ഗർഭകാലത്തിന്റെ അവസാന ഘട്ടത്തിലും തന്റെ ഫിറ്റ്‌നസ് ദിനചര്യകൾ മുടക്കാതെ ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് ദക്ഷിണേന്ത്യൻ നടി സമാന്ത റൂത്ത് പ്രഭു. ഒൻപതാം മാസത്തിലേക്ക് കടന്ന സമാന്ത, ഭാരമുയർത്തിയുള്ള വെയിറ്റഡ് സ്‌ക്വാറ്റുകൾ ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് ഇപ്പോൾ തരംഗമാകുന്നത്.

To advertise here,

ഗർഭധാരണത്തിന്റെ ഒന്നാം മാസത്തിൽ നെഞ്ചോടുചേർത്ത് ഡംബെൽ പിടിച്ച് സ്‌ക്വാറ്റുകൾ ചെയ്യുന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് ഒൻപതാം മാസത്തിലെത്തിയ നിലവിലെ അവസ്ഥയിലും അതേ കരുത്തോടെ സമാന്ത വ്യായാമം തുടരുന്നത് കാണാം. '9, ദ ഫൈനൽ ലാപ്പ്' എന്ന കുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചത്.

ഗർഭകാലത്ത് ഫിറ്റ്‌നസ് നിലനിർത്തുന്നതിനെക്കുറിച്ച് മുൻപും സമാന്ത മനസ്സ് തുറന്നിട്ടുണ്ട്. കഠിനാധ്വാനം ചെയ്യുന്നതിനേക്കാൾ, സ്വന്തം ശരീരം പറയുന്നത് ശ്രദ്ധയോടെ കേൾക്കാനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് സീറ്റഡ് കേബിൾ റോ (Seated cable row) ചെയ്യുന്ന മറ്റൊരു വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരുന്നു.

ചില ദിവസങ്ങളിൽ വ്യായാമം മുഴുവനാക്കാൻ കഴിയാറില്ലെന്നും തളർന്നുപോകുന്ന ദിവസങ്ങളിൽ യോഗ മാറ്റിൽ വിശ്രമിക്കാറുണ്ടെന്നും താരം വ്യക്തമാക്കുന്നു. മുൻകാലങ്ങളിൽ ജിമ്മിൽ സ്വന്തം പരിധികൾ ലംഘിച്ച് കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിലായിരുന്നു ശ്രദ്ധയെങ്കിൽ, പുതിയ ഘട്ടത്തിൽ ശരീരത്തെ ബഹുമാനിക്കാനും ആവശ്യത്തിന് വിശ്രമം നൽകാനുമാണ് പഠിക്കുന്നതെന്നും സമാന്ത കൂട്ടിച്ചേർത്തു.

വർഷങ്ങളായി ഭാരമുയർത്തിയുള്ള പരിശീലനം നടത്തുന്ന വ്യക്തിയായതിനാലാണ് ഗർഭകാലത്തും ഡോക്ടറുടെ കൃത്യമായ മേൽനോട്ടത്തിൽ ഇത് തുടരുന്നതെന്ന് താരം വ്യക്തമാക്കി. ഓരോ വ്യക്തിയുടെയും ഗർഭകാല അനുഭവങ്ങൾ വ്യത്യസ്തമാണെന്നും, അതിനാൽ തന്റെ വീഡിയോ കണ്ട് ആരും നേരിട്ട് വ്യായാമങ്ങൾ അനുകരിക്കരുതെന്നും മറ്റ് ഗർഭിണികൾക്ക് സമാന്ത മുന്നറിയിപ്പ് നൽകുന്നുണ്ട്.

മാ ഇന്റി ബംഗാരം എന്ന ചിത്രത്തിന്റെ പ്രൊമോഷനുകൾക്ക് ശേഷമാണ് സമാന്ത ഫിറ്റ്‌നസ് യാത്രയിലെ ഈ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. ഗർഭകാലത്തെ ശാരീരിക മാറ്റങ്ങളെ പോസിറ്റീവായി നേരിടുന്ന സമാന്തയുടെ സമീപനത്തെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.