ന്യൂഡൽഹി: ലോകനേതാക്കളുമായും പ്രമുഖ വ്യക്തികളുമായും നടത്തിയ കൂടിക്കാഴ്ചകളിലെ അപൂർവ അനുഭവങ്ങൾ പങ്കുവെച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ. 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്'  എന്ന പുസ്തകത്തിലാണ് ക്ലിന്റന്റെ നോട്ടവും ഡയാനയുടെ ഹൃദ്യമായ പെരുമാറ്റവും സർക്കോസിയുടെ പ്രണയജീവിതവുമെല്ലാം ഇടംപിടിച്ചത്.

To advertise here,

'പഴയ ശീലങ്ങൾ അത്ര പെട്ടെന്ന് മാറില്ല'

2000-ൽ ഇന്ത്യാ സന്ദർശനത്തിനെത്തിയ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള സോണിയയുടെ പരാമർശമാണ് പുസ്തകത്തിലെ ശ്രദ്ധേയമായ ഭാഗങ്ങളിലൊന്ന്. ഏറെ അടുപ്പമുള്ളയാളുടേതുപോലുള്ള പെരുമാറ്റമായിരുന്നു ക്ലിന്റന്റേതെന്ന് സോണിയ ഓർക്കുന്നു. എന്നാൽ, കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് കേൾക്കുന്നതിനേക്കാൾ സ്വന്തം അഭിപ്രായങ്ങൾ പങ്കുവെക്കാനായിരുന്നു അദ്ദേഹത്തിന് താത്പര്യമെന്നും സോണിയ എഴുതുന്നു. കശ്മീരിനെ 'ആണവ സംഘർഷത്തിന് സാധ്യതയുള്ള ഇടം', 'ലോകത്തിലെ ഏറ്റവും അപകടകരമായ പ്രദേശങ്ങളിലൊന്ന്' എന്നിങ്ങനെയാണ് ക്ലിന്റൺ വിശേഷിപ്പിച്ചത്.

അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ക്ലിന്റണ് വേണ്ടി നടത്തിയ വിരുന്നിലെ അനുഭവവും സോണിയ വിവരിക്കുന്നുണ്ട്. മോണിക്ക ലെവിൻസ്കി വിവാദത്തിന്റെ ചൂട് അപ്പോഴേക്കും കുറഞ്ഞിരുന്നെങ്കിലും അവിടെയുണ്ടായിരുന്ന സ്ത്രീകളെ ആരും ശ്രദ്ധിക്കാത്ത വിധം ചടങ്ങിനിടെ ക്ലിന്റൺ നോക്കുന്നത് താൻ കണ്ടതായും അവർ ഓർമക്കുറിപ്പിൽ പറയുന്നു. 'പഴയ ശീലങ്ങൾ അത്ര പെട്ടെന്ന് മാറില്ല' എന്നാണ് സോണിയയുടെ നിരീക്ഷണം.

ക്ലിന്റണും മോണിക്ക ലെവിൻസ്കിയും തമ്മിലുള്ള ബന്ധം ആഗോളതലത്തിൽ വലിയ ചർച്ചയാവുകയും ക്ലിന്റണിന്റെ രാഷ്ട്രീയജീവിതത്തെ ബാധിക്കുകയും ചെയ്തിരുന്നു.

ഡയാന- രാജകുടുംബത്തിലെ യഥാർഥ താരം

ഡയാന രാജകുമാരിയുമായുള്ള സൗഹൃദനിമിഷങ്ങളും സോണിയ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. രാജകുടുംബത്തിലെ 'യഥാർഥ താരം' എന്നാണ് സോണിയ, ഡയാനയെ വിശേഷിപ്പിക്കുന്നത്. സൗന്ദര്യവും ആകർഷകമായ പുഞ്ചിരിയും വ്യക്തിത്വവുമുള്ള ഡയാനയെ ആദ്യമായി കണ്ട നിമിഷം മുതൽ തനിക്ക് അവരോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നുവെന്നും സോണിയ പറയുന്നു.

1981-ൽ ചാൾസ് രാജകുമാരന്റെയും ഡയാനയുടെയും വിവാഹത്തിൽ രാജീവ് ഗാന്ധിക്കൊപ്പം പങ്കെടുത്ത അനുഭവവും സോണിയ വിവരിക്കുന്നുണ്ട്. രാജീവ് ഗാന്ധിയും സോണിയയും ദമ്പതികളെ ചായസൽക്കാരത്തിന് ക്ഷണിച്ചിരുന്നു. ചാൾസ് ഹൃദ്യമായാണ് സംസാരിച്ചത്. എന്നാൽ, ഡയാന അല്പം ദുഃഖത്തിലായിരുന്നുവെന്നാണ് സോണിയയുടെ ഓർമ. താജ്മഹലിന് മുന്നിലെ 'പ്രണയബെഞ്ചിൽ' ഒറ്റയ്ക്കിരിക്കുന്ന ഡയാനയുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

അന്ന് സോണിയയുടെ അമ്മയും വീട്ടിലുണ്ടായിരുന്നു. അമ്മയ്ക്ക് ഇംഗ്ലീഷ് അറിയില്ലെന്നും ഇറ്റാലിയൻ മാത്രമാണ് സംസാരിക്കുകയെന്നും പ്രിയങ്കാ ഗാന്ധി ഡയാനയോട് പറഞ്ഞു. ഇതുകേട്ട ഡയാന സോണിയയുടെ അമ്മയുടെ കൈപിടിച്ച് ഇറ്റാലിയൻ ഭാഷയിൽ ‘പരിചയപ്പെട്ടതിൽ സന്തോഷം, സുഖമാണോ?’ എന്ന് ചോദിച്ചു. ഈ സ്നേഹപൂർവമായ ഇടപെടൽ എല്ലാവരുടെയും മനസ്സ് കീഴടക്കിയെന്നും സോണിയ എഴുതുന്നു.

ഡയാനയെക്കുറിച്ച് പിന്നീട് ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും അവരോട് എന്നും അനുകമ്പ തോന്നിയിരുന്നുവെന്ന് സോണിയ പറയുന്നു. എല്ലാം ഉണ്ടായിട്ടും പരാതികളുമായി ജീവിച്ച സ്ത്രീയായി ഡയാനയെ ചിത്രീകരിച്ചവരോട് യോജിപ്പില്ലെന്നും സോണിയാ ഗാന്ധി വ്യക്തമാക്കുന്നു.

സർക്കോസി-കാർല ബ്രൂണി പ്രണയം

ഫ്രാൻസിന്റെ മുൻ പ്രസിഡന്റ് നിക്കോളാസ് സർക്കോസിയുമായുള്ള കൂടിക്കാഴ്ചയുടെ ഓർമ്മകൾ സോണിയ പങ്കുവെക്കുന്നുണ്ട്. പങ്കാളി കാർല ബ്രൂണിയെ കൂട്ടാതെയാണ് സർക്കോസി 2008-ൽ ഇന്ത്യയിൽ എത്തിയത്. ഇരുവരും വിവാഹിതരല്ലായിരുന്നു. അതിനാൽ ഔദ്യോഗിക ചടങ്ങുകളിൽ ബ്രൂണിയുടെ സാന്നിധ്യം അസ്വാഭാവികത സൃഷ്ടിക്കുമെന്ന ധാരണകൊണ്ടായിരിക്കാം സർക്കോസി തനിച്ച് വന്നതെന്ന് സോണിയ എഴുതുന്നു.

അന്നത്തെ വിരുന്നിൽ ഉപരാഷ്ട്രപതി മുഹമ്മദ് അൻസാരിയുടെ ഭാര്യ സർക്കോസിയോട് വിവാഹത്തീയതി തീരുമാനിച്ചോയെന്നും ബ്രൂണിയെ മിസ് ചെയ്യുന്നുണ്ടോയെന്നും തമാശരൂപേണ ചോദിച്ചു. ചോദ്യങ്ങൾക്കെല്ലാം സർക്കോസി ആവേശത്തോടെ മറുപടി നൽകിയെന്ന് സോണിയ ഓർക്കുന്നു.

വർഷങ്ങൾക്കുശേഷം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ഭാര്യയും സംഘടിപ്പിച്ച അത്താഴവിരുന്നിൽ ഇരുവരെയും വീണ്ടും കണ്ടു. അന്ന് സർക്കോസിയും ബ്രൂണിയും വിവാഹിതരായിരുന്നു. ഭാര്യയോട് അതീവ പ്രണയത്തിലായിരുന്ന സർക്കോസിയെയാണ് അന്ന് കണ്ടതെന്ന് സോണിയ എഴുതുന്നു. ഭരണരംഗത്ത് പരിചയസമ്പന്നനും അസാമാന്യ പാടവവുമുള്ള മൻമോഹൻ സിങ്ങിനോട് സംസാരിക്കുമ്പോൾ സർക്കോസി പുലർത്തിയ രീതി അഹങ്കാരം നിറഞ്ഞതായിരുന്നുവെന്നാണ് സോണിയയുടെ വിലയിരുത്തൽ.

ലോകനേതാക്കളുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചകൾക്കപ്പുറം അവരുടെ വ്യക്തിത്വവും സ്വകാര്യജീവിതത്തിലെ ചില കൗതുകകരമായ നിമിഷങ്ങളും തുറന്നുകാട്ടുന്നതാണ് ഓർമക്കുറിപ്പിലെ ഈ അധ്യായങ്ങൾ.