
ക്യാബിന്‍ തുറന്ന് രമേഷ് ചേട്ടന്‍ ഇളംകാറ്റുപോലെയാണ് വന്നത്. ഒരു ലഞ്ച് ബ്രേക്കിന്റെ സമയത്ത്. ഉച്ചഭക്ഷണം കഴിഞ്ഞ് ഞാനപ്പോള്‍ ഒരു യൂട്യൂബ് റീല്‍ കാണുകയായിരുന്നു. ഏതോ ഒരു ബാങ്കില്‍ ഒരു ഉദ്യോഗസ്ഥയുമായി കസ്റ്റമര്‍ അടിപിടിയുണ്ടാക്കുന്ന വൈറല്‍ വീഡിയോ. ഏതാനും മാസങ്ങള്‍ക്കുള്ളിലെ രമേഷ് ചേട്ടന്റെ നാലാമത്തെ വരവാണ് ഇത്.
ആദ്യം വന്നത് കൊടുങ്കാറ്റ് പോലെയായിരുന്നു. മകളുടെ വിദേശ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിദേശ യൂണിവേഴ്‌സിറ്റിയിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ ബാങ്കിന് സംഭവിച്ച പിഴവ് മൂലം 45,000 രൂപ നഷ്ടപ്പെട്ടതിനെക്കുറിച്ച് പറയാനാണ് ആദ്യം വന്നത്. വിദേശത്തെ അക്കൗണ്ട് നമ്പര്‍ ബാങ്കിലെ ക്ലര്‍ക്ക് രേഖപ്പെടുത്തിയപ്പോള്‍ ഒരക്കം മാറിപ്പോയതില്‍ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. അക്കൗണ്ട് നമ്പര്‍ തെറ്റിയത് മൂലം ഫണ്ട് ട്രാന്‍സ്ഫര്‍ നടന്നില്ല. പക്ഷേ, ട്രാന്‍സാക്ഷന്‍ ചാര്‍ജായി 45,000 രൂപ ബാങ്ക് ഈടാക്കി. അത് തിരികെ ചോദിച്ചതോടെ തര്‍ക്കമായി. അക്കൗണ്ട് നമ്പര്‍ പൂരിപ്പിച്ചു നല്‍കിയതിലെ അവ്യക്തതയാണ് കാരണം എന്നും അത് സിസ്റ്റത്തില്‍ രേഖപ്പെടുത്തിയപ്പോള്‍ വന്ന തെറ്റ് തന്റേത് തന്നെയെന്നും ക്ലര്‍ക്ക് സമ്മതിച്ചെങ്കിലും തൊട്ടുമുകളിലുള്ള അസിസ്റ്റന്റ് മാനേജരും മാനേജരും അത് സമ്മതിച്ചില്ല. കുറേ തര്‍ക്കിച്ചപ്പോള്‍ നോക്കട്ടെ പിന്നെ വരൂ എന്നു പറഞ്ഞ് അവര്‍ ചേട്ടനെ പറഞ്ഞുവിട്ടു.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വിവരം അന്വേഷിക്കാന്‍ ചേട്ടന്‍ മകനെ ബാങ്കിലേക്ക് പറഞ്ഞുവിട്ടു. അക്കൗണ്ട് നമ്പരിലെ അവ്യക്തതയ്ക്ക് കുറ്റക്കാരന്‍ രമേഷ് ചേട്ടനാണ് കാരണക്കാരന്‍ എന്നും പണം തിരികെ തരാന്‍ പറ്റില്ല എന്നും പറഞ്ഞ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന മകനെ ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും ചെയ്തു. വലിയ ക്ഷോഭത്തോടെയാണ് രമേഷ് ചേട്ടന്‍ അന്ന് എന്റെ അടുത്ത് വന്നത്. കസ്റ്റമാറാണ് കിങ് എന്നൊക്കെ ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്. പക്ഷേ, പെരുമാറ്റമോ? പണവും പോയി മാനവും പോയി. ഇവന്മാരെയൊക്കെ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ച് ക്ഷോഭിച്ച രമേഷ് ചേട്ടന്‍ എന്നെക്കൂടി ബാങ്കിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് അന്ന് വന്നത്. സാര്‍ വന്ന് ഒന്നു സംസാരിക്കണം. അല്ലേല്‍ ഞാന്‍ അവിടെപ്പോയി അലമ്പുണ്ടാക്കും.
ഞാന്‍ അപ്പോള്‍ ചേട്ടനെ ആശ്വസിപ്പിച്ചു. ഇനി അവരോട് വഴക്കിനൊന്നും പോകേണ്ട. ആരോടും സംസാരിച്ച് മുഷിയുകയും വേണ്ട. ഞാന്‍ പറഞ്ഞു. പിന്നെ ഞാനെന്തു ചെയ്യണം. ചോര നീരാക്കിയ കാശാ അത്. അത് എനിക്ക് തിരികെ കിട്ടിയേ പറ്റൂ. ചേട്ടന്‍ കട്ടായം പറഞ്ഞു. പണം നമ്മള്‍ വാങ്ങിയിരിക്കും എന്ന് ഞാന്‍ ഉറപ്പുകൊടുത്തു. അതിന് ഇനി ബാങ്കില്‍ പോയി ബഹളമുണ്ടാക്കേണ്ട. ആദ്യ ഒരു പരാതി രേഖാമൂലം നേരിട്ട് ബാങ്ക് ബ്രാഞ്ചില്‍ നല്‍കൂ. നേരിട്ട് വാങ്ങുന്നില്ല എങ്കില്‍ ഇ മെയില്‍ ചെയ്യുക. പത്ത് ദിവസത്തിനകം പണമോ മറുപടിയോ കിട്ടിയില്ലെങ്കില്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വീണ്ടും ഒരു പരാതി നല്‍കി 10 ദിവസം കാത്തിരിക്കുക. മറുപടിയില്ലെങ്കിലോ തന്ന മറുപടിയില്‍ തൃപ്തിയില്ലെങ്കിലോ നമുക്ക് ഓംബുഡ്‌സ്മാനില്‍ പരാതി നല്‍കാം. നഷ്ടപരിഹാരം സഹിതം പണം തിരികെ വാങ്ങാം. ഞാന്‍ പറഞ്ഞു.
എനിക്ക് നഷ്ടപരിഹാരമൊന്നും വേണ്ട. കയ്യില്‍ നിന്ന് പോയ പണം മാത്രം തിരികെ കിട്ടിയാല്‍ മതി. അതിന് ഞാനന്തിന് പരാതിപ്പെട്ടിയുമായി നടക്കണം. അവന്മാരോട് നല്ല ഭാഷയില്‍ പറഞ്ഞിട്ട് നടന്നില്ലേല്‍ മറുഭാഷയില്‍ തന്നെ ഞാന്‍ പറയും. അവന്മാര്‍ക്ക് എന്നെ ശരിക്കറിയാഞ്ഞിട്ടാ. ചേട്ടന്‍ വീണ്ടും എന്നോട് ക്ഷോഭിച്ചു.
ചേട്ടന്റെ ക്ഷോഭമൊന്നും അടങ്ങുന്നില്ല. ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ ഞാന്‍ വീണ്ടും രമേഷ് ചേട്ടനെ ആശ്വസിപ്പിച്ചു. അവര്‍ തെറ്റ് ചെയ്തു. അതില്‍ സംശയമില്ല. പക്ഷേ, ഒരു ബാങ്കില്‍ പോയി ബഹളമുണ്ടാക്കല്ലേ സര്‍. നമുക്ക് നിയമപരമായ വഴിയേ പോകാമെന്നേ. വഴക്കുണ്ടാക്കിയാല്‍ ചേട്ടന് പിന്നെ കുറേക്കാലത്തേക്ക് മനസ്സമാധാനമേ ഉണ്ടാകില്ല. എനിക്കറിയില്ലേ ചേട്ടനേ... ഞാന്‍ ഒരുപാട് നിര്‍ബന്ധിച്ചു.
എന്റെ നിര്‍ബന്ധത്തിന് വഴങ്ങി പരാതി കൊടുക്കാമെന്ന് പറഞ്ഞ് രമേഷ് ചേട്ടന്‍ മടങ്ങിപ്പോയി. രണ്ടാമതെ വന്നത് ദു:ഖം തളംകെട്ടിയ മുഖഭാവവുമായാണ്. പരാതിയൊന്നും കൊടുത്തിട്ട് ഒരു കാര്യവുമില്ല. അവന്മാര്‍ ഒരു മറുപടിയും തന്നില്ല എന്ന് ചേട്ടന്‍ പറഞ്ഞു. അന്വേഷിച്ചപ്പോള്‍ ബാങ്കിന്റെ ഭാഗത്താണ് ന്യായമെന്ന നിലപാടില്‍ തന്നെയാണ് അവരെന്നും കസ്റ്റമറുടെ ഭാഗത്തുനിന്നുള്ള തെറ്റ് ഏറ്റെടുക്കാന്‍ ബാങ്കിന്റെ സിസ്റ്റവും പോളിസിയും അനുവദിക്കുന്നില്ലെന്നും വേണമെങ്കില്‍ കേസ് കൊടുക്കൂ എന്നതാണ് നിലപാടെന്നും രമേഷ് ചേട്ടന്‍ പറഞ്ഞു.
എന്റെ മുഖം പ്രസന്നമായി. ഓംബുഡ്‌സ്മാനു മുന്നില്‍ സത്യസന്ധമായ ഒരു കേസ് അവതരിപ്പിച്ച് വിജയിക്കുന്നതിന്റെ ത്രില്‍ ആയിരുന്നു എന്റെ മനസില്‍. ഇന്ന് ഞാനല്‍പ്പം തിരിക്കിലാണ് എന്നും നാളെ ഓഫീസ് സമയം കഴിഞ്ഞ് വന്നാല്‍ നമുക്ക് ഓണ്‍ലൈനായി ഓംബുഡ്‌സ്മാന് പരാതി നല്‍കാം എന്നു പറഞ്ഞ് ഞാന്‍ ചേട്ടനെ യാത്രയാക്കി. പിറ്റേ ദിവസം ചേട്ടന്‍ വന്നില്ല. അതിന്റെ പിറ്റേന്നോ വന്നില്ല. പിന്നെ വന്നത് ദാ ഇപ്പോഴാണ്. ഇളം കാറ്റ് പോലെ മന്ദസ്മിതവും തൂകി ശാന്തനായി.
ഞാന്‍ ചോദിച്ചു ചേട്ടന്റെ ബാങ്കിലെ കാര്യത്തില്‍ പരാതി കൊടുക്കേണ്ടേ. എന്തേ പിറ്റേ ദിവസം വരാതിരുന്നത്. ഇനി പരാതിയൊന്നും കൊടുക്കേണ്ട. പൈസ അവര്‍ തന്നു. ചേട്ടന്‍ പറഞ്ഞു.
ങേ. അതെങ്ങനെ? എനിക്ക് വിശ്വസിക്കാനായില്ല.
ഒരുദിവസം ബാങ്കില്‍ നേരെ കയറിച്ചെന്ന് മാനേജരുടെ ഓഫീസിലെത്തി പറയേണ്ടത് പറഞ്ഞു. 18 വര്‍ഷമായി ഞാനീ ബാങ്കിന്റെ കസ്റ്റമറാണെന്നത് തുടങ്ങി എല്ലാം പറഞ്ഞു. മാനേജര്‍ അസിസ്റ്റന്റ് മാനേജരെ വിളിച്ചുവരുത്തി. അസിസ്റ്റന്റ് മാനേജര്‍ ക്ലാര്‍ക്കിനെയും വരുത്തി. ക്ലര്‍ക്ക് കാര്യം പറഞ്ഞു. മാനേജര്‍മാര്‍ക്ക് കാര്യം മനസിലായി. മൂന്നാം ദിവസം അക്കൗണ്ടില്‍ പണം വന്നു.
അല്ലാ... അപ്പോള്‍ ആദ്യം പിന്നെ അവര്‍ എന്തിനാ തടസം നിന്നത്. ഞാന്‍ ചോദിച്ചു.
അതിന് പഴയ അസിസ്റ്റന്റ് മാനേജരും മാനേജരും സ്ഥലം മാറിപ്പോയി. ഇത് പുതിയ ആളുകളായിരുന്നു. ആളുമാറിയപ്പോള്‍ എല്ലാം മാറി. തെറ്റ് ശരിയായി. ഒരു സിസ്റ്റവും പോളിസിയും ഒന്നിനും തടസ്സമായില്ല. ഓരോരുത്തരെയും നേരിടാന്‍ ഓരോരോ ആയുധങ്ങളാണ്. അത് പ്രയോഗിക്കണം. ഇളംകാറ്റ് പോലെ ഇരുന്ന് ശാന്തനായി രമേഷ് ചേട്ടന്‍ പറഞ്ഞു.
അത് ശരിയാണ്. ഞാന്‍ എന്റെ ജാള്യം മറച്ചുകൊണ്ട് പറഞ്ഞിട്ട് ചോദിച്ചു.
നഷ്ടപരിഹാരം വല്ലതും തന്നോ അവര്‍. അല്ല ഓംബുഡ്‌സ്മാനില്‍ പോയിരുന്നേല്‍ അത് കിട്ടുമായിരുന്നേനേ അതാ ചോദിച്ചത്. ചേട്ടന് നേരിട്ട് അപമാനത്തിനും ലീവെടുത്ത് ബാങ്കില്‍ അന്വേഷിച്ച് പോകേണ്ടിവന്നതിനെല്ലാം കൂടി ചേര്‍ത്ത് നഷ്ടപരിഹാരം കിട്ടും.
രമേഷ് ചേട്ടന്‍ എന്നെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് ഒന്നും പറയാതെ ഇറങ്ങിപ്പോയി. ആദ്യ ദിവസം തന്നെ നല്ല മറുഭാഷാ പ്രയോഗം നടത്തിയിരുന്നേല്‍ അന്നേ പൈസ കിട്ടുമായിരുന്നെന്നും എന്റെ അടുത്ത് ഉപദേശത്തിന് വന്നതാണ് വിനയായതെന്നും ആ നോട്ടത്തിന് അര്‍ഥമുണ്ടോ എന്നെനിക്കൊരു സംശയം.
ഏയ് ചേട്ടന്‍ എന്നെക്കുറിച്ച് അങ്ങനെയൊന്നും സംശയിക്കില്ല എന്ന് ആശ്വസിച്ച് ഞാന്‍ മുമ്പില്‍ കിടന്ന പത്രം കയ്യിലെടുത്തു. അതിലെ ഒരു വാര്‍ത്ത എന്റെ കണ്ണുകളില്‍ ഉടക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതുപോലുള്ള നിയമപരമായ സംരക്ഷണം ബാങ്കുദ്യോഗസ്ഥര്‍ക്കും നല്‍കണമെന്ന് ആവശ്യം.
Content Highlights: banking, employees, ombudsman
Published: 15 Nov 2024, 11:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented