
''പുഷ്പനെ അറിയാമോ
ഞങ്ങടെ പുഷ്പനെ അറിയാമോ
സഖാവിനെ അറിയാമോ
ആ രണഗാഥ അറിയാമോ'' എന്ന വിപ്ലവ ഗാനം കേരളത്തിലെ സി.പി.എം പരിപാടികളിലെല്ലാം ഇന്നും മുഴങ്ങിക്കേള്‍ക്കാറുണ്ട്. സ്വാശ്രയ സമര പോരാളിയായി, കൂത്തുപറമ്പ് വെടിവെപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി ഏറെക്കാലം കിടന്ന് കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ അന്തരിച്ച പുഷ്പനെ കുറിച്ചുള്ളതാണ് ഇന്നും അണികളില്‍ ആവേശം പടര്‍ത്തുന്ന ഈ വിപ്ലവ ഗാനം. ഇതിവിടെ പരാമര്‍ശിച്ചതിന്റെ കാരണം റവാഡ ചന്ദ്രശേഖര്‍ എന്ന പുതിയ ഡിജിപി കേരളത്തിന്റെ പോലീസ് മേധാവിയായി ചുമതലയേറ്റ സാഹചര്യത്തിലാണ്. റവാഡ ചന്ദ്രശേഖറും പുഷ്പനും തമ്മില്‍ എന്ത് ബന്ധമെന്ന് ചോദിക്കുമ്പോള്‍ അതിന് 1994 നവംബര്‍ 25 ലേക്ക് പോവേണ്ടി വരും. അന്നായിരുന്നു സി.പി.എമ്മിന്റെ സമരചരിത്രത്തിലെ മരിക്കാത്ത ഓര്‍മയായി മാറിയ കൂത്തുപറമ്പ് വെടിവെപ്പുണ്ടാകുന്നത്. ആ ദാരുണ സംഭവം നടക്കുമ്പോള്‍ ഇതേ റവാഡ ചന്ദ്രശേഖറായിരുന്നു അന്ന് എഎസ്പി. സംഭവം വിവാദക്കൊടുങ്കാറ്റായതോടെ റവാഡയടക്കമുള്ള പോലീസുകാരെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തിരുന്നു.
റവാഡ എഎസ്പിയായി ചുമതലയേറ്റ് തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു വെടിവെപ്പുണ്ടാകുന്നതെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പ്രതികളായി. ഒടുവില്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ഇന്നും പോലീസുകാരുടെ വീഴ്ചയാണ് വെടിവെപ്പിന് കാരണമായതെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട് സിപിഎം. ഇതേ റവാഡ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ പോലീസ് മേധാവിയായി ചുമതലയേറ്റിരിക്കുന്നുവെന്നത് പാര്‍ട്ടിയെ സംബന്ധിച്ച് അത്ര ദഹിക്കാത്തതാണെങ്കിലും തമ്മില്‍ ഭേദം റവാഡ എന്ന നിലപാടെടുത്തിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും. ഇതോടെ ഒരിക്കല്‍ കൂടെ കൂത്ത്പറമ്പ് വെടിവെപ്പും പുഷ്പനുമെല്ലാം രാഷ്ട്രീയ കേരളത്തില്‍ സജീവ ചര്‍ച്ചയാവുകയും ചെയ്തു. റവാഡയ്ക്ക് അന്ന് ഒന്നുമറിയില്ലായിരുന്നുവെന്നും ചുമതലയേറ്റതേയുള്ളൂവെന്നും ന്യായീകരണമായി സര്‍ക്കാര്‍ പറയുമ്പോഴും അതിനെ പൂര്‍ണമായും അംഗീകരിക്കാന്‍ സിപിഎം തയ്യാറായിട്ടില്ല.
സിപിഎം സംസ്ഥാനകമ്മിറ്റി അംഗം പി.ജയരാജനടക്കം കൂത്തുപറമ്പ് വെടിവെപ്പ് ഓര്‍മിപ്പിച്ച് രംഗത്ത് വന്നത് അതുകൊണ്ടാണ്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നുവെന്നും ഡിവൈഎസ്പിയായിരുന്ന ഹക്കിംബത്തേരിയാണ് വെടിവെപ്പിന് നേതൃത്വം നല്‍കിയതെന്നും എഎസ്പി ആയിരുന്ന റവാഡ അടക്കമുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. സ്വാശ്രയകോളേജുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നയിച്ച സമരമായിരുന്നു കൂത്തുപറമ്പില്‍ അന്ന് വെടിവെപ്പില്‍ കലാശിച്ചതെങ്കിലും സ്വാശ്രയകോളേജ് വിഷയത്തില്‍ പിന്നീട് പാര്‍ട്ടി നയം മാറ്റിയതും സ്വകാര്യ സര്‍വകലാശാലയും കടന്ന് വിദേശ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കുന്നതിലേക്ക് വരെയെത്തിയതും ചരിത്രം. ഇതിനിടെയാണ് റവാഡ പോലീസ് മേധാവി സ്ഥാനത്തേക്ക് വരെയെത്തുന്നതും ഒരിക്കല്‍കൂടെ കൂത്തുപറമ്പും വെടിവെപ്പുമെല്ലാം ചര്‍ച്ചയാകുന്നതും.

- അന്ന് സിപിഎം പറഞ്ഞു ഡ്രാക്കുളയുടെ കൊലച്ചിരി
കൂത്തുപറമ്പ് വെടിവെപ്പ് നടന്നതിന്റെ പിറ്റെ ദിവസം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി പോലീസ് നടപടിയെ വിമര്‍ശിച്ച് വാര്‍ത്തയെഴുതിയത് ഡ്രാക്കുളയുടെ കൊലച്ചിരി എന്ന തലക്കെട്ടോട് കൂടിയാണ്. ഇതിനെയെല്ലാമാണ് ഇപ്പോള്‍ റവാഡ ചന്ദ്രശേഖറിന്റെ പോലീസ് മേധാവി നിയമനത്തോടെ സി.പി.എമ്മിന് സൗകര്യപൂര്‍വം മറക്കേണ്ടി വന്നത്. എന്താണ് അന്ന് കൂത്തുപറമ്പില്‍ സംഭവിച്ചത്.
1994 നവംബര്‍ 25 ഒരു വെള്ളിയാഴ്ചയായിരുന്നു. മനുഷ്യരുടെ ചോര പടര്‍ന്നൊഴുകിയ വെള്ളി. കൂത്തുപറമ്പില്‍ അര്‍ബന്‍ സഹകരണ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി എം.വി. രാഘവന്‍. ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ട മന്ത്രി എന്‍. രാമകൃഷ്ണന്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പോലീസ് മുന്നറിയിപ്പിനെ തുടര്‍ന്നു പിന്‍വാങ്ങുന്നു. പിന്‍മാറാതെ രാഘവന്‍. കൂത്തുപറമ്പിലും പരിസരത്തും വന്‍ പോലീസ് സന്നാഹം. രണ്ടായിരത്തോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. പകല്‍ 11.55 ആയപ്പോഴേക്കും പോലീസ് സംരക്ഷണത്തോടെ മന്ത്രിയെത്തി. മുദ്രാവാക്യം മുഴക്കി ഇരമ്പിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. തിരിച്ചും കല്ലേറ്. ചിതറി ഓടിയവര്‍ക്കിടയിലൂടെ വഴിയുണ്ടാക്കി മന്ത്രിയുടെ വാഹനം ടൗണ്‍ഹാളിലേക്ക്. മന്ത്രി ഹാളില്‍ കയറുന്നതിനിടയില്‍ റോഡില്‍ വെടിവയ്പ് തുടങ്ങി. ഹാളിനുള്ളിലും ലാത്തിച്ചാര്‍ജ്. പലരും അടിയേറ്റു വീണു.
പോലീസുകാര്‍ ഒരുക്കിയ വലയത്തിനുളളില്‍നിന്ന് നിലവിളക്കുകൊളുത്തി ബാങ്ക് ഉദ്ഘാടനം ചെയ്ത എം.വി.ആര്‍ 13 മിനിറ്റ് പ്രസംഗിച്ചു. സ്വതസിദ്ധ ശൈലിയിലുള്ള ഈ പ്രസംഗവും പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. പോലീസുകാരുടെ കനത്ത വലയത്തിലൂടെ പുറത്തേക്കിറങ്ങിയ മന്ത്രി തിരിച്ചു കണ്ണൂരിലേക്ക്. ഇതിനിടയില്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടിച്ചു. എന്നിട്ടും പിരിഞ്ഞു പോകാതിരുന്ന ജനക്കൂട്ടത്തിനു നേരെ വെടിവയ്പ് തുടങ്ങി. രണ്ടുമണിക്കൂറോളം തുടര്‍ന്ന വെടിവയ്പിനൊടുവില്‍ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെകെ. രാജീവന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി. റോഷന്‍, പ്രവര്‍ത്തകരായ വി മധു, ഷിബുലാല്‍, കുണ്ടുചിറ ബാബു എന്നിവര്‍ മരിച്ചു വീണു. പുഷ്പന്‍, മാങ്ങാട്ടിടം മങ്ങാട് സജീവന്‍, കൂത്തുപറമ്പ് ചാലില്‍ സജീവന്‍, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവര്‍ക്കു പരുക്കേറ്റു.

- തോക്കിനെ കൂസാതെ സമരമുഖത്തേക്ക് എടുത്ത് ചാടിയ പുഷ്പന്‍
മേനപ്രം ഭാഗത്തുള്ള സഖാക്കള്‍ക്കൊപ്പം ജീപ്പിലായിരുന്നു കൂത്തുപറമ്പിലേക്കുള്ള പുഷ്പന്റെ യാത്ര. അവിടെയെത്തുമ്പോള്‍ എം വി ജയരാജന്‍, എം സുരേന്ദ്രന്‍, കെ ധനഞ്ജയന്‍ തുടങ്ങിയവരെല്ലാം സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നു. അവരെയൊക്കെ കണ്ടപ്പോള്‍ വല്ലാത്ത ആവേശമായിരുന്നു പുഷ്പന്. പെട്ടന്നാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത് തുടര്‍ന്ന് വെടിവെപ്പ്.
പുഷ്പന്റെ മുന്‍പില്‍ വെടിയേറ്റുവീണ കെ കെ രാജീവനെ താങ്ങിപ്പിടിക്കാന്‍ ചാടിയതായിരുന്നു പുഷ്പന്‍. പെട്ടന്നാണ് കഴുത്തിന് ഒരു തരിപ്പ് അനുഭവപ്പെടുന്നത് തോന്നിയത്. കഴുത്തിന് പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്‌ന നാഡിക്കാണു പ്രഹരമേല്‍പിച്ചത്. കഴുത്തിനു താഴേക്കു തളര്‍ന്നു. അന്നു കിടപ്പിലായതാണു പുഷ്പന്‍. പാര്‍ട്ടിയുടെ വലയത്തില്‍, പ്രവര്‍ത്തകരുടെ കൈപിടിച്ചാണ് പിന്നീടുള്ള ജീവിതം.
കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ പിറന്ന പുഷ്പന് എട്ടാംക്ലാസ് വരെ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം. സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നെങ്കിലും കുടുംബം പോറ്റാന്‍ ജോലി ആവശ്യമാണെന്ന ഘട്ടത്തില്‍ ബെംഗളൂരുവിനു വണ്ടി കയറി. അവിടെ പലചരക്കുകടയിലായിരുന്നു ജോലി. അതിനിടെയാണ് നാട്ടിലെത്തുകയും സമരത്തിന്റെ ഭാഗമാവുകയും ചെയ്തത്.
ഒറ്റവെടിയില്‍ തന്നെ റോഡില്‍ കുഴുഞ്ഞുവീണിരുന്നു പുഷ്പന്‍. ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ വാഹനം പോലും കിട്ടിയില്ല. ഒടുവില്‍ ബ്രിട്ടാനിയ ബിസ്‌കറ്റ് കമ്പനിയുടെ വണ്ടിയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് പുഷ്പന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയയ്ക്കായി തലശ്ശേരി ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമായിരുന്നു ചികിത്സ. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടെ സമരമുഖത്തായിരുന്നു റോഡുകള്‍ മുഴുവന്‍. അന്ന് ചോരപുരണ്ട ഷര്‍ട്ട് കൂടെയുള്ളവര്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ആശുപത്രിയിലേക്കുള്ള വഴിയൊരുക്കിയത്. അന്ന് തുടങ്ങിയുള്ള ചികിത്സയായിരുന്നു പുഷ്പന്റേത്. പിന്നീട് ആശുപത്രിയില്‍ നിന്നും ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു.ഒടുവില്‍ കഴിഞ്ഞവര്‍ഷമാണ് പുഷ്പന്‍ മരിച്ചത്
- സര്‍ക്കാരിന്റെ പ്രതീക്ഷ തെറ്റിച്ച റവാഡ
റവാഡയടക്കം മൂന്ന് ഉദ്യോഗസ്ഥരുടെ ലിസ്റ്റായിരുന്നു പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചതെങ്കിലും റവാഡയോട് സ്വമേധയാ ഒഴിയണമെന്ന ആവശ്യം സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. പക്ഷെ അതിന് വിപരീതമായി പോലീസ് മേധാവി സ്ഥാനത്തേക്ക് താല്‍പര്യമുണ്ടെന്ന വിവരമാണ് റവാഡ അറിയിച്ചത്. ഇതോടെ സര്‍ക്കാരും നിസ്സഹായതയിലായി. ഇതിനിടെ എഡിജിപി എം.ആര്‍ അജിത്കുമാറിന് വേണ്ടിയും ചില നീക്കങ്ങള്‍ നടന്നു. പട്ടികയിലെ മൂന്നാം പേരുകാരനായ യോഗേഷ് ഗുപ്തയ്ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നല്‍കാതെ ദിവസങ്ങളോളം പിടിച്ചുവച്ചത് വാര്‍ത്തയായിരുന്നു. ലിസ്റ്റില്‍
നിധിന്‍ അഗര്‍വാളായിരുന്നു ഒന്നാം സ്ഥാനത്തെങ്കിലും അദ്ദേഹത്തെ സര്‍ക്കാര്‍ അംഗീകരിക്കാതെ വന്നതോടെയാണ് റവാഡയ്ക്ക് നറുക്ക് വീണത്.
എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു ബിനാമി കമ്പനിക്ക് 12 കോടി രൂപയുടെ കരാറുകള്‍ നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ യോഗേഷ് ഗുപ്ത ഉത്തരവിട്ടിരുന്നു. തൊട്ടുപിന്നാലെ അദ്ദേഹത്തെ വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കി. പിന്നാലെ കേന്ദ്ര അന്വേഷണ ഏജന്‍സികളിലെ നിയമനത്തിനായി ക്ലിയറന്‍സ് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ വച്ചുതാമസിപ്പിച്ചു. പോലീസ് മേധാവി പട്ടികയില്‍ നിന്ന് സ്വയം ഒഴിവായാല്‍ ക്ലിയറന്‍സ് നല്‍കാമെന്ന ഉപാധി വച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. സിബിഐയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും ജോലിചെയ്തിട്ടുള്ള യോഗേഷ് ഗുപ്ത ഈ ഏജന്‍സികളുടെ തലപ്പത്തെത്താന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥനാണ്. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവരെയാണ് പോലീസ് മേധാവിയാക്കി നിയമിക്കുക. അത്രയും സര്‍വീസുള്ളവര്‍ പട്ടികയില്‍ ഇല്ലെങ്കില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കും. സംസ്ഥാനപട്ടികയിലുണ്ടായിരുന്ന സുരേഷ് രാജ് പുരോഹിത്, എം.ആര്‍. അജിത്കുമാര്‍ എന്നിവര്‍ക്ക് 30 വര്‍ഷത്തെ സര്‍വീസുണ്ടായിരുന്നില്ല. റവാഡയോ യോഗേഷോ ഇതില്‍ ആരെങ്കിലും ഒഴിവായിരുന്നെങ്കില്‍ യുപിഎസ്എസിയുടെ ചുരുക്കപ്പട്ടികയില്‍ ഡിജിപി മനോജ് ഏബ്രഹാമിന്റെ പേര് കൂടി ഉള്‍പ്പെടുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടി. അത് നടന്നില്ല. അങ്ങനെയെങ്കില്‍ മനോജ് ഏബ്രഹാം പോലീസ് മേധാവിയാകുമായിരുന്നു. ആ നീക്കം പൊളിഞ്ഞതോടെ തമ്മില്‍ ഭേദം റവാഡ എന്നതിലേക്ക് സര്‍ക്കാരിന് എത്തേണ്ടി വന്നു.
ബിഎസ്എഫ് മേധാവിയായിരിക്കേ പാകിസ്താന്‍ അതിര്‍ത്തിവഴിയുള്ള കടന്ന് കയറ്റം തടയുന്നതില്‍ പരാജയപ്പെട്ടു എന്ന പോരായ്മയാണ് നിധിന്‍ അഗര്‍വാളിന് മുഖ്യമന്ത്രി കണ്ട അയോഗ്യത. എന്നാല്‍ പാര്‍ട്ടിയുടെ അഞ്ച് സഖാക്കളുടെ മരണത്തിലേക്ക് നയിച്ച കൂത്തുപറമ്പ് വെടിവെപ്പ് കാലത്തെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്നത് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ പരാമര്‍ശിച്ചുമില്ല. റവാഡയെ കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നുവെന്ന ന്യായം ഇതിനായി സര്‍ക്കാര്‍ പറയുമ്പോഴും സര്‍ക്കാര്‍ മെറിറ്റ് പരിശോധിക്കാന്‍ താന്‍ ആളല്ലെന്ന പ്രതികരണം ജയരാജന്‍ നടത്തിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്തിനാണോ കൂത്തുപറമ്പ് സമരം നടന്നത് അതിനെ പിന്നീട് സിപിഎം മറന്നുവെന്ന് സ്വാശ്രയകോളേജ് വിഷയവും വിദേശസര്‍വകലാശാല വിഷയവുമെല്ലാം ഉയര്‍ന്ന് വന്ന സമയത്ത് വിമര്‍ശനമുണ്ടായതാണ്. ഇതിന്റെ ഒടുവിലത്തെ ചരിത്രപരമായ കൗതുകമായി റവാഡയുടെ നിയമനവും മാറിയെന്നത് മറ്റൊരു വസ്തുത.
കേന്ദ്ര ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന റവാഡ വര്‍ഷങ്ങളായി കേരള സര്‍വീസില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു. അതിനിടെയാണ് പോലീസ് മേധാവി ചര്‍ച്ച വന്നപ്പോള്‍ റവാഡ താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ കൂത്ത്പറമ്പ് വെടിവെപ്പ് പാര്‍ട്ടി ഇന്നും നോവായി കരുതുന്നുവെന്നത് കൊണ്ട് റവാഡയുടെ ആവശ്യത്തെ നിരസിക്കുമെന്നായിരുന്നു പാര്‍ട്ടി നേതാക്കളടക്കം കരുതിയത്. പക്ഷെ റവാഡയെ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ചുമതലയേറ്റെടുത്ത ശേഷം തന്റെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരില്‍ തന്നെ നടക്കുകയും ചെയ്തത് മറ്റൊരു കൗതുകം.
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന്റെ അഞ്ചാം ദിവസമായിരുന്നു ടി.പി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയത്. തുടര്‍ന്ന് സുപ്രീംകോടതി വിധിയുടെ ബലത്തിലാണ് തിരികെയെത്തിയത്. വിരമിച്ച ശേഷം അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നെങ്കിലും ഡിജിപി ആയിരിക്കേ ടി.പി സെന്‍കുമാറിനെതിരേ അന്ന് സര്‍ക്കാര്‍ നടത്തിയ എതിര്‍പ്പ് പോലും റവാഡയ്‌ക്കെതിരേ ഉണ്ടായില്ല എന്നതാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുപോലുമുള്ള മുറുമുറിപ്പിന് കാരണം.
അതേപോലെ 1991-ല്‍ ഡിസംബറില്‍ പാലക്കാട്ട് നടന്ന വെടിവെപ്പില്‍ 11 വയസ്സുകാരി സിറാജുന്നീസ കൊല്ലപ്പെട്ട സംഭവത്തില്‍ അന്ന് ഐ ജി ആയിരുന്ന രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരേയും സിപിഎം വലിയ എതിര്‍പ്പായിരുന്നു അക്കാലത്ത് പ്രകടിപ്പിച്ചിരുന്നത്. മാത്രമല്ല ചാരക്കേസില്‍ ആരോപണ വിധേയനായപ്പോള്‍ ചാരന്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്ന ചാരമുഖ്യന്‍ കരുണാകരന്‍ രാജിവെക്കുക എന്നതായിരുന്നു സിപിഎം മുദ്രാവാക്യം. ഇതെല്ലാം മറന്ന് സിപിഎം ഭരിക്കുന്ന കാലത്ത് തന്നെ രമണ്‍ ശ്രീ വാസ്തവ പോലീസ് മേധാവിയായതും ഒടുവില്‍ പിണറായി സര്‍ക്കാരിന്റെ പോലീസിന്റെ ഉപദേശകനായതുമെല്ലാം മറ്റൊരു ചരിത്രം.

ഇതിനിടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അന്തര്‍ധാരയുടെ ഫലമായിട്ടാണ് റവാഡയുടെ നിയമനത്തിന് പിന്നലെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. സമാന ആരോപണം നേരത്തെ ലോക്‌നാഥ് ബെഹ്‌റ പോലീസ് മേധാവി ആയപ്പോഴും അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി ഉന്നയിച്ചിരുന്നു.
ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും രക്ഷിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഇടപെട്ടുവെന്ന ഗുരുതരമായ ആരോപണമായിരുന്നു മുല്ലപ്പള്ളി മുന്നോട്ടു വെച്ചത്. ഇത് ഏറെ ചര്‍ച്ചകള്‍ക്കും വഴിവെച്ചു.
എന്‍ഐഎ മേധാവിയായിരുന്ന കാലത്ത് ഇരുവരെയും വെള്ളപൂശുന്ന നിലപാടാണ് ബെഹ്റ സ്വീകരിച്ചതെന്നും ആഭ്യന്തര സഹമന്ത്രിയായിരിക്കെ ആ ഫയലുകള്‍ നേരില്‍ കണ്ടിരുന്നുവെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. അതിന്റെ പ്രത്യപകാരമായാണ് ഡിജിപി നിയമനമെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു. സമാന ആരോപണമാണ് റവാഡയുടെ നിയമനത്തിലും പ്രതിപക്ഷം ഉന്നയിക്കുന്നത്. ആര്‍.എസ്.എസ് നിര്‍ദേശിക്കുന്നയാളെ പോലീസ് മേധാവി ആക്കിയില്ലെങ്കില്‍ പലരുടേയും വീടുകളില്‍ കേന്ദ്ര ഏജന്‍സികളുടെ നിരയെത്തുമെന്നും വിമര്‍ശനം ഉയര്‍ത്തുന്നവര്‍ പറയുന്നു.

- സ്വാശ്രയകോളേജ്, വിദേശ സര്‍വകലാശാല; നയം മാറ്റത്തിന്റെ സിപിഎം
സിപിഎമ്മിന്റെ സമരചരിത്രത്തില്‍ ഇന്നും വീറോടെ ഓര്‍മിക്കുന്ന സംഭവമായിരുന്നു കൂത്തുപറമ്പ് വെടിവെപ്പെങ്കിലും പില്‍ക്കാലത്ത് എല്ലാം മറക്കുകയും സ്വാശ്രയ കോളേജിനെ തന്നെ പ്രോത്സഹിപ്പിക്കുകയും ചെയ്യുന്ന നിലപാടായിരുന്നു കൈക്കൊണ്ടത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തന്നെ സഹകരണ കോളേജുകള്‍ ഉയര്‍ന്നുവന്നു. അപ്പോഴും പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷിയായി വികാരമായി ബാക്കിയുണ്ടായിരുന്നു. സമാനസാഹചര്യമായിരുന്നു വിദേശസര്‍വകലാശാലയ്ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദവും.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സര്‍വകലാശാലകളെ ക്ഷണിച്ചുകൊണ്ടുള്ള ആഗോളവിദ്യാഭ്യാസ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കിയ ടി പി. ശ്രീനിവാസനെന്ന മുന്‍ ഐഎഫ്എസ്. ഉദ്യോഗസ്ഥനെ തെരുവില്‍ എസ്എഫ്‌ഐ. വിദ്യാര്‍ഥികള്‍ കൈകാര്യം ചെയ്യുന്നതിന് പോലും കേരളം മുമ്പ് സാക്ഷിയാകേണ്ടി വന്നിരുന്നു. തിരുവനന്തപുരത്ത് വെച്ച് 2016 ജനുവരി 29 നായിരുന്നു സംഭവം. ഒടുവില്‍ അന്നത്തെ സിപിഎം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനടക്കമുള്ളവര്‍ക്ക് ടിപി. ശ്രീനിവാസനോട് ക്ഷമ ചോദിക്കേണ്ടിയും വന്നു.
ഈ സംഭവം എട്ടാം വര്‍ഷത്തിലേക്ക് കടന്നപ്പോഴായിരുന്നു വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ സഹായകരമാണെങ്കില്‍ വിദേശ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കുമെന്ന് ബജറ്റില്‍ തന്നെ ഇടതു സര്‍ക്കാര്‍ പ്രഖ്യാപിച്ച് നിലപാട് മാറ്റിയത്. പാര്‍ട്ടി നയത്തിന് വിരുദ്ധമായി ബജറ്റില്‍ പ്രഖ്യാപനമുണ്ടായതോടെ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐ തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നൂവെങ്കിലും സ്വകാര്യ വിദേശ സര്‍വകലാശാലകളെ സ്വാഗതം ചെയ്യുകയായിരുന്നു കേരളത്തിലെ സിപിഎം നേതൃത്വം. ഇതേപോലെ മുമ്പുയര്‍ത്തിയ സമരത്തേയും വിവാദങ്ങളേയുമെല്ലാം അധികാരത്തിലെത്തി മറക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി റവാഡ ചന്ദ്രശേഖറിന്റെ പോലീസ് മേധാവി സ്ഥാനവും ബാക്കിയായി.
- കൂത്തുപറമ്പ്; അന്വേഷണവും പോലീസുകാര്‍ക്കെതിരേയുള്ള നടപടിയും
കൂത്തുപറമ്പ് സംഭവത്തെത്തുടര്‍ന്ന് പോലീസുദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാന്‍ കീഴ്‌ക്കോടതി ആവശ്യപ്പെട്ടെങ്കിലും മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസ് നടപടികള്‍ റദ്ദാക്കുകയുണ്ടായി. 1995-ല്‍ പോലീസുകാര്‍ക്കെതിരേ സ്വകാര്യ അന്യായം ഫയല്‍ ചെയ്തതിനെത്തുടര്‍ന്നാണ് കേസെടുക്കാനുള്ള നടപടിയുണ്ടായത്.
ഇതെപ്പറ്റി അന്വേഷിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ നിയമിച്ച പത്മനാഭന്‍ കമ്മീഷന്‍ 1997-ല്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് എം.വി. രാഘവന്‍, ഡെപ്യൂട്ടി കളക്ടര്‍ ടി.ടി. ആന്റണി, ഡി.വൈ.എസ്.പി. അബ്ദുള്‍ ഹക്കീം ബത്തേരി, എസ്.പി. രവാഡ ചന്ദ്രശേഖര്‍ എന്നിവരും കുറ്റക്കാരായിരുന്നു. ഇവരെ പ്രതി ചേര്‍ത്ത് പുതിയൊരു എഫ്‌ഐആര്‍. ഫയല്‍ ചെയ്യപ്പെടുകയുണ്ടായി. എന്നാല്‍ പ്രതികളുടെ ഹര്‍ജിയെത്തുടര്‍ന്ന് കേസിലെ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ 2001-ല്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന് ശേഷം 2008-ല്‍ ആണ് റവാഡ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയത്. വെടിവെപ്പിന് ഉത്തരവിട്ടുവെന്ന് സി.പി.എം ആരോപിക്കുന്ന അന്നത്തെ ഡി.വൈ.എസ്.പി ഹക്കീം ബത്തേരി 1998-ല്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്തു.
Content Highlights: Kerala`s new DGP, Rawada Chandrasekhar, was ASP during the 1994 Koothuparamb firing
Published: 01 Jul 2025, 12:45 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented