ഓരോന്നോര്‍ത്ത് നില്‍ക്കേ ക്വാര്‍ട്ടേഴ്‌സിന്റെ പിന്നിലെവിടെയോ രാത്രിയുടെ നിശ്ശബ്ദതയെ വിറപ്പിച്ചുകൊണ്ട് ഒരു വെടി ശബ്ദം ഉയര്‍ന്ന് കേട്ടു!

ബാരലില്‍ മരുന്ന് കുത്തിനിറച്ച ആ തോക്കിന്റെ പിന്നിലെ കൊളുത്ത് പിന്നാക്കം വലിച്ചുവച്ച് അതിനിടയില്‍ കീറിയെടുത്ത ഏതോ പഴയ ദിനപ്പത്രം പലമടക്കുകളാക്കി തിരുകി വച്ചിരിക്കുന്നു! അതുകൊണ്ടുതന്നെ അറിയാതെ കാഞ്ചി വലിച്ചാലും വെടിപൊട്ടുകയില്ല. വെടിയുതിര്‍ക്കണമെങ്കില്‍ കാഞ്ചി വലിക്കുന്നതിന് മുന്‍പ് ബാരലിന് പിന്നിലായുള്ള കൊളുത്തിനിടയില്‍ തിരുകി വച്ചിരിക്കുന്ന പേപ്പര്‍ മാറ്റിയേ പറ്റൂ എന്ന് സാരം.
'വെടിവച്ചാല്‍ ഫോറസ്റ്റുകാരൊക്കെ അറിഞ്ഞാല്‍ വലിയ പ്രശ്‌നമാവില്ലേ?' ഞാനറിയാതെ ചോദിച്ചുപോയി.
''അതിനങ്ങ് പത്ത് കിലോമീറ്റര്‍ ദൂരെ ഏഴാറ്റുമുഖത്ത് കിടന്നുറങ്ങുന്ന അവന്മാരെങ്ങനെയറിയാനാണ്?' അയാള്‍ പുച്ഛത്തില്‍ ചിരിച്ചു. അതിരപ്പിള്ളി വനം റെയ്ഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷനാണ് കക്ഷി ഉദ്ദേശിക്കുന്നത്.
'സാറ് നോക്കിക്കോ, ഒരു മ്ലാവിനെയും കൊണ്ടേ ഞാനിന്ന് വരൂ. എല്ലാം റെഡിയാക്കി വച്ചോ...' ദ്വയാര്‍ത്ഥത്തില്‍ അങ്ങനെ പറഞ്ഞിട്ട് അയാള്‍ നിറതോക്ക് കടന്നെടുത്തു. പിന്നെ ഫയറിംഗ് റേഞ്ചിലെന്നോണം കൃത്യമായ ഭാവഹാവാദികളോടെ അതുയര്‍ത്തി അയാളുടെ വലത്തേ നെഞ്ചിലെ തോളെല്ലിന് താഴെ 'ബട്ട്' (Butt) എന്ന് പേരുള്ള അതിന്റെ ചുവട് അമര്‍ത്തിപ്പിടിച്ചു. ആടുന്ന കാലുകളില്‍ നിന്ന് ഇടത് കണ്ണടച്ച് പിടിച്ച് ഉന്നം വച്ചു. അത്രയും നേരം വല്ലാത്ത കൗതുകത്തോടേയും ലേശം ആരാധനയോടെയും ഞാനയാളെ നോക്കിനില്‍ക്കുകയായിരുന്നു.
‘'ദാ...ഇങ്ങനെ...ഇനി ഈ പേപ്പറെടുത്ത് മാറ്റി ഒന്ന് കാഞ്ചി വലിച്ചാല്‍ മതി. അവനവിടെക്കിടന്ന് ചിതറും. കാണണോ?''
ഒരു ഞെട്ടലോടെയാണ് ഞാനപ്പോള്‍ അത് കണ്ടത്! ഗണ്ണര്‍ മോഹനന്‍ ഇപ്പോള്‍ ഉന്നം പിടിച്ചിരിക്കുന്നത് 'മൂന്നാലെണ്ണം അടിച്ച്' പരിസരം മറന്ന് സ്വസ്ഥമായി എന്റെ കട്ടിലില്‍ കിടന്നുറങ്ങുന്ന പാവം കസിന്റെ ചന്തിയിലേക്കാണ്! അയാളെന്ത് ഭാവിച്ചിട്ടാണാവോ? ലഹരി മൂത്ത് അയാള്‍ കാഞ്ചി വലിക്കുകയോ മറ്റോ ചെയ്താല്‍...!
എന്തായാലും ഞാന്‍ വല്ലവിധേനയും അയാളെ സാന്ത്വനിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോയി. ലഹരിയിലായിരുന്ന അയാള്‍ ചൂണ്ടിപ്പിടിച്ച നിറതോക്കുമായി അപ്പോഴും ചെറുതായി ചാടിക്കൊണ്ട് ഓരോ കാല്‍ച്ചുവടുകളായി മുന്നോട്ട് എടുത്തെടുത്ത് വയ്ക്കുകയായിരുന്നു. അത് കണ്ടപ്പോള്‍ കുഞ്ഞുന്നാളുകളില്‍ ആറ്റിങ്ങലിലെ തറവാട്ടില്‍ ഓണത്തിന് പിരിവിനായി പുലിയുടെ വേഷം കെട്ടിയാടാനെത്തുന്ന കുഞ്ഞന്‍ എന്നയാളെയാണ് (അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല) എനിക്ക് പെട്ടെന്ന് ഓര്‍മ വന്നത്. ഞാനന്ന് ആറാം തരത്തിലാണ് എന്നാണ് ഓര്‍മ.
സാധാരണ ദിവസങ്ങളില്‍ പറമ്പിലെ പണികള്‍ക്കായി വരുന്ന അറുപത് വയസ്സോളം മതിക്കുന്ന അദ്ദേഹം അതിവിനയത്തോടെ മാത്രം അച്ഛനോട് സംസാരിക്കുന്നതാണ് ഞങ്ങള്‍ കുട്ടികള്‍ കണ്ടിട്ടുള്ളത്. ഓണത്തിന് പുലികളി നടക്കുന്ന ദിവസം ഉടുത്തിരിക്കുന്ന തോര്‍ത്തിന് മീതെ കരിഞ്ഞ വാഴയിലയും മറ്റും വാരിച്ചുറ്റി കറുത്ത ദേഹത്ത് മഞ്ഞപ്പുള്ളികളും വരകളും ഇടകലര്‍ത്തിയിട്ട് വരുന്ന കുഞ്ഞന്‍ (അന്നൊന്നും ശരീരത്തില്‍ കമനീയമായി നിറങ്ങള്‍ പെയിന്റ് ചെയ്ത് കുടവയറുമായി വരുന്ന ഇന്നത്തെ മാതിരിയുള്ള സുന്ദരന്‍ പുലികളില്ല. ഒരു വേള പുലിയാണെന്നോ കടുവയാണെന്നോ പറയാനാകാത്ത സങ്കര വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളാകാം അന്നത്തേത്!) തുള്ളിത്തുള്ളി താളത്തില്‍ മുന്നോട്ട് വച്ചുകൊണ്ടിരിക്കും. പക്ഷേ ഓരോ ചുവടുവയ്പിനുമിടെ കുഞ്ഞന്‍ 'പുലിയെപ്പോലെ' അലറുന്നത് അച്ഛനെ നോക്കിയായിരിക്കും എന്ന് മാത്രം!
അപ്പോള്‍ കൂടെ വരുന്ന ചെറുപ്പക്കാര്‍ കാത് പൊട്ടുമാറുച്ചത്തില്‍ ചെണ്ടയോ ഢോലക്കോ മാതിരി എന്തോ കൊട്ടിയും ആക്രോശിച്ചും അപശബ്ദങ്ങള്‍ പുറപ്പെടുവിച്ചും ഒച്ചയുണ്ടാക്കും. ഒപ്പം തടിച്ചീളുകളില്‍ നിന്ന് വെട്ടി കെട്ടിയുണ്ടാക്കിയ തോക്ക് പുലിക്ക് നേരെ നീട്ടിപ്പിടിച്ച് കൂടെയുള്ള വേടനും നൃത്തച്ചുവടുകള്‍ വച്ചുകൊണ്ടിരിക്കും. രണ്ടോ മൂന്നോ രൂപ കാണിക്കയായി കിട്ടുന്നത് വരെ (അന്നത് സാമാന്യം നല്ല സംഖ്യയാണ്) കുഞ്ഞന്‍ അച്ഛന്റെ നേര്‍ക്ക് നോക്കി കണ്ണുരുട്ടുകയും അലറുകയും ആക്രോശിക്കുകയും ചെയ്യും. ഭീഷണമായ ചുവടുവയ്പുകള്‍ക്കൊപ്പം രണ്ട് കൈകളിലേയും വിരലുകള്‍ വിതിര്‍ത്ത് 'നെഞ്ചും മുഖവും ഇപ്പോള്‍ മാന്തിക്കീറും' എന്ന മാതിരി ചേഷ്ടകളും കാണിക്കും!
അവസാനം 'വേട്ടയാടി കിട്ടിയ മുതലുമായി' നായാട്ടുകാരനും അദ്ദേഹത്തോടൊപ്പം പുലിയും സംഘവും മടങ്ങുമ്പോള്‍ മുറ്റത്താകെ അവരുടെ ഉച്ഛ്വാസങ്ങളില്‍ നിന്നും വിയര്‍പ്പില്‍ നിന്നും ഉതിര്‍ത്ത ചാരായത്തിന്‍റെയും കള്ളിന്‍റെയും പുളിച്ച മണം തളം കെട്ടിക്കിടക്കും. ആ ദിവസത്തെ 'പകര്‍ന്നാട്ടത്തിന്' ശേഷം മാളമണയുന്ന കുഞ്ഞനെന്ന വ്യാഘ്രത്തിന്റെ 'ഉയിര്‍ത്തെഴുന്നേല്‍പ്പ്' മിക്കവാറും മൂന്നാം നാളായിരിക്കും! അതുകഴിഞ്ഞ് വീട്ടിലെത്തുന്നത് ഞങ്ങള്‍ കുഞ്ഞി എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ നല്ലപാതിയെയും കൂട്ടിയായിരിക്കും. അമ്മയെ അന്വേഷിച്ച് അവര്‍ അടുക്കള വശത്തേക്ക് നടന്ന് കഴിയുമ്പോള്‍ കുഞ്ഞന്‍ അച്ഛനോട് അതീവ വിനയത്തില്‍ വീണ്ടും ഓരോന്ന് സംസാരിക്കുന്നതും കാണാം.
പല ദിവസങ്ങളിലും പണി കഴിഞ്ഞ് ഉണ്ണാനിരിക്കുന്ന കുഞ്ഞനെ ഞാന്‍ വാതിലിലോ ജനലിലോ മറഞ്ഞ് നിന്ന് കൗതുകത്തോടെ നോക്കുമായിരുന്നു. മുന്നിലെ ഇലയില്‍ കൂമ്പാരം കൂട്ടിയ ചോറ് രണ്ടായി വകഞ്ഞ് മാറ്റി പരിപ്പ് കറിയൊഴിച്ചു വിരലുകള്‍ കടത്തി കുഴച്ച് അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തിയിട്ടാണ് അദ്ദേഹം ഉരുട്ടുന്നത്. ചോറുരുളകള്‍ ഗോളാകൃതിയെ പ്രാപിക്കുമ്പോള്‍ ശരിക്കും ആ വലത് കൈത്തലത്തിനകത്ത് നിറഞ്ഞിരിക്കും. അടുത്തായി ചെയ്യുന്നത് വായ തുറന്ന് അവയെ ഓരോന്നായി അകത്തേക്ക് തള്ളിക്കയറ്റുന്നതാണ്. പീരങ്കിയില്‍ വലിയ വെടിയുണ്ടകള്‍ നിറയ്ക്കുന്നത് മാതിരി! ആ കൃത്യത്തില്‍ ഏര്‍പ്പെടുമ്പോള്‍ അദ്ദേഹം വായ പരമാവധി തുറന്ന് പിടിച്ചിരിക്കുകയും ചെയ്യും. അകത്തേയ്ക്ക് ഉരുള കയറിയാല്‍ പിന്നെ ഒറ്റ വിഴുങ്ങലാണ്. ചോറുരുളകള്‍ ആകാരം ലേശവും വ്യത്യാസപ്പെടാതെ അന്നനാളത്തിലേക്ക് പ്രവേശിക്കണമെന്ന് അദ്ദേഹത്തിന് എന്തോ നിര്‍ബന്ധമുള്ളത് മാതിരിയാണ് അത് കാണുമ്പോള്‍ തോന്നുന്നത്.
അടുത്തതായി ക്രമം തെറ്റാതെ ഇലയില്‍ നിന്ന് തൊടുകറികളൊന്നൊന്നായി വിരലുകള്‍ ചേര്‍ത്തെടുത്ത് ഒന്നൊന്നായി വായ്ക്കകത്തേക്ക് നിക്ഷേപിക്കുന്നത് കാണാം. ശരിക്കും ആഹാരം ചവച്ചരയ്ക്കുക എന്നൊരു പ്രക്രിയ ഞാനദ്ദേഹത്തില്‍ ഒരിക്കലും കണ്ടിട്ടേയില്ല എന്നതാണ് സത്യം. അണപ്പല്ലുകളും ഉളിപ്പല്ലുകളും ഒക്കെ എന്തിനാണ് അദ്ദേഹത്തിന് ദൈവം കൊടുത്തിരിക്കുന്നതെന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അതുപോലെതന്നെ മീനിന്റെ കഷണങ്ങളാണെങ്കിലും ശ്രദ്ധിച്ച് മുള്ളെടുത്ത് മാറ്റിയ ശേഷം വിക്ഷേപണത്തറയിലേക്ക് കൊണ്ടുപോകുന്നത് കാണാം. അദ്ദേഹം ഉരുളകള്‍ വിഴുങ്ങുമ്പോള്‍ ഇരുചെവികള്‍ക്കും തൊട്ട് മുന്നിലായി മേദസ്സില്ലാത്ത മുഖത്തെ പേശികള്‍ വലിഞ്ഞ് മുറുകുന്നതും ഉരുളകള്‍ തമോഗര്‍ത്തത്തിലേക്ക് നിപതിക്കുമ്പോള്‍ അവ അയഞ്ഞ് പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുന്നതും കാണുന്നത് എനിക്ക് വലിയ കൗതുകമായിരുന്നു. നാലഞ്ച് ഉരുളകളും അനുസാരികളും നിലം തൊടാതെ അത്തരത്തില്‍ ആഴത്തിലേക്കാണ്ട് മറഞ്ഞുകഴിഞ്ഞാല്‍ പിന്നെ മുന്നിലെ സ്റ്റീല്‍ മൊന്തയിലിരിക്കുന്ന ചൂടുള്ള കഞ്ഞിവെള്ളം ഗ്ലാസ്സിലേക്ക് പകര്‍ന്ന് മുഖം മുകളിലേക്കുയര്‍ത്തി തുറന്ന വായ്ക്കകത്തേക്ക് ഒഴിക്കുകയായി. അന്നനാളവും കഴിഞ്ഞ് ആ കഞ്ഞിവെള്ളം നേരെ ആമാശയത്തിലോട്ടാണ് ചെന്നു വീഴുന്നതെന്ന് അപ്പോള്‍ എനിക്ക് തോന്നും!
അത്തരത്തില്‍ മുന്നിലെ ഇലയിലിരുന്ന ചമ്പാവരിയുടെ ചോറുമല വിരലുകള്‍ കൊണ്ട് ഉഴുതുമറിക്കുന്നത് കൗതുകത്തോടെ നോക്കി നില്‍ക്കുന്ന എന്നെ ഒരിക്കല്‍ അദ്ദേഹം കണ്ടുപിടിച്ചു.
'ങ്ഹും...?' ഞാന്‍ തീരെ പ്രതീക്ഷിക്കാത്തതായിരുന്നു രൂക്ഷമായ ചോദ്യം.
'കുഞ്ഞന്റെ ചെവിക്ക് താഴെ എന്താണ് അനങ്ങുന്നത്?' പലപ്രാവശ്യവും തോന്നിയിട്ടുള്ള സംശയം അന്ന് അദ്ദേഹത്തോട് ചോദിക്കാന്‍ തന്നെ ഞാന്‍ തീരുമാനിക്കുകയായിരുന്നു.
(അത്രമേല്‍ പ്രായമുള്ള അദ്ദേഹത്തെ പേരെടുത്ത് വിളിക്കുമായിരുന്നത് ഒരു പക്ഷേ അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ പണിക്ക് വരുന്ന ആളായതിനാലും അന്ന് നില നിന്നിരുന്ന സാമൂഹ്യവ്യവസ്ഥിതിയ്ക്ക് നിരക്കുന്നതായതിനാലും ആയിരുന്നു. അത് തെറ്റാണെന്ന് ഇന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ആത്മാവ് പൊറുക്കട്ടെ.)
ആ ചോദ്യം കേട്ടപ്പോള്‍ മുന്നിലെ ചമ്പാവരിച്ചോറ് മിനിട്ടുകള്‍ കൊണ്ട് അപ്രത്യക്ഷമാക്കിക്കൊണ്ടിരുന്ന ആ യന്ത്രം പെട്ടെന്ന് നിന്നുപോയത് പോലെ. ഉയര്‍ത്തിക്കൊണ്ടുവന്ന ഉരുളയെയും കൈയ്യില്‍പ്പിടിച്ച് അദ്ദേഹം തെല്ലിട ചിന്താമഗ്നനായി. പിന്നെ എന്തോ ആലോചിച്ച് അതിനേയും ഗഹ്വരത്തിലേക്ക് കടത്തിവിട്ടശേഷം സംശയനിവൃത്തിക്കെന്നോണം തന്റെ ഇടത് കൈത്തടം കൊണ്ട് അദ്ദേഹം കപോലാസ്ഥികളില്‍ പതിയെ ഒന്നുഴിഞ്ഞു. പിന്നെ 'ഇത്രയേയുള്ളോ' എന്ന് ദ്യോതിപ്പിക്കുന്ന പ്രസന്നഭാവത്തോടെ എന്നോടായി പറഞ്ഞു.
'ഓ...ഇതോ...അതാണ് കര്‍ണ്ണം!'
ആറ്റിങ്ങല്‍ രാമച്ചം വിളയിലെ രാഘവമന്ദിരം എല്‍ പി സ്കൂളില്‍ നാലാം ക്ലാസ്സിലെ ശാരി ടീച്ചര്‍ ആവര്‍ത്തിച്ച് കാണാപ്പാഠം പഠിപ്പിച്ചിട്ടുള്ള ചെവിയുടെ പര്യായങ്ങളില്‍ പെടുന്നതാണല്ലോ കാതും കര്‍ണ്ണവും ഒക്കെ. ഞാന്‍ വിടാന്‍ തയ്യാറായിരുന്നില്ല.
'അതിന് ചെവിയും കര്‍ണ്ണവും ഒന്നല്ലേ കുഞ്ഞാ..?' സംശയം തീരാത്ത എന്റെ കുഞ്ഞുമനസ്സ് ഉച്ചത്തില്‍ ചോദിച്ചു. ഭാഷയിലുള്ള എന്റെ പാരംഗതയും പ്രകടിപ്പിക്കണമല്ലോ എന്ന ഗൂഢോദ്ദേശ്യം എനിക്കപ്പോള്‍ ഉണ്ടായിരുന്നെന്ന് വ്യക്തം.
'അല്ലല്ല...ഇതാണ് ചെവിക്കര്‍ണ്ണം!' ഇത്തവണ അദ്ദേഹം അല്‍പ്പം ഗൗരവത്തിലായിരുന്നെന്ന് തോന്നി.
പിന്നെയും അദ്ദേഹം അടുത്ത ചോറുരുളയുടെ നിര്‍മ്മാണത്തിലും വിക്ഷേപണത്തിലും വ്യാപൃതമാകുന്നതാണ് കണ്ടത്. അത്തരമൊരു അവയവത്തെപ്പറ്റി കേട്ടുകേള്‍വി പോലും ഇല്ലാതിരുന്നിട്ടും കൂടുതല്‍ എന്തെങ്കിലും തുടര്‍ന്ന് ചോദിക്കാനുള്ള ധൈര്യമില്ലാതെയും അവസാനിക്കാത്ത ആകാംക്ഷയുമായും രംഗത്ത് നിന്ന് ഞാന്‍ പതിയെ നിഷ്‌ക്രമിച്ചു എന്ന് പറയുന്നതാകും ശരി.അങ്ങനെ ഒരു കാലം. കാലാന്തരത്തില്‍ കുഞ്ഞനും... കുഞ്ഞിയും... എന്റെ അമ്മയും... അങ്ങനെ ഓരോരുത്തരായി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. കര്‍മ്മകാണ്ഡങ്ങളുടെ ചിതലരിച്ചു തുടങ്ങിയ ഓര്‍മ്മകളും പേറി ചിലരൊക്കെ ഇന്നും ശേഷിക്കുന്നു. കൂട്ടത്തില്‍ ഞാനും!
'സാറന്മാര്‍ ഇവിടെ ഇരിക്ക്...ഞാനൊന്ന് കറങ്ങിയിട്ട് വരാം. ഒത്താല്‍ മുള്ളനെയെങ്കിലും ഇന്ന് കിട്ടും. പിന്നെയൊക്കെ നിങ്ങളുടെ ഭാഗ്യം പോലെയിരിക്കും.'' ഓര്‍മ്മകളില്‍ നിന്ന് ഞാനുണര്‍ന്നു. പ്ലാന്റേഷനിലെ മോഹനനെന്ന നമ്മുടെ അഭിനവ ശിക്കാരിയാണ് ഇപ്പോള്‍ രംഗത്ത്. എനിക്കോ കൂടെയുള്ള ഫീല്‍ഡ് എക്‌സിക്യൂട്ടീവിനോ (പേര് പറയുന്നില്ല.) എന്തെങ്കിലും പ്രതികരിക്കാനാകുന്നതിന് മുമ്പ് അയാള്‍ മുറ്റത്തേക്കിറങ്ങി പെട്ടെന്ന് ഹെഡ് ലൈറ്റ് ഓണ്‍ ചെയ്യുകയും അതിന്റെ വെളിച്ചത്തില്‍ നിറതോക്കും ചൂണ്ടി ഞങ്ങള്‍ നോക്കി നില്‍ക്കെ വിശാലമായ തോട്ടത്തില്‍ തളം കെട്ടിക്കിടക്കുന്ന കട്ടപിടിച്ച ഇരുട്ടിലേക്ക് മറയുകയും ചെയ്തു!
തൊണ്ണൂറുകളില്‍ രാജസ്ഥാനിലെ സവായ് മധോപൂര്‍ (Sawai Madhopur) എന്ന സ്ഥലത്ത് കുറച്ച് കാലം 'രന്തമ്പോര്‍ നാഷണല്‍ പാര്‍ക്കിന്റെ' (Ranthambhore National Park) പരിസരത്തെ ജനങ്ങളില്‍ വനസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും വൃക്ഷത്തൈ നടീല്‍ പ്രചരിപ്പിക്കാനുമായി ഒരു സന്നദ്ധ സംഘടനയില്‍ ജോലി ചെയ്യുമ്പോള്‍ അവിടത്തെ തദ്ദേശവാസികളായ ചിലര്‍ രാത്രികളില്‍ ടോര്‍ച്ചുകളും വടികളുമായി 'ഖര്‍ഗോശ്' (Hare) എന്ന് ഹിന്ദിയില്‍ അറിയപ്പെടുന്ന കാട്ടുമുയലുകളെ പിടിക്കാന്‍ പോകാറുള്ളതാണ് ഞാനപ്പോള്‍ ഓര്‍ത്തത്. തീവ്രമായ വെളിച്ചം കണ്ണിലടിക്കുമ്പോള്‍ ആശയക്കുഴപ്പത്തില്‍ ഓടാന്‍ പറ്റാതെ നില്‍ക്കുന്ന മുയലുകളെ പിന്നിലൂടെ ചെന്ന് വടി കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊല്ലുന്നതത്രേ. അതേ സമയം രാത്രികളില്‍ അവിടെങ്ങും പരക്കെ കാണപ്പെടുന്ന 'നീല്‍ഗായ്' എന്നറിയപ്പെടുന്ന 'നീലക്കാള' (Blue bull) തുടങ്ങിയ സസ്യാഹാരികളായ വലിയ ജീവികളെയൊന്നും അവര്‍ പിടിക്കാറും ഇല്ലായിരുന്നു. (ഒരു വേള നീല്‍'ഗായ്' എന്ന പേരിന്റെ പ്രത്യേകതയാണോയെന്ന് അറിയില്ല.) ഇതൊക്കെയാണെങ്കിലും രാത്രി പോകുന്ന ആളുകള്‍ കാട്ടുമുയലുമായി മടങ്ങിയെത്തുന്നത് ഞാനൊരു ദിവസവും കണ്ടിട്ടില്ലെന്നതാണ് സത്യം.
അതിനിടെ ഒരിക്കല്‍ കൂടെ ജോലി ചെയ്തിരുന്ന ഹനുമാന്‍ പ്രസാദ് ശര്‍മ്മ എന്നയാളിന്‍റെയും ഒരു പെണ്‍ സുഹൃത്തിന്‍റെയും കൂടെ രണ്ട് മോട്ടോര്‍ സൈക്കിളുകളിലായി മധ്യപ്രദേശിന്‍റെയും രാജസ്ഥാനിന്‍റെയും അതിര്‍ത്തിയിലായി വരുന്ന 'കോട്ട' (Kota) എന്ന സ്ഥലത്തിനടുത്തുള്ള ഒരു ഗ്രാമത്തില്‍ പോയതും ഞാനോര്‍ക്കുന്നു. തീര്‍ത്തും വ്യത്യസ്തവും യാഥാസ്ഥിതികവുമായ ആചാരങ്ങള്‍ പിന്‍പറ്റുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ജീവിത രീതി നമ്മുടേതില്‍ നിന്ന് അപ്പാടെ വ്യത്യസ്തമാണ്. 'സ്‌നേഹിച്ചാല്‍ നക്കിക്കൊല്ലും അല്ലെങ്കില്‍ തല്ലിക്കൊല്ലും' എന്ന് പറയുന്നത് മാതിരി. അന്ന് വെയില്‍ താഴ്ന്ന് തുടങ്ങിയപ്പോള്‍ ഒരു പാറപ്പുറത്ത് സംസാരിച്ചിരുന്ന ഞങ്ങളെ കന്നുകാലികളെ മേച്ചിട്ട് തിരികെപ്പോകുന്ന ഒരിടയന്‍ കാണുകയുണ്ടായി എന്നത് ഞാനത്ര കാര്യമായി എടുത്തതേയില്ലായിരുന്നു.
(സത്യത്തില്‍ സ്കൂളിലും പ്രീഡിഗ്രിക്കും അല്ലാതെയും ഹിന്ദി പഠിച്ചിട്ടുണ്ടെങ്കിലും എനിക്ക് അന്നും ഇന്നും രാഷ്ട്രഭാഷ സ്ഫുടമായി സംസാരിക്കാനറിയില്ല എന്നതാണ് വാസ്തവം. വളരെ സാവകാശം പറഞ്ഞാല്‍ ഏതാണ്ടൊക്കെ മനസ്സിലാകും. അത്ര തന്നെ. എന്റെ കൂടെയുള്ള രണ്ട് സുഹൃത്തുക്കളും തമ്മില്‍ രാജസ്ഥാനിയിലാണ് സംസാരിച്ചിരുന്നത്. അതെനിക്ക് തീരെ മനസ്സിലാകുകയും ഇല്ല. എളുപ്പത്തില്‍ ഹിന്ദി പഠിപ്പിക്കാനാണ് ജോലി ചെയ്തിരുന്ന കമ്പനി എന്നെ അവരോടൊത്ത് ഫീല്‍ഡിലേക്ക് അയയ്ക്കുന്നത്. എന്നോടാകുമ്പോള്‍ ലളിതമായ ഹിന്ദിയിലായിരിക്കും അവര്‍ സംസാരിക്കുക. മുറി ഹിന്ദിയിലും ഇംഗ്ലീഷിലും ആയി ഞാനവരോട് മറുപടി പറയുകയും ചെയ്യും. അതായിരുന്നു പതിവ്.)
ആ ഇടയന്‍ നമ്മളെ ശ്രദ്ധിക്കാത്തത് മാതിരിയാണ് കടന്ന് പോയതെങ്കിലും അയാള്‍ പോയി കുറച്ച് കഴിഞ്ഞപ്പോള്‍ ഗ്രാമത്തില്‍ നിന്ന് വേറെ മുന്നുനാല് ആളുകള്‍ പഴയ രാജ്ദൂത് മോട്ടോര്‍ സൈക്കിളിലും ഒക്കെയായി അവിടെ എത്തി. അഴുക്ക് പറ്റി മഞ്ഞിച്ച ഉടുപ്പുകളും തറ്റുടുക്കുന്ന മാതിരി ചുറ്റിയ വേഷ്ടികളും തലയില്‍ കെട്ടും താഴോട്ട് ഒലിച്ചിറങ്ങിയ മാതിരിയുള്ള നീളന്‍ മീശകളും ഉള്ളവരായിരുന്നു അവരൊക്കെ. ചിലര്‍ക്ക് താടിയുമുണ്ട്. കുറച്ചകലെയായി നമ്മള്‍ തിരികെ പോയേക്കാവുന്ന വഴിയില്‍ എന്തോ നിശ്ചയിച്ചുറപ്പിച്ച മതിരി അവരൊക്കെ നിലയുറപ്പിക്കുകയും ചെയ്തു. അവരുടെ കൈയ്യില്‍ നല്ല നീണ്ട മുഴുത്ത വടികളും ഉണ്ടായിരുന്നു. അപ്പോഴും എനിക്ക് പ്രത്യേകിച്ചൊന്നും മനസ്സിലായില്ലെങ്കിലും നന്നെ വെളുത്തു മെലിഞ്ഞ ശരീരമുള്ള ഹനുമാന്‍ പ്രസാദ് രാജസ്ഥാനിയില്‍ എന്തോ പിറുപിറുത്തുകൊണ്ട് ഭയം നിറഞ്ഞ കണ്ണുകളോടെ എണീറ്റ് അവരുടെ അടുത്തേക്ക് ധൃതിയില്‍ നടക്കുന്നതാണ് ഞാന്‍ തുടര്‍ന്ന് കണ്ടത്!
ഞങ്ങള്‍ ഇരിക്കുന്ന ദിക്കിലേക്ക് കൈ ചൂണ്ടി അയാളുമായി വന്നവര്‍ എന്തൊക്കെയോ സംസാരിക്കുന്നത് നോക്കിയിരിക്കെ ഹനുമാന്‍ പ്രസാദ് ശര്‍മ്മ കൈകാട്ടി വിളിച്ചതനുസരിച്ച് ഉഷാകിരണെന്ന ആ സ്ത്രീ സുഹൃത്തും എണീറ്റ് അവരുടെ അടുക്കലേക്ക് പോയി.
പിന്നെ അവരെല്ലാപേരും കൂടെ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് ഞാനിരുന്ന പാറയ്ക്കരികിലേക്ക് എത്തി. അപ്പോഴേക്കും ഞാന്‍ ചെറിയ അപകടം മണത്തിരുന്നു. അതുകൊണ്ട് തന്നെ അവരുടെ മുന്നില്‍ വച്ച് ഹനുമാന്‍ പ്രസാദ് എന്നോട് വളരെ ലളിതമായ ഹിന്ദിയില്‍ ചോദിച്ചതിന് പോലും ഒട്ടും അറിയാത്തത് മാതിരി വിക്കിവിക്കി ഇംഗ്ലീഷ് ചേര്‍ത്താണ് ഞാന്‍ മറുപടി പറഞ്ഞത്. എന്തായാലും എന്റെ ഭാഷണത്തിലും അജ്ഞതയിലും തൃപ്തരായെന്നത് പോലെ അവര്‍ ആറുപേരും തമ്മില്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ട് തെല്ല് കഴിഞ്ഞപ്പോള്‍ അവിടെ നിന്നും നിഷ്‌ക്രമിക്കുകയാണുണ്ടായത്. അതിന് മുന്നിലെയാഴ്ച ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമായി അവിടെ എത്തിയിരുന്നെന്നും മാംസക്കച്ചവടത്തില്‍ വിലപേശി തമ്മില്‍ത്തല്ലുകയും അതില്‍ ആര്‍ക്കോ ഗുരുതരമായ പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നത്രേ. അതാണ് ഗ്രാമീണര്‍ സംഘടിച്ച് ഞങ്ങളെ ചോദ്യം ചെയ്യാനായി വന്നത്. ഞങ്ങള്‍ അവരെ വെട്ടിച്ച് ഓടി രക്ഷപ്പെടാനോ ആക്രമിക്കാനോ മറ്റോ ശ്രമിക്കുകയാണെങ്കില്‍ നേരിടാനും അടിച്ച് വീഴ്ത്താനുമായി മറ്റ് പലയിടത്തും റോഡിലുമൊക്കെ ആള്‍ക്കാര്‍ സംഘടിച്ച് നില്‍ക്കുകയായിരുന്നുവെന്നുമാണ് അവര്‍ പറഞ്ഞത്!
ഓരോന്നോര്‍ത്ത് നില്‍ക്കേ ക്വാര്‍ട്ടേഴ്‌സിന്റെ പിന്നിലെവിടെയോ രാത്രിയുടെ നിശ്ശബ്ദതയെ വിറപ്പിച്ചുകൊണ്ട് ഒരു വെടി ശബ്ദം ഉയര്‍ന്ന് കേട്ടു! സത്യത്തില്‍ ഞാനപ്പോള്‍ കിടുങ്ങിപ്പോയി. ചീവിടുകളുടേയും മറ്റും ശബ്ദം പെട്ടെന്ന് നിന്നത് പോലെ. റബ്ബര്‍ തോട്ടങ്ങളിലെ വിസ്തൃതികളിലും അകലെയല്ലാത്ത കാട്ടുപൊന്തകളിലും ആ വെടിയൊച്ച മാറ്റൊലികളായി മുഴങ്ങിക്കേട്ടു കൊണ്ടിരുന്നു. ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഒരൂഹവും ഇല്ലതന്നെ. ഉള്ളിലുയര്‍ന്ന വല്ലാത്ത ഒരാന്തലോടെ ഞാന്‍ അരികിലിരുന്ന ഫീല്‍ഡ് എക്‌സിക്യുട്ടീവിനെ നോക്കി!
(തുടരും)
Content Highlights: JR Ani writes about a chilling tale of a hunting trip, a loaded gun, and unexpected danger. Discover the thrilling events and the shocking climax
Published: 10 Nov 2025, 02:38 pm IST
ABOUT THE AUTHOR
കേരള വനം വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്‍, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള്‍ എന്നൊരു അനുഭവകഥയും കേരള
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented