
ദൈവത്തിന്റെ സ്വന്തം നാട് കെങ്കേമം എന്നാണ് കരുതിയിരുന്നത്. എന്നാല്‍ അത് അങ്ങനെ അല്ല. ജസ്റ്റിസ് ഹേമ പറയുന്നത് പോലെ ആകാശം ദുരൂഹതകളുടേതാണ്. ശാസ്ത്രീയമായി തന്നെ ചന്ദ്രന് ചന്തമില്ല. താരങ്ങള്‍ക്ക് തിളക്കവും.
അല്ലെങ്കില്‍ നോക്കൂ. ഇത്ര നാളും നാം ചര്‍ച്ച ചെയ്യുന്ന ഹേമാ കമ്മീഷന്റെ അവസ്ഥ. സ്വന്തമായി ഒരു സ്‌റ്റെനോഗ്രാഫറെ വയ്ക്കാന്‍ വരെ പേടിച്ചു. മറ്റൊരു ജഡ്ജിക്കും വന്നിട്ടില്ലാത്ത അവസ്ഥ. കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ നിരന്തരം തടസ്സം. മുന്‍ നിയമമന്ത്രി തന്നെ ഇത് സമ്മതിക്കുന്നു. എന്നിട്ടും റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് നല്‍കി. ഒപ്പം ഇരകളുടേയും വേട്ടക്കാരുടേയും സ്വകാര്യത സംരക്ഷിച്ച് നടപടിയെടുക്കണമെന്ന കത്തും അയച്ചു. കമ്മീഷന്റെ ഐഡന്റിറ്റി കൂടി മേലില്‍ വെളിപ്പെടുത്താതിരിക്കാന്‍ നടപടി വരുമോ?
അതവിടെ നില്‍ക്കട്ടെ. നാലേമുക്കാല്‍ കൊല്ലമാണ് അടയിരുന്നത്. അവസാനം റിപ്പോര്‍ട്ട് വിരിഞ്ഞു. കിളിക്കുഞ്ഞ് പറക്കില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്. ചന്തമുള്ള തൂവലുകള്‍ ആദ്യം വെട്ടിക്കളഞ്ഞു. പിന്നെപ്പിന്നെ എല്ലാ തൂവലിനും ഭംഗിയുണ്ടെന്ന് തോന്നി. അങ്ങനെ ഒരു മാതിരിപ്പെട്ട പ്രശ്‌നബാധിത പേജുകളിലും ഖണ്ഡികകളിലും കര്‍ഫ്യൂ. കരിങ്കൊടി എവിടേയും ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തി
റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് തടയാന്‍ അവസാനം വരെ കഠിനശ്രമം. സര്‍വമേഖലകളില്‍ നിന്നും ആഞ്ഞുപിടിച്ചു. എന്നിട്ടും അവസാനം അതു സംഭവിച്ചു. ഉരുള്‍പൊട്ടലും ഭൂകമ്പവും പോലെ. ഇഷ്ടമില്ലെങ്കിലും തടയനാവാത്തപോലെ. സുകൃതമൊടുങ്ങിയാല്‍ കഷ്ടകാലം നിശ്ചയം എന്ന ചൊല്ലുപോലെ.
റിപ്പോര്‍ട്ടില്‍ പറയുന്നത് ഇതിനകം പൊതുസമക്ഷം വന്നതിനാല്‍ വിവരിക്കുന്നില്ല. നല്ല കാര്യമല്ല എന്നതു തന്നെ രത്‌നച്ചുരുക്കം.
എന്നിട്ടോ? എപ്പോഴും വരുന്ന ചോദ്യം അത് തന്നെ. നാലരക്കൊല്ലം മുമ്പേ സര്‍ക്കാരിന് മുന്നില്‍ വന്ന റിപ്പോര്‍ട്ടാണിത്. ഇപ്പോള്‍ ഞെട്ടല്‍ സര്‍ക്കാര്‍ അന്ന് ഞെട്ടിയില്ല. എന്നിട്ടാണിപ്പോള്‍ കോണ്‍ക്ലേവ്. അതിലേക്ക് വരാം. അതിനും മുമ്പേ റിപ്പോര്‍ട്ടിലെ ചില കാര്യങ്ങള്‍ നോക്കൂ. പോക്‌സോ കേസു വരെ എടുക്കാവുന്ന വകുപ്പുണ്ടെന്ന് ഇപ്പോള്‍ പറയുന്നു. എങ്കില്‍ നിലവിലെ നിയമപ്രകാരം ജസ്റ്റിസ് ഹേമ തൊട്ട് സര്‍ക്കാരിനെതിരേ വരെ കേസു വരേണ്ടേ?
സുപ്രീം കോടതി നിര്‍ദേശമുള്ളതിനാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന് നടപടിയെടുക്കാന്‍ പറ്റില്ല. നിസ്സഹായത അംഗീകരിക്കാം. എന്നാല്‍ അന്നേ പ്രഖ്യാപിക്കാമായിരുന്നില്ലേ ഒരു പ്രത്യേകാന്വേഷണ സംഘം. അല്ലെങ്കില്‍ റിപ്പോര്‍ട്ട് സി.ബി.ഐക്ക് വിടാമായിരുന്നില്ലേ? സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലേതു പോലെ. ഇത്രയും ഗൗരവമുള്ള വിഷയങ്ങളില്‍ എന്തേ മൗനം വന്നു?
ഗ്ലാമര്‍ മാറ്റി വച്ചാല്‍ ചലച്ചിത്രവും ഒരസംഘടിത തൊഴില്‍ മേഖല. എവിടെ എന്നതിനേയും എപ്പോള്‍ എന്നതിനേയും റദ്ദാക്കുന്ന വിധത്തിലുള്ള അതിവിലോല തൊഴിലിടം. തൊഴിലിടപീഡനത്തിന്റെ പരിധി മറികടക്കാന്‍ വേട്ടക്കാര്‍ക്ക് കഴിയുന്ന സ്ഥലമാണത്. അവിടെയാണ് പുതിയ ട്രൈബ്യൂണല്‍ എന്ന നിര്‍ദേശം പരിഗണിക്കുന്നത്. സിവില്‍ നിയമങ്ങളുള്ള ട്രൈബ്യൂണലിനാവുമോ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍? നിയമരംഗത്ത് തന്നെ സംശയമുണ്ട്.
തുല്യവേതനവും മറ്റ് സര്‍ഗ്ഗാത്മക മേഖലകളിലെപ്പോലെ സിനിമയിലും സാധ്യമല്ല. കഴിവും വിപണിവിലയുമാണ് താരം. എം.ടി. വാസുദേവന്‍നായര്‍ക്ക് എല്ലാ കാലത്തും എല്ലാവര്‍ക്കും തുല്യപ്രാധാന്യമുള്ള തിരക്കഥകള്‍ തയ്യാറാക്കാനാവില്ല. റീടേക്കുകളില്‍ സംവിധായകന്റെ തൃപ്തി തന്നെയാണ് പ്രധാനം. പ്രൊഫഷണലുകള്‍ ആവുക എന്നതു മാത്രമേ കരണീയമായുള്ളൂ. മാന്യമായ പാര്‍പ്പിടത്തിന്റെ കാര്യത്തിലും പ്രതിജനഭിന്നമാവും സ്ഥിതി.
ഇനി സകല രോഗങ്ങള്‍ക്കും മരുന്നായി കാളന്‍ നെല്ലായി എന്ന പഴയ പരസ്യം പോലെയാണോ കോണ്‍ക്ലേവ്? എളുപ്പമാവില്ല. കാരണം സിനിമയില്‍ ഒന്നും ഒന്നും രണ്ടല്ല. എല്ലാ നക്ഷത്രത്തിനും ഒരേ തിളക്കവുമല്ല. സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങി നിയമം നിര്‍മ്മിക്കുന്ന നാട്ടില്‍ പ്രത്യേകിച്ചും. അധികാരസ്ഥാപനങ്ങളുമായി നടീനടന്മാര്‍ക്കുള്ള ബന്ധം ഇരകളെ കൂടുതല്‍ നിസ്സഹായരാക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ തിളങ്ങുന്ന തൊഴിലിലും പഞ്ചാരയെന്ന് കരുതുന്നത് ഉപ്പാവുമെന്ന് ഹേമ പറയുമ്പോള്‍ മറ്റു മേഖലകള്‍ വ്യത്യസ്മാണോ/? ഡോക്ടര്‍മാരും അഭിഭാഷകരും തൊട്ട് ഗൈഡുകളില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് പറയുന്ന ഗവേഷണ വിദ്യാര്‍ത്ഥിനികളെ വരെ നമ്മള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടിട്ടുണ്ട് . സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ സഹിക്കുന്ന പാവം അണികള്‍ എത്രവേഗമാണ് നിശ്ശബ്ദകളാക്കപ്പെടുന്നത്?
അടിമുടി അപചയമാണ് എങ്ങും. ഒറ്റയ്‌ക്കൊന്നു പുറത്തിറങ്ങാനാവാത്ത നാട്ടില്‍ ചലച്ചിത്രത്തിന് മാത്രം അപവാദമാകാന്‍ വയ്യ. കേരളത്തെ കരുപ്പിടിപ്പിച്ച നാടകനടികളോട് എത്ര കൃതഘ്‌നമായാണ് നാം പെരുമാറിയതെന്നത് മറന്നുകൂടാ. കാലമേ മാറുന്നുള്ളൂ. ആണത്ത ഡയലോഗിന് മാറ്റമില്ല.
അതിന് മാറ്റം വരും. ആ സംശയം തീര്‍ത്തു തന്നാല്‍. മുന്‍ നിയമന്ത്രി പറഞ്ഞ പോലെ ആരൊക്കെയാണ് ഈ റിപ്പോര്‍ട്ട് തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്? അവര്‍ക്കെതിരേ നടപടി എടുക്കാന്‍ നിലനില്‍ക്കുന്ന നിയമപ്രകാരം തന്നെ കഴിയില്ലേ?
അതല്ലാതെ ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുണ്ടല്ലോ. ഇതിനേക്കാള്‍ ഫലിതരസം തുളുമ്പുന്ന ഒരു സീന്‍ മലയാള സിനിമയില്‍ സന്ദേശത്തിലെ കുമാരപ്പിള്ള സാര്‍ മാത്രമേ പറഞ്ഞിട്ടുണ്ടാവൂ. ജീവനു തന്നെ അപായമുണ്ട് എന്നതിനാല്‍ പോലീസിനെ സമീപിക്കാന്‍ പറ്റാത്ത ഇരകളോടാണ്. മുമ്പ് കമ്മീഷനില്‍ പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയാതെ അതേ കണ്ണീരും കയ്യുമായി വീണ്ടും സ്റ്റേഷനില്‍ വന്നു പറയണം. അപ്പോള്‍ ഇതാ ഞങ്ങളുടെ ഉറപ്പ് . നടപടി തയ്യാര്‍. എന്നാല്‍ പിന്നെ എന്തിനായിരുന്നു സഖാവേ ഒരു ഹേമാ കമ്മീഷന്‍? പഴയ സ്ത്രീപീഡന പരാതികളിലെ വേട്ടക്കാരെല്ലാം ഇപ്പോള്‍ എവിടെയാണ് ഇരിപ്പെന്ന് അങ്ങേക്ക് എന്തായാലും അറിയാമല്ലോ. സേതുലക്ഷ്മി വിളിച്ചതില്‍ കൂടുതല്‍ മുദ്രാവാക്യം വിളിച്ചെന്ന ആണഹന്തയുമായി നെട്ടൂരാന്മാര്‍ വരുമ്പോള്‍ നീതി കിട്ടുമോ?
സര്‍ക്കാരേ , ഇപ്പറയുന്ന ഉറപ്പുണ്ടല്ലോ, അതിന് നീതി എന്ന് പേരുണ്ടെങ്കില്‍ ആ നീതി കിട്ടാന്‍ പുതിയ പരാതികളുമായി പഴയ ഇരകള്‍ തെരുവിലും ചാനല്‍ സ്റ്റുഡിയോകളിലും അലയേണ്ടതില്ല. വിയറ്റ്‌നാം കോളനിയില്‍ പറഞ്ഞ പോലെ കൃഷ്ണമൂര്‍ത്തി, കൃഷ്ണമൂര്‍ത്തി എന്ന് പറയാന്‍ വലിയ പഠിപ്പൊന്നും വേണ്ട. നാക്കൊന്നു വടിച്ചാല്‍ മതി.
Content Highlights: Justice Hema Committee Report: Hema in Vietnam Colony
Published: 20 Aug 2024, 07:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented