മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.യിൽ വിവരച്ചോർച്ച. 3.75 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ലഭ്യമാണെന്ന് വിവിധ സൈബർ സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.വിവരങ്ങൾ ചോർന്നതായി മുന്നറിയിപ്പു ലഭിച്ചതായും സ്വതന്ത്ര സൈബർസുരക്ഷാ ഏജൻസിയെക്കൊണ്ട് ഇതേക്കുറിച്ച് അന്വേഷിപ്പിക്കുന്നതിന് നടപടി തുടങ്ങിയതായും എസ്.ബി.ഐ. വ്യക്തമാക്കി. എവിടെനിന്നാണ് വിവരങ്ങൾ ചോർന്നതെന്നും എത്രമാത്രം വിവരച്ചോർച്ച ഉണ്ടായിട്ടുണ്ടെന്നും അന്വേഷണശേഷമേ വ്യക്തമാകൂ എന്നും ബാങ്ക് ഓഹരിവിപണിയെ അറിയിച്ചു.

To advertise here,

പ്രാഥമിക വിലയിരുത്തൽ പ്രകാരം 3,75,000 പേരുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 3,897 പേരുടെ മൊബൈൽ നമ്പർ, ജനനത്തീയതി, ഇമെയിൽ വിലാസം, വിലാസം, ശാഖ, സി.ഐ. എഫ്. നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ചോർന്നിട്ടുണ്ട്.

സെർട്ട് ഇന്നിൽ എംപാനൽ ചെയ്തിട്ടുള്ള സൈബർ സുരക്ഷാ ഏജൻസിയെ ആണ് അന്വേഷണത്തിനായി പരിഗണിക്കുന്നത്. വളരെ ചെറിയ അളവിൽ മാത്രമാണ് വിവരങ്ങൾ ചോർന്നിട്ടുള്ളത്. ബാങ്കിന്റെ ഐ.ടി സംവിധാനത്തെ ഇതു ബാധിച്ചിട്ടില്ല. ഉപഭോക്താക്കളുടെ അക്കൗണ്ടിലുള്ള പണത്തിനും ഒന്നും സംഭവിച്ചിട്ടില്ലെന്നും ഉപഭോക്താക്കളുടെ താത്പര്യങ്ങൾക്ക് കോട്ടംതട്ടാതെ സൂക്ഷിക്കുമെന്നും ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി.