അവിസ്മരണീയമാണ് എഴുത്തിനപ്പുറത്തെ എഴുത്തുകാരുടെ ജീവിതം. ചിലതെങ്കിലും അതിശയകരവും. ചിലർക്ക് ജീവിതമെന്ന സമസ്യ തെളിഞ്ഞൊഴുകുന്ന പുഴയാണെങ്കിൽ പലർക്കും അടിയൊഴുക്കുള്ള, കലങ്ങിമറിഞ്ഞ ജലാശയം പോലെയോ അടിത്തട്ടിൽ ഇളകിമറിയുന്ന സാഗരം പോലെയോ സംഘർഷഭരിതവും സങ്കീർണവുമാണ്. എത്രയാവർത്തി എഴുതിയിട്ടും ചുരുളഴിയാത്ത സമസ്യയാണ്. ചിലർ ഈ അന്തക്ഷോഭങ്ങളെ എഴുത്തിലേയ്ക്ക് പരാവർത്തനം ചെയ്യുന്നു. ചിലർ അതിന്റെ ചുഴികളിലും മലരികളിലും സ്വയം മുങ്ങിയൊടുങ്ങുന്നു. പ്രത്യാശയുടെ ഇത്തിരിവെട്ടംപോലുമില്ലാത്ത ഉള്ളിലെ ഇരുട്ടറകളിലെ ഭീതിദത്തമായ ഏകാന്തതയിൽ അക്ഷരങ്ങൾ കൊണ്ടവർ ഇന്ദ്രജാലങ്ങൾ സൃഷ്ടിച്ചു. പിന്നീടെപ്പോഴോ അതിന് അർധവിരാമമിട്ട്, എഴുതിയതിലും വലിയ സമസ്യകൾ ബാക്കിയാക്കി യാത്രയാവുകയും ചെയ്തു. അസാധാരണമാണ് അവർ ജീവിച്ചുതീർത്ത വിഷാദജീവിതങ്ങൾ. എഴുതിയതിനുമപ്പുറമാണവരുടെ യഥാർഥ ജീവിതപരിസരം... ഈ ജീവിതങ്ങൾ തേടിയുള്ള ഒരു പിൻയാത്രയാണ് 'എഴുതാപ്പുറം'. ഇവിടെ ചിലത് കണ്ടെടുക്കപ്പെട്ടേക്കാം, ചിലതെല്ലാം അപൂര്‍ണമായി അവശേഷിക്കാം, അവരുടെ ജീവിതംപോലെ... 

To advertise here,

കാലത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകിയകന്ന് എവിടെയോ ഒരൊറ്റദ്വീപായി മാറിയ ഓര്‍മയാണ് രാജലക്ഷ്മി. പത്ത് വര്‍ഷത്തിനുതാഴെ മാത്രം മലയാളസാഹിത്യലോകത്തുണ്ടായിരുന്ന എഴുത്തുകാരി. എഴുതി പൂര്‍ത്തീകരിച്ച നോവലും പാതിപ്രസിദ്ധീകൃതമായ നോവലും ഒരുപിടി കഥകളുമാണ് രാജലക്ഷ്മിയുടേതായി നമുക്ക് മുന്നിലുള്ളത്. മൂന്നാമത്തെ നോവലിന്റെ പ്രസിദ്ധീകരണത്തിനിടെയാണ് എഴുത്തുകാരി സ്വയം തിരഞ്ഞെടുത്ത മരണം സംഭവിച്ചത്. അവരെ ദുരന്തനായികയായി അവതരിപ്പിച്ചുകൊണ്ടുള്ള എണ്ണമറ്റ കഥകള്‍ സൃഷ്ടിക്കാന്‍ സമൂഹത്തിന് ഈ കുറഞ്ഞകാലംതന്നെ ധാരാളമായിരുന്നു. സോഷ്യല്‍മീഡിയാക്കാലം പുസ്തകങ്ങളിലേക്കും എഴുത്തുകളിലേക്കുംകൂടി സഞ്ചരിച്ചെത്തുമ്പോള്‍ മലയാള സാഹിത്യത്തില്‍ വിസ്മരിക്കാന്‍ പാടില്ലാത്ത ഒരധ്യായമാണ് രാജലക്ഷ്മിയുടേത്. എഴുത്തിലും ആഖ്യാനത്തിലും പുതിയൊരു ഭാവുകത്വം കൊണ്ടുവന്ന രാജലക്ഷ്മിയില്‍നിന്ന് വായിച്ചെടുക്കാന്‍ ഒരുപാടുണ്ട്. 

വീട്, കുടുംബം 

എറണാകുളത്തെ കാരിക്കാമുറിയില്‍ മാരാത്ത് വീട്ടില്‍ അഭിഭാഷകനായ അച്യുതമേനോന്റെയും കുട്ടിമാളു അമ്മയുടേയും മകളാണ് രാജലക്ഷ്മി. അഞ്ചു മക്കളില്‍ ഇളയവള്‍. 1930 ജൂണ്‍ 2-ന് പാലക്കാട്ടെ ചെര്‍പ്പുളശ്ശേരിയില്‍ തേക്കത്ത് അമയങ്കോട് തറവാട്ടിലാണ് ജനനം. 

എറണാകുളം ഗവ. ഗേള്‍സ് ഹൈസ്‌ക്കൂള്‍, മഹാരാജാസ് കോളേജ്, തിരുവനന്തപുരം  യൂണിവേഴ്സിറ്റി കോളേജ്, ബനാറസ് ഹിന്ദുസര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നാണ് വിദ്യാഭ്യാസം നേടിയത്. മഹാരാജാസില്‍നിന്നാണ് ഇന്റര്‍മീഡിയറ്റും ഫിസിക്സില്‍ ബിരുദവും കരസ്ഥമാക്കിയത്. ബനാറസ് ഹിന്ദു കോളേജില്‍നിന്നും ഫിസിക്സില്‍ എം.എസ്.സി. ബിരുദം നേടിയ രാജലക്ഷ്മി ആധുനിക വിദ്യാഭ്യാസം നേടിയ ആദ്യതലമുറയിലെ സ്ത്രീകളുടെ പ്രതിനിധിയാണ്.

placeholder
രാജലക്ഷ്മിയും (വലത്ത്) അമ്മയും (മധ്യത്തില്‍)
| ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്

 മുതിര്‍ന്നപ്പോള്‍ അന്തര്‍മുഖയായാണ് കാണപ്പെട്ടതെങ്കിലും കുട്ടിക്കാലത്ത് പ്രസരിപ്പുള്ള, വായാടിയായ പെണ്‍കുട്ടിയായിരുന്നു രാജലക്ഷ്മിയെന്ന് സഹോദരി സരസ്വതിയമ്മ മുമ്പ് എഴുതിയിട്ടുണ്ട്. അഭിഭാഷകനായ അച്ഛനെപ്പോലെ തന്നെയാണ് മകളെന്ന് ധരിച്ച അച്യുതമേനോന്‍ മകളുടേത് വക്കീലാകാന്‍ പറ്റിയ നാവാണെന്ന് പറയുമായിരുന്നു. വീട്ടിലേയും കുടുബത്തിലേയും ഇളയവരും മുതിര്‍ന്നവരുമെല്ലാം അവളെ ഒരുപോലെ ഓമനിച്ചു. കൂടപ്പിറപ്പുകളേക്കാള്‍ വലിയ പ്രായവ്യത്യാസമുണ്ടായിരുന്ന കുട്ടിയോട് മറ്റുള്ളവര്‍ അങ്ങനെ പെരുമാറുന്നതില്‍ കൗതുകപ്പെടാനൊന്നുമില്ലായിരുന്നു. 

എന്നാല്‍ വളരുംതോറും ഏകാകിയായി തീരുകയായിരുന്നു രാജലക്ഷ്മിയെന്ന് പതിയെയാണ് എല്ലാവരും മനസ്സിലാക്കിയത്. ഒരിക്കല്‍ അഞ്ചാംപനി പിടിപെട്ട രാജലക്ഷ്മിയെ അവളാഗ്രഹിച്ച വിധം പരിചരിക്കാന്‍ ചുറ്റിലുമാളുകളുണ്ടായിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളില്‍ പ്രേതസ്വപ്നങ്ങള്‍ കണ്ട് അവള്‍ പേടിച്ചുകൊണ്ടേയിരുന്നു. പോകപ്പോകെ പ്രത്യേകിച്ചൊരു കാരണമില്ലാതേയും ഭയപ്പെടുന്ന അവസ്ഥയായി. 

രാജലക്ഷ്മിയുടെ യൗവനകാലത്താണ് ഏട്ടന്റെ മരണവും സഹോദരിയുടെ വിവാഹജീവിതത്തില്‍ തകര്‍ച്ചയും സംഭവിച്ചത്. മനസ്സില്‍ ഏകാന്തത വളര്‍ന്നുകൊണ്ടേയിരുന്നപ്പോള്‍ അവളുടെ ആഴത്തിലുള്ള ചിന്തകള്‍ക്ക് കുടുംബാംന്തരീക്ഷവും പ്രശ്നങ്ങളും വിഷയങ്ങളായിരിക്കാം. ആത്മസംഘര്‍ഷങ്ങളെ പുറത്തുകാണിക്കാതെ ജീവിതപാതയിലേക്ക് ഉറ്റുനോക്കികൊണ്ടിരുന്ന രാജലക്ഷ്മി പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്ന് അടുത്തറിയാവുന്നവര്‍ പറയുന്നു. 

മറ്റുള്ളവര്‍ക്ക് അടക്കിനിര്‍ത്താനാകാത്തവിധം സംസാരിക്കുന്ന മകളാണ് പിന്നീട് എഴുത്തിലൂടെ വാചാലയായി മാറിയത്. ബാല്യത്തില്‍ തന്നെ അസ്വസ്ഥയാക്കിയ ഏകാന്തത അനുഭവിക്കാന്‍ ഒരുകുട്ടിക്കും സാഹചര്യമുണ്ടാകരുതെന്ന് പിന്നീട് രാജലക്ഷ്മി പറയാന്‍ കാരണം ഉള്ളിലനുഭവിച്ചതു  തന്നെ ആയിരുന്നിരിക്കാം. പ്രസരിപ്പും സംസാരവും നിറഞ്ഞ കുട്ടിയെ എല്ലാവരുമറിയുകയും ഭയവും ഏകാന്തതയും നിറഞ്ഞ കുഞ്ഞുമനസ്സിനെ കാണാതെ പോവുകയും ചെയ്ത തെറ്റിന്റെ ഫലമാണ് യൗവനത്തിലെ ഏകാകിയായി കാണപ്പെട്ട രാജലക്ഷ്മിയെന്നത് പലര്‍ക്കും പിന്നീട് വന്ന തിരിച്ചറിവാണ്. 

രാജലക്ഷ്മി എന്ന അധ്യാപിക

ബിരുദാനന്തരബിരുദത്തിനുശേഷം പെരുന്താന്നി വിമന്‍സ് കോളേജിലാണ് രാജലക്ഷ്മി അധ്യാപനം തുടങ്ങുന്നത്. പന്തളം, ഒറ്റപ്പാലം എന്നിവിടങ്ങളിലെ എന്‍.എസ്.എസ്. കോളേജുകളിലേക്ക് പിന്നീടവര്‍ക്ക് സ്ഥലംമാറ്റം കിട്ടി. നിഷ്‌കളങ്കമായ മുഖവും നീണ്ടുമെലിഞ്ഞ ശരീരവുമുള്ള വലത്തോട്ട് സാരിയുടുക്കുന്ന അധ്യാപിക. പെരുന്താന്നി വിമന്‍സ് കോളേജില്‍ പ്രീ യൂണിവേഴ്സിറ്റിക്ക് പഠിച്ചുകൊണ്ടിരിക്കെ രാജലക്ഷ്മി ടീച്ചറുമായുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ച് സാഹിത്യകാരി ലളിതാംബിക അന്തര്‍ജനത്തിന്റെ മകള്‍ ശ്രീമതി മണികൃഷ്ണന്‍ മുമ്പ് എഴുതിയിട്ടുണ്ട്. 

ഹോസ്റ്റലില്‍ ചേര്‍ന്ന ദിവസം വിഷമിച്ചിരുന്ന ശ്രീമതി മണികൃഷ്ണനെ അടുത്ത് വന്ന് ആശ്വസിപ്പിച്ചത് രാജലക്ഷ്മിയായിരുന്നു. താന്‍ ആരാധിക്കുന്ന എഴുത്തുകാരിയാണ് അധ്യാപികയായി തന്റെ മുന്നിലുണ്ടായിരുന്നതന്ന് അറിഞ്ഞ നിമിഷം അനുഭവപ്പെട്ട ആഹ്ളാദത്തെ കുറിച്ച് അവര്‍ വിവരിക്കുന്നുണ്ട് 'രാജലക്ഷ്മി എന്റെ അധ്യാപിക' എന്ന ലേഖനത്തില്‍. സാഹിത്യകാരിയായ അമ്മയെ കാണിക്കാന്‍ മടിച്ചിരുന്ന ചില കഥകള്‍ ടീച്ചറെ ധൈര്യപൂര്‍വം ഏല്‍പിച്ചിരുന്നു. 'വളരെയേറെ വായിക്കുകയും വളരെയധികം പഠിക്കുകയും ചെയ്താലേ ഒരു നല്ല എഴുത്തുകാരിയാവാന്‍ പറ്റൂ' എന്ന ഉപദേശം നല്‍കിക്കൊണ്ടാണ് വിദ്യാര്‍ഥിനിയെ അധ്യാപിക അന്ന് പ്രോത്സാഹിപ്പിച്ചത്. 

രാജലക്ഷ്മി എന്ന എഴുത്തുകാരി 

തീച്ചൂടുള്ള അക്ഷരങ്ങളായിരുന്നു രാജലക്ഷ്മിയുടേത്. സ്വന്തം ദുഃഖങ്ങളെയടക്കം പശ്ചാത്തലമാക്കിയുള്ള എഴുത്തുകള്‍ വായനക്കാരുടെ മനസ്സില്‍ കനല്‍കോരിയിട്ടു. ദുഃഖഭാരം, അതെപ്പോഴും എഴുത്തില്‍ നിഴലിച്ചുകൊണ്ടേയിരുന്നു. അന്നത്തെ വായനക്കാര്‍ക്കും ആ വേദന ഉള്‍ക്കൊള്ളാനായിരുന്നു. വിദ്യാര്‍ഥിയായിരുന്നപ്പോഴും ജോലിചെയ്യുമ്പോഴും ഏകാകിയായിരിക്കാന്‍ ശ്രദ്ധിച്ച സ്ത്രീയായിരുന്നു രാജലക്ഷ്മി. അവരുടെ ഉള്ളൊഴുക്കുകള്‍ക്ക് ശമനം കിട്ടിയിരുന്നത് എഴുത്തിലൂടെ മാത്രമായിരുന്നിരിക്കാം.

placeholder
രാജലക്ഷ്മി

 1956-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'മകള്‍' എന്ന നീണ്ടകഥയിലൂടെയാണ് രാജലക്ഷ്മി എന്ന എഴുത്തുകാരി ശ്രദ്ധിക്കപ്പെടുന്നത്. എന്‍.വി. കൃഷ്ണവാരിയരായിരുന്നു അക്കാലത്ത് ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍. അതിന് മുമ്പും അവരുടെ ഒരു കഥ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്നിരുന്നു. തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ എന്‍.വി. കൃഷ്ണവാരിയരുടെ സഹപ്രവര്‍ത്തകയായിരുന്നു രാജലക്ഷ്മിയുടെ സഹോദരിയായ സരസ്വതിയമ്മ. സരസ്വതിയമ്മയുടെ ഒരു കുറിപ്പോടെയാണ് 'മകള്‍'എന്ന കഥയുടെ കൈയെഴുത്ത് പ്രതി പത്രാധിപരുടെ പക്കലെത്തുന്നത്. 

സുഹൃത്തിന്റെ കത്ത് തുറന്ന് കഥവായിച്ച കൃഷ്ണ വാരിയര്‍ പിന്നീട് അതേക്കുറിച്ച് എഴുതിയത് ഇങ്ങനെ:

"ആദരണീയയായ ഈ  പൂര്‍വസുഹൃത്തിന്റെ കത്ത് ആ കഥയില്‍ എനിക്ക് താല്‍പര്യം ഉളവാക്കി എന്നത് ശരിയാണ്. എന്നാല്‍, കഥ വായിച്ചുവന്നതോടെ ആ താല്‍പര്യം ഒരാഹ്ളാദവും ഒരത്ഭുതവുമായി പരിണമിച്ചു. ദൂരദര്‍ശിനിയിലൂടെ ആകാശവിസ്തൃതിയില്‍ ഉറ്റുനോക്കിക്കൊണ്ടിരിയ്ക്കുന്ന ഒരു ജ്യോതിശ്ശാസ്ത്രജ്ഞന്, ഭാസ്വരമായ ഒരു താരം തന്റെ വീക്ഷണവലയത്തിന്നകത്തേക്കു നീന്തി വരുന്നതു കാണുമ്പോള്‍ ഉളവാകുന്ന ആനന്ദത്തെപ്പറ്റി ഞാനെവിടെയോ വായിച്ചിട്ടുണ്ട്. ഒരു പത്രപ്രവര്‍ത്തകന്റെ ബഹുധാ വിരസമായ ജീവിതത്തിന് ധന്യതനല്‍കുന്നത് ചിലപ്പോഴെങ്ങാന്‍ കൈവരുന്ന, ഏതാണ്ട് ഏതത്തുല്യമായ, ഒരാനന്ദമത്രേ. ആ ആനന്ദമാണ് അന്ന് ഞാനനുഭവിച്ചത്. മലയാളസാഹിത്യത്തിലേക്ക് ഒരു അജ്ഞാതജ്യോതിസ്സ് അധികാരപൂര്‍വം കടന്നുവരുന്നതായി എനിക്ക് തോന്നി."

തൂലികാനാമം - രാജലക്ഷ്മി

മലയാളത്തിന്റെ എക്കാലത്തേയും മികച്ച പത്രാധിപര്‍ വരെ സാഹിത്യലോകത്തെ പ്രതീക്ഷയായി കണ്ട രാജലക്ഷ്മി, കഥ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ അതില്‍ തന്റെ മുഴുവന്‍ പേര് ചേര്‍ക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. 'രാജശ്രീ' എന്ന പേര് നല്‍കിയാല്‍ മതി എന്നായിരുന്നു എഴുത്തുകാരിയുടെ അഭ്യര്‍ഥന. 'മകള്‍' എന്ന കഥയെഴുതിയ എഴുത്തുകാരി അങ്ങനെയൊരു തൂലികാ നാമത്തില്‍ ഒളിച്ചിരിക്കേണ്ട ആളല്ലെന്ന് മനസ്സിലാക്കിക്കൊണ്ട് ടി.എ. രാജലക്ഷ്മിക്ക് പകരം രാജലക്ഷ്മി എന്ന പേര് നല്‍കിക്കൊണ്ട് പത്രാധിപര്‍ ആ കഥ പ്രസിദ്ധീകരിച്ചു. അത് സഹൃദയലോകം ചര്‍ച്ചചെയ്യുകയും ചെയ്തു. 

'കുമിള' എന്ന ഗദ്യകവിത 1963-ല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ രാജേന്ദ്രന്‍ എന്ന തൂലികാ നാമത്തില്‍ പ്രസിദ്ധീകരിക്കാന്‍ രാജലക്ഷ്മി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാലക്കാര്യത്തല്‍ നിര്‍ബന്ധംപിടിക്കുകയുണ്ടായില്ല. 

രാജലക്ഷ്മിയുടെ ഭാവനാലോകം

'ഒരു വഴിയും കുറേ നിഴലുകളും', 'ഉച്ചവെയിലും ഇളം നിലാവും', 'ഞാനെന്ന ഭാവം' എന്നിവയാണ് രാജലക്ഷ്മിയുടെ നോവലുകള്‍. ഇവ മൂന്നും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചവയാണ്. ആത്മഹത്യ, മാപ്പ്, പരാജിത, ഒരദ്ധ്യാപിത ജനിക്കുന്നു, മകള്‍, സുന്ദരിയും കൂട്ടുകാരും, ശാപം, മൂടുവാന്‍ നാടന്‍, ദേവാലയത്തില്‍, ചരിത്രം ആവര്‍ത്തിച്ചില്ല, തെറ്റുകള്‍, ഹാന്‍ഡ് കര്‍ച്ചീഫ് എന്നിവ കഥകളാണ്. കുമിള, നിന്നെ ഞാന്‍ സ്നേഹിക്കുന്നു എന്നീ ഗദ്യകവിതകളും അഭയവര്‍ണങ്ങള്‍ എന്ന കവിതാസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. 

1960-ല്‍ രാജലക്ഷ്മിക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത ആദ്യനോവലായ 'ഒരു വഴിയും കുറേ നിഴലുകളും' ആദ്യമായി വായിച്ചപ്പോള്‍ തെക്കേ മലബാറിലെ ജീവിതങ്ങളെ എഴുതി അവതരിപ്പിച്ചതിലെ വൈദഗ്ധ്യത്തെ കുറിച്ച് എന്‍.വി., 'രാജലക്ഷ്മി എന്ന എഴുത്തുകാരി' എന്ന ലേഖത്തില്‍ പറയുന്നുണ്ട്. മലബാറില്‍ ജീവിച്ച രാജലക്ഷ്മി അതെഴുതണമെങ്കില്‍ അവരുടെ അസാധാരണമായ ഭാവനാശേഷിയെ കുറിച്ച് അദ്ദേഹം എടുത്തുപറയുന്നുണ്ടതില്‍. 

placeholder
രാജലക്ഷ്മിയുടെ കൃതികള്‍

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കെ ഇടയ്ക്കുവെച്ച് പ്രസിദ്ധീകരണം നിര്‍ത്തിവെച്ച 'ഉച്ചവെയിലും ഇളംനിലാവും' എന്ന നോവലാണ് രാജലക്ഷ്മിയുടെ ഏറ്റവും മികച്ച കൃതി എന്നാണ് എന്‍.വി. അഭിപ്രായപ്പെട്ടത്. നോവലിന്റെ കൈയെഴുത്തുപ്രതി വായിച്ചവരാണ് അന്നത്തെ പത്രാധിപരായ എന്‍.വി. കൃഷ്ണവാരിയരും എം.ടി.യും. 

ചുരുങ്ങിയ കാലയളവില്‍ സഹൃദയരുടെ ഹൃദയത്തിലേക്ക് അത്രമേല്‍ ആഴ്ന്നിറങ്ങിയ വരികള്‍, അതക്കാലത്ത് മറ്റൊരു എഴുത്തുകാരിയില്‍ നിന്നുണ്ടായിരുന്നില്ല. തന്റെ രചനകളിലൂടെ രാജലക്ഷ്മി ആവിഷ്‌കരിച്ച മാതൃകകളില്‍ തന്നെത്തന്നെയോ തനിക്ക് ചുറ്റുമുള്ളവരേയോ ഉള്‍ക്കൊണ്ടെഴുതിയ രാജലക്ഷ്മിക്ക് അതേച്ചൊല്ലി പഴികള്‍ കേള്‍ക്കേണ്ടിവന്നിരുന്നു. 'ഒരു വഴിയും കുറേ നിഴലുകളും' എന്ന കൃതിയിലെ നായികാനായകന്മാര്‍ താനും ഭര്‍ത്താവുമാണെന്ന് ആരോപിച്ചുകൊണ്ട് രാജലക്ഷ്മിയുടെ സുഹൃത്ത് അവര്‍ക്ക് കത്തെഴുതിക്കൊണ്ടിരുന്നു. കത്തെഴുതി പീഡിപ്പിച്ചുകൊണ്ടിരുന്നു എന്നാണ് എന്‍.വി. പിന്നീട് അതേക്കുറിച്ച് എഴുതിയത്. പ്രസ്തുത നോവലിന്റെ രണ്ടാംപതിപ്പ് പ്രസിദ്ധീകരിക്കാന്‍ എഴുത്തുകാരി തീരുമാനിച്ചപ്പോഴാകട്ടെ സുഹൃത്തിന്റെ ഭാഗത്തുനിന്നുള്ള പീഡനം ശക്തിപ്രാപിച്ചു. 

1964-ല്‍ മംഗളോദയം മാസികയുടെ വിശേഷാല്‍പ്രതിയില്‍ രാജലക്ഷ്മിയുടെ കഥ പ്രസിദ്ധീകരിച്ചിരുന്നു. ഇതിലെ നായിക എഴുത്തുകാരിയുടെ മറ്റൊരു സുഹൃത്താണെന്ന് പലരും പ്രചരിപ്പിച്ചു. എന്നാല്‍ ആ സുഹൃത്താകട്ടെ ആരോപണത്തില്‍ ഒരു കഴമ്പും കാണുന്നില്ലെന്ന് പറഞ്ഞ് എഴുത്തുകാരിക്ക് കത്തയച്ചു. എന്നാല്‍ അറിഞ്ഞോ അറിയാതേയോ മറ്റുള്ളവരുടെ ജീവിതത്തെ തന്റെ എഴുത്ത് കഷ്ടത്തിലാക്കുന്നുവെന്ന ചിന്ത രാജലക്ഷ്മിയെ വിഷമിപ്പിച്ചിരുന്നു.

placeholder
രാജലക്ഷ്മിയുടെ പുസ്തകങ്ങള്‍

'ഞാനെന്ന ഭാവം' എന്ന നോവല്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയപ്പോഴാകട്ടെ ഇനി ഇതിലാരുടെ ജീവിതമാണ് എഴുതിയതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സുഹൃത്തുക്കളില്‍നിന്നുണ്ടായി. എന്നാല്‍ ആ നിസാര ചോദ്യങ്ങളെ നേരിടാനുള്ള കരുത്ത് രാജലക്ഷ്മയുടെ മനസ്സിനുണ്ടായിരുന്നില്ല. മനുഷ്യര്‍ക്കെല്ലാം താന്‍ ദ്രോഹം ചെയ്യുകയാണെന്നും താനെഴുതുന്നതെല്ലാം വിഷമായി മാറിക്കൊണ്ടിരിക്കുകയാണെന്നും രാജലക്ഷ്മി ചിന്തിക്കാതിരുന്നില്ല. മനുഷ്യരെ കുറിച്ചെഴുതിയാണ് ശീലം. അവരുടെ വൈകാരികവിക്ഷോഭങ്ങളെ കുറിച്ചെല്ലാമല്ലാതെ തനിക്കെഴുതാന്‍ അറിഞ്ഞുകൂട. 'ഞാന്‍ ഇരുന്നാല്‍ ഇനിയും കഥ എഴുതും. അതുകൊണ്ടിനി ആര്‍ക്കൊക്കെ ഉപദ്രവമാവുമോ? പോട്ടെ' അവസാനമായി സഹോദരിക്കെഴുതിയ കത്തില്‍ എഴുത്തുകാരി ഇങ്ങനെ പറയുന്നു. 

ആഴക്കൂടുതലുള്ള തന്റെ ചിന്തകള്‍, പലപ്പോഴും അമിതമായ ചിന്തനം, ഒരേ സമയം എഴുത്തുകാരിക്ക് അനുഗ്രഹവും ശാപവുമായിത്തീരുകയായിരുന്നു. 

രാജലക്ഷ്മിയുടെ കൃതികളുടെ വായന 

അസ്വസ്ഥമായ മനസ്സിന്റെ ആകുലതകള്‍ രാജലക്ഷ്മിയുടെ കൃതികളില്‍ കാണാം. വളരെ കുറഞ്ഞ ജീവിതപരിചയമുള്ള വ്യക്തിയാണ് മനുഷ്യരെ അത്രമേല്‍ ആഴത്തിലളന്നുകൊണ്ട് എഴുതിയത്. എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരുമ്പോള്‍ ലളിതാംബിക അന്തര്‍ജനവും പാല്‍ക്കുളങ്ങര സരസ്വതിയമ്മയും മാത്രമേ അറിയപ്പെടുന്ന സാഹിത്യകാരികളായി ഉണ്ടായിരുന്നുള്ളൂ. 

വക്കീലായ ശാരദയുടെ കഥയാണ് 'മകള്‍'. രാഷ്ടീയപ്രവര്‍ത്തകനായ അച്ഛനാല്‍ തകര്‍ന്ന കുടുംബമാണതില്‍. 'ഒരുവഴിയും കുറേ നിഴലുകളു'മെന്ന രണ്ടാമത്തെ കൃതിയിലും കുടുംബസാഹചര്യമാണ് കഥാനായികയെ സംഘര്‍ഷത്തിലാക്കുന്നത്. ഓരോ കഥാപാത്രങ്ങളുടെ വികാരങ്ങള്‍ വായനക്കാരന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നവയാണ്. അവയിലെ മനുഷ്യജീവിതങ്ങളുടെ നിസ്സഹായതയും മനസ്സുകളുടെ സങ്കീര്‍ണതയും കഥാപാത്രങ്ങളെ വായനക്കാരന്റെ മനസ്സുകളോടടുപ്പിക്കുന്നു. 

'ആത്മഹത്യ' എന്ന പേരില്‍ ഒരു കഥയെഴുതിയിട്ടുണ്ട് രാജലക്ഷ്മി. ആ കഥ തുടങ്ങുന്നതുതന്നെ 'ആത്മഹത്യ ഭീരുത്വത്തിന്റെ ലക്ഷണമാണ്. കൊള്ളരുതാമയുടേയും ഭീരുത്വത്തിന്റെയും' എന്ന് പറഞ്ഞുകൊണ്ടാണ്. ഭാവനാതീവ്രതയുള്ള എഴുത്തില്‍ സ്വാനുഭവങ്ങളും സാങ്കല്‍പികവും തമ്മിലുള്ള അന്തരം കണ്ടെത്താന്‍ നാം പാടുപെട്ടേക്കാം. ഓരോ കഥാപാത്രസൃഷ്ടിയിലും തന്നെത്തന്നെ കണ്ടുകൊണ്ടാണ് എഴുതിയതെന്ന് തോന്നിപ്പോകും. ഏതാണ് യാഥാര്‍ഥ്യം ഏതാണ് അയഥാര്‍ഥം എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത ഒന്ന്. ഉള്ളില്‍ ചലനങ്ങളുണ്ടാക്കുന്ന ചിന്തകള്‍, അനുഭവങ്ങള്‍, ആരും അനുഭവിക്കാത്ത വിധം അവയില്‍ സ്വയമെരിഞ്ഞുള്ള നീറിപ്പുകയല്‍, അതുണ്ടാക്കുന്ന അസ്വസ്ഥതകളില്‍നിന്ന് രാജലക്ഷ്മി എഴുതിക്കൊണ്ടേയിരുന്നു. എന്തേ അങ്ങനെ ഒരു മരണം അവര്‍ തിരഞ്ഞെടുത്തുവെന്ന് രാജലക്ഷിയോട് ചോദിക്കാന്‍ ഒരു നല്ല സഹൃദയനോ സഹൃദയര്‍ക്കോ ആകില്ല. കാരണം അവര്‍ക്ക് ആ എഴുത്തുകാരിയെ വായിച്ചെടുക്കാന്‍ കഴിഞ്ഞേക്കാമെന്നതുകൊണ്ടുതന്നെ. 

മകള്‍, ഹാന്‍ഡ് കര്‍ച്ചീഫ്, ദേവാലയത്തില്‍, ആത്മഹത്യ എന്നീ കഥകളില്‍ രാജലക്ഷ്മിയുടെ ആത്മകഥാംശങ്ങളുള്ളതായി വേണമെങ്കില്‍ പറയാം. ആത്മാര്‍ഥമായി ജീവിതത്തെ അപഗ്രഥിച്ചുകൊണ്ടാണവര്‍ എഴുതിയത്. 'മകളി'ലെ ശാരദ, 'ഒരു വഴിയും കുറേ നിഴലുകളും' നോവലിലെ മണി, 'ഉച്ചവെയിലും ഇളംനിലാവും' എന്ന രചനയിലെ വിമല, 'ഞാനെന്ന ഭാവ'ത്തിലെ ഓപ്പോള്‍, 'ആത്മഹത്യ'യിലെ നീരജ, 'പരാജിതയിലെ' നിര്‍മല എല്ലാം ഏകാകികളാണ്, കാഥികയെപ്പോലെ. 

മാതൃഭൂമി ആഴ്ചപ്പതിപ്പും രാജലക്ഷ്മിയുടെ രചനകളും

1958 മേയ് 11-നാണ് രാജലക്ഷ്മിയുടെ ആദ്യനേവല്‍ 'ഒരു വഴിയും കുറേ നിഴലുകളും' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയത്. അതുവരെ കഥകളിലൂടെ അവര്‍ വായനക്കാര്‍ക്ക് സുപരിചിതയായി. 

'ഉച്ചവെയിലും ഇളംനിലാവും' എന്ന നോവല്‍ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരണം തുടരുന്നതിനിടെയാണ് ആഴ്ചപ്പതിപ്പിലേക്ക് സരസ്വതിയമ്മയുടെ കത്ത് കിട്ടുന്നത്. നോവല്‍ ഇനി പ്രസിദ്ധീകരിക്കരുതെന്ന അഭ്യര്‍ഥനയായിരുന്നു അതില്‍. നേവല്‍ പൂര്‍ണമായും വായിച്ചത് ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപരായിരുന്ന എം.ടി. വാസുദേവന്‍ നായര്‍ മാത്രമായിരുന്നിരിക്കണം. മനുഷ്യവികാരങ്ങളുടെ കുത്തൊഴുക്കുള്ള ആ കൃതി പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുത്തത് അദ്ദേഹമാണ്. എന്‍.വി.യായിരുന്നു ആഴ്ചപ്പതിപ്പ് പത്രാധിപര്‍. അദ്ദേഹമില്ലാത്തപ്പോഴാണ് എം.ടി.ക്ക് അപേക്ഷ കിട്ടിയത്. വേണമെങ്കില്‍ നിരസിക്കാമായിരുന്ന ആ അഭ്യര്‍ഥന, അവരുടെ ഉള്‍നോവ് മനസ്സിലാക്കിക്കൊണ്ട് എം.ടി. സ്വീകരിച്ചു.  

placeholder
1965 മാര്‍ച്ച് 7-ന് പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പ്

ഇടയ്ക്കുവെച്ച് ഒരു കൃതി നിര്‍ത്തിവെച്ചാല്‍ അത് വായനക്കാരിലുണ്ടാകുന്ന ആഘാതത്തേയും പത്രത്തിന് ജനങ്ങള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളും പരാമര്‍ശിച്ച് പത്രാധിപരായ എന്‍.വി. കൃഷ്ണവാരിയര്‍ അവര്‍ക്ക് മറുപടി അയച്ചിരുന്നു. തല്‍ഫലമായി രാജലക്ഷ്മിയും സരസ്വതിയമ്മയും തങ്ങളുടെ ആവശ്യത്തിലുറച്ചുനിന്ന് തുടരെ കത്തുകളയച്ചുകൊണ്ടേയിരുന്നു. 

എഴുത്തുകാരിയുടെ സുഹൃത്തുക്കള്‍ തങ്ങളെ കുറിച്ചാണ് നോവലില്‍ പറയുന്നതെന്നും അത് അവരുടെ കുംടുംബജീവിതത്തെ ബാധിക്കുന്നുവെന്ന ഭയത്തിലാണെന്നും പറഞ്ഞുകൊണ്ടാണ് നോവലിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടത്. അങ്ങനെ മനസ്സില്ലാമനസ്സോടെ പത്രാധിപര്‍ നോവലിസ്റ്റിന്റെ ആവശ്യംതന്നെ നടപ്പാക്കി. നോവല്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് പത്രാധിപരായ എന്‍.വി. കൃഷ്ണവാരിയര്‍ക്ക് വായനക്കാരില്‍നിന്നും പഴി കേള്‍ക്കേണ്ടിവന്നിരുന്നു. തന്റെ ആ തീരുമാനത്തില്‍ പിന്നീട് രാജലക്ഷ്മി ഖേദം പ്രകടിപ്പിച്ചിരുന്നു. ഈ നോവല്‍ മുഴുവന്‍ പ്രസിദ്ധീകരിക്കുകയാണ് വേണ്ടിയിരുന്നതെന്ന് പിന്നീട് നേരിട്ടുള്ള ഒരു കൂടിക്കാഴ്ചയില്‍ അവര്‍ എന്‍.വി.യോട് പറയുകയുണ്ടായി. 

ആ നോവലിന്റെ അപ്രകാശിത അധ്യായങ്ങള്‍ അന്ന് പകര്‍ത്തിവെക്കേണ്ടതായിരുന്നു, എങ്കില്‍ അതിന്റെ രണ്ടാം പംക്തി വായനക്കാര്‍ക്ക് നഷ്ടപ്പെടില്ലായിരുന്നുവെന്ന് അദ്ദേഹം പിന്നീട് വേദനയോടെ പറഞ്ഞിട്ടുണ്ട്. കാരണം, കൈയെഴുത്തുപ്രതി തിരിച്ചുകിട്ടിയ ഉടനെ രചയിതാവ് അത് കത്തിച്ചുകളയുകയാണുണ്ടായത് ചെയ്തത്. 

ഇനി എഴുത്തുണ്ടാകില്ലെന്ന് അക്കാലത്ത് രാജലക്ഷ്മി എന്‍.വി. കൃഷ്ണവാരിയര്‍ക്ക് കത്തെഴുതി. രണ്ടുവര്‍ഷത്തോളം അവര്‍ ആ വാക്ക് പാലിക്കുകതന്നെ ചെയ്തു. ആരോപണങ്ങളും വിമര്‍ശനശരങ്ങളും തുറന്നെഴുത്തിനെ തളര്‍ത്തിയിരുന്നുവോ? അതുപക്ഷേ ആ എഴുത്തുകാരിയുടെ പിന്‍വാങ്ങലായിരുന്നില്ല. പലരേയും വിഷമിപ്പിച്ചതിനെ തുടര്‍ന്നുള്ള വിഷമം ആയേ നിരീക്ഷിക്കാനാകൂ. ഇടവേള കഴിഞ്ഞ് രാജലക്ഷ്മി വീണ്ടും എഴുതാനാരംഭിച്ചു. എഴുതാതിരിക്കാന്‍ അവര്‍ക്കാകില്ലായിരുന്നു. 

എഴുത്ത് നിര്‍ത്തിവെച്ച രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ ചെറുകഥകളെഴുതി. മാതൃഭൂമി, മംഗളോദയം, തിലകം, ജനയുഗം എന്നിവയില്‍ അവ പ്രസിദ്ധീകരിച്ചു. പിന്നീടാണ് 'ഞാനെന്ന ഭാവം' വരുന്നത്. ആ നോവലും ചര്‍ച്ചയായി. നോവലിന്റെ അടുത്ത അധ്യായത്തിനായുള്ള കാത്തിരിപ്പിലിരുന്ന വായനക്കാര്‍ അറിയുന്നത് എഴുത്തുകാരി ആത്മഹത്യചെയ്ത വാര്‍ത്തയാണ്.

മരിക്കുന്നതിന് കുറച്ചു ദിവസം മുമ്പ് അതായത് 1964 ഡിസംബറില്‍ മാതൃഭൂമി ഓഫീസില്‍ ജോലിചെയ്തുകൊണ്ടിരിക്കുകയായിരുന്ന കൃഷ്ണവാരിയരെ രാജലക്ഷ്മി ഫോണ്‍ ചെയ്തു. ഒന്‍പത് വര്‍ഷത്തെ പരിചയമുണ്ടായിരുന്നെങ്കിലും ഫോണിലൂടെ അവര്‍ സംസാരിച്ചിരുന്നില്ല. കത്തുകളിലൂടെയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. 'ഞാനെന്ന ഭാവം' എന്ന നോവലില്‍ തിരുത്തലുകള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞാണ് ഫോണ്‍കോള്‍ വന്നത്. അതിനായി പിറ്റേ ദിവസം മാതൃഭൂമി ഓഫീസിലെത്തിയപ്പോഴാണ് ഇരുവരും നേരിട്ട് കാണുന്നത്. 

നോവലിന് അവര്‍ പേരുകള്‍ നിര്‍ദേശിച്ചെങ്കിലും 'ഞാനെന്ന ഭാവം' എന്ന പേരുതന്നെ തീരുമാനിക്കുകയായിരുന്നു. നോവലിന്റെ കൈയെഴുത്തുപ്രതി തിരുത്തലുകള്‍ വരുത്തി പിറ്റേന്ന് തിരിച്ചു തരാമെന്ന് പറഞ്ഞ് അവര്‍ വാങ്ങിക്കൊണ്ടുപോയി. പിറ്റേന്ന് കൃഷ്ണവാരിയരുടെ വീട്ടിലെത്തി അത് തിരിച്ചേല്‍പിച്ചു. ഇങ്ങനെ രണ്ടു തവണയാണ് എഴുത്തുകാരിയും പത്രാധിപരും നേരില്‍ കണ്ടത്. ഈ സാഹചര്യത്തിലാണ് 'ഉച്ചവെയിലും ഇളംനിലാവും' പാതിവെച്ച് പ്രസിദ്ധീകരണം നിര്‍ത്തരുതായിരുന്നു എന്ന് എഴുത്തുകാരി അഭിപ്രായപ്പെട്ടത്. 

'ഞാനെന്ന ഭാവ'ത്തിന്റെ രണ്ട് അധ്യായങ്ങള്‍ക്ക് പകരം മറ്റൊരു അധ്യായം രാജലക്ഷ്മി പിന്നീട് ആഴ്ചപ്പതിപ്പിലേക്ക് അയച്ചുകൊടുക്കുകയുണ്ടായി. ഈ നോവല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ നല്‍കേണ്ട പ്രതിഫലത്തെ കുറിച്ചും തന്റെ ചില രചനകള്‍ തമിഴിലേക്ക് തര്‍ജമ ചെയ്യാനായി ആലോചിക്കുന്നതായും അവര്‍ പറഞ്ഞതായി കൃഷ്ണവാരിയര്‍ എഴുതിയിട്ടുണ്ട്. 

രാജലക്ഷ്മിയുടെ ആത്മഹത്യ

1965 ജനുവരി 18. ഒറ്റപ്പാലം എന്‍.എസ്. എസ്. കോളേജ് പതിവുപോലെ ഉണര്‍ന്നു. കലാലയത്തിലെ ക്ലാസ്മുറികള്‍ സജീവമായി. ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന രാജലക്ഷ്മി ഒന്നാം പിരീഡ് കഴിഞ്ഞയുടനെ കോളേജിനടുത്തുള്ള തന്റെ വാടകവീട്ടിലേക്ക് പോയി. അമ്മയും സഹായിയും മാത്രമുള്ള വീട്ടില്‍ അപ്രതീക്ഷിതമായ നേരത്ത് കടന്നുവന്ന അവരെ കുറിച്ച് പിറ്റേന്ന് രാവിലെ പുറംലോകമറിയുന്നത് അവര്‍ മരണപ്പെട്ടു എന്ന വാര്‍ത്തയാണ്. കുളിമുറിയില്‍ കയറി കതകടച്ച രാജലക്ഷ്മി ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരുന്നത് കാണാത്തതിനാല്‍ ചെന്നുനോക്കിയപ്പോള്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിന്റേയും വിഷാദത്തിന്റേയും ദുഃഖഛായയുണ്ടായിരുന്ന ഏകാന്തപഥിക ഒടുവില്‍ അരങ്ങൊഴിഞ്ഞു.  

മരണവാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. ഭാവതീവ്രതയോടെയൊഴുകിയ രാജലക്ഷ്മിയുടെ വരികള്‍ ചെന്നുപതിഞ്ഞ ഹൃദയങ്ങളെല്ലാം ഞെരുങ്ങി. കലാലയ വിദ്യാര്‍ഥികള്‍ പ്രത്യേകിച്ചും പെണ്‍കുട്ടികളാണ് രാജലക്ഷ്മിയുടെ ആത്മഹത്യയില്‍ ഉലഞ്ഞുപോയത്. തങ്ങളെ കുറിച്ചെന്നവണ്ണം എഴുതിയ രാജലക്ഷ്മിയുടെ വിയോഗം വായനക്കാരെ തളര്‍ത്തിക്കളഞ്ഞു. എന്തിനായിരിക്കും അവര്‍ ആത്മഹത്യ ചെയ്തത്? കോളേജില്‍ വിദ്യാര്‍ഥികളുമായോ അധ്യാപകരുമായോ എന്തെങ്കിലും പ്രശ്നമുണ്ടായിക്കാണുമോ? വീട്ടുകാരുമായി എന്തെങ്കിലും വഴക്ക്? പ്രണയനൈരാശ്യം കാരണമാകുമോ അവര്‍ സ്വയം ജീവനൊടുക്കിയത്?  അധ്യാപികയും എഴുത്തുകാരിയുമായ അവര്‍ക്ക് സ്വന്തം കരിയറിനെപ്പറ്റിയുണ്ടായ ആശങ്കകള്‍ വല്ലതും മരണത്തിന് കാരണമായിരിക്കുമോ? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ഉയര്‍ന്നുവന്നു.

മരണവാര്‍ത്ത ഉള്‍ക്കൊള്ളുന്ന സന്ദേശം മാതൃഭൂമി ഓഫീസില്‍ വന്നപ്പോള്‍ എന്‍.വി.ക്ക് ഞെട്ടലായിരുന്നു. എഴുത്തുകാരിയുടെ മരണത്തെ തുടര്‍ന്ന് വിഷാദാര്‍ദ്രമായ നിരവധി കത്തുകളാണ് വായനക്കാര്‍ ആഴ്ചപ്പതിപ്പിലേക്കയച്ചത്. 

placeholder
1965 ജനുവരി 19, 21, 22 തിയതികളില്‍ രാജലക്ഷ്മിയുടെ മരണത്തെ കുറിച്ച് മാതൃഭൂമി നല്‍കിയ വാര്‍ത്തകള്‍ | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്

ഏതൊരു മനുഷ്യന്‍ ആത്മഹത്യചെയ്താലും ഉടലെടുക്കുന്ന നാനാവിധ കാരണങ്ങള്‍ പോലെ രാജലക്ഷ്മിയുടെ ആത്മഹത്യയെ കുറിച്ച് ആളുകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായി. പത്രാധിപരായ എന്‍.വി.യോട് തന്റെ രചനകളെ കുറിച്ചും വ്യക്തിപരമായ പ്രശ്നങ്ങളെ കുറിച്ചുപോലും അവര്‍ തുറന്നുപറഞ്ഞിരുന്നു. തനിക്കും വൃദ്ധയായ അമ്മയ്ക്കും താമസിക്കാന്‍ വീട് പണിയുന്നതിനായി പാലപ്പുറത്ത്, രാജലക്ഷ്മി ജോലിചെയ്തിരുന്ന സ്ഥലത്ത് അവര്‍ സ്ഥലം വാങ്ങിയിരുന്നു. അതില്‍ അവര്‍ കിണര്‍ കുഴിക്കുകയും പുരത്തറയ്ക്കായി കുറ്റിയടിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കത്തുകളില്‍ നിന്നായിരിക്കണം എന്‍.വി. അറിഞ്ഞുകാണുക. 

മരിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് അദ്ദേഹം പിന്നീടെഴുതി. ജീവിക്കാന്‍ മടുപ്പൊന്നും കാണിക്കാതെ പ്രപഞ്ചത്തെ അപ്പാടെ സ്നേഹിച്ച രാജലക്ഷ്മി. നല്ല ജോലിയുണ്ട്. ശമ്പളമുണ്ട്. പ്രശസ്തിയും ആരാധകരും ആവോളം. പിന്നെയെന്തിന് ഈ ആത്മഹത്യ?

placeholder
എം.ടി. വാസുദേവന്‍ നായര്‍, എന്‍.വി. കൃഷ്ണവാരിയര്‍ | ഫോട്ടോ: മാതൃഭൂമി

 മരണകാരണം ഏറെക്കുറേ അറിയാമായിരുന്നത് എന്‍.വി.ക്ക് തന്നെയായിരുന്നു. കാരണം എഴുത്തുകാരിക്ക് കിട്ടിയ കത്തുകളും അവരെഴുതിയ കത്തുകളും എന്‍.വി. വായിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അതിലെ വിവരങ്ങള്‍ പുറത്തുവിടാതിരിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. 

മാതൃഭൂമിയൊഴിച്ച് മറ്റു പത്രങ്ങളെല്ലാം രാജലക്ഷ്മിയുടെ ആത്മഹത്യയിലെ ദുരൂഹതകളെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചു. ഇതില്‍ മനംനൊന്ത് നടന്ന കാര്യങ്ങളെ വിശദീകരിച്ച് രാജലക്ഷ്മിയുടെ സഹോദരി മാതൃഭൂമിക്ക് കത്തെഴുതി. ജനുവരി 22-ലെ മാതൃഭൂമിയില്‍ 'രാജലക്ഷ്മിയുടെ ചരമം' എന്ന ശീര്‍ഷകത്തില്‍ കത്ത് പ്രസിദ്ധപ്പെടുത്തിയിരുന്നു.

'ശ്രീമതി ടി.എ. സരസ്വതിയമ്മ എഴുതുന്നു: എന്റെ അനുജത്തി രാജലക്ഷ്മിയുടെ ദയനീയമായ മരണത്തെപ്പറ്റി പത്രങ്ങളില്‍ കണ്ട നിര്‍ദയമായ പരസ്യചര്‍ച്ചയാണ്, എത്രയും ഹൃദയവേദനയോടുകൂടിയാണെങ്കിലും ഇതെഴുതുവാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. അവളുടെ ഈ ദുരന്തത്തിനു പ്രേരിപ്പിച്ചത് അവളുടെ കൂട്ടുകാര്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്ന ചിലരാണെന്ന വസ്തുത വ്യക്തമാക്കേണ്ടത് എന്റെ കടമയാണ്. തങ്ങളുടെയും കാഥികയുടെയും പരിചയമണ്ഡലത്തില്‍പ്പെട്ടവരുടെ ജീവിതരഹസ്യങ്ങളെ ആസ്പദമാക്കി കഥകളെഴുതി പ്രശസ്തിയും പണവും സമ്പാദിക്കുകയാണ് അവള്‍ ചെയ്യുന്നതെന്ന അവരുടെ അന്യായമായ ആരോപണം, പരപീഢ സഹിക്കാനാവാത്ത അവളുടെ ഹൃദയത്തെ നിരന്തരം മഥിച്ചതിന്റെ ഫലമായാണ് രാജലക്ഷ്മി ഇഹലോകവാസംവെടിഞ്ഞതെന്ന് മരണത്തിനു മുമ്പ് അവള്‍ എനിക്കെഴുതിവെച്ചിരുന്ന കത്തില്‍ നിന്നുള്ള താഴെ കൊടുക്കുന്ന ഉദ്ധരണങ്ങള്‍ തെളിയിക്കുന്നുണ്ട്. 

'സത്തി, ഇതുവലിയ ദ്രോഹമാണെന്ന് എനിക്കറിയാം സത്തി. എന്നോടു ക്ഷമിക്കുക. അമ്മയെ എങ്ങനെയെങ്കിലും  ഒന്നു പറഞ്ഞു സമാധാനിപ്പിക്കൂ... ഇതൊക്കെ ദ്രോഹമാണെന്ന് എനിക്കറിയാം സത്തി. അമ്മയോടും സത്തിയോടും ചെയ്യുന്ന ദ്രോഹം. പക്ഷേ എനിക്കിതു വയ്യ സത്തി ...യുടെ ഒരെഴുത്ത് ഇതൊന്നിച്ചുണ്ട്. മനുഷ്യര്‍ക്കെല്ലാവര്‍ക്കും എന്നൊക്കൊണ്ട് ഉപദ്രവമാണെങ്കില്‍... എനിക്കങ്ങനെയല്ലാതെ കഥയെഴുതാന്‍ അറിഞ്ഞുകൂടാ സത്തി.'

രാജലക്ഷ്മിയെ ആത്മഹത്യയിലേക്കു നയിച്ച സാഹചര്യത്തെക്കുറിച്ച് ജ്യേഷ്ഠത്തി ടി.എ. സരസ്വതിയമ്മ മാതൃഭൂമി പത്രാധിപര്‍ക്ക് അയച്ച കത്ത് അവസാനിക്കുന്നതിങ്ങനെ:
'ഒന്നെനിക്കു തുറന്നുപറയുവാന്‍ കഴിയും. യഥാര്‍ത്ഥ ജീവിതവുമായി ഇത്ര കുറച്ചുമാത്രം നേരിട്ടു പരിചയമുള്ള ഒരു കഥാകൃത്തും ഉണ്ടായിട്ടുണ്ടാവില്ല. എങ്കിലും അസാധാരണമായ കല്‍പ്പനാശക്തി അവളെ അനുഗ്രഹിച്ചിരുന്നു. അതിനാല്‍ അവള്‍ എഴുതുന്ന എന്തിലും തങ്ങളുടെയോ തങ്ങളുടെ പരിചിതരുടെയോ ജീവിതാനുഭവ പ്രതിച്ഛായകള്‍ കാണുവാന്‍ പലരും പ്രേരിതരായിരുന്നു. അദ്വിതീയമായ ഈ ഭാവനാശക്തി നല്‍കി ഈശ്വരന്‍ അവളെ അനുഗ്രഹിച്ചതാണ് അവള്‍ക്ക് അല്ല ഞങ്ങള്‍ക്ക് ഇത്രയും വലിയ ശാപമായി പരിണമിച്ചത്. അസാധാരണമായ സംവേദനശക്തിമൂലം അന്യര്‍ക്കു താന്‍ ഉപദ്രവമാകുന്നു എന്ന വിചാരംപോലും അവള്‍ക്കു സഹിക്കാന്‍ സാധിച്ചിരുന്നില്ല. അവളുടെ ചില സുഹൃത്തുക്കള്‍ സുഹൃത്തുക്കളെന്നു നടിച്ചവര്‍ ആകട്ടെ, അവളുടെ ഈ ദൗര്‍ബല്യമുപയോഗപ്പെടുത്തി അവളെ ദ്രോഹിച്ചുവന്നു. ഒരുപക്ഷേ, അവരറിഞ്ഞിരിക്കില്ല, അവര്‍ ചെയ്തിരുന്നതെന്തെന്ന്. ഈശ്വരന്‍ അവര്‍ക്കു മാപ്പുകൊടുക്കട്ടെ.' 

വിമര്‍ശനങ്ങളെ നിസ്സംഗമായി കാണാന്‍ രാജലക്ഷ്മിക്ക് കഴിഞ്ഞില്ല. സുഹൃത്തുക്കളുടെ നിസ്സാരമായ അഭിപ്രായത്തിനുപോലും വളരെയധികം വിലകല്‍പിച്ച രാജലക്ഷ്മിയുടെ ജീവിതത്തെ ദുരന്തത്തിലെത്തിച്ചത് അവരുടെ ഈ ഹൃദയദൗര്‍ബല്യമായിരുന്നുവെന്ന് എന്‍.വി. എഴുതുന്നു. വിമര്‍ശനങ്ങളെ അവഗണിക്കാനുള്ള കരുത്ത് എഴുത്തുകാര്‍ക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമാണെങ്കിലും ജീവിതത്തില്‍നിന്നുള്ള വെറുമൊരു ഒളിച്ചോട്ടമായിരുന്നില്ല രാജലക്ഷ്മിയുടെ മരണം. സാമൂഹികമാധ്യമങ്ങളുടെ ആധിപത്യമില്ലാതിരുന്ന ഒരു കാലത്ത് സമൂഹമെയ്ത ആരോപണശരങ്ങളേറ്റ് വീണുപോയ വെറുമൊരു ദുര്‍ബലഹൃദയയായോ അവരെ കാണാനാകില്ല. 

'ഇങ്ങനെയല്ലാതെ എനിക്ക് എഴുതാനറിയില്ല. എഴുതാതെയിരിക്കാന്‍ തനിക്കൊട്ടും ആവുകയുമില്ല', 'ഞാനിരുന്നാല്‍ ഇനിയും കഥയെഴുതും. അതിനി ആര്‍ക്കൊക്കെ ഉപദ്രവമാകുമോ? ഞാന്‍ പോട്ടെ' എന്ന ഒരു കലാകാരിയുടെ ആകുലതയിലും സഹനത്തിനുമൊടുവിലാണ് ജീവിതം അവസാനിപ്പിക്കാം എന്ന ആ തീരുമാനം ഉടലെടുത്തിരിക്കുക. 

placeholder
സഹോദരി സരസ്വതിയമ്മയ്ക്കും അവരുടെ മകനുമൊപ്പം രാജലക്ഷ്മി | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്

എം.ടി. വാസുദേവന്‍ നായരുടെ പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കത്തില്‍ ഏറെ ആഹ്ലാദവും സംതൃപ്തിയും നല്‍കിയ അനുഭവം രാജലക്ഷ്മിയുടെ 'മകള്‍' എന്ന നീണ്ടകഥയുടെ കൈയെഴുത്തുപ്രതി വായിച്ചപ്പോഴാണെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. എഴുത്തുകാരിയുടെ അപ്രതീക്ഷിത മരണം അദ്ദേഹത്തേയും ദുഖത്തിലാഴ്ത്തി. സാഹിത്യത്തില്‍ കൊടുമുടികള്‍ കീഴടക്കുമായിരുന്ന എഴുത്തുകാരി ആത്മഹത്യചെയ്തു എന്നദ്ദേഹം കുറിച്ചു. 

തന്റെ തലമുറയിലെ പ്രതിഭാശാലിയായ എഴുത്തുകാരിയാണ് രാജലക്ഷ്മിയെന്ന് എം.ടി. എഴുതിയിട്ടുണ്ട്. സങ്കല്‍പവും ഭാവനയുമെല്ലാം കൂടിക്കലര്‍ന്ന അവരുടെ സാഹിത്യജീവിതത്തില്‍നിന്ന് വിഭിന്നമായിരുന്നു യഥാര്‍ഥ ജീവിതം. അവിടെനിന്നുമുണ്ടായ മൂര്‍ച്ചയുള്ള വാക്കുകളാണ് ജീവിതമവസാനിപ്പിക്കാനുണ്ടായ കാരണങ്ങളിലൊന്ന്. ഏകാന്തതയും ഏകാഗ്രതയും അളന്നുകുറിച്ച് രാജലക്ഷ്മി സ്വയം മറഞ്ഞുപോയ കഥ നാം മറന്നുപോകാന്‍ പാടില്ലാത്തതാണ്. 

ജീവിതത്തെ സ്നേഹിച്ച രാജലക്ഷ്മി സൃഷ്ടിച്ച കഥാപാത്രങ്ങളും ജീവിക്കാന്‍ ആഗ്രഹിച്ചവരാണെന്ന നിരീക്ഷണങ്ങള്‍ സാഹിത്യലോകത്ത് വ്യാപകമാണ്. നല്ലൊരു വായനക്കാരന് ആ കൃതികളില്‍ ദുഃഖഭാവം തളംകെട്ടി കിടക്കുന്നത് കാണാനാകും. സങ്കടങ്ങളില്‍നിന്നല്ലാതെ മറ്റെന്തില്‍നിന്നാണ് എഴുത്തുണ്ടാകുന്നതെന്ന ചോദ്യം അവിടെ അന്വര്‍ഥമാകുന്നു.