തവൈ തൊറടാ മെയ്യഴകാ... അരവിന്ദ് സ്വാമിയുടെ ഒറ്റ ഡയലോഗില്‍  മലര്‍ക്കെ തുറന്നത് മനസിന്റെ  വാതിലാണ്. പുതിയ സിനിമ കണ്ടുതീര്‍ന്നു. നൊസ്റ്റു അടിച്ചാല്‍ എല്ലാവരുമൊന്ന് കഴിഞ്ഞ കാലത്തിലേക്ക് സൈക്കിള്‍ചവിട്ടി പോകുമല്ലോ... ഇപ്പോള്‍ വയസ് 40 ആയാലും വെറുതേ കണ്ണടച്ചു കിടന്നപ്പോള്‍ വെങ്കിയാണ് വിളിച്ചത്. ഡേയ് വരേ... നീ വരിയാ... കൊടിയേറ പോകുതഡാ... ഒറ്റ ഓട്ടമാണ് കുണ്ടമ്പലത്തിലേക്ക്. പ്രാര്‍ഥനകളുടെ മണമുള്ള മുറ്റത്ത്, മന്ത്രങ്ങളും കേട്ട് മുകളിലേക്ക് നോക്കിയാല്‍ കൊടിയിങ്ങനെ മാനംമുട്ടേ പോയി പറന്നുകളിക്കുന്നുവെന്ന് തോന്നും. കുറേ ദിവസങ്ങളുടെ സന്തോഷത്തിന്റെ കൊടിയേറ്റവും അതേ മുഹൂര്‍ത്തത്തില്‍ നടക്കും.

To advertise here,

''വരേ... അമ്മാ... തേടുതടാ...'' വയസ് എട്ടാനാലും അമ്മാവ്ക്ക് എന്നെ പാക്കാമല്‍ കൊഞ്ചം നേരമിരുന്താല്‍ സുമ്മാ ടെന്‍ഷനാകും. ഒരു തേരുകാലത്ത് വാസ്തുശാന്തി സമയത്താണ് അമ്മാവ്ക്ക് വയറുവേദന വന്നത്. തേരിനു കൊടിയേറിയ സമയത്താണ് അമ്മ എന്നെ പ്രസവിച്ചത്. എന്‍ സാമി കൊഴന്തയഡാ നീ... ഭഗവാന്‍ തന്നതായതു കൊണ്ട് 'വരപ്രസാദം' എന്ന പേരും അമ്മ തന്നെയിട്ടതാണ്. ഓര്‍മകള്‍ക്ക് ഒരു കഴിവുണ്ട്. ഓര്‍ത്തെടുക്കുന്ന സ്ഥലം, മനുഷ്യര്‍, ഭക്ഷണം...എന്താണെങ്കിലും അന്നത്തെ മണവും കൂടെയിങ്ങുവരും. ഇപ്പോ അമ്മാവോട ചേലയോട് മണം, ആത്തിലെ സാമ്പ്രാണി മണം...

placeholder
കൽപാത്തി രഥോത്സവത്തിലെ കാഴ്ച. ഫോട്ടോ: ഉള്ള്യേരിക്കാരൻ

ഉപനയനം കഴിഞ്ഞാല്‍ കുറച്ചൊക്കെ സ്ഥാനക്കയറ്റം കിട്ടും കല്പാത്തിയിലെ ആണ്‍കുട്ടികള്‍ക്ക്. തേരുക്കാലത്ത് ഭഗവാന് പട്ടുകുട പിടിക്കാനും പല്ലക്കൊതുക്കാനുമൊക്കെ അനുവാദമുണ്ടാകും. ഡേയ് പാത്ത് ചെയ്യവേണ്ടാമാ... എന്ന ശാസന ഇടയ്ക്കിടെ കേള്‍ക്കാമെങ്കിലും തേരുനടത്തിപ്പിന്റെ ഗമയില്‍ വെങ്കിയും ഞാനുമൊക്കെ എത്ര നടന്നിട്ടുണ്ട്. എട്ടില്‍ പഠിക്കുമ്പോള്‍ രണ്ടുദിവസം സ്‌കൂളില്‍ പോയില്ല. അഞ്ചാം തിരുനാളിന് അമ്പലത്തിലേക്ക് നടക്കുമ്പോഴാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഭാസകരന്‍ സാര്‍ നീട്ടിവിളിച്ചത്. വെങ്കിടേശ്വരന്‍... വരപ്രസാദം... അന്ന് സാറിനെ വീട്ടില്‍ കൊണ്ടുപോയി. കാപ്പികുടിച്ച് ഇറങ്ങാന്‍ നേരം വീട്ടുവാസലില്‍ അമ്മാപോട്ട കോലം സാര്‍ കുറേ നോക്കിനിന്നു. ആ കോലം കാരണം സ്‌കൂളില്‍ വരാത്തതിന് ശകാരം കേട്ടില്ലെന്ന് പറഞ്ഞ് എത്ര ചിരിച്ചതാണ്.

അരിപ്പൊടിക്കോലമിടുമ്പോള്‍ അമ്മ പറയും, ഇതെല്ലാം എറുമ്പുക്ക് ബ്രേക്ക് ഫാസ്റ്റ്. ഉന്നക്ക് എന്ന വേണം കണ്ണാ.... അമ്മാവോട് പൊങ്കല്‍, സാമ്പാര്‍, മെതുവടൈ, ചട്ണി, സേവ, അടയും വെണ്ണയും, കാരകൊഴമ്പ്, രസം, തൈരുസാദം, പുളിയോദരൈ... അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി അത് ഓര്‍ത്തപ്പോള്‍ തന്നെ വയറുനിറഞ്ഞു. തേരുകാലത്തെ വൈകുന്നേരങ്ങളില്‍ അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ പറ്റാത്തത്രയും വയറ് നിറയും. കോവില്‍ പ്രസാദം, പല്ലക്കു പ്രദക്ഷിണത്തിനിടെ ഭഗവാനുക്കു ആരതി കഴിഞ്ഞാല്‍ പലരും പലഹാരങ്ങള്‍ തരും. മണ്ഡലപടിക്കായി സ്വാമിയിറങ്ങുന്ന വീട്ടുകാരുടെ സേവയുണ്ടാകും....

placeholder
കൽപാത്തിയിലെ രഥോത്സവക്കാഴ്ച. ഫോട്ടോ: സനൂപ് കിനാശ്ശേരി

വിക്ടോറിയിലെ പ്രീഡിഗ്രിക്കാലത്താണ് കൂട്ടുകാര്‍ തേരുകാണാന്‍ വന്നത്. അന്ന് അമ്മാവ്ക്ക് 'തൊടകൂടാത്ത' ദിവസമായിരുന്നു. ലക്ഷ്മി ടീ സ്റ്റാളിലെ സേവയും മൂത്താന്റെ കടയിലെ സര്‍ബത്തും. അതാണ് അന്നു വാങ്ങിക്കൊടുത്തത്. ആത്തുപക്കത്തിലെ ബോംബൈമാമ തന്ന തേരുക്കാശുള്ളതുകൊണ്ടാണ് ആ ഗമ കാണിച്ചത്. തേരിന് കുട്ടികള്‍ക്ക് പ്രിയപ്പെട്ടവര്‍ തരുന്ന പണമാണ് തേരുക്കാശ്. അതുകൊണ്ട് പതിവായി വാങ്ങുന്നത് തേരുസ്പെഷല്‍ തിരിമിഠായിയും തേരുമിഠായിയും ഡല്‍ഹിപപ്പടവുമാണ്. ആദ്യമായി ഇതൊന്നും വാങ്ങാതെ കുറച്ച് കടുംനീല കുപ്പിവളകള്‍ വാങ്ങിയത് അവള്‍ക്കുവേണ്ടിയായിരുന്നു. വരലക്ഷ്മി - കോവില്‍പക്കത്തിലെ വാധ്യാര്‍മാമവോട മകള്‍. കോവിലില്‍ വച്ച് പാപോം, കണ്ണാലേ പേസുവോം... ഇഷ്ടമാണെന്ന് രണ്ടാള്‍ക്കും അറിയാമായിരുന്നു. അന്ന് അവള്‍ കോവില്‍പ്പടി കയറിവരുമ്പോ, ധൈര്യത്തോടെ പറഞ്ഞു: 'അന്ത കടയിലെ വാ... വളവാങ്കി താരേന്‍...' അവള്‍ വരുമോയെന്ന് ഉറപ്പില്ലാത്തതുകൊണ്ട് കാത്തുനിന്നു. പക്ഷ, ലക്ഷ്മി വന്നു,  നീലവള തൊട്ടു. വളക്കാരിക്ക് പൈസ കൊടുത്തു. അവര്‍ വളയിട്ടുകൊടുക്കുന്ന കിലുക്കവും അവളുടെ ചിരിയും ആടുന്ന ജിമ്മിക്കിക്കമ്മലും.... ജീവിതത്തില്‍ കണ്ട ഏറ്റവും നല്ല പ്രണയഫ്രെയിം അതുതന്നെയാണ്. മണിരത്നത്തിന് പോലും പിന്നെ കണ്ട സിനിമകളില്‍ അത് അനുഭവിപ്പിക്കാനായിട്ടില്ല. വരപ്രസാദം, വരലക്ഷ്മി... പേരുകളിലെ ഒരുമ കൊണ്ട് മനസില്‍ ഒരുമിച്ച് ജീവിതം തുടങ്ങി. പക്ഷേ, എന്‍ജിനീയറിങ് കോളേജില്‍ നിന്ന് തിരിച്ചെത്തിയ ഒരു ദിവസം അതെല്ലാം ചിതറിപ്പോയി. വീട്ടില്‍ അവളുടെ അച്ഛനും അമ്മയും. അവളുടെ അമ്മ കുങ്കുമച്ചെപ്പ് നീട്ടി. എന്നോട അമ്മ കുങ്കുമം തൊട്ട് പറഞ്ഞു: 'കണ്ടിപ്പാ വന്നിടുവേന്‍. മാപ്പിളയെഴുപ്പ് സായങ്കാലം ഏളുമണിക്ക് താനേ... നാങ്കെ എല്ലാരും അങ്കെയിരിപ്പാള്‍. പൊണ്ണെ നല്ലയൊരാള്‍ക്ക് കൊടുക്കറ വരയ്ക്കും പെറ്റവാളുക്ക് ടെന്‍ഷന്‍ താനേ...' അവളുടെ അപ്പാ പറഞ്ഞു: ചെന്നൈയില്‍ തുണിക്കച്ചവടം നടത്തുന്നയാളാണത്രേ കല്യാണം കഴിക്കാന്‍ പോവുന്നത്. അന്ന് കരഞ്ഞത് കല്പാത്തിപ്പുഴയും വെങ്കിയും തലയിണയും മാത്രമേ അറിഞ്ഞുള്ളൂ.

കൂടുതൽ പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാൻ വാട്​സാപ്പ് ഗ്രൂപ്പിൽ ചേരുക.

കല്പാത്തിയില്‍ നിന്ന് മാറിനിന്നത് ബെംഗളൂരുവില്‍ ജോലി കിട്ടിയപ്പോഴാണ്. എന്നിട്ടും കൊടിയേറ്റത്തിന് വന്നു. പിന്നെ പോയി വീണ്ടും ഒന്നാംതേരിന് രാവിലെയെത്തി. പെരുമാള്‍ തേരിലേറുമ്പോത് കല്പാത്തിക്കാരന് എന്തെയാവത് ഇരുന്താ നിമ്മതി കിടക്കുമാ... പിന്നെ കുറേക്കാലം ദുബായില്‍. അപ്പോഴാണ് സീതാലക്ഷ്മിയോട കല്യാണാലോചന വന്നത്. ''നല്ല പൊരുത്തം ഇര്ക്ക്..''അപ്പായ്ക്കും അമ്മയ്ക്കും സന്തോഷം. തന്നോട് ചോദിച്ചതുമില്ല. നൂറണിയിലെ അഗ്രഹാരത്തിലാണ് സീതയുടെ വീട്. തേരുക്ക് മുന്നേ കല്യാണം വേണം. അങ്ങനെ 2014 ഒക്ടോബര്‍ 27-ന് കല്യാണം. സീതയെക്കൂട്ടി കല്പാത്തിയിലൂടെ നടന്നു. അവള്‍ കുപ്പിവള വാങ്ങിത്തരാൻ പറഞ്ഞു. സീത ചുവപ്പെടുത്തു. ഞാന്‍ കടുംനീലയും... പഴയ നീലവളയിട്ട കൈകള്‍ ഒന്നുകൂടി കാണാന്‍ തോന്നി. അവളെയും കുഞ്ഞിനെയും പിന്നെ തേരുകാലങ്ങളില്‍ കണ്ടെങ്കിലും പോയിമിണ്ടാന്‍ തോന്നിയിട്ടില്ല. ഒരു നനഞ്ഞ ചിരി, തിരിഞ്ഞുനോട്ടം... അത് തീര്‍ന്നു. ബെംഗളൂരുവില്‍ വീണ്ടുമെത്തി. അടുത്ത കൊല്ലം സീതയുടെ വളക്കാപ്പ് തേരുകാലത്തായിരുന്നു... പേത്തിയാനാലും പേരാനാനാലും എന്നോട് തങ്കം ഡാ...അമ്മ പറഞ്ഞുകൊണ്ടേയിരുന്നു. മകന്‍ വരുംമുന്‍പ് അമ്മ പോയി. അമ്പലം തുറക്കറ്ത് മുന്നേ എടുക്കലാം... ഭഗവാനെ പ്രാര്‍ഥിച്ച് അമ്മയെ യാത്രയാക്കി.

placeholder
കൽപാത്തിയിലെ തെരുക്കട. ഫോട്ടോ: ഇ.എസ്. അഖിൽ

ബെംഗളൂരുവിലേക്ക് മടങ്ങുമ്പോ അപ്പ ചോദിച്ചു. വരേ... നാന്‍ കൂടി വരട്ടുമാ... അമ്മാ ഇല്ലാമേ എനക്ക് ഇങ്കെ മുടിയാതടാ... അന്ന്  അപ്പാവേ കെട്ടിപ്പിടിച്ച് കരഞ്ഞു. പിന്നെ ബെംഗളൂരുവായി ജീവിതം. സീതയുടെ അപ്പാവ്ക്ക് ഹാര്‍ട്ട് പ്രോബ്ലം വന്നു. അവരും ബെംഗളൂരുവിലെത്തി. നാട്ടിലേക്ക് വരേണ്ട ഒന്നും ഇല്ലാതായി. വാട്സാപ്പ് ഗ്രൂപ്പിലെ ലിങ്കുകളില്‍ കല്പാത്തി വിശേഷം വന്നു. തേരുകാഴ്ചകള്‍ യൂട്യൂബില്‍ കണ്ടു. തേരും തിരക്കും ബെംഗളൂരുവിലെ വീട്ടില്‍ ശ്വാസംമുട്ടിച്ചു. പിന്നെ കോവിഡ് കാലത്ത് വെറുതേ വീട്ടിലിരുന്ന നേരത്ത് മോന് കല്പാത്തിക്കഥകള്‍ പറഞ്ഞുകൊടുത്തു. ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയാക്കി ഗ്രാമദേവതകള്‍ തേരുമുട്ടിയില്‍ സംഗമിക്കുന്നതും ഞെട്ടിമാലയും പഴങ്ങളും പൂക്കളും കൊണ്ടൊരുക്കിയ തേരിലിരുന്ന് ചുവന്നനിറമുള്ള സൂര്യനെ കണ്ടതും ഭഗവാന്റെ സ്വര്‍ണനിറമുള്ള പാദത്തില്‍ തൊട്ടതുമെല്ലാം വീണ്ടും അനുഭവിച്ചു.
 
പിന്നെയും തേരുകാറ്റ് വന്നു, തേരുകാലം വന്നു. പക്ഷേ, ആ പഴയ 'വര'യ്ക്ക് കല്പാത്തിയിലേക്ക് വരാന്‍ തോന്നിയില്ല. ഇക്കുറി പെരിയപ്പാവോടെ പേരനക്ക് ഉപനയനം. തേരുകഴിഞ്ഞ് രണ്ടാം നാളാണ്. അപ്പാവ്ക്ക് പോകണമെന്നുണ്ട്. വരേ... പോകലാമാ... ഒന്നും പറയാതെ വരപ്രസാദം കട്ടിലില്‍ കിടന്നു. മെയ്യഴകന്‍ എന്ന പുതിയ സിനിമയുടെ സംവിധായകന്‍ പ്രേംകുമാര്‍ തന്റെ കഥ സംവിധാനം ചെയ്താല്‍ ഈ സീനില്‍ താന്‍ കല്പാത്തിയില്‍ പോകുമായിരുന്നോ അതോ വേണ്ടെന്നു വച്ചേനെയോ..... ഉത്തരമില്ലാത്ത ആലോചന നീണ്ടു... മനസില്‍ കല്പാത്തി മാത്രം കര്‍പ്പൂരം പോലെ തെളിഞ്ഞു.