
പണ്ടൊക്കെ വിവാഹാലോചനകൾ വീട്ടിലേക്കെത്തിയത് മൊബൈൽ നോട്ടിഫിക്കേഷനുകളായി അല്ല; ഒരു പ്ലാസ്റ്റിക് ഫയലിനുള്ളിലായിരുന്നു. ഞായറാഴ്ചകളിൽ ഉച്ചയോടടുപ്പിച്ചായിരിക്കും ബ്രോക്കറച്ചായന്റെ വരവ്. വീട്ടിലാസമയത്ത് എല്ലാവരും കാണുമല്ലോ. ഉച്ച ചൂട് തട്ടി വിയർപ്പൊപ്പി ഇരിക്കുന്ന ബ്രോക്കർ ചേട്ടൻ ഫയൽ തുറക്കുമ്പോൾ അതിൽ ഉണ്ടായിരുന്നത് ഒട്ടുമിക്കവാറും ഒരേ സ്റ്റുഡിയോ ലൈറ്റിൽ പകർത്തിയ പ്രതീക്ഷാഭരിതമായ ഫോട്ടോകൾ ആയിരിക്കും. പാന്റിട്ട് ഇൻ ചെയ്തു നിൽക്കുന്ന വരന്മാർ. കൃത്രിമത്തൂണിനരികിൽ ചിരിച്ചുനിൽക്കുന്ന വധുക്കൾ.
ഒരു പേജ് ബയോഡാറ്റ; ഉയരം, ഭാരം, വിദ്യാഭ്യാസം, ജോലി, അച്ഛന്റെ തൊഴിൽ, സഹോദരങ്ങളുടെ എണ്ണം, കൂട്ടത്തിൽ നല്ല അടക്കവും ഒതുക്കവും ഉള്ള കുടുംബത്തിൽ പിറന്നവൾ എന്ന് പെൺകുട്ടികളെക്കുറിച്ച് മാത്രം ബോൾഡായി എഴുതിയിട്ടുമുണ്ടാകും. ആണുങ്ങളെക്കുറിച്ചാണ് എങ്കിൽ അവരുടെ ജോലി, സമ്പത്ത് തുടങ്ങിയവയായിരിക്കും ഹൈലൈറ്റ്. പെൺകുട്ടികളാകുമ്പോൾ സ്വഭാവമാണല്ലോ മുഖ്യം ബിഗിലേ.
ഇന്ന് ആ പ്ലാസ്റ്റിക് ഫയലിന്റെ സ്ഥാനത്ത് സ്മാർട്ട്ഫോണായി മാറി. ബ്രോക്കർ ഒരു അൽഗോരിതമായി. ബയോഡാറ്റ ഡിജിറ്റൽ റിസ്യൂമായി. ഫിൽറ്ററുകൾ, സ്വൈപ്പ് ഫീച്ചറുകൾ, പ്രൊഫഷണൽ ഫോട്ടോഷൂട്ടുകൾ, കംപാറ്റബിലിറ്റി സ്‌കോർ, ജാതകം മാച്ചിംഗ് സോഫ്റ്റ് വെയർ..എല്ലാം ഉണ്ട്.
മാട്രിമോണിയൽ പ്രൊഫൈൽ ലിങ്ക്ഡ് ഇൻ പേജ് പോലെയായി. കംപാറ്റിബിലിറ്റി സ്‌കോറുകൾ, ജാതകം മാച്ച് ചെയ്യുന്ന സോഫ്റ്റ്വെയർ, AI നിർദേശങ്ങൾ. എന്നാൽ ഈ സാങ്കേതിക മിനുക്കുപണികൾക്കൊക്കെ നടുവിൽ, ആണും പെണ്ണം തമ്മിൽ കണ്ടശേഷമുള്ള സംഭാഷണത്തിന്റെ തുടക്കത്തിൽ മെല്ലെ ഒഴുകിയെത്തുന്ന - അല്ലെങ്കിൽ നേരെ ഇടിത്തീ പോലെ വീഴുന്ന ആ ഒരു ചോദ്യം ഇന്നും മാറ്റമില്ലാതെ നിലകൊള്ളുന്നു:
''പാചകം അറിയുമോ?''
സിവിലിസേഷൻ കാളവണ്ടിയിൽ നിന്ന് ബുള്ളറ്റ് ട്രെയിനിലേക്കെത്തി. പക്ഷേ ഈ ചോദ്യം ഇന്നും പ്ലാറ്റ്ഫോമിൽ തന്നെ കാത്തുനിൽക്കുന്നു. ഓരോ സാങ്കേതിക വിപ്ലവത്തെയും അതിജീവിച്ചുകൊണ്ട്.
Salt N' Pepper എന്ന സിനിമയിലെ പെണ്ണുകാണൽ രംഗം ഓർമ്മയില്ലേ. കാളിദാസൻ പെണ്ണുകാണാൻ പോകുന്നു. പതിവ് മലയാളി ചടങ്ങ്. ചായ, പലഹാരം, പുഞ്ചിരി, വിലയിരുത്തൽ. പക്ഷേ കഥ വഴിതിരിയുന്നത് അവിടുത്തെ പാചകക്കാരനിലേക്കാണ്. ഒടുവിൽ പെൺകുട്ടിയെ അല്ല, പാചകക്കാരനെ തന്നെയാണ് ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്.
ആ രംഗം വെറും ഹാസ്യമല്ല. അതൊരു നിശ്ശബ്ദ സാമൂഹിക പരാമർശമാണ്. ''പാചകം അറിയുമോ?'' എന്ന ചോദ്യം ചോദിച്ച് പെൺകുട്ടികളെ വിലയിരുത്തുന്ന സമൂഹത്തോട് സിനിമയും ചോദിച്ചത് അത് തന്നെ.
വാസ്തവത്തിൽ ആ സിനിമ നമ്മളോട് പറഞ്ഞത് ഇതാണ്: അടുക്കള ഒരു ഇന്റർവ്യൂ റൂമല്ല. സ്‌നേഹത്തിന് മെനു കാർഡ് ഇല്ല. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് റെസിപ്പി ബുക്കിന്റെ അടിസ്ഥാനത്തിൽ ആകരുത്.
പക്ഷേ നമ്മൾ എന്ത് ചെയ്തു? സിനിമയെ ഹിറ്റാക്കി. പാട്ടുകൾ പാടി. ഡയലോഗുകൾ ഷെയർ ചെയ്തു. എന്നാൽ ''പാചകം അറിയുമോ?'' എന്ന ചോദ്യം ഇന്നും ആദ്യ മെസേജായി ടൈപ്പ് ചെയ്തു കൊണ്ടിരിക്കുന്നു. സിനിമ പുരോഗമിച്ചു. നമ്മുടെ ചാറ്റ് ബോക്‌സ് പുരോഗമിച്ചില്ല
മുമ്പ് ഈ ചോദ്യം നേരിട്ട് ചോദിച്ചിരുന്നില്ല. ''കുട്ടിക്ക് വീട്ടുകാര്യങ്ങളൊക്കെ അറിയാമല്ലോ?'' എന്ന മൃദുവായ ഭാഷ. ഫിസിക്‌സിൽ മാസ്റ്റേഴ്‌സ് നേടിയ പെൺകുട്ടി സാമ്പാർ എത്ര രുചിയോടെ ഉണ്ടാക്കുമെന്നത് അപ്പോൾ അത്രയും പ്രധാനമായിരുന്നു. ഇന്ന് ചാറ്റ് ബോക്‌സിലാണ് ചോദ്യം വരുന്നത്. 'I believe in equality?? You enjoy cooking?' ഇക്വാലിറ്റി എന്ന വാക്കിന് പിന്നാലെ വരുന്ന പുഞ്ചിരി ഇമോജി അത്രയും നിർദോഷമല്ല.
പ്രൊഫൈലുകളിൽ 'Looking for a partner, not a cook' എന്ന് എഴുതിയാലും അഞ്ചു മിനിറ്റ് സംസാരിച്ചുകഴിയുമ്പോൾ തന്നെ മെനു ഓട്ടോമാറ്റിക്കായി തുറക്കപ്പെടുന്നു. ഈ ചോദ്യം അവന് എത്രശ്രമിച്ചാലും ചോദിക്കാതിരിക്കാൻ കഴിയില്ല.
''എന്തെല്ലാം ക്യുസീനുകൾ ഉണ്ടാക്കും?' അത് ചോദിക്കുന്നവൻ സാധാരണയായി ഫുഡ് ഡെലിവറി ആപ്പുകളെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്ന് വ്യക്തം. വെള്ളം തിളപ്പിക്കാനറിയുന്നതിനെ തന്നെ ഒരു 'ലൈഫ് സ്‌കിൽ' ആയി കരുതുന്നവൻ. സാങ്കേതികവിദ്യ പാക്കേജിംഗ് നവീകരിച്ചു. പക്ഷേ മനോഭാവം ഇന്നും വിന്റേജ് മോഡലിലാണ്.
ഇന്നത്തെ മാട്രിമോണിയൽ ബയോഡാറ്റ ഒരു ആകർഷകമായ പ്രമാണമാണ്. സർവകലാശാലകളിലെ ഡിഗ്രികൾ, കോർപ്പറേറ്റ് പദവികൾ, വാർഷിക ശമ്പള പാക്കേജ്, ''ട്രെക്കിംഗ്'', ''പോഡ്കാസ്റ്റുകൾ കേൾക്കൽ'' തുടങ്ങിയ ഹോബികൾ - എല്ലാം ക്രമമായി നിരത്തിയിരിക്കും. അത് ഒരു കോർപ്പറേറ്റ് പിച്ച് ഡെക്കിനോട് സാമ്യമുള്ളതാണ്. പല പ്രൊഫൈലുകളും വായിക്കുമ്പോൾ, ജീവിത പങ്കാളിയെ അന്വേഷിക്കുന്നതിലുപരി നിക്ഷേപകരെ തേടുന്ന സ്റ്റാർട്ട്-അപ്പുകളെപ്പോലെയാണ് തോന്നുക.
ഇന്നത്തെ ബയോഡാറ്റ ഒരു കോർപ്പറേറ്റ് പ്രെസന്റേഷൻ പോലെയാണ്. സർവകലാശാല ഡിഗ്രികൾ, വാർഷിക ശമ്പളം, ഹോബികൾ - 'ട്രെക്കിംഗ്'', ''പോഡ്കാസ്റ്റ് കേൾക്കൽ'', ''ട്രാവൽ ലവർ''. പലപ്പോഴും ഇത് ഒരു സ്റ്റാർട്ട്-അപ്പ് പിച്ചിനെ ഓർമിപ്പിക്കുന്നു.
''Seeking emotionally intelligent co-founder for lifelong venture.' എന്നൊക്കെ തട്ടിവിടും, എഴുതിവയ്ക്കും.
ഇത്തരത്തിൽ എന്തൊക്കെ ബ്രാൻഡിംഗ് ഉണ്ടായാലും, അതിന്റെ അടിയിൽ പഴയ കാല പ്രതീക്ഷകൾ, നിബന്ധനകൾ എല്ലാം ശാന്തമായി ശ്വസിച്ചുകൊണ്ടിരിക്കുന്നു. ഉയരത്തെക്കുറിച്ചുള്ള മാനദണ്ഡങ്ങൾ ഇപ്പോഴും കർശനമാണ്. നിറം തിരഞ്ഞെടുത്ത് ഫിൽറ്റർ ചെയ്യുന്ന സംവിധാനങ്ങൾ ഇന്നും നിലനിൽക്കുന്നു. ശമ്പള താരതമ്യങ്ങൾ സ്റ്റോക്ക് മാർക്കറ്റ് വിശകലനത്തിന്റെ ഗൗരവത്തോടെ നടത്തപ്പെടുന്നു.
അതിനുശേഷം - കരിയർ ലക്ഷ്യങ്ങളെയും പരസ്പര ബഹുമാനത്തെയും കുറിച്ചുള്ള സംഭാഷണം അവസാനിക്കുമ്പോൾ - അനിവാര്യമായി എത്തുന്ന ചോദ്യം:
''അപ്പോൾ വീടും ജോലിയും ഒരുപോലെ മാനേജ് ചെയ്യുമല്ലോ അല്ലേ?''
എങ്ങനുണ്ട്?
ഇരട്ടചങ്കാണ് പെൺകുട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പകൽ CEO, വൈകിട്ട് Chief Cook.
ഇന്ന് പല കുടുംബങ്ങളും സംഭാഷണം തുടങ്ങുന്നത് 'We are very broad-minded' എന്ന വാചകത്തോടെയാണ്. പിന്നെ നിബന്ധനകൾ തുടങ്ങും.
''ഡൗറി ഒന്നും വേണ്ട... നിങ്ങളുടെ ഇഷ്ടപ്രകാരം കൊടുക്കാം.''
''ജോലി തുടരുമല്ലോ.. പക്ഷേ കുടുംബം ഫസ്റ്റ് പ്രയോറിറ്റി. അത് മറക്കല്ലേ''
എന്താല്ലേ
സത്യത്തിൽ പുതിയ തലമുറയിലെ ആൺകുട്ടികളും പെൺകുട്ടികളും മുഴുവനായും പഴയ സ്‌ക്രിപ്റ്റുകളിൽ കുടുങ്ങിയിട്ടില്ല. അവർ കൂടുതൽ തുറന്നുപറയുന്നവരാണ്, കൂടുതൽ ബോധമുള്ളവരാണ്, അനാവശ്യമായ വിഡ്ഢിത്തങ്ങൾ സഹിക്കാൻ തയ്യാറല്ലാത്തവരാണ്. ഇന്ന് യുവതികൾ നേരിട്ട് ചോദിക്കുന്നു - വീട്ടുജോലികൾ പങ്കിടുമോ? സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത ഉണ്ടാകുമോ? മാനസിക പക്വത എത്രമാത്രമുണ്ട്?
''I respect women' എന്ന പൊതുവായ പ്രഖ്യാപനങ്ങൾ അവരെ ഇനി അത്ര എളുപ്പത്തിൽ ആകർഷിക്കില്ല.
യുവാക്കളും മാറുകയാണ്. പലരും സൗകര്യത്തിനായി അല്ല, യഥാർത്ഥ പൊരുത്തത്തിനായി പങ്കാളിയെ അന്വേഷിക്കുന്നു. അവർ പാചകം ചെയ്യും, വീട്ടുപണി ചെയ്യും, സ്വന്തം കുക്കിംഗ് പരീക്ഷണങ്ങളുടെ ഫോട്ടോകൾ അഭിമാനത്തോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റും ചെയ്യും.
എന്നാൽ സാമൂഹിക കണ്ടീഷനിംഗ് ഇപ്പോഴും പഴയ പടിയാണ്. അത് ഒരു പഴയ സോഫ്റ്റ്വയറാണ്. Uninstall ചെയ്യാൻ എളുപ്പമല്ല.
മാട്രിമോണി ആപ്പുകൾ വേഗം കൂട്ടി. പരിചയപ്പെടൽ വേഗത്തിൽ. തീരുമാനം വേഗത്തിൽ. നിരാകരണം അതിലും വേഗത്തിൽ. 'We will get back to you' എന്ന പഴയ വിനീത വാക്കുകൾക്ക് പകരം ഇപ്പോൾ 'Swipe left എന്നാണ് '.
മുമ്പ് ഈ അസ്വസ്ഥമായ പരിചയപ്പെടുത്തലുകൾ നടന്നത് ലിവിംഗ് റൂമുകളിൽ, മാതാപിതാക്കളുടെ സൂക്ഷ്മ മേൽനോട്ടത്തിൽ ആണല്ലോ. ചായ ട്രേ കൈയിൽ പിടിച്ച് പെൺകുട്ടിയുടെ കൈ വിറയ്ക്കും. മുകളിൽ കറങ്ങുന്ന ഫാനിലേക്കു നോക്കി യുവാവ് നിശ്ശബ്ദമായി ഇരിക്കും. അതേസമയം മാതാപിതാക്കൾ റിയൽ എസ്റ്റേറ്റിനെയും ബന്ധുക്കളെയും കുറിച്ച് ഗൗരവമായ ചർച്ചയിൽ മുഴുകും.
ഇന്ന് ആ അസ്വസ്ഥത വീഡിയോ കോളുകളിലാണ് തുറന്നു കാണുന്നത്. 'Can you hear me?' എന്ന ചോദ്യം ''ചായയ്ക്ക് മധുരം കുറഞ്ഞുപോയോ ?' എന്നതിനു പകരം വന്നു. പക്ഷേ സാരാംശം മാറ്റമില്ലാതെ തുടരുന്നു.
വിവാഹത്തെക്കുറിച്ചുള്ള സമീപനത്തിലും ഒരു ശ്രദ്ധേയമായ മാറ്റമുണ്ട്. പല യുവാക്കളും മാട്രിമോണി ആപ്പുകളെ തിരഞ്ഞെടുത്ത ഡേറ്റിംഗ് പ്ലാറ്റ്ഫോം പോലെ കാണുന്നു. അവർ ജാഗ്രതയോടെയും കൗതുകത്തോടെയും സമീപിക്കുന്നു. കൂട്ടായ്മ വേണമെന്നുണ്ട്, പക്ഷേ സ്വന്തം വ്യക്തിത്വം പണയം വെക്കാൻ തയ്യാറല്ല. ചിലർ വളരെ പ്രായോഗികമായി സമീപിക്കുന്നു: ''ഓർഗാനിക്കായി ആരെയും കാണുന്നില്ലെങ്കിൽ, ഇതൊന്ന് പരീക്ഷിക്കാം.''
വലിയ പേടിയൊന്നുമില്ല.
ഡേറ്റിംഗിനിടയിൽ ബില്ല് കൊടുക്കാൻ വലിയ മത്സരമാണ്. എന്നാൽ നമ്മൾ തമ്മിൽ ശരിയാകില്ല എന്നാണ് എന്റെയൊരു ഇത് എന്ന് രണ്ടുപേരിൽ ഒരാൾ പറഞ്ഞാൽ കഴിച്ചതിന്റേം കുടിച്ചതിന്റേം ബില്ലിന്റെ ഷെയർ ചോദിക്കും. ഒരു മടിയുമില്ലാതെ. എച്ചി ഇവനെ/ഇവളെ കെട്ടാഞ്ഞത് നന്നായി എന്ന് മനസിൽ പറഞ്ഞായിരിക്കും പിരിയുക
വിവാഹത്തെപ്പറ്റിയുള്ള സമീപനവും മാറിയിട്ടുണ്ട്. പലർക്കും ആപ്പ് ഒരു പ്രായോഗിക ശ്രമമാണ്. ''ഓർഗാനിക്കായി ആരെയും കാണുന്നില്ലെങ്കിൽ, ഇതൊന്ന് പരീക്ഷിക്കാം.'' അത്ര തന്നെ.
വിവാഹമോചനം കൂടുന്നതിന് ആപ്പുകൾ കാരണമോ? എല്ലാത്തിനും ആപ്പുകളെ കുറ്റം പറയാൻ നമ്മൾ തയ്യാറാണ്. പക്ഷേ മുൻകാലത്ത് അസന്തോഷം സഹിച്ചു ജീവിച്ചിരുന്നവരാണ് കൂടുതൽ. ഇന്ന് സാമ്പത്തിക സ്വാതന്ത്ര്യവും വ്യക്തിത്വബോധവും കൂടിയപ്പോൾ അസുഖകരമായ ബന്ധങ്ങളിൽ നിന്ന് പുറത്തുവരാനുള്ള ധൈര്യം കൂടി. അത് തകർച്ചയല്ല; തുറന്നുപറച്ചിലാണ്.
ആപ്പുകൾ തിരഞ്ഞെടുപ്പ് വർധിപ്പിച്ചു. സ്വന്തം നാട്ടിനും ജാതിക്കുമപ്പുറം ആളുകളെ കാണാൻ അവസരം നൽകി. അപ്പച്ചീടെ മോനേം ചറ്റപ്പന്റെ മോളേം കേട്ടാതെ രക്ഷപെടാൻ പറ്റുന്നു. അത് ചെറിയൊരു വിപ്ലവമാണ്. പക്ഷേ ഒരുപാട് ഓപ്ഷനുകൾ ലഭിക്കുമ്പോൾ ''ഇനിയും നല്ലൊരു പ്രൊഫൈൽ ഉണ്ടാകാമല്ലോ'' എന്ന അസ്വസ്ഥതയും കൂടുന്നു.
വിപണിയുടെ തർക്കശാസ്ത്രം വിവാഹ രംഗത്തേക്കും കടന്നുകഴിഞ്ഞു.
എങ്കിലും ആൽഗോരിതങ്ങൾ ഉണ്ടായിട്ടും, സങ്കീർണമായ മനുഷ്യരെ നാം ഇപ്പോഴും ചെക്ക്‌ബോക്‌സുകളാക്കി ചുരുക്കുന്നു. ശമ്പള പരിധി. ഉയരപരിധി. ഭക്ഷണ ശീലം. ജാതി വിഭാഗം. ജാതക പൊരുത്തം.
അതിനൊപ്പം - പാചകം.
ഈ ചോദ്യം ഒരു സാധാരണ അടുക്കള വിഷയമല്ല. അത് നിയന്ത്രണത്തിന്റെ ചിഹ്നമാണ്. ആശ്വാസത്തിന്റെ പേരിൽ പഴയ അധികാരം ഉറപ്പിക്കൽ. 5G നെറ്റ്‌വർക്കിലൂടെ ചോദിച്ചാലും, അതിന്റെ റൂട്ട് പഴയ സമൂഹത്തിലാണ്. നമുക്ക് എല്ലാവർക്കും ഇതിൽ പങ്കുണ്ട്. ചിരിക്കുമ്പോഴും, മിണ്ടാതിരിക്കുമ്പോഴും, ''അതെ, അത് സാധാരണമാണ്'' എന്ന് സമ്മതിക്കുമ്പോഴും.
സാങ്കേതികവിദ്യ ഉപകരണങ്ങളെ നവീകരിക്കും. മനോഭാവത്തെ അല്ല. ആൽഗോരിതം പ്രൊഫഷൻ ഫിൽറ്റർ ചെയ്യും. 'Liberal values' എന്ന ബോക്‌സ് ടിക്ക് ചെയ്യാൻ അനുവദിക്കും.
പക്ഷേ യഥാർത്ഥ സമത്വത്തിൽ ഒരാൾ വിശ്വസിക്കുന്നുണ്ടോ അതോ പ്രോഫൈലിൽ അതൊരു കീ വേർഡായി മാത്രം എഴുതിയതാണോ എന്ന് അളക്കാൻ ഒരു അൽഗോരിതത്തിനും കഴിയില്ല. പ്ലാസ്റ്റിക് ഫയൽ പോയി. സൈ്വപ്പ് ഫീച്ചർ വന്നു. ഫോട്ടോകളുടെ ലൈറ്റിംഗ് മെച്ചപ്പെട്ടു. പക്ഷേ ചോദ്യങ്ങൾ മാറിയില്ലെങ്കിൽ പരിചയപ്പെടുത്തലുകൾ അതേപടി അസ്വസ്ഥമായിരിക്കും. യഥാർത്ഥ പുരോഗതി എത്തുക, ആദ്യ ചോദ്യം ''പാചകം അറിയുമോ?'' എന്നതല്ലാതെ ''ജീവിതം ന്യായമായി എങ്ങനെ പങ്കിടാം?'' എന്നാകുന്ന ദിവസമായിരിക്കാം. അവിടെവരെ, നാം പ്ലാറ്റ്ഫോം അപ്ഗ്രേഡ് ചെയ്യും. പക്ഷേ മുൻവിധികൾ HD ക്വാളിറ്റിയിൽ തന്നെ തുടരും. ടെക്നോളജി മുന്നേറി. പക്ഷേ നമ്മുടെയൊക്കെ മനോഭാവം ഇപ്പോഴും ബഫറിങ്ങിലാണ്. അതും മുന്നേറേണ്ടേ..
Content Highlights: Explore the evolution of matchmaking from plastic files to apps, and how age-old questions like `Do you know how to cook?` persist. Discover the changing dynamics of marriage expectations.
Published: 14 Feb 2026, 01:49 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented