ജീവിക്കാൻ വേണ്ടി മരിക്കാൻ വരെ തയ്യാറാകുന്ന മലയാളികൾ എന്ന് പറഞ്ഞാൽ എന്നെ കുറ്റം പറയരുത് പ്ലീസ്. രാവിലെ പാർക്കിലേക്കോ റോഡിലേക്കോ അതുമല്ലെങ്കിൽ വീടിന് മുന്നിലെ റോഡിലേക്കോ നടപ്പാതയിലേക്കോ ഒന്ന് നോക്കിയാൽ മതി. നിങ്ങളുടെ ചുറ്റുപാടിന്റെ ആരോഗ്യനില എങ്ങനെയെന്ന് മനസ്സിലാക്കാൻ അധിക പരിശോധനകൾ വേണ്ട. എല്ലാവരും ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഓടിക്കൊണ്ടിരിക്കുകയാണെന്ന് തോന്നും. പക്ഷേ ഒന്നുകൂടി സൂക്ഷിച്ച് ശ്രദ്ധിച്ചാൽ മനസ്സിലാകും-അത് ശരീരാരോഗ്യത്തിനുള്ള ഓട്ടമാണോ, ഷൂസിന്റെ ബ്രാൻഡ് കാണിക്കാനുള്ള ഓട്ടമാണോ എന്ന്.

To advertise here,

ഒരുകാലത്ത് മോർണിങ് വാക്ക് വളരെ ലളിതമായ ഒരു കാര്യമായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന സാധാരണ ഷൂസോ, ചിലപ്പോൾ ചെരുപ്പോ ധരിച്ച് ആളുകൾ നടക്കുമായിരുന്നു. ട്രാക്ക്‌സ്യൂട്ടോ, സ്മാർട്ട് വാച്ചോ, ഫിറ്റ്നസ് ആപ്പോ ഒന്നും ആവശ്യമില്ല. ശ്വാസം പിടിച്ചു നടക്കുക, പഴയ സുഹൃത്തുക്കളെ കണ്ടു രണ്ട് വാക്ക് പറയുക, പിന്നെ വീട്ടിലേക്ക് മടങ്ങുക-ഇതായിരുന്നു അന്നത്തെ രീതി. ഇന്ന് കാലം മാറി. ഇപ്പോൾ മോണിങ് വാക്കിന് മുമ്പ് ഒരു ചെറിയ ഫാഷൻ ഷോയ്ക്കുള്ള തയ്യാറെടുപ്പാണ് ആദ്യം നടക്കുന്നത്. ഷൂസ് ബ്രാൻഡഡ് ആയിരിക്കണം. ടി-ഷർട്ട് സ്പോർട്സ് ബ്രാൻഡിന്റെതായിരിക്കണം. കൈയിൽ സ്മാർട്ട് വാച്ച് വേണം. ചിലപ്പോൾ മോണിങ് വാക്കിനേക്കാൾ സമയം ഈ വേഷം ഒരുക്കാനാണ് ചെലവഴിക്കുന്നത്.

വാസ്തവത്തിൽ ഇന്നത്തെ ഫിറ്റ്‌നസ് സംസ്കാരത്തിൽ ഒരു ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ആരോഗ്യമാണ് പ്രധാനമെന്ന് നമ്മൾ പറയുന്നുണ്ടെങ്കിലും പലപ്പോഴും അത് രണ്ടാമത്തെ സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് എത്തിയത് “എല്ലാം മറ്റുള്ളവരെ കാണിക്കൽ” ആണ്. നമുക്ക് നടക്കാൻ പോയതായി തെളിവ് വേണം. അത് തെളിയിക്കാൻ ഫോട്ടോ വേണം. ഫോട്ടോ പോസ്റ്റ് ചെയ്യാൻ സോഷ്യൽ മീഡിയ വേണം. പിന്നെ ലൈക്കുകളും കമന്റുകളും വേണം.

ഇപ്പോൾ ജിമ്മുകളിലും സ്ഥിതി ഇതേപോലെയാണ്. ഒരു കാലത്ത് ജിം എന്നത് കഠിനാധ്വാനത്തിന്റെയും വിയർപ്പിന്റെയും സ്ഥലമായിരുന്നു. ഇപ്പോൾ അത് ഒരു സോഷ്യൽ മീഡിയ സ്റ്റുഡിയോ പോലെ തോന്നുന്നു. കണ്ണാടിക്ക് മുന്നിൽ നിന്നു സെൽഫി എടുക്കുന്നത് ചിലപ്പോൾ വ്യായാമത്തേക്കാൾ പ്രധാനപ്പെട്ട പരിപാടിയായി മാറുന്നു. ‘ലെഗ് ഡേ’, ‘ചെസ്റ്റ് ഡേ’, ‘ട്രാൻസ്ഫർമേഷൻ ജേണി’ തുടങ്ങിയ വാക്കുകൾ നമ്മുടെ ജീവിതത്തിൽ പുതിയതായി പ്രവേശിച്ചു. പക്ഷേ അതിനൊപ്പം മറ്റൊരു കാര്യവും കൂടി പ്രവേശിച്ചു- ഇൻഫ്ലുവൻസർ സംസ്കാരം. ഓരോ ജിം അംഗത്തിനും ഉള്ളിൽ ഒരു ചെറിയ ഇൻഫ്ലുവൻസർ ഉണ്ടെന്നാണ് തോന്നുന്നത്. വ്യായാമം ചെയ്യുന്നതിനേക്കാൾ അത് വീഡിയോയാക്കി അപ്ലോഡ് ചെയ്യുന്നതിലാണ് കൂടുതൽ ശ്രദ്ധ.

ഇതൊക്കെ കാണുമ്പോൾ നമുക്ക് സംശയം തോന്നും-നമ്മൾ ശരിക്കും ആരോഗ്യം സംരക്ഷിക്കാനാണോ ഈ സാഹസങ്ങൾ കാണിക്കുന്നത്.? അതോ ഫോട്ടോ ഷൂട്ടിനോ? ഇപ്പോൾ പാർക്കിൽ നടക്കാൻ വരുന്നവരെ നോക്കിയാൽ അക്കൂട്ടത്തിൽ പലതരക്കാരുണ്ടെന്ന് കാണാം. ഒരു വിഭാഗം ശരിക്കും നടക്കാൻ വരുന്നവർ. അവർ ശാന്തമായി നടക്കും. സംസാരിക്കില്ല. ഫോട്ടോ എടുക്കില്ല. എല്ലാം കഴിഞ്ഞ് കുറേ കലോറിയും കത്തിച്ചുകളഞ്ഞ് വീട്ടിലേക്ക് മടങ്ങും. രണ്ടാമത്തെ വിഭാഗം-സംസാരിക്കാൻ വരുന്നവർ. ഇവർ നടക്കുന്നതിനെക്കാൾ സംസാരിക്കാനാണ് വരുന്നത്. രാജ്യരാഷ്ട്രീയം മുതൽ നാട്ടിലെ വിവാഹവാർത്തകൾ വരെ എല്ലാം ഇവിടെ ചർച്ച ചെയ്യും. മൂന്നാമത്തെ വിഭാഗം-പുതിയ ഫിറ്റ്‌നസ് ഫാഷൻ വിഭാഗം. ഇവർ നടക്കുമ്പോഴും ശ്രദ്ധ ഫോൺ ക്യാമറയിലാണ്. ‘മോണിങ് റൺ കംപ്ലീറ്റഡ്' എന്ന കുറിപ്പോടെ ഒരു ചിത്രം അപ്‌ലോഡ് ചെയ്യണം. ചിലപ്പോൾ ഓടുന്നതിനെക്കാൾ കൂടുതൽ സമയം ഇത്തരം ക്യാപ്ഷൻ എഴുതാനും അതിനുവരുന്ന കമന്റുകൾക്ക് മറുപടിയിടാനുമാകും ചെലവാകുന്നത്.

ഇവിടെ ഒരു രസകരമായ കാര്യവും ഉണ്ട്. പലരും ഷൂസിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. ഷൂസ് എത്ര വിലയുള്ളതാണെന്ന് പറയുമ്പോൾ അഭിമാനിക്കുന്നു. പക്ഷേ ആ ഷൂസ് ഉപയോഗിച്ച് എത്ര ദിവസം സ്ഥിരമായി നടക്കുന്നു എന്ന് ചോദിച്ചാൽ മറുപടി ഇല്ല പലർക്കും. ഒരു ഫിറ്റ്‌നസ് ട്രെയിനർ പറഞ്ഞതുപോലെ. ‘ആരോഗ്യം നേടാൻ വിലയേറിയ ഷൂസ് വേണ്ട. പക്ഷേ ഷൂസ് വാങ്ങിയതുകൊണ്ട് മാത്രം ആരോഗ്യം വരികയും ഇല്ല.’  സോഷ്യൽ മീഡിയ ഈ ഫിറ്റ്‌നസ് സംസ്കാരത്തെ വളരെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. ദിവസവും ആരെങ്കിലും ‘ഫിറ്റ്‌നസ് ട്രാൻസ്ഫർമേഷൻ’ കഥകൾ പങ്കുവെക്കുന്നു. അത് കണ്ടാൽ നമ്മൾക്കും പ്രചോദനം കിട്ടും. പക്ഷേ ചിലപ്പോൾ ആ പ്രചോദനം രണ്ടുദിവസം മാത്രം നീളും. മൂന്നാം ദിവസം വീണ്ടും പഴയ ജീവിതം.

ഇതിൽ മറ്റൊരു പ്രശ്നവും ഉണ്ട്-നല്ല ആരോഗ്യം എന്നാൽ എന്തൊക്കെയോ ആണെന്ന് പലരും തെറ്റിദ്ധരിക്കുന്നു. പലർക്കും ഫിറ്റ്‌നസ് എന്നത് സിക്‌സ് പാക്ക് അല്ലെങ്കിൽ സ്ലിം ഫിഗർ എന്നാണ് തോന്നുന്നത്. പക്ഷേ, ആരോഗ്യത്തിന്റെ അർഥം  അതിനേക്കാൾ വലുതാണ്. ശരിയായ ഭക്ഷണം, നല്ല ഉറക്കം, മാനസിക സമാധാനം-ഇവയൊക്കെ അതിലുണ്ട്. അതുകൊണ്ടുതന്നെ പഴയകാല മോണിങ് വോക്കേഴ്സിനെ കുറിച്ച് നമ്മൾ ഒന്ന് ഓർക്കണം. അവർക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇല്ലായിരുന്നു. ഫിറ്റ്‌നസ് ട്രാക്കർ ഇല്ലായിരുന്നു. പക്ഷേ അവർ സ്ഥിരമായി നടക്കുമായിരുന്നു. അതുകൊണ്ടുതന്നെ അവർ ആരോഗ്യവാന്മാരായിരുന്നു.

ഇന്ന് നമ്മൾക്ക് എല്ലാ സാങ്കേതിക സൗകര്യങ്ങളും ഉണ്ട്. പക്ഷേ, സ്ഥിരത കുറവാണ്. രണ്ട് ദിവസം ആവേശത്തോടെ ജിമ്മിൽ പോകും. മൂന്നാം ദിവസം ഒരു ചെറിയ കാരണം കണ്ടെത്തി ഒഴിവാക്കും. ഫിറ്റ്‌നസ് ഒരു ഫാഷനല്ല. അത് ഒരു ശീലമാണ്. ഫോട്ടോ എടുത്താൽ ആരോഗ്യവാനാകാൻ സാധിക്കില്ല. ഷൂസ് വില കൂടിയതായാൽ ശരീരം ശക്തമാകുകയും ഇല്ല. നടക്കുക, ഓടുക, വ്യായാമം ചെയ്യുക-ഇവയെല്ലാം ആവശ്യമാണ്. പക്ഷേ അതിനേക്കാൾ ആവശ്യമാണ് സ്ഥിരതയും ലാളിത്യവും. ആരോഗ്യം സോഷ്യൽ മീഡിയയിൽ കാണിക്കാൻ ഉള്ള ഒരു പ്രോജക്റ്റല്ല. അത് സ്വന്തം ജീവിതം സന്തോഷത്തോടെ മുന്നോട്ടുകൊണ്ടുപോകാൻ അവനവൻ അവനവനിൽ നിശബ്ദമായി നടത്തേണ്ട ഒരു നിക്ഷേപമാണ്.

ഇപ്പോൾ നമ്മുടെ ജീവിതത്തിൽ മറ്റൊരു പുതിയ ഫിറ്റ്‌നസ് ഫാഷൻ കൂടി ശക്തമായി പടരുകയാണ്-വീട്ടിൽ തന്നെ ജിം ഒരുക്കുക എന്നത്. ആരോഗ്യത്തെക്കുറിച്ചുള്ള ബോധം വർധിച്ചതിന്റെ നല്ല അടയാളമാണെന്ന് ആദ്യം തോന്നും. പക്ഷേ കുറച്ച് ശ്രദ്ധിച്ചാൽ മനസ്സിലാകും, പലപ്പോഴും ഇത് ആരോഗ്യത്തിനേക്കാൾ ആവേശത്തിന്റെയും ഫാഷന്റെയും ഫലമാണ്. ഇത് സാധാരണയായി ഒരു തീരുമാനത്തോടെ തുടങ്ങും. ‘ഇനി മുതൽ ഞാൻ റെഗുലർ ആയി വ്യായാമം ചെയ്യും.’ ജിമ്മിൽ പോകാമെന്ന് വിചാരിച്ചാൽ അതിന് സമയം കിട്ടില്ല. അതുകൊണ്ട് ഒരു ജിം വീട്ടിൽ തന്നെ സെറ്റപ്പ് ചെയ്യാം. ആ തീരുമാനം എടുത്താൽ അടുത്ത ഘട്ടം-ഓൺലൈൻ ഷോപ്പിങ്. ആമസോൺ, ഫ്ലിപ്കാർട്ട്, യൂട്യൂബ് റിവ്യൂ-എല്ലാം ഒരുമിച്ച് തുറക്കും. ട്രെഡ്മിൽ വേണമോ? ഡംബെൽ സെറ്റ് വേണമോ? റെസിസ്റ്റൻസ് ബാൻഡോ? യോഗ മാറ്റോ? ചിലപ്പോൾ വീടിന്റെ ഒരു ചെറിയ മുറി പോലും ‘ഹോം ജിം’ എന്ന പേരിൽ റിസർവ് ചെയ്യും.

വാങ്ങൽ പട്ടിക വളരെയേറെ ആവേശകരമാണ്. ട്രെഡ്മിൽ എത്തുമ്പോൾ വീട്ടിൽ ഒരു ചെറിയ ആഘോഷം പോലെ. ‘ഇനി പുറത്തു നടക്കാൻ പോവേണ്ട. സമയം ലാഭിക്കും. വീട്ടിൽ തന്നെ ഫിറ്റ്‌നസ്.’ ആദ്യത്തെ രണ്ടാഴ്ച അതിശയകരമായ കസർത്തുകൾ കാണാം. രാവിലെ ട്രെഡ്മിലിൽ നടക്കും. കുറച്ച് വിയർക്കും. പിന്നെ ഒരു സെൽഫി എടുത്ത് ‘Day 7 of fitness journey’ എന്ന് പോസ്റ്റ് ചെയ്യും. പക്ഷേ മൂന്നാം ആഴ്ച മുതൽ കഥ അല്പം മാറിത്തുടങ്ങും. ഒരു ദിവസം ഓഫീസ് തിരക്ക്. മറ്റൊരു ദിവസം ചെറിയ പനി. മറ്റൊരു ദിവസം ‘ഇന്ന് ഒന്ന് റസ്റ്റ് എടുക്കാം’ എന്ന തീരുമാനം. അങ്ങനെ ട്രെഡ്മിൽ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ആയി മാറും. അതിനുശേഷം സംഭവിക്കുന്നത് നമ്മുടെ വീടുകളിൽ പലതിലും കണ്ടിട്ടുള്ള ഒരു സാധാരണ ദൃശ്യമാണ്. ട്രെഡ്മിലിന്റെ ഹാൻഡിലിൽ ആദ്യം ഒരു ടവൽ തൂങ്ങും. പിന്നെ ഒരു ഷർട്ട്. പിന്നെ അലക്കിയ വസ്ത്രങ്ങൾ. അവസാനം അത് ഒരു വിലകൂടിയ വസ്ത്രം ഉണക്കുന്ന സ്റ്റാൻഡ് ആയി മാറും.

ചില വീടുകളിൽ ഡംബെൽ സെറ്റുകൾക്കും സമാനമായ കഥയുണ്ട്. വാങ്ങിയ ദിവസം “ഇനി ആറുമാസംകൊണ്ട് സിക്‌സ് പാക്ക്” എന്ന ആത്മവിശ്വാസം. പക്ഷേ രണ്ടാഴ്ചയ്ക്ക് ശേഷം ഡംബെൽ എടുത്ത് വ്യായാമം ചെയ്യുന്നത് നിർത്തും. പിന്നീട് ആ ഡംബെൽ കാണുമ്പോൾ വീട്ടുകാർ ചോദിക്കും: ‘ഇത് എന്തിനാണ് വാങ്ങിയത്?’

അപ്പോൾ മറുപടി സാധാരണയായി ഇങ്ങനെയായിരിക്കും: ‘അത്… ഉപയോഗിക്കാൻ സമയം കിട്ടിയില്ല.’ സത്യത്തിൽ പ്രശ്നം സമയം കിട്ടാത്തതല്ല. പ്രശ്നം ആവേശം കുറയുന്നതാണ്. ഇന്നത്തെ ഫിറ്റ്‌നസ് സംസ്കാരത്തിന്റെ ഒരു ചെറിയ ദൗർബല്യം ഇതാണ്. നമ്മൾ ഉപകരണങ്ങൾ വാങ്ങുന്നത് വളരെ വേഗത്തിലാണ്. പക്ഷേ, ശീലങ്ങൾ രൂപപ്പെടുത്തുന്നതിൽ അത്ര വേഗമില്ല. വാസ്തവത്തിൽ ആരോഗ്യത്തിനായി ട്രെഡ്മിൽ അനിവാര്യമല്ല. പാർക്കിലെ ഒരു പാത മതി. വീട്ടിന് മുന്നിലുള്ള ഒരു റോഡ് മതി. ചിലപ്പോൾ പടികൾ കയറിറങ്ങുന്നതു പോലും നല്ല വ്യായാമമാണ്. പക്ഷേ ട്രെഡ്മിൽ വാങ്ങുമ്പോൾ ഒരു ചെറിയ സന്തോഷം ഉണ്ടാകും-‘ഇനി ഞാൻ ഫിറ്റ്‌നസ് സീരിയസായി എടുക്കുന്നു’  എന്നൊരു ആത്മവിശ്വാസം.

പ്രശ്നം എന്തെന്നാൽ, ആ ആത്മവിശ്വാസം പലപ്പോഴും ട്രെഡ്മിൽ എത്തുന്ന ദിവസം തന്നെ പരമാവധി ഉയരത്തിൽ എത്തി പിന്നീട് താഴോട്ട് പോകുന്നു. അതുകൊണ്ടാണ് ചിലർ തമാശയായി പറയുന്നത്: “വീട്ടിലെ ട്രെഡ്മിൽ വാങ്ങുന്നത് ആരോഗ്യത്തിനല്ല—വീട്ടിൽ ഒരു പുതിയ വസ്ത്രം സ്റ്റാൻഡ് വേണമെങ്കിൽ.” ഇതെല്ലാം പറഞ്ഞത് ട്രെഡ്മിൽ തെറ്റാണെന്നല്ല. പലർക്കും അത് വളരെ നല്ല രീതിയിൽ ഉപയോഗിക്കാനും കഴിയുന്നു. പക്ഷേ പലപ്പോഴും അത് ഒരു ഫിറ്റ്‌നസ് ഫാഷൻ ഐറ്റം ആയി മാറുന്നതാണ് സത്യാവസ്ഥ. ആരോഗ്യം വാങ്ങാൻ കഴിയില്ല. ട്രെഡ്മിൽ വാങ്ങാം. ഡംബെൽ വാങ്ങാം. യോഗമാറ്റ് വാങ്ങാം. പക്ഷേ വ്യായാമം ചെയ്യാനുള്ള ശീലം മാത്രം ഓൺലൈനിൽ ഓർഡർ ചെയ്യാൻ കഴിയില്ല. അത് നമ്മൾ തന്നെ ദിവസവും രൂപപ്പെടുത്തേണ്ടതാണ്. അടുത്ത തവണ രാവിലെ നടക്കാൻ ഇറങ്ങുമ്പോൾ ഒരു ചെറിയ കാര്യം ഓർക്കുക. ഷൂസിന്റെ ബ്രാൻഡ് ആരും ശ്രദ്ധിക്കണമെന്നില്ല. പക്ഷേ നിങ്ങളുടെ ഹൃദയം ശ്രദ്ധിക്കണം. അത് സന്തോഷത്തോടെ താളം പിടിച്ചാൽ-അതാണ് യഥാർത്ഥ ഫിറ്റ്‌നസ്.