തിരുവനന്തപുരം: സ്വകാര്യ പ്ലാറ്റ്ഫോമായ ജി.എൻ.എ. എനർജിയിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനെ വൈദ്യുതിമന്ത്രി സണ്ണി ജോസഫും എതിർത്തിരുന്നതായി വിവരം. കരാർ വ്യവസ്ഥകൾ അജ്ഞാതമാണെന്നും ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനെയാണ് വൈദ്യുതി ബോർഡും ഊർജവകുപ്പും അനുകൂലിക്കുന്നതെന്നുമാണ് ഒക്ടോബർ 19-ന് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ മന്ത്രി പറഞ്ഞത്. ജി.എൻ.എ.യ്ക്ക് അനുകൂലമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിച്ച വാദങ്ങൾക്ക് വിരുദ്ധമാണ് മന്ത്രി സണ്ണി ജോസഫിന്റേത്. ‌

To advertise here,

മന്ത്രി പറഞ്ഞത് മൂന്നുകാര്യങ്ങൾ

1) ഹിമാചലിൽനിന്നുള്ള വൈദ്യുതിയുടെ ഭൂരിഭാഗവും ഉപഭോഗം കൂടിയ പീക്ക് സമയത്താണ്. ക്ഷാമത്തിന് സാധ്യതയുള്ള ഏപ്രിൽ, മേയ് മാസങ്ങളിലും വൈദ്യുതി തരും. ജി.എൻ.എ.യിൽനിന്ന് കിട്ടുക മാർച്ചുവരെ.

2) സാമ്പത്തികമായും മെച്ചം ഹിമാചൽ ആണ്. ജി.എൻ.എ. 8.48 രൂപയ്ക്കാണ് നൽകുന്നത്. ഹിമാചലുമായി താരതമ്യപ്പെടുത്തുമ്പോൾ (14.5 രൂപ) ആകർഷണീയമായിത്തോന്നാം. എന്നാൽ, നല്ലൊരുഭാഗവും പകലാണ് വാങ്ങേണ്ടിവരുന്നത്. ആ സമയത്ത് കെ.എസ്.ഇ.ബി.ക്ക് കൂടുതൽ വൈദ്യുതി ആവശ്യമില്ല, ഇപ്പോൾത്തന്നെ സറണ്ടർ ചെയ്യുകയാണ്.

3) ജി.എൻ.എ. വഴി വൈദ്യുതി നൽകുന്ന കമ്പനികളുടെ ഔദ്യോഗികമായ ഓഫർ, എവിടെയാണ് ഉത്പാദിപ്പിക്കുന്നത്, കൃത്യമായി ലഭിക്കുമെന്ന ഉറപ്പ്, കരാർ വ്യവസ്ഥകളുടെ പൂർണവിവരം എന്നിവ അജ്ഞാതം.

ഒക്ടോബർ 22-നുമുൻപ്‌ തീരുമാനമെടുത്തില്ലെങ്കിൽ ഹിമാചൽപ്രദേശ് പവർ കോർപ്പറേഷൻ മറ്റ് സംസ്ഥാനങ്ങളുമായി കരാറാകും. അതിനുമുൻപ്‌ തീരുമാനമെടുക്കാനായി തന്റെ കുറിപ്പ് മുഖ്യമന്ത്രിക്ക് കൈമാറണമെന്നായിരുന്നു നിർദേശം. എന്നാൽ, ജി.എൻ.എ.യിൽനിന്ന് വൈദ്യുതിവാങ്ങാൻ മുഖ്യമന്ത്രി തീരുമാനിച്ചപ്പോൾ തനിക്ക് അഭിപ്രായവ്യത്യാസമില്ലെന്നാണ് സണ്ണി ജോസഫ് കഴിഞ്ഞദിവസം പ്രതികരിച്ചത്.

രാത്രിലഭ്യത: വാദത്തിൽ ഉറച്ച് സർക്കാർ

രാത്രിയിൽ കൂടുതൽ വൈദ്യുതി ലഭിക്കുന്നത് ജി.എൻ.എ. കരാറിലൂടെയാണ് എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ബോർഡ് ചെയർമാനായിരുന്ന ഡോ. എം.ജി. രാജമാണിക്യം സെപ്റ്റംബർ 19-ന് സർക്കാരിന് നൽകിയ കുറിപ്പിൽ ഓരോ മാസവും വൈകുന്നേരം 6.30 മുതൽ രാത്രി 10.30 വരെ ഹിമാചലിൽനിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ കണക്ക് നൽകിയിരുന്നു. അത് ഇപ്രകാരം: നവംബർ (719 മെഗാവാട്ട്), ഡിസംബർ (402), ജനുവരി (213), ഫെബ്രുവരി (193), മാർച്ച് (378). ഇതിൽ നാലുമാസം രാത്രിയിൽ ജി.എൻ.എ. വാഗ്ദാനംചെയ്ത 500 മെഗാവാട്ടിനെക്കാൾ കുറവാണ്.

എന്നാൽ, ഈ കണക്ക് വ്യത്യസ്ത സമയബ്ലോക്കുകളുടെ ശരാശരിയാണെന്നും കൃത്യമല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. പിന്നീട് മന്ത്രിയും കെ.എസ്.ഇ.ബി.യും നൽകിയ കുറിപ്പുകളിൽ പീക്ക് സമയത്ത് 864 മുതൽ 1280 മെഗാവാട്ടുവരെ ഹിമാചലിൽനിന്ന് കിട്ടുമെന്നുണ്ട്. ലഭ്യതയെക്കുറിച്ചല്ല, ടെൻഡറില്ലാതെ ഇത്രയും വലിയ തുകയ്ക്കുള്ള കരാറിൽ ഏർപ്പെടുന്നതിനെയാണ് രാജമാണിക്യം മുഖ്യമായി എതിർത്തത്.