
കഴിഞ്ഞയാഴ്ച തൃക്കരിപ്പൂരിലെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മാധ്യമപ്രവര്‍ത്തകനും സിഎംപിയുടെ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനുമായ വി.കെ രവീന്ദ്രനെ ആദരിക്കാന്‍ ഒരു സമ്മേളനം നടന്നു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ വ്യക്തി, കുടുംബ ബന്ധങ്ങളെ ബാധിക്കരുതെന്ന് ഉദ്ഘാടനം ചെയ്ത സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ചടങ്ങില്‍ സംബന്ധിച്ച സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ പാര്‍ട്ടിയില്‍നിന്ന് പിരിഞ്ഞുപോയി ഭിന്നചേരിയില്‍ നില്‍ക്കുമ്പോഴും സൗഹാര്‍ദത്തില്‍ കഴിയണമെന്ന ഗോവിന്ദന്റെ പ്രസ്താവന സന്തോഷത്തോടെ സ്വാഗതം ചെയ്തു. സിപിഎം- സിഎംപി പോരാട്ടം നടക്കുന്ന കാലത്ത് ഏറെ ബുദ്ധിമുട്ടുകളനുഭവിച്ചയാളാണ് പയ്യന്നൂരിലെ ഗദ്ദിക പത്രത്തിന്റെ പത്രാധിപരായ വി.കെ രവീന്ദ്രന്‍.
പക്ഷേ, സിപിഎമ്മിലെ ഒരു വിഭാഗം അണികള്‍ക്ക് ഈ വാക്കുകളെ ഇനിയും മനസ്സിലാക്കാനായിട്ടില്ല. ഡിവൈഎഫ്ഐയിലെ അഞ്ചു യുവാക്കള്‍ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരുടെ പട്ടികയിലെ പോലീസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പോലീസ് സേനയുടെ മേധാവിയായത് പോലെ. 1994-ല്‍ നടന്ന കൂത്തുപറമ്പ് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ് മൂന്നുദശകക്കാലം ശയ്യാവലംബിയായി കഴിഞ്ഞ് ശേഷം 2024 സെപ്തംബര്‍ 28-ന് വിടപറഞ്ഞ കെ.കെ. പുഷ്പന്‍ സിപിഎമ്മിന്റെ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായിരുന്നു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ വ്യക്തിബന്ധങ്ങളെ ബാധിക്കാന്‍ പാടില്ല എന്നാണെങ്കില്‍ എന്തുകൊണ്ടാണ് പുഷ്പനെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി പാര്‍ട്ടി കൊണ്ടാടിയതെന്ന് അവര്‍ ചോദിക്കുന്നു. രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള അതേ ചോദ്യം 'പാര്‍ട്ടി ശത്രു'ക്കളായി മാറിയതിന്റെ തിക്തഫലങ്ങളനുഭവിച്ച നിരവധി പാര്‍ട്ടിവിരുദ്ധരുടെയും- ജീവിച്ചിരിക്കുന്നവരും ജീവനോടെയില്ലാത്തവരുമായ- മനസ്സില്‍ ഉയരുന്നുണ്ട്.
കൂത്തുപറമ്പ് വെടിവെപ്പും 'ജീവിക്കുന്ന രക്തസാക്ഷി' പുഷ്പനും
സിപിഎമ്മില്‍നിന്നു വേര്‍പിരിഞ്ഞ് സിഎംപി രൂപീകരിച്ച എം.വി. രാഘവന്‍ സഹകരണ മന്ത്രിയായിരിക്കേ 1994 നവംബര്‍ 25-നാണ് കൂത്തുപറമ്പില്‍ വെടിവെപ്പുണ്ടായത്. ഐക്യ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസനയത്തെ എതിര്‍ത്ത നൂറുകണക്കിനു പ്രതിഷേധക്കാര്‍ രാഘവന്റെ വാഹനവ്യൂഹത്തെ തടയുകയായിരുന്നു. തുടര്‍ന്നുണ്ടായ പോലീസ് വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു, പുഷ്പനടക്കം ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കഴുത്തിനു പിന്നില്‍ വെടിയേറ്റ് ദീര്‍ഘകാലം കിടപ്പുരോഗിയായ പുഷ്പനെ പലതവണ സന്ദര്‍ശിച്ച പ്രമുഖ പാര്‍ട്ടി നേതാക്കളില്‍ മുഖ്യമന്ത്രി പിണറായി വിജയനും പെടും. ഡിവൈഎഫ്ഐ അദ്ദേഹത്തിന് വീടു പണിതു കൊടുത്തു. അസാധാരണമാം വിധം ധീരമായ ചെറുത്തുനില്‍പ്പായിരുന്നു പുഷ്പന്റെ ജീവിതം. സംസ്‌കാരച്ചടങ്ങില്‍ എം.വി. ഗോവിന്ദനും പി. ജയരാജനും അടക്കമുള്ള പ്രമുഖ പാര്‍ട്ടിനേതാക്കള്‍ പങ്കെടുത്തു. പുഷ്പന്റെ ജ്വലിക്കുന്ന സ്മരണകള്‍ ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശവും പ്രചോദനവുമായിരുന്നു.
പുഷ്പന്‍ വിടവാങ്ങി ഒരുവര്‍ഷം കഴിയുംമുമ്പ് സിപിഎമ്മിന്റെ രാഷ്ട്രീയവൈരാഗ്യം അലിഞ്ഞുതീരുകയാണ്. ഷേക്ക് ദര്‍വേഷ് സാഹിബ് വിരമിച്ച ഒഴിവില്‍ ഡിജിപിയായി റവാഡ ചന്ദ്രശേഖര്‍ ജൂണ്‍ 30-ന് ചാര്‍ജെടുത്തു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത മൂന്നുപേരില്‍ -നിധിന്‍ അഗര്‍വാളും യോഗേഷ് ഗുപ്തയുമായിരുന്നു മറ്റു രണ്ടുപേര്‍. പട്ടികയില്‍ ഒരാളായിരുന്ന ചന്ദ്രശേഖറിനെയാണ് ഇടതു സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ചന്ദ്രശേഖറിനെ കൂത്തുപറമ്പ് കേസിലും നിധിന്‍ അഗള്‍വാളിനെ പാര്‍ട്ടിനേതാവിനെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച കേസിലും സിപിഎം പ്രതിയാക്കിയതാണ്. ബാക്കിയുണ്ടായത് സിപിഎം നേതാക്കള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്കും എതിരെയുള്ള കേസിലടക്കം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ അനഭിമതനായിരുന്ന യോഗേഷ് ഗുപ്ത. അതോടെയാണ് പഴയ വൈരാഗ്യം മറന്ന് ചന്ദ്രശേഖറിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
കൂത്തുപറമ്പു വെടിവെപ്പുകാലത്ത് തലശ്ശേരിയില്‍ എഎസ്പിയായിരുന്ന അദ്ദേഹത്തിനെതിരെ കൊലപാതകവും വധശ്രമവുമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി ചന്ദ്രശേഖര്‍ പ്രവര്‍ത്തിച്ചെന്നായിരുന്നു സിപിഎം കുറ്റപ്പെടുത്തല്‍. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പത്മനാഭന്‍ നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ അദ്ദേഹമുണ്ടായിരുന്നു. പിന്നീട് സുപ്രീം കോടതി കേസ് റദ്ദാക്കി. വെടിവെപ്പിന്റെയും ലാത്തിച്ചാര്‍ജിന്റെയും ഉത്തരവാദിത്തം ചന്ദ്രശേഖറിന്റെ ചുമലില്‍ കെട്ടിവെക്കാന്‍ കാരണം കാണുന്നില്ലെന്നായിരുന്നു കമ്മിഷന്‍ നിഗമനം. എന്നിട്ടും പ്രതിയാക്കിയത് സിപിഎമ്മിന്റെ രാഷ്ട്രീയതീരുമാനമായിരുന്നു.
കൂത്തുപറമ്പ് വെടിവെപ്പ് കേസില്‍ ചന്ദ്രശേഖറെ കോടതി ഒഴിവാക്കിയതാണ്. സംഭവത്തിന്റെ രണ്ടുദിവസം മുമ്പുമാത്രം എഎസ്പി.യായി ചുമതലയേറ്റയാളാണ് അദ്ദേഹം എന്ന് വിശദീകരിക്കാന്‍ എം.വി. ഗോവിന്ദന്‍ നിര്‍ബന്ധിതമായതിനു പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ ചില കോണുകളില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങളുമുണ്ട്. തുടക്കത്തില്‍ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ചന്ദ്രശേഖറെ നിയമിച്ചതെന്നും സര്‍ക്കാര്‍ തീരുമാനത്തിന്റെ മെറിറ്റ് പരിശോധിക്കാന്‍ തനിക്ക് അധികാരമില്ലെന്നും അഭിപ്രായപ്പെട്ട പി. ജയരാജന്‍ പിന്നീട് തന്റെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് പറഞ്ഞു.
പാര്‍ട്ടിശത്രുക്കളും കുലംകുത്തികളും
പാര്‍ട്ടിവിരുദ്ധരെ പാര്‍ട്ടിശത്രുക്കളായി സിപിഎം കണ്ടിരുന്ന കാലം ഒരുപാട് മുമ്പല്ല. കുലംകുത്തികളെന്നും കുലംകുത്തികളായിരിക്കുമെന്ന് പിണറായി പറഞ്ഞിട്ടും കാലമേറെയായിട്ടില്ല. അതേ സമ്മേളനത്തില്‍ പങ്കെടുത്ത സി.പി. ജോണ്‍ പറഞ്ഞത് സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം പോലെ ഗോവിന്ദന്റെ തൃക്കരിപ്പൂര്‍ പ്രസംഗവും വിഖ്യാതമാവുമെന്നാണ്. 1935 മെയ് 13-ന് കോഴഞ്ചേരിയില്‍ സവര്‍ണഭരണം കാഴ്ചവെച്ച തിരുവിതാംകൂര്‍ ദിവാനെതിരെ ''സര്‍ സി.പി. എന്ന ജന്തുവിനെ നമുക്കാവശ്യമില്ല'' എന്ന് പ്രഖ്യാപിക്കുകയായിരുന്നു നിവര്‍ത്തന പ്രക്ഷോഭനേതാവ് സി. കേശവന്‍. പ്രസംഗം രാജ്യദ്രോഹപരമാണെന്നാരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഒരുവര്‍ഷത്തെ കഠിനതടവും 500 രൂപ പിഴയും ശിക്ഷിച്ചു. തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ തിരുവിതാംകൂറിലെ സാമുദായിക, രാഷ്ട്രീയ സ്ഥിതിഗതികളില്‍ വഴിത്തിരിവായി.
സ്വാശ്രയകോളജ് വിഷയത്തില്‍ സിപിഎം നേരത്തേ നിലപാട് മാറ്റിയിരുന്നു. കൂത്തുപറമ്പ് സംഭവത്തിന്റെ പ്രധാന കാരണക്കാരനെന്ന് സിപിഎം കുറ്റപ്പെടുത്തുന്ന എം.വി. രാഘവനെ, അദ്ദേഹത്തിന്റെ അവസാനകാലത്ത് പാര്‍ട്ടിയോട് ഇണക്കിനിര്‍ത്താന്‍ നേതാക്കള്‍ പരിശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ മകന്‍ എം.വി. നികേഷ് കുമാറിനെ ആദ്യം സ്ഥാനാര്‍ത്ഥിയും പിന്നീട് പാര്‍ട്ടിയംഗവും നേതാവുമാക്കി. ഈ മാറ്റം പല പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും അംഗീകരിക്കാനായില്ല, പ്രത്യേകിച്ച് കണ്ണൂരില്‍. പാര്‍ട്ടിയുടെ നിലപാടില്‍ അസ്വസ്ഥനാണെന്ന് പറഞ്ഞ് പുഷ്പന്റെ ജ്യേഷ്ഠസഹോദരന്‍ പി. ശശി 2020-ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഇടതു സര്‍ക്കാരിന് പ്രത്യയശാസ്ത്രപരമായ അടിത്തറയും ഭരണത്തിന്റെ അനിവാര്യതകളും തമ്മില്‍ പൊരുത്തപ്പെടുത്തേണ്ടതുണ്ട്. ചന്ദ്രശേഖറിന്റെ ക്ലീന്‍ പ്രതിച്ഛായയും മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിനുകളും സൈബര്‍ ക്രൈമിനെതിരായ നിലപാടും സര്‍ക്കാരിന്റെ കാര്യക്ഷമമായ ഭരണകൂടം എന്ന ലക്ഷ്യവുമായി ഒത്തുപോകുന്നതാണ്. അദ്ദേഹത്തെ നിയമിച്ചത് കഴിവു മാത്രം നോക്കിയാണ് എന്ന് സിപിഎമ്മിന് അണികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പുഷ്പന്റെ പാരമ്പര്യം പാവനമായി കരുതുന്ന ഒരു വിഭാഗത്തെ ബോധ്യപ്പെടുത്തുക എളുപ്പമാവില്ല. ഈ സമ്മര്‍ദ്ദത്തെ മറികടക്കാനുള്ള സിപിഎമ്മിന്റെ ശേഷി അതിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളെയും പ്രത്യയശാസ്ത്രവ്യക്തത നിലനിര്‍ത്താനുള്ള ശേഷിയെയും സ്വാധീനിക്കാതിരിക്കില്ല.
പത്മനാഭന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ചോദ്യം രാഷ്ട്രീയമായി ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുന്നു- 'കൂത്തുപറമ്പില്‍ എം.വി.രാഘവനും ഡിവൈഎഫ്ഐയും എന്ത് നേടി? എന്താണ് ബാക്കിപത്രം?.'
Content Highlights: koothuparambu firing Balancing Pragmatism and Ideology of cpm
Published: 02 Jul 2025, 08:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented