
കൂടല്‍മാണിക്യ ക്ഷേത്രദര്‍ശനം കഴിഞ്ഞു ഭാവഗായകനൊപ്പം പുറത്തിറങ്ങുമ്പോള്‍ ഉള്ളിലൊരാഗ്രഹം; 'കൂടുംപിണികളേ കണ്ണാലൊഴിക്കും കൂടല്‍മാണിക്യ സ്വാമീ' എന്ന ഗാനം ജയേട്ടന്റെ ശബ്ദത്തില്‍ ഈ ക്ഷേത്രാന്തരീക്ഷത്തില്‍ നിന്നുകൊണ്ട് ലൈവായി കേള്‍ക്കണം. അത്യാഗ്രഹമാണ്. എന്നാലും ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. നേരിട്ട് തന്നെ ചോദിച്ചു.
ഭാഗ്യവശാല്‍ അമ്പലത്തില്‍ തിരക്ക് കുറഞ്ഞ സമയം. ജയേട്ടന് പാടാന്‍ വലിയ വിരോധമില്ല. ക്ഷേത്രപരിസരത്തെ ആല്‍ത്തറക്കരികില്‍ നിന്നുകൊണ്ട് ആരാധകസുഹൃത്തിന് വേണ്ടി 'പുഷ്പാഞ്ജലി'യിലെ ആ ഗാനത്തിന്റെ പല്ലവിയും ആദ്യചരണവും പാടി ജയേട്ടന്; ഒരു പക്ഷേ കാസറ്റില്‍ പാടിയതിനേക്കാള്‍ ഭക്തിസാന്ദ്രമായി. സാക്ഷാല്‍ കൂടല്‍മാണിക്യ സ്വാമിയുണ്ടല്ലോ തൊട്ടപ്പുറത്ത്
ദര്‍ശനം കഴിഞ്ഞു മകളോടൊപ്പം മടങ്ങുകയായിരുന്ന ഒരു സ്ത്രീ പാട്ടുകേട്ട് ഞെട്ടിത്തിരിഞ്ഞ് അത്ഭുതത്തോടെ ജയചന്ദ്രനെ നോക്കിയതോര്‍മ്മയുണ്ട്. ഒപ്പമുണ്ടായിരുന്ന മകളെ ഗായകന്റെ പാദങ്ങളില്‍ നമസ്കരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു അവര്‍. കാലില്‍ വീണു വഴങ്ങിയ കുട്ടിയെ അനുഗ്രഹിച്ച ശേഷം വാത്സല്യത്തോടെ പിടിച്ചെഴുന്നേല്പിച്ചു ഭാവഗായകന്.
'എന്താ പോരേ ?'- പാടിനിര്‍ത്തി, ശ്രീകോവിലിന് നേരെ തിരിഞ്ഞ് ഭക്തിപുരസ്സരം തൊഴുത ശേഷം ഗായകന്റെ ചോദ്യം.
അങ്ങനെ ചോദിച്ചാല്‍ മതിയായില്ല എന്നേ പറയൂ. എന്നാല്‍ സാഹചര്യം അനുകൂലമല്ലാത്ത കൊണ്ട് 'മതി, ധാരാളം' എന്നായിരുന്നു മറുപടി.
ആ പാട്ടുമായി ബന്ധപ്പെട്ട തമാശ കലര്‍ന്ന ഒരനുഭവം കൂടി പങ്കുവെച്ചു അന്ന് ജയേട്ടന്. 'ഒരിക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ നില്ക്കുമ്പോ ഒരു വിദ്വാന് വന്ന് ചോദിക്കുകയാണ്: മിസ്റ്റര്‍ ജയചന്ദ്രന്, കുടുംബിനികളേ കണ്ണാലൊഴിക്കും എന്നല്ലേ വേണ്ടത്? കൂടുംബിനികളെ എന്നാണ് നിങ്ങള്‍ പാടുന്നത്. അക്ഷരശുദ്ധി വേണം.....'
'ഓ അങ്ങനെയാകട്ടെ' എന്ന് ഭവ്യതയോടെ പറഞ്ഞ് അക്ഷരശുദ്ധിക്കാരനെ പറഞ്ഞയച്ചു ജയചന്ദ്രന്. 'പാവത്തിനൊരു സന്തോഷാവട്ടെ.'
പാട്ടിലെ 'പിണികള്‍' എന്ന വാക്ക് പിടി തന്നിരുന്നില്ല ആദ്യമൊന്നും. പിണി എന്നാല്‍ ബാധ, ദോഷം എന്നൊക്കെയാണ് അര്‍ത്ഥമെന്ന് പറഞ്ഞുതന്നത് ജയേട്ടന് തന്നെ.
പ്രിയഗായകനൊപ്പമുള്ള അനേകം യാത്രകളില്‍ മറക്കാനാവാത്ത ഒന്നായിരുന്നു ഇരിഞ്ഞാലക്കുടയിലൂടെയുള്ള ആ കാര്‍ യാത്ര. ജയേട്ടന് ചെറുപ്പം ചെലവഴിച്ച നാടാണ്. അതുകൊണ്ട് തന്നെ ഒരുപാട് ഓര്‍മ്മകള്‍ വീണുമയങ്ങുന്നു അവിടെ. ജയേട്ടനിലെ ഗായകനെ കണ്ടെത്തിയ രാമനാഥന് മാഷെ വീട്ടില്‍ ചെന്ന് കണ്ടത് ആ യാത്രയിലാണ്. പഴയ ഗുരുനാഥനു മുന്നിലിരിക്കുമ്പോള്‍ ജയചന്ദ്രന് പഴയ സ്കൂള്‍ കുട്ടിയായി മാറുന്നത് കൗതുകത്തോടെ കണ്ടിരുന്നു ഞാന്‍. ജീവിതകാലം മുഴുവന്‍ കുസൃതിക്കാരനായ ആ കുട്ടിയെ പുറത്തിറക്കി വിടാതെ ഉള്ളില്‍ കൊണ്ടുനടക്കുകയായിരുന്നല്ലോ അദ്ദേഹം. ആ കുട്ടിത്തമില്ലാതെ ജയചന്ദ്രനുമില്ല.
'പ്രായം അല്‍പ്പം കൂടി, മുടി അല്‍പ്പം നരച്ചു എന്നതൊഴിച്ചാല്‍ ഇയാള്‍ ആ പഴയ സ്കൂള്‍ കുട്ടി തന്നെ. പാട്ടിലും സംസാരത്തിലും പെരുമാറ്റത്തിലും ഒക്കെയുണ്ട് ആ കുട്ടിത്തം..' - മാഷിന്റെ വാക്കുകള്‍ ഓര്‍മ്മയുണ്ട്.
ആ കുട്ടിത്തം തന്നെയാണല്ലോ പതിറ്റാണ്ടുകള്‍ക്കിപ്പുറവും ശിഷ്യനെ മലയാളികളുടെ പ്രിയ ഭാവഗായകനായി നിലനിര്‍ത്തുന്നതെന്ന് പറഞ്ഞപ്പോള്‍ രാമനാഥന് മാഷ് ചിരിച്ചു. 'ജീവിതം സാര്‍ത്ഥകമായി എന്ന് തോന്നുന്ന ചില നിമിഷങ്ങളുണ്ട്. അവയിലൊന്നാണത്. പ്രഗത്ഭനായ ഒരു ഗായകന്റെ ഉദയത്തിന് നിമിത്തമാകാന്‍ കഴിഞ്ഞു എന്നത് ഈ ആയുസ്സില്‍ എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യം.'

മിതഭാഷിയും ഏറെക്കുറെ അന്തര്‍മുഖനുമായ സ്കൂള്‍ കുട്ടിയില്‍ മറഞ്ഞുകിടന്ന പ്രതിഭാശാലിയായ പാട്ടുകാരനെ കണ്ടെത്തി തേച്ചുമിനുക്കിയെടുത്ത കഥ രാമനാഥന് മാഷ് വിവരിച്ചുകേട്ടത് അന്നാണ്. ജയചന്ദ്രന്റെ ജീവിതത്തിലെ ആദ്യ 'സ്റ്റേജ് പരിപാടി'യുടെ ഓര്‍മ്മ. മൈക്കില്ല; മള്‍ട്ടി വാട്ട്സ് സ്പീക്കറുകളില്ല. ആര്‍ത്തലയ്ക്കുന്ന ജനക്കൂട്ടമില്ല. ആകാംക്ഷാഭരിതമായ കുറെ കുഞ്ഞിക്കണ്ണുകള്‍ മാത്രം മുന്നില്‍. നിഷ്കളങ്കമായ ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി പാടിത്തുടങ്ങുന്നു പാലിയത്ത് ജയചന്ദ്രന് കുട്ടന് എന്ന പതിമൂന്നുകാരന്: 'ഓഹോ വെണ്ണിലാവേ വിണ്ണാളും വെണ്ണിലാവേ ..'' ഘണ്ടശാല വെങ്കിടേശ്വര റാവുവും പി ലീലയും ചേര്‍ന്ന് പാടിയ 'പ്രേമപാശ''ത്തിലെ തമിഴ് ഹിറ്റ് ഗാനം.
ഇരിഞ്ഞാലക്കുട നാഷണല്‍ സ്കൂളിലെ എട്ടാം ക്ലാസ് എ ഡിവിഷന് വിദ്യാര്‍ത്ഥി വെള്ളിയാഴ്ച വൈകുന്നേരത്തെ സാഹിത്യസമാജം പീരിയഡില്‍ പാടിക്കേട്ട ആ പാട്ട് സ്നേഹവാത്സല്യങ്ങളോടെ എന്നും ഓര്‍മ്മയില്‍ സൂക്ഷിച്ചു അന്നത്തെ യോഗാദ്ധ്യക്ഷന്‍ രാമനാഥന് മാഷ്. '1958 ജൂലൈയിലാണ്. പാടാന്‍ അറിയുന്നവര്‍ ആരെങ്കിലുമുണ്ടോ എന്ന് വിളിച്ചു ചോദിച്ചപ്പോള്‍ മേശക്കരികിലേക്ക് ചുറുചുറുക്കോടെ നടന്നുവന്നു വെളുത്തുരുണ്ട ഒരു കുട്ടി. മെറൂണ്‍ ഷോര്‍ട്ട്സും ഇളം മഞ്ഞ സില്‍ക്ക് ഷര്‍ട്ടുമാണ് വേഷം. നെറ്റിയില്‍ കാലത്ത് തൊട്ട ചന്ദനക്കുറി അതേപടിയുണ്ട്. എന്റെ മേശക്കടുത്ത് വന്നു നിന്നതും സ്വിച്ചിട്ട പോലെ പാടിത്തുടങ്ങുന്നു അയാള്‍. ശബ്ദത്തില്‍ തരിമ്പുമില്ല വിക്കലും വിറയലും. ഓമനത്തമുള്ള ആ മുഖത്ത് കണ്ട ആത്മവിശ്വാസം എന്നെ ഒട്ടൊന്ന് അത്ഭതപ്പെടുത്തി എന്നത് സത്യം.'
അതേ വര്‍ഷം നാഷണല്‍ സ്കൂളിന്റെ പ്രതിനിധിയായി കുട്ടിപ്പാട്ടുകാരനെ സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുപ്പിച്ചത് മറ്റൊരു ദീപ്തമായ ഓര്‍മ്മ. അരങ്ങേറ്റത്തില്‍ മൃദംഗത്തിലും അടുത്ത വര്‍ഷം ലളിത സംഗീതത്തിലും ജേതാവായി ജയചന്ദ്രന്. അധികം വൈകാതെ സിനിമയിലുമെത്തി. യാദൃച്ഛികമായി കാതില്‍ ഒഴുകിയെത്തിയ 'കളിത്തോഴ'നിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനം നിറകണ്ണുകളോടെ കേട്ടുനിന്ന ഓര്‍മ്മ വികാരഭരിതനായി മാഷ് പങ്കുവെച്ചതോര്മ്മയുണ്ട്. ചലച്ചിത്ര സംഗീതത്തിലെ ജയചന്ദ്രയുഗം തുടങ്ങിയിരുന്നതേയുള്ളൂ.

'എല്ലാം വിധിനിയോഗം.'- രാമനാഥന് മാഷിന്റെ വാക്കുകള്‍. 'സംഗീത ജീവിതത്തില്‍ ജയന് എന്നോടുള്ള കടപ്പാടിനെ കുറിച്ച് പലരും പറഞ്ഞുകേള്‍ക്കുമ്പോള്‍ വിനയത്തോടെ ഞാന്‍ അവരെ തിരുത്താറുണ്ട്. അത് അയാളുടെ കഴിവുകളെ കുറച്ചു കാണലാണ്. ഞാനല്ലെങ്കില്‍ മറ്റൊരാള്‍ ആ പ്രതിഭ തിരിച്ചറിഞ്ഞേനെ. എനിക്ക് അതിനൊരു നിമിത്തമാകാന്‍ കഴിഞ്ഞു എന്നു മാത്രം.' പ്രതിഭ തെളിയിച്ചതും അംഗീകാരങ്ങള്‍ നേടിയതും ബാലസാഹിത്യത്തിലാണെങ്കിലും ധാരാളം ലളിതഗാനങ്ങളുമുണ്ട് രാമനാഥന് മാഷിന്റെ വകയായി; കെ രാഘവനെപ്പോലുള്ള പ്രഗത്ഭര്‍ സ്വരപ്പെടുത്തിയ രചനകള്‍. കെ കുഞ്ഞിമൂസ ശബ്ദം പകര്‍ന്ന 'കരിനീല രജനി തന്' എന്ന ആകാശവാണി ഗാനം ഇന്നുമുണ്ട് ഓര്‍മ്മയില്‍.
കുട്ടിത്തം ഡിജിറ്റല്‍ ലോകത്തേക്കും കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്കിലേക്കും കുടിയേറിയ ഈ കാലത്തും ഗൃഹാതുരതയോടെ നാം മനസ്സില്‍ സൂക്ഷിക്കുന്നു കെ വി രാമനാഥന്റെ മാന്ത്രികസ്പര്ശമേറ്റ ഒട്ടനവധി കഥാപാത്രങ്ങള്‍. അപ്പുക്കുട്ടനും ഗോപിയും മാന്ത്രികപ്പൂച്ചയും അത്ഭുതവാനരനും അദൃശ്യ മനുഷ്യനും മുതല്‍ അത്ഭുതനീരാളി വരെയുണ്ട് അവരില്‍. എന്റെ തലമുറയുടെ ബാല്യകാല സ്വപ്നങ്ങള്‍ക്ക് ചിറകുകള് നല്കിയവര്.
'എങ്കിലും മാഷ് ഞങ്ങള്‍ക്ക് സമ്മാനിച്ച ഏറ്റവും തിളക്കമാര്‍ന്ന കഥാപാത്രം ജയേട്ടന് തന്നെ എന്നാണെന്റെ വിശ്വാസം.'-- വിടപറയുമ്പോള്‍ രാമനാഥന് മാഷോട് പറഞ്ഞു. ആണെന്നും അല്ലെന്നും പറഞ്ഞില്ല മാഷ്. പകരം ഒരു ചിരി മാത്രം സമ്മാനിച്ചു. ആ ചിരിയിലുണ്ടായിരുന്നു എല്ലാം.
രാമനാഥന് മാഷ് ആദ്യം പോയി. പിന്നാലെ ജയേട്ടനും. ഒരിക്കലും വിട്ടുപോകാന്‍ കൂട്ടാത്ത ഓര്‍മ്മകള്‍ മാത്രമുണ്ട് ബാക്കി.
Content Highlights: singer p jayachandran kv ramanathan memories
Published: 06 Sept 2025, 12:00 pm IST
ABOUT THE AUTHOR

രവി മേനോൻ
ravimenonmusic@gmail.comRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented