കാമറ കൈയിൽ ഉണ്ടാകാം... പക്ഷേ കൺട്രോൾ മനസ്സിൽ വേണം. പോസ്റ്റ് ചെയ്യാം… പക്ഷേ പോസ് ചെയ്യാനും അറിയണം. ഷെയർ ചെയ്യാം... പക്ഷേ ഫീൽ ചെയ്യാനും മറക്കരുത്. അത് ജീവിതത്തെ റീപ്ലേസ് ചെയ്യാൻ പാടില്ല.

പണ്ടൊക്കെ തമ്മിൽ കാണുമ്പോൾ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളു: “ജീവിതമൊക്കെ എങ്ങനെയുണ്ട്?”
ഇന്ന് മിക്ക മലയാളിക്കും രണ്ട് ജീവിതമല്ലേ ഉള്ളത്. ഒന്ന് റിയൽ ജീവിതവും. മറ്റൊന്ന് റീൽ ജീവിതവും. റിയൽ ജീവിതത്തെക്കുറിച്ചൊന്നും അറിയാൻ ആർക്കും താൽപര്യമില്ല. അത് എങ്ങനെ വേണോ ആയിക്കോട്ടെ. പക്ഷേ, റീൽ ജീവിതത്തെക്കുറിച്ച് തമ്മിൽ കാണുമ്പോൾ മിണ്ടാതെ പറയാതെ എങ്ങനെ പോകും. അതുകൊണ്ട് കാണുമ്പോഴേ ചോദിക്കുന്ന ആ ചോദ്യത്തിലും വന്ന് അപ്ഡേറ്റ്. “ഇൻസ്റ്റാ ജീവിതമൊക്കെ എങ്ങനെ പോകുന്നു?” റിയൽ ജീവിതം നന്നായിരിക്കുന്നില്ലെങ്കിലും റീൽ ജീവിതത്തിലൂടെ അത് നല്ലതാണെന്ന് കാണിച്ചാ നമ്മ ഹാപ്പി.
പണ്ടൊക്കെ ഒരു യാത്ര പോയാൽ ആ യാത്രയുടെ ഓരോ നിമിഷവും സഞ്ചരിക്കുന്ന സ്ഥലത്തിന്റെ ഓരോ ഭാഗവും നന്നായി ആസ്വദിക്കുമായിരുന്നു. ഇപ്പോൾ യാത്ര പോയാൽ ആസ്വദിക്കുന്നതിന് മുമ്പ് സ്റ്റോറി അപ്ഡേറ്റ് ചെയ്യണം എന്നതായിരിക്കുന്നു ചിന്ത. ഒരു കടൽത്തീരത്ത് സൂര്യാസ്തമയം നടക്കുന്നു... സൂര്യൻ പതുക്കെ മാഞ്ഞുപോകുന്നു... ആകാശം നിറം മാറുന്നു… സ്വർണനിറമാർന്ന തിരകൾ തീരം തല്ലുന്നു. പക്ഷേ, നമ്മുടെ കണ്ണുകൾ ആകാശത്ത് അല്ല, തിരമാലകളിലുമല്ല.- മൊബൈൽ സ്ക്രീനിലാണ്. കാരണം, “ഈ സൺസെറ്റ് ഞാൻ മാത്രം കാണുന്നതിലെന്ത് കാര്യം. എന്നെ ഫോളോ ചെയ്യുന്നവർ കൂടി കണ്ടാലല്ലേ കാര്യമുള്ളൂ!”
ഭക്ഷണത്തിന്റെ കാര്യം വരുമ്പോൾ കാര്യങ്ങൾ കുറേക്കൂടി രസമാണ്. അത് കഴിക്കുമ്പോഴല്ല സന്തോഷം; കാണിക്കുമ്പോഴാണ്. എന്താല്ലേ. ഒരു പ്ലേറ്റ് ബിരിയാണി വന്നു. പണ്ടൊക്കെ നമ്മൾ അത് നേരേ നേരെ കഴിക്കും. ഇപ്പോഴോ. ചൂടൻ ബിരിയാണിയോ പൊറോട്ടോ- ബീഫ് കോമ്പോയോ മുന്നിൽ കൊണ്ടുവന്ന് വെച്ചാൽ ആദ്യം ആംഗിൾ നോക്കും. പിന്നെ ലൈറ്റിംഗ് അഡ്ജസ്റ്റ് ചെയ്യും. അവസാനം ഫിൽറ്റർ ഇടും. എല്ലാം കഴിഞ്ഞ് അത് കഴിക്കുമ്പോഴേക്കും തണുത്തിരിക്കും… പക്ഷേ, പോസ്റ്റ് ഹോട്ട് ആയിരിക്കും!
ഇനി വീട്ടിലെ പാചകത്തിന്റെ കാര്യമാണ് അതിനേക്കാൾ രസം. ഉണ്ടാക്കിക്കഴിഞ്ഞാൽ ആദ്യം പ്രിയപ്പെട്ടവരുടെ അടുത്ത് രുചി നോക്കാൻ അഭിമാനത്തോടെയും സ്നേഹത്തോടെയും കൊടുക്കും. ഇപ്പോൾ ആദ്യം ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യും. എന്നിട്ടേ പ്രിയതമയുടെയോ പ്രിയതമന്റെയോ അടുത്ത് ചെല്ലൂ. പ്രിയതമന് ടേസ്റ്റ് ചെയ്യാൻ കൊടുത്താൽ പുള്ളി ആദ്യം ചോദിക്കുന്നത് ഗ്രൂപ്പിലിട്ടോ എന്നായിരിക്കും.
സോഷ്യൽ മീഡിയയിൽ കാണുന്ന കപ്പിൾ ഫോട്ടോ കണ്ടാൽ ജീവിതം മുഴുവൻ ഹണിമൂൺ പോലെ തോന്നും. “Love you forever ❤️”, “Best hubby ever”. ക്യാപ്ഷനിൽ മാത്രം അല്ല, കമന്റ് സെക്ഷനിലും ഒരു ഫെസ്റ്റിവെൽ തന്നെ: “Made for each other!”, “Couple goals!”, “Stay blessed!”. കാണുന്നവർക്കും തോന്നും- ഇവരുടെ ജീവിതത്തിൽ പ്രശ്നം എന്നൊരു വാക്ക് തന്നെ ഇല്ലെന്ന്!. പക്ഷേ... ക്യാമറയ്ക്ക് ഒരു സ്വിച്ച് ഉണ്ട്. അത് ഓണായാൽ റൊമാൻസ്. ഓഫായാൽ പിന്നെ റിയാലിറ്റിയുടെ സംസ്ഥാന സമ്മേളനമാണ്. സത്യം പറഞ്ഞാൽ ഇത് ഒരു ചെറിയ ആക്ടിംഗ് ആണ്.
നമ്മൾ എല്ലാവരും സ്വന്തം ജീവിതത്തിലെ ഡയറക്ടർമാരാണ്. സോഷ്യൽ മീഡിയ നമ്മുടെ സിനിമാ സ്ക്രീനാണ്. സീൻ സെലക്ട് ചെയ്യും. ഇമോഷൻ എഡിറ്റ് ചെയ്യും. മ്യൂസിക് ആഡ് ചെയ്യും. ഇതിൽ തെറ്റൊന്നുമില്ല. ഓരോരുത്തർക്കും സന്തോഷം ഷെയർ ചെയ്യാനുള്ള അവകാശമുണ്ട്. പക്ഷേ പ്രശ്നം തുടങ്ങുന്നത് മമറ്റുള്ളവരുടെ ഹൈലൈറ്റ് കണ്ടിട്ട് നമ്മുടെ ബിഹൈൻഡ് ദി സീൻ കംപയർ ചെയ്യുമ്പോഴാണ്. അവരുടെ “Love you forever ❤️” എന്നത് അവരുടെ ലൈഫിലെ ഒരു ഫ്രെയിം മാത്രം. ഫുൾ മൂവി അല്ല. സോഷ്യൽ മീഡിയ കപ്പിൾ റീൽ കണ്ടിട്ട് സ്വന്തം ജീവിതത്തെ സംശയിക്കേണ്ട. കാരണം അവിടെ കാണുന്നത് സിനിമയാണ്... നമ്മുടെ ഇടയിൽ നടക്കുന്നത് ജീവിതവും.
ഇൻഫ്ലുവൻസർ എന്ന പുതിയൊരു തൊഴിൽ -അതോ ബിസിനസോ– ഉടലെടുത്തിട്ടുണ്ട്. “നിങ്ങൾ എന്ത് ജോലി ചെയ്യുന്നു എന്ന് ഇപ്പോൾ പലരോടും ചോദിച്ചാൽ?” -“ഞാൻ ഇൻഫ്ലുവൻസർ ആണ്” എന്നാണ് പറയുക. അപ്പോൾ പണിയൊന്നും ഇല്ല അല്ലേ എന്ന് ആരും ഇവരോട് ചോദിക്കില്ല. എന്താണ് ഇൻഫ്ലുവൻസ്? ആരാണ് ഇൻഫ്ലുവൻസ്ഡ്? എന്തിന് ഇൻഫ്ലുവൻസ്ഡ്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ ഫോളോവേഴ്സിന്റെ എണ്ണം മാത്രം ഉയരും. പലരുടേയും ജീവിതം സ്പോൺസേഡായി മാറിക്കൊണ്ടിരിക്കുകയാണ്. “ഈ ചായ കുടിച്ചാൽ എനർജി വർധിക്കും”, “ഈ ക്രീം ഉപയോഗിച്ചാൽ ഗ്ലോ വരും”. ഇവ പറയുന്നവർക്ക് ഗ്ലോ ഉണ്ടാകുന്നത് പ്രോഡക്ട് കൊണ്ടല്ല... പേയ്മെന്റ് കൊണ്ടാണ്! ജീവിതം പോലും സ്പോൺസേഡ് ആയി മാറുന്ന കാലം.
മറ്റുള്ളവരുടെ ഹൈലൈറ്റ് കണ്ടിട്ട് നമ്മുടെ ലൈഫ് കംപെയർ ചെയ്യുന്ന ഒരു ജനറേഷൻ “അവൻ ഗോവ്യ്ക്ക് പോയി”, “അവൾ മാലി ദ്വീപിലേക്ക് പോയി” ഞാൻ മാത്രം ഇവിടെ എന്നും ഓഫീസിലേക്ക് പോകുന്നു. കാര്യങ്ങളൊക്കെ വെറും ശോകം. പ്രൈവസി പ്ലീസ് എന്ന് പറയുന്നവർ തന്നെയാണ് ഓരോ ദിവസവും കഴിക്കുന്ന ഭക്ഷണവും കണ്ടുമുട്ടുന്ന ആളുകളെക്കുറിച്ചും മാറിമറിയുന്ന സ്വന്തം മൂഡും പോസ്റ്റോട് പോസ്റ്റ് ചെയ്യുന്നത്. കുട്ടികളിൽ പലരുടെയും ഇപ്പോഴത്തെ ഡ്രീം സയന്റിസ്റ്റാകണം, ടീച്ചറാകണം, സിംഗർ ആകണം എന്നൊന്നുമല്ല, “YouTuber ആകണം!” ഇൻഫ്ലുവൻസർ ആകണം എന്നൊക്കെയാണ്. വന്ന് വന്ന് നമ്മുടെയൊക്കെ ജീവിതം ഒരു സ്റ്റേജ് ആയി മാറി. നമ്മൾ എല്ലാവരും അഭിനേതാക്കൾ ആയി. ആരാണ് ഓഡിയൻസ്. അത് ഫോളോവേഴ്സ് ആണ്. കയ്യടി ലൈക്കുകളുടെ രൂപത്തിൽ വന്നോളും. വിമർശനം... അതിനാണല്ലോ കമന്റ് ബോക്സ്.
ഇതെല്ലാം കുഴപ്പമാണ് എന്നല്ല പറഞ്ഞുവരുന്നത്. ഇതുവരെ നമ്മൾ പറഞ്ഞത് കേട്ടാൽ ഇൻഫ്ലുവൻസർ ജീവിതം എന്നത് മുഴുവൻ “ഫിൽറ്റർ വഞ്ചന” പോലെ തോന്നും എന്നല്ല. ഇതന്റെ മറുവശം നല്ലവശം ആണ്. കാരണം, ഓരോ പുതിയ ട്രെൻഡിനും പോലെ ഇതിനും രണ്ട് മുഖങ്ങൾ ഉണ്ട്: ഒന്ന് റീൽ ഫേസ്. മറ്റേത് റിയൽ ഫേസ്. പണ്ടൊക്കെ “ശബ്ദം” ഉയർത്താൻ അതിനൊക്കെ അവകാശം കിട്ടിയ സെലിബ്രിറ്റികൾക്കും നേതാക്കൾക്കും വലിയ മനുഷ്യർക്കുമേ കഴിയുമായിരുന്നുള്ളു. ബാക്കി എല്ലാവരും കേഴ്വിക്കാർ മാത്രമായിരുന്നു. ഇപ്പോൾ കഥ മാറി. ഒരു മൊബൈൽ ഫോൺ മതി. ഇന്റർനെറ്റ് മതി. ഒരു സാധാരണ വീട്ടമ്മ അവളുടെ അടുക്കളയിൽനിന്നു ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നു. ഒരു വിദ്യാർത്ഥിയുടെ ചെറിയ ആശയം വലിയ ഡിസ്കഷൻ ആക്കുന്നു. ഒരു ചെറിയ ബിസിനസ്സുകാരൻ സ്വന്തം ഉൽപ്പന്നം ലോകമാകെയുള്ള വിപണിയിൽ എത്തിക്കുന്നു. ഇത് ഒരു ചെറിയ മാറ്റമല്ല. ഇത് ഒരു പവർ ഷിഫ്റ്റ് ആണ്. മുൻപ് “പ്ലാറ്റ്ഫോം” ഇല്ലാത്തവർക്കും ഇപ്പോൾ വേദി കിട്ടി. മുൻപ് ശബ്ദം ഇല്ലാത്തവർക്കും ഇപ്പോൾ മൈക്ക് കിട്ടി. ഇത് കൊണ്ടാണ് ചില സത്യങ്ങൾ പുറത്തുവരുന്നത്. ചില പ്രശ്നങ്ങൾ ചർച്ചയാകുന്നത്. ചില പ്രതിഭകൾ അറിയപ്പെടുന്നത്.
പക്ഷേ…, ഇവിടെ ഒരു ചെറിയ വൈരുദ്ധ്യം ഉണ്ട്. എല്ലാവർക്കും വോയ്സ് കിട്ടിയപ്പോൾ നോയ്സ് കൂടുകയും ചെയ്തു! പറയേണ്ടത് മാത്രം പറയുന്നവർ കുറവ്. പറയാനൊന്നുമില്ലെങ്കിലും പറയുന്നവർ കൂടുതൽ. പാടാൻ അറിയാമോ? നൃത്തം ചെയ്യാമോ? മുൻപ് ഇതിനൊക്കെ ആദ്യം ഒരു സ്റ്റേജ് വേണം. ഇപ്പോൾ ഒരു ക്യാമറ മതി. ഒരു വീഡിയോ കൊണ്ട് അജ്ഞാതനായ ഒരാൾ സ്റ്റാർ ആകുന്ന കാലം. ഒരു ചെറിയ ബേക്കറി, തട്ടുകട, ഹോം മേഡ് പിക്കിൾ ബിസിനസ്, ചെറിയ ബൊട്ടീക്ക്, ട്യൂഷൻ സെന്റർ…. ഇവയ്ക്ക് വലിയ പരസ്യം ഒന്നും വേണ്ട. അതിന് പണം മുടക്കേണ്ട. ഒരു ഇൻസ്റ്റ പേജ് മതി. ഒരു നല്ല റീൽ മതി.
