ഡിജിറ്റല് ലോകത്ത് ജനിച്ച, എഐ -അധിഷ്ഠിതമായ ഒരു പ്ലാറ്റ്‌ഫോം എന്തുകൊണ്ട് പരമ്പരാഗത സാറ്റലൈറ്റ് ടിവിയില് പരസ്യം ചെയ്യുന്നു?

രാവിലെ ചൂടുകാപ്പിക്കൊപ്പം ചൂടുപത്രമാണ് പതിവ്. അത് പക്ഷേ അച്ഛന്റെ കയ്യിലായിപ്പോയി. വീട്ടിലെല്ലാവർക്കും ഫോണും ഒന്നിൽ കൂടുതൽ മുറികളിൽ ടിവിയുമൊക്കെ ആയെങ്കിലും പത്രം അന്നും ഇന്നും ഒന്നുമാത്രം. ഒന്നിൽ കൂടുതൽ പത്രമിടുന്ന വീട് ഇന്നുമുണ്ടോ എന്നറിയില്ല. ഒന്നു പാളിനോക്കി. അച്ഛൻ പത്രത്തിനകത്ത് തന്നെ. ഞാൻ ടിവി ഓൺചെയ്ത് സോഫയിൽ വന്നിരുന്നു. റിമോട്ടെടുത്ത് വെറുതെ ചാനലുകൾ മാറ്റി ഒരു ന്യൂസ് ചാനൽ വെച്ചു. പരസ്യമാണ്. ഞാൻ മുഖം തിരിച്ച് കാപ്പിക്കപ്പ് ചുണ്ടോടടുപ്പിച്ചു. പരസ്യങ്ങൾ അലസമായി ശ്രദ്ധിച്ചുകൊണ്ടിരിക്കേ ഒരെണ്ണം എന്റെ കണ്ണിൽ കുത്തിക്കയറി.
ചാറ്റ് ജിപിറ്റിയുടെ പരസ്യം. അതും സാറ്റലൈറ്റ് ടിവി ചാനലിൽ. എനിക്കത് അവിശ്വസനീയമായി തോന്നി. ഞാൻ വല്ല ടൈം ട്രാവൽ ചെയ്യുകയോ മറ്റോ ആണോ. നമുക്ക് വേണ്ടി കവിത എഴുതുകയും സോഫ്റ്റ്വെയർ കോഡ് ചെയ്യുകയും നിയമ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും കാമുകിക്കും ബോസിനും വേണ്ട മറുപടിയും മറ്റും തയ്യറാക്കി നൽകുകയും ചിലപ്പോൾ മനുഷ്യരോടൊപ്പം ദാർശനിക ചർച്ചകൾ നടത്തുകയും ചെയ്യുന്ന അതേ ആർട്ടിഫിഷ്യൽ ഇന്റലിജൻസാണോ ഇവിടെ പരസ്യം ചെയ്യുന്നത്. അതും ഇപ്പോൾ ഡിറ്റർജന്റ് പരസ്യങ്ങൾക്കും ജ്യോതിഷ പരിപാടികൾക്കും ഇടയിൽ. അതും മരിച്ചുകൊണ്ടും കാലഹരണപ്പെട്ടുകൊണ്ടും ഇരിക്കുന്നു എന്ന് പരക്കെ വിശ്വസിപ്പിക്കപ്പെടുന്ന സാറ്റലൈറ്റ് ടിവി ചാനലിൽ.
ഈ വൈരുദ്ധ്യം എനിക്ക് വളരെ വിശേഷപ്പെട്ടതായി തോന്നി. കട്ടിംഗ് എഡ്ജ് എഐ ബ്രാൻഡിന്റെ പരസ്യം ടിവി ചാനലിൽ കണ്ട -ലെ എന്റെ മനസിലേക്ക് സലിംകുമാറിന്റെ ഒരു സ്റ്റിക്കർ വന്നുവീണു. എനിക്കാണോ ഇവന്മാർക്കാണോ പ്രാന്ത്. അതോ നാട്ടുകാർക്കോ. കാളവണ്ടികൾക്കിടയിൽ ടെസ്ല കാർ പാർക്ക് ചെയ്തിരിക്കുന്നത് പോലെ എന്തോ ഒരു ഇത്. പക്ഷേ പരസ്യം ശ്രദ്ധിച്ചുകണ്ടപ്പോൾ എനിക്കൊരു കാര്യം മനസിലായി. ചാറ്റ് ജിപിറ്റി കിടു തന്നെ.
ആ പരസ്യം വളരെ ലളിതവും തികച്ചും പരമ്പരാഗത ശൈലിയിൽ ഉള്ളതായിരുന്നു. വലിയ എഐ ധൂർത്തോ ആഡംബരമോ ഒന്നുമില്ല. ചെറിയ ഒരു സൂപ്പർമാർക്കറ്റ് നടത്തുന്ന ഒരു യുവാവ്. സ്ഥാനം തെറ്റിക്കിടക്കുന്ന വസ്തുക്കളൊക്കെ ഓടി നടന്ന് യഥാസ്ഥാനത്ത് വയ്ക്കുകയാണ്. മറ്റ് ജോലിക്കാരെ ഒന്നും കാണുന്നില്ല. ചിലപ്പോൾ എല്ലാം പുള്ളി തനിച്ചായിരിക്കും ചെയ്യുന്നത്. അൽപ്പം പരിഭ്രമമൊക്കെ ആ മുഖത്ത് കാണാം.
അയാൾ ചാറ്റ് ജിപിറ്റിയോട് ചോദിക്കുന്നു.
അടുത്തൊരു പുതിയ സൂപ്പർമാർക്കറ്റ് തുറക്കാൻ പോകുന്നുണ്ട്. പഴയ കസ്റ്റമേഴ്സിനെ നിലനിർത്താനും പുതിയവർ വരാനും ഞാൻ എന്തുചെയ്യണം. ചാറ്റ് ജിപിറ്റി നൽകുന്ന മറുപടിയിൽ സാങ്കേതിക ജാർഗണുകളില്ല. എഐ ബസ്വേർഡുകളുമില്ല. മെഷീൻ ലേണിങ്ങോ പ്രൊഡിക്ടീവ് അനലിറ്റിക്‌സോ ഇല്ല. അതിന് പകരം, തികച്ചും മാനുഷികമായ ഒരു തനി നാടൻ നിർദേശമാണ്. അതിങ്ങനെയാണ്
'നോക്ക് നിങ്ങൾക്ക് നിങ്ങളുടെ കടയുടെ പുറത്ത് കോർണറിൽ ഒരു ചായക്കട സ്ഥാപിക്കാം. പഴയ കസ്റ്റമേഴ്സ് ചായകുടിച്ചും സംസാരിച്ചും നിൽക്കും. അവരെ കണ്ട് പുതിയ കസ്റ്റമേഴ്സും വരും. ഒപ്പം അവരും സൂപ്പർ മാർക്കറ്റിലേക്ക് വരികയും കൂടുതൽ ലാഭം കിട്ടുകയും ചെയ്യും.'
ഒരു ഒന്നൊന്നര പരിഹാര മറുപടി അല്ലേ. പരസ്യത്തിലെ കച്ചവടക്കാരനെ കണ്ടാൽ മലയാളി ആണെന്ന് പറയില്ല. പക്ഷേ, ഇവിടെ കേരളത്തിലാണ് എങ്കിൽ ചായ കുടിച്ചു കഴിഞ്ഞാലും ആളുകൾ പിരിഞ്ഞുപോകില്ല. എന്തൊക്കെ വിഷയങ്ങളാണ് ചർച്ചചെയ്യാനുള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം. നടിയെ ആക്രമിച്ച കേസ്. പാരഡിപ്പാട്ട് വിവാദം.. അങ്ങനെ അങ്ങനെ എന്തെല്ലാം.
മറുപടിയായി ഇത്രയും പറഞ്ഞശേഷം ചാറ്റ് ജിപിറ്റി പതുക്കെ ബില്ല്, ബിഗ് ഡാറ്റ തുടങ്ങിയവയിലേക്ക് കടക്കുന്നു. എന്നിട്ട് വളരെ ലളിതമായി പറയുന്നു.
'നിങ്ങൾ നിങ്ങളുടെ ബില്ലുകൾ പരിശോധിച്ച് ഏതു ഉത്പന്നങ്ങളാണ് കൂടുതൽ വിൽക്കപ്പെടുന്നത് എന്ന് നോക്കാം. വിറ്റഴിക്കാതെ കിടക്കുന്നത് ഏതൊക്കെ എന്ന് കണ്ടെത്തണം. എന്നിട്ട് നിങ്ങളുടെ ഇൻവെന്ററിയിൽ മാറ്റങ്ങൾ വരുത്തി അതിന് അനുസരിച്ച് ഒരു പ്ലാനും ഉണ്ടാക്കാം.'
സാങ്കേതിക വിദ്യ എത്ര നിശ്ശബ്ദമായിട്ടാണ് ഇവിടെ സാമാന്യ ബുദ്ധിക്ക് പിന്തുണ കൊടുത്തത്. അതായത് ഇന്റലിജൻസ്, ഇന്റ്യൂഷനെ സേവിക്കുന്നു. ഇത് എത്രയോ ആകർഷകമാണ്. സിംബോളിക്കുമാണ്. എഴുതി കാടുകയറിപ്പോയി. എന്റെ പ്രധാന സംശയത്തിലേക്ക് തന്നെ തിരികെ വരാം...!
ഡിജിറ്റൽ ലോകത്ത് ജനിച്ച, എഐ-അധിഷ്ഠിതമായ ഒരു പ്ലാറ്റ്‌ഫോം എന്തുകൊണ്ട് പരമ്പരാഗത സാറ്റലൈറ്റ് ടിവിയിൽ പരസ്യം ചെയ്യുന്നു?
ഇൻസ്റ്റഗ്രാം റീലുകളും, യുറ്റ്യുബ് പ്രീ-റോളുകളും, ഇൻഫ്‌ളുവൻസർ അൺബോക്‌സിങ്ങുകളും, നമ്മൾ ചിന്തിക്കുന്നതിനു മുൻപേ നമ്മളെ അറിയുന്ന പോലെ തോന്നുന്ന ആൽഗോരിതം പരസ്യങ്ങളും നിറഞ്ഞ ഈ കാലത്ത്, ടെലിവിഷൻ പലരും പഴയതാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നതിൽ കുറ്റം പറയാനൊന്നും ഒക്കുകേല. പക്ഷേ എന്നിട്ടും ചാറ്റ്ജിപിറ്റി എന്തിനത് തിരഞ്ഞെടുത്തു.
കാരണം ടെലിവിഷൻ ചാനലുകൾക്ക് ഇന്നും ഒരു അമൂല്യമായ ശക്തിയുണ്ട്. ടിവി ഓണായാൽ പിന്നെ ആളുകൾ കാണും. കണ്ടുകൊണ്ടേയിരിക്കും. അറ്റൻഷൻ വിത്തൗട്ട് മച്ച് ഡിസ്ട്രാക്ഷൻ കിട്ടുന്ന മീഡിയമാണ് ഇപ്പോഴുമത്. അഞ്ചു സെക്കൻഡിൽ സ്‌കിപ്പ് ചെയ്യില്ല. സ്‌ക്രോൾ ചെയ്ത് കടന്നുപോകില്ല. കയ്യിലിരിക്കുന്ന ഫോൺ റിംഗ് ചെയ്താൽ മാത്രമേ മ്യൂട്ട് ചെയ്യൂ. അതിലുപരി, ടെലിവിഷന് ഇന്നും ഒരു വിശ്വാസ്യതയുണ്ട്. 'ടിവിയിൽ വന്നതാണെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടാകും'' എന്നൊരു വിശ്വാസം.
യഥാർത്ഥ മനുഷ്യരെ-കടക്കാരെ, വീട്ടമ്മമാരെ, വിരമിച്ചവരെ, ചെറിയ സംരംഭകരെ, അർധനഗര കുടുംബങ്ങളെ എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ഒരു എഐ പ്ലാറ്റ്‌ഫോമിന് ടിവി ഒരു പഴയ വസ്തുവല്ല. അത് ഒരു പാലമാണ്.
സോഷ്യൽ മീഡിയ പരസ്യങ്ങൾ ഇന്ന് ശക്തമാണെങ്കിലും, പ്രശ്‌നങ്ങൾ നിറഞ്ഞതാണ്. അൽഗോരിതങ്ങൾ നമ്മളെ എക്കോ ചേംബറുകളിൽ പൂട്ടുന്നു. ബഹളങ്ങളുടെ മഹാസാഗരത്തിൽ ന്യൂ മീഡിയ പരസ്യങ്ങൾ പരസ്പരം പടവെട്ടി മരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഓരോ പരസ്യങ്ങളും കാണുമ്പോൾ നമ്മൾ 'ടാർഗെറ്റ്' ചെയ്യപ്പെടുന്നു, ''ട്രാക്ക്'' ചെയ്യപ്പെടുന്നു എന്നൊക്കെയുള്ള ഒരു ഫീലാണ് നമുക്ക്. അതുകൊണ്ട് അതൊക്കെ കാണുമ്പോൾ നമുക്ക് അസ്വസ്ഥതയാണ് ആദ്യം ഉണ്ടാകുക. നമ്മുടെ സ്വകാര്യത അവർ ചോർത്തിയിട്ടാണ് നമ്മെ ഈ പരസ്യങ്ങളൊക്കെ കാണിക്കുന്നത് എന്ന് നമ്മൾ ചിന്തിക്കുന്നു.
ടെലിവിഷൻ പരസ്യങ്ങൾ അതിനെല്ലാം നേർ വിപരീതമാണ്. അത് നിങ്ങളെ വ്യക്തിപരമായി ടാർഗറ്റ് ചെയ്യുന്നുവെന്ന തോന്നൽ നിങ്ങളിലുണ്ടാക്കില്ല. നിങ്ങളുടെ വീടുകളിലേക്ക് അവ വിനീതമായി കടന്നുവരുന്നു. കുടുംബങ്ങളോട് ഒന്നിച്ച് സംസാരിക്കുന്നു. ഡിജിറ്റൽ ലോകത്ത് വളർന്നില്ലാത്തവർക്കു ടിവി ഒരു പരിചിത പ്രദേശമാണ്. അവിടെ ഭീഷണിപ്പെടുത്തലില്ല. ആശ്വസിപ്പിക്കലാണുള്ളത്. ഇവിടെയാണ് സൂപ്പർമാർക്കറ്റ് ഉടമയെ കേന്ദ്രകഥാപാത്രമാക്കിയ ചാറ്റ് ജിപിറ്റി തീരുമാനം അതീവ ബുദ്ധിപരമാകുന്നത്. അവർക്ക് ഒരു സ്റ്റാർട്ടപ്പ് സ്ഥാപകനെയോ, കോഡറെയോ, ഡാഷ്‌ബോർഡുകളിലേക്ക് നോക്കുന്ന ഒരു മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെയോ കാണിക്കാമായിരുന്നു.
പക്ഷേ, അതിന് പകരം, സമൂഹത്തിൽ വേരൂന്നിയ ഒരു കച്ചവടക്കാരനെ തിരഞ്ഞെടുത്തു.
പാൽക്കടകളും പലചരക്ക്, സ്റ്റേഷനറി മിനി സൂപ്പർമാർക്കറ്റുകളും വെറും ഇടപാട് കേന്ദ്രങ്ങൾ മാത്രമല്ല. അവ ബന്ധങ്ങളുടെ ഇടങ്ങളാണ്. ഉപഭോക്താവിന് ഏത് ബ്രാൻഡ് ഇഷ്ടമാണ്, കുട്ടികളുടെ പേര് എന്താണ്, സാമ്പത്തികാവസ്ഥ എങ്ങനെയാണ്-എല്ലാം കടക്കാരന് അറിയാം.
കടം കൊടുക്കും.
കേൾക്കും.
ഉപദേശം പറയും.
അവൻ സാമൂഹിക ഘടനയുടെ ഭാഗമാണ്.
അങ്ങനെ ഒരു കടക്കാരനെ സഹായിക്കുന്നതിലൂടെ ചാറ്റ് ജിപിറ്റി സ്വയം അവതരിപ്പിക്കുന്നത് ഒരു എലീറ്റായ സാങ്കേതിക വിദ്യയായി അല്ല. മറിച്ച് ദൈനംദിന പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകുന്ന ഒരാളായിട്ടാണ്. ആൻ എവരി ഡേ പ്രോബ്ലം സേവർ.
വിദഗ്ധർക്കുള്ള ഹൈ എൻഡ് മെഷിനായിട്ടല്ല, മറിച്ച് സാധാരണക്കാർക്ക് തികച്ചും സാധാരണമായ തീരുമാനങ്ങളെടുക്കാനുള്ള സഹായി ആയിട്ടാണ് അവർ അതിനെ പൊസിഷൻ ചെയ്യാൻ ശ്രമിക്കുന്നത്.
അതിലുപരി, ചായക്കട എന്ന ആശയം ശ്രദ്ധിക്കുക. അത് സാങ്കേതികതയല്ല. അത് സമൂഹശാസ്ത്രമാണ്.
മനുഷ്യർ സാധനങ്ങൾ മാത്രം വാങ്ങാൻ ഷോപ്പിൽ പോകുന്നില്ല, അവർ സ്വന്തമെന്നൊരു അനുഭവം തേടിയാണ് പോകുന്നത് എന്ന് ചാറ്റ് ജിപിറ്റി മനസ്സിലാക്കുന്നു. ഈ പരസ്യത്തിൽ എഐ മനുഷ്യബുദ്ധിയെ മാറ്റിസ്ഥാപിക്കുന്നില്ല, അതിനോട് ചേർന്ന് നിൽക്കുകയാണ്. ഇത് യാദൃച്ഛികമല്ല. ഇന്ന് എഐ യെ ആളുകൾ സ്വീകരിക്കാൻ മടിക്കുന്നതിന്റെ പ്രധാന കാരണം സാങ്കേതികമല്ല. അത് മാനസികമാണ്.
എഐ ശക്തമാണെന്നതിനാൽ ആളുകൾ അതിനെ നിരസിക്കുന്നില്ല. അത് പരിചിതമല്ലാത്തതും, ദുർഗ്രഹവും സങ്കീർണവുമാകുന്നതിനാലാണ് ആളുകൾ മടിക്കുന്നത്. അത് മറികടക്കാൻ, എഐ ആദ്യം മനുഷ്യനായി തോന്നണം. സഹായിക്കാനും കേൾക്കാനും ഒക്കെ കഴിയുന്ന മനുഷ്യനായി. അതുകൊണ്ടാണ് പരമ്പരാഗത മാധ്യമങ്ങളിൽ അവർ പരസ്യം ചെയ്യുന്നത്. അത് ഒരു തന്ത്രമാണ്.
അത് പ്രേക്ഷകരോട് പറയുന്നത് ഇതാണ്,
'നിങ്ങളുടെ ജീവിതം ഒറ്റരാത്രി കൊണ്ട് മാറ്റിമറിക്കാൻ വന്നതല്ല. നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം വളരെ സാവധാനത്തിൽ കുറശേയായി മെച്ചപ്പെടുത്താൻ സഹായം ചെയ്യാൻ വന്നതാണ്.'അങ്ങനെ നോക്കുമ്പോൾ, ഇവിടെ വിൽക്കപ്പെടുന്നത് ചാറ്റ് ജിപിറ്റിയുടെ കഴിവുകളല്ല. വിശ്വാസമാണ്.
ഈ പരസ്യം ഒരു വലിയ മാറ്റത്തെയും സൂചിപ്പിക്കുന്നു. ഭാവിയിലെ പരസ്യങ്ങൾ ഇനി തിളക്കമുള്ള ക്രിയേറ്റിവിറ്റിയിലോ സെലിബ്രിറ്റി എൻഡോഴ്‌സ്‌മെന്റിലോ മാത്രം ആകില്ല. മറിച്ച് ഉപഭോക്താവുമായി എങ്ങനെയൊക്കെ റിലേറ്റ് ചെയ്യിക്കാൻ പറ്റും എന്നതിലായിരിക്കും. സാങ്കേതികത പശ്ചാത്തലത്തിൽ മാത്രം നിൽക്കും. സ്‌പെസിഫിക്കേഷനുകളേക്കാൾ കഥകൾ മുന്നിൽ വരും.
എഐ ബ്രാൻഡുകൾ പരസ്യത്തെ തന്നെ പുതുക്കി നിർവചിക്കുമോ? അതിനും സാധ്യതയുണ്ട്. പരസ്യങ്ങൾ വിൽപ്പനയെ ഫോക്കസ് ചെയ്യുന്നതിന് പകരം ആളുകളുടെ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് ശ്രദ്ധ നൽകും. ഒരു ഉത്പന്നത്തെക്കുറിച്ച് ഹൈപ്പ് ഉണ്ടാക്കാനല്ല, മറിച്ച് അതിന്റെ ഉപയോഗക്ഷമതയ്ക്കായിരിക്കും പ്രാധാന്യം നൽകുക. അതുകൊണ്ടാവാം ചാറ്റ് ജിപിറ്റി ഒരു സൂപ്പർമാർക്കറ്റും, ഒരു ചായക്കടയും, ഒരു സാറ്റലൈറ്റ് ടിവി ചാനലും തിരഞ്ഞെടുത്തത്.
കാരണം വിപ്ലവങ്ങൾ എല്ലായ്‌പ്പോഴും ശബ്ദമുണ്ടാക്കിക്കൊണ്ടായിരിക്കില്ല എത്തുക. ചിലപ്പോൾ അവ വളരെ ശാന്തമായിട്ടായിരിക്കും എത്തുക. ഒരു ചാനൽ മാറ്റത്തിനിടയിൽ, ഒരു ചായയുമായി, ഒരു സംഭാഷണവുമായി,
ടെലിവിഷൻ മാധ്യമം മരിക്കുകയായിരുന്നില്ല. അത് കാത്തിരിക്കുകയായിരുന്നു. എങ്ങനെ അതിനെ കണ്ടെത്തണമെന്നും ഉപയോഗിക്കണമെന്നും എഐ'ക്ക് കൃത്യമായി അറിയാമായിരുന്നു.
(പേഴ്‌സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ് മെന്ററുമാണ് ലേഖകൻ. ഇമെയിൽ: jayakumarkk8@gmail.com)
Content Highlights: Discover why ChatGPT is advertising on traditional TV. Explore how AI is reaching a wider audience with relatable stories, not just tech jargon. Click to learn more!
Published: 21 Dec 2025, 03:25 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented