മനഃസാക്ഷിയുള്ള മനുഷ്യനായിരുന്നു മൻമോഹൻ സിങ്. ഇപ്പോൾ പാക്കിസ്താനിലുള്ള ഒരു ഗ്രാമത്തിൽനിന്ന് തുടങ്ങിയ ജീവിതയാത്രയിൽ ഒരിക്കലും കൈമോശം വരാതെ മൻമോഹൻ സിങ് കാത്തുസൂക്ഷിച്ച ഒരു സംഗതി ആർജ്ജവവും ആത്മാർത്ഥതയുമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ നാളുകളിൽ ഇന്ത്യൻ വിഭജനം ഏൽപിച്ച മുറിവുകൾ ആവോളം പേറിയാണ് മൻമോഹന്റെ ബാല്യം കടന്നുപോയത്. മനസ്സിൽ ഒന്നുവെച്ച് പുറത്ത് മറ്റൊരു രീതിയിൽ പെരുമാറുന്ന കാപട്യം മൻമോഹന് അന്യമായിരുന്നു. 

To advertise here,

ജന്മനാട് സന്ദർശിക്കാൻ ആഗ്രഹമില്ലേ എന്ന് മകൾ ഉപിന്ദർ സിങ് ചോദിച്ചപ്പോൾ മൻമോഹൻ സിങിന്റെ പ്രതികരണം ഇതായിരുന്നു: ''ഇല്ല. അവിടെയാണ് എന്റെ മുത്തശ്ശി കൊല്ലപ്പെട്ടത്.'' പക്ഷേ, 2008-ൽ രാജാ മുഹമ്മദ് അലി എന്ന പാക്കിസ്താൻകാരൻ ബാല്യകാല സുഹൃത്തിനെ കാണാൻ ആഗ്രഹിച്ചപ്പോൾ മൻമോഹൻ സിങ് അതീവ സന്തോഷത്തോടെ അതിന് തയ്യാറായി. മൻമോഹന്റെ കൂടെ പ്രൈമറി സ്‌കൂളിൽ ഒപ്പം പഠിച്ചയാളായിരുന്നു രാജാ മുഹമ്മദ് അലി. പാക്ക്- ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിനും മൻമോഹൻ സിങ് കഴിയുന്നത്ര ശ്രമിച്ചു. 2008-ലെ മുംബൈ ഭീകരാക്രമണമാണ് ആ നടപടികളെ കുറച്ചൊന്ന് പിന്നോട്ടിച്ചത്.

ഡൽഹിയിൽ ദ് ഹിന്ദുവിന്റെ ബ്യൂറൊ ചീഫ് ആയിരുന്ന ഹരിഷ് ഖരെ 2009-ലാണ് പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ മാദ്ധ്യമ ഉപദേഷ്ടാവായി നിയമതിനായത്. തൊട്ടുപിന്നാലെ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ഒരു ചടങ്ങിൽ രാജ്യത്തെ വൻകിട ഉരുക്ക് കമ്പനി ശാലകളുടെ മേധാവികളും പ്രധാനമന്ത്രി മൻമോഹൻ സിങും തമ്മിൽ നടന്ന  കൂടിക്കാഴ്ചയെക്കുറിച്ച് ഖരെ കഴിഞ്ഞ ദിവസം എഴുതിയിരുന്നു. നക്‌സലൈറ്റുകൾ തങ്ങളുടെ ജീവിതം വിഷമമകരമാക്കി കൊണ്ടിരിക്കുകയാണെന്നും അവരുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്നും വ്യവസായ മേധാവികൾ സിങിനോട് അഭ്യർത്ഥിച്ചു. സിങിന്റെ മറുപടി അത്യധികം ശ്രദ്ധേയമായിരുന്നുവെന്നാണ് ഖരെ കുറിക്കുന്നത്: ''ചിലപ്പോൾ നമ്മുടെ സംവിധാനം തങ്ങളോട് നീതി പുലർത്തുന്നില്ലെന്ന് നക്‌സലൈറ്റുകൾക്ക് തോന്നുണ്ടാവാം.'' സിങിന്റെ പ്രതികരണത്തിൽ വ്യവസായ മേധാവികൾ സ്തബ്ധരായിപ്പോയെന്ന് ഖരെ എഴുതുന്നു.

1991-ൽ നടന്ന ഒരു സംഭവം മുൻ ഐ.എഫ്.എസ്. ഉദ്യോഗസ്ഥൻ രാമു ദാമോദരൻ വിരിക്കുന്നുണ്ട്. നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങിന്റെ മന്ത്രാലയം ഇന്ത്യൻ രൂപയുടെ മൂല്യം കുറച്ച സമയം. ആ ദിവസങ്ങളിലൊന്നിൽ മൻമോഹൻ സിങ് റെയ്‌സ് കോഴ്‌സ് റോഡിലുള്ള പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വന്നു. അവിടെയുണ്ടായിരുന്ന രാമു ദാമോദരന്റെ കയ്യിൽ സിങ് ഒരു ചെക്ക് കൊടുത്തു. ''രൂപയുടെ മൂല്യം കുറച്ചപ്പോൾ എനിക്ക് വിദേശത്തുള്ള സ്വത്തുക്കളുടെ മൂല്യത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഈ ചെക്കിൽ ആ വർദ്ധിച്ച മൂല്യത്തിനുള്ള തുകയുണ്ട്. ഇത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണം.'' സിങ് രാമുവിനോട് പറഞ്ഞു. താൻ ധനമന്ത്രിയായിരിക്കെ എടുത്ത നടപടികൊണ്ടുണ്ടായ ലാഭം വേണ്ടെന്നുവെയ്ക്കാൻ സിങ് കാണിച്ച ആർജ്ജവത്തിന് പകരം വെയ്ക്കാൻ മറ്റെന്താണുള്ളത്...!

placeholder
.
ഡോ. മൻമോഹൻ സിങ്‌ | Photo: PTI

മറക്കാനാവാത്ത മാപ്പ്

2004-ൽ ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷം സിങ് ആദ്യം ചെയ്ത കൃത്യങ്ങളിലൊന്ന് 1984-ലെ സിഖ് വിരുദ്ധ കലാപത്തിന് സിഖ് ജനതയോട് പാർലമെന്റിൽ മാപ്പ് പറയുക എന്നതായിരുന്നു: ''സിഖ് സമുദായത്തോട് മാപ്പ് പറയുന്നതിന് എനിക്ക് ഒരു മടിയുമില്ല. സിഖ് സമുദായത്തോട് മാത്രമല്ല, മുഴുവൻ ഇന്ത്യൻ ജനതയോടും ഞാൻ മാപ്പ് പറയുന്നു. കാരണം 1984-ൽ സംഭവിച്ചത് ഭരണഘടനയിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള രാഷ്ട്രം എന്ന ആശയത്തിന്റെ തിരസ്‌കരണമായിരുന്നു.'' 

ഭരണാധികാരികൾക്ക് ഒരിക്കലും തെറ്റുപറ്റില്ല എന്ന വിശ്വാസപ്രമാണം മൻമോഹൻ സിങ് പിന്തുടർന്നില്ല. ഭരണാധികാരികളും കേവല മനുഷ്യരാണെന്നും തെറ്റുകൾ പറ്റുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ അഴിമതി വിരുദ്ധ സമരം കത്തിപ്പടരുമ്പോൾ അതിനെ അടിച്ചമർത്താൻ മൻമോഹൻ സിങ് സർക്കാർ ശ്രമിച്ചിരുന്നില്ല. 1991-96 കാലത്തെ മൻമോഹൻ സിങ് ഇന്തയയിലെ കോർപറേറ്റുകൾക്ക് പ്രിയങ്കരനായിരുന്നു. റാവു- മൻമോഹൻ ദ്വയം നടപ്പാക്കിയ സമ്പദ് മേഖലയിലെ അഴിച്ചുപണികൾ തങ്ങൾക്ക് മുന്നിൽ ഇന്ത്യയിലെ അതിവിശാല കമ്പോളം മലർക്കെ തുറക്കുന്നത് കോർപറേറ്റുകൾ ആഹ്ലാദത്തോടും വിസ്മയത്തോടുമാണ് കണ്ടുനിന്നത്. 1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട ഷോക്കിൽ ഇന്ത്യൻ ജനത സ്തംഭിച്ചുനിൽക്കവെയാണ് നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങളുമായി റാവു സർക്കാർ മുന്നോട്ടുപോയതെന്ന് പ്രഭാത് പട്‌നായിക് ഒരു ലേഖനത്തിൽ കുറിച്ചതും ഓർക്കുന്നു.

പക്ഷേ, 2004-ലും 2009-ലും യു.പി.എ. സർക്കാരുകളുടെ നായകനായിരുന്ന മൻമോഹൻ വ്യത്യസ്തനായിരുന്നു. മാർക്കറ്റിനെ അതിന്റെ ഇഷ്ടത്തിന് വിട്ടാൽ സമൂഹത്തിന്റെ ക്ഷേമം മാർക്കറ്റ് നോക്കിക്കൊള്ളുമെന്നും കോർപറേറ്റുകൾ പുനരുത്പാദിപ്പിക്കുന്ന സമ്പത്ത് പതുക്കെ സമൂഹത്തിന്റെ താഴെ തട്ടിലേക്ക് അരിച്ചിറങ്ങുമെന്നുമുള്ള സിദ്ധാന്തത്തിൽനിന്ന് മൻമോഹൻ വഴിമാറി നടക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. 

വികസനം ഒരു പിടി ദല്ലാൾ മുതലാളിമാരിൽ ഒതുങ്ങേണ്ട ഒന്നല്ലെന്നും സമൂഹത്തിന്റെ എല്ലാ തട്ടിലും  ഒരുപോലെ എത്തേണ്ടതുണ്ടെന്നുമുള്ള ഇടത്പക്ഷ സമിപനത്തിന് മുൻതൂക്കമുള്ള സർക്കാരായിരുന്നു 2004-ലെ യു.പി.എ. ഭരണകൂടം. കെയ്‌നീഷ്യൻ സാമ്പത്തിക സിദ്ധാന്തങ്ങളുടെ വലിയ തോതിലുള്ള പ്രയോഗങ്ങൾക്ക് ഇക്കാലയവളവിൽ ഇന്ത്യ സാക്ഷ്യം വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശ, വിദ്യാഭ്യാസ അവകാശ നിയമങ്ങളും പിന്നീട് വന്ന ഭക്ഷ്യ സുരകഷാ നിയമവും ഈ കാഴ്ചപ്പാടിന്റെ പ്രതിഫലനങ്ങളായിരുന്നു. റാവു സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഇന്ത്യയിൽ അസമത്വം വർദ്ധിപ്പിക്കുന്നതിന് കാരണമായി എന്ന് വിമർശിക്കുന്നവരോട് മൻമോഹൻ സിങ് പറയാറുണ്ടായിരുന്ന ഒരു മറുപടി 2004-നും 2014-നുമിടയിൽ ഇന്ത്യയിൽ 27 കോടി ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്കെത്തിയതിനെ കുറിച്ചായിരുന്നു. അതിനു മുമ്പോ പിമ്പോ ഇത്തരമൊരു മാറ്റം ഇന്ത്യ കണ്ടിട്ടില്ല.

placeholder
.
ഡോ. മൻമോഹൻ സിങ് വ്യവസായരംഗത്തെ ഉന്നതരായ സുനിൽ മിത്തൽ, അനിൽ അംബാനി, കുമാരമംഗലം ബിർള എന്നിവർക്കൊപ്പം | Photo: PTI

സ്വകാര്യ മേഖലയിൽ സംവരണം

സ്വകാര്യ മേഖലയിൽ സംവരണമായിക്കൂടേ എന്ന ചോദ്യവും ഗൗരവമായി മൻമോഹൻസിങ് ഇക്കാലത്ത് ഉയർത്തിയിരുന്നു. പൊതുമേഖല സ്ഥാപനങ്ങളിൽ തൊഴിൽ അവസരങ്ങൾ കുറയുന്നതിന്റെ പ്രത്യാഘാതങ്ങളിലൊന്ന് പ്രാതിനിധ്യ ജനാധിപത്യത്തിനും അവസര സമത്വത്തിനുമായി ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ള സംവരണ നടപടികൾക്കേൽക്കുന്ന ക്ഷതമാണ്. കൊടുക്കുവാൻ തൊഴിൽ ഇല്ലെങ്കിൽ പിന്നെ സംവരണത്തിന് എന്ത് പ്രസക്തിയാണുള്ളത്? ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടാണ് സിങ് ഇന്ത്യയിലെ കോർപറേറ്റുകളോട് സ്വകാര്യ മേഖലയിൽ സംവരണം നടപ്പാക്കിക്കൂടെ എന്ന് ചോദിച്ചത്. സിങിന്റെ നീക്കത്തിൽ അപകടം മണത്ത കോർപറേറ്റുകൾ വളരെ സമർത്ഥമായി അതിനെ അട്ടിമറിച്ചു. 

അമേരിക്കയിൽ ചെയ്യുന്നതുപോലെ ഇന്ത്യയിലും സ്വകാര്യ മേഖലയിലുള്ള വ്യവസായ ശാലകൾ സ്വമേധയാ ഇക്കാര്യത്തിൽ ശ്രദ്ധ കൊടുക്കുമെന്നായിരുന്നു അന്ന് ടാറ്റ- ബിർള- അംബാനി ഗ്രൂപ്പുകളുടെ പ്രതിനിധികൾ അടങ്ങുന്ന കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രതികരിച്ചത്. അതായത് തൊഴിൽനിയമനം നടത്തുമ്പോൾ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് അർഹിക്കുന്ന പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്ന് സ്വകാര്യ കമ്പനികൾ ഉറപ്പുവരുത്തും. ഈ വാഗ്ദാനം ജലരേഖയാവുന്നതാണ് പിന്നീടങ്ങോട്ട് ഇന്ത്യ കണ്ടത്. ഇന്ത്യയിലെ വൻകിട കമ്പനികൾ സ്വമേധയാ എത്ര ദളിതർക്കും പിന്നോക്ക സമുദായക്കാർക്കും തൊഴിൽ നൽകിയിട്ടുണ്ടെന്ന് ചോദിച്ചാൽ മറുപടി അവ്യക്തമായിരിക്കുമെന്നതിന് ഒരു സംശയവുമില്ല.

മൻമോഹൻ സിങ് സർക്കാർ സാധാരണ ജനങ്ങൾക്ക് വേണ്ടി എടുത്ത നടപടികൾ ഇന്ത്യയിലെ കോർപറേറ്റുകൾക്ക് രസിച്ചിരുന്നില്ലെന്നും അണ്ണാ ഹസാരെ പ്രസ്ഥാനത്തിന്  വലിയ സഹായങ്ങൾ ചെയ്യാൻ വൻകിട കോർപറേറ്റുകൾ തയ്യാറായതിനെ ഈ പരിസരത്തിലാണ് കാണേണ്ടതെന്നും ഖരെ ചൂണ്ടിക്കാട്ടുന്നുണ്ട്. കേന്ദ്ര സർക്കാരിനെതിരെ നീങ്ങുന്ന ഹസാരെ പ്രസ്ഥാനത്തിന് അകമഴിഞ്ഞ സാമ്പത്തിക പിന്തുണ നൽകുന്ന വ്യവസായ ഗ്രൂപ്പുകളെ കാര്യം പറഞ്ഞു മനസ്സിലാക്കാനാവില്ലേ എന്ന് താൻ ചോദിച്ചപ്പോൾ മൻമോഹൻ സിങ് നൽകിയ മറുടപടി കണ്ണ് തുറപ്പിക്കുന്നതായിരുന്നുവെന്നും ഖരെ എഴുതുന്നുണ്ട്. 

ആ വഴികളെല്ലാം തന്നെ വൃത്തികെട്ട വഴികളാണെന്നും അതിലൂടെ സഞ്ചരിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നുമായിരുന്നു മൻമോഹന്റെ മറുപടി. തന്നെ വിമർശിക്കുന്നവരെ, തനിക്കെതിരെ നിലകൊള്ളുന്നവരെ അടിച്ചമർത്തുക എന്നത് മൻമോഹന്റെ ശീലമായിരുന്നില്ല. എതിരാളികളെ അദ്ദേഹം അർബൻ നക്‌സലൈറ്റുകൾ എന്ന് മുദ്ര കുത്തിയിരുന്നില്ല. വിയോജിക്കുന്നതിനുള്ള സ്വാതന്ത്ര്യം എത്രമാത്രം വിലപ്പെട്ടതാണെന്ന് മൻമോഹന് അറിയാമായിരുന്നു. തങ്ങൾക്ക് ധനസഹായം തരാതിരുന്നാൽ അല്ലെങ്കിൽ പ്രതിപക്ഷ പാർട്ടികൾക്ക് ധനസഹായം നൽകിയാൽ ഇ.ഡിയെയും ആദായ നികുതി വകുപ്പിനെയും കളത്തിലിറക്കുന്ന കലാപരിപാടി നമുക്ക് പറ്റിയതല്ല എന്നാണ് മൻമോഹൻ ഖരെയോട് പറഞ്ഞത്.

വാർത്താസമ്മേളനങ്ങളിൽനിന്ന് ഒളിച്ചോടിയിരുന്നില്ലെന്ന് സിങ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ടാം യു.പി.എ. സർക്കാരിനെ അഴിമതി ആരോപണങ്ങൾ വേട്ടയാടിയപ്പോഴും സിങ് മാദ്ധ്യമ പ്രവർത്തകരെ കാണാൻ തയ്യാറായിരുന്നു. ഏക ഭാഷണങ്ങളുടെ ജനാധിപത്യ വിരുദ്ധതയിൽ അഭിരമിക്കാൻ സിങിനാവുമായിരുന്നില്ല.

placeholder
.
മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും | Photo: PTI

സോണിയയ്ക്ക് പകരം

സോണിയ ഗാന്ധിയാണ് തന്നെ പ്രധാനമന്ത്രിയാക്കിയതെന്ന് സിങ്ങിനറിയാമായിരുന്നു. 2004-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം സോണിയ പ്രധാനമന്ത്രിയാവുമെന്ന് ഏറെക്കുറെ തീർച്ചയായിരുന്നു. കോൺഗ്രസ് പാർലമെന്ററി യോഗവും യു.പി.എയിലെ സഖ്യകക്ഷികളും സോണിയയ്ക്ക്  പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ, അമ്മ പ്രധാനമന്ത്രിയാവുന്നതിന് മകൻ രാഹുൽ ഗാന്ധി സമ്മതിച്ചില്ല. പിതാവിനെ നഷ്ടപ്പെട്ടതുപോലെ അമ്മയേയും നഷ്ടപ്പെടും എന്ന പേടിയായിരുന്നു രാഹുലിന്. രാഹുൽ ഗാന്ധിയുടെ ഉറച്ച നിലപാടിന് മുന്നിലാണ് സോണിയ ഗാന്ധി രാജ്യത്തെ പരമോന്നത് അധികാരപീഠം വേണ്ടെന്ന് വെച്ചതെന്ന് പത്രപ്രവർത്തക നീർജ ചൗധരി 'How Prime Ministers Decide' എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നുണ്ട്. തനിക്ക് പകരം ആ സ്ഥാനത്തേക്ക് വരേണ്ടത് മൻമോഹനാണെന്ന കാര്യത്തിൽ സോണിയയ്ക്ക് രണ്ടഭിപ്രായമുണ്ടായിരുന്നില്ല. 1991-ൽ തന്റെ സർക്കാരിൽ ധനമന്ത്രിയാവാൻ നരസിംഹ റാവു ആദ്യം സമീപിച്ചത് ഐ.ജി. പട്ടേലിനെ ആയിരുന്നു. അദ്ദേഹം പിന്മാറിയപ്പോഴാണ് റാവു മൻമോഹനിലേക്ക് തിരിഞ്ഞത്.

കോൺഗ്രസിന്റെ നേതാവ് സോണിയ ഗാന്ധിയാണെന്നും കോൺഗ്രസിന്റെ ഹിതമാണ് താൻ നടപ്പാക്കേണ്ടതെന്നും മൻമോഹന് വ്യക്തമായിരുന്നു. തന്റെ വിശ്വസ്തൻ എന്നത് മാത്രമായിരുന്നില്ല സോണിയയെ മൻമോഹനെ പ്രധാനമന്ത്രിയാക്കാൻ പ്രേരിപ്പിച്ചത്. ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ തീരുമാനിക്കപ്പെടുന്ന സുപ്രധാന പദവികളിൽ എല്ലാം തന്നെ മൻമോഹനുണ്ടായിരുന്നു. യു.ജി.സി. ചെയർമാനായിരിക്കെയാണ് മൻമോഹനെ റാവു ധനമന്ത്രിയാക്കിയത്. 

അതിന് മുമ്പ് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, റിസർവ്വ് ബാങ്ക് ചെയർമാൻ, ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ എന്നീ പദവികളിൽ മൻമോഹനുണ്ടായിരുന്നു. കേംബ്രിഡ്ജിലും ഓക്‌സ്‌ഫോർഡിലും പഠിച്ചിറങ്ങിയ മൻമോഹൻ ഇടക്കാലത്ത് ഐക്യരാഷ്ട്ര സംഘടനയിലും ജോലി നോക്കി. ഭരണതലത്തിലും അക്കാദമിക് തലത്തിലും ഇത്രയധികം മികവും അനുഭവസമ്പത്തുള്ള മറ്റൊരാളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കണ്ടെത്തുക സോണിയയ്ക്ക് എളുപ്പമായിരുന്നില്ല. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ കഷ്ടപ്പാടുകൾ ജീവിതത്തിൽ നേരിട്ടനുഭവിച്ചിട്ടുണ്ട് എന്നതും പ്രധാനമന്ത്രിയെന്ന നിലയിൽ പ്രവർത്തിക്കുന്നതിന് മൻമോഹന് സഹായകരമായി. 1991-96 കാലയളവിലെ സാമ്പത്തിക പരിഷ്‌കാരങ്ങൾ നെഹ്രുവിയൻ പാതയിൽ നിന്നുള്ള വ്യതിചലനമായിരുന്നുവെന്ന് പറയുമ്പോഴും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ ഉന്നമനം മൻമോഹൻ എന്ന പ്രധാനമന്ത്രിയുടെ നയപദ്ധതികളുടെ ഭാഗമായിരുന്നുവെന്നത് കാണാതിരിക്കാനാവില്ല.

തനിക്ക് ബോദ്ധ്യമുള്ള വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും മൻമോഹൻ തയ്യാറായിരുന്നില്ല. 1991-ലെ സാമ്പത്തിക പരിഷ്‌കാരങ്ങൾക്കെതിരെ കോൺഗ്രസിൽനിന്നും ഇതര പാർട്ടികളിൽനിന്നും വലിയ എതിർപ്പുണ്ടായിരുന്നു. പക്ഷേ, അടിസ്ഥാനപരമായ മാറ്റങ്ങൾ അനിവാര്യമാണെന്ന നിലപാടിൽനിന്ന് മൻമോഹൻ പിന്നിലേക്ക് പോയില്ല. പ്രധാനമന്ത്രി റാവുവിന്റെ അടിയുറച്ച പിന്തുണയാണ് ഇതിൽ മൻമോഹന് വലിയ തുണയായത്. 2008-ൽ നടപ്പിലാക്കിയ ഇന്ത്യ - അമേരിക്ക ആണവ ഉടമ്പടിയാണ് കരുത്തനും നിശ്ചയദാർഢ്യക്കാരനുമായ മൻമോഹനുള്ള മറ്റൊരു സാക്ഷ്യപത്രം. 

ഇടതുപക്ഷം മാത്രമല്ല സോണിയ ഗാന്ധിയും ഈ ഉടമ്പടിക്ക് തത്വത്തിൽ എതിരായിരുന്നു. പക്ഷേ, ഒന്നുകിൽ ഉടമ്പടി അല്ലെങ്കിൽ രാജി എന്ന നിലപാടിൽ മൻമോഹൻ ഉറച്ചുനിന്നതോടെ സോണിയ അയഞ്ഞു. തങ്ങൾ പിന്തുണ പിൻവലിച്ചാൽ യു.പി.എ. സർക്കാർ വീഴുമെന്ന ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ ഭരണം നിലനിർത്തിയ മൻമോഹനെ മറ്റാര് മറന്നാലും പ്രകാശ് കാരാട്ട് മറക്കാനിടയില്ല. ഇന്ത്യ- അമേരിക്ക- യൂറോപ്പ് ബന്ധങ്ങൾ മാറ്റിമറിച്ചത് ഈ ഉടമ്പടിയായിരുന്നു. മൻമോഹൻ പടുത്തുയർത്തിയ ഈ ബന്ധത്തിന്റെ ഗുണഭോക്താവാണ് മോദി സർക്കാർ എന്നത് ആർക്കും തള്ളിക്കളയാൻ പറ്റാത്ത വസ്തുതയാണ്.

placeholder
.
മൻമോഹൻ സിങ്ങും രാഹുൽ ഗാന്ധിയും | Photo: AP

സംഘടിത കൊള്ള, നിയമപരമായ പിടിച്ചുപറി

2013-ൽ കേന്ദ്ര സർക്കാരിന്റെ ഓർഡിനൻസിനെതിരെ രാഹുൽ ഗാന്ധി പരസ്യമായി രംഗത്തുവന്നപ്പോൾ രാജി വെയ്ക്കാൻ സന്നദ്ധനാണെന്ന് മൻമോഹൻ സിങ് കോൺഗ്രസ് നേതൃത്വത്തോട് പറഞ്ഞിരുന്നു. പാർട്ടിയുടെ നിർബ്ബന്ധത്തിന് വഴങ്ങിയാണ് അന്ന് മൻമോഹൻ രാജിയിൽനിന്നു പിന്മാറിയത്. ഈ വിഷയത്തിൽ രാഹുൽ തന്നോട് മാപ്പുപറയുകയുണ്ടായെന്നും മൻമോഹൻ പിന്നീട് വെളിപ്പെടുത്തി. 

എതിരാളികൾ ദുർബ്ബലനെന്ന് കുറ്റപ്പെടുത്തിയ മൻമോഹന്റെ ഏറ്റവും ദൃഢമായ ശബ്ദം കേട്ടത് 2016 നവംബറിൽ നോട്ടുനിരോധന കാലത്താണ്. ''It is a monumental management failure- organised loot and legalised plunder,' എന്ന വാക്യത്തിലൂടെ മൻമോഹൻ മോദി സർക്കാരിന്റെ അവകാശവാദങ്ങൾ നിർദ്ദാക്ഷിണ്യം കീറിയെറിഞ്ഞു. ചുരുങ്ങിയത് രണ്ട് ശതമാനമെങ്കിലും ജി.ഡി.പി. ഇടിയുമെന്ന മുന്നറിയിപ്പ് പ്രവചനപരമായി. ഹ്രസ്വ കാലയളവിൽ വിഷമമുണ്ടായാലും ദീർഘകാലയളവിൽ ഇന്ത്യയ്ക്ക് നോട്ടു നിരോധനം ഗുണം ചെയ്യുമെന്ന വായ്ത്താരിയോട് മൻമോഹൻ പ്രതികരിച്ചത് ഇങ്ങനെയാണ്: ''ജോൺ കെയ്ൻസ് പറഞ്ഞതുപോലെ ദീർഘകാലയളവിൽ നമ്മളെല്ലാം തന്നെ മരിച്ചിരിക്കും.'' 

നോട്ടുനിരോധനം ഇന്ത്യയിലെ സാധാരണക്കാരെയാണ് ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുകയെന്നും ചെറുകിട വ്യവസായ സംരംഭങ്ങൾ അടങ്ങിയ അനൗപചാരിക മേഖല താറുമാറാകുമെന്നുമുള്ള മൻമോഹന്റെ വാക്കുകൾ അച്ചട്ടായി. മൗനിബാബയെന്ന് അധിക്ഷേപിക്കപ്പെട്ട ഒരാൾ ഉയർത്തിയ ഈ നിശിത വിമർശനത്തിന് നാളിതുവരെ  കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നു മറുപടി ഉണ്ടായിട്ടില്ല.

മൻമോഹൻ ഒരു രാഷ്ട്രീയ നേതാവായിരുന്നില്ല എന്ന് പറയുന്നവരുണ്ട്. ഒരർത്ഥത്തിൽ അത് ശരിയാണ്. ജനങ്ങൾ നേരിട്ട് തിരഞ്ഞെടുത്ത നേതാവായിരുന്നില്ല മൻമോഹൻ. ഒരിക്കൽ മാത്രമേ അദ്ദേഹം ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ളൂ- 1999 ൽ. അന്ന് 29,999 വോട്ടുകൾക്ക് മൻമോഹൻ ബി.ജെ.പിയിലെ വിജയകുമാർ മൽഹോത്രയോട് പരാജയപ്പെട്ടു. കോൺഗ്രസുകാരിൽ ഒരു വിഭാഗം കാലുവാരിയതുകൊണ്ടാണ് മൻമോഹൻ പരാജയപ്പെട്ടതെന്ന ആക്ഷേപം ആ നാളുകളിൽ ശക്തമായിരുന്നു. എന്തായാലും പിന്നീടങ്ങോട്ട് രാജ്യസഭയിലൂടെയാണ് അദ്ദേഹം പാർലമെന്റിലെത്തിയത്. 

ഒരു മാസ് ലീഡർ എന്നത് മൻമോഹന് പറഞ്ഞിട്ടുള്ളതായിരുന്നില്ല. 2ജി സ്‌പെകട്രം, കൽക്കരി ഖനി, കോമൺവെൽത്ത് കുംഭകോണങ്ങൾ എന്നിവ രണ്ടാം യു.പി.എ. മന്ത്രിസഭയെ വേട്ടയാടിയപ്പോൾ അതിനെ സമർത്ഥമായി പ്രതിരോധിക്കാൻ മൻമോഹനാവാതെ പോയത് ഈ ഒരു കാരണം കൊണ്ടാവാം. അഴിമതി ആരോപണങ്ങൾ നേരിട്ട മന്ത്രി എ. രാജയുടെ രാജി ചോദിച്ചുവാങ്ങാൻ മൻമോഹനായി എന്നത് മറക്കരുത്. നിയമം നിയമത്തിന്റെ വഴിയിൽ മുന്നോട്ടുപോയപ്പോൾ രാജയും കനിമൊഴിയും ഉൾപ്പെടെയുള്ളവർ അറസ്റ്റിലാവുകയും ചെയ്തു. ഐ.പി.എൽ. ഓഹരി ഇടപാടിൽ ശശി തരൂർ പ്രതിക്കൂട്ടിലായപ്പോൾ രാജി അനിവാര്യമാണെന്ന നിലപാടാണ് മൻമോഹൻ എടുത്തത്. 

പ്രതിപക്ഷവും മാദ്ധ്യമങ്ങളും ചെയ്തതുപോലെയല്ല കുറച്ചുകൂടി ദയാപൂർവ്വമായിരിക്കും ചരിത്രം തന്നെ വിധിക്കുകയെന്ന് മൻമോഹൻ പറഞ്ഞിട്ടുണ്ട്. ഏറ്റവും അധികാരമുള്ള സ്ഥാനത്തിരിക്കുമ്പോഴും ലാളിത്യം കൂടപ്പിറപ്പാവുന്നതെങ്ങിനെയാണെന്ന് ആധുനിക ഇന്ത്യയിൽ തെളിയിച്ച നേതാവായിരുന്നു മൻമോഹൻ സിങ്. ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽനിന്ന് മൻമോഹൻ ഒരിക്കലും പിന്നാക്കം പോയില്ല. സഖ്യകക്ഷികൾക്ക് അമിത പ്രാധാന്യമുണ്ടായിരുന്ന സർക്കാരുകൾക്കാണ് മൻമോഹൻ നേതൃത്വം നൽകിയത്. അതുകൊണ്ടുതന്നെ വിട്ടുവീഴ്ചകളില്ലാതെ സർക്കാരിന് മുന്നോട്ടുപോകാനാവുമായിരുന്നില്ല. 

പക്ഷേ, ഒരിക്കൽപോലും മൻമോഹന്റെ വ്യക്തിപരമായ ആർജ്ജവവും സുതാര്യതയും ഒരാളും ചോദ്യം ചെയ്തിട്ടില്ല. വിമർശനങ്ങൾ അംഗീകരിക്കാനുള്ള മനസ്സായിരുന്നു മൻമോഹന്റെ സവിശേഷത. മുഖത്ത് നോക്കി വിമർശിച്ചവരോട് പോലും പകയും കന്മഷവുമില്ലാതെ പെരുമാറിയിരുന്ന മൻമോഹനെക്കുറിച്ച് പത്രപ്രവർത്തകനായ ടി.എൻ. നൈനാൻ രണ്ട് ദിവസങ്ങൾക്ക് മുമ്പ് എഴുതിയിരുന്നു. മൻമോഹൻ സിങ് കടന്നുപോവുമ്പോൾ ഇന്ത്യൻ രാഷ്ട്രീയം ശുഷ്‌കമാവുന്നു. നേരും നെറിയും കൈമോശം വന്നിട്ടില്ലാതിരുന്ന ഒരു തലമുറയുടെ ഏറ്റവും പ്രകാശഭരിതമായ പ്രതിനിധിയായിരുന്നു മൻമോഹൻ സിങ്.

വഴിയിൽ കേട്ടത്:  കേരളം മിനി പാക്കിസ്താനായതുകൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്‌സഭയിലേക്ക് ജയിച്ചതെന്ന് മഹാരാഷ്ട്ര മന്ത്രി. അപ്പോൾ ഗോപി അണ്ണൻ തൃശ്ശൂരിൽ ജയിച്ച വിവരം മഹാരാഷ്ട്രയിലേക്ക് ഇനിയും എത്തിയില്ലേ!