മുപ്പതുവർഷംമുൻപുള്ള ഒരു റിപ്പോർട്ടിലേക്ക്: ‘‘കൂത്തുപറമ്പിൽ എം.വി. രാഘവൻ എന്താണ് നേടിയത്? ഡിവൈഎഫ്ഐക്ക് എന്തു നേട്ടമുണ്ടായി? അഞ്ച് മൃതദേഹങ്ങളും, മരിച്ചുജീവിക്കുന്ന ഒരാളും. എന്താണ് ബാക്കിപത്രം? കൂത്തുപറമ്പ് വെടിവെപ്പിനെക്കുറിച്ച് അന്വേഷിച്ച സിറ്റിങ് ജില്ലാ ജഡ്ജി പത്മനാഭൻ നായർ, കമ്മിഷൻ റിപ്പോർട്ട് അവസാനിപ്പിച്ച് ഉന്നയിച്ച ചോദ്യങ്ങളാണിവ. ബാക്കിപത്രം എന്തായിരുന്നുവെന്നതിന് ഉത്തരം പൂർണമാകാൻ, പിന്നീട് നടന്ന ശേഷക്രിയകൾകൂടി കാണണം.
വെടിവെപ്പിന് ഉത്തരവാദികളെന്ന് മുദ്രകുത്തി, പിന്നീട് വന്ന ഇടതുമുന്നണിസർക്കാർ എം.വി. രാഘവനെ ഒന്നാംപ്രതിയാക്കിയും ഡിവൈഎസ്‌പി ഹക്കിം ബത്തേരി, ഡെപ്യൂട്ടി കളക്‌ടർ ടി.ടി. ആന്റണി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയും കൊലക്കുറ്റത്തിന് കേസ് എടുത്തു. എഎസ്‌പിയായിരുന്ന റവാഡ ചന്ദ്രശേഖർ പത്താംപ്രതിയായി. ആകെ 22 പ്രതികൾ, ഭൂരിഭാഗവും പോലീസുകാർ. ഹിറ്റ് ലിസ്റ്റിൽപ്പെട്ടത് തുടർന്നും തൊപ്പിക്ക് ഭീഷണിയാകുമെന്നതിനാൽ, റവാഡ തട്ടകം കേന്ദ്രത്തിലേക്കു മാറ്റി. സംഘർഷമേഖലയിലേക്ക് ഒരു മന്ത്രി പോകണോയെന്ന ചോദ്യത്തിന് രണ്ടുത്തരമുണ്ടാകാം. മന്ത്രിക്ക് വഴിയൊരുക്കാൻ വെടിവെപ്പ് ന്യായമോ എന്നും ചോദിക്കാം. അച്ചടക്കം അടയാളമാകേണ്ട പോലീസ്‌സേനയിൽ മേലുദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കാനേ കഴിയൂവെന്നാണ് ന്യായം. മേലുദ്യോഗസ്ഥന്റെയാണെങ്കിലും നിർദേശം നിയമപരമല്ലെങ്കിൽ അനുസരിക്കേണ്ടതില്ലെന്ന വാദം, പിന്നീട് ഡിജിപിയായ ജേക്കബ് പുന്നൂസ് ഉയർത്തി. ആ സിദ്ധാന്തം പോലീസിലെ ‘പുന്നൂസിസം’ എന്നപേരിൽ അറിയപ്പെട്ടു. പുന്നൂസിസം വന്നാൽ പോലീസ് പോലീസല്ലാതാകുമെന്നു കരുതരുത്. സന്ദർഭമാണ് ന്യായത്തിന്റെ മാതാവ്.
സംഭവത്തിൽ വീഴ്ചപറ്റിയെന്ന് പത്മനാഭൻ നായർ കമ്മിഷൻ കണ്ടെത്തിയവരുടെപേരിൽ കൊലക്കുറ്റം ചുമത്തി. കേസിനെ എതിർത്ത് റവാഡ ചന്ദ്രശേഖർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇങ്ങനെ പറഞ്ഞു: ‘‘ഐജി ജേക്കബ് പുന്നൂസിന്റെ താത്പര്യങ്ങൾക്ക് വഴങ്ങാതിരുന്നതിനാലാണ് തന്നെ കേസിൽ പ്രതിയാക്കിയത്. ഐജിയും ഡിഐജി ശേഖരൻ മിനിയോടനും തങ്ങളുടെ രാഷ്ട്രീയനേതാക്കളെ സംരക്ഷിച്ചുകൊണ്ടാണ് നടപടികൾ എടുത്തത്.’’ കേസന്വേഷണം ഐജി ജേക്കബ് പുന്നൂസിന്റെ ചുമതലയിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് റവാഡ, മുഖ്യമന്ത്രി ഇ.കെ. നായനാർക്ക് കത്തു നൽകി. കത്തു കിട്ടിബോധിച്ച സർക്കാർ, റവാഡയെ സസ്‌പെൻഡുചെയ്ത് മറുപടി നൽകി.
ഇന്നിപ്പോൾ റവാഡയല്ല വെടിവെപ്പിന് ഉത്തരവാദിയെന്നു സമർഥിക്കാൻ സിപിഎം നേതാക്കൾ മത്സരിക്കുന്നു. ഇതോടെ എല്ലാം നിവൃത്തിയായി. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കെതിരേയായിരുന്നു പാർട്ടിയുടെ സമരം. നായനാർ സർക്കാരിന്റെ അവസാനകാലത്ത് സ്വാശ്രയസ്ഥാപനങ്ങൾ സർക്കാർതന്നെ തുടങ്ങി, രക്തസാക്ഷികളുടെപേരിൽ ശേഷക്രിയചെയ്തു. കോയമ്പത്തൂരിലും മറ്റും സ്വാശ്രയസ്ഥാപനങ്ങളിൽ മക്കളെ ചേർത്ത് നേതാക്കൾ സ്വാശ്രയത്തിന്റെ ഗുണഫലം മുന്നേ അറിഞ്ഞുതുടങ്ങിയിരുന്നു. സഹകരണമേഖലയിൽ പരിയാരം മെഡിക്കൽ കോളേജ് തുടങ്ങുന്നതിനെതിരേയായിരുന്നു ‘കൂത്തുപറമ്പ് വിപ്ലവം’. അതിനായി സർക്കാർഭൂമി ദാനംചെയ്യുന്നത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നിട്ടും കോളേജ് യാഥാർഥ്യമായി. തടയാനായില്ലെങ്കിൽ സ്വന്തമാക്കുക എന്നതാണ് പാർട്ടിനയം. സമരങ്ങൾക്ക് നേതൃത്വംനൽകിയ ഡിവൈഎഫ്‌ഐ നേതാവ് എം.വി. ജയരാജനെ മുന്നിൽനിർത്തി കോളേജ് പിടിച്ചു. പരിയാരം കൈയിലായപ്പോൾ ജയരാജനെയല്ലാതെ ആരെ ചെയർമാനാക്കും? നെടുമ്പാശ്ശേരിയിൽ വിമാനമിറക്കുന്നത് തന്റെ നെഞ്ചത്തൂടെയായിരിക്കുമെന്ന് പ്രഖ്യാപിച്ച എസ്.ശർമ പിന്നീട് അതിന്റെ ഡയറക്‌ടർ ബോർഡിൽ നെഞ്ചുവിരിച്ചിരുന്ന് അണ്ടിപ്പരിപ്പ് കൊറിച്ചതായിരുന്നു ഇതിന് സമാനമായി ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏകസംഭവം.

എം.വി. രാഘവൻ അറസ്റ്റിലാകുന്നത് ഒരു സന്ധ്യക്കാണ്. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് മകളുടെ കണ്ണൂരിലെ വീട്ടിൽ വിശ്രമിക്കുകയായിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി പി.കെ. വാസുദേവൻനായരെ കാണാൻ വീട്ടിൽനിന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. വെടിവെച്ചതിന്റെ പേരിലാണ് അറസ്റ്റെന്ന് ഡിവൈഎസ്‌പി രാംദാസ് പോത്തൻ പറഞ്ഞപ്പോൾ, ‘‘ഞാനല്ലല്ലോ, നിങ്ങളല്ലേ വെടിവെച്ചത്’’ എന്നായിരുന്നു എംവിആറിന്റെ മറുപടി. ഇതു കണ്ട് ഓടിയെത്തിയ മകൻ നികേഷ്‌കുമാറിനെ തട്ടിമാറ്റിയാണ് രാഘവനെയും കൊണ്ട് പോത്തൻസാർ പോയതെന്ന് പഴയ പത്രക്കട്ടിങ്ങുകളിൽ കാണാം. ഈ രണ്ടു കർമങ്ങൾക്കുമുള്ള ശേഷക്രിയയും നിവൃർത്തിക്കാനായി. എംവിആറിന്റെ അവസാനകാലത്ത് ബോധാബോധങ്ങൾ മിന്നിമറയുന്ന സമയങ്ങളിലൊന്നിൽ അദ്ദേഹത്തെ പാർട്ടിയോട് ചേർത്ത് നിർത്തി.
വെടിവെപ്പ് ഉണ്ടായ ദിവസം പാപ്പിനിശ്ശേരിയിലെ എംവിആറിന്റെ വീടിന് തീയിട്ടെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം സിഎംപിയുടെ പാർട്ടി ഓഫീസ് പിടിച്ചെടുത്തത് അത് സ്മാരകമാക്കാനായിരുന്നു, സത്യം. എംവിആറിന്റെ മൃതദേഹത്തിനരികിൽ കാൽക്കൽ സി.പി. ജോൺ നിന്നപ്പോൾ തലയ്ക്കൽ പി. ജയരാജൻ സ്ഥാനംപിടിച്ചു. ഭഗവാൻ കൃഷ്ണന്റെ തലയ്ക്കലും കാൽക്കലും ദുര്യോധനനും അർജുനനും നിന്നമാതിരി. പോത്തൻസാർ കൈ തട്ടിമാറ്റിയ നികേഷ്‌കുമാറിന് പാർട്ടി കൈകൊടുത്തു, നിയമസഭയിലേക്ക് മത്സരിപ്പിച്ചു. അച്ഛൻ സംസ്ഥാന സെക്രട്ടേറിയറ്റുവരെയാണ് എത്തിയതെങ്കിൽ മകന് കേന്ദ്രകമ്മിറ്റി വരെയെത്താം. ബ്രിട്ടാസിനെക്കാൾ ഒട്ടും ചെറുതല്ലല്ലോ നികേഷ്. കേസുനടത്തിപ്പിന് മേൽനോട്ടംവഹിച്ച ഡിഐജി ശേഖരൻ മിനിയോടൻ പിന്നീട് സിപിഎം സഹയാത്രികനായി, പരിയാരം മെഡിക്കൽ കോളേജിന്റെ ഭരണകർത്താവായി.
റവാഡയെ പോലീസ് മേധാവികൂടി ആക്കിയതോടെ ശേഷക്രിയ ഏതാണ്ട് പൂർത്തിയാകുകയാണ്. പരിണാമനാളുകളിലെ അവസാന ഒരു കാഴ്ച ഇങ്ങനെ: കഴിഞ്ഞദിവസം തൃക്കരിപ്പൂരിൽ സിഎംപി കൺട്രോൾ കമ്മിഷൻ ചെയർമാൻ വി.കെ. രവീന്ദ്രന്റെ എൺപതാം ജന്മദിനാഘോഷം നടന്നു. രവീന്ദ്രൻ സിഎംപിയിലാണെങ്കിലും, പൂർവാശ്രമത്തിൽ എം.വി. ഗോവിന്ദന്റെ ഗുരുവാണ്. സമ്മേളനത്തിനെത്തിയ ഗോവിന്ദൻമാഷ് പറഞ്ഞു: ‘‘രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ വ്യക്തി, കുടുംബ ബന്ധങ്ങളെ ബാധിക്കരുത്.’’ സഖാക്കൾ അദ്ഭുതംകൂറി. ഗോവിന്ദൻമാഷിന് മറുപടിയായി സി.പി. ജോൺ പറഞ്ഞു: ‘‘പാർട്ടിയിൽനിന്ന് പുറത്തുപോയി ഭിന്നചേരിയിൽ നിൽക്കുമ്പോഴും സൗഹാർദത്തിൽ കഴിയണമെന്ന ഗോവിന്ദൻമാഷിന്റെ പ്രസംഗം സി. കേശവന്റെ കോഴഞ്ചേരിപ്രസംഗംപോലെ ചരിത്രത്തിൽ ഇടംപിടിക്കും.’’ റവാഡ പോലീസ് മേധാവിയാകുന്നത് ഒരുദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റമായിമാത്രം കാണരുത്, അതൊരു സന്ദേശമാണ്. വിദേശസർവകലാശാലകൾ വരുകയാണ്. അതിനെതിരേ ശബ്ദമുയർന്നാൽ അടിച്ചൊതുക്കാൻ അറിയുന്ന ആൾതന്നെ വേണമല്ലോ. കാപ്‌സ്യൂളുകൾക്കാണോ പഞ്ഞം.
മേജർ ചെന്നിത്തല ഹിയർ
ഭൂമി ഉരുണ്ടതാണെന്ന് പഠിപ്പിക്കാൻ കഥാകൃത്ത് അക്ബർ കക്കട്ടിൽ മാഷ് പ്രയോഗിച്ച തന്ത്രമാണ് വി.ഡി. സതീശനും പയറ്റുന്നത്. ഭൂമി ഉരുണ്ടതാണെന്ന് ആദ്യമേ പറഞ്ഞാൽ കുട്ടികൾ അത് വിശ്വസിക്കില്ല. ആദ്യം ഭൂമി പരന്നുകിടക്കുന്നതാണെന്നു പറയും. ക്രമേണ അതിനെ ഉരുട്ടിയെടുക്കും. അതിന് അല്പം സമയംപിടിക്കും. കെ. സുധാകരൻജി സെമികേഡറാക്കിയ കോൺഗ്രസിനെ സൈന്യംപോലെ ഒരു പൂർണകേഡറാക്കാനുള്ള തത്രപ്പാടിലാണ് സതീശൻ. മേജറെന്നും കേണലെന്നുമൊക്കെ വിളിക്കുമ്പോൾ, അണികൾ സൈന്യത്തിന്റെ മാനസികാവസ്ഥയിലേക്ക് താനേ വരും. സോണിയയും രാഹുലുമാണ് ഫീൽഡ് മാർഷൽമാർ. ഖാർഗെജിയാണ് ജനറൽ. കെ.സി. വേണുഗോപാൽ തൊട്ടുതാഴെ മേജർ ജനറൽ. ഈ പോസ്റ്റുകൾ ഹൈക്കമാൻഡ് സംവരണമാണ്.
ബ്രിഗേഡിയർ മുതലാണ് സംസ്ഥാന ക്വാട്ട. ബ്രിഗേഡിയറാകാൻ ചില നേതാക്കന്മാർ സൈബർസംഘങ്ങളുടെ പേര് നേരത്തേതന്നെ ബ്രിഗേഡെന്നാക്കിയിരുന്നു. താൻ സോൾജ്യറാണെന്ന് സണ്ണിവക്കീൽ പറയുന്നത് വിനയംകൊണ്ടാണ്. ഓഫീസറായി കയറിയാലുള്ള ആദ്യ പ്രമോഷനാണ് ക്യാപ്റ്റൻ. തന്നെ വെറും ക്യാപ്റ്റനാക്കി ഒതുക്കിയതിന്റെ ഇഷ്ടക്കേടിലാണ്, രമേശ് ചെന്നിത്തലയെ മേജറെന്ന് സതീശൻ വിളിച്ചത്. ഭാഗ്യം, സാദാ പട്ടാളപദവിയായ സുബേദാർ മേജർ എന്നു പറഞ്ഞില്ലല്ലോ. ചെന്നിത്തല വിഷമിക്കേണ്ടാ. സ്ഥാനനാമത്തിൽ മേജറുള്ളവരാരും മോശക്കാരല്ല. മേജർ ആർച്ച് ബിഷപ്പുമാരായി മാർ ക്ലിമീസും മാർ റാഫേൽ തട്ടിലുമുണ്ട്. അല്ലെങ്കിൽവേണ്ടാ, നമ്മുടെ മേജർ രവിയുണ്ടല്ലോ.
സേർച്ച്‌ലൈറ്റ്
ഫ്രൈഡ് റൈസ് അടക്കമുള്ള ഊണ് സ്‌കൂളുകളിൽ നൽകണമെന്നാണ് സർക്കാർനിർദേശം. പത്തുരൂപ തികച്ചങ്ങ് തരും. ബാക്കി ഹെഡ്മാസ്റ്റർ കണ്ടെത്തണം. അധ്യാപകർക്ക് മാനേജ്‌മെന്റ് ശമ്പളം നൽകിയകാലത്ത് മുഴുപ്പട്ടിണിയിലായ ഹെഡ്മാസ്റ്റർ ഒരു കുട്ടിയുടെ ചോറ് മോഷ്ടിച്ച, കാരൂരിന്റെ ‘പൊതിച്ചോറ്’ കഥപോലെയാകും വീണ്ടും അധ്യാപകജീവിതം. ചോറെടുത്തുണ്ട ഹെഡ്മാസ്റ്റർ, മാനേജർക്ക് അയച്ച കത്തിൽ ചോദിച്ചപോലെ മന്ത്രി ശിവൻകുട്ടിയെ തേടിയും കത്ത് വരാം: ‘‘എന്നോടു നിങ്ങളൊന്ന് പറയിൻ - ഞാൻ പിന്നെ എന്തുചെയ്യണമായിരുന്നു?’’
Content Highlights: Koothuparamba firing and Kerala's new police chief Ravada Chandrasekhar
Published: 07 Jul 2025, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented