മുംബൈ: ഗോവയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണസമയത്ത് നീക്കിയ ആറ് വോട്ടർമാരുടെ പേരുകൾ തിരികെച്ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ബോംബെ ഹൈക്കോടതി. വിശദമായ വാദം കേൾക്കലുകൾക്കു ശേഷമാണ് ജസ്റ്റിസുമാരായ വാല്മീകി മെനെസസും അമിത് ജംസന്ദേക്കറും അടങ്ങുന്ന ഗോവ ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്.
സുപ്രീംകോടതിയെ സമീപിക്കാൻ സ്റ്റേവേണമെന്ന കമ്മിഷന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. 10 ദിവസത്തിനുള്ളിൽ പേരുകൾ ഉൾപ്പെടുത്തണമെന്ന് ഉത്തരവിട്ടു. വോട്ടർപട്ടികയിൽനിന്ന് പേരുകൾനീക്കിയതിനെയും ഫോം എട്ട് അപേക്ഷകൾ നിരസിച്ചതിനെയും ചോദ്യംചെയ്ത് ഒരു കുടുംബത്തിലെ ആറുപേർ സമർപ്പിച്ച ഹർജികളിലാണ് ഉത്തരവ്.
വാദം കേൾക്കുന്നതിനിടയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓട്ടമേറ്റഡ് സിസ്റ്റത്തെയും ഹൈക്കോടതി വിമർശിച്ചു. സ്ഥലംമാറി താമസിക്കുന്ന വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെടരുത്. പട്ടികയിൽനിന്ന് പേര് നീക്കുന്നതിനുമുൻപ് അവരുടെ വാദം കേൾക്കണം. യോഗ്യരായ പൗരന്മാരുടെ അവകാശം സംരക്ഷിക്കുക എന്നതാണ് കമ്മിഷന്റെ കടമയെന്നും കോടതി വ്യക്തമാക്കി.
വടക്കൻഗോവയിലെ സാന്താക്രൂസ് നിയമസഭാ മണ്ഡലത്തിൽ താമസിക്കുന്ന പരേഷ് വസന്ത്‌സൽഗോങ്കറും കുടുംബത്തിലെ അഞ്ചംഗങ്ങളുമാണ് ഹർജി നൽകിയത്. എസ്.ഐ.ആർ. പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് ഈ കുടുംബം അതേ നിയോജകമണ്ഡലത്തിൽത്തന്നെ പുതിയവിലാസത്തിലേക്ക് മാറിയിരുന്നു. ബൂത്ത് ലെവൽ ഓഫീസറുടെ (ബി.എൽ.ഒ) നിർദേശം പാലിച്ച് വിവരങ്ങൾ പുതുക്കുന്നതിനായി ഫോം എട്ട് അപേക്ഷകൾ സമർപ്പിച്ചുവെങ്കിലും കരട് വോട്ടർപ്പട്ടികയിൽ പേരുകൾ ഉണ്ടായില്ല.
അപേക്ഷ നിരസിച്ചതായി ഓട്ടമേറ്റഡ് അറിയിപ്പ് ലഭിക്കുകയായിരുന്നു. ഫോം ആറ് അപേക്ഷകൾ സമർപ്പിക്കാൻ ഇവരോടാവശ്യപ്പെട്ടു. ഫോം ആറ് ആദ്യമായി വോട്ട് ചെയ്യുന്നവർക്കുള്ളതാണെന്നും ഇതിനകം രജിസ്റ്റർചെയ്ത വോട്ടർമാർ സത്യവിരുദ്ധമായി പ്രഖ്യാപനം നടത്തേണ്ട സാഹചര്യമാണുള്ളതെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
Content Highlights: Bombay High Court ordered the Election Commission to restore six removed voters in Goa., Court directed that names must be added back within 10 days., Court criticized the automated system of the Election Commission., Emphasized that eligible citizens should not lose their right to vote due to relocation.
Published: 06 Nov 2026, 07:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented