വന്‍തുകയുടെ ഓഹരികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറിയിട്ടും 619 ബില്യണ്‍ (61900 കോടി) ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായി മസ്‌ക് തുടരുകയാണ്.

100 മില്യൺ (10 കോടി) ഡോളർ (ഏകദേശം 8997250000 രൂപ) വിലമതിക്കുന്ന 2,10,699 ടെസ്‌ല ഓഹരികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി ലോകത്തെ ഏറ്റവും ധനികനായ ശതകോടീശ്വരൻ ഇലോൺ മസ്‌ക്. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ കണക്കുകൾ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തതാണ് ഇക്കാര്യം. 2025 ഡിസംബർ 30-നാണ് വൻതുകയുടെ ഓഹരികൾ അദ്ദേഹം സംഭാവന ചെയ്തത്. വർഷാവസാന നികുതി ആസൂത്രണത്തിന്റെ ഭാഗമായാണ് നടപടി.
ടെക് ശതകോടീശ്വരൻ ഇത്രയധികം തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകുന്നത് ആദ്യമായല്ല. 2024-ൽ അദ്ദേഹം ഏകദേശം 112 മില്യൺ (11.2 കോടി) ഡോളർ വിലമതിക്കുന്ന ടെസ്‌ല ഷെയറുകൾ സമാനമായ രീതിയിൽ സംഭാവന ചെയ്തിരുന്നു. 2022 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 1.95 ബില്യൺ ഡോളർ വിലമതിക്കുന്ന ടെസ്‌ല ഓഹരികളും, 2021-ൽ 5.7 ബില്യൺ ഡോളർ വിലമതിക്കുന്ന ഓഹരികളും അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തിരുന്നു.
വൻതുകയുടെ ഓഹരികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈമാറിയിട്ടും 619 ബില്യൺ (61900 കോടി) ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായി മസ്‌ക് തുടരുകയാണ്. 269 ബില്യൺ ഡോളർ ആസ്തിയുള്ള ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജ്, 253 ബില്യൺ ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരാണ് സമ്പത്തിന്റെ കാര്യത്തിൽ മസ്‌കിന് തൊട്ടുപിന്നിലുള്ളത്.
അടുത്ത അഞ്ച് വർഷക്കാലവും ടെസ്‌ല സിഇഒ ആയി തുടരുമെന്നാണ് മസ്‌ക് വ്യക്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ഒരു ട്രില്യൺ (1,000,000,000,000) ഡോളറിന്റെ അതിഭീമമായ ശമ്പള പാക്കേജിന് കമ്പനിയുടെ ഓഹരി ഉടമകൾ അംഗീകാരം നൽകിയത് പോയവർഷം വാർത്തകളിൽ നിറഞ്ഞിരുന്നു. സമ്പത്തിന്റെ കാര്യത്തിൽ ഒന്നാംസ്ഥാനത്ത് തുടരുമ്പോഴും 2026-ൽ വൻ പദ്ധതികളാണ് മസ്‌കിന്റെ വിവിധ കമ്പനികൾ നടപ്പാക്കാനൊരുങ്ങുന്നത്. മനുഷ്യജീവിതംതന്നെ മാറ്റിമറിക്കാൻ സാധ്യതയുള്ളവയാണ് ഇതിൽ പല പദ്ധതികളും എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.
സ്റ്റാർഷിപ്പ് V3-യുടെ ആദ്യ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ് മസ്‌കിന്റെ സ്പേസ്എക്സ്. അതിവിദൂര ബഹിരാകാശ ദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത വമ്പൻ പേടകമാണിത്. ബഹിരാകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുന്നതിനുള്ള നീക്കങ്ങളടക്കം കമ്പനി ഇതുമായി ബന്ധപ്പെടുത്തി നടത്തുന്നുണ്ട്. വിക്ഷേപണ സമയത്ത് അധിക ഇന്ധനത്തിന്റെ ഭാരമില്ലാതെ ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ ഉള്ള യാത്രകൾ സാധ്യമാക്കുന്നതിന് വേണ്ടിയാണിത്. സ്റ്റാർലിങ്ക് V3 ഉപഗ്രഹങ്ങൾ ഈവർഷം അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്. വിദൂര പ്രദേശങ്ങളെ തടസമില്ലാത്ത 5 ജി നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കാൻ കഴിയുന്നതാണ് ഇവ. പൂർണമായും കാഴ്ചയില്ലാത്തവർക്ക് കാഴ്ച നൽകാൻ ലക്ഷ്യമിടുന്ന ന്യൂറാലിങ്കിന്റെ ബ്ലൈൻഡ്സൈറ്റ് ഇംപ്ലാന്റ് 2026-ൽആദ്യ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് (BCI) ഉപയോഗിച്ചാണ് ഇത് സാധ്യമാക്കാൻ ഒരുങ്ങുന്നത്.
ഇതിനുപുറമെ സൈബർകാബ് ഉത്പാദനം, ഒപ്റ്റിമസ് ജെൻ 3 ഹ്യൂമനോയിഡ് റോബോട്ടുകളുടെ വൻതോതിലുള്ള ഉത്പാദനം, റോബോടാക്‌സി സേവനങ്ങൾ വിപുലീകരിക്കൽ എന്നിവയെല്ലാം മസ്‌കിന്റെ കമ്പനികൾ 2026-ൽ ലക്ഷ്യമിടുന്ന നീക്കങ്ങളിൽ ചിലത് മാത്രമാണ്.
Content Highlights: Tesla CEO Elon Musk donates $100M in shares for tax planning. Discover his ambitious 2026 plans for SpaceX, Neuralink, Tesla`s robots, and AI.
Published: 01 Jan 2026, 06:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented