് നെക്സ്റ്റ് ടോപ് ഷെഫ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയാകുമായിരുന്നു. പിന്നില്‍ സ്‌പോണ്‍സർമാർ, ലൈറ്റുകളും ക്യാമറകളും, ഇന്‍സ്റ്റഗ്രാം റീലുകള്‍ക്കും സ്‌പൈസി ക്യാപ്ഷനുകള്‍ക്കും ഇടയില്‍ ''ആത്മാവുള്ള പാചകം'' എന്നത് ഹാഷ്ടാഗായി മാത്രം ബാക്കിവെച്ചിരിക്കും.

പാചകശാലകള്‍ 'സെല്‍ഫി സോണ്‍' ആയും ഭക്ഷണം 'കണ്ടന്റ്' ആയും മാറിക്കൊണ്ടിരിക്കുന്ന ഇന്ന് അങ്ങനെയൊക്കെ ആയില്ലെങ്കിലേ അദ്​ഭുതമുള്ളൂ.

ചൂടുള്ള ദോശയുടെ മണം വീടിന്റെ ഉമ്മറത്തേയ്ക്ക് പടര്‍ന്നിരുന്ന കാലം മാറി, ഇന്നത് ആപ്പിന്റെ പുഷ് നോട്ടിഫിക്കേഷനായി മാത്രമാണ് എത്തുന്നത് “Order now, get 30% off!”

സത്യത്തില്‍, നമ്മുടെ കാലത്തെ ''ഉസ്താദുകള്‍'' ഇപ്പോള്‍ ഡെലിവറി ആപ്പിന്റെ ആല്‍ഗൊരിതത്തില്‍ കുടുങ്ങിയവരാണ്; ഹൃദയം നിറയ്ക്കുന്ന പാചകം ഇനി 'ലൈക്കുകള്‍' എണ്ണുന്നതിനായി മാത്രമാണ്. തീര്‍ച്ചയായും, ലാലിന്റെ ആ പഴയ കുക്ക് ഇങ്ങനെ ഒരു കാലത്ത് പാചകം ചെയ്തിരുന്നെങ്കില്‍, അദ്ദേഹത്തിന്റെ പ്രത്യേക രഹസ്യ ചട്ണിയുടെ രഹസ്യം വെളിപ്പെടുത്താന്‍ ഒരു സ്‌പോണ്‍സര്‍ ഉടനെ എത്തുമായിരുന്നുവല്ലോ -“Powered by XYZ Mixer Grinder.”

ആത്മാവിന്റെ പാചകശാല വന്‍ മാര്‍ക്കറ്റിംഗ് അടുക്കളയായി മാറിയിരിക്കുന്നു. 200 രൂപയ്ക്ക് കാപ്പി വില്‍ക്കുന്ന ''ഗ്ലോബല്‍ എക്‌സ്പീരിയന്‍സ് കഫേകള്‍''ക്ക് മുന്നില്‍ ഒരിക്കല്‍ കേരളത്തിലെ അഭിമാനമായിരുന്ന ഇന്ത്യന്‍ കോഫി ഹൗസ് ഇന്ന് എത്ര ബുദ്ധിമുട്ടിയാണ് നിലനിന്നുപോകുന്നത് എന്ന് നോക്കൂ.

കാ വറയും പ്ലം കേക്കും ബേക്കറി ബ്രഡും വിറ്റിരുന്ന പഴയ ബേക്കറികള്‍ പ്രീമിയം ഷോപ്പ് ആകാന്‍ ഇപ്പോള്‍ ''ബേക്ക്ഒളജി'' അല്ലെങ്കില്‍ ''ദി ക്രംബ് ഫാക്ടറി'' എന്ന പേര് മാറ്റുകയാണ്. നമുക്കെല്ലാം ഗ്ലോബലാക്കണം, പക്ഷേ ടേസ്റ്റ് മാത്രം തനി നാടനാകണം. പഴയ തലമുറയെ നാം ''മാറാന്‍ തയ്യാറാകാത്തവര്‍'' എന്ന് പരിഹസിക്കുന്നു. പക്ഷേ അവര്‍ക്ക് അറിയാം മാറുമ്പോള്‍ എന്താണ് നഷ്ടമാകുന്നതെന്ന്.

മക്കള്‍ പറയുന്നു, ''അപ്പാ, നമുക്ക് ഇന്‍വെസ്റ്റര്‍ വേണം.''പിതാവ് മറുപടി പറയുന്നു, ''എനിക്ക് ഇതിനകം ഉണ്ട് വേണ്ടുവോളം രാവിലെ ഇവിടെ എത്തുന്നവരാണ് എന്റെ ഇന്‍വെസ്റ്റര്‍മാര്‍.''

കൊച്ചുമകന്‍ പറയുന്നു, ''അപ്പൂപ്പാ, അടുക്കള മോഡേണ്‍ ആക്കാം.''

ഉസ്താദ് ചിരിച്ചുകൊണ്ട് പറയും, ''ഇത് ഇതിനകം തന്നെ മോഡേണാണ്, വിശക്കുന്നവന് ഭക്ഷണം ഉണ്ടാക്കുന്നയിടം എപ്പോഴും മോഡേണ്‍ തന്നെ.

കാര്‍ന്നോന്മാര്‍ ലാഭത്തിനും വളര്‍ച്ചയ്ക്കും എതിരൊന്നുമല്ല. പക്ഷേ എല്ലാത്തിനെയും പണത്തിന്റെ കണ്ണുകൊണ്ട് കാണുന്നതിനെയാണ് അവര്‍ എതിര്‍ക്കുന്നത്.

സത്യത്തില്‍ പ്രശ്‌നം പുതിയ തലമുറയില്‍ മാത്രം അല്ല. നമ്മളും കുറ്റക്കാരാണ്. നാം ചെറിയ ഹോട്ടലുകളില്‍ കയറി വയറുനിറച്ച് ഭക്ഷണം കഴിച്ച് സെല്‍ഫി എടുക്കും, “Hidden Gem!” എന്ന് പോസ്റ്റും. പിന്നെ ആ കട പ്രശസ്തമായാല്‍, ''ഇപ്പൊ പഴയ രുചിയില്ല'' എന്ന് പരാതിയോടുപരാതിയായിരിക്കും.. നമുക്ക് ഓതന്റിക് ഫുഡ് വേണം. അത് മാത്രം പോര, അവിടെ പാര്‍ക്കിംഗ് വേണം. വൈഫൈ ഉണ്ടായിരിക്കണം. കാര്‍ഡ് പേയ്‌മെന്റ് വേണം.

നമുക്ക് കൈകൊണ്ട് തന്നെ ഉണ്ടാക്കിയ ചപ്പാത്തിയും പത്തിരിയും വേണം. അതുപോലെ അമ്മിക്കല്ലില്‍ ആട്ടിയുണ്ടാക്കിയ ഇഡ്ഡലിയും വേണം. പക്ഷേ ഡെലിവറിയും വേണം 5 മിനിറ്റിനുള്ളില്‍.

ഇഡ്‌ലിക്കടയും ഉസ്താദ് ഹോട്ടലും ഭക്ഷണത്തെക്കുറിച്ചുള്ള കഥകളല്ല. അവ മനുഷ്യജീവിതത്തിന്റെ ആത്മാവിനെപ്പറ്റിയുള്ള ആവലാതികളാണ്. ഓരോ ലഘുഭക്ഷണ ശാലകളും അടച്ചുപൂട്ടപ്പെടുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് ഒരു ജീവിതദര്‍ശനമാണ്. തൊഴില്‍ വിശുദ്ധമാണെന്ന ബോധം മങ്ങിപ്പോകുകയാണ്.

വ്യവസായം ആവശ്യമുണ്ട്, പക്ഷേ കരുണ ഇല്ലാത്ത സംരംഭം വെറും കണക്കുകൂട്ടലാണ്. വളര്‍ച്ച അത്യാവശ്യമാണ്, പക്ഷേ അതിനൊപ്പം ആത്മാവും നിലനില്‍ക്കണം.

ഭാവി ആരുടേതായിരിക്കും? എല്ലാം നിരസിക്കുന്ന ശിവനേശന്റേതോ, അല്ലെങ്കില്‍ എല്ലാം കണക്കാക്കുന്ന മകന്റേതോ? അതിനുമപ്പുറം, മനസ്സോടെ പാചകം ചെയ്യുന്ന, കരുണയോടെ വ്യവസായം നടത്തുന്ന ഒരാളുടേതായിരിക്കും.

അവന്‍ മനസ്സിലാക്കും എക്‌സല്‍ ഷീറ്റിന് ഒരു പുഞ്ചിരിയെ മാറ്റിസ്ഥാപിക്കാനാവില്ലെന്ന്. അതിനാല്‍, ശിവനേശന്‍ വീണ്ടും പുലര്‍ച്ചെ മൂന്നിന് എഴുന്നേല്‍ക്കട്ടെ, അരിയല്ല, നമ്മുടെ മനസ്സുകളാണ് അവന്‍ അരയ്ക്കുന്നത്. ഉസ്താദിന്റെ ബിരിയാണി വീണ്ടും ഓര്‍മിപ്പിക്കട്ടെ നിറഞ്ഞ വയറിനേക്കാള്‍ വിലയുള്ളത് നിറഞ്ഞ മനസ്സാണെന്ന്.