കണ്ണൂർ: പുതിയ സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ വരുമ്പോൾ കൂത്തുപറമ്പ് വെടിവെപ്പുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വിശദീകരിച്ച് വിയർത്ത് സിപിഎം നേതാക്കളും അണികളും. അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊല്ലപ്പെടുകയും പരിക്കേറ്റ ഒരാൾ മൂന്ന് പതിറ്റാണ്ട് കിടപ്പാകുകയും ചെയ്ത സമരം സിപിഎമ്മിന്റെ ചരിത്രത്തിലെ പൊള്ളുന്ന ഓർമയാണ്. അന്ന് അതിൽ പ്രതിചേർക്കപ്പെടുകയും കണ്ണിലെ കരടായി മാറുകയും ചെയ്തയാൾ വർഷങ്ങൾക്കിപ്പുറം പാർട്ടിയുടെ സർക്കാരിനുകീഴിൽ പോലീസ് മേധാവിയായി വരുന്നുവെന്നതിലെ ‘ചരിത്രപരമായ കൗതുക’മാണ് ചർച്ചകൾക്കിടയാക്കുന്നത്.

To advertise here,

കൂത്തുപറമ്പ് ടൗൺഹാളിനു മുന്നിൽ 1994 നവംബർ 25-ന് നടന്ന സ്വാശ്രയകോളേജ് വിരുദ്ധ സമരത്തിനിടെയാണ് വെടിവെപ്പുണ്ടായത്. കൂത്തുപറമ്പ് അർബൻ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ സഹകരണ മന്ത്രി എം.വി. രാഘവനെതിരേ പ്രതിഷേധിക്കാനെത്തിയ കെ.കെ. രാജീവൻ, കെ.വി. റോഷൻ, വണ്ണാന്റവിട മധുസൂദനൻ, ചാലക്കുറ്റിയിൽ ബാബു, കെ. ഷിബുലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്.

വെടിയേറ്റ് ശരീരം തളർന്ന പുതുക്കുടി പുഷ്പൻ മൂന്ന് പതിറ്റാണ്ട് വേദനകളോടു പോരാടി 2024 സെപ്റ്റംബർ 28-ന് മരിച്ചു. പുഷ്പനെ സാക്ഷിയാക്കി കൂത്തുപറമ്പ് സമരത്തിലുയർത്തിയ മുദ്രാവാക്യങ്ങളോരോന്നും പാർട്ടി മാറ്റിയെഴുതിയെന്ന വിമർശം നേരത്തേതന്നെ ഉയർന്നിരുന്നു. അതിലെ ഒടുവിലത്തെ കണ്ണിയായിരിക്കുകയാണ് ഡിജിപി നിയമനം.

കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വംനൽകിയ പോലീസ് ഉദ്യോഗസ്ഥരും മന്ത്രികുടുംബവും ഇന്ന് സിപിഎമ്മിന്റെ സ്വന്തമായെന്നാണ് മറ്റൊരു വിമർശം. ഡിജിപി നിയമനം പുഷ്പന് നൽകിയ മരണാനന്തര ബഹുമതിയായി കണ്ടാൽ മതിയെന്നും അതിൽ ഒരു ഡിവൈഎഫ്‌ഐക്കാരനും പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ലെന്നും വിമർശനമുണ്ട്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ‘അന്തർധാര’ വെളിപ്പെടുത്തിക്കൊണ്ട്, കേന്ദ്രം നിർദേശിച്ചു, സംസ്ഥാനം അംഗീകരിച്ചു എന്ന തരത്തിലും വിമർശനമുണ്ട്. ആർഎസ്എസ് നിർദേശിക്കുന്നയാളെ പോലീസ് മേധാവിയാക്കിയില്ലെങ്കിൽ പലരുടെയും വീടുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിരയെത്തുമെന്നും വിമർശനം ഉയർത്തുന്നവർ പറയുന്നു.