റക്കം വരാതെ കിടന്ന ഒരു രാത്രി, താമസിക്കുന്ന ഹോട്ടലിന്റെ വാതിൽ തുറന്ന് വരാന്തയിലേക്കിറങ്ങിയപ്പോഴാണ് തെല്ലും നിനച്ചിരിക്കാതെ ആ ചൂളം വിളി കാതിലൊഴുകിയെത്തിയത്. അത്ഭുതം തോന്നി. ആരാണിവിടെ ബാലിയിൽ ഈ അസമയത്ത് ഒരു ഹിന്ദി പാട്ടിന്റെ ഈണം മൂളാൻ? 

To advertise here,

പാട്ടിതായിരുന്നു: 'ദിൽ ക്യാ കരേ ജബ് കിസി സേ കിസി കോ പ്യാർ ഹോ ജായേ ...' രാജേഷ് റോഷന്റെ ഈണത്തിൽ കിഷോർ കുമാർ പാടി അനശ്വരമാക്കിയ 'ജൂലി'യിലെ (1975) പ്രണയഗീതം. അര നൂറ്റാണ്ട് മുൻപ് ആദ്യകേൾവിയിൽ തന്നെ അന്നത്തെ സ്കൂൾ കുട്ടിയുടെ മനസ്സിൽ പതിഞ്ഞുപോയ പാട്ട്. ഈ തലമുറയുടെയും ഏറ്റവും പ്രിയപ്പെട്ട പ്രണയദിന ഗാനങ്ങളിലൊന്ന്. വരികളിലൂടെ ആനന്ദ് ബക്ഷി ചോദിച്ച ചോദ്യങ്ങൾ സ്വയം ചോദിച്ചു നോക്കിയിട്ടുണ്ട് പലതവണ: 'ഒരാൾക്ക് ഒരാളോട് അനുരാഗം തോന്നിപ്പോയാൽ ഹൃദയത്തിന് എന്ത് ചെയ്യാൻ പറ്റും? അല്ലെങ്കിൽത്തന്നെ, ആർക്ക് ആരോട് എപ്പോൾ പ്രേമം തോന്നുമെന്ന് പ്രവചിക്കാനാകുമോ?' ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. 

പാതിരാനേരത്ത് സർവ്വചരാചരങ്ങളും സുഖസുഷുപ്തിയിലാണ്ടുകിടന്ന വേളയിൽ വിസ്മയത്തോടെ ആ ചൂളമടി കേട്ടുനിന്നപ്പോൾ, അറിയാതെ ഒരു കാലം മുഴുവൻ മനസ്സിലൊഴുകിയെത്തി. പ്രണയം തുളുമ്പുന്ന ഓർമ്മകളുടെ കാലം. വെറുമൊരു ചൂളമടിക്ക് എത്ര അനായാസം മാഞ്ഞുപോയ ഒരു കാലം പുനഃസൃഷ്ടിക്കാൻ കഴിയുമെന്ന് ഓർത്തുപോയി അപ്പോൾ. എവിടെ നിന്നാണ് ആ ഈണം ഒഴുകിവന്നതെന്നറിയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചൂളമടി നിലച്ചിട്ടും കാതുകളെയും മനസ്സിനെയും അത് വിട്ടൊഴിഞ്ഞതുമില്ല. പുലരും വരെ അന്തരീക്ഷത്തിൽ അലയടിച്ചുകൊണ്ടിരുന്നു ആ ഈണം

യൂട്യൂബിൽ ചെന്ന് 'ദിൽ ക്യാ കരേ' ഒരിക്കൽ കൂടി കേട്ടുനോക്കിയപ്പോൾ പാട്ടിനിടക്കുള്ള ആ വിസിലിങ്ങിന്റെ മാന്ത്രികത വീണ്ടും മനസ്സിനെ തൊട്ടു. പല്ലവിയിൽ നിന്ന് ചരണത്തിലേക്കുള്ള യാത്രാമധ്യേ ഒഴുകിയെത്തുന്ന ആ ചൂളമടിയില്ലാതെ ഈ സൂപ്പർ ഹിറ്റ് ഗാനവുമില്ല. പാട്ടിന്റെ ഈണവുമായും കിഷോർ കുമാറിന്റെ ആർദ്രമായ ആലാപനവുമായും അത്രയും ചേർന്നു നിൽക്കുന്നു ആ ചൂളം വിളി. ജൂലിയിലെ മറ്റൊരു ഹിറ്റ് ഗാനമായ 'ഭൂൽ ഗയാ സബ് കുച്ഛ്' (കിഷോർ, ലത) തുടങ്ങുന്നതും വിസിലിങ്ങിൽ നിന്ന് തന്നെ. 

placeholder
നാഗേഷ്. Photo Courtesy:
instagram/vandanavishwas

ആ പാട്ടുകൾക്കിടയിലെ ചൂളം വിളി നാഗേഷ് സുർവെ എന്ന കലാകാരന്റെതാണെന്ന് തിരിച്ചറിഞ്ഞത് അടുത്തിടെയാണ്; രാജേഷ് രോഷന്റെ ഒരു ഇന്റർവ്യൂയിൽ നിന്ന്. ബോളിവുഡിലെ നിരവധി ഹിറ്റ് ഗാനങ്ങളിൽ നാഗേഷിന്റെ മന്ദ്രമധുരമായ ചൂളമുണ്ട്. തുടക്കം 'ദിൽ ക്യാ കരേ'യിൽ നിന്നായിരുന്നു. യേ ലഡ്‌കാ ഹേ ദീവാനാ (കുച്ഛ് കുച്ഛ് ഹോത്താ ഹേ), ചാന്ദ് സിഫാരിഷ് (ഫനാ), ഏ മേരേ ഹംസഫർ (ബാസിഗർ), സപ്നേ മേ മിൽത്തി ഹേ (സത്യ), ഇലു ഇലു ക്യാ ഹേ (സൗദാഗർ), അരേ രേ അരേ (ദിൽ തോ പാഗൽ ഹേ)... നാഗേഷിന്റെ വിസിലിങ് ഇല്ലാതെ ഈ പാട്ടുകളുമില്ല. ചൂളമടിക്കാരൻ മാത്രമല്ല നാഗേഷ്. വയലിനിസ്റ്റും സിത്താറിസ്റ്റുമാണ്; നല്ലൊരു സംഗീത സംവിധായകനും. മറാഠിയിൽ മികച്ച സംഗീത സംവിധാനത്തിനുള്ള സംസ്ഥാന അവാർഡ് വരെ നേടിയ ആൾ. യഷ് ചോപ്രയുടെ 'ചാന്ദ്‌നി'യിൽ ശിവ്-ഹരി ഈണമിട്ട പാട്ടുകളുടെ പിന്നണിയിൽ താർ ഷഹനായി വായിച്ച ചരിത്രവുമുണ്ട് നാഗേഷിന്. എങ്കിലും ഇന്നും സ്റ്റേജ് ഷോകളിൽ ഏറ്റവും ആവശ്യക്കാരുള്ള പാട്ട് 'ദിൽ ക്യാ കരേ' തന്നെ എന്ന് പറയും നാഗേഷ്.

എന്തേ ഈ പാട്ടിനോട് ഇത്ര സ്നേഹം എന്ന് സ്വയം ചോദിച്ചുനോക്കിയിട്ടുണ്ട്. കിഷോർ ദായുടെ ആലാപനത്തിൽ നിറഞ്ഞു തുളുമ്പിനിൽക്കുന്ന നിഗൂഢ പ്രണയഭാവം തന്നെയാവാം പ്രധാന കാരണം. വരികളുടെ അർത്ഥം ഗ്രഹിക്കും മുൻപേ പാട്ടിലെ പ്രണയത്തിന്റെ 'ആഴം' ഉൾക്കൊള്ളാൻ കഴിഞ്ഞതും അതുകൊണ്ടു തന്നെ. ചരണത്തിൽ 'ഐസേ കിസി ചെഹരേ പേ നിഗാഹ്‌ രുക്‌തി ഹേ' എന്ന വരിയിൽ നിന്ന് 'രോക് നഹി സക്തീ നസരോം കോ ദുനിയാ ഭർ കി രസ് മേ' എന്ന വരിയിലേക്ക് കിഷോറിലെ ഗായകൻ 'പറന്നുയരുന്നത്' കേട്ടാൽ മതി ആ ആലാപനത്തിന് മുന്നിൽ സാഷ്ടാംഗം പ്രണമിക്കാൻ. എന്തൊരു മനോഹരമായ ഗ്ലൈഡിംഗ്. ' ചില്ലുജനാലക്കപ്പുറത്ത് കിഷോർദാ ആ പാട്ട് പാടി റെക്കോർഡ് ചെയ്യുന്നത് കേട്ടിരിക്കെ അറിയാതെ ഇരിപ്പിടത്തിൽ നിന്ന് എണീറ്റുപോയി ഞാൻ. ഏതോ സങ്കൽപ്പ വായുവിമാനത്തിലേറിയ പ്രതീതി. എന്റെ ആവേശപ്രകടനം കണ്ട് ഫേമസ് സ്റ്റുഡിയോയിലെ റെക്കോർഡിസ്റ്റ് ബൻസാലി അന്തം വിട്ടിരിക്കണം.' - രാജേഷ് രോഷന്റെ വാക്കുകൾ. 

മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ 'ചട്ടക്കാരി' (1974) യുടെ ഹിന്ദി റീമേക്കായിരുന്നു ജൂലി. നായിക ലക്ഷ്‍മി; നായകൻ വിക്രം. സംവിധാനം കെ എസ് സേതുമാധവൻ തന്നെ. മെഹമൂദിന്റെ 'കുംവാര ബാപ്' എന്ന ഒരൊറ്റ സിനിമക്ക് സംഗീതം നൽകിയ പരിചയം മാത്രമുള്ള രാജേഷ് രോഷനെ എന്തു കൊണ്ട് ജൂലിയുടെ സംഗീത സംവിധാനച്ചുമതല ഏൽപ്പിച്ചു എന്ന് ചോദിച്ചിട്ടുണ്ട് സേതു സാറിനോട്. ഉത്തരം ഇങ്ങനെ: 'എനിക്കേറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകനായിരുന്നു രോഷൻ. അദ്ദേഹത്തിന്റെ പ്രതിഭയുടെ ഒരംശമെങ്കിലും മകന് കിട്ടിയിരിക്കുമല്ലോ. പിന്നെ, അത്യാവശ്യം വെസ്റ്റേൺ മ്യൂസിക് അറിയുന്ന ആളാണ് രാജേഷ്. ആംഗ്ലോ ഇന്ത്യൻ പശ്ചാത്തലത്തിലുള്ള സിനിമയായതിനാൽ ആ അറിവ് ഗുണം ചെയ്യുമെന്ന് തോന്നി.' എങ്കിലും ജൂലിക്ക് വേണ്ടി ആദ്യം ചെയ്ത ട്യൂണുകൾ തനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് രോഷനോട് തുറന്നു പറഞ്ഞു സേതുമാധവൻ. ഒപ്പം ഒരു നിർദ്ദേശം കൂടി നൽകി: 'ചട്ടക്കാരിക്ക് വേണ്ടി ദേവരാജൻ മാസ്റ്റർ ചെയ്ത ഗാനങ്ങൾ ശ്രദ്ധിച്ചു കേൾക്കുക. ആ മൂഡ് ആണ് ജൂലിയിലെ പാട്ടുകളിലും എനിക്ക് വേണ്ടത്.'

'ചട്ടക്കാരി'യിലെ പാട്ടുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടിരിക്കണം രാജേഷ്. ജൂലി ഐ ലവ് യു (യേശുദാസ്, മാധുരി) എന്ന ഗാനം 'ഭൂൽ ഗയാ സബ് കുച്ഛ്' ആയതും മന്ദസമീരനിൽ (യേശുദാസ്) എന്ന ഗാനം 'ദിൽ ക്യാ കരേ' ആയതും അങ്ങനെയാണ്. മാധുരി പാടിയ യുവാക്കളേ യുവതികളേ എന്ന ക്ലബ് ഡാൻസ് ഗാനം ഹിന്ദി പതിപ്പിൽ 'യെ രാത്തേ നയീ പുരാനി'യായി. പാടിയത് ലതാജി. ചട്ടക്കാരിയിൽ ഉഷ ഉതുപ്പ് എഴുതി ചിട്ടപ്പെടുത്തി പാടിയ 'ലവ് ഈസ് ജസ്റ്റ് എറൗണ്ട് ദി കോർണർ' ജൂലിയിൽ 'മൈ ഹാർട്ട് ഈസ് ബീറ്റിങ്' (ഗായിക: പ്രീതി സാഗർ) ആയി. ദേവരാജ സൃഷ്ടികളുടെ സ്വാധീനമുണ്ടാകാമെങ്കിലും ജൂലിയിലെ പാട്ടുകളിലെല്ലാം ഉണ്ടായിരുന്നു സവിശേഷമായ ഒരു രാജേഷ് രോഷൻ സ്പർശം. വാദ്യവിന്യാസത്തിലും റെക്കോർഡിംഗ് നിലവാരത്തിലുമെല്ലാമുണ്ട് ആധുനികമായ ഒരു ഫീൽ. അതുകൊണ്ടാവണം അര നൂറ്റാണ്ടിനിപ്പുറവും കേൾവിയിലെ നൂതനത നിലനിർത്താൻ ജൂലിയിലെ പാട്ടുകൾക്ക് കഴിയുന്നത്. മികച്ച സംഗീത സംവിധായകനുള്ള ജീവിതത്തിലെ ആദ്യ ഫിലിംഫെയർ അവാർഡും രാജേഷിന് നേടിക്കൊടുത്തു ആ പാട്ടുകൾ. 'ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടതിൽ അവയുടെ ചിത്രീകരണത്തിനുമുണ്ട് നല്ലൊരു പങ്ക്.'- ഒരു എഫ് എം റേഡിയോക്ക് സമീപകാലത്ത് നൽകിയ അഭിമുഖത്തിൽ രാജേഷ് രോഷൻ പറഞ്ഞു. 'സേതുമാധവനെ അക്കാര്യത്തിൽ നമിച്ചേ പറ്റൂ. ഒരു ആർഭാടവുമില്ലാതെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തെ തൊട്ടു ആ ചിത്രീകരണങ്ങൾ.'

ട്യൂൺ കേട്ട ശേഷം 'ദിൽ ക്യാ കരേ'യുടെ പല്ലവി സ്റ്റുഡിയോയിലിരുന്ന് എഴുതാൻ ഏതാനും നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ ആനന്ദ് ബക്ഷിക്കെന്ന് രാജേഷ് ഓർക്കുന്നു. മറ്റൊന്ന് കൂടി ചെയ്തു ബക്ഷി സാഹിബ്. ചരണത്തിന്റെ ഈണം കേൾക്കാൻ നിൽക്കാതെ സ്വന്തം മനസ്സിൽ തോന്നിയ വരികൾ എഴുതി പാട്ട് പൂർത്തിയാക്കി. ആ വരികൾ ചിട്ടപ്പെടുത്തുകയാണ് പിന്നീട് താൻ ചെയ്തതെന്ന് രാജേഷ്. അങ്ങനെ ഈണത്തിനനുസരിച്ചും അല്ലാതേയും പിറന്നുവീണ പാട്ടായി അത്. 'ഊംഛി ഊംഛി ദീവാരോം സി ഇസ് ദുനിയാ കി രസ്മേ, നാ കുച്ഛ് തേരെ ബസ് മേ ജാനാ നാ കുച്ഛ് മേരേ ബസ്‌ മേ...' ആചാരങ്ങളുടെ മതിൽക്കെട്ടുകൾ കയ്യെത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാകുമ്പോൾ, ഒന്നും സ്വന്തം നിയന്ത്രണത്തിലല്ല എന്ന് തിരിച്ചറിയേണ്ടിവരുന്ന രണ്ടു കമിതാക്കളുടെ മനസ്സ് മനോഹരമായി വരച്ചുകാട്ടുന്നു ആനന്ദ് ബക്ഷി ഈ വരികളിലൂടെ. വ്യത്യസ്ത സമുദായങ്ങളിൽ പെട്ട രണ്ടു പേരുടെ പ്രണയമാണല്ലോ ജൂലിയുടെ ഇതിവൃത്തം. 

'ശബ്ദം അടക്കിപ്പിടിച്ചു പാടേണ്ട പ്രണയഗാനമാണതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു സംവിധായകൻ. ഘനഗംഭീര നാദത്തിന്റെ ഉടമയായ കിഷോർദാ പാടുമ്പോൾ ആ ഇഫെക്ട് കിട്ടുമോ എന്നൊരു സംശയമുണ്ടായിരുന്നു പലർക്കും. നേരിട്ട് അദ്ദേഹത്തോട് പറയുക എന്നത് നടക്കുന്ന കാര്യവുമല്ല. എന്നാൽ ഈണം കേട്ടയുടൻ പാട്ടിന്റെ വരികളിലൂടെ കണ്ണോടിച്ച് വളരെ പതുക്കെ അതൊന്നു പാടി നോക്കി കിഷോർദാ. അതായിരുന്നു അദ്ദേഹത്തിന്റെ റിഹേഴ്‌സൽ. പിന്നീട് മൈക്കിന് മുന്നിൽ നിന്ന് പാടിത്തുടങ്ങിയപ്പോഴാണ് ആ ശബ്ദത്തിലെ മാജിക് വെളിപ്പെട്ടത്. ഞാൻ ഉദ്ദേശിച്ചതിനേക്കാൾ ആർദ്രമായി പാടുന്നു കിഷോർദാ; ഏതോ ആത്മവിസ്മൃതിയിലെന്നോണം പാട്ടിന്റെ വരികളിലലിഞ്ഞുകൊണ്ട്..' - രാജേഷ് രോഷൻ.

മുംബൈയിലെ മെട്രോ തീയേറ്ററിൽ ജൂലിയുടെ ആദ്യ ഷോ കാണാൻ ചെന്നിരുന്നപ്പോൾ പാട്ടുകൾ ജനം എങ്ങനെ സ്വീകരിക്കും എന്നറിയാനായിരുന്നു രാജേഷിന് തിടുക്കം. 'തീർത്തും നിരാശാജനകമായ അനുഭവമാണ് അവിടെ കാത്തിരുന്നത്. പാട്ട് തുടങ്ങിയതും ആളുകൾ എഴുന്നേറ്റ് പുറത്തു പോകുന്നു; ചിലർ പുകവലിക്കാൻ, മറ്റു ചിലർ ചായകുടിക്കാൻ. മിക്ക ഗാനരംഗങ്ങളുടെ ഗതിയും ഇതു തന്നെ. പരിചയക്കാരനായ തീയേറ്റർ മാനേജരാണ് അന്നെന്നെ ആശ്വസിപ്പിച്ചത്: 'കുറച്ചു ദിവസമായി തിയേറ്ററിൽ എ സി പ്രവർത്തിക്കുന്നില്ല. ചൂട് സഹിക്കാതെ എങ്ങനേയും ഒന്ന് പുറത്തിറങ്ങിയാൽ മതി എന്ന് വിചാരിക്കുന്നവർക്ക് ഗാനരംഗം ആസ്വദിക്കാൻ എവിടെ സമയം? എസി ശരിയാക്കിയ ശേഷം വന്നു കണ്ടുനോക്കൂ. സ്ഥിതി മാറും.'

പ്രവചനം ഫലിച്ചു. പടം ഹിറ്റായി രജതജൂബിലി വാരത്തിലേക്ക് കുതിക്കുന്ന വേളയിലാണ് പിന്നീട് രാജേഷ് രോഷൻ മെട്രോയിൽ ചെല്ലുന്നത്. പുറത്തെ പാർക്കിങ് ഏരിയയിൽ സൂചി കുത്താനിടമില്ല. അകത്തും അതുതന്നെ സ്ഥിതി. ഓരോ പാട്ടും തുടങ്ങിയാൽ തിയേറ്ററിനകത്തെ ശബ്ദഘോഷം സ്വിച്ചിട്ട പോലെ നിലയ്ക്കും. നിശ്ശബ്ദരായിരുന്ന് പാട്ടുകൾ ആസ്വദിക്കുന്ന സദസ്സിനെ നോക്കിയിരിക്കേ രാജേഷ് സ്വയം പറഞ്ഞു: 'നിന്റെ യത്നം പാഴായില്ല. ഈ പാട്ടുകൾ ഇനിയും ഇവിടെത്തന്നെ ഉണ്ടാകും.'

സത്യം. അമ്പതു വർഷങ്ങൾക്കിപ്പുറവും ആദ്യ കേൾവിയിലെ അതേ അനുഭൂതിയുമായി 'ദിൽ ക്യാ കരേ' ഇന്നുമുണ്ടല്ലോ ഒപ്പം; കാതുകളിൽ മാത്രമല്ല, ഹൃദയത്തിലും.