ഒരു കാലത്ത് പറയാൻ പോലും മടിച്ചിരുന്ന ചില വിഷയങ്ങൾ ഉണ്ടായിരുന്നു- “ഇത് വീട്ടിൽ മാത്രം സംസാരിക്കേണ്ട കാര്യമാണ്” എന്നൊരു ബോർഡ് മുന്നിൽ കെട്ടിയിരുന്നതുപോലെ. ഇപ്പോൾ ചിത്രം മാറി. ഒരു ചെറിയ വീഡിയോ, ഒരു സുതാര്യമായ പോസ്റ്റ്- അത് ആളുകളുടെ ചിന്ത തന്നെ മാറ്റുന്നു. ഒരു ഇൻഫ്ലുവൻസർ “ബിപി, ഷുഗർ റെഗുലറായി ചെക്ക് ചെയ്യൂ” എന്ന് പറഞ്ഞാൽ പലർക്കും അത് റിമൈൻഡർ ആകുന്നു. ഒരു സ്ത്രീ “എസ്ഐപി തുടങ്ങൂ, ചെറിയ തുക മതി” എന്ന് പറയുമ്പോൾ ആദ്യമായി ഒരു ബാങ്ക് അക്കൌണ്ട് തുറക്കുന്നവരും ഉണ്ടാകുന്നു. ഒരാൾ സ്വന്തം ആങ്‌സൈറ്റിയും ഡിപ്രഷനും തുറന്നു പറയുമ്പോൾ “ഇത് എനിക്കുമുണ്ട്” എന്ന് പറയാനുള്ള ധൈര്യം മറ്റൊരാൾക്കു കിട്ടുന്നു. പണ്ടൊക്കെ ടാബൂ ആയിരുന്ന കാര്യങ്ങൾ ഇപ്പോൾ ടൈംലൈനിൽ നോർമൽ ആയി. “തെറാപ്പിക്ക് പോകുന്നു” എന്ന് തുറന്ന് പറയുന്നവർ ഇപ്പോൾ റെസ്പെക്ട് നേടുന്നു- മറച്ചുവെക്കേണ്ട കാര്യമല്ലെന്ന് സമൂഹം പതിയെ മനസ്സിലാക്കുന്നു.
ഈ തുറന്ന മനസിനൊപ്പം ഒരു ചെറിയ വെല്ലുവിളിയും ഉണ്ട്. ഇൻഫർമേഷൻ കൂടുതലായി. മിസ് ഇൻഫർമേഷനും കൂടി! ഒരു വീഡിയോ കണ്ടിട്ട് സ്വയം ചികിൽസ തുടങ്ങുന്നവരും ഉണ്ട്. അതുകൊണ്ട് അവെയർനെസ് നല്ലതാണ്. പക്ഷേ, വെരിഫൈഡ് അവെയർനെസ് ആണ് അതിലും നല്ലത്. പഠിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാം. തീരുമാനങ്ങൾ എടുക്കാൻ സെൻസ് ഉപയോഗിക്കണം. പണ്ടൊക്കെ “പഠനം” എന്നു കേട്ടാൽ മുന്നിൽ വന്നിരുന്നത്- ഒരു വലിയ പുസ്തകം, കഠിനമായ ഒരു മുഖം, നീണ്ട ഒരു ക്ലാസ്. ഇപ്പോൾ? ഒരു 30 സെക്കന്റ് വീഡിയോ. കുക്കിംഗ് റെസിപ്പി- 60 സെക്കൻഡിൽ പെർഫെക്ട് ബിരിയാണി ഉണ്ടാക്കാം. ടെക് ടിപ്സ്- “ഈ സെറ്റിംഗ്സ് ചെഞ്ച് ചെയ്‌താൽ ഫോൺ ഫാസ്റ്റ്!” പഠിക്കാൻ ഇനി ഏതെങ്കിലും ക്ലാസ് മുറിയിലെ ബഞ്ചിൽ പോയിരിക്കുകയൊന്നും വേണ്ട. സ്ക്രോൾ ചെയ്യുമ്പോൾ തന്നെ നടക്കുന്നു. ഒരു വീഡിയോ കാണുമ്പോൾ ചിരിയും വരും, പുതിയ കാര്യം പഠിക്കാനും കഴിയും.
പക്ഷേ, ഇവിടെ ഒരു ചെറിയ പ്രശ്നം ഉണ്ട്. വൺ മിനിറ്റ് ലേണിംഗ് എപ്പോഴും പിന്നീട് ഉപകാരപ്പെടണമെന്നില്ല. റെസിപ്പി കണ്ടാൽ കുക്കിംഗ് വരുമോ? ടിപ് കണ്ടാൽ സ്കിൽ വരുമോ? ചിലപ്പോഴൊക്കെ എന്നാണ് ഉത്തരം. എന്നാൽ, ഇതിന്റെ വലിയ ഗുണം എന്താണെന്നാൽ, പഠനം എന്നത് എല്ലാവർക്കും പ്രാപ്യമായി എന്നതാണത്. ഒരു ടീച്ചർ ഇല്ലെങ്കിലും ഒരു ക്ലാസ് റൂം ഇല്ലെങ്കിലും ഒരു ക്യൂരിയോസിറ്റി മതി. ആർക്കും എപ്പോൾ വേണമെങ്കിലും എന്തും പഠിക്കാം. പക്ഷേ, ഇതെല്ലാം കേട്ടിട്ട് പെട്ടെന്നൊരു കൺക്ലൂഷനിലൊന്നും നമുക്ക് എത്താൻ പറ്റില്ല. ഇൻഫ്ലുവൻസർ ജീവിതം നല്ലതുമാണ്, അവസരങ്ങളുമാണ്, വാതിലുകൾ തുറക്കുന്നതുമാണ്. പക്ഷേ ജീവിതം നഷ്ടപ്പെടുത്താതെ കണ്ടന്റ് ക്രിയേറ്റ് ചെയ്യാനാകണം. കാരണം, ഒരു നല്ല ഫോട്ടോ കിട്ടാൻ വേണ്ടി ഒരു നല്ല നിമിഷം നഷ്ടപ്പെടരുത്.
ഒരു പർഫെക്ട് റീൽ ഉണ്ടാക്കാൻ വേണ്ടി ഒരു റിയൽ മെമ്മറി കളയരുത്. ഇത് ഒരു ഞാണിന്മേൽ കളിയാണ്. കാമറ കൈയിൽ ഉണ്ടാകാം. പക്ഷേ, കൺട്രോൾ മനസ്സിൽ വേണം. പോസ്റ്റ് ചെയ്യാം. പക്ഷേ, പോസ് ചെയ്യാനും അറിയണം. ഷെയർ ചെയ്യാം. പക്ഷേ, ഫീൽ ചെയ്യാനും മറക്കരുത്. അത് ജീവിതത്തെ റീപ്ലേസ് ചെയ്യാൻ പാടില്ല. ജീവിതം ഫസ്റ്റ്. കണ്ടൻ്റ് നെക്സ്റ്റ്. അടുത്ത തവണ കാമറ ഓൺ ചെയ്യുന്നതിന് മുമ്പ് ഒരു നിമിഷം ചിന്തിക്കൂ: “ഞാൻ ഈ നിമിഷം ആസ്വദിക്കുന്നുണ്ടോ. അല്ലാതെ ഇത് അപ്ലോഡ് ചെയ്യാനായി മാത്രം ഉണ്ടാക്കുന്നതല്ലല്ലോ.
Published: 24 Apr 2026, 10:10 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented