
ഏഷ്യന്‍ ഗെയിംസ് കവര്‍ ചെയ്യാനുള്ള അവസരം ലഭിച്ചപ്പോള്‍ തന്നെ മനസില്‍ കടന്നുവന്ന പേരാണ് കിം കി ഡുക്ക്. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലൂടെ മലയാള സിനിമാപ്രേമികള്‍ നെഞ്ചിലേറ്റിയ പേര്. കിം കി ഡുക്ക് സിനിമകളുടെ ഇഷ്ടക്കാരായ എണ്ണമറ്റ മലയാളികളുടെ കൂട്ടത്തിലൊരുവനാണ് ഞാനും. 'ദ ഐയ്‌ലും, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്‍ഡ് സ്പ്രിങും ബാഡ് ഗൈയുമൊക്കെ കണ്ട് കിം സിനിമകളെ ഇഷ്ടപ്പെട്ടതാണ്. ഏഷ്യന്‍ ഗെയിംസ് റിപ്പോര്‍ട്ടിങിനിടയില്‍ സ്‌പോര്‍ട്‌സിനു പുറമേ എന്തെങ്കിലുമൊക്കെ എഴുതണമെന്നുള്ള തയ്യാറെടുപ്പില്‍ ആദ്യം മനസില്‍ വന്നത് മലയാളികളുടെ സ്വന്തം കിം കി ഡുക്കു തന്നെ. ഏഷ്യന്‍ ഗെയിംസ് കവര്‍ ചെയ്യാനുള്ള ദക്ഷിണ കൊറിയയിലേക്കുള്ള യാത്ര ഇഷ്ടസംവിധായകന്റെ നാട്ടിലേക്കുള്ള യാത്ര എന്ന ഡബ്ള്‍ ധമാക്ക കൂടിയായി.
ഏഷ്യന്‍ ഗെയിംസ് തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞു. സാഹചര്യങ്ങളുമായി ഒരു വിധം പൊരുത്തപ്പെട്ടു. വേദികളില്‍നിന്നു വേദികളിലേക്കുള്ള ഓട്ടത്തിനിടെ കിം കി ഡുക്കിനെക്കുറിച്ചുള്ള ഓര്‍മകളും എത്തി. ഇഞ്ചിയോണില്‍ ടെന്നീസ്, സ്‌ക്വാഷ് മത്സരങ്ങള്‍ അരങ്ങേറിയത് യോരും എന്ന സ്ഥലത്താണ്. അടുത്തടുത്തായാണ് രണ്ട് കോര്‍ട്ടുകളും. യോരുമില്‍വെച്ചാണ് കിം കി ഡുക്കിനെക്കുറിച്ച് തിരക്കാനുള്ള ആദ്യ അവസരമൊരുങ്ങിയത്.
സ്‌ക്വാഷില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളായ ദീപിക പള്ളിക്കലും ജോഷ്‌ന ചിന്നപ്പയും ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്ന ദിവസം. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ അന്നത്തെ ഏരിയ യോരുമിലായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജോഷ്‌നയും ദീപിക പള്ളിക്കലും ഏറ്റുമുട്ടുന്നുവെന്നതായിരുന്നു ഒരു പ്രത്യേകത. വാശിയും വീറുമുള്ള പോരാട്ടത്തെ തീ പാറുന്ന പോരാട്ടമെന്ന് നമ്മള്‍ വിശേഷിപ്പിക്കാറില്ലേ. അന്ന് യോരുമിലെ സ്‌ക്വാഷ് കോര്‍ട്ടില്‍ രണ്ടു കൂട്ടുകാര്‍ നടത്തിയത് യഥാര്‍ത്ഥത്തില്‍ തീ പാറുന്ന പോരാട്ടമാണ്. രണ്ടു മാസം മുമ്പ് ഇരുവരും ചേര്‍ന്ന് ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയതാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ സ്‌ക്വാഷില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡലായിരുന്നു അത്.
ഏഷ്യന്‍ ഗെയിംസില്‍ ഒരു വ്യക്തിഗത മെഡല്‍ ഉറപ്പിക്കുകയെന്ന ചരിത്രനേട്ടത്തിനായി ഇരുവരും കയ്യും മെയ്യും മറന്ന് പൊരുതി. അവസാന വിജയം ദീപികയ്‌ക്കൊപ്പമായി. അന്ന് ദീപികയുടെ പിറന്നാള്‍ദിനം കൂടിയായിരുന്നു. മത്സരശേഷം ദീപികയോട് സംസാരിച്ചു. സെമിയിലും വിജയാശംസകള്‍ നേര്‍ന്നു. യോരുമില്‍നിന്ന് മീഡിയ സെന്ററിലേക്കുള്ള ബസ് വരാന്‍ ഒരു മണിക്കൂറോളം സമയമുണ്ട്. അവിടുത്തെ കാഴ്ചകള്‍ കണ്ടു നില്‍ക്കുന്നതിനിടെയാണ് വൊളണ്ടിയര്‍ പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. ചൈനയില്‍ ഉപരിപഠനത്തിനായി ഒരുങ്ങുകയാണ് പെണ്‍കുട്ടി. ചൈനയ്ക്ക് പോകാന്‍ ഒന്നു രണ്ടു മാസം സമയമുണ്ട്. അതിനിടയിലാണ് വൊളണ്ടിയര്‍ ദൗത്യം ഏറ്റെടുത്തത്.
പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ ചര്‍ച്ച സിനിമയിലേക്കായി. ചൈനയിലൊക്കെ പഠിക്കാന്‍ പോകുന്നതല്ലേ? കുട്ടിയോട് കിം കി ഡുക്കിനെക്കുറിച്ച് ചോദിച്ചാലോ? ആള് സിനിമയൊക്കെ കാണും. കിം കി ഡുക് സിനിമകള്‍ കാണാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയില്ല. വീണ്ടും ചോദിച്ചപ്പോഴാണ് കുട്ടിക്ക് കിം കി ഡുക്കിനെക്കുറിച്ച് ധാരണയൊന്നുമില്ല. അവസാനം സുല്ലു പറഞ്ഞു പിരിഞ്ഞു. പെണ്‍കുട്ടിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ? എല്ലാവരും എല്ലാ സിനിമയും കാണണമെന്നും എല്ലാ സംവിധായകരെയും അറിയണമെന്നും ഇല്ലല്ലോ? ഏതായാലും ആദ്യ കിം കി ഡുക്ക് ദൗത്യം പൊളിഞ്ഞു പാളീസായി. ഏഷ്യന്‍ ഗെയിംസുപോലെ ഇന്ത്യക്ക് എന്നും മത്സരങ്ങളും മെഡല്‍ വരവുമുള്ള ഒരു മേളയില്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചിട്ട് കിം കി ഡുക്കിനെ തിരക്കി പോകാനുള്ള സമയമോ സാഹചര്യമോ ഇല്ല താനും. ഏതായാലും ദിവസങ്ങള്‍ ഇനിയുമുണ്ടല്ലോ? നോക്കുക തന്നെ.
അടുത്ത കിം കി ഡുക് അനുഭവം ഇഞ്ചിയോണ്‍ മുഖ്യ സ്റ്റേഡിയത്തിലെ മീഡിയ സെന്ററില്‍വെച്ചാണ്. മുമ്പ് പറഞ്ഞതുപോലെ ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന, സമാപനചടങ്ങുകളും ഗെയിംസിലെ ഗ്ലാമര്‍ ഇനമായ അത്‌ലറ്റിക്‌സ് മത്സരങ്ങളും നടന്നത് ഇഞ്ചിയോണ്‍ മുഖ്യ സ്റ്റേഡിയത്തിലാണ്. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ കവര്‍ ചെയ്യുന്നതിനായി ഒരാഴ്ചയോളം അവിടെ ചിലവഴിക്കേണ്ടി വന്നു. പ്രധാന മത്സരങ്ങള്‍ കഴിഞ്ഞതിനുശേഷം മീഡിയ സെന്ററില്‍വെച്ച് താരങ്ങളുമായി മുഖാമുഖമുണ്ട്. താരങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും സഹായിക്കാനായി പരിചയസമ്പന്നരായ നിരവധി വൊളണ്ടിയര്‍മാരുമുണ്ട്. അവിടെവെച്ചാണ് വൊളണ്ടിയറായി എത്തിയ ഒരു അധ്യാപികയെ പരിചയപ്പെട്ടത്. കക്ഷി ഇംഗ്ലീഷ് അധ്യാപികയാണ്. ഓസ്‌ട്രേലിയയില്‍ ഉപരിപഠനമൊക്കെ കഴിഞ്ഞ ആളാണ്. ഇന്ത്യക്കാരും മലയാളികളുമായ നിരവധി സുഹൃത്തുക്കളുമുണ്ട്. അതിനാല്‍ നമ്മളോട് വലിയ സൗഹൃദത്തിലായി.
സംസാരത്തിനിടിയില്‍ ഇവിടെയും സിനിമ കടന്നുവന്നു. പുള്ളിക്കാരിക്കും സിനിമയൊക്കെ ഇഷ്ടമാണ്. ഹോളിവുഡ് സിനിമകളടക്കം കാണുകയും ചെയ്യും. പക്ഷേ, കിം കി ഡുക്കിന്റെ കാര്യത്തില്‍ നിസ്സഹായയാണ്. കാരണം ആദ്യസംഭവത്തിലേതു തന്നെയാകാം. അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെ ഒരിക്കല്‍ തിരുവനന്തപുരം കൈരളി തിയേറ്ററിന്റെ മുന്നിലെ ഫുട്പാത്തിലൂടെ നടക്കാനിറങ്ങിയ കിം കി ഡുക്കിനെ ബ്ലോക്കില്‍പെട്ടു കിടന്ന കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരന്‍ 'ഹലോ കിം കി ഡുക്കേ' എന്ന് വിളിച്ച് അഭിവാദ്യം ചെയ്തതും പുള്ളി അന്തംവിട്ട് നോക്കി നിന്നതുമൊക്കെ വായിച്ചതോര്‍ത്ത് അപ്പോള്‍ തലയില്‍ കൈവച്ചുപോയി.
നമ്മള്‍ മലയാളികള്‍ ആഘോഷിക്കുന്ന കിം കി ഡുക്കിനെ സ്വന്തം നാട്ടില്‍ അറിയാത്ത ആളുകളുമുണ്ട്. പ്രവാചകന്മാര്‍ സ്വന്തം നാട്ടില്‍ ആദരിക്കപ്പെടുകയില്ലെന്ന വാക്യം എത്ര ശരിയാണ്. കിം കി ഡുക്ക് നിര്‍മിച്ച് ശിഷ്യന്‍ ജൂന്‍ ജയ്-ഹോങ് സംവിധാനം ചെയ്ത 'പൂങ്‌സാന്‍' എന്ന സിനിമയുടെ ഓര്‍മകളുണര്‍ത്തുന്ന സംഭവവും ഇഞ്ചിയോണ്‍ വാസത്തിനിടെ ഉണ്ടായി. മീഡിയ വില്ലേജില്‍ താമസിക്കുന്ന ഉത്തര കൊറിയന്‍ പ്രതിനിധികളും വില്ലേജിലെ ഭക്ഷണശാലയിലെ പെണ്‍കുട്ടിയുമാണ് ഇതിലെ കഥാപാത്രങ്ങള്‍. അതെക്കുറിച്ച് പിന്നാലെ പറയാം.
ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് തുടങ്ങുന്നതിനു മുമ്പ് ഉത്തര കൊറിയ ഗെയിംസില്‍ മത്സരിക്കുമോ എന്നതിനെക്കുറിച്ച് അനിശ്ചിതത്വമുണ്ടായിരുന്നു. ഗെയിംസിന് മുന്നോടിയായി അത് വലിയ വാര്‍ത്തയുമായിരുന്നു. ഒടുവില്‍ കാര്‍മേഘങ്ങള്‍ നീങ്ങി. യുദ്ധം വിഭജിച്ച സഹോദരങ്ങള്‍ ഇഞ്ചിയോണിലെത്തുമെന്ന് ഉറപ്പായി. ലോകമാധ്യമങ്ങള്‍ അത് ആഘോഷിക്കുകയും ചെയ്തു.
വിധി വേര്‍പിരിച്ച ഉത്തര കൊറിയന്‍ സഹോദരങ്ങളോട്, ദക്ഷിണ കൊറിയക്കാര്‍ക്കുള്ള സ്‌നേഹം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നതായിരുന്നു ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഏറ്റവും കൈയടികിട്ടിയത് ഉത്തര കൊറിയന്‍ അത്‌ലറ്റുകള്‍ക്കായിരുന്നു. സ്വന്തം സഹോദരങ്ങളെ നേരിട്ട് കണ്ട ദക്ഷിണ കൊറിയക്കാര്‍ അവര്‍ക്കായുള്ള സ്‌നേഹം കൈയടികള്‍കൊണ്ട് സമ്മാനിച്ചു. പക്ഷേ, ഉത്തര കൊറിയക്കാര്‍ക്ക് തിരിച്ച്
അത്രയും സ്‌നേഹമുണ്ടോ? അതോ ആ സ്‌നേഹം പരസ്യമായി പ്രകടിപ്പിക്കാന്‍ സാധിക്കാത്തതാണോ?
ഏതായാലും പൂങ്‌സാനിലേക്കും മീഡിയ വില്ലേജിലെ ഭക്ഷണശാലയിലേക്കും തിരികെ വരാം. യുദ്ധം വേര്‍തിരിച്ച കൊറിയകളുടെ ഏകീകരണം കിം കി ഡുക്കിന്റെ സ്വപ്നമായിരുന്നുവെന്നും ശിഷ്യന്‍ ജയ് ഹോങിന്റെ പുസാനിലൂടെ അദ്ദേഹം അത് വെളിപ്പെടുത്തുകയായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇരു കൊറിയകളിലുമായി വേര്‍പെട്ടു കഴിയുന്ന കൊറിയന്‍ സഹോദരങ്ങളുടെ ഇടയിലെ പാലമായിരുന്നു പൂങ്സാന്‍ സിനിമയിലെ പേരില്ലാത്ത നായകന്‍. അവസാനം ഒരു ദൗത്യത്തിനിടയില്‍ പിടിക്കപ്പെടുന്ന അയാള്‍ ദുരന്തനായകനാകുകയാണ്.
മീഡിയ വില്ലേജിലെ ഉത്തര കൊറിയക്കാര്‍ മറ്റുള്ള ആരുമായും ഒരു ഇടപെടലുമില്ല. സദാ ഗൗരവത്തിലാണ് അവരുടെ നടപ്പ്. കൃത്യമായ ഒരു യൂണിഫോമാണ് എല്ലാ ദിവസവും അവര്‍ ധരിച്ചിരുന്നത്. മീഡിയ വില്ലേജില്‍ കണ്ട അന്നു മുതല്‍ തിരിച്ചു പോരുന്നതുവരെ അതിന് ഒരു മാറ്റവുമില്ല. അതിനൊപ്പം ശ്രദ്ധിച്ചതാണ് ഒരു ദിവസം പോലും അവരുടെ മുഖത്ത് ചെറുപുഞ്ചിരി പോലും വിടര്‍ന്നിട്ടുിമില്ല.
ഭക്ഷണശാലയിലെ വൊളണ്ടിയര്‍ പെണ്‍കുട്ടികള്‍ സദാ പുഞ്ചിരിക്കുന്ന മുഖവുമായാണ് നില്‍ക്കുന്നത്. ഭക്ഷണശാലയിലേക്ക് പ്രവേശിക്കുമ്പോള്‍ തല കുനിച്ച് 'അന്യാഹസായോ'യും(ഹലോ, ഹായ്) ഭക്ഷണം കഴിഞ്ഞിറങ്ങുമ്പോള്‍ കംസാ-അനിദായും(നന്ദി) പറയുമ്പോഴുള്ള അവരുടെ ചെറുപുഞ്ചിരി ഹൃദയത്തില്‍ നിന്നു വരുന്നതാണെന്നു വ്യക്തം. ഒരു ദിവസം ഉത്തര കൊറിയന്‍ പ്രതിനിധികള്‍ ഭക്ഷണം കഴിച്ചിറങ്ങിയതിനു പിന്നാലെയാണ് ഞാനും പുറത്തിറങ്ങിയത്. വാതില്‍ക്കല്‍ നില്‍ക്കുന്ന വൊളണ്ടിയര്‍ പെണ്‍കുട്ടി അവരെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു. ഒപ്പം തലകുനിച്ച് നന്ദിയും പറഞ്ഞു.
ഉത്തര കൊറിയന്‍ പ്രതിനിധികളാകട്ടെ ഇതൊന്നും ഞങ്ങളോടല്ലെന്ന ഭാവത്തില്‍ അവഗണിച്ചുകൊണ്ട് പുറത്തേക്ക് പോയി. ഇരുമ്പുമറ കൊണ്ട് വേര്‍തിരിക്കപ്പെട്ട സഹോദരങ്ങളുടെ നേര്‍സാക്ഷ്യമാണ് അന്നവിടെ കണ്ടത്. ഉത്തര കൊറിയന്‍ പ്രതിനിധികള്‍ക്ക് ദക്ഷിണ കൊറിയയിലെ ആ കൊച്ചു സഹോദരിയോട് സ്‌നേഹമില്ലാത്തതാണോ? അതോ അവര്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ ഭയപ്പെടുന്നതാണോ? ഓരോരോ ജീവിതങ്ങള്‍. കണ്ടുനില്‍ക്കുന്നവരേക്കാള്‍ അനുഭവിക്കുന്നവര്‍ക്കു മാത്രം അറിയാവുന്ന സത്യങ്ങള്‍.
ഗെയിംസിലെ തിരക്കുകള്‍ക്കിടയില്‍ എന്റെ കിം കി ഡുക്ക് അന്വേഷണങ്ങള്‍ കൂടുതല്‍ മുന്നോട്ടു പോയില്ലെന്നതാണ് വാസ്തവം. 2020 ഡിസംബറില്‍ കോവിഡിന്റെ അനുബന്ധ പ്രശനങ്ങളെത്തുടര്‍ന്ന് കിം കി ഡുക്കിന്റെ വിയോഗവാര്‍ത്ത അറിഞ്ഞപ്പോള്‍ ഇഞ്ചിയോണിലെ നടക്കാതെ പോയ ദൗത്യം ഓര്‍ത്തുപോയി. കെ പോപ്പും കൊറിയന്‍ ഡ്രാമയുമൊക്കെ അരങ്ങു തകര്‍ക്കുമ്പോഴും ദക്ഷിണ കൊറിയ എന്ന പേരു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയില്‍ വരുന്ന പേരുകളിലൊന്നാണ് കിം കി ഡുക്കിന്റേത്.
Content Highlights: P.J. Jose writes memories of Incheone Asian games
Published: 01 Jan 2025, 05:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented