ബസ് ഇപ്പോള്‍ പുഴക്കാട്ടീരി അങ്ങാടിയിലെത്തി കിതപ്പാറ്റുകയാണ്. വിദ്യാര്‍ഥികളും മറ്റു യാത്രക്കാരും ഇടമില്ലാത്ത ബസ്സിലേക്ക് ഇടമുണ്ടാക്കി തള്ളിക്കയറുകയാണ്. ഇവിടെ ആളിറങ്ങാനുള്ളത് കൊണ്ടാണ് ബസ് നിര്‍ത്തിയത്. ഇല്ലെങ്കില്‍ വിദ്യാര്‍ഥികളെ കയറ്റാന്‍ മടിച്ച് നിര്‍ത്താതെ പോവുമായിരുന്നു. ഓരോ ബസ് യാത്രയിലും വിദ്യാര്‍ഥികളെ കയറ്റാന്‍ മടിച്ച് ബസ് നിര്‍ത്താതെ മുമ്പോട്ടു പോവുമ്പോള്‍ ഞാനെന്റെ മക്കളെ ഓര്‍ക്കും. അവരില്‍ രണ്ടു പേര്‍ ഇപ്പഴും ബസ്സില്‍ തന്നെയാണ് സ്‌കൂളിലേക്കും കോളേജിലേക്കും പോവുന്നത്. മൂത്ത ആള്‍ ഹോസ്റ്റലിലായതിനാല്‍ അവളെക്കുറിച്ച് ആ ബേജാറില്ല. നിര്‍ത്താതെ പോവുന്ന ബസ്സിനെ നോക്കി സ്റ്റോപ്പില്‍ അന്തംവിട്ട് നില്‍ക്കുന്ന മകളെ ഞാന്‍ ഓര്‍ക്കും. പൊതുവേ ഉള്ളിലേക്ക് വലിയുന്നവളും ഭയങ്കര വൃത്തിക്കാരിയുമായ അവള്‍ തിരക്കുള്ള ബസ്സില്‍ തിക്കിത്തിരക്കി കയറാറില്ല. മകന്‍ കിട്ടുന്ന ബസ്സില്‍ ചാടിക്കയറും. മൂത്തവളും അങ്ങനെ തന്നെ. പക്ഷേ, നടുവിലത്തെ ആള്‍ എന്നും വൈകിയാണ് വീട്ടിലെത്തുന്നത്. മുഴുവന്‍ കാശ് കൊടുത്തിട്ടായാലും ബസ്സില്‍ കയറണമെന്ന് എത്ര പറഞ്ഞാലും അവള്‍ തിരക്കില്‍ നിന്ന് മാറി നില്‍ക്കും. തിരക്കൊഴിഞ്ഞ് നില്‍ക്കാനുള്ള ഇടമേ ഉള്ളൂവെങ്കിലും ചിലപ്പോള്‍ ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോവും.

To advertise here,

എന്നിട്ട് ഒരുവിധം അവള്‍ വീടെത്തിച്ചേരുമ്പോള്‍ നേരം ഒരുപാട് വൈകിയിട്ടുണ്ടാവും. അത്തരത്തില്‍ എത്രയെത്ര കുട്ടികളുണ്ടാവും നമ്മുടെ കേരളത്തില്‍ ബസ് കാത്തുനില്‍ക്കുന്നവരായിട്ട്. വരാന്‍ വൈകുമ്പോള്‍ ഈ കെട്ടകാലത്ത് മക്കളെ ഓര്‍ത്ത് വേവലാതിപ്പെടുന്ന എത്രയെത്ര അച്ഛനമ്മമാര്‍ ഉണ്ടാവും? നില്‍ക്കാനുള്ള ഇടമുണ്ടായിട്ടും അവളുടെ മുമ്പില്‍ നിര്‍ത്താതെ പോയ ബസ്സിനെ നോക്കി അവള്‍ അന്തം വിട്ടുനില്‍ക്കുന്നത് എനിക്കിപ്പോഴും കാണാം. ആ സമയങ്ങളില്‍ ഫോണ്‍ ചെയ്തിട്ടും കാര്യമില്ല. അവള്‍ ഫോണെടുക്കില്ല. വീടെത്തിച്ചേരാനുള്ള വേവലാതി അവളും അവള്‍ വൈകുന്നതിന്റെ വേവലാതി ഞങ്ങളും ഒരേ പോലെ അനുഭവിക്കും. 'ഓള് ചെറിയ കുട്ട്യല്ലല്ലോ ഇങ്ങട്ട് വരും മനുഷ്യാ..' എന്ന് ഭാര്യ പറയുമ്പോള്‍ ഞാന്‍ ഓര്‍ക്കും. ചെറിയ കുട്ടിയായിരുന്നപ്പോള്‍ അവളെയോര്‍ത്ത് ഞാനിത്ര ബേജാറായിട്ടില്ലല്ലോ എന്ന്.

ഞാന്‍ സഞ്ചരിക്കുന്ന ഈ ബസ് പിന്നില്‍ ഉപേക്ഷിച്ചുപോന്ന കുട്ടികളുടെ ഇപ്പോഴത്തെ വേവലാതിയും എനിക്ക് മനസ്സിലാക്കാനാവും. ബസ്സിനുള്ളില്‍ ഇപ്പോള്‍ സൂചി കുത്താനോ നൂലിടാനോ പറ്റാത്തത്ര തിരക്കാണ്. ഈ തിരക്കിനിടയിലും ചില ഞരമ്പ് രോഗികള്‍ വിദ്യാര്‍ഥിനികളുടെ ദേഹത്ത് ചാരി നില്‍ക്കുന്നുണ്ട്. അവരുടെ മുഖം കണ്ടാല്‍ അവരീ ലോകത്തിലേ അല്ലെന്നും, ചൊവ്വയില്‍ ജീവനുണ്ടോ എന്ന ഗഹനമായ ചിന്തയിലുമാണെന്ന് തോന്നിപ്പോവും. എന്നാണ് നമ്മുടെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇത്തരം ഞരമ്പ് ശല്യങ്ങളില്ലാതെ സ്വന്തം ഉടലിനെ സ്വതന്ത്രമാക്കി വിട്ട് ബസ്സിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്യാനാവുക? അത്തരമൊരു കാലമെത്തും വരെ സംസ്‌കാര സമ്പന്നരാണ് നമ്മളെന്ന് പറയാന്‍ നമുക്ക് അവകാശമുണ്ടോ?

പുഴക്കാട്ടീരി കഴിഞ്ഞാല്‍ പിന്നെ പ്രധാന സ്റ്റോപ്പ് അങ്ങാടിപ്പുറമാണ്. അതിനിടയില്‍ വൈലോങ്ങര എന്ന സ്റ്റോപ്പുണ്ട്. അവിടെ നിന്ന് തിരിഞ്ഞാണ് എം.ഇ.എസ് മെഡിക്കല്‍ കോളേജിലേക്ക് വാഹനങ്ങള്‍ പോവുന്നത്. വൈലോങ്ങരയില്‍ ഒരു വൃദ്ധസദനമുണ്ട്. അതിന്റെ കവാടത്തിനപ്പുറം നീണ്ട നടപ്പാതയുണ്ട്. പഴയ നാലുകെട്ടോ മറ്റോ ആണത്. കവാടത്തിനു മുമ്പില്‍ 'വിവാഹമോ പിറന്നാളുകളോ ആഘോഷിക്കുന്നുണ്ടെങ്കില്‍ അത് ഞങ്ങളോടൊപ്പം ആഘോഷിക്കൂ' എന്ന് എഴുതിവെച്ചിട്ടുണ്ട്. പുഴക്കാട്ടീരിക്കും വൈലോങ്ങരയ്ക്കും ഇടയിലാണ് എന്റെ കൂടെ കുറച്ചു കാലം പെയിന്റ് പണിയെടുത്ത രാമചന്ദ്രന്റെ വീട്. അവന്റെ അയല്‍ ദേശങ്ങളിലുള്ള ഒരുപാട് വീടുകള്‍ ഞങ്ങളൊന്നിച്ച് പെയിന്റ് ചെയ്തിട്ടുണ്ട്.

ബസ്സിനുള്ളില്‍ ഇപ്പോള്‍ സുഗന്ധങ്ങളുടെ കോക്ടെയിലാണ്. മൈഗ്രൈന്‍ ഷൂട്ട് ചെയ്താല്‍ ഉടന്‍ കഴിക്കാന്‍ പാകത്തില്‍ ഞാന്‍ വാസോഗ്രെയിന്‍ ടാബ്ലറ്റ് പഴ്‌സില്‍ എപ്പോഴും കരുതാറുണ്ട്. അങ്ങാടിപ്പുറം എത്തും മുമ്പ് മിക്കവാറും അത് വിഴുങ്ങേണ്ടി വരും. പക്ഷേ വെള്ളം കരുതിയിട്ടില്ല, രാവിലെയായതു കൊണ്ട് മറ്റ് യാത്രക്കാരുടെ കയ്യിലും വെള്ളക്കുപ്പികളില്ല. ഗതികെട്ടാല്‍ ഏതെങ്കിലും വിദ്യാര്‍ഥിയുടെ വാട്ടര്‍ ബോട്ടില്‍ ചോദിച്ചു വാങ്ങാം.

എന്റെ കാഴ്ചയില്‍ ഇപ്പോള്‍ കാറ്റാടി മരങ്ങളുണ്ട്. അവയില്‍ മഴ തങ്ങി നില്‍ക്കുന്നുണ്ട്. കാറ്റാടി മരങ്ങളില്‍ കടും മഞ്ഞപ്പൂക്കള്‍ വിരിയുന്നതും, ആ മരച്ചുവട്ടില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ വളയിട്ട സുന്ദരമായ കൈകള്‍ മരച്ചില്ലകളെ പിടിച്ചു കുലുക്കുന്നതും മഴയും മഞ്ഞപ്പൂക്കളും എന്റെ ദേഹത്തേക്ക് സുഗന്ധമായി പെയ്യുന്നതും ഞാന്‍ ആവര്‍ത്തിച്ചു കാണുന്ന സ്വപ്നമാണ്. രാത്രികളില്‍ മാത്രമല്ല ഞാനീ സ്വപ്നം കാണുന്നത്. മിക്കവാറും സമയങ്ങളില്‍ ആ സ്വപ്നം നല്‍കിയ സുഖാനുഭൂതിക്ക് പിന്നാലെയാണ് മൈഗ്രൈന്‍ തലയ്ക്കുള്ളില്‍ പൊട്ടിത്തെറിക്കുന്നത്. അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല. ഒന്ന് രണ്ട് ഡോക്ടര്‍മാരോട് ഞാനത് പറഞ്ഞിട്ടുണ്ട്. പക്ഷേ,  അവരൊക്കെ അറിവിന്റെ അഹങ്കാരത്തില്‍ അത് ചിരിച്ചു തള്ളുകയാണ് ചെയ്തത്. കോട്ടക്കല്‍ മിംസ് ഹോസ്പിറ്റലിലെ ഒരു ലേഡി ഡോക്ടര്‍ മാത്രം ഒരിക്കല്‍ ചോദിച്ചു, കാറ്റാടി മരത്തില്‍ എങ്ങനെയാണ് പൂക്കളുണ്ടാവുന്നത്? അതും കടും മഞ്ഞപ്പൂക്കള്‍? എന്താണ് അവരോട് മറുപടി പറയേണ്ടതെന്നറിയാതെ ഞാനവരെ മിഴിച്ചു നോക്കി. എന്റെ ഉന്മാദ കാലങ്ങളെ കുറിച്ച് അവരോട് പറഞ്ഞാല്‍ ഉറപ്പായും അവരെന്നോട് ഒരു സൈക്യാട്രിസ്റ്റിനെ കാണാന്‍ പറയും.

ചിലപ്പോള്‍ പൊരിവെയിലും കൊണ്ട് പെയിന്റടിക്കുമ്പോഴാവും എന്റെയുള്ളില്‍ ആ കാറ്റാടി മരങ്ങള്‍ തെളിയുന്നത്. ആദ്യം ഇളം പച്ചയായി, പിന്നെ കടും പച്ചയായി, ശേഷം അതിന്റെ നൂല് പോലുള്ള ഇലകളില്‍ പൂക്കള്‍ മൊട്ടിടാന്‍ തുടങ്ങും. ആ മൊട്ടുകള്‍ക്ക് വെള്ള നിറമായിരിക്കും. പിന്നെയത് മെല്ലെ മെല്ലെ വിരിഞ്ഞ് വരുമ്പോള്‍ കടും മഞ്ഞയായി മാറും. അപ്പോള്‍ വളയിട്ട കൈകള്‍ ആ ചില്ലകളിലേക്ക് നീണ്ടു വരും. കണ്ണുകള്‍ ഇറുക്കി അടച്ച് പെയിന്റടി നിര്‍ത്തിവെച്ച് ഞാനങ്ങനെ നില്‍ക്കും. മഴയും മഞ്ഞപ്പൂക്കളും എന്റെ മേലേക്ക് കുളിരായി പെയ്തിറങ്ങും. അന്നേരം തന്നെ തലയുടെ ചെന്നി ഭാഗത്ത് വേദന തുടങ്ങിയിട്ടുണ്ടാവും. അവന്‍ വരുന്നുണ്ട് എന്ന ശക്തമായ മുന്നറിയിപ്പാണത്. ഞാന്‍ ടാബ്ലറ്റ് എടുത്ത് വിഴുങ്ങും. എന്നാലും അവനെന്റെ തലയ്ക്കുള്ളില്‍ പടക്കങ്ങള്‍ പൊട്ടിക്കും. പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് അന്നേരങ്ങളില്‍ എന്റെ ചെവിയിലൂടെയും മുടിയിലൂടെയുമൊക്കെ പുക പുറത്തേക്ക് പോവുന്നുണ്ടെന്ന് !.

ഇപ്പോള്‍ ഒരു ആട്ടിന്‍കുട്ടി ആ കാറ്റാടി മരത്തിന്റെ തടിയില്‍ തല വെച്ച് ഇടിക്കുകയാണ്. പെയ്തു തോരാതെ ബാക്കിയായ ഒരു ചെറുമഴ പെയ്യുകയാണ്. ഞാനത് തിരിഞ്ഞു നോക്കുകയാണ്. എന്റെ നോട്ടം കണ്ട് പിന്‍സീറ്റിലെ യാത്രക്കാരനും അവിടെ എന്തോ കാഴ്ച്ചയുണ്ടെന്നു കരുതി തിരിഞ്ഞു നോക്കുകയാണ്. ആട്ടിന്‍കുട്ടി തലയിടിച്ച് പെയ്യിച്ച ചെറു മഴയല്ലാതെ അവിടെ മറ്റൊന്നുമില്ലെന്ന് മനസ്സിലായപ്പോള്‍ തല ഉള്ളിലേക്ക് വലിച്ച് അയാളെന്നെ അമ്പരപ്പോടെ നോക്കുകയാണ്. എനിക്കയാളോട് പറയണമെന്നുണ്ട്.… പ്രിയപ്പെട്ട യാത്രക്കാരാ, ഇത്തരം ചെറിയ വലിയ കാഴ്ച്ചകളിലാണ് യാത്രയുടെ സൗന്ദര്യം കുടികൊള്ളുന്നത്. വഴിയോര പച്ചകളില്‍ ആര്‍ക്കു വേണ്ടിയുമല്ലാതെ വിരിഞ്ഞു നില്‍ക്കുന്ന പേരറിയാപ്പൂക്കളുടെ ഇളം വര്‍ണ്ണങ്ങളിലാണ് എന്റെ ജീവിതാശക്തികള്‍ ശമനം നേടുന്നത്. ഇനിയൊരു യാത്രയില്‍ ഇതേ ഇടത്ത് എത്തുമ്പോള്‍ ആ പൂക്കള്‍ അവിടെ ഉണ്ടാവണമെന്നില്ല. ആര്‍ക്കുമല്ലാതെ വിരിഞ്ഞ്, ആര്‍ക്കുമല്ലാതെ പൊഴിഞ്ഞു പോവുന്ന ഈ വഴിയോരപ്പൂക്കളില്‍ ഞാനെന്റെ ഹൃദയം കൊരുത്തിടുന്നത് യാത്രയെന്ന പുരാതന ചോതനയുടെ ഫലമായിട്ടാണ്. പിരമിഡുകളോ വന്‍ മതിലുകളോ താജ് മഹലുകളോ തരാത്ത ആനന്ദം എനിക്കീ വഴിയോരപ്പൂക്കള്‍ തരുന്നുണ്ട്. അതു കൊണ്ടാണ് ഞാനവയെ ഇങ്ങനെ തിരിഞ്ഞുനോക്കുന്നത്. ഒരു ആട്ടിന്‍കുട്ടിയുടെ പൊരുളറിയാത്ത ക്ഷോഭത്തിന്റെ ഫലമായിട്ടാണ് ചെറുമഴകള്‍ പെയ്യുന്നത്. ഇതൊക്കെ എന്റെ മാത്രം ഭ്രാന്തുകളാണ്. അല്ലാതെ അവിടെയാരും തുണി അഴിച്ചിട്ട് നില്‍ക്കുന്നില്ല. ആരും തല്ല് കൂടുന്നില്ല. ആക്‌സിഡന്റ് ഒന്നും നടന്നിട്ടില്ല. മനുഷ്യരക്തം അവിടെ വീണ് തളം കെട്ടി കിടക്കുന്നില്ല. എന്നോട് ക്ഷമിക്കൂ സഹയാത്രികാ ഞാന്‍ ഇങ്ങനെയൊക്കെയാണ്...

കാറ്റാടി മരം ഇപ്പോള്‍ വളരെ പിന്നിലായിക്കഴിഞ്ഞു. ആട്ടിന്‍കുട്ടി ഇപ്പോഴും തലകൊണ്ട് ഇടിച്ച് അതിന്റെ ചില്ലകളെ വിറപ്പിച്ച് മഴ പെയ്യിക്കുന്നുണ്ടാവുമോ? ജീവിതത്തിലിനി എന്നെങ്കിലും ഞാനാ ആട്ടിന്‍കുട്ടിയെ കാണുമോ? കണ്ടാലും അത് കാറ്റാടി മരത്തില്‍ തലയിടിച്ച് ചെറുമഴകള്‍ പെയ്യിക്കുമോ? ഒരിക്കലുമുണ്ടാവില്ല. എല്ലാം ആവര്‍ത്തിക്കുന്നുവെന്ന് കരുതുന്ന ഞാന്‍ തന്നെ ഒന്നും അതേപടി ആവര്‍ത്തിക്കുന്നില്ലെന്നും ഇത്തരം യാത്രകളില്‍ നിന്ന് മനസ്സിലാക്കുന്നു.

ഇപ്പോള്‍ ഒരു മുതിര്‍ന്ന വിദ്യാര്‍ഥിനി തന്നെ പിന്നില്‍ നിന്ന് ചാരിയും തള്ളിയും ശല്യം ചെയ്യുന്ന മധ്യവയസ്‌കനെ രൂക്ഷമായി തിരിഞ്ഞു നോക്കുകയാണ്. ആ കണ്ണുകളില്‍ മധുരയെ എരിക്കാനായി കാലില്‍ ഒറ്റച്ചിലമ്പുമായി ഓടിയ കണ്ണകിയുടെ കോപമുണ്ട്. ഒപ്പം അപമാനിക്കപ്പെട്ടതിന്റെ സങ്കടവുമുണ്ട്. കടും നീല ഷര്‍ട്ടും വെള്ള കലര്‍ന്ന ചാര നിറമുള്ള പാന്റുമാണ് അയാളുടെ വേഷം. അയാള്‍ക്ക് അവളുടെ കണ്ണുകളെ നേരിടാനാവുന്നില്ല. മകളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്വന്തം ശരീരം മുട്ടിച്ചിട്ട് അയാള്‍ക്ക് എന്ത് ആനന്ദമാണ് കിട്ടാനുള്ളതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു തീരും മുമ്പ് അവള്‍ പൊട്ടിത്തെറിച്ചു.

'എത്തടാ അനക്ക് മാണ്ടത് ?കൊറേ നേരായല്ലോ തൊടങ്ങീട്ട്...''

പറഞ്ഞു കഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ സങ്കടത്തിന്റെ മഞ്ഞു തുള്ളികള്‍ പൊടിഞ്ഞു.

'ബസ്സാവുമ്പൊ ചെലപ്പൊ തട്ടലും മുട്ടലുമൊക്കെ ണ്ടാവും, അനക്ക് പറ്റൂലെങ്കി ഇജ് കാറ് വിളിച്ച് പൊയ്‌ക്കോ '

ചെയ്ത തെറ്റിനെ കുറിച്ച് യാതൊരു കുറ്റബോധവും ഇല്ലാതെ ആ മനുഷ്യന്‍ പറയുകയാണ്. ബസ്സിനുള്ളില്‍ ആരാടാ? എന്താടാ? പറ്റൂലെങ്കി ഇറങ്ങടീ, തുടങ്ങിയ പൂച്ച കരച്ചിലുകള്‍ ഉയരുന്നുണ്ട്. കണ്ടക്ടര്‍ മാനു ഏറ്റവും പിറകിലാണ്. അവളുടെ സ്ഥാനത്ത് മകളെ കാണുന്ന എന്റെ നെഞ്ച് വല്ലാതെ മിടിക്കുകയാണ്. എഴുന്നേറ്റ് അയാളുടെ കരണത്ത് രണ്ടെണ്ണം പൊട്ടിക്കാനും, എന്റെയുള്ളിലെ എക്കാലത്തെയും ഭീരു അതിന് തടയിടാനും നോക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മുഖം ഇപ്പോള്‍ ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ചുവന്ന് തുടുത്തിട്ടുണ്ട്. എന്റെയുള്ളിലെ ഭീരുവിനെ ഞെട്ടിച്ചു കൊണ്ട് അവളുടെ കൈ അയാളുടെ ചെകിടത്ത് ആഞ്ഞ് പതിക്കുകയാണ്. എന്റെ അടുത്തിരുന്ന മുതിര്‍ന്ന പൗരന്‍ മുമ്പിലെ കമ്പിയില്‍ പിടിച്ച് ഒരു വിധത്തില്‍ എഴുന്നേറ്റ് വിറയ്ക്കുന്ന കൈകൊണ്ട് അയാളുടെ മുതുകത്ത് ഇടിക്കുന്നതും ഞാന്‍ കാണുകയാണ്.

'നായിന്റെ മോനേ .....'

പെണ്‍കുട്ടി ആ വിളി വിളിച്ചിട്ട് അയാളുടെ മറ്റേ കവിളത്തും ഊക്കില്‍ അടിച്ചു.

'കാറ് വിളിച്ചണോ ഓട്ടോ വിളിച്ചണോ ന്നൊക്കെ ഞാന്‍ തീരുമാനിച്ചോളാടാ പന്നീ.... '

ഇപ്പോള്‍ കണ്ടക്ടര്‍ മാനു തിരക്കിലൂടെ വഴിയുണ്ടാക്കി വന്ന് പെണ്‍കുട്ടിയുടെയും അടി കിട്ടിയവന്റെയും ഇടയില്‍ കയറി നില്‍ക്കുകയാണ്. അടിയുടെ ഒച്ച ഡ്രൈവറടക്കം പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ വരെ കേട്ടതാണ്. മാനു എന്റെ മുഖത്തേക്ക് നോക്കുകയാണ്.

'ഓന് കിട്ടേണ്ടതാണ് കിട്ടിയത് '

ഞാന്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു. അതോടെ 'അടിക്കടാ ആ നായിനെ '

'പുറത്തേക്ക് എറിയടാ ആ പന്നിനെ '

തുടങ്ങിയ അലര്‍ച്ചകളും ബസ്സിനുള്ളിലുണ്ടായി. പെണ്‍കുട്ടി അതൊന്നും കേള്‍ക്കാത്ത ഭാവത്തില്‍ കാഴ്ച്ച കാണാന്‍ ഇടം മാറി നിന്ന സ്ത്രീകളുടെ ഇടയിലൂടെ മുന്നോട്ട് കയറി ഒന്നും സംഭവിച്ചിട്ടില്ലാത്ത ഭാവത്തില്‍ നില്‍ക്കുകയാണ്. കമ്പിയില്‍ പിടിച്ച അവളുടെ കൈകള്‍ ചുവന്നിട്ടുണ്ട്. ദേഷ്യം കാരണം അത് ചെറുതായിട്ട് വിറയ്ക്കുന്നുമുണ്ട്.

'കിട്ടാന്ള്ളത് കിട്ടീലേ? ഇഞ്ഞ് അനക്ക് കൊറച്ച് പിന്ന്ക്ക് നീങ്ങി നിന്നൂടേ?'

അതും പറഞ്ഞു കണ്ടക്ടര്‍ മാനു അയാളെ പിറകിലോട്ട് തള്ളുകയാണ്. ഇപ്പോള്‍ അയാളുടെ മുഖത്ത് ചൊവ്വയില്‍ ജീവനുണ്ടോ എന്ന് ചിന്തിക്കുന്ന ഗവേഷകന്റെ ഭാവം ഒട്ടുമില്ല. പകരം ദേഷ്യവും അപമാനവുമാണ്. കുറ്റബോധം ലവ ലേശമില്ല. അതിനിടയില്‍ ഏതോ പുരുഷ സിങ്കം പിന്നില്‍ നിന്ന് വിളിച്ച് പറയുകയാണ്.

'ആണുങ്ങളെ വെല കളയാന്‍ ഇങ്ങനത്തെ ഒന്ന് രണ്ടെണ്ണം മതിയല്ലോ'

ആണുങ്ങള്‍ക്ക് പ്രത്യേകിച്ച് എന്ത് വിലയാണ് ഉള്ളതെന്ന് എനിക്ക് മനസ്സിലായില്ല. ബസ്സിന് മുമ്പോട്ടു പോയല്ലേ പറ്റൂ? അതുകൊണ്ട് അത് പായുകയാണ്. വൈലോങ്ങരയിലെ വൃദ്ധസദനത്തിന്റെ കവാടം പിറകിലോട്ട് മറയുകയാണ്. അടി കൊണ്ടവനോ കൊടുത്തവളോ ഞാനല്ലാത്തതു കൊണ്ട് എനിക്കാ രണ്ടു മനുഷ്യരുടെയും ഉള്ളിലെ വികാരങ്ങള്‍ എന്തൊക്കെയാവുമെന്ന് സങ്കല്‍പ്പിക്കാനേ പറ്റുകയുള്ളൂ. ഞാനൊരു പുരുഷനായതിനാല്‍ ആ സങ്കല്‍പത്തിലും മായം കലരും. എന്തൊക്കെ അത്ഭുതങ്ങളിലൂടെയും സങ്കടങ്ങളിലൂടെയും അപമാനങ്ങളിലൂടെയുമാണ് നമ്മള്‍ ഓരോ ദിവസവും കടന്നു പോവുന്നത്.

'ഇദ് ഓന്റെ സ്ഥിരം ഏര്‍പ്പാടാണ്.'

മാനു എന്നോടായി പറയുകയാണ്. 

'തെരക്ക്ള്ള ബസ്സ് നോക്കി പടപ്പറമ്പ്ന്ന് കേറും.എന്നിട്ട് അങ്ങാടിപ്പുറത്തെറങ്ങി തിരിച്ച് തെരക്ക്ള്ള ബസ്സില് തന്നെ മടങ്ങും '

'ഇത്തരക്കാരെ ബസ്സില് കയറ്റാതിരുന്നു കൂടെ?'

എന്റെ ചോദ്യം കേള്‍ക്കാഞിട്ടോ അതോ തൃപ്തികരമായ മറുപടി ഇല്ലാഞ്ഞിട്ടോ എന്നറിയില്ല, മാനു ഉത്തരമൊന്നും പറയാതെ പിന്നില്‍ ബാക്കിയായ ടിക്കറ്റ് വാങ്ങാന്‍ പോവുകയാണ്. എന്റെ സഹ സീറ്റുകാരനായ മുതിര്‍ന്ന പൗരന്‍ എന്നെ പുച്ഛത്തോടെ നോക്കുകയാണ്. എന്റെ ഇരട്ടി പ്രായമുള്ള അയാള്‍ മുമ്പില്‍ കണ്ട അനീതിക്കെതിരെ തന്നെക്കൊണ്ട് ആവും വിധം പ്രതികരിച്ചിട്ടും ഞാന്‍ വഴിയോര കാഴ്ചകളിലേക്ക് നോക്കി ഇരിക്കുകയാണല്ലോ? തല്‍ക്കാലം അയാളുടെ മുമ്പില്‍ തല താഴ്ത്തുകയല്ലാതെ എനിക്ക് മറ്റു വഴികളില്ല.

ഇനി പറയാന്‍ പോവുന്ന കാര്യം പറയേണ്ടതാണോ അല്ലേ എന്ന് എനിക്ക് തന്നെ അറിഞ്ഞുകൂടാ. ബസ്സിലെ ആരവങ്ങള്‍ ഒടുങ്ങിയ ഈ സമയത്ത് ഞാനെന്റെ നാട്ടുകാരനായ 'വലി മുസ്തഫ ' യെ ഓര്‍ത്തു പോവുകയാണ്. അയാള്‍ ബസ്സിന്റെ മുന്‍ ഡോറിലൂടെയാണ് എപ്പോഴും കയറാറ്. കിളിയോ കണ്ടക്ടറോ തടഞ്ഞാല്‍ പോലും അയാളത് വകവെയ്ക്കില്ല. മുസ്തഫ എന്ന് പറയുമ്പോള്‍ നിങ്ങളോടു ചെറുപ്പക്കാരനെയോ മധ്യവയസ്‌ക്കനെയോ സങ്കല്‍പ്പിക്കരുത്. ഇപ്പോള്‍ അയാള്‍ക്ക് 67 വയസ്സുണ്ട്. ഞാന്‍ കാണുന്ന കാലത്ത് അയാള്‍ നാല്‍പതുകളിലായിരുന്നു. ബസ്സില്‍ മുന്‍വശത്ത് കയറി അയാള്‍ പെണ്‍കുട്ടികളോടും സ്ത്രീകളോടും ചെയ്യുന്ന ക്രൂരതയെ കുറിച്ച് പറയാന്‍ എനിക്ക് ലജ്ജയുണ്ട്. പക്ഷേ ഇങ്ങനെയും മനുഷ്യര്‍ നമ്മുടെ ഇടയിലുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണമല്ലോ..

ആള്‍ ഉയരം കുറഞ്ഞ് വെളുത്ത് തടിച്ചിട്ടാണ്. ബസില്‍ സ്ത്രീകള്‍ക്കിടയില്‍ തിക്കിത്തിരക്കി നില്‍ക്കുന്ന അയാള്‍ പിന്നില്‍ തിരക്ക് ഒഴിഞ്ഞാലും അങ്ങോട്ട് മാറി നില്‍ക്കില്ല. ചാരാന്‍ പാകത്തില്‍ ആരെയെങ്കിലും കണ്ടെത്തിക്കഴിഞ്ഞാല്‍ ഇടംകയ്യനായ അയാളുടെ ഇടത്തേ കൈ അവരുടെ രഹസ്യ ഭാഗങ്ങളിലേക്ക് അതിവിദഗ്ധമായി നീണ്ടു ചെല്ലും. ആരുമത് അറിയില്ല. വസ്ത്രത്തോടു കൂടി പിടിച്ചു വലിക്കുമ്പോഴാണ് സ്ത്രീകള്‍ ഞെട്ടി നിലവിളിച്ചു പോവുന്നത്. എന്താണ് സംഭവിച്ചതെന്ന അമ്പരപ്പിലും അപമാനത്തിലും ക്രോധത്തിലും സങ്കടത്തിലും പെട്ട് നട്ടം തിരിയുന്ന അവര്‍ക്കപ്പോള്‍ ശബ്ദം നഷ്ടമാവും. കര്‍മ്മം കഴിഞ്ഞ ഉടന്‍ അയാള്‍ അവരുടെ അടുത്ത് നിന്ന് കുറച്ചു മാറി ഒന്നുമറിയാത്ത ഭാവത്തില്‍ നില്‍ക്കുന്നുണ്ടാവും.

അലര്‍ച്ചയോ ഞരക്കമോ നിലവിളിയോ കേട്ട് സഹയാത്രികര്‍ എന്താണ് കാര്യമെന്ന് ചോദിച്ചാല്‍ അവര്‍ക്ക് പറയാന്‍ വാക്കുകളുണ്ടാവില്ല. അത്രയും ആളുകളുടെ ഇടയില്‍ നിന്നു കൊണ്ട് തന്റെ രഹസ്യ ഇടത്തിലെ രോമങ്ങള്‍ ഒരു പുരുഷന്‍ വിരല്‍ കൊണ്ട് വലിച്ചുവെന്ന് പറയാന്‍ ഏത് സ്ത്രീക്കാണ് അക്കാലത്ത് ധൈര്യം കിട്ടുക? അവരത് നിശബ്ദം സഹിക്കും. സഹനങ്ങളുടെ നീണ്ട ചരല്‍പാതകളായിരുന്നു അക്കാലത്ത് ഓരോ സ്ത്രീയുടെയും ബസ് യാത്രകള്‍. ചെയ്ത വൃത്തികേട് കൊണ്ടും മതിവരാതെ ബസ് സ്റ്റാന്‍ഡില്‍ ആളുകള്‍ ഇറങ്ങുമ്പോള്‍ താന്‍ ക്രൂരത കാട്ടിയ വ്യക്തിയുടെ അടുത്ത് ചെന്ന് പതിഞ്ഞ ശബ്ദത്തില്‍ വലി മുസ്തഫ ചോദിക്കും.

'എങ്ങനെണ്ടായീന്നു..? '

സ്ത്രീയോ പെണ്‍കുട്ടിയോ ആരുമാവട്ടെ എങ്ങനെയാണ് അവരതിനോട് പ്രതികരിക്കുക? ഇനി പ്രതികരിച്ചു എന്ന് തന്നെ കരുതുക. ചുറ്റും കൂടിയവരോട് കാര്യം പറഞ്ഞുവെന്നും കരുതുക. ഉടന്‍ വരില്ലേ പുരുഷ ഭാഗത്തു നിന്ന് കമന്റുകള്‍ ?

'ഇജ് അയ്‌ന് പാകത്തില് നിന്ന് കൊട്ത്തിട്ടല്ലേ?

'ആ പിന്നേ... അവ്‌ടെ തൊട്ട് വലിച്ചോളം ഇജ് അറിഞ്ഞീലാന്ന് പറഞ്ഞാ അദ് വിശ്വസിക്കാന്‍ ഞങ്ങളെന്താ പൊട്ടന്‍മാരാ? '

ഇതും ഇതിനപ്പുറവും ആളുകള്‍ പറയില്ലേ? പറയും. പ്രതികരിച്ചവരോട് അങ്ങനെ പറഞ്ഞിട്ടുമുണ്ട്. അത്തരത്തില്‍ അപമാനങ്ങളും വേദനയും ഏറ്റുവാങ്ങി കോട്ടക്കല്‍ ബസ് സ്റ്റാന്റിലൂടെ തല താഴ്ത്തിപ്പിടിച്ച് നടന്നുപോയ സ്ത്രീകളുടെ കണ്ണീര് ഇതുവരെ ശാപമായി വലി മുസ്തഫയുടെ തലയില്‍ പതിച്ചിട്ടില്ല. 67 ആം വയസ്സിലും ആരോഗ്യം നഷ്ടമാവാത്ത ശരീരവുമായി അയാള്‍ തിരക്കുള്ള ബസ്സുകളുടെ മുന്‍വശത്ത് കയറുന്നു. അല്ലെങ്കില്‍ പിന്നിലൂടെ കയറി തിരക്കി മുന്‍വശത്ത് എത്തുന്നു. ഇപ്പോള്‍ അയാളുടെ വിരലുകള്‍ സ്ത്രീകളുടെ രഹസ്യ ഇടത്തിലെ രോമങ്ങള്‍ തേടി ചെല്ലുന്നില്ല. പക്ഷേ ചാരിയും തള്ളിയും അവിടെയും ഇവിടെയുമൊക്കെ പിടിച്ചും അയാള്‍ നിരന്തരം സ്ത്രീകളെ ശല്യം ചെയ്യുന്നുണ്ട്.

അക്കാലത്ത് ഒന്ന് രണ്ട് തവണ അയാള്‍ക്ക് സ്റ്റേഷനില്‍ പോവേണ്ടി വന്നിട്ടുണ്ട്. ആരും പരാതി നല്‍കാത്തതിനാല്‍ കേസായില്ല. അയാള്‍ക്ക് ശിക്ഷയും ലഭിച്ചില്ല. ഏതാണ്ട് എട്ടൊമ്പത് വര്‍ഷം മുമ്പ് ഞാന്‍ മലപ്പുറത്തു നിന്ന് ജോലി കഴിഞ്ഞ് വരികയായിരുന്നു. ബസ് വടക്കേമണ്ണ എന്ന സ്ഥലത്തെത്തിയപ്പോള്‍ മുമ്പില്‍ കൂട്ടയടിയുടെ ശബ്ദം കേട്ടു. നല്ല തിരക്കായതിനാല്‍ എന്താണ് കാര്യമെന്ന് പെട്ടെന്ന് മനസ്സിലായില്ല. ബസ് നിന്നു. ആളുകള്‍ പുറത്തേക്ക് ഇറങ്ങി. ഞാനും ഇറങ്ങി. അപ്പോഴാണ് വലി മുസ്തഫാനെ ഫ്രണ്ട് ഡോറിലൂടെ ഒരാള്‍ ചവിട്ടി താഴേക്കിടുന്നത് കണ്ടത്. എന്നിട്ട് അയാള്‍ അവിടെ ഇട്ട് മുസ്തഫാനെ ചവിട്ടിക്കൂട്ടി. ക്രൂരമായ ഒരു സംതൃപ്തിയോടെ ഞാനത് കണ്ടു നിന്നു. എല്ലാവരും കണ്ടു നിന്നു. ചവിട്ടുന്ന ആളുടെ ഭാര്യയോട് അയാള്‍ തന്റെ സ്ഥിരം കര്‍മ്മം ചെയ്തതാണ് കാരണം. ധൈര്യമുള്ള അവര്‍ ഉടന്‍തന്നെ ഭര്‍ത്താവിനോട് കാര്യം പറഞ്ഞു. അങ്ങനെയാണ് അടി പൊട്ടിയത്.

ആ അടിയും പിന്നെയും എത്രയെത്രയോ അടിയും ചവിട്ടും തൊഴിയും കിട്ടിയിട്ടും അയാള്‍ ഇപ്പോഴും തന്റെ വിറയ്ക്കുന്ന കൈകള്‍ നീട്ടി ബസിന്റെ കമ്പിയില്‍ പിടിച്ചു കയറുന്നു. കര്‍മ്മങ്ങള്‍ നിര്‍ത്തിയെങ്കിലും ദിവസത്തില്‍ രണ്ടു നേരം വീതം അയാള്‍ക്ക് ബസ്സിന്റെ മുന്‍വശത്ത് കയറണം. പേരക്കുട്ടികളുടെ പ്രായമുള്ള പെണ്‍കുട്ടികളുടെ ശരീരത്തില്‍ സ്പര്‍ശിക്കണം. എന്തൊരു വിചിത്ര ജീവിയാണ് മനുഷ്യന്‍? എത്രമാത്രം വന്യമാണ് അവന്റെ രതി മോഹങ്ങള്‍ എന്നോര്‍ത്ത് ഓടുന്ന ബസ്സിലിരുന്ന് അത്ഭുതപ്പെടുകയല്ലാതെ ഞാന്‍ മറ്റെന്ത് ചെയ്യാനാണ്? അനീതികള്‍ക്ക് മുമ്പില്‍ നിസ്സഹായനായി പോവുന്നതും അനീതി തന്നെയാണെന്ന് അറിയാഞ്ഞിട്ടല്ല. പക്ഷേ എന്തോ ഞാന്‍ ഇങ്ങനെയൊക്കെയാണ്...