നല്ല ഹെല്‍ത്തും നല്ല വെല്‍ത്തും. രണ്ടും വേണമെന്ന് മലയാളികള്‍ക്കിപ്പോ വലിയ ആഗ്രഹമാണ്. നല്ല ഹെല്‍ത്തുണ്ടെങ്കിലേ വെല്‍ത്ത് ഉണ്ടായിട്ട് കാര്യമുള്ളൂ എന്ന് ചിലര്‍ ചിന്തിക്കുന്നു. എന്നാല്‍, നല്ല വെല്‍ത്ത് ഉണ്ടേലേ നല്ല ഹെല്‍ത്തുണ്ടാകൂ എന്ന് ചിന്തിക്കുന്നവരും ഉണ്ട്. നല്ല ഹെല്‍ത്തിനായി വെളുപ്പിനൊക്കെ എഴുന്നേറ്റ് റോഡില്‍ കസര്‍ത്ത് കാണിക്കുന്ന മല്ലൂസിന്റെ എണ്ണവും അടിക്കടി കൂടിവരികയാണ്. ഇതില്‍ പ്രായ, ലിംഗ വ്യത്യാസമൊന്നുമില്ല. എന്നാല്‍, വെല്‍ത്തിന്റെ കാര്യത്തില്‍ ഇത്ര വലിയ അഭ്യാസമൊന്നും അങ്ങനെ കേരളത്തില്‍ കാണാറില്ല. കിട്ടിയതിലൊക്കെ ഒതുങ്ങി അങ്ങനെ ജീവിച്ചുപോകുന്നു. വെല്‍ത്ത് കൂട്ടണമെന്നൊക്കെ ആഗ്രഹമുണ്ട്. എന്നാല്‍ അതിനായി ഹെല്‍ത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന വെപ്രാളമൊന്നും പൊതുവേ അങ്ങനെ കാണാറില്ല. എന്തൊക്കെയായാലും നല്ല ഹെല്‍ത്തും നല്ല വെല്‍ത്തും മലയാളികള്‍ക്ക് കൈവരിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്ന രണ്ട് കാര്യങ്ങളാണ് ഇപ്പോഴും.  പക്ഷേ, രണ്ടും നമുക്ക് കയ്യെത്തും ദൂരത്ത് തന്നെയുണ്ട്. പലര്‍ക്കും അത് കിട്ടാറില്ലാത്തതിന് കാരണങ്ങള്‍ നിരവധിയാണ്. കിട്ടണമെങ്കില്‍ അച്ചടക്കവും അവബോധവും നിശ്ചയദാര്‍ഢ്യവും വേണം. 

To advertise here,

നല്ല ഹെല്‍ത്തും നല്ല വെല്‍ത്തും നമുക്കുണ്ട് എന്ന ധാരണയിലാണ് പലരുടെയും ജീവിതം. ഒരത്യാവശ്യം വരുമ്പോള്‍ മാത്രമാണ് ഹെല്‍ത്തിലും വെല്‍ത്തിലും നമ്മള്‍ എത്ര പിന്നിലാണ് എന്നറിയുന്നത്. നല്ല ഹെല്‍ത്തിന് വ്യായാമമുറകള്‍ എത്ര സഹായിക്കുമോ അതുപോലുള്ള മുറകള്‍ നല്ല വെല്‍ത്തുണ്ടാക്കാനും സഹായിക്കും. അന്താരാഷ്ട്ര യോഗാദിനം  കഴിഞ്ഞ ദിവസമാണല്ലോ ആചരിച്ചത്. ക്യാമറയുടെ മുമ്പില്‍ യോഗ ചെയ്യുന്ന സെലബ്രിറ്റികളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം കണ്ടല്ലോ. കേരളത്തിലെ ഒട്ടുമിക്ക ഓഫീസുകളിലും യോഗാദിനത്തില്‍ ജീവനക്കാര്‍ക്കായി യോഗാക്ലാസുകളും നടക്കുന്നത് കണ്ടു. നല്ല ഹെല്‍ത്തിനുള്ള ഈ പരിശ്രമങ്ങളൊക്കെ വളരെ നല്ലതാണ്. നല്ല വെല്‍ത്തിനും വേണ്ടേ ഇത്തരം പരിശ്രമങ്ങള്‍? ആര് അതിന് മുന്‍കൈ എടുക്കും?  വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പോലെ വേള്‍ഡ് വെല്‍ത്ത് ഓര്‍ഗനൈസേഷനും വേണ്ടേ നമുക്ക്.

ശാരീരികവും മാനസികവുമായ ഉന്നതിക്ക് വേണ്ടി വളരെ ഘടനാപരമായ മാര്‍ഗങ്ങളാണ് യോഗ നിര്‍ദേശിക്കുന്നത്. സാമ്പത്തിക ആരോഗ്യത്തിന്റെ കാര്യത്തില്‍ സാമ്പത്തിക ആസൂത്രണം അഥവ ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങും അതുന്നെയാണ് നിര്‍ദേശിക്കുന്നത്. നല്ല ഹെല്‍ത്തിന് യോഗയും നല്ല വെല്‍ത്തിന് ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങും ഏറ്റവും മികച്ചതാണ്. രണ്ടും തമ്മിലുള്ള സമാനതകള്‍ മനസിലാക്കുന്നത് മനസിനും പോക്കറ്റിനും ആശ്വസവും പ്രചോദനവും നല്‍കും. അവ എന്തൊക്കെയെന്ന് നോക്കാം.

1. അച്ചടക്കം- നല്ല വെല്‍ത്തിന്റെയും നല്ല ഹെല്‍ത്തിന്റെയും അടിത്തറ അച്ചടക്കമാണ്. അതില്‍നിന്നാണ് രണ്ടും തുടങ്ങുന്നത്. നിത്യേനയുള്ള അഭ്യാസം, ശ്വാസ നിയന്ത്രണം, മനസിന്റെ നിയന്ത്രണം തുടങ്ങിയവയിലൂടെ യോഗയും മറ്റു വ്യായാമമുറകളും നിങ്ങളെ അച്ചടക്കമുള്ളയാളാക്കി തീര്‍ക്കുന്നു. സ്ഥിരമായി യോഗ ചെയ്യുന്ന ഓരാളുടെ ശക്തി കൂടുന്നു, മാനസിക സമ്മര്‍ദ്ദം കുറയുന്നു. അതുപോലെ ഫിനാന്‍ഷ്യല്‍ പ്ലാനിങ് സാമ്പത്തിക ഉന്നമനത്തിനും ജീവിതലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സമ്പത്ത് സ്വരുക്കൂട്ടുന്നതിനുമുള്ള വ്യക്തമായ മാര്‍ഗരഖ ഉണ്ടാക്കിത്തരുന്നു. ജീവിതച്ചെലവുകളെ നിയന്ത്രിക്കാനും എല്ലാത്തിനും ഓരു ബജറ്റ് കൊണ്ടുവരാനും, സമ്പാദിക്കാനും നിക്ഷേപിക്കാനും നിങ്ങളെ പ്രാപ്തമാക്കുന്നു. ഫലമോ നിങ്ങളുടെ പണത്തെ നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നു. അല്ലാതെ ബഹുഭൂരിപക്ഷത്തെയും പോലെ പണം നിങ്ങളെ നിയന്ത്രിക്കുകയില്ല. മനസ്സമാധാനത്തോടെ ജീവിക്കാനും ദീര്‍ഘകാല ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാനും ഉള്ള ശക്തി അത് നിങ്ങള്‍ക്ക്  ഉണ്ടാക്കിത്തരും.

2. വ്യക്തമായ അവബോധം- യോഗയില്‍ ശരീരത്തെക്കുറിച്ചും ശ്വസനത്തെക്കുറിച്ചുമുള്ള  ബോധ്യം വര്‍ധിക്കും. അതാകട്ടെ ഉത്കണ്ഠ കുറയ്ക്കുകയും ജീവിത ചൈതന്യവും ജീവിതത്തോടുള്ള അഭിനിവേശം  വര്‍ധിപ്പിക്കുയും ചെയ്യും. ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിലും കാര്യങ്ങള്‍ ഏറെക്കുറെ അങ്ങനെ തന്നെയാണ്. വ്യയശീലം, വരുമാനം, വിപണിയിലെ പ്രവണതകള്‍ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ അവബോധം അതുണ്ടാക്കിത്തരും. അതാകട്ടെ ശരിയായ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യും. യോഗയും ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങും അവനവനെത്തന്നെ സ്വയം മനസിലാക്കിക്കൊണ്ടാണ് തുടങ്ങുന്നത്. ഓരോരുത്തരുടെയും ശക്തി-ദൗര്‍ബല്യങ്ങളെ മനസിലാക്കി അതിനനുസരിച്ചുള്ള ഭാവി കരുപ്പിടിപ്പിക്കാന്‍ സഹായിക്കുന്നു.

3. ദീര്‍ഘകാല ലക്ഷ്യങ്ങള്‍-  ഒറ്റരാത്രികൊണ്ട് ആര്‍ക്കും യോഗാചര്യനാകാന്‍ കഴിയില്ല. അതിന് ആത്മനവീകരണത്തിലൂടെ ജീവിതകാലം മുഴുവന്‍ യാത്ര ചെയ്യേണ്ടിവരും. ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങും അതുപോലെയാണ്. വെല്‍ത്ത് ഓറ്റരാത്രികൊണ്ട് ആര്‍ക്കും ഉണ്ടാക്കാന്‍ കഴിയില്ല. അതിന് ക്ഷമയും തന്ത്രപരമായ നിക്ഷേപങ്ങളും വിപണിയിലെ കയറ്റിറക്കങ്ങളില്‍ സമചിത്തതയോടെ നിലകൊള്ളാനുള്ള മനോഭാവവും വേണം. ജീവിതത്തില്‍ എത്ര നേരത്തെ യോഗ തുടങ്ങുന്നോ നല്ല ഹെല്‍ത്തിന് അത്രയും നല്ലത്. അതുപോലെ എത്ര നേരത്തെ ഫിനാന്‍ഷ്യല്‍ പ്ലാനിങ് ആരംഭിക്കുന്നോ നല്ല വെല്‍ത്തിന് അത്രയും നല്ലത്.

4. കവചം തീര്‍ക്കുന്നു-  യോഗ പല ശാരീരിക അസ്വസ്ഥതകള്‍ക്കും പരിഹാരം ഉണ്ടാക്കും എന്നുമാത്രമല്ല, പല ജീവിതശൈലി രോഗങ്ങള്‍ വരുന്നതിനെ തടയാനും സഹായിക്കും. അതുപോലെ ഫിനാന്‍ഷ്യല്‍ പ്ലാനിങ് കടക്കെണി ഓഴിവാക്കാനും ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങള്‍ക്കുള്ള സുരക്ഷാ പ്രതിരോധം തീര്‍ക്കാനും സഹായിക്കും.  നല്ല ഒരു ഫിനാന്‍ഷ്യല്‍ പ്ലാനുണ്ടെങ്കില്‍  പെട്ടെന്ന്  അസുഖം വന്നാലോ ജോലി നഷ്ടപ്പെട്ടാലോ അത് കുടുംബത്തിന്റെ സാമ്പത്തിക താളം തെറ്റാതിരിക്കാന്‍ സഹായിക്കും.

5. ജീവിത സന്തുലനം-  യോഗ ശരീരത്തിന് വഴക്കവും വൈകാരിക സന്തുലനവും ഉണ്ടാക്കും. ഫിനാന്‍ഷ്യല്‍ പ്ലാനിങ് തിരഞ്ഞെടുക്കാന്‍ വ്യത്യസ്ത ചോയ്സുകള്‍ നല്‍കും. സ്വപ്ന ഭവനം സ്വന്തമാക്കുന്നതിലാകട്ടെ, കുട്ടികളുടെ ഉന്നത വിദ്യഭാസത്തിലാകട്ടെ, നേരത്തെ റിട്ടയര്‍ ചെയ്യുന്നതിലാകട്ടെ നിങ്ങള്‍ക്ക് മുന്നില്‍ നിരവധി ചോയ്സുകള്‍ അത് മുന്നോട്ടുവയ്ക്കും.

6. സമ്മര്‍ദ്ദം കുറയ്ക്കും- യോഗ നിങ്ങളുടെ മനസിനെ ശാന്തമാക്കുമെങ്കില്‍ സാമ്പത്തിക ഉത്കണഠയെ ഫിനാന്‍ഷ്യല്‍ പ്ലാനിങ് ഇല്ലാതാക്കും. ശാരീരികമായും ശാമ്പത്തികമായും നിങ്ങള്‍ സുരക്ഷിതരാണ് എന്ന ബോധം മനസിനെ എത്രമാത്രമായിരിക്കും ശാന്തമാക്കുക. രണ്ടും സ്വന്തമായുണ്ടെങ്കില്‍ അത് നല്‍കുന്ന ശക്തി എത്ര വലുതായിരിക്കും. കരുത്തുള്ള ശരീരവും കരുത്തുള്ള ബാങ്ക് അക്കൗണ്ടും അത് നല്‍കും. യഥാര്‍ത്ഥ സ്വാതന്ത്യം- ഇന്നത്തെ കാലത്ത് പലര്‍ക്കും കിട്ടാക്കനിയാണിതൊക്കെ.

7. നിത്യേനയുള്ള ആസനവും എസ്ഐപിയും - നല്ല ഹെല്‍ത്തിന് യോഗയിലെ നിത്യനേയുള്ള പല ആസനങ്ങളും പരിശീലിക്കുന്നത് സഹായിക്കും. അതുപോലെ നല്ല വെല്‍ത്തിന് ചിട്ടയായ നിക്ഷേപങ്ങളും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളും സഹായിക്കും. നല്ല വെല്‍ത്തിനുള്ള ആസനങ്ങളാണിതൊക്കെ. ഏതാനും മനിറ്റുകളുടെ യോഗ ഡോക്ടറെ അകറ്റുമെങ്കില്‍, മാസം തോറും നടത്തുന്ന ചിട്ടയായ നിക്ഷേപങ്ങള്‍ വായ്പയെ അകറ്റിനിര്‍ത്തും. യോഗയുടെയും ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിന്റെ വിജയം കുടികൊള്ളുന്നത് ചിട്ടയായ, മുറതെറ്റാതെയുള്ള അനുഷ്ഠാനങ്ങളിലാണ്.

യോഗ മനസിനും ശരീരത്തിനും സമാധാനം നല്‍കും. ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങാകട്ടെ ജീവതലക്ഷ്യത്തിലും സമ്പത്തിലും പൊരുത്തമുണ്ടാക്കും. രണ്ടും പരിശീലിക്കുന്നത്  ജീവിതശൈലിയെ തന്നെ മാറ്റി മറിക്കും. പിരിമുറുക്കം കുറയ്ക്കും. ജീവിതത്തില്‍ പൂര്‍ണതയും സുരക്ഷിതത്വവും തൃപ്തിയും കൊണ്ടുവരും. ഹെല്‍ത്ത് ഈസ് വെല്‍ത്ത് എന്നല്ലേ പറയുന്നത്. പക്ഷേ, യോഗയും ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഹെല്‍ത്തുമുണ്ടാകും വെല്‍ത്തുമുണ്ടാകും.