സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യകാലമെന്നൊരു കാലമുണ്ട്. എപ്പോഴാണത്, എങ്ങനെയാണത് വരിക എന്നൊന്നും ചോദിച്ചാല്‍ ആര്‍ക്കും അതിനൊരു ഉത്തരമില്ല. അത് നായായും നരിയായും വരും. ഇപ്പോഴെങ്ങനാ, മാന്ദ്യകാലമാണോ വരാനിരിക്കുന്നത്? വിദഗ്ധരാണ് ഉത്തരം പറയേണ്ടത്. മാന്ദ്യം ഉണ്ടെന്നോ ഇല്ലെന്നോ, വരുമെന്നോ വരില്ലെന്നോ അവര്‍ പറഞ്ഞാലും ഇല്ലെങ്കിലും കച്ചവടക്കാര്‍ക്ക് ഇത് വളരെ പെട്ടെന്ന് അറിയാന്‍ പറ്റും. മാന്ദ്യത്തിന്റെ ചൂര് അതെത്ര അകലെ നിന്നാലും മണത്തറിയാനുള്ള കഴിവ് പരിചയ സമ്പന്നരായ കച്ചവടക്കാര്‍ക്ക് ഉണ്ട്. ഒരു ചായക്കടക്കാരനോ ഹോട്ടലുകാരനോ അന്നത്തേക്കുള്ള അരി വെള്ളത്തിലിടാനെടുക്കുമ്പോള്‍ ഇന്ന് ഇന്നലത്തേക്കാള്‍ കുറച്ചിട്ടാല്‍ മതി എന്നു പറഞ്ഞാല്‍ മാന്ദ്യം വന്നുതുടങ്ങിയെന്ന് കരുതിയാല്‍ മതി. വെറുതെ അരി കൂടുതലിട്ട് പാഴാക്കുന്നതെന്തിനാ ഇന്നലെ കച്ചവടം മോശമായിരുന്നു, ഇന്നും മോശമായിരിക്കും എന്ന ചിന്തയില്‍ നിന്നാണ് അരി കുറച്ചിട്ടാല്‍ മതി എന്ന തീരുമാനം എടുക്കുന്നത്. വളര്‍ച്ചാ കാലത്ത് അങ്ങനെയല്ല. എന്നും അരി തലേന്നത്തേക്കാള്‍ കൂടുതല്‍ ഇടും. കാരണം കച്ചവടം കൂടുമെന്ന പ്രതീക്ഷയിലാണ് എല്ലാദിവസവും കട തുറക്കുന്നത്. അത്തരം പ്രതീക്ഷയില്ലാതെ കച്ചവടം കൂടാനൊന്നും പോകുന്നില്ല, എന്തെങ്കിലും കിട്ടിയാലായി എന്ന മട്ടിലാണ് തുറക്കുന്നതെങ്കില്‍ അത് മാന്ദ്യകാലമാണ് എന്ന് കണക്കാക്കിയാല്‍ മതി. ഇപ്പോഴെങ്ങനാ അരി കൂടുതലിടുന്നുണ്ടോ? 

To advertise here,

വിദഗ്ധരെന്താണ് പറയുന്നത് എന്നുകൂടി നോക്കാം. വ്യത്യസ്ത അഭിപ്രായമാണ് പലര്‍ക്കും. ചിലര്‍ മാന്ദ്യം ഉണ്ടാകും എന്നുപറയുമ്പോള്‍ മറ്റ് ചിലര്‍ ഇല്ല മന്ദിപ്പ് മാത്രമേ ഉണ്ടാകൂ എന്നുപറയുന്നു. അതെന്താണ് ഈ മന്ദിപ്പ്?, സ്ലോഡൗണ്‍ എന്നതാണ് സംഭവം. സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്ന് അയല്‍ക്കാരന്റെ ജോലി പോയാല്‍ അത് മന്ദിപ്പും എന്റെ ജോലി കൂടി പോകുമ്പോള്‍ അത് മാന്ദ്യവും എന്നൊരു തമാശ ചൊല്ലുണ്ട്. ഉറപ്പില്ല എങ്കിലും മാന്ദ്യം സംഭവിച്ചേക്കാം എന്നാണ് എല്ലാ വിദഗ്ധരും ഏറെക്കുറെ പറയുന്നത്. എങ്ങാനും മാന്ദ്യം സംഭവിച്ചാല്‍ സാമാന്യേന ആചരിക്കുന്ന ചില പ്രമാണങ്ങളെക്കുറിച്ച് കൂടി പറയാം.

പൊതുവെ എല്ലാവരെയും മുണ്ടുമറുക്കിയുടുക്കാന്‍ പ്രേരിപ്പിക്കുന്ന സമയമാണ് മാന്ദ്യകാലം. ആപത്തുകാലം എന്ന് എല്ലാവരും വിളിക്കുന്ന സമയം. ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന സമ്പത്തുകാലത്തിന് മുന്നോടിയായുള്ള സമയം. ഓരോ സമ്പദ് വ്യവസ്ഥയും ഈ പ്രതിസന്ധിയെ അതിജീവിക്കുക തന്നെ ചെയ്യും. അതിന് എത്രകാലം എടുക്കും എന്നതില്‍ മാത്രം ആശങ്കപ്പെട്ടാല്‍ മതി. പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നത് ഭരണ നിര്‍വ്വഹണ ഗുണത്തെയും ആശ്രയിച്ചിരിക്കുന്നു എന്നത് മറക്കരുത്. സമ്പത്തുകാലത്ത് തൈപത്ത് വെക്കണമെന്നതാണല്ലോ പ്രമാണം. എങ്കിലേ ആപത്ത് കാലത്ത് കാ പത്ത് തിന്നാന്‍ പറ്റുകയുള്ളൂവത്രേ. ഇത് പക്ഷേ പഴഞ്ചൊല്ലല്ലേ. എല്ലാവരും സമ്പത്ത് കാലത്ത് തൈ നടും എന്നതുകൊണ്ട് തന്നെ ആപത്തുകാലമാണ് തൈ നടാന്‍ ഇടത്തരക്കാര്‍ക്ക് നല്ല സമയം. അതുകൊണ്ട് എങ്ങാനുമൊരു മാന്ദ്യകാലം ഉണ്ടായാല്‍ അപ്പോള്‍ ഉയര്‍ന്നുവരുന്ന അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള സാമ്പത്തിക തന്ത്രങ്ങള്‍ ഇടത്തരക്കാര്‍ ശീലിക്കണം.

ഇടത്തരക്കാരുടെ കയ്യിലുള്ള പണമെല്ലാം വിപണിയിലേക്ക് ഇറക്കാന്‍ പ്രേരിപ്പിക്കുന്ന നയങ്ങളും സമീപനങ്ങളും ആകും അതതു നാട്ടിലെ സര്‍ക്കാരും വിവധ കമ്പനികളും വ്യാപാരികളുമൊക്കെ അത്തരം സമയം ആവിഷ്‌കരിക്കുക. ഇടത്തരക്കാരാകട്ടെ അതിന്റെ പ്രലോഭനങ്ങളിലൊന്നും വീഴാതെ കയ്യിലുള്ള പണമത്രയും കീശയിലിട്ട് സൂക്ഷിക്കും. ആപത്തുകാലം കഴിയാന്‍ കാത്തിരിക്കും. സമ്പത്ത് കാലം വരുന്നതിനായി പ്രതീക്ഷയോടെ ഇരിക്കും.

പക്ഷേ സമ്പത്തുകാലം വരുന്നതോടെ കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിയും. വിപണി സെല്ലേഴ്‌സിന്റേതാകും. മാന്ദ്യകാലം ബയേഴ്‌സിന്റെ മാര്‍ക്കറ്റാണ്. ഉത്പന്നങ്ങള്‍ക്ക് വിലകുറവായിരിക്കും. ഉത്പാദകരും വ്യാപാരികളും മൊടയൊന്നും കാട്ടില്ല. ഗവണ്‍മെന്റിന്റെ മസിലുപിടുത്തവും കുറയും. നികുതിയൊക്കെ കുറയ്ക്കും. നികുതി  കുറയുമ്പോള്‍ കാറുകളുടെയും മറ്റും വിലകുറയും. കാര്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇതുതന്നെ അനുകൂല സമയം. മാന്ദ്യകാലത്ത് പക്ഷേ അത്യാവശ്യമുള്ളവ മാത്രമേ വാങ്ങാവൂ. മാന്ദ്യം സംഭവിച്ചാല്‍ സമ്പത്തുകാലത്ത് വാങ്ങാം എന്ന കരുതിയിരുന്ന വസ്തുക്കളുടെ പട്ടിക തയ്യാറാക്കണം. അതിനുള്ള പണം ഇപ്പോള്‍ കയ്യിലുണ്ടെങ്കില്‍ അത് അപ്പോള്‍ ചിലവഴിക്കുന്നത് നിങ്ങളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കില്ലെങ്കില്‍ ഈ അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്താം.

അതുപോലെ തന്നെയാണ് നിക്ഷേപ അവസരങ്ങളും. പലിശവരുമാനം പൊതുവേ മാന്ദ്യനാളുകളില്‍ കുറവായിരിക്കും. ഓഹരി, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ നിക്ഷേപങ്ങളില്‍ താല്‍പര്യവും അറിവും ഉള്ളവര്‍ക്ക് മുന്നില്‍ വലിയ അവസരങ്ങളാണ് അപ്പോള്‍ വരുക. കുറഞ്ഞ വിലയില്‍ നല്ല അടിസ്ഥാനഗുണങ്ങളുള്ള കമ്പനികളുടെ ഓഹരികളും ഫണ്ടുകളും ലഭ്യമാകും. ദീര്‍ഘകാല ലക്ഷ്യത്തോടെ ഇവയില്‍ കുറേശെയായി നിക്ഷേപിക്കാവുന്നതാണ്.  

മാന്ദ്യകാലത്തിന്റെ തുടക്കകാലത്ത് മാത്രം ലഭ്യമാകുന്ന അവസരങ്ങളാണ് ഇത്. മാന്ദ്യം രൂക്ഷമാകുന്നതോടെ കമ്പനികളും വ്യാപാരികളും അതിനനുസരിച്ച് ഉത്പാദനം കുറയ്ക്കുകയും മറ്റും ചെയ്യും. അപ്പോള്‍ അവര്‍ക്ക് ഏതുവിധേനെയും വിറ്റഴിക്കേണ്ട സാഹചര്യം ഇല്ലാതാകും. ഒഴുക്കില്‍ പെങ്ങിക്കിടക്കുക, മാന്ദ്യകാലത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുക തുടങ്ങിയകാര്യങ്ങളിലാകും അവര്‍ ശ്രദ്ധിക്കുക. അതിനാല്‍ അക്കാലത്ത് ഉപഭോക്താക്കളെ വലുതായി ആകര്‍ഷിക്കാനുള്ള പരിശ്രമങ്ങളൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല.

മാന്ദ്യകാലത്ത് ഉയര്‍ന്നുവരുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തണമെങ്കില്‍ ഇടത്തരക്കാര്‍ കൃത്യമായ മുന്നൊരുക്കങ്ങളും ചെയ്യേണ്ടതുണ്ട്. കുടുംബബജറ്റ് തയ്യാറാക്കി ചിലവുകളെ യുക്തസഹമാക്കണം. പിശുക്ക് കാട്ടേണ്ടതില്ല. പക്ഷേ എല്ലാത്തിലും ഒരു കണ്ണ് വേണം. അത്യാവശ്യങ്ങളും അനാവശ്യങ്ങളും ആര്‍ഭാടങ്ങളും തിരിച്ചറിയണം. സമ്പത്തുകാലത്ത് ആര്‍ഭാടങ്ങളെ തിരിച്ചറിയാന്‍ കഴിയാറില്ല പലര്‍ക്കും. ആര്‍ഭാടങ്ങളെ അത്യാവശ്യങ്ങളായിട്ടാകും അപ്പോള്‍ തോന്നുക. എന്നാല്‍ ആപത്തുകാലത്തും ആ മനോഭാവം തുടരരുത്. മാന്ദ്യത്തെ ഭയപ്പെടേണ്ടതില്ല. പക്ഷേ ശ്രദ്ധ വേണം. കരുതല്‍ വേണം. ഒപ്പം മാന്ദ്യകാലത്ത് മാത്രം ഉയര്‍ന്നുവരുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്താനുള്ള വിവേകവും കാട്ടണം.

ഏതു കയറ്റത്തിനു ഒരു ഇറക്കമുണ്ടെന്ന് പറയുന്നതുപോലെയാണ് മാന്ദ്യവും. ഏതു സമ്പദ് വ്യവസ്ഥയും എത്ര വളര്‍ന്നാലും ഇടയ്ക്കു ഒരു തളര്‍ച്ച സ്വാഭാവികമാണ്. അത് പ്രപഞ്ച സത്യവുമാണ്. എങ്ങാനും മാന്ദ്യമുണ്ടായാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും ചെയ്താല്‍ അതോടെ മാന്ദ്യം അപ്രത്യക്ഷമാകും. കാരണം സമ്പദ് വ്യവസ്ഥയിലേക്ക് പണം വരാതിരിക്കുമ്പോഴാണ് മാന്ദ്യം സംഭവിക്കുന്നത്. പണം വന്നുതുടുങ്ങുന്നതോടെ മാന്ദ്യവും ഇല്ലാതാകും.