ആ വേട്ടക്കാരന്റെ പുകയിലക്കറ പുരണ്ട ചുണ്ടുകളില്‍ ഒരു പരിഹാസച്ചിരി വിരിഞ്ഞു. ആ ചോരച്ച കണ്ണുകളില്‍ ക്രൗര്യതയുടെ തിളക്കം മാത്രം..

കരിങ്കുരങ്ങ്
'പഹയന്‍ പണി പറ്റിച്ചെന്നാ തോന്നുന്നത്!' വലിച്ചുകൊണ്ടിരുന്ന സിഗററ്റ് നിലത്തിട്ട് ചവിട്ടിക്കെടുത്തിക്കൊണ്ട് ധൃതിയില്‍ ചാടിയെണീറ്റ ഫീല്‍ഡ് എക്‌സിക്യുട്ടീവ് പറഞ്ഞു. പിന്നീട് അദ്ദേഹം തെല്ലിട ചെവിയോര്‍ത്ത് നിന്നു. അദ്ദേഹത്തിന്റെ മുഖത്ത് ഗൂഢമായ ഒരു ആനന്ദം തളം കെട്ടിയിരുന്നോ എന്നെനിക്ക് സംശയം തോന്നി. വെപ്രാളത്തോടെ ഞാന്‍ അയാളുടെ ഓരോ ചേഷ്ടകളും നോക്കിക്കൊണ്ടിരുന്നു. എന്റെ മനസ്സിലൂടെ എന്തൊക്കെ ചിന്തകളാണ് നിമിഷാര്‍ധത്തില്‍ കടന്ന് പോയതെന്ന് പറയാന്‍ വയ്യ.
വെടിശബ്ദം കേട്ട് നിശ്ചയമായും തൊഴിലാളി ലയങ്ങളില്‍ താമസിക്കുന്നവര്‍ ഉണര്‍ന്ന് കാണും. അവരില്‍ ആരെങ്കിലുമൊക്കെ ഇങ്ങോട്ട് അന്വേഷിച്ച് വരാനും മതി. ദൈവമേ ജോലി പോലും സ്ഥിരമായിട്ടില്ല. നാളെ എന്താകും എന്റെ സ്ഥിതി? തന്നെയുമല്ല എന്റെ കസിനപ്പോള്‍ ഉറക്കം ഞെട്ടി ചാടിയെഴുന്നേല്‍ക്കുമോയെന്നും ന്യായമായും ഞാന്‍ സംശയിച്ചു. അങ്ങനെയാണെങ്കില്‍ അവനോട് എന്ത് സമാധാനം പറയും? ഇവിടെ നടന്നതെല്ലാം താമസംവിനാ അവനിലൂടെ വീട്ടുകാരെല്ലാം അറിയും എന്നുറപ്പ്. പിന്നെ ഞാന്‍ എങ്ങനെ അവരുടെയൊക്കെ മുഖത്ത് നോക്കും? കേസില്‍പ്പെട്ടാല്‍ ജീവിതത്തില്‍ ഒരു ജോലിയും ലഭിക്കാന്‍ പോകുന്നുമില്ല.
തള്ളിക്കയറുന്ന ചിന്തകളുടെ ഭാരം എന്നെ തളര്‍ത്തിക്കൊണ്ടിരുന്നു. എന്നാലപ്പോള്‍ എന്റെ ഭയാശങ്കകള്‍ക്ക് തത്ക്കാലം അറുതി വരുത്തിക്കൊണ്ട് നിദ്രാഭംഗം വന്നതുപോലെ എന്തോ ശബ്ദം ഉണ്ടാക്കിയിട്ട് എന്റെ കസിന്‍ മറുവശത്തേക്ക് തിരിഞ്ഞു കിടന്നു. ദൈവത്തിന് സ്തുതി ! അപ്പോഴും തുറന്ന് കിടന്നിരുന്ന പൂമുഖത്തെ പാതി ചാരിയ വാതിലിലൂടെ അകത്തെ ഇത്തിരി പ്രകാശത്തെ വിഴുങ്ങാന്‍ തത്രപ്പെടുന്ന കൊഴുത്ത ഇരുട്ടിനെ ഞാന്‍ ഭയത്തോടെ നോക്കി. തമസ്സിന്റെ അതാര്യതയിലിരുന്ന് ഭീതിദമായ കുറെ രൂപങ്ങള്‍ എന്നെ നോക്കി. ചോരയിറ്റുന്ന പല്ലുകള്‍ ഇളിച്ച് കാട്ടുന്നത് പോലെ!
എന്റെ ഭയവും ആകാംക്ഷയും വെപ്രാളവും ഒക്കെ കണ്ടിട്ടാവണം ഫീല്‍ഡ് എക്‌സിക്യുട്ടീവ് വലത് കണ്ണൊന്നിറുക്കുകയും മുറുക്കിപ്പിടിച്ച വലത് കൈയ്യിലെ എല്ലാവിരലുകളും മടക്കിയും കുഞ്ഞ് വിരല്‍ മാത്രം ഉയര്‍ത്തിക്കുലുക്കിയും 'കാത്തിരിക്കൂ...സമാധാനിക്കൂ... ഞാനൊന്ന് നോക്കിവരാം.' എന്ന ആശയം ദ്യോതിപ്പിച്ചിട്ട് ടോര്‍ച്ചും മുറിയില്‍ പാമ്പിനെപ്പേടിച്ച് ഞാന്‍ ചാരി വച്ചിരുന്ന അനവധി വടികളില്‍ ഒന്നുമെടുത്ത് പുറത്തേക്കിറങ്ങി. സത്യത്തില്‍ അപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ തികഞ്ഞ ആശയക്കുഴപ്പത്തില്‍ ഉഴറി നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോഴും കസിനെ വിളിച്ചുണര്‍ത്താന്‍ എന്തുകൊണ്ടോ ഞാന്‍ ധൈര്യപ്പെട്ടില്ല.
ഇപ്പോള്‍ ഒച്ചിഴയുന്ന മാതിരിയാണ് സമയം പോകുന്നത്. ഇടനെഞ്ച് വല്ലാതെ തുടി കൊട്ടുന്നു. വെടിവച്ച് കൊന്ന മ്ളാവിനെയും വലിച്ചിഴച്ചുകൊണ്ട് വഴിനീളെ ചോരക്കറകള്‍ അവശേഷിപ്പിച്ച് അവര്‍ രണ്ടുപേരും കൂടെ കട്ടപിടിച്ച കിടക്കുന്ന ഇരുട്ടില്‍ നിന്നും എന്റെ ക്വാര്‍ട്ടേഴ്‌സിലെ ഇത്തിരി വെളിച്ചത്തിലേയ്ക്ക് തെളിഞ്ഞെത്തുന്നത് ഞാന്‍ മനസ്സില്‍ക്കണ്ടു. ജീവന്‍ പോകുന്നതിന് മുമ്പുള്ള ആ മ്‌ളാവിന്റെ കരച്ചില്‍ അപ്പോഴും എന്റെ കര്‍ണ്ണപുടങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്നത് പോലെ!
എന്താണെന്നറിയില്ല അപ്പോഴേക്കും വിഷപ്പാമ്പുകളെക്കുറിച്ചുള്ള ഭയം അപ്പാടെ വിട്ടകന്ന ഞാന്‍ മുന്നിലെ സെറ്റിയില്‍ വന്നിരുന്ന് ഒന്നിന് പിന്നില്‍ മറ്റൊന്നായി സിഗററ്റുകള്‍ വലിച്ചുകൊണ്ടിരുന്നു. എത്രനേരം അങ്ങനെയിരുന്നെന്ന് അറിയില്ല. ലയങ്ങളില്‍ നിന്നും ആരും വെടിയൊച്ച അന്വേഷിച്ച് എത്തിയില്ല. അതാ, ദൂരെ നിന്നും ഹെഡ് ലൈറ്റിന്റെ പ്രകാശം ഇരുട്ടിനെത്തുളയുന്നു. അവരിരുവരുടേയും ശബ്ദം കുറച്ച് ദൂരെ നിന്നും ഇപ്പോള്‍ അവ്യക്തമായി കേള്‍ക്കാം. അത് അടുത്തടുത്ത് വന്നപ്പോള്‍ ഞാന്‍ പതിയെ എണീറ്റ് അത്യാകാംക്ഷയോടെ ഇരുട്ടിനെ ഭയക്കാതെ മുറ്റത്തേക്കിറങ്ങി നിന്നു.
ഒച്ചയുണ്ടാക്കാത്ത ശബ്ദത്തില്‍ സംസാരിച്ചുകൊണ്ട് നടന്നുവന്ന മോഹനന്‍ ദിഗ് വിജയിയെപ്പോലെ അപ്പോഴും വലത് കൈയ്യില്‍ ഇരുന്ന ആ നാടന്‍ തോക്ക് തോളോട് ചേര്‍ത്ത് ഉയര്‍ത്തിപ്പിടിച്ചിരുന്നു. മുറ്റത്തേക്ക് എത്തിയപ്പോള്‍ അയാള്‍ തലയില്‍ ഘടിപ്പിച്ചിരുന്ന തീവ്രപ്രകാശമുള്ള വിളക്ക് കെടുത്തി. ഇല്ല, ഞാന്‍ ഭയപ്പെട്ടത് പോലെ ഒന്നും അവര്‍ കൊണ്ട് വന്നിട്ടില്ല. ഇനി ഉരുവിനെ അവരവിടെ ഉപേക്ഷിച്ച് വന്നതാണോ എന്നുപോലും ഞാന്‍ ആകുലപ്പെട്ടു. എന്തായാലും വെടി ശബ്ദം ഞാന്‍ കേട്ടതാണല്ലോ.
മുറിയിലെ വെളിച്ചത്തിലേക്ക് കടന്ന മോഹനന്‍ ഗൗരവം വിടാതെ ഏതോ വലിയ ചിന്തയിലെന്ന മാതിരിയാണ് സെറ്റിയിലേക്ക് ഉപവിഷ്ടനായത്. വലിഞ്ഞുമുറുകിയ ഭാവത്തോടു കൂടിയ അദ്ദേഹത്തിന്റെ മുഖം ഞാനിന്നും ഓര്‍ക്കുന്നു. എന്തോ അതിഭയങ്കരമായ ക്രൂരകൃത്യം നിര്‍വ്വഹിച്ചത് മാതിരി!
അദ്ദേഹത്തിന് അരികിലായി ഫീല്‍ഡ് എക്‌സിക്യുട്ടീവും ആസനസ്ഥനായി. എന്തെങ്കിലും ചോദിക്കാനറച്ച് ആകാംക്ഷ കൊണ്ട് തുടിക്കുന്ന മനസ്സോടെ അവര്‍ക്കരികിലായി ഞാന്‍ നിന്നു!
''എത്ര നേരം സാറിന് വേണ്ടി നോക്കിയെന്നോ. ഇന്നെന്തോ ഒരു മോശം ദിവസമായിരുന്നു. പരുവത്തിലുള്ള രണ്ട് മ്‌ളാവുകള്‍ ഒരാഴ്ചയായി നൂറ്റഞ്ചിന് ഇടയില്‍ക്കിടന്ന് വിളയുകയാണ്. ആയുസ്സുണ്ട് അവറ്റകള്‍ക്ക്. അല്ലാതെന്താ പറയുക. അല്ലെങ്കില്‍ അവന്മാര്‍ എന്റെ കണ്ണ് വെട്ടിച്ച് പോകുമായിരുന്നില്ല.''
അയാള്‍ ഒന്നുനിറുത്തി. 'നൂറ്റഞ്ച്' എന്നയാള്‍ പറഞ്ഞതിന്റെ അര്‍ത്ഥം ശരിക്കും എനിക്കപ്പോള്‍ മനസ്സിലായിരുന്നില്ല. ആ തോട്ടത്തില്‍ നടീലിന് ഉപയോഗിച്ചിരുന്ന 'RRI-105' (Rubber Research Institute of India) എന്ന് പേരുള്ള അത്യുല്പാദന ശേഷിയുള്ള റബ്ബര്‍ തൈകളെയാണ് 'കവി' ഉദ്ദേശിച്ചതെന്ന് പിന്നീടറിഞ്ഞു. അപ്പോഴേക്കും ഒന്നു ദീര്‍ഘശ്വാസം വിട്ടിട്ട് അയാള്‍ തുടര്‍ന്നു.
''കേഴയെയും കൂരനെയും എന്തിന് ഒരു മുള്ളന്‍ പന്നിയെ പോലും ഇന്ന് ഒത്തുകിട്ടിയില്ല. മടുത്തപ്പോള്‍ ദേഷ്യം വന്നാണ് അവസാനം ഇര തേടിയിറങ്ങിയ ആ കുറുനരിക്കിട്ട് പൊട്ടിച്ചത്. അതെങ്കില്‍ അതാകട്ടെ എന്നുകരുതി. അങ്ങനെ ഒരുത്തനും ഇവിടെക്കിടന്ന് വിളയണ്ട!''
ഭയം കലര്‍ന്ന ഒരുതരം ആരാധനയോടെയാണ് ഞാനയാളുടെ വാചാടോപം ശ്രദ്ധിച്ചത്. കുറുനരിയുടെ ഇറച്ചി കഴിക്കാന്‍ പറ്റുന്നതാണോ എന്ന് തിരക്കാനുള്ള ധൈര്യം എനിക്കപ്പോള്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പെരുമ്പാമ്പിനെയും ചീങ്കണ്ണിയെയും ഒക്കെ ആള്‍ക്കാര്‍ കൊന്ന് തിന്നുമെന്ന് കേട്ടിട്ടുണ്ടെങ്കിലും കുറുനരി? ആദ്യമായാണ് അത്തരമൊരു സംഗതി തന്നെ കേള്‍ക്കുന്നത്. പില്‍ക്കാലത്ത് പുലിയെ വെടിവച്ചുകൊന്ന് കറി വച്ചവരുടെ കഥയും കേട്ടിട്ടുണ്ട് എന്നത് വേറെ കാര്യം!
''അല്ല...എന്നിട്ട് കുറുനരി എവിടെ....?'' അറിയാതെ എന്റെ വായില്‍ നിന്നും പുറത്ത് ചാടിയത് ആ ചോദ്യമാണ്! 'അതിഭീകരനായ ആ വേട്ടക്കാരന്റെ' പുകയിലക്കറ പുരണ്ട തടിയന്‍ ചുണ്ടുകളില്‍ ഒരു പരിഹാസച്ചിരി വിരിയുന്നത് ഞാന്‍ കണ്ടു. ചോരച്ച കണ്ണുകളില്‍ കൊടും ക്രൗര്യതയുടെ തിളക്കം! മന്ദിച്ച തലച്ചോറുമായി ഞാന്‍ അയാള നോക്കിനിന്നു.
തുടക്കത്തില്‍ എന്നോടൊത്ത് താമസിച്ചിരുന്നയാളും പിന്നീട് കോഴിക്കോടുള്ള പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്റെ എസ്റ്റേറ്റിലേക്ക് മാറിപ്പോയവനുമായ എന്റെ സുഹൃത്ത് പറഞ്ഞ ഒരു കാര്യമാണ് എന്തുകൊണ്ടോ അപ്പോള്‍ എന്റെ ഓര്‍മ്മയിലെത്തിയത്. അവിടെയുണ്ടായിരുന്ന ഏതോ ഒരു ഗണ്ണര്‍ ചില അവസരങ്ങളിലെങ്കിലും വൃക്ഷങ്ങളില്‍ ഊയലാടിയെത്തുത്ത കരിമന്തികളുടെ കൂട്ടത്തില്‍ നിന്നും 'മുറ്റന്മാരെ' നോക്കി വെടിവെച്ച് വീഴ്ത്താറുണ്ടായിരുന്നുവത്രേ! മരച്ചില്ലകളില്‍ നിന്നും വെടിയേറ്റ് ചത്തുവീഴുമ്പോള്‍ കൂപ്പുകൈകളുമായിട്ടാണ് കിടക്കുന്നതെന്നും അത് കാണുമ്പോള്‍ ജീവന് വേണ്ടി അവ നമ്മോട് യാചിക്കുന്നതായി തോന്നുമായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. കറി വയ്ക്കാനായി തോലുരിച്ചെടുക്കുമ്പോഴും കൂപ്പുകൈകളുമായി ഇരിക്കുന്ന മനുഷ്യക്കുഞ്ഞുങ്ങളെയാണ് അവറ്റകളുടെ ശരീരം ഓര്‍മ്മിപ്പിക്കുന്നതെന്നും!
''അതല്ലേ...അത്ഭുതം! അവിടം മുഴുവന്‍ നോക്കിയിട്ടും അതിനെ കണ്ടില്ല.'' എന്റെ ചിന്തകള്‍ക്കും ജിജ്ഞാസയ്ക്കും അറുതി വരുത്തിക്കൊണ്ട് നമ്മുടെ ഗണ്ണര്‍ അപ്പോഴത് പറയുമ്പോള്‍ അയാളുടെ മുഖകമലത്തില്‍ വിരിയുന്ന ഭാവപ്പകര്‍ച്ചകള്‍ എനിക്ക് കാണാനാകുമായിരുന്നില്ല. അയാളെന്താണ് അങ്ങനെ പറയുന്നതെന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല.
''ഞങ്ങള്‍ രണ്ട് പേരും കൂടെ കുറേ നോക്കിയതാണ്. റബ്ബര്‍ തടത്തിലൊന്നും എന്തായാലും കിടപ്പില്ല.'' ഇത്തവണ കൂട്ടിച്ചര്‍ത്തത് എക്‌സിക്യൂട്ടീവായിരുന്നു. സഹചാരിയെ ചേര്‍ത്തുപിടിക്കലായിരുന്നോ അതെന്ന് സംശയം തോന്നിയെങ്കിലും അപ്പോഴത് കള്ളമാണെന്ന് ചിന്തിക്കുന്നത് പോലും വലിയ അപരാധമായിരുന്നു!
''എവിടെയെങ്കിലും ചത്ത് കിടപ്പുണ്ടാവും. ഉറപ്പാണ്. ക്‌ളോസ് റേഞ്ചില്‍ നിന്നുള്ള വെടിയായിരുന്നു. 'അവന്റെ' തല പാറക്കല്ലിലടിച്ച തെങ്ങിന്‍ പൂക്കുല പോലെ ചിതറിക്കാണും..'' അതിഭാവുകത്വം കലര്‍ന്ന സിനിമാ ഡയലോഗ് പോലെയുള്ള ഗണ്ണര്‍ മോഹനന്റെ വാക്കുകളില്‍ വല്ലാത്ത ദൃഢതയാണ്! കൂരാക്കൂരിരുട്ടില്‍ നമ്മുടെ ശിക്കാരി ആ കുറുനരിയുടെ ലിംഗനിര്‍ണ്ണയം ഇത്ര കൃത്യമായി എങ്ങനെ നടത്തിയെന്ന് ഞാന്‍ അതിശയിച്ചു പോയി.
എങ്കിലും ഭയഭക്തി ബഹുമാനത്തോടെ ഞാന്‍ അവരിരുവരെയും മാറിമാറി നോക്കിക്കൊണ്ടിരുന്നു. ഗണ്ണറപ്പോള്‍ ശരിക്കും മുന്‍പ് കണ്ട മൃഗയ സിനിമയിലെ ശിക്കാരിയായ മമ്മൂട്ടിയാണെന്ന് എനിക്ക് തോന്നി!
സത്യത്തില്‍ അപ്പോഴും പലതും എനിക്ക് അജ്ഞാതമായിത്തന്നെ തുടര്‍ന്നുവെന്നതാണ് വാസ്തവം. അയാള്‍ ഇത്ര ആവേശപ്പെട്ട് വെടിവയ്ക്കാന്‍ പോയത് എന്തിനാണെന്നതാണ് ആദ്യത്തെ ചോദ്യം. ഒന്നിനെയും കാണാഞ്ഞിട്ട് ഒരു വേള കുഞ്ഞുങ്ങള്‍ക്കായി ഇരതേടിയിറങ്ങിയതോ ഇണയെ അന്വേഷിച്ചിറങ്ങിയതോ ആയ പാവം കുറുനരിയുടെ നെഞ്ചത്തിട്ട് പൊട്ടിച്ചതെന്തിനെന്നത് രണ്ടാമത്തെ ചോദ്യം. അതും പോരാഞ്ഞ് വെടിയേറ്റ് ചത്തുമലച്ച കുറുനരിയുടെ ജഡം പെട്ടെന്ന് ആവിയായിപ്പോയോ എന്നത് പിന്നത്തെ ചോദ്യം!
ശരിക്കും ഒരെത്തും പിടിയും കിട്ടുന്നില്ല. ഇനി അവര്‍ രണ്ടാളും കൂടി വെടിയേറ്റ് വീണ മ്‌ളാവിനെ കഷണങ്ങളാക്കി കഷ്ടി അടുത്ത തന്നെയുള്ള മഞ്ഞപ്ര എന്ന സ്ഥലത്തെ ആ ഫീല്‍ഡ് എക്‌സിക്യുട്ടീവിന്റെ വീട്ടിലെങ്ങാനും കൊണ്ടുപോയിട്ടാണോ തിരികെ വന്നിരിക്കുന്നത് എന്നുകൂടി ഞാന്‍ സംശയിച്ചു. അങ്ങനെയാണെങ്കില്‍ക്കൂടി അത് നന്നായി എന്നും മനസ്സില്‍ തോന്നാതിരുന്നില്ല. വരാനിരിക്കുന്ന അപകടം ഒഴിവാകുമല്ലോ. പക്ഷെ വെടിക്ക് ശേഷം അധികസമയം എടുത്തിട്ടില്ലെന്നും അതിനുള്ള സാധ്യത തീരെ കുറവാണെന്നും അതേ മനസ്സ് തന്നെ പറഞ്ഞു. അവര്‍ വന്ന മോട്ടോര്‍ സൈക്കിളും അവിടെത്തന്നെ ഇരിക്കുകയാണല്ലോ.
''എന്തായാലും നാളെ മസ്റ്റര്‍ കഴിഞ്ഞ് തോട്ടത്തില്‍ പണിക്കെത്തുന്ന പെണ്ണുങ്ങള്‍ അതിന്റെ ശവം കാണുമെന്നുറപ്പാണ്! ആര് ചോദിച്ചാലും നമ്മള്‍ ഒന്നും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല, നമുക്കൊന്നും അറിയുകയുമില്ല. അത്ര തന്നെ.'' ഫീല്‍ഡ് എക്‌സിക്യൂട്ടിവ് തീര്‍ത്തുപറഞ്ഞു. വല്ലാത്ത കനം തോന്നിച്ച ആ സ്വരത്തില്‍ ഒരു ഭീഷണിയുടെ ലാഞ്ചന കലര്‍ന്നിരുന്നവോ?
അവരിരുവരും പിന്നെയും കുറേ നേരം അവിടെയിരുന്ന് പുക വലിക്കുകയും മാറിമാറി താന്താങ്ങളുടെ വീരകഥകള്‍ പറയുകയും ചെയ്തു. അന്തം വിട്ട് ഓരോന്നിനും ഏക്കം മൂളിക്കൊണ്ട് ഞാനും. രാത്രിയേറെ കഴിഞ്ഞ് പിറ്റേന്ന് പെണ്ണുങ്ങള്‍ തിരക്കിയാല്‍ പറയേണ്ട കാര്യം ഒന്നുകൂടെ എന്നെ ഓര്‍മ്മിപ്പിച്ച ശേഷം അവര്‍ ബൈക്കില്‍ കയറി യാത്രയായി. അവരുടെ ഇരുചക്രവാഹനം കടകട ശബ്ദം ഉണ്ടാക്കിക്കൊണ്ട് ഇറക്കമിറങ്ങി നിരത്തിലൂടെ അകന്ന് പോകുന്നത് തെല്ലുനേരം നോക്കി നിന്ന ഞാന്‍ അകത്തുകയറി വാതിലടച്ചു. നല്ല ഉറക്കത്തിലായിരുന്ന കസിന് അരികിലായി കയറിക്കിടന്നു.
പിറ്റേന്ന് ഞാന്‍ പതിവിലും വൈകിയാണ് എഴുന്നേറ്റത്. കസിന്‍ രാവിലെ തന്നെ മടങ്ങിയിരുന്നു. ഭാഗ്യം അവനൊന്നും അറിഞ്ഞിട്ടില്ല. എന്നാലും തലേ ദിവസത്തെ കാര്യങ്ങള്‍ ഓര്‍മ വന്നപ്പോള്‍ നെഞ്ച് പടപടാ മിടിച്ചു തുടങ്ങി. തോട്ടത്തില്‍ ഒരു കുറുനരി ചത്ത് കിടക്കുന്നത് അത്ര വലിയ പ്രശ്‌നം ആകാനില്ലെന്ന് മനസ്സിന്റെ പാതി പറഞ്ഞു. പക്ഷേ പോസ്റ്റ് മോര്‍ട്ടം നടത്താനെത്തുന്ന ഡോക്ടര്‍ അതിന്റെ നെഞ്ചത്ത് തുളഞ്ഞിരിക്കുന്ന വെടിയുണ്ടകള്‍ കണ്ടെത്തുകയും അന്വേഷണം വേണമെന്ന് കട്ടായം പറയുകയും ചെയ്താല്‍ കഥയാകെ മാറാനും മതി!
എന്നെ അമ്പരപ്പിച്ചുകൊണ്ട് അന്നത്തെ ദിവസം പ്രത്യേകതകള്‍ ഒന്നുമില്ലാതെ കടന്നുപോയി. പിന്നെയുള്ള ദിവസങ്ങളിലും തുടി കൊട്ടുന്ന മനസ്സുമായി ഞാനിരിക്കെ പകലന്തികള്‍ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. ഒന്നും ഉണ്ടായില്ല. വിശേഷിച്ച് ആരും ഒന്നും ചോദിച്ചില്ല; ഒന്നും പറഞ്ഞ് കേട്ടതുമില്ല.
പിന്നെ വന്ന രണ്ടുമൂന്ന് അവധി ദിവസങ്ങള്‍ അഡ്ജസ്റ്റ് ചെയ്ത് ഞാന്‍ വീട്ടില്‍ പോയി. വന്നതിന് ശേഷം ഒരാഴ്ചയ്ക്ക് മേല്‍ കഴിഞ്ഞാണ് ഞാന്‍ ആ ഫീല്‍ഡ് എക്‌സിക്യൂട്ടീവിനെ സൗകര്യത്തിന് കണ്ടത്. ആകാംക്ഷയോടെ പഴയ കാര്യം തിരക്കിയപ്പോള്‍ അയാള്‍ പറഞ്ഞത് ഇപ്രകാരമാണ്.
''ഓ...എന്ത് പറയാനാണ് സാറേ... ക്യാന്റീനിലെ എച്ചിലും തിന്ന് നടന്നിരുന്ന ഒരു കൊടിച്ചിപ്പട്ടിയെ ആയിരുന്നു ആ രാത്രി കള്ളിന്റെ പുറത്ത് കുറുനരിയെന്നും പറഞ്ഞയാള്‍ വെടിവച്ചിട്ടത്. പിറ്റേന്ന് ഉറുമ്പും ഈച്ചയുമരിച്ച് കിടന്ന അതിനെ പെണ്ണുങ്ങളെല്ലാം കൂടിയെടുത്ത് കുഴിച്ചുമൂടി. ഞാനത് സാറിനോട് പറയാന്‍ മറന്നതാണ്. ഈ @^%$#&* -നെയൊക്കെ എന്ത് ചെയ്യാനാണ്....!'' ഗണ്ണര്‍ക്ക് വിശേഷണമായി കണ്ണുപൊട്ടുന്ന ഒരു തെറിയും കൂട്ടിച്ചേര്‍ത്ത് പറഞ്ഞിട്ട് എന്റെ പ്രതികരണം പോലും ശ്രദ്ധിക്കാന്‍ നില്‍ക്കാതെ പുച്ഛഭാവത്തില്‍ അയാള്‍ കടന്ന് പോകുകയും ചെയ്തു. പോകുമ്പോഴും അദ്ദേഹം എന്തൊക്കെയോ ശാപവാക്കുകള്‍ ഉരുവിടുന്നത് പോലെ തോന്നി.
ഇനി ജോലി കിട്ടിയതിന് ശേഷം വാളയാര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിര്‍ബന്ധ സേവന കാലത്ത് ഒരിക്കല്‍ ഒരു സ്ത്രീ സുഹൃത്തിനെ കാണാനായി പാലക്കാട് നിന്നും കടം വാങ്ങിയ ഒരു പഴയ മോട്ടോര്‍ സൈക്കിളില്‍ മേട്ടുപ്പാളയം വഴി കോത്തഗിരിയിലേക്ക് പോയ സംഭവത്തിലേക്ക് പോകാം. കോത്തഗിരി എന്ന സ്ഥലം പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടിക്കടുത്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അന്ന് ഹെല്‍മറ്റും ഒന്നും ബാധകമല്ലാത്ത കാലമാണെന്നോര്‍ക്കുക. തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും ഇന്നും വേണ്ടെങ്കിലും !
അങ്ങനെ ഒരു ദിവസം ഉച്ചയോട് കൂടി തിരിച്ച് വൈകുന്നേരത്തോടെ കോത്തഗിരിയിലെത്തി അവരെക്കാത്ത് നില്‍ക്കുന്നതിനിടയില്‍ സമയം പോകാനായി ടൗണിലൂടെ മോട്ടോര്‍ സൈക്കിളില്‍ത്തന്നെ ഒന്ന് ചുറ്റിക്കറങ്ങുകയായിരുന്നു. പട്ടണം വിട്ടുള്ള മഴവെള്ളം കെട്ടിക്കിടക്കുന്ന ചില ചെമ്മണ്‍പാതകളിലൂടെ ബൈക്ക് ഓടിച്ചപ്പോള്‍ റോഡരികില്‍ത്തന്നെ ആളുകള്‍ പ്രകൃതിയുടെ വിളിക്ക് വിധേയരാകുന്നത് കാരണം അസഹനീയവും മനം മടുപ്പിക്കുന്നതുമായ ഗന്ധവുമായിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ ഇടവഴിയില്‍ ബാലന്‍സ് നഷ്ടപ്പെട്ട് നിലത്ത് കാല് നിലത്ത് ഊന്നേണ്ടി വന്നാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്ന് എനിക്ക് വൈകാതെ മനസ്സിലായി. അതുകൊണ്ട് തന്നെ ബൈക്ക് ആ ഇടുങ്ങിയ വഴിയില്‍ നിലത്തേക്ക് കാലൂന്നാതെ തിരിച്ച് മടങ്ങിപ്പോകാന്‍ കൂടി ഞാന്‍ ഭയപ്പെട്ടു.
അതിനിടയില്‍ വഴിയരികിലെ തന്നെ ഒരു ചെറിയ കുറ്റിക്കാട്ടില്‍ കുത്തിയിരുന്ന് കൂസലില്ലാതെ 'കാര്യം സാധിച്ചുകൊണ്ടിരിക്കുന്ന' ഒരാളോട് വഴിയാത്രക്കാരനും സഹൃദയനുമായ ഒരു സുഹൃത്ത് താന്‍ സഞ്ചരിച്ചിരുന്ന സൈക്കിള്‍ റോഡരികില്‍ നിലത്ത് ഇടത് കാലൂന്നി നിറുത്തി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന വിചിത്രമായ ഒരു കാഴ്ചയും കണ്ടു! പണ്ട് ട്രെയിനില്‍ ഡല്‍ഹിയിലോട്ടൊക്കെ പോകുമ്പോള്‍ പ്രഭാതങ്ങളിലും മദ്ധ്യാഹ്നങ്ങളിലും തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും മഹാരാഷ്ടയിലെയും ഒക്കെ ഉള്‍ഗ്രാമങ്ങളിലെ വരണ്ട കുറ്റിക്കാടുകളില്‍ റെയില്‍പ്പാളത്തിന് അധികം ദൂരെയല്ലാതെ കുത്തിയിരിക്കുന്ന ആണുങ്ങള്‍ കാര്യം സാധിക്കുന്നതിനിടയില്‍ അതേ ഇരുപ്പിരുന്ന് ട്രെയിനിലെ യാത്രക്കാരെ കൗതുകത്തോടെ നോക്കുന്നതാണ് അപ്പോള്‍ ഓര്‍മ വന്നത്! തീവണ്ടിയടുത്തെത്തുമ്പോള്‍ പെണ്ണുങ്ങളാകട്ടെ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ..' എന്ന മട്ടില്‍ സാരി താഴ്ത്തിയിട്ട് നിര്‍വ്വികാര മുഖങ്ങളുമായി എഴുന്നേറ്റ് വടി പോലെ നില്‍ക്കുന്നതും കാണാം. ഇന്ന് അത്തരം കാഴ്ചകള്‍ അത്രമേല്‍ വ്യാപകമല്ലെന്ന് തോന്നുന്നു. ഒരുവേള എന്റെ യാത്രകള്‍ കുറഞ്ഞതുമാകാം അതിന് കാരണം.
(തുടരും)
Content Highlights: A night of fear, gunfire, and confusion unfolds in a remote area. What truly happened in the darkness? Uncover the thrilling mystery.
Published: 17 Nov 2025, 02:28 pm IST
ABOUT THE AUTHOR
കേരള വനം വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്‍, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള്‍ എന്നൊരു അനുഭവകഥയും കേരള
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented