അധികാരം നിലനിർത്താൻ നടത്തുന്ന പിണറായി സർക്കാർ നടത്തുന്ന ഓരോ ഒത്തുതീർപ്പും ദ്രവിപ്പിക്കുന്നത് ധാർമ്മികതയുടെ അസ്തിവാരമാണ്. ഒരു പാരഡി ഗാനത്തെപോലും പേടിക്കുന്നുവെന്ന അവസ്ഥ ഒരു പാർട്ടിയുടെ ആന്തരിക ബോധ്യങ്ങൾ എത്രമാത്രം ദുർബ്ബലമായിത്തീർന്നിട്ടുണ്ടെന്നുള്ളതിന്റെ സാക്ഷ്യപത്രമാവുന്നു.

To advertise here,

1977 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനതാപാർട്ടി നേതാവ് ജോർജ് ഫെർണാണ്ടസ് മത്സരിച്ചത് ബിഹാറിലെ മുസഫർപുരിൽ നിന്നാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരിക്കൽ പോലും മണ്ഡലത്തിലേക്ക് വരാൻ ഫെർണാണ്ടസിനായില്ല. കാരണം അടിയന്തരാവസ്ഥ പിൻവലിച്ചിട്ടും ഇന്ദിരാ ഭരണകൂടം ഫെർണാണ്ടസിനെ ജയിലിൽ നിന്നും മോചിപ്പിച്ചിരുന്നില്ല. എന്നിട്ടും മുസഫർപുരിലെ ജനങ്ങൾ 3,34,217 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഫെർണാണ്ടസിനെ വിജയിപ്പിച്ചു. ബിഹാറിലെ 54 മണ്ഡലങ്ങളും അന്ന് ജനങ്ങൾ ജനതാപാർട്ടിക്ക് സമ്മാനിച്ചു. ഉത്തരപ്രദേശിലും സ്ഥിതി സമാനമായിരുന്നു. 85 ലോക്‌സഭാ മണ്ഡലങ്ങളിൽ ഒരിടത്തുപോലും ജയിക്കാൻ കോൺഗ്രസിനായില്ല.

റായ്ബറേലി എന്ന കോൺഗ്രസ് കോട്ടയിൽ ഇന്ദിരാഗാന്ധി സോഷ്യലിസ്റ്റ് നേതാവ് രാജ്‌നാരായനോട് 55,202 വോട്ടുകൾക്ക് തോറ്റു. 71 ൽ 1,11,810 വോട്ടിനാണ് ഇന്ദിര ഇവിടെ രാജ്‌നാരായനെ തോൽപിച്ചത്. റായ്ബറേലിയിൽ ചന്ദ്രശേഖറോ വാജ്‌പേയിയോ കളത്തിലിറങ്ങിയാൽ ഇന്ദിരയെ തകർക്കാനാവുമെന്നായിരുന്നു രാജ്‌നാരായൺ കരുതിയത്. ജയിൽ മോചിതനാവും മുമ്പ് ഈ ആവശ്യം ഉന്നയിച്ച് രാജ്‌നാരായൺ രണ്ടുപേർക്കും കത്തെഴുതിയിരുന്നു. എന്നാൽ അവർ രണ്ടുപേരും അതിന് തയ്യാറായില്ല. അങ്ങിനെയാണ് രാജ്‌നാരായൺ വീണ്ടും ഇന്ദിരയ്‌ക്കെതിരെ ഇറങ്ങിയത്. ഒടുവിൽ രാജ്‌നാരായണെപ്പോലും അത്ഭുതപ്പെടുത്തുന്ന വിജയമാണ് റായ്ബറേലിയിലെ വോട്ടർമാർ നൽകിയത്. ഉത്തരേന്ത്യയിൽ മൊത്തം ജനതാപാർട്ടിക്കനുകൂലമായി വൻതരംഗമായിരുന്നു. ഇന്ദിരയും സഞ്ജയ്ഗാന്ധിയുമടക്കം കോൺഗ്രസിന്റെ വൻ മരങ്ങൾ എല്ലാം തന്നെ ആ സുനാമിയിൽ കടപുഴകി വീണു. അധികാരം നൽകിയ സമസ്ത വിഭവങ്ങളും അന്ന് ഇന്ദിരയ്ക്കും കോൺഗ്രസിനുമൊപ്പമുണ്ടായിരുന്നു. പക്ഷേ, ജനങ്ങളുടെ ഇച്ഛാശക്തിക്ക് മുന്നിൽ അതെല്ലാം നിഷ്പ്രഭമായി.

ജനാധിപത്യത്തിൽ പരമാധികാരികൾ ജനങ്ങൾ തന്നെയാണ്. ജനത്തിന് മടുത്താൽ ഏത് വലിയ നേതാവിനേയും ഏത് വലിയ പാർട്ടിയേയും അവർ വലിച്ചെറിയും. 1977 ൽ ജനതാപാർട്ടിയുടെ ഏറ്റവും വലിയ നേതാവ് ജയപ്രകാശ് നാരായനായിരുന്നു. അദ്ദേഹത്തിനോ വാജ്‌പേയിക്കോ ചന്ദ്രശേഖറിനോ ആ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ എല്ലാ മണ്ഡലങ്ങളിലും എത്താനായിരുന്നില്ല. പക്ഷേ, ജനം ജനതാപാർട്ടിയെ ഏറ്റെടുത്തു. ദക്ഷിണേന്ത്യയിൽ ജനതാ തരംഗമുണ്ടായില്ലെങ്കിലും ഉത്തരേന്ത്യയിലെ വൻ കുതിപ്പിൽ ഇതാദ്യമായി ഇന്ദ്രപ്രസ്ഥത്തിൽ ഒരു കോൺഗ്രസ് ഇതര പാർട്ടി അധികാരത്തിൽ വരുന്നതിന് രാജ്യം സാക്ഷിയായി. അധികാരം നഷ്ടപ്പെട്ടപ്പോൾ ട്രമ്പിനെപ്പോലെ അലമ്പുണ്ടാക്കാൻ ഇന്ദിര നിന്നില്ല. കൈവിട്ട ജനങ്ങളെ കൈയ്യിലെടുക്കാൻ ഇന്ദിര ജനങ്ങളുടെ ഇടയിലേക്ക് പോയി. ജനാധിപത്യത്തിന്റെ സൗന്ദര്യമാണത്. ഇതേ ലാവണ്യ ശോഭയാണ് ഇക്കുറി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും ദൃശ്യമായതെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. കോൺഗ്രസ് നേതൃത്വത്തെപ്പോലും അത്ഭുതപ്പെടുത്തിയ ജനവിധിയാണുണ്ടായിരിക്കുന്നത്. പിണറായി വിജയൻ നയിക്കുന്ന ഇടത് മുന്നണി ഭരണകൂടത്തിനെതിരെയുള്ള വ്യക്തവും നിശിതവുമായ തീർപ്പാണ് ജനങ്ങൾ നടത്തിയത്. ജനങ്ങൾ സ്വയം പ്രതിപക്ഷമാവുന്ന അവസ്ഥ.
2010 ലെ ജനവിധി
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പൊതുവെ രാഷ്ട്രീയം മേൽക്കൈ നേടുക പതിവില്ല. പ്രാദേശിക വിഷയങ്ങളും സ്ഥാനാർത്ഥിയുടെ വ്യക്തി ബന്ധങ്ങളുമാണ് ഇവിടെ വിജയ പരാജയങ്ങൾ നിർണ്ണയിക്കുക. അടിത്തട്ടിൽ മികച്ച സംഘടനാ സംവിധാനമാണ് സിപിഎമ്മിനുള്ളതെന്നതിൽ കോൺഗ്രസ്സുകാർക്ക് പോലും തർക്കമുണ്ടാവില്ല. കുടുംബശ്രീ, സഹകരണ ബാങ്കുകൾ , ഹരിത കർമ്മ സേന എന്നിങ്ങനെ അതിഗംഭീരമായൊരു ആശയ വിനിമയ ശൃംഖല സിപിഎമ്മിനുണ്ട്. കേരളത്തിൽ ഏത് ഗ്രാമത്തിലും സിപിഎം വിചാരിച്ചാൽ ആളെക്കൂട്ടാനാവും. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറെ വർഷങ്ങളായി പഞ്ചായത്ത് , നഗരസഭ , കോർപറേഷൻ തിരഞ്ഞെടുപ്പുകൾ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി ആയിരുന്നില്ല. ഈ ആത്മവിശ്വാസത്തിന്റെ ചിറകിലേറിയായാണ് തിരഞ്ഞെടുപ്പിനെ സിപിഎം നേരിട്ടത്.
15 കൊല്ലം മുമ്പ് 2010 ൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. ലോട്ടറി മാഫിയയുടേത് അടക്കമുള്ള
അഴിമതികൾ തുറന്നുകാട്ടിയാണ് അന്ന് യുഡിഎഫ് പോരാടിയത്. സിപിഎമ്മിൽ വിഎസ്സും പിണറായിയും തമ്മിലുണ്ടായിരുന്ന വിഭാഗീയതയും യുഡിഎഫിനെ തുണച്ചു. കേരള കോൺഗ്രസ് മാണി , ജോസഫ് വിഭാഗങ്ങളുടെ ലയനവും യുഡിഎഫിന് ഗുണം ചെയ്തു. രണ്ട് രൂപയ്ക്ക് ഒരു കിലോ അരിയും ഇഎംഎസ് ഭവന പദ്ധതിയും ഇടത് മുന്നണിയെ സഹായിച്ചില്ല. 510 ഗ്രാമപഞ്ചായത്തുകളിലും 38 നഗരസഭകളിലും എട്ട് ജില്ലാ പഞ്ചായത്തുകളിലും വിജയം കൊയ്യാൻ അന്ന് യുഡിഎഫിനായി. തൃശ്ശൂർ, കൊച്ചി കോർപറേഷനുകൾ പിടിച്ചെടുക്കാൻ കഴിഞ്ഞതും യുഡിഎഫിന് നേട്ടമുണ്ടാക്കി. 90 നിയമസഭാ മണ്ഡലങ്ങളിലാണ് അന്ന് യുഡിഎഫിന് മുന്നേറാനായത്.
വിഎസ് ഇല്ലാത്ത സിപിഎം
ഈ പ്രകടനത്തിന് ഒപ്പമെത്തില്ലെങ്കിലും തിളക്കമാർന്ന വിജയമാണ് ഇത്തവണ യുഡിഎഫിനുണ്ടായിരിക്കുന്നത്. 504 ഗ്രാമ പഞ്ചായത്തുകളിലും 79 ബ്ലോക്ക് പഞ്ചായത്തുകളിലും 7 ജില്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ഭൂരിപക്ഷം നേടി. ആറ് കോർപറേഷനുകളിൽ നാലും പിടിക്കാനായത് യുഡിഎഫിന്റെ വിജയ ശോഭ വർദ്ധിപ്പിച്ചു. 54 നഗരസഭകളിലും ഇത്തവണ യുഡിഎഫാണ് ഭരിക്കുക. 78 നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫിനാണ് മേൽക്കൈ. ഇടത് മുന്നണിക്ക് 60 മണ്ഡലങ്ങളിലും ബിജെപിക്ക് രണ്ടിടത്തും മുന്നിലെത്താനായി.
പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ജനരോഷമാണ് തിരഞ്ഞെടുപ്പിൽ അലയടിച്ചത്. ആ അർത്ഥത്തിൽ യുഡിഎഫിന് അനുകൂലമായ വിധി എന്നതിനേക്കാൾ ഇടത് മുന്നണിക്കെതിരായ തീർപ്പ് എന്ന വിലയിരുത്തലാവും കൂടുതൽ ഉചിതം. ഭരണത്തിന്റെ ഒരു മേഖലയിലും കാമ്പുള്ള ഒരു നേട്ടവും എടുത്തുകാണിക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തരമായാലും വീണ ജോർജിന്റെ ചുമതലയുളള ആരോഗ്യ പരിപാലനമായാലും ആർ ബിന്ദുവിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസമായാലും പിടിപ്പുകേടിന്റെയും വീഴ്ചകളുടെയും റിപ്പോർട്ടുകളാണ് ജനങ്ങൾക്ക് മുന്നിലുണ്ടായിരുന്നത്. സാമ്പത്തിക മേഖലയിലാണെങ്കിൽ കടവും കടത്തിന്‌മേൽ കടവുമായി അത്യന്തം പരിതാപകരമായ നിലയാണ്. ഈ ഞെരുക്കങ്ങൾക്കിടയിലും മെഗാ മേളകൾക്കായി പണം ചെലവിടാൻ സർക്കാർ മടിച്ചതുമില്ല. പബ്‌ളിക് റിലേഷൻസ് കൊണ്ട് ജനത്തെ കൈയ്യിലെടുക്കാം എന്ന ചിന്തയാണ് സിപിഎമ്മിനെയും ഭരണകൂടത്തെയും നയിച്ചത്. സർക്കാർ സംവിധാനത്തിലെ വിഴ്ചകൾ ചൂണ്ടിക്കാട്ടുന്നവരെ ശത്രുക്കളായാണ് ഭരണകൂടവും പാർട്ടിയും കണ്ടത്.
2010 ലെ തിരിച്ചടിക്ക് ശേഷം 2011 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിഎസ്സിന്റെ നേതൃത്വത്തിൽ ഇടത് മുന്നണിക്ക് ശക്തമായി പോരാടാനായി എന്നത് മറക്കരുത്. ആറ് മാസങ്ങൾക്ക് മുമ്പ് നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ 90 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥനാത്തെത്തിയ യുഡിഎഫിന് നിയമസഭാ തിരഞ്ഞെടുപ്പിൽ 72 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആറ് മാസത്തിനുള്ളിൽ ഇങ്ങനെയൊരു മാറ്റമുണ്ടാക്കാൻ ഇടത് മുന്നണിക്കായത് വിഎസ് അച്ച്യുതാനന്ദന്റെ നേതൃത്വ മികവിലാണ്. ലോട്ടറി മാഫിയ അടക്കമുള്ള അഴിമതിക്കാർക്കെതിരെ കടുത്ത നിലപാടെടുത്ത വിഎസ് ആർ ബാലകൃഷ്ണപിള്ളയെ അഴിമിതിക്കേസിൽ ജയിലിലേക്കയക്കാൻ മുന്നിട്ടിറങ്ങി. കുഞ്ഞിലിക്കുട്ടിയുടെ എസ്‌ക്രീംപാർലർ കേസിലും വിഎസ് ശക്തമായ നിലപാടെടുത്തു. ധാർമ്മികതയുടെ വെള്ളിവെളിച്ചത്തിൽ നിന്നുകൊണ്ട് മുന്നണിയെ നയിക്കാൻ വിഎസ്സിനെപ്പോലൊരു നേതാവുണ്ടായിരുന്നു എന്നതാണ് ഇടത് മുന്നണിയെ ഭൂരിപക്ഷത്തിന്റെ അടുത്തെത്തിച്ചത്. ഇത്തവണ 58 മണ്ഡലങ്ങളിൽ ഇടത് മുന്നണിക്ക് മുൻതൂക്കമുണ്ട്. 140 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 71 സീറ്റാണ് വേണ്ടത്. 13 സീറ്റുകൾ കൂടി പിടിച്ചാൽ ഇടത് മുന്നണിക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഭരണത്തിലേറാം. പക്ഷേ, വിഎസ് നടത്തിയതുപോലൊരു പോരാട്ടത്തിന് ഇനിയിപ്പോൾ പിണറായിക്കും കൂട്ടർക്കും കഴിയുമോ എന്നത് എല്ലാ അർത്ഥത്തിലും ഒരു ചോദ്യം തന്നെയാണ്.
ധാർമ്മികതയുടെ അഭാവം
ഇന്നിപ്പോൾ ധാർമ്മികമായി ഉറച്ച നിലപാടെടുക്കാൻ കഴിയുന്ന ഒരു നേതാവിന്റെ അഭാവമാണ് ഇടത് മുന്നണിയെ ശരിക്കും അലട്ടുന്നത്. പിഎം ശ്രീയിലായാലും ഗവർണ്ണറുമായുള്ള സംഘർഷത്തിലായാലും സിപിഎമ്മിന് ഒത്തുതീർപ്പുകൾക്ക് വഴങ്ങേണ്ടി വരുന്നത് പിണറായി വിജയന്റെ ദൗർബ്ബല്യമായാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും മുഖ്യമന്ത്രി പിണറായി വിജയൻ ഡെൽഹിയിൽവെച്ചു് കണ്ടതിന് പിന്നാലെയാണ് പിഎം ശ്രീയിൽ കേരള സർക്കാർ ഒപ്പിട്ടതെന്ന യാഥാർത്ഥ്യം കേരളീയർക്ക് മുന്നിലുണ്ട്. വർഗ്ഗീയതയുടെ വിഷം വമിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശനെപ്പോലൊരു സമുദായ നേതാവിനെ തിരുത്താനല്ല മറിച്ച് കൂടെ നിർത്താനാണ് പിണറായി ശ്രമിച്ചത്. അതോടൊപ്പം തന്നെ മുസ്ലിംലീഗിനെയും ജമാ അത്തെ ഇസ്ലാമിയെയും കടന്നാക്രമിക്കുന്ന സമീപനവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. ആഗോള അയ്യപ്പ സംഗമത്തിലൂടെ ഭൂരിപക്ഷ സമുദായത്തെ കൈയ്യിലെടുക്കാനും കൊണ്ടുപിടിച്ച ശ്രമമുണ്ടായി. എൻഎസ്എസ്സും എസ്എൻഡിപിയും സിപിഎമ്മുമായി കൈകോർക്കുന്നത് ഇടത് പക്ഷത്തിന്റെ അന്തഃസത്ത എന്താണെന്നറിയുന്നവർക്ക് ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല. ജനത്തെ വെറുപ്പിച്ച കെ റെയിൽ പോലുള്ള പദ്ധതികൾക്കായി ഏതറ്റം വരെ പോകാനുള്ള പിണറായി സർക്കാരിന്റെ നീക്കങ്ങളും തിരിച്ചടിച്ചു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിസ്ഥാനത്തുള്ളവർ സിപിഎമ്മിൽ തുടരുമ്പോൾ രാഹുൽ മാങ്കൂട്ടത്തിനെ പുറത്താക്കാനുള്ള കോൺഗ്രസ് തീരുമാനം ജനത്തിന് കാണാതിരിക്കാനാവുമായിരുന്നില്ല.
തെറ്റെന്ന് ബോദ്ധ്യമുള്ള കാര്യം തെറ്റാണെന്ന് മുഖത്ത് നോക്കി പറയുന്ന ഭൂതകാലമുള്ള ഒരു പിണറായി ഉണ്ടായിരുന്നു. പാർട്ടിക്കുള്ളിലല്ലെങ്കിൽ ബക്കറ്റിലെ വെള്ളമാവും എന്ന് വിഎസ്സിനോടും മുടി ബോഡി വേസ്റ്റാണെന്നും കത്തിച്ചാൽ കത്തുമെന്ന് കാന്തപുരം എപി അബൂബക്കർ മുസലിയാരോടും പറയുന്നതിന് പിണറായിക്ക് വൈമുഖ്യമുണ്ടായിരുന്നില്ല. പക്ഷേ, വർഗ്ഗീയത പ്രസംഗിച്ച വെള്ളാപ്പള്ളിയെ തിരുത്തുന്നതിന് പകരം കൂടെച്ചേർത്ത് നിർത്തുന്ന പിണറായിയെയാണ് സമകാലിക കേരളം കണ്ടത്. പല കോണുകളിൽ നിന്ന് വിമർശമുയർന്നിട്ടും എഡിജിപി അജിത്കുമാറിനായി നിലയുറപ്പിക്കുന്ന പിണറായിയെയും കേരളം കണ്ടു. സിസ്റ്റത്തിൽ തകരാറുകളുണ്ടെന്ന് വിളിച്ചുപറഞ്ഞ ഡോക്ടർ ഹാരിസിനെപ്പോലുള്ളവർ നോട്ടപ്പുള്ളികളായി. കാരണഭൂതനും ചെങ്കനലെന്നുമൊക്കെയുള്ള പുകഴ്ത്തലുകളിൽ ആനന്ദതന്തുലിതനായി. ഒരാൾ ഒരു നേതാവ്, ഒരു പാർട്ടി ഒരു മുഖം എന്നീ പരികൽപനകൾ പ്രിയപ്പെട്ടതായി. ഈ അപചയത്തിനോടുള്ള പ്രതികരണം കൂടിയായിരുന്നു ജനത്തിന്റെ വിധിയെഴുത്ത്. ജനത്തിനെ ആവേശം കൊള്ളിക്കുന്ന, പ്രചോദിപ്പിക്കുന്ന ഒരൊറ്റ നേതാവിനെപ്പോലും ഉയർത്തിക്കാട്ടാൻ ഇടത് മുന്നണിക്കാവുന്നില്ലെന്നത് അത്യധികം പരിതാപകരമാണ്.
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ വിജയം ജനങ്ങൾ നൽകുന്ന ബ്ലാങ്ക് ചെക്കല്ലെന്ന് കോൺഗ്രസ് തിരിച്ചറിയേണ്ടതുണ്ട്.അധികാരത്തിന്റെ മണം അടിച്ചാൽ പരസ്പരം കുതികാൽവെട്ടുന്ന കലാപരിപാടി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായാൽ ജനം എപ്പോൾ കാലമാറിയെന്ന് മാത്രം നോക്കിയാൽ മതി. കെ സി വേണുഗോപാലിനും വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും ഇടയിലുണ്ടാവുന്ന അസ്വാസ്ഥ്യങ്ങൾ കപ്പിനും ചുണ്ടിനുമിടയിൽ നിന്ന് വിജയം തട്ടിമാറ്റിയാൽ അത്ഭുതപ്പെടേണ്ടതില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാക്കിയ ഒരു ഘടകം രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും സംയുക്ത നേതൃത്വമായിരുന്നു. ഒരു തിരഞ്ഞെടുപ്പിൽ ഒരു നേതാവാണ് എപ്പോഴും നല്ലത്. മുഖ്യമന്ത്രി ആരാവും എന്നത് ജനത്തെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ഘടകം തന്നെയാണ്. ഇക്കഴിഞ്ഞ അഞ്ച് കൊല്ലം ഒരു നേതാവെന്ന നിലയിൽ വി ഡി സതീശൻ കൈവരിച്ച പ്രതിച്ഛായ കോൺഗ്രസിന് മുതൽക്കൂട്ടാണെന്നതിൽ സംശയമില്ല. സമുദായ സംഘടനകൾക്ക് അച്ചാരം നൽകാതെയും അൻവറിനെപ്പോലുള്ളവരെ ഇരുത്തേണ്ടിടത്ത് ഇരുത്തിയും സതീശൻ നടത്തിയ നീക്കങ്ങൾ കേരളീയർ ആഹ്‌ളാദത്തോടെയാണ് കണ്ടത്. രാജസ്ഥാനിലും പഞ്ചാബിലുമൊക്കെ കളിച്ച കളി കേരളത്തിലും കളിക്കാൻ കോൺഗ്രസ് ഹൈക്കമാന്റ് ഒരുങ്ങിയാൽ കൂടുതൽ കളികൾക്ക് കോൺഗ്രസിന് ബാല്യമുണ്ടായെന്ന് വരില്ല.
ബിജെപിയുടെ സ്വപ്നവും യാഥാർത്ഥ്യവും
തിരുവനന്തപുരം കോർപറേഷൻ പിടിക്കാനായി എന്നതാണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യ നേട്ടം. കേരളത്തിന്റെ തലസ്ഥാന നഗരിയിൽ സ്വന്തം മേയറുണ്ടാവുന്നു എന്നത് ബിജെപിക്ക് നൽകുന്ന സന്തോഷം ചെറുതല്ല. പ്രധാനമന്ത്രി മോദിയെ വേദിയിലെത്തിച്ചുകൊണ്ടാവും തിരുവനന്തപുരത്ത് ബിജെപിയുടെ മേയർ അധികാരമൽേക്കുക എന്നാണ് സൂചന. അനന്തപുരിയിലെ വിജയം ഉയർത്തിപ്പിടിച്ച് കേരളത്തിൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ചില മാറ്റങ്ങളുണ്ടാക്കാനാവും എന്നായിരിക്കണം ബിജെപിയുടെ കണക്ക് കൂട്ടൽ. പക്ഷേ, തൃശ്ശൂരിലും പന്തളത്തും പാലക്കാടും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാവാതെ പോയത് ബിജെപിക്ക് കാണാതിരിക്കാനാവില്ല. ദക്ഷിണ കേരളത്തിൽ ബിജെപിക്ക് അധികാരമുണ്ടായിരുന്ന ഏക നഗരസഭയായിരുന്ന പന്തളം കൈവിട്ടുപോയത് വലിയ ക്ഷീണമായി. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാർഡിൽ മൂന്നാം സ്ഥാനമേ കിട്ടിയുള്ളു എന്നതും ബിജെപിയെ മുറിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ മുന്നിലെത്തിയ ബിജെപിക്ക് ഇക്കുറി രണ്ടിടത്തേ മേൽക്കെ നിലനിർത്താനായുള്ളു. വോട്ട് വിഹിതത്തിൽ നാല് ശതമാനത്തോളം ഇടിവുണ്ടായതും പാർട്ടി നേതൃത്വത്ത അലോസരപ്പെടുത്തുന്നുണ്ട്.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് വ്യക്തി പ്രഭാവമില്ല എന്നാരും പറയാനിടയില്ല. കേരളത്തിലെ മധ്യ വർഗ സമൂഹത്തിന് സ്വീകാര്യനാവാനുള്ള ഘടകങ്ങളൊക്കെ രാജീവിലുണ്ട്. പക്ഷേ, ജാതി മതഭേദമന്യേ ജനങ്ങളെ ബിജെപിയിലേക്കാകർഷിക്കുന്നതിൽ രാജീവ് ചന്ദ്രശേഖർ ഇനിയും പിന്നിലാണ്. ബിജെപിക്കുള്ളിൽ തമ്മിലടിച്ചു നിൽക്കുന്നവരെ ഒന്നിപ്പിക്കാൻ രാജീവിന് എത്രമാത്രമാവും എന്നതും കണ്ടറിയണം. ഒരുപക്ഷേ, ശശി തരൂരിനെപ്പോലൊരു നേതാവിനെ ബിജെപി ഇപ്പോൾ ശരിക്കും ആഗ്രഹിക്കുന്നുണ്ടാവും. പക്ഷേ, നെഹ്രുവിയൻ ധാര പിന്തുടരുന്നയാൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന തരൂരിനെ സ്വന്തമാക്കുക ബിജെപിക്ക് എളുപ്പമല്ല. തരൂർ ഇത്രയും കാലം എഴുതിയതും പ്രസംഗിച്ചതും സംഘപരിവാരത്തിന് നേരെ എതിരായി നിൽക്കുന്ന ചിന്താപദ്ധതിയുടെ വെളിച്ചത്തിലായിരുന്നു. അതെല്ലാം ഉപേക്ഷിക്കുക എന്ന് പറഞ്ഞാൽ സ്വന്തം സ്വത്വം സ്വയം തള്ളിപ്പറയുക എന്നാണർത്ഥം. നാല് തവണ തിരുവനന്തപുരത്ത് തരൂർ മുഖ്യമായും തോൽപിച്ചത് ബിജെപിയെ ആണെന്നതും മറക്കാനാവില്ല.
ബിജെപിയിലേക്ക് വരണമെന്നുണ്ടായിരുന്നെങ്കിൽ തരൂരിന് അത് നേരത്തെ ആവാമായിരുന്നു. തരൂരിനെപ്പോലെ സ്വതന്ത്ര ചിന്താഗതിയുള്ള ഒരാളെ സംഘപരിവാറിന് ഉൾക്കൊള്ളാനാവുമോ എന്നതും ചോദ്യമാണ്. രാഷ്ട്രീയത്തിലേക്കിറങ്ങാൻ തീരുമാനിച്ചപ്പോൾ സിപിഎമ്മും ബിജെപിയും കോൺഗ്രസും സമീപിച്ചെന്നും തന്റെ കാഴ്ചപ്പാടുകളോട് അടുത്ത് നിൽക്കുന്നത് കോൺഗ്രസ്സാണെന്നതിനാലാണ് ആ പാർട്ടിയെ സ്വീകരിച്ചതെന്നും തരൂർ പറഞ്ഞിട്ടുണ്ട്. താൻ കമ്മ്യൂണിസ്‌റ്റോ വർഗ്ഗീയ വാദിയോ അല്ലെന്നുള്ള പ്രഖ്യാപനവും തരൂരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. അടുത്തിടെയായി പ്രധാനമന്ത്രി മോദിയെ പുകഴ്ത്തുന്ന തരൂർ എന്ത് സന്ദേശമാണ് നൽകുന്നതെന്ന ചോദ്യം തീർച്ചയായും ഈ ഘട്ടത്തിൽ ഉയരും. കോൺഗ്രസ് നേതൃത്വവുമായി തരൂരിനുള്ള അകൽച്ച പ്രവർത്തകരിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് ഇത്തരം പ്രസ്താവനകളാണ്. നിലനിൽപിനായുള്ള പോരാട്ടത്തിൽ ആരുമായാണ് അനുരഞ്ജനങ്ങൾ വേണ്ടതെന്ന് തരൂർ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. സവർക്കറുടെ പേരിലുള്ള അവാർഡ് നിരസിച്ചതും ഗാന്ധിജിയുടെ പേര് തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ കർശന നിലപാടെടുത്തതും സൂചനകളാണെങ്കിൽ കാവിക്കൂടാരത്തിലേക്കുള്ള യാത്ര തരൂർ തള്ളിക്കളയുന്നുവെന്നാണർത്ഥം.
സുരേഷ് ഗോപിയെ തൃശ്ശൂരുകാർ കൈവിടുന്നതും ഈ തിരഞ്ഞെടുപ്പിൽ ദൃശ്യമായി. കലുങ്കിലിരിക്കുന്ന തമ്പ്രാനെ തങ്ങൾക്കാവശ്യമില്ല എന്ന് തന്നെയാണ് തൃശ്ശൂരുകാർ വ്യക്തമാക്കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളാഗ്രഹിക്കുന്ന നേട്ടമുണ്ടാക്കണമെങ്കിൽ ബിജെപി ഇനിയും ഏറെ അദ്ധ്വാനിക്കേണ്ടതായുണ്ട് എന്ന് ചുരുക്കം.
വഴിയിൽ കേട്ടത് : തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഗാന്ധിജിയെ ഒഴിവാക്കി മോദി സർക്കാർ. കിട്ടേണ്ടത് കിട്ടിയാൽ ആരെ വേണമെങ്കിലും ഒഴിവാക്കിത്തരാമെന്ന് നീതിഷ് കുമാറും ചന്ദ്രബാബു നായിഡുവും!