'ഞാൻ ആരാണ്' എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഉപനിഷത്തുകളിൽ ഏറ്റവുമധികം മുഴച്ചുനിൽക്കുന്നത്. ദാർശനികമായി ചിന്തിക്കാൻ തുടങ്ങിയകാലം മുതലേ മനുഷ്യന്റെ ഉള്ളിൽ മുഴങ്ങിയ ചോദ്യം. ഒരുപക്ഷേ ഇങ്ങനെ ചിന്തിക്കാൻ കഴിയുന്ന ഏക ജീവിയും മനുഷ്യൻ തന്നെ. 'കോഹം'(ആരാണ് ഞാൻ) എന്ന ചോദ്യത്തിന് അഹം ബ്രഹ്‌മാസ്മി, നേതിനേതി, തത്വമസി, അയമാത്മാ ബ്രഹ്‌മ..... തുടങ്ങി തത്വജ്ഞാനത്തിന്റെ വഴുവഴുപ്പുള്ള ഉത്തരങ്ങൾ ഏറെയാണ്. എന്നാൽ ഇന്ന് നമുക്ക് ഇത്തരം വഴുക്കൻ വാദങ്ങൾക്കപ്പുറമുള്ള സത്യമറിയാം. ആ ഉത്തരം ഒറ്റവാക്യത്തിൽ പറഞ്ഞാൽ, 'ഞാൻ എന്റെ തലച്ചോറാണ്' എന്നതാണ് പെട്ടെന്ന് വിശ്വസിക്കാൻ പ്രയാസമാണെങ്കിലും സത്യം അതുതന്നെയാണ്.

To advertise here,

ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമെന്ത് എന്ന് ചോദിച്ചാൽ അത് മനുഷ്യന്റെ തലച്ചോറാണ് എന്ന് പറയാൻ മടിക്കേണ്ട. 90 ഓളം ബില്യൻ ന്യൂറോണുകൾ കെട്ടുപിണഞ്ഞ വിചിത്രാവയവം. ഒരു ബില്യൻ എന്നാൽ നൂറുകോടിയാണെന്നോർക്കണം. ശരീരത്തിന്റെ രണ്ടുശതമാനം മാത്രം ഭാരമുള്ള ഈ അവയവമാണ് 20 ശതമാനത്തോളം ഊർജം ഉപയോഗിക്കുന്നത്. വേദനയറിയാത്ത ഈ കുഞ്ഞൻ അവയവമാണ് മനുഷ്യന് താൻ മനുഷ്യനാണെന്ന തോന്നലുണ്ടാക്കുന്നത്. അതിനുണ്ടാവുന്ന ചെറിയ പരിക്കുകൾ, നാഡീബന്ധങ്ങളിലെ കുരുക്കുകൾ, രാസക്കൂട്ടുകളിലെ ക്രമക്കേടുകൾ എന്നിവയെല്ലാം അവിശ്വസനീയമായ മാനസികാവസ്ഥകളുണ്ടാക്കും. അത്തരം സങ്കീർണതകളാണ്, ഒരാൾക്ക് താൻ ദൈവമാണെന്നും ദൈവദൂതനാണെന്നും തോന്നിക്കുന്നത്. മരിച്ചുപോയവരുമായി ബന്ധംപുലർത്തുന്നുവെന്ന് കരുതുന്നത്, അദൃശ്യശക്തികളുമായി ബന്ധമുണ്ടെന്ന് ചിന്തിക്കുന്നത്, മരിച്ചശേഷം തിരിച്ചുവന്നെന്ന് വിശ്വസിക്കുന്നത്.... എല്ലാം തലയോട്ടിക്കുള്ളിലെ ഈ 1400 ഗ്രാം കൊഴുപ്പിന്റെ മായാജാലങ്ങളാണ്. തലച്ചോറിന്റെ അത്യത്ഭുതകരമായ ഈ മായാവിനോദങ്ങളെക്കുറിച്ചറിഞ്ഞാൽ നമ്മൾ ഉറപ്പിച്ചുപറയും-അതെ, ഈ തലച്ചോറല്ലാതെ മറ്റൊന്നുമല്ല ഞാൻ.

ദേവദൂതരുണ്ടാകുന്നൂ തലച്ചോറിൽ നിന്ന്...

സ്‌കിസോഫ്രീനിയ (Schizophrenia) എന്ന മാനസികപ്രശ്നമില്ലായിരുന്നെങ്കിൽ ലോകത്ത് ദേവദൂതൻമാരോ ആൾദൈവങ്ങളോ ഉണ്ടാവുമായിരുന്നില്ല എന്നതാണ് സത്യം. യാഥാർഥ്യവും ഭാവനയും തമ്മിലുള്ള വിടവ് തിരിച്ചറിയാൻ കഴിയാതിരിക്കുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. അതുകൊണ്ടുതന്നെ വിഭ്രാന്തികളും മിഥ്യാനുഭവങ്ങളും ചിന്താക്കുഴപ്പങ്ങളും ഇക്കൂട്ടർക്ക് ഉണ്ടായിക്കൊണ്ടേയിരിക്കും. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് തോന്നുക, ആരോ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് തോന്നുക, മറ്റാരും കേൾക്കാത്ത ശബ്ദങ്ങൾ കേൾക്കുക, ഇല്ലാത്ത കാഴ്ചകൾ കാണുക, സ്വന്തം തലയ്ക്കുള്ളിൽ ആരോ സംസാരിക്കുന്നതായി തോന്നുക.. ഇതെല്ലാം ഒരു സ്‌കിസോഫ്രീനിയ രോഗിയുടെ ലക്ഷണങ്ങളാണ്. ചിലർക്ക് താൻ ഒരു പരമശക്തിയുടേയോ ദൈവത്തിന്റേയോ പ്രതിനിധിയാണെന്ന തോന്നലുണ്ടാവും. ഇതിനെയാണ് 'ഗ്രാൻഡിയോസ് ഡെല്യൂഷൻ'(Grandiose Delusion) എന്നു പറയുക. ദൈവവുമായി നിരന്തരം സംസാരിക്കുന്നതായി ഇക്കൂട്ടർ പറയും. ഈ അസുഖത്തിന് പല കാരണങ്ങളുണ്ട്. ടെമ്പറൽ ലോബിൽ വിള്ളലുള്ള രോഗികൾ തങ്ങൾക്ക് ദൈവത്തെ അനുഭവിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്നതായി പ്രശസ്ത ന്യൂറോ സയന്റിസ്റ്റ് ഡോ.വി.എസ്.രാമചന്ദ്രൻ പറയുന്നു. ജനിതക കാരണങ്ങൾ, തലച്ചോറിലെ സന്ദേശവാഹകരായ ഡോപ്പമിൻ, സിറോടോണിൻ, ഗ്ലൂട്ടാമേറ്റ്, തുടങ്ങിയ രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിൽ , ലഹരിമരുന്നുകളുടെ ഉപയോഗം, അമിതമായ മാനസിക സമ്മർദം എന്നിവയെല്ലാം സ്‌കിസോഫ്രീനിയയ്ക്ക് കാരണമാവുമെന്നാണ് പറയുന്നത്. ഇന്ന് ഇതിന് ശാസ്ത്രീയമായ ചികിത്സയുണ്ട്. അതായത്, ഒരു ആൾദൈവത്തെ നന്നായി ചികിത്സിച്ചാൽ മനുഷ്യനാക്കിമാറ്റാം എന്നർഥം.

ഇല്ലാത്ത കൈകളിൽ ചൊറിച്ചിൽ, വേദന..

തമിഴ്നാട്ടുകാരനും ലോകപ്രശസ്ത നാഡീശാസ്ത്രജ്ഞനുമായ ഡോ.വിളയന്നൂർ സുബ്രഹ്‌മണ്യൻ രാമചന്ദ്രൻ എന്ന വി.എസ്.രാമചന്ദ്രൻ നടത്തിയ ഗവേഷണങ്ങൾ ഈ വിഷയത്തിൽ ഏറെ സുപ്രധാനമായ വിവരങ്ങൾ നമുക്ക് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ Phantoms in the brain, Tell tale brain എന്നീ പുസ്തകങ്ങളിൽ അവ വിവരിക്കുന്നു. അതിനെ അടിസ്ഥാനമാക്കി തലച്ചോർ ഉണ്ടാക്കുന്ന ചില വിചിത്രാനുഭവങ്ങൾ പരിശോധിക്കാം.

കൈ തോളിന് താഴെ മുറിഞ്ഞുപോയ ഒരാൾക്ക് ആ കൈയിൽ വേദന വരുമോ? ഇല്ലാത്ത കൈയിൽ ആരെങ്കിലും തലോടുന്നതായി തോന്നുമോ? ഇല്ലെന്ന് പറയാൻ വരട്ടെ. ഇതൊക്കെ സാധ്യമാണ്. ഡോ.വി.എസ്.രാമചന്ദ്രൻ ഹംഫ്രി എന്നൊരു രോഗിയെപ്പറ്റി പറയുന്നുണ്ട്. ഗൾഫ് യുദ്ധത്തിൽ ഒരു കൈ നഷ്ടപ്പെട്ട ഹംഫ്രിക്ക് ഈ പ്രശ്നമുണ്ടായിരുന്നു. മുഖത്ത് തൊട്ടാൽ അയാൾക്ക് നഷ്ടപ്പെട്ട കൈയിൽ ചില അനുഭൂതികളുണ്ടാവുമായിരുന്നു. മായിക കരാനുഭൂതി എന്നൊക്കെ വിളിക്കാവുന്ന അവസ്ഥ. ഒരിക്കൽ രാമചന്ദ്രൻ വ്യത്യസ്തമായ ഒരു പരീക്ഷണം നടത്തി. ജൂലി എന്ന വിദ്യാർഥിനിയെ നോക്കിക്കൊണ്ടിരിക്കാൻ ഹംഫ്രിയോട് പറഞ്ഞു. രാമചന്ദ്രൻ ജൂലിയുടെ കൈയിൽ തൊടുകയും തലോടുകയുമെല്ലാം ചെയ്തു. അത്ഭുതം, അതെല്ലാം തന്റെ നഷ്ടപ്പെട്ട കൈയിൽ ചെയ്യുന്നതുപോലെ ഹംഫ്രിക്ക് അനുഭവപ്പെട്ടു. ഹംഫ്രിയുടെ ദർപ്പണനാഡീകോശങ്ങൾ (Mirror Neurons) ഉണർന്നുതന്നെ ഇരിക്കുന്നതിന്റേയും ഉദ്ദീപിക്കപ്പെടുന്നതിന്റേയും ഫലമാണിതെന്ന് രാമചന്ദ്രൻ പറയുന്നു. മുറിഞ്ഞുപോയ കൈഭാഗത്ത് കടുത്ത വേദനയനുഭവിക്കുന്ന അവസ്ഥ ചിലർക്കുണ്ടാവാറുണ്ട്. ഇതാണ് മായികകര വേദന (ഫാന്റം ലിംപ് പെയിൻ). ഡോക്ടർമാർ വലിയ പ്രതിസന്ധിയിലാവുന്ന അവസ്ഥയാണിത്. വേദനയുള്ള ശരീരഭാഗം യാഥാർഥ്യമാണെങ്കിലല്ലേ ചികിത്സയ്ക്ക് സാധ്യതയുള്ളൂ. കൈ പോയാലും കൈയിന്റെ രൂപരേഖ തലച്ചോറിൽ പതിഞ്ഞുകിടക്കുന്നു. അത് അതിന്റെ പണി ചെയ്തുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായാണ് ഈ വേദനയും അസ്വസ്ഥതകളുമുണ്ടാകുന്നത്. ആ കൈ ഇല്ലെന്ന് തലച്ചോറിനെ പഠിപ്പിക്കുന്നതോടെയോ അല്ലെങ്കിൽ ഉള്ള കൈയിന്റെ ചലനം കൊണ്ട് തലച്ചോറിനെ കബളിപ്പിക്കുമ്പോഴോ ആ പ്രശ്നം പരിഹരിക്കപ്പെടുന്നു. അതിന് അദ്ദേഹം കണ്ടെത്തിയതാണ് കണ്ണാടിപരീക്ഷണം.

ശരീരത്തിൽ നിന്ന് പുറത്തുവരുന്ന ആത്മാവ്..

ലോകത്തെങ്ങും ഏറെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുള്ള ഒരു മസ്തിഷ്‌കപ്രശ്നമാണിത്. Out of boady experience എന്നുപറയുന്ന ശരീരബാഹ്യാനുഭവം. താൻ ശരീരത്തിൽ നിന്ന് പുറത്തുവന്ന് തന്റെ ശരീരത്തെയും തൊട്ടടുത്തുള്ളവരേയും കാണുന്നു എന്ന തോന്നൽ, തന്റെ ശരീരത്തിനൊപ്പം തന്നെപ്പോലുള്ള മറ്റൊരു ശരീരമുള്ളതായി തോന്നൽ, തന്റെ അനുമതിയില്ലാതെ തന്റെ ശരീരം എന്തൊക്കെയോ ചെയ്യുന്നു എന്ന തോന്നൽ... എല്ലാം ഈ അവസ്ഥകാരണമുണ്ടാവും. ഇതെല്ലാം തോന്നൽ മാത്രമാണ് എന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തൽ വലിയ ബുദ്ധിമുട്ടാണ്. പലരും ഇത് യാഥാർഥ്യമാണെന്ന് കരുതുന്നവരാണ്.

തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹത്തിന് തടസ്സംവരുമ്പോൾ ഉണ്ടാകാനിടയുള്ള മതിഭ്രമങ്ങളിലൊന്നാണ് ഈ ശരീരബാഹ്യാനുഭവം. ദർപ്പണനാഡീകോശങ്ങളെ നിയന്ത്രിക്കുന്ന നിരോധന സംവിധാനങ്ങളിലെ തകരാർ കൊണ്ടാണ് ഈയവസ്ഥയുണ്ടാവുന്നത്. അപകടങ്ങൾ, ശ്വസനനിയന്ത്രണം ഒക്കെ ഇതിന് കാരണമാവും. തലച്ചോറിലെ വലത് പരൈറ്റൽ ഭാഗങ്ങളിലെ തകരാർ, കെറ്റാമിൻ പോലുള്ള മരുന്നുകൾ, അനസ്തേഷ്യ എന്നിവയും ഇതിന് കാരണമാവാറുണ്ട്.

മുഖം തിരിച്ചറിയില്ല, പൂവും കായും തിരിച്ചറിയില്ല...

കൗതുകത്തോടൊപ്പം ഏറെ സങ്കടകരമായ മറ്റൊരനുഭവം ഡോ.രാമചന്ദ്രൻ പറയുന്നുണ്ട്. 1988-ൽ ഇംഗ്ലണ്ടിലെ ഒരാശുപത്രിയിൽ അപ്പെൻഡിക്സിന് ശസ്ത്രക്രിയ കഴിഞ്ഞ ജോൺ എന്ന പൈലറ്റിന് സെറിബ്രൽ ആർട്ടറിയിൽ ഒരു തടസ്സം കാരണം മസ്തിഷ്‌കാഘാതമുണ്ടായി. അതിന്റെ ഭാഗമായി സംഭവിച്ചത് സ്വന്തം ഭാര്യയുടെ മുഖം തിരിച്ചറിയാൻ കഴിയാതായതാണ്. എന്നാൽ ശബ്ദം കേട്ടാൽ മനസ്സിലാവും. പല്ലുതേക്കുന്ന ബ്രഷ് കണ്ടാൽ അത് നാരുകളുള്ള ഒരു സാധനമാണെന്ന് മനസ്സിലാവും, എന്നാൽ ബ്രഷാണെന്ന് മനസ്സിലാവില്ല. ആടിനെ കണ്ടാൽ ഒരു മൃഗമാണെന്നറിയാം, കൂടുതലൊന്നും അറിയില്ല. വണ്ടിയോടിക്കും, പക്ഷേ ഓടിക്കുന്നത് ഏത് വണ്ടിയാണെന്ന് മനസ്സിലാവില്ല. കാപ്പിയിൽ ക്രീമിന് പകരം മയണൈസ് ഒഴിക്കും. പൂവും കായുംതമ്മിലുള്ള വ്യത്യാസം മനസ്സിലാവില്ല. അങ്ങനെ ഏറെ സങ്കീർണമായ ഈ അവസ്ഥക്ക് അഗ്‌നോസിയ (Agnosia) എന്നാണ് പേർ.

ദൃശ്യവിവരങ്ങളിൽ നിന്ന് തിരിച്ചറിവ്, ഓർമ, വികാരം എന്നിവ ഉദ്ദീപിപ്പിക്കുന്ന ഫ്യൂസിഫോം ജൈറസുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. രോഗി എല്ലാം കാണുന്നു, എന്നാൽ പലതും അറിയുന്നില്ല എന്നതാണ് അഗ്‌നോസിയ എന്ന വാക്കിന്റെ അർത്ഥം. ഈ പേരിട്ടത് സിഗ്മണ്ട് ഫ്രോയിഡ് ആണത്രെ.

ഭാര്യയെ വേറൊരാളായി തോന്നുന്നു...

ഏറെ അപകടം പിടിച്ചതും അതോടൊപ്പം ഏറെ സാധ്യതകളുള്ളതുമായ ഒരു മാനസികപ്രശ്നമായിട്ടാണ് അൽപം തമാശയോടെ ഡോ.രാമചന്ദ്രൻ തന്നെ ഈയവസ്ഥയെ വിവരിക്കുന്നത്. ഒരാളെ വേറൊരാളായി തോന്നുന്ന ഈ അവസ്ഥക്ക് ക്യാപ്പ് ഗ്രാസ് സിൻഡ്രം (Capgras Syndrome) എന്നാണ് പേര്. ഇംഗ്ലണ്ടിൽ വാഹനാപകടത്തിൽ പെട്ട ഒരു വ്യക്തിക്ക് ഈയവസ്ഥയുണ്ടായപ്പോൾ തന്റെ സഹായം തേടിയതായി അദ്ദേഹം പറയുന്നു. തന്റെ ഭാര്യയെ വേറൊരാളായി തോന്നുന്നു എന്നതായിരുന്നു ആ രോഗിയുടെ പ്രശ്നം. 'അങ്ങനെയെങ്കിൽ ഭാര്യയെ ആജീവനാന്തം മടുക്കാതിരിക്കില്ലേ' എന്നാണ് അദ്ദേഹം കുസൃതിയോടെ ചോദിക്കുന്നത്.

കാറപകടത്തിൽ പെട്ട ഡേവിഡ് എന്ന രോഗി രണ്ടാഴ്ചത്തെ അബോധാവസ്ഥക്ക് ശേഷം തന്റെ അമ്മയെ കണ്ടപ്പോൾ, എന്റെ അമ്മയെപ്പോലെ തോന്നുന്നു, എന്നാൽ അമ്മയല്ല എന്നാണ് പറഞ്ഞത്. അച്ഛനെക്കുറിച്ചും അദ്ദേഹത്തിന്റെ തോന്നൽ ഇതുതന്നെയായിരുന്നു. തിരിച്ചറിയുന്നതിനേക്കാൾ അവയോടുള്ള വൈകാരികമായ പ്രതികരണത്തിൽ ഉണ്ടാകുന്ന അപാകമാണ് ഇതിന് കാരണം.

സ്പർശിച്ച് രുചിയറിയും, പാട്ടിന് നീലനിറം..

താനനുഭവിച്ച മറ്റൊരു പ്രതിസന്ധിയെക്കുറിച്ച് ഡോ.രാമചന്ദ്രൻ പറയുന്നുണ്ട്. അത് സിനസ്തേഷ്യ(Synesthesia) എന്ന അവസ്ഥയെക്കുറിച്ചുള്ള പഠനസമയത്താണ്. കോട്ടൺ തുണി കാണുമ്പോൾ അങ്ങേയറ്റം വിഷാദം തോന്നുന്നയാൾ, മെഴുക് കാണുമ്പോൾ കടുത്ത സങ്കടം തോന്നുന്നയാൾ, സാൻഡ് പേപ്പർ കാണുമ്പോൾ കുറ്റബോധം തോന്നുന്നയാൾ, പിയാനോയിൽ സംഗീതം വായിക്കുമ്പോൾ നീലനിറം അനുഭവിക്കുന്നയാൾ.... അങ്ങനെ അതീവ വിചിത്രമായ അനുഭവങ്ങൾ ഉണ്ടാവുന്ന അവസ്ഥയാണിത്. മറ്റൊരുതരത്തിലുള്ള മാനസിക-ശാരീരിക പ്രശ്നങ്ങളും ഇവർക്കൊന്നും ഉണ്ടാവില്ലതാനും. ഇതിനൊക്കെ പിന്നിൽ മസ്തിഷ്‌കത്തിന്റെ ചില അവസ്ഥകളാണ്. ഗ്രഹാന്തരജീവികളുമായുള്ള ബന്ധം, മരിച്ചവരുമായുള്ള ബന്ധം, പ്രേതത്തെ കാണൽ, ടെലിപ്പതി, കോൾഡ് ഫ്യൂഷൻ തുടങ്ങിയ എല്ലാ തോന്നലുകളും ഇതുപോലെ മസ്തിഷ്‌കത്തിലെ വ്യാജസന്ദേശങ്ങളുടെ ഫലംതന്നെ. അക്കങ്ങൾക്ക് വ്യത്യസ്ത നിറം അനുഭവപ്പെടുക, ഓരോ രൂപഘടനയിൽ സ്പർശിക്കുമ്പോഴും ഓരോ വൈകാരികാനുഭവമുണ്ടാവുക ഇതൊക്കെ ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്. ലോകത്ത് ദശലക്ഷക്കണക്കിന് സിനസ്തെറ്റുകളുണ്ടത്രെ. വ്യത്യസ്തമായ ഒരുപാട് തരം സിനസ്ത്യേഷ്യകളുമുണ്ട്. വസ്തുക്കളെ സ്പർശിച്ച് രുചി അറിയാൻ കഴിയുന്നവർ പോലും ഇക്കൂട്ടരിലുണ്ട്.

വലിയൊരു വിഭാഗം കലാകാരൻമാരിലും സർഗശേഷിയുള്ളവരിലും സിനസ്തേഷ്യയുടെ അംശംകാണുന്നുണ്ടെന്ന സർവെഫലത്തെക്കുറിച്ച് ഡോ.രാമചന്ദ്രൻ പറയുന്നു. പ്രത്യക്ഷത്തിൽ ബന്ധമില്ലെന്ന് തോന്നുന്ന വാക്കുകൾ, സൂചകങ്ങൾ, കാഴ്ചകൾ എന്നിവയിലെ ബന്ധങ്ങളെ തിരിച്ചറിയാൻ അവർക്ക് പ്രത്യേക ശേഷിയുണ്ടാവും. അങ്ങനെ മികച്ച രൂപകങ്ങളും ഭാവനയും പ്രയോഗങ്ങളും അവർക്ക് സൃഷ്ടിക്കാനാകും. അതുകൊണ്ടൊക്കെ മിക്ക സിനസ്തെറ്റുകളും ഈ പ്രശ്നം ചികിത്സിച്ച് മാറ്റാതെ ആസ്വദിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സിനസ്തേഷ്യ പാരമ്പര്യമായ ഒരു പ്രശ്നമാണെന്ന് ഗാൾട്ടൻ എന്ന ഗവേഷകൻ കണ്ടെത്തിയിട്ടുണ്ട്. ക്രമരഹിതമായ നാഡീബന്ധങ്ങളുടെ ഫലമാണിത്. വിഷാദത്തിനെതിരായ ചില മരുന്നുകൾ സിനസ്തേഷ്യയെ ഇല്ലാതാക്കുന്നുണ്ട്.

ജനനേന്ദ്രിയം ഇല്ലാതാവുന്നു, ചിലർക്ക് വലുതാകുന്നു...

ഏറെ വിചിത്രമായ മറ്റൊരു മാനസികപ്രശ്നമാണിത്. കോറോ( Koro) എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രശ്നം ഇന്ത്യ, ചൈന, മലേഷ്യ, സിംഗപ്പുർ തുടങ്ങി ഒട്ടേറേ രാജ്യങ്ങളിൽ കണ്ടിട്ടുണ്ട്. തന്റെ ജനനേന്ദ്രിയം ചുരുങ്ങിച്ചുരുങ്ങി ശരീരത്തിനകത്തേക്ക് കയറി പൂർണമായും ഇല്ലാതാവുന്നതായ തോന്നലാണ് പ്രധാനമായി ഉണ്ടാവുന്നത്. വൈകാതെ മരിക്കുമെന്ന ഭയവുമുണ്ടാവും. ഏഷ്യയിലാണ് ഈ രോഗം കൂടുതലും കാണുന്നത്. ജനനേന്ദ്രിയത്തിൽ ഭാരം തൂക്കിയും ക്ലിപ്പിട്ടുമെല്ലാം അവർ ഇതിനെ മറികടക്കാൻ ശ്രമിക്കും. കുടുംബാംഗങ്ങളെ സഹായത്തിന് വിളിക്കുന്നവരുമുണ്ട്. പ്രായമായ കൊക്കേഷൻ വംശജരിൽ ഇതിന്റെ നേരേ വിപരീതമാണ് അവസ്ഥ. അവരുടെ ജനനേന്ദ്രിയം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതായാണ് തോന്നൽ. ഒരുതരം 'മാസ് സൈക്കോജനിക് ഇൽനസ്' ആയാണ് ഇത്തരം മാനസികാവസ്ഥകളെ പരിഗണിക്കുന്നത്. മസ്തിഷ്‌കത്തിന്റെ വലത് സുപ്പീരിയർ പരൈറ്റൽ ലോബ്യൂളിലെ ശരീര സങ്കൽപകേന്ദ്രത്തിൽ ജനനേന്ദ്രിയത്തിന്റെ പ്രാതിനിധ്യം കുറയുന്നതിനനുസരിച്ച് ഇത്തരം പ്രശ്നങ്ങളുണ്ടാവാമെന്നാണ് ഡോ.രാമചന്ദ്രൻ പറയുന്നത്.

തലച്ചോർ എന്ന മാന്ത്രികാവയവമുണ്ടാക്കുന്ന അത്ഭുതങ്ങളിൽ ചിലത് മാത്രമാണ് വിവരിച്ചത്. മതങ്ങളേയും ദൈവങ്ങളേയും അവരെപ്പറ്റിയുള്ള ആയിരക്കണക്കിന് കഥകളേയും സൃഷ്ടിച്ച അപാര ഭാവനാശാലിയാണ് തലച്ചോർ. മനുഷ്യശരീരത്തിലെ 'യഥാർഥ' അവയവം അതുതന്നെ, ബാക്കിയെല്ലാം അതിന്റെ സഹായികൾ മാത്രം. അതുകൊണ്ടുതന്നെ നമ്മൾ ഓർക്കേണ്ടത്, ഞാൻ എന്നാൽ ഈ ഭൗതികശരീരമോ, സാങ്കൽപികമായ ആത്മീയശരീരമോ അല്ല, തലയോട്ടിക്കുള്ളിൽ ചുളുങ്ങിച്ചുരുങ്ങിയിരിക്കുന്ന 75 ശതമാനവും ജലാംശമുള്ള ആ ജെല്ലിതന്നെയാണ്, അല്ലെങ്കിൽ ജെല്ലി മാത്രമാണ്.