യോദ്ധാവായ സന്യാസി പടച്ചട്ടയണിഞ്ഞു.
നെഞ്ചിൽ കുരിശിന്റെ ചുവന്ന അടയാളം പതിച്ചു.
അവന്റെ നെടുവീർപ്പുകൾ സ്വന്തമാക്കാൻ
ഭൂമിയിൽ ഒരു സ്ത്രീയുമില്ല.
ഒരു വധുവും അവന്റെ കിടക്ക പങ്കിടില്ല.
യുദ്ധഭൂമിയാണ് അവന്റെ അൾത്താര.
അവന്റെ മന്ത്രം പോരിന്റെ കാഹളം.
എന്നിട്ടും ദൈവ നിഴൽ വീണ അവന്റെ പടവാളിൽ
ഇടയ്ക്കിടെ കണ്ണുനീരും ഇറ്റു വീഴാറുണ്ട്.

To advertise here,

പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ബാലഡിൽ നൈറ്റ് ടെംപ്ലർ യോദ്ധാവിന്റെ കഠിനജീവിതത്തെ കുറിച്ച് പറയുന്ന ഏതാനും വരികളാണിത്.

‘അസാസിൻസ് ക്രീഡ്’ എന്ന 2007-ൽ പുറത്തിറങ്ങിയ യൂബിസോഫ്റ്റിന്റെ വോക്‌സ് പോപ്പുലർ ഗെയിമിലും 2003-ൽ പ്രസിദ്ധീകരിച്ച ‘ദി ഡാവിഞ്ചി കോഡ്’ എന്ന ജനപ്രിയ നോവലിലും പ്രധാന കഥാപാത്രങ്ങളായി കടന്നുവരുന്ന ഒരു നിഗൂഢ സംഘമാണ് ‘നൈറ്റ്സ് ടെംപ്ലർ.’

ഗെയിമിലെ വില്ലന്മാർ ‘ടെംപ്ലർ ഓർഡർ’ അഥവാ ‘നൈറ്റ്സ് ടെംപ്ലർമാരാണ്’. നൂറ്റാണ്ടുകളായി അസാസിൻസും ടെംപ്ലർമാരും തമ്മിൽ ഭൂമിയുടെ നിയന്ത്രണത്തിനായി നടക്കുന്ന നിഴൽയുദ്ധമാണ് ഗെയിമിന്റെ പ്ലോട്ട്.

ഡാൻ ബ്രൗണിന്റെ ‘ദി ഡാവിഞ്ചി കോഡ്’ എന്ന നോവലിൽ, 'പ്രയോറി ഓഫ് സിയോൺ' എന്ന ഗൂഢസംഘത്തെ പറ്റി പറയുന്നു. അവർ സംരക്ഷിക്കുന്ന ഹോളി ഗ്രെയിലിന്റെയും പുരാതന രഹസ്യങ്ങളുടെയും കാവൽ പോരാളികളാണ് ‘നൈറ്റ്സ് ടെംപ്ലർമാർ.’

ക്രിസ്തീയ പാരമ്പര്യമനുസരിച്ച്, യേശു അവസാനത്തെ അത്താഴവേളയിൽ വീഞ്ഞ് നൽകാൻ ഉപയോഗിച്ച വിശുദ്ധ പാനപാത്രമാണ് ഹോളി ഗ്രെയിൽ. ക്രൂശീകരണ വേളയിൽ യേശുവിനെ കുന്തം കൊണ്ട് കുത്തിയപ്പോൾ ഒഴുകിയ തിരുരക്തം അരിമത്യയിലെ ജോസഫ് എന്ന ശിഷ്യൻ ഈ പാത്രത്തിലാണ് ശേഖരിച്ചത്.. പിന്നീട് അദ്ദേഹം ഇത് ബ്രിട്ടനിലേക്ക് കൊണ്ടു പോയെന്നു പറയുന്നു.

മധ്യകാല യൂറോപ്പിലെ ഒരു സൈനിക സന്യാസി വിഭാഗമായിരുന്നു നൈറ്റ്സ് ടെംപ്ലർ. 1119-ൽ കുരിശു യുദ്ധകാലത്ത് ജറുസലേമിലേക്ക് തീർത്ഥാടനത്തിന് പോകുന്ന ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച ഈ കത്തോലിക്കാ സൈനികവിഭാഗം കാലക്രമേണ വലിയ സാമ്പത്തിക ശക്തിയായി മാറി.

1119-ൽ ഫ്രഞ്ച് പ്രഭുവായ ഹ്യൂഗ്സ് ഡി പെയ്ൻസ്ന്റെ നേതൃത്വത്തിൽ 9 നൈറ്റുകൾ അഥവാ യോദ്ധാക്കൾ ചേർന്നാണ് ഈ കൂട്ടായ്മ ആരംഭിച്ചത്. ജെറുസലേമിലെ രാജാവായ ബാൾഡ്വിൻ രണ്ടാമൻ, പുരാതന ശലോമോന്റെ ദേവാലയം നിന്നിരുന്നതായി വിശ്വസിക്കപ്പെടുന്ന 'ടെമ്പിൾ മൗണ്ട്' എന്ന സ്‌ഥലത്ത്‌ ഇവർക്ക് ആസ്ഥാനം നൽകി. അങ്ങനെ ഇവർ ‘ടെംപിളിലെ യോദ്ധാക്കൾ’ അല്ലെങ്കിൽ ‘നൈറ്റ്സ് ടെംപ്ലർ’ എന്ന് അറിയപ്പെട്ടു. ഇവർ ഒരേ സമയം സന്യാസജീവിതവും സൈനിക അച്ചടക്കവും ശീലിച്ചു. ചുവന്ന കുരിശടയാളമുള്ള വെള്ള വസ്ത്രങ്ങളായിരുന്നു ഇവരുടെ യൂണിഫോം.

മധ്യകാലഘട്ടത്തിൽ നൈറ്റ്സ് ടെംപ്ലർമാർ രൂപം നൽകിയ സാമ്പത്തിക ശൃംഖലയെ ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ബാങ്കിംഗ് സിസ്റ്റം എന്നാണ് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.

അക്കാലത്ത് യാത്ര ദുർഘടം പിടിച്ചതായിരുന്നു. വഴിയിൽ കൊള്ളക്കാരുടെ ആക്രമണം ഉണ്ടായിരുന്നതിനാൽ ജെറുസലേമിലേക്കു പോകുന്ന തീർത്ഥാടകർക്ക് അവരുടെ പണം ടെംപ്ലർ കേന്ദ്രങ്ങളിൽ നിക്ഷേപിച്ച് ഒരു ക്രെഡിറ്റ് ലെറ്റർ വാങ്ങാം. പിന്നീട് ജെറുസലേമിൽ എത്തുമ്പോൾ ഈ രേഖ കാണിച്ച് തത്തുല്യമായ തുക തിരികെ വാങ്ങാനും കഴിഞ്ഞിരുന്നു. ഇത് പണവുമായി യാത്ര ചെയ്യുമ്പോഴുള്ള മോഷണസാധ്യത ഒഴിവാക്കി. വ്യാജരേഖകൾ ഉണ്ടാക്കുന്നത് തടയാൻ സങ്കീർണ്ണമായ കോഡുകളും ഒപ്പുകളും ഔദ്യോഗിക മുദ്രകളും അവർ ഉപയോഗിച്ചിരുന്നു.

അന്ന് കത്തോലിക്കാ സഭ പലിശ ഈടാക്കുന്നതിനെ പാപമായി പ്രഖ്യാപിച്ചിരുന്നു. ടെംപ്ലർമാർ ഈ നിയമപരമായ തടസ്സത്തെ ബുദ്ധിപരമായി നേരിട്ടു. പലിശ നേരിട്ട് വാങ്ങുന്നതിന് പകരം പണത്തിന്റെ വിനിമയനിരക്കിലെ വ്യത്യാസങ്ങൾ, അഡ്മിനിസ്ട്രേഷൻ ഫീസ്, മറ്റ് ചാർജുകൾ എന്നിവ ചുമത്തി. ഈടായി ഭൂസ്വത്തുക്കളോ കൃഷിയിടങ്ങളോ വാങ്ങി. വായ്പ തിരിച്ചടയ്ക്കുന്നതുവരെ ആ ഭൂമിയിൽ നിന്നുള്ള വിളവെടുപ്പും വരുമാനവും ടെംപ്ലർമാർ സ്വന്തമാക്കി. ഇതിലൂടെ പലിശ വാങ്ങാതെ തന്നെ അവർ വലിയ ലാഭമുണ്ടാക്കി. ഭൂസ്വത്തുക്കൾ, കപ്പലുകൾ, കൃഷിയിടങ്ങൾ എന്നിവ വഴി ഇവർ യൂറോപ്പിലെതന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി. പല രാജാക്കന്മാർക്കും ഇവർ വൻതുകകൾ കടം നൽകിയിരുന്നു.

ഫ്രാൻസിലെയും ഇംഗ്ലണ്ടിലെയും രാജാക്കന്മാർ തങ്ങളുടെ ഔദ്യോഗിക ഖജനാവ് സൂക്ഷിക്കാൻ പാരീസിലെയും ലണ്ടനിലെയും ടെംപ്ലർ ആസ്ഥാനങ്ങളെ ഏൽപ്പിച്ചു. ഫ്രാൻസിലെ രാജാക്കന്മാരുടെ സ്വത്ത് സൂക്ഷിച്ചിരുന്നത് പാരീസിലെ 'ടെമ്പിൾ' കോട്ടയിലാണ്. യൂറോപ്പിലെ ഓരോ പ്രധാന നഗരത്തിലും ടെംപ്ലർ കേന്ദ്രങ്ങളും കോട്ടകളും സ്ഥാപിക്കപ്പെട്ടു. ഇവ ഇന്നത്തെ ബാങ്ക് ശാഖകൾ പോലെ പരസ്പരം വിവരങ്ങളും, കണക്കുകളും കൈമാറി.

മെഡിറ്ററേനിയൻ കടലിൽ ടെംപ്ലർമാർക്ക് സ്വന്തമായി വലിയ കപ്പൽ വ്യൂഹമുണ്ടായിരുന്നു. ഇത് വഴി വ്യാപാരികളുടെ ചരക്കുകളും, തീർത്ഥാടകരെയും, പണവും ഒരു രാജ്യത്തു നിന്ന് മറ്റൊന്നിലേക്ക് സുരക്ഷിതമായി എത്തിച്ചു. ഈ അതിശക്തമായ സാമ്പത്തിക വളർച്ച തന്നെയാണ് ഒടുവിൽ അവരുടെ തകർച്ചയ്ക്കും കാരണമായത്.

1187-ൽ സലാഹുദ്ദീൻ അയ്യൂബി ജെറുസലേം പിടിച്ചതോടെ ടെംപ്ലർമാരുടെ സൈനിക പ്രസക്തി കുറഞ്ഞു. ഫ്രാൻസിലെ ഫിലിപ്പ് നാലാമൻ രാജാവ് ടെംപ്ലർമാരിൽനിന്ന് വലിയ തുക കടമെടുത്തിരുന്നു. കടം വീട്ടാതിരിക്കാനും അവരുടെ ഭീമമായ സ്വത്ത് കൈക്കലാക്കാനുമായി രാജാവ് ഇവർക്കെതിരെ മതനിന്ദ, വിഗ്രഹാരാധന തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു.

1307 ഒക്ടോബർ 13, വെള്ളിയാഴ്ച, ഫിലിപ്പ് രാജാവിന്റെ ഉത്തരവുപ്രകാരം ഫ്രാൻസിലെ ഭൂരിഭാഗം ടെംപ്ലർമാരെയും ഒരേസമയം അറസ്റ്റ് ചെയ്തു ക്രൂരമായ പീഡനങ്ങൾക്കിരയാക്കി. ഇന്നും പാശ്ചാത്യ ലോകത്ത് 13 എന്ന തീയതി വരുന്ന വെള്ളിയാഴ്ചയെ നിർഭാഗ്യത്തിന്റെ ദിവസമായി കരുതുന്നതിന് പിന്നിൽ ടെംപ്ലർമാരുമായി ബന്ധപ്പെട്ട ഈ കഥയാണ്.

അറസ്റ്റ് നടന്നതിന്റെ തലേ ദിവസം രാത്രി, ഫ്രാൻസിലെ പ്രധാന ടെംപ്ലർ നാവിക തുറമുഖമായ ലാ റോഷെലിൽനിന്ന് 18 കപ്പലുകൾ അർദ്ധരാത്രിയിൽ പുറപ്പെട്ടു. പിന്നീട് ആ കപ്പലുകളെക്കുറിച്ചോ അതിലുണ്ടായിരുന്ന വൻ സ്വർണ്ണ ശേഖരത്തെക്കുറിച്ചോ ഒരു വിവരവും ലഭിച്ചില്ല. ആ കപ്പലുകൾ സ്കോട്ട്‌ലൻഡിലേക്ക് രക്ഷപ്പെട്ടെന്നും അതല്ല അമേരിക്കൻ വൻകരയിലേക്കാണ് പോയതെന്നും (കൊളംബസിനും മുൻപ്) ഉള്ള കഥകൾ ഇന്നും യൂറോപ്പിൽ സജീവമാണ്.

ക്ലെമന്റ് അഞ്ചാമൻ മാർപ്പാപ്പ 1312-ൽ ഈ സംഘടന ഔദ്യോഗികമായി പിരിച്ചുവിട്ടു. 1314-ൽ പാരീസിലെ സീൻ നദിക്കരയിലുള്ള ഒരു ചെറിയ ദ്വീപിൽവെച്ച് അവസാന ഗ്രാൻഡ് മാസ്റ്റർ ഷാക് ഡി മോലെയെ ജീവനോടെ ചുട്ടുകൊല്ലാൻ വിധിച്ചു. തീജ്വാലകൾക്കിടയിൽ നിന്നു കൊണ്ട് അദ്ദേഹം ഫിലിപ്പ് രാജാവിനെയും ഇതിന് കൂട്ടുനിന്ന ക്ലെമന്റ് അഞ്ചാമൻ മാർപ്പാപ്പയെയും ശപിച്ചു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു:
"ദൈവത്തിന്റെ മുന്നിൽ ഞാൻ നിരപരാധിയാണ്. ഒരു വർഷത്തിനകം ദൈവസന്നിധിയിൽ എനിക്ക് ഉത്തരം നൽകാൻ നിങ്ങൾ ഇരുവരും ഹാജരാകേണ്ടി വരും”.

കൃത്യം 33 ദിവസത്തിനകം ക്ലെമന്റ് മാർപ്പാപ്പ അസുഖം ബാധിച്ച് മരിച്ചു. അതേ വർഷംതന്നെ നവംബറിൽ നായാട്ടിനിടയിൽ സംഭവിച്ച ഒരു അപകടത്തിൽ ഫിലിപ്പ് നാലാമൻ രാജാവും ദുരൂഹമായി മരണപ്പെട്ടു.

നൈറ്റ്സ് ടെംപ്ലർമാരുടെ ഔദ്യോഗിക മുദ്രയിൽ ഒരൊറ്റ കുതിരപ്പുറത്ത് രണ്ട് യോദ്ധാക്കൾ ഇരിക്കുന്ന ഒരു ചിത്രമുണ്ടായിരുന്നു. തങ്ങൾ ദരിദ്രരും എളിമയുള്ളവരുമാണെന്നും സ്വന്തമായി ഓരോ കുതിരയെപ്പോലും വാങ്ങാൻ പണമില്ലാത്തവരുമാണെന്നു കാണിക്കാനാണ് ഈ ചിഹ്നം ഉപയോഗിച്ചത്. പിൽക്കാലത്ത് ഫിലിപ്പ് നാലാമൻ രാജാവ് ഇവരെ വിചാരണ ചെയ്തപ്പോൾ, ഈ ചിത്രം ഇവർക്കിടയിൽ സ്വവർഗ്ഗരതിയും ദുരൂഹമായ ആചാരങ്ങളുമുണ്ടെന്ന് ആരോപിക്കാൻ തെളിവായി ഉപയോഗിച്ചു.

ജറുസലേമിലെ സോളമന്റെ പുരാതന ദേവാലയം നിന്നിരുന്ന ടെമ്പിൾ മൗണ്ട് എന്ന സ്ഥലത്താണ് ആദ്യത്തെ 9 വർഷം ടെംപ്ലർമാർ തമ്പടിച്ചത്. അക്കാലത്ത് ഇവർ അവിടെ രഹസ്യമായി വലിയ തോതിൽ ഖനനം നടത്തിയതായി പറയപ്പെടുന്നു.

യേശുക്രിസ്തു അന്ത്യ അത്താഴത്തിന് ഉപയോഗിച്ച പാത്രമായ ‘ഹോളി ഗ്രെയിൽ’, യഹൂദരുടെ പവിത്രമായ ‘ആർക്ക് ഓഫ് ദി കവനെന്റ്’, നിഗൂഢമായ ആത്മീയ രഹസ്യങ്ങൾ ഒക്കെ ഇവർക്ക് ലഭിച്ചെന്നും അതാണ് ഇവരുടെ സമ്പത്തിനും സ്വാധീനത്തിനും കാരണമെന്നും ഉള്ള കഥകൾ ലോകമെമ്പാടും പടർന്നു.

ഫ്രാൻസിൽ 1307-ൽ ടെംപ്ലർമാർ വേട്ടയാടപ്പെട്ടപ്പോൾ, അന്നത്തെ സ്കോട്ടിഷ് രാജാവായിരുന്ന റോബർട്ട് ദി ബ്രൂസ് മാർപ്പാപ്പയുടെ വിലക്കിന് വഴങ്ങാതെ പല ടെംപ്ലർമാർക്കും സ്കോട്ട്‌ലൻഡിൽ അഭയം നൽകി. അവിടുത്തെ സിൻക്ലെയർ കുടുംബം സ്കോട്ട്‌ലൻഡിലെ ഫ്രീമേസൺമാരുടെ പരമ്പരാഗത ഗ്രാൻഡ് മാസ്റ്റർമാരായി മാറി. ടെംപ്ലർമാർ തങ്ങളുടെ രഹസ്യങ്ങളും അറിവുകളും കൈമാറിയത് സിൻക്ലെയർമാർക്കാണ് എന്നാണു പറയപ്പെടുന്നത്.

1446-ൽ വില്യം സിൻക്ലെയർ പ്രഭുവാണ് സ്കോട്ലൻഡിൽ ‘റോസ്‌ലിൻ ചാപ്പലിന്റെ’ നിർമ്മാണം ആരംഭിച്ചത്. ചാപ്പലിന് അടിയിലുള്ള നിലവറയിൽ ടെംപ്ലർമാരുടെ നിധിയും വിശുദ്ധ ഗ്രെയിലും സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. പാരമ്പര്യമായി ഈ കുടുംബത്തിലെ അംഗങ്ങളെ അടക്കം ചെയ്യുന്ന സ്ഥലമാണിത്. നിലവറ ഇതുവരെ പൂർണ്ണമായി തുറന്ന് പരിശോധിച്ചിട്ടില്ല. റോസ്‌ലിൻ ചാപ്പലിന്റെ ഉൾഭാഗത്തെ വാസ്തുവിദ്യാ ഘടന പുരാതന ജറുസലേമിലെ സോളമന്റെ ദേവാലയത്തിന്റെ അതേ അനുപാതത്തിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന് നിഗൂഢതാ ഗവേഷകർ അവകാശപ്പെടുന്നു.

ചാപ്പലിലെ മനോഹരമായ ‘അപ്രന്റീസ് പില്ലർ തൂണി’നെക്കുറിച്ച് ഒരു കഥയുണ്ട്. ചാപ്പലിന്റെ പ്രധാന ശില്പി ഇറ്റലിയിൽ പോയ സമയത്ത് അദ്ദേഹത്തിന്റെ ശിഷ്യൻ സ്വപ്നത്തിൽ കണ്ട രൂപംവെച്ച് ഈ തൂൺ കൊത്തിയെടുത്തു. തിരിച്ചെത്തിയ ശില്പി ശിഷ്യന്റെ അസാധാരണ കഴിവിലുള്ള അസൂയ മൂലം അവനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു.

കൊളംബസ് 1492-ൽ അമേരിക്ക കണ്ടെത്തുന്നതിന് പതിറ്റാണ്ടുകൾക്ക് മുൻപ് പൂർത്തിയായ ഈ ചാപ്പലിൽ, അമേരിക്കയിൽ മാത്രം കണ്ടിരുന്ന ചോളത്തിന്റെയും കറ്റാർവാഴയുടെയും കൊത്തുപണികളുണ്ട്. ടെംപ്ലർമാർ യൂറോപ്പിൽനിന്ന് രക്ഷപ്പെട്ട് കൊളംബസിന് മുൻപേ അമേരിക്കയിൽ എത്തിയിരുന്നു എന്ന സിദ്ധാന്തത്തെ പിന്തുണയ്ക്കാനാണ് ഈ റഫറൻസ് പലപ്പോഴും ഉപയോഗിക്കുന്നത്. മിനസോട്ടയിൽ കണ്ടെത്തിയ കെൻസിംഗ്ടൺ റൂൺസ്റ്റോൺ, കൊളംബസിന്റെ കപ്പലുകളിൽ പറന്ന ടെംപ്ലർ കുരിശടയാളമുള്ള കൊടികൾ എന്നിവയെ മുൻനിർത്തി പല ഗൂഡാലോചനാ സിദ്ധാന്തങ്ങളും നിലവിലുണ്ട്.

പക്ഷെ, 1312-ൽ ടെംപ്ലർ സംഘടന പിരിച്ചുവിട്ട് ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞാണ് 1446-ൽ റോസ്‌ലിൻ ചാപ്പലിന്റെ പണി തുടങ്ങുന്നത്. ചാപ്പലിലെ കൊത്തുപണികൾ ഗോഥിക് ശൈലിയിലുള്ള ക്രിസ്ത്യൻ, സെൽറ്റിക്, പേഗൻ പ്രതീകങ്ങളുടെ സങ്കലനമാണെന്നും ചോളമെന്ന് കരുതപ്പെടുന്നവ ഗോതമ്പോ മറ്റ് യൂറോപ്യൻ സസ്യങ്ങളോ ആകാമെന്ന് ചില ചരിത്രകാർ ചൂണ്ടിക്കാണിക്കുന്നു.

ഫ്രീമേസൺറി പോലുള്ള രഹസ്യ സംഘടനകൾ ഇവരുടെ പിന്തുടർച്ചക്കാരാണെന്ന വാദങ്ങളുണ്ടായി. 1982-ൽ പ്രസിദ്ധീകരിച്ച ‘ദി ഹോളി ബ്ലഡ് ആൻഡ് ദി ഹോളി ഗ്രെയിൽ’ എന്ന പുസ്തകം വിവാദങ്ങളുണ്ടാക്കി. ഡാൻ ബ്രൗൺ ‘ഡാവിഞ്ചി കോഡ്’ എഴുതാൻ ആശ്രയിച്ചത് ഈ പുസ്തകത്തെയാണ്. ബ്രിട്ടീഷ് മാധ്യമ പ്രവർത്തകരും എഴുത്തുകാരുമായ മൈക്കൽ ബെയ്ജന്റ് റിച്ചാർഡ് ലീ, ഹെൻറി ലിങ്കൺ എന്നിവർ ചേർന്നാണ് ഈ പുസ്തകം രചിച്ചത്. ബിബിസിക്ക് വേണ്ടി തെക്കൻ ഫ്രാൻസിലെ റെൻ-ലെ-ഷാറ്റോ രഹസ്യങ്ങളെക്കുറിച്ച് ഡോക്യുമെന്ററികൾ തയ്യാറാക്കുന്നതിനിടയിൽ ലഭിച്ച വിവരങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. പുസ്തകത്തിൽ പറയുന്ന വാദങ്ങളെ വെറും കോൺസ്പിരസി തിയറികൾ എന്ന് പറഞ്ഞു തള്ളിക്കളയുന്നവരുണ്ട്.

2006-ൽ തങ്ങളുടെ പുസ്തകത്തിലെ കാതലായ ഗവേഷണങ്ങളും ആശയങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് മൈക്കൽ ബെയ്ജന്റും റിച്ചാർഡ് ലീയും ചേർന്ന് ഡാൻ ബ്രൗണിന്റെ പ്രസാധകരായ റാൻഡം ഹൗസിനെതിരെ ലണ്ടൻ ഹൈക്കോടതിയിൽ പകർപ്പവകാശ ലംഘനത്തിന് കേസ് കൊടുത്തു. എന്നാൽ, ചരിത്രപരമായ ആശയങ്ങൾക്കും സിദ്ധാന്തങ്ങൾക്കും പകർപ്പവകാശം ബാധകമല്ലെന്നും ഒരു നോവലിൽ ചരിത്രസങ്കല്പങ്ങൾ ഉപയോഗിക്കാൻ എഴുത്തുകാരന് അവകാശമുണ്ടെന്നും കോടതി വിധിച്ചു.

യേശുവിന്റെ രക്തപരമ്പരയെയും അവരുടെ ചരിത്രരേഖകളെയും സംരക്ഷിക്കാനായി 1099-ൽ സ്ഥാപിതമായ അതീവ രഹസ്യ സംഘടനയാണ് ഡാൻ ബ്രൗൺ പറയുന്ന ‘പ്രയോറി ഓഫ് സിയോൺ.’ നൈറ്റ്സ് ടെംപ്ലർമാർ ഈ സംഘടനയുടെ സൈനിക വിഭാഗമായിരുന്നു എന്നാണ് ഗൂഢാലോചനാ സിദ്ധാന്തം. ലിയനാർഡോ ഡാ വിഞ്ചി, സർ ഐസക് ന്യൂട്ടൺ, വിക്ടർ ഹ്യൂഗോ തുടങ്ങിയ പ്രമുഖർ പിൽക്കാലത്ത് ഈ പ്രയോറിയുടെ ഗ്രാൻഡ് മാസ്റ്റർമാരായിരുന്നു.

ആധുനിക നിഗൂഡ സിദ്ധാന്തക്കാർ പറയുന്നത് തീർത്ഥാടക സംരക്ഷണം എന്നത് നൈറ്റ്സ് ടെംപ്ലർമാരുടെ ഒരു മറ മാത്രമായിരുന്നു എന്നാണ്. അവരുടെ യഥാർത്ഥ ലക്ഷ്യം പുരാതനമായ അറ്റ്ലാന്റിസ് നാഗരികതയുടെ സാങ്കേതികവിദ്യകളും നിഗൂഢ അറിവുകളും കണ്ടെത്തുക എന്നതായിരുന്നു.

കോൺസ്റ്റാന്റിനോപ്പിളിൽ (ഇന്നത്തെ ഇസ്താംബുൾ) വെച്ച് നൈറ്റ്സ് ടെംപ്ലർ സ്‌ഥാപകനായ ഹ്യൂഗ്സ് ഡി പെയ്ൻസ് 'ബ്രദേഴ്സ് ഓഫ് ദി ഈസ്റ്റ്' എന്നൊരു രഹസ്യ സന്യാസി വിഭാഗത്തെ കണ്ടുമുട്ടിയതായി പറയുന്നു. ഭൂമിയിൽ മുൻപ് നിലനിന്നിരുന്ന പ്രകൃതിയെയും കാലാവസ്ഥയെയും നിയന്ത്രിക്കാനും ടെലിപ്പതിയിലൂടെയും ലെവിറ്റേഷനിലൂടെയും വൻ നിർമ്മിതികൾ നടത്താനും കഴിവുണ്ടായിരുന്ന അറ്റ്ലാന്റിസ് നാഗരികതയെക്കുറിച്ച് അവർ അദ്ദേഹത്തിന് പറഞ്ഞു കൊടുക്കുന്നു.

ഒരു മഹാപ്രളയത്തിൽ അറ്റ്ലാന്റിസ് നശിച്ചപ്പോൾ, അവരുടെ ചില അമൂല്യവസ്തുക്കളും രേഖകളും ജെറുസലേമിലെ സോളമന്റെ ക്ഷേത്രം നിന്നിരുന്ന ടെമ്പിൾ മൗണ്ടിന്റെ അടിയിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നും അത് കണ്ടെത്തി സൂക്ഷിക്കണമെന്നും സന്യാസിമാർ പെയിൻസിനെ പറഞ്ഞു ഏൽപ്പിച്ചു. സോളമന്റെ ദേവാലയത്തിന് കീഴിൽ ഖനനം നടത്തിയ ടെംപ്ലർമാർക്ക് സ്വർണ്ണത്തിൽ തീർത്ത Ark of the Covenant മാത്രമല്ല, അത്തരം മറ്റ് 5 ആർക്കുകൾ കൂടി ലഭിച്ചതായി പറയപ്പെടുന്നു.

ഈ ആർക്കുകൾ ഈജിപ്തിലെ ഗിസ പിരമിഡുകളുമായി ബന്ധിപ്പിച്ച് ലോകത്തിന് അനന്തമായ ഊർജ്ജം നൽകുന്ന സാങ്കേതിക ഉപകരണങ്ങളായിരുന്നുവെന്നും ഇതിൽ സൂപ്പർ കണ്ടക്ടറായി പ്രവർത്തിച്ചിരുന്നത് ബൈബിളിൽ പരാമർശിക്കുന്ന 'മന്ന' / Monatomic Gold ആണെന്നും കോൺസ്പിരസി തിയറിസ്റ്റുകൾ വാദിക്കുന്നു. കൂടാതെ എമറാൾഡ് ടാബ്‌ലെറ്റ്, അന്നുനാക്കി വംശത്തെക്കുറിച്ചുള്ള പുരാതന രേഖകൾ എന്നിവയും അവർക്ക് ലഭിച്ചതായി പറയുന്നു.

യേശു ക്രിസ്തു, മഗ്ദലന മറിയം, സ്നാപക യോഹന്നാൻ എന്നിവരുടെയും അവരുടെ കുട്ടികളുടെയും അസ്ഥികൾ അടങ്ങിയ ഒരു കല്ലറ ടെംപ്ലർമാർ കണ്ടെത്തിയെന്നും ഇതോടെ ബാഹ്യമായ കത്തോലിക്കാ ആചാരങ്ങൾക്കപ്പുറം ആന്തരികമായ ദൈവത്തെ തേടുന്ന ഗ്നോസ്റ്റിസിസത്തിലേക്ക് അവർ രഹസ്യമായി മാറിയെന്നും പറയപ്പെടുന്നു.

യാഥാർത്ഥ്യങ്ങൾക്കും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കും ഇടയിലുള്ള അതിർവരമ്പിലാണ് ചരിത്രത്തിൽ നൈറ്റ്സ് ടെംപ്ലർമാരുടെ സ്ഥാനം. പീഡനങ്ങളുടെയും ഗൂഢാലോചനകളുടെയും കനലിൽ ഒടുങ്ങിയെങ്കിലും, ചോദ്യങ്ങൾ ബാക്കി വെക്കുന്ന നിഗൂഢതയായി ടെംപ്ലർമാരുടെ ഓർമ്മകൾ ഇന്നും നിലനിൽക്കുന്നു. ആ ഓർമ്മകളാണ് ‘അസാസിൻസ് ക്രീഡ്’ എന്ന് ഈ ഗെയിം ഭ്രാന്തർക്ക് അറിയുമോ?