ശനിയാഴ്ച മുതല്‍ ചെക്കുകള്‍ പണമാക്കി മാറ്റാന്‍ ദിവസങ്ങളുടെ കാത്തിരിപ്പ് ഇല്ലാതാകുമെന്ന്‌ പത്രവാര്‍ത്ത കണ്ടപ്പോള്‍ പഴയ ചെക്കുകാലം വെറുതെ ഓര്‍ത്തുപോയി. ഇപ്പോള്‍ ചെക്കുമാറി പണം ലഭിക്കാന്‍ രണ്ട് ദിവസം എടുക്കുന്നുണ്ടത്രേ. ഒരു ചെക്ക് കൈകൊണ്ട് തൊട്ടിട്ട് കാലമെത്രയായി. ആരെങ്കിലും ഒരു ചെക്ക് തന്നാല്‍ തന്നെ ആധിയാണ്. അത് ബാങ്കില്‍ കൊണ്ടുപോയി ഫോം പൂരിപ്പിച്ച് പെട്ടിയില്‍ ഇടണം. ഇന്നത്തെ കാലത്ത് ബ്രാഞ്ചില്‍ ആരു പോകാനാണ്. പണ്ടൊക്കെ എടിഎം കൗണ്ടറില്‍ ചെക്ക് ഡ്രോപ് ബോക്‌സ് ഉണ്ടായിരുന്നു. ഇപ്പോഴതൊക്കെ ഉണ്ടോ ആവോ. കുറച്ച് കാലം മുമ്പ് ചെക്ക് ട്രങ്കേഷന്‍ സംവിധാനം നിലവില്‍ വന്നതായി അറിഞ്ഞു. ഫിസിക്കല്‍ ചെക്ക് കൈമാറുന്നതിന് പകരം അതിന്റ ഇമേജ് കൈമാറി ക്ലിയര്‍ ചെയ്യുന്ന സംവിധാനമായിരുന്നത്രേ അത്. പത്രവാര്‍ത്ത കണ്ട് ഒരു സുഹൃത്ത് പുള്ളിക്ക് ലഭിച്ച 25,000 രൂപയുടെ ചെക്ക് ഫോട്ടോ എടുത്ത് ബാങ്ക് മാനേജര്‍ക്ക് വാട്‌സാപ് ചെയ്തു കൊടുത്തത്രേ. ആ പൈസ അക്കൗണ്ടില്‍ കേറിയോ ആവോ.

To advertise here,

ചെക്കുകളെക്കുറിച്ച് ഓര്‍ത്താല്‍ വണ്ടിച്ചെക്കുകളുടെ കാര്യം ആരും മറക്കില്ലല്ലോ. ചെക്ക് പേയ്‌മെന്റാകാതെ മടങ്ങുന്നതിനെയാണല്ലോ വണ്ടിച്ചെക്ക് എന്ന് വിളിച്ചിരുന്നത്. ആ പേര് എങ്ങനെ വന്നുവോ എന്തോ. ചെക്ക് മടങ്ങി എന്നുകേട്ടാല്‍ അക്കൗണ്ടില്‍ പൈസ ഇല്ലാത്തതുകൊണ്ട് മടങ്ങി, വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചു എന്നൊക്കെയാകും നാട്ടുകാര്‍ വിചാരിക്കുക. ചെക്കില്‍ വെട്ടിത്തിരുത്തലുണ്ടാകുക, ഒപ്പില്‍ വ്യത്യാസം വരുക, തീയതി വ്യക്തമാകാതിരിക്കുക തുടങ്ങിയ കാരണങ്ങളൊക്കെ കൊണ്ടും ചെക്ക് മടങ്ങാം. ജയില്‍വാസവും പിഴയും ചുമത്താവുന്ന കുറ്റമാണ് ചെക്ക് മടങ്ങല്‍ എന്നതുകൊണ്ട് സംഭവത്തെ നിസാരമായി കാണാന്‍ കഴിയില്ല.

അതൊക്കെ കൊണ്ടുതന്നെ ചെക്ക് മടങ്ങല്‍ മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകമായ ഒരു കാലമുണ്ടായിരുന്നു. വണ്ടിച്ചെക്ക് എന്ന രണ്ടക്ഷരത്തിന് ഒരാളുടെ മാനത്തെ കപ്പല്‍കേറ്റാന്‍ പോന്ന ശക്തിയുണ്ടായിരുന്നു അന്നൊക്കെ. മടങ്ങിയ ചെക്കുമായി ചെന്നാല്‍ ബാങ്കിലെ എല്ലാവരുടെയും മുഖത്ത് ഒരു സഹതാപമായിരിക്കും നിങ്ങളെ കാണുമ്പോള്‍.

ഇന്ന് ചെക്ക് ബുക്കിന് പഴയ തപാല്‍ ഇൻലൻഡിന്റെയും പോസ്റ്റ് കാര്‍ഡിന്റേയും ട്രങ്ക് കോളിന്റെയുമൊക്കെ സ്ഥാനമേയൂള്ളൂ നമ്മുടെ ജീവിതത്തില്‍. കഥ മാറിയെങ്കിലും ചെക്ക് ഉണ്ടാക്കിയ മാനക്കേടും അലോസരവുമൊക്കെ ബാങ്ക് ഇടപാടുകളില്‍നിന്ന് മാറിയോ. എവിടെ. അതിപ്പോഴും ഇവിടെ തന്നെയുണ്ട്. റീബ്രാന്‍ഡിലാണ്. വേറെ പേരില്‍. അപ് ഗ്രേഡഡ് വേര്‍ഷനില്‍. പണ്ട് ചെക്ക് മടങ്ങല്‍. ഇന്ന് ട്രാന്‍സാക്ഷന്‍ ഫെയില്‍ഡ്. വാക്കുകള്‍ മാത്രം മാറി.

1980-കളിലും 90-കളിലും മിഡില്‍ ക്ലാസിന്റെ അഭിമാനമായിരുന്നു ചെക്ക് ബുക്ക്. അക്കാലത്തെ സിനിമയിലൊക്കെ കണ്ടിട്ടില്ലേ വില്ലന്‍ നായകനെ വിലയ്‌ക്കെടുക്കാന്‍ കിണ്ണന്‍ കാച്ചിയ ഡയലോഗ് വീശിയ ശേഷം ചെറിയ പെട്ടി തുറന്ന് അതില്‍നിന്ന് ചെക്ക് ബുക്ക് എടുത്ത് ഒരു ചെക്ക് ലീഫ് സ്‌റ്റൈലില്‍ കീറി ഹീറോ പെന്‍ കൊണ്ട് തുകയെഴുതി നായകന് നേരെ വെച്ചു നീട്ടും. അപ്പോള്‍ ക്ലോസപ്പില്‍ തുക കാണാം. ഒപ്പം നായകന്റെ പുച്ഛവും. കാലം മാറി.

ലൂസിഫര്‍ സിനിമയില്‍ 45 കോടി കൊടുത്ത് ഒരു ചാനലിനെ വിലയ്‌ക്കെടുക്കുന്ന സീന്‍ കണ്ടതോര്‍മ്മയില്ലേ. സത്യം പറഞ്ഞ് ഉപജീവനം നടത്തേണ്ടവര്‍ കള്ളം മാത്രം വിറ്റ് ജീവിക്കുന്നു. എന്‍ബിടിവിക്ക് ഒരു ഫണ്ടിംഗ് ഇഷ്യു ഉണ്ടെന്നറിഞ്ഞു. അത് ഏറ്റിരുന്ന ബിമൽ നായര്‍ക്ക് അതിന് കഴിയുന്നില്ല. നിങ്ങളുടെ കടം ഞാന്‍ ഇപ്പോള്‍ വീട്ടാം. സ്റ്റീഫന്‍ നെടുമ്പള്ളി പറയുന്നു.

എന്‍ബിടിവിയുടെ ഫണ്ടിംഗ് ഇഷ്യൂ സ്റ്റീഫന്‍ വിചാരിക്കുന്ന പോലെ ഒരു ചെറിയ ഇഷ്യു അല്ല എന്ന് ചാനല്‍ മുതലാളി പറഞ്ഞുതീരുന്നതിന് മുമ്പേ എസ്എംഎസ് എത്തി. 45 കോടി എന്‍ബിടിവിയുടെ അക്കൗണ്ടില്‍ കേറി. ചെക്കില്ല. ബുക്കില്ല. ഒപ്പില്ല. രണ്ട് ദിവസത്തെ കാത്തിരിപ്പുമില്ല.

പണ്ട് നമ്മള്‍ എത്രയെത്ര ചെക്കുകളാണ് എഴുതിയിരുന്നത്. സ്‌കൂള്‍ ഫീസിന് ഒരു ചെക്ക്. ഇന്‍ഷുറന്‍സ് പ്രീമിയത്തിന് വേറൊരു ചെക്ക്. വീട്ട് വാടകയ്ക് മറ്റൊരു ചെക്ക്.

ചെക്കെങ്ങാനും മടങ്ങിയാല്‍ പിന്നെ തീര്‍ന്നു. പൈസ കിട്ടാതെ സാറിന്റെ ചെക്ക് മടങ്ങി കേട്ടോ എന്ന് നാലാള്‍ കേള്‍ക്കെ മാത്രമേ പറയൂ. ബാങ്ക് ചുവപ്പ് കളറില്‍ ടൈപ്പ് ചെയ്ത കത്ത് തന്നെ അയയ്ക്കും. സുഹൃത്തുക്കള്‍ പിന്നെ നമ്മളുമായി കാഷ് ഇടപാട് മാത്രമേ നടത്തു. നോ ചെക്ക്. എങ്കിലും നമ്മളൊക്കെ ആ കെട്ട കാലത്ത് എങ്ങനെയൊക്കെയോ പിടിച്ചു നിന്നു. അപമാനം സഹിച്ചു. ആരെങ്കിലും എന്തെങ്കിലുമൊക്കെ വന്ന് നമ്മെ ഇതില്‍ നിന്നൊക്കെ രക്ഷിക്കുമെന്ന് വിശ്വസിച്ചു.

അങ്ങനെ എടിഎം കാലം ആഗതമായി. ബാങ്കിംഗ് സേവനം നമ്മുടെ പടി വാതില്‍ക്കല്‍ വരെ എത്തി. ബാങ്കുകളുടെ പ്രവര്‍ത്തനം 24x7 ആയി. അപമാനം ഏറ്റുവാങ്ങാന്‍ നമ്മുടെ ജീവിതം പിന്നെയും ബാക്കിയായി. അതേവരെ ബാങ്കിംഗ് സമയത്ത് മാത്രമായിരുന്ന അപമാനം ഏറ്റുവാങ്ങല്‍ രാവെന്നോ പകലെന്നോ അര്‍ധരാത്രിയെന്നോ വ്യത്യാസമില്ലാതെയായി. അവധി ദിവസങ്ങളില്‍ പോലും നമ്മള്‍ അപമാനങ്ങള്‍ ഇരന്നുവാങ്ങി. എടിഎം ഫെയില്യൂവര്‍ കുറേക്കൂടി നിന്ദ്യവും നീചവും ബീഭല്‍സവുമായിരുന്നു. അക്വേറിയത്തിലകപ്പെട്ട മീനിനെ പ്പോലെ നാം ആ ചില്ലുകൂടിനകത്ത് നിന്നു. നമ്മളെ നോക്കി അപരിചിതരായവരുടെ നീണ്ട നിര പുറത്ത്. ശ്വാസമടക്കിപ്പിടിച്ച് നാം കാര്‍ഡ് ഇടുന്നു. പിന്നടിക്കുന്നു. കാത്തിരിക്കുന്നു. മെഷിന്‍ ആദ്യം ചിരിക്കും. പിന്നെ ചുമക്കും. ഒടുവില്‍ ഒരു റെസീപ്റ്റ് പുറത്തേക്ക് തുപ്പും.

Unable to process transaction എന്ന് അതില്‍ കാണാം. എന്താണ് കാരണം എന്ന് നമുക്ക് മനസിലാകില്ല. അക്കൗണ്ടിലെ പണം തീര്‍ന്നിട്ടാണോ. സെര്‍വര്‍ തകരാറാണോ. അതോ ബാങ്ക് പക വീട്ടുകയാണോ. ക്രഡിറ്റ് കാര്‍ഡ് ബില്ല് ഇതേവരെ അടയാക്കാത്തതിന്റെ പരിഭവം തീര്‍ക്കുകയാണോ. പുറത്ത് അക്ഷമരായി വരി നില്‍ക്കുന്ന അപരിചിതര്‍ക്ക് ഇതൊന്നും അറിയേണ്ടതില്ലല്ലോ. നമ്മള്‍ വീണ്ടും വീണ്ടും കാര്‍ഡിട്ട് പിന്നടിക്കും. എവിടെ കാഷ് കിട്ടാന്‍. പണ്ടാരമടങ്ങി പുറത്തേക്കിറങ്ങുമ്പോള്‍ പുറത്തുനില്‍ക്കുന്നവരെല്ലാം ചോദിക്കാതെ ചോദിക്കും. അക്കൗണ്ടില്‍ ബാലന്‍സ് ഇല്ലല്ലേ.

അവിടുത്തെ അപമാനം സഹിച്ച് നമ്മള്‍ വേറേ ഏതെങ്കിലും എടിഎം പിടിക്കും. അവിടെ അരമണിക്കൂറൊക്കെ കാത്തിരുന്ന് നമ്മുടെ ഊഴമെത്തുമ്പോള്‍ സ്‌ക്രീനില്‍ കാണാം “Out of Service”

അങ്ങനെ അക്കാലവും കടന്നുപോയി. പിന്നെ ഡിജിറ്റല്‍ റെവലൂഷനായി. പക്ഷേ പഴയ പെയിന്‍ അതേപോലെ തന്നെ ഒരു മാറ്റവുമില്ല. കൂനമ്മാവില്‍ ബസിറങ്ങിയ രവി കണ്ടതുപോലെ തന്നെ. എല്ലാം അതുപോലെ. പക്ഷേ ടൂള്‍സ് മാത്രം പുതിയത്. പിന്നെ നെറ്റ് ബാങ്കിംഗ്,സ്മാര്‍ട്ട് ഫോണ്‍, യുപിഐ പേയ്‌മെന്റ്, ആപ് ബാങ്കിംഗ്, യോ യോ ബാങ്ക്, മലപ്പുറം കത്തി. എല്ലാം മാറിയെങ്കിലും ഒന്നും മാറിയില്ല എന്ന അവസ്ഥ. ഇന്ന് നമ്മളെ ബാങ്ക് മാനേജരോ, കടക്കാരനോ ആരും ചീത്തപറയില്ല. പക്ഷേ അതിവേഗം അതിദ്രുതം ഓരോ ഇടപാട് കഴിയുമ്പോഴും നമ്മുടെ ഫോണ്‍ സ്‌ക്രീനില്‍ അത് തെളിയും.

  • “Transaction Failed.”
  • “Server Busy.”
  • “Try Again Later.”

ടോണൊക്കെ വളരെ പൊളൈറ്റാണ്. പക്ഷേ, ഹുമിലിയേഷന്‍ വളരെ വളരെ ബ്രൂട്ടലാണ്. നമ്മള്‍ നമ്മുടെ പുതിയ കാറ് അഭിമാനത്തോടെ പമ്പില്‍ കേറ്റി പെട്രോളടിക്കും. ഫോണെടുത്ത് സ്‌കാന്‍ ചെയ്യും. അല്ലേല്‍ കാര്‍ഡെടുത്ത് വീശും. ബീപ്പ് കേള്‍ക്കും. പക്ഷേ Transaction Failed നിങ്ങളൊരു വിളറിയ ചിരി ചിരിക്കും. സെയില്‍സ്മാന്‍ പറയും. സാരമില്ല സാറേ ഒന്നുകൂടെ നോക്കാം. വീണ്ടും Transaction Failed ഇത്തവണ സെയില്‍സ് മാന്‍ ചിരിക്കില്ല. പകരം ചോദിക്കും അക്കൗണ്ടില്‍ കാശൊക്കെ ഉണ്ടല്ലോ അല്ലേ സാറേ.

അതൊക്കെ സഹിക്കാം. ചിലപ്പോള്‍ അപമാനത്തിന്റെ കൂടെ ധനനഷ്ടവും ശാരീരിക ഉപദ്രവും സഹിക്കണം. നമ്മുടെ അക്കൗണ്ടില്‍ നിന്ന് കാശ് ഡെബിറ്റാകും. പക്ഷേ അവര്‍ പറയും വന്നിട്ടില്ല എന്ന്. പിന്നെ അതേച്ചൊല്ലി തര്‍ക്കമാകും. ബഹളമാകും. ഒടുവില്‍ ഏതെങ്കിലും ഒരു മാന്യ കസ്റ്റമര്‍ അലറിവിളിക്കും. കാശ് കൊടുത്തിട്ട് പോടേ എന്ന്. അതോടെ തീര്‍ന്നു.

കാശ് കൊടുത്ത് വണ്ടീല്‍ കേറിയിരിക്കുമ്പോ മേസേജ് വരുംAmount will be reversed and credited within 5-7 working അന്യായമായി ഈടാക്കിയ പണം തിരികെ വരാന്‍ ഏഴ് ദിവസമേ. ഈ ഏഴ് ദിവസം കൊണ്ട് ഒരാള്‍ക്ക് ലോകം ചുറ്റി വരാം. അപ്പോഴാണ് ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് ഒരു 500 രൂപ മാറ്റാന്‍ ഏഴ് ദിവസം.

ചെക്ക് മടങ്ങിയത് മുതല്‍ ട്രാന്‍സാക്ഷന്‍ ഫെയില്യുവര്‍ വരെയുള്ള കാലഘട്ടത്തില്‍ എന്തുമാറ്റമാണ് സംഭവിച്ചത്. ഭാഷ മാത്രം മാറി. അപമാനവും വേദനയും അസൗകര്യവും അതേപോലെ തുടരുന്നു.

ഭാവിയിലെങ്കിലും മാറ്റം വരുമോ? വരും. എഐ വന്നതോടെ എല്ലാം വളരെ എളുപ്പമാണ്. പമ്പില്‍ കേറി പെട്രോളടിച്ചിട്ട് ഫോണെടുത്ത് വെറുതെ പറഞ്ഞാല്‍ മതി. ഇവനൊരു 500 രൂപ കൊടടേ എന്ന്. അപ്പോ തന്നെ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് 500 രൂപ പമ്പിന്റെ അക്കൗണ്ടിലേക്ക് പോകേണ്ടതാണ്. പക്ഷ നമ്മുടെ സമയം. പൈസ പോകുന്നതിന് പകരം മെസേജായിരിക്കും വരുന്നത് Voice not recognized. Transaction Failed.