അര്‍ധരാത്രി കഴിഞ്ഞും നീളാറുള്ള മീറ്റിങ്ങുകള്‍ക്ക് ശേഷം പുലര്‍ച്ചെ രണ്ടോടെ ചെറുതായി ഒന്ന് മയങ്ങാന്‍ മസ്‌ക് സമയം കണ്ടെത്തും. ഏതാനും മണിക്കൂറുകള്‍ മാത്രം നീണ്ടുനില്‍ക്കുന്നതാണ് ഈ മയക്കം.

1. ടെസ്‌ല പ്ലാന്റ് 2. ഇലോണ്‍ മസ്‌ക് | Photo - AP, AFP
ലോകത്തെ ഏറ്റവും സ്വാധീനമുള്ള സംരംഭകരില്‍ ഒരാളാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ടെസ്‌ല, സ്‌പേസ്എക്‌സ്, സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് (മുന്‍പ് ട്വിറ്റര്‍) എന്നിവയിലൂടെ ടെക് വ്യവസായത്തെതന്നെ മാറ്റിമറിച്ചത് അദ്ദേഹമാണ്.
അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ആശയങ്ങളും വേറിട്ട സംരംഭങ്ങളും വാര്‍ത്തകളില്‍ നിറയാറുണ്ട്. വ്യത്യസ്തമായ ദിനചര്യയും കഠിനാധ്വാനവുമാണ് അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിലെന്ന് വെളിപ്പെടുത്തുകയാണ് മസ്‌കുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന എക്‌സിലെ മുന്‍ ജീവനക്കാരനായ ക്രിസ് ബാക്കെ. ടെക് ശതകോടീശ്വരന്‍ ശാരീരിക ക്ഷമത, ഏകാഗ്രത, നേതൃപാടവം എന്നിവയുടെ പരിധികള്‍ ലംഘിക്കുന്ന കഠിനമായ ദിനചര്യയാണ് പിന്തുടരുന്നതെന്ന് അദ്ദേഹം പറയുന്നു.
ദിവസം തുടങ്ങുന്നത് ടെസ്‌ല അസംബ്ലി ലൈനില്‍
ഒരു ദിവസത്തെ ആദ്യത്തെ പത്ത് മണിക്കൂര്‍ മസ്‌ക് പൂര്‍ണ്ണമായും ടെസ്‌ലയ്ക്കായ്ക്കുവേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. ടെസ്ലയുടെ പ്രവര്‍ത്തനങ്ങള്‍ക്കും എഞ്ചിനീയറിങ്ങിനും നേരിട്ട് നേതൃത്വം നല്‍കിക്കൊണ്ട് അദ്ദേഹം ദിവസം ആരംഭിക്കും. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം മറ്റുള്ളവരെ ഏല്‍പ്പിക്കുന്ന പല സിഇഒമാരില്‍ നിന്നും വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ രീതികള്‍. എഞ്ചിനീയറിങ് തടസങ്ങള്‍ നേരിട്ട് ഇടപെട്ട് പരിഹരിക്കുന്നത് മുതല്‍ അസംബ്ലി ലൈനുകള്‍ കാര്യക്ഷമമാക്കുന്നത് വരെയുള്ള നിര്‍മ്മാണത്തിന്റെ ഓരോ സൂക്ഷ്മമായ കാര്യങ്ങളിലും മസ്‌ക് മുഴുകുന്നു. എഞ്ചിനീയറിങ് അപ്ഡേറ്റുകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവലോകനങ്ങള്‍, ദൈനംദിന തീരുമാനങ്ങളെടുക്കല്‍ എന്നിവ തുടര്‍ന്ന് നടത്തും.
വൈകീട്ട് എക്‌സില്‍; രാത്രിവരെ യോഗങ്ങള്‍
ടെസ്ലയിലെ ജോലിക്കുശേഷം മസ്‌ക് തന്റെ ശ്രദ്ധ എക്‌സിലേക്ക് മാറ്റും. സാധാരണയായി വൈകീട്ട് അഞ്ചിനോ ആറിനോ ആകും എക്‌സിലെ മീറ്റിങ്ങുകള്‍ ആരംഭിക്കുക. അവിടെ അദ്ദേഹം പുതിയ തന്ത്രങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തും. നിലവിലുള്ള പ്രോജക്റ്റുകള്‍ അവലോകനം ചെയ്യും. നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ പലപ്പോഴും രാത്രി 10-നാവും ഷെഡ്യൂള്‍ ചെയ്യുക. അവ പലതും അതിരാവിലെ വരെ നീളാറുമുണ്ട്.
അര്‍ധരാത്രി കഴിഞ്ഞും നീളാറുള്ള മീറ്റിങ്ങുകള്‍ക്ക് ശേഷം പുലര്‍ച്ചെ രണ്ടോടെ ചെറുതായി ഒന്ന് മയങ്ങാന്‍ മസ്‌ക് സമയം കണ്ടെത്തും. ഏതാനും മണിക്കൂറുകള്‍ മാത്രം നീണ്ടുനില്‍ക്കുന്നതാണ് ഈ മയക്കം. ഈ കുറഞ്ഞ സമയത്തെ വിശ്രമം അദ്ദേഹത്തെ വേഗത്തില്‍ ജോലികള്‍ പുനരാരംഭിക്കാന്‍ പ്രാപ്തനാക്കുന്നു എന്നാണ് പറയപ്പെടുന്നത്. ആഴ്ചയില്‍ ഏഴ് ദിവസവും ഈ ദിനചര്യമാണ് മസ്‌ക് ആവര്‍ത്തിക്കുന്നതെന്ന് മുന്‍ സഹപ്രവര്‍ത്തകന്‍ പറയുന്നു.
ദീര്‍ഘമായ ജോലി സമയം അപകടകരമോ?
കഠിനമായ ദിനചര്യയാണ് മസ്‌കിന്റെ വിജയത്തിന് പിന്നിലെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇത് ഉറക്കക്കുറവ്, സമ്മര്‍ദ്ദം, മാനസിക പിരിമുറുക്കം എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ദീര്‍ഘമായ ജോലിസമയം ഏരെ പ്രയോജനകരമാണെന്ന് മസ്‌ക് വാദിക്കുണ്ട്. സഹപ്രവര്‍ത്തകരെക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നതിലൂടെ മത്സരത്തില്‍ മുന്‍തൂക്കം നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. സാധാരണ ചെയ്യുന്നതിന്റെ ഇരട്ടി ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് 2014-ല്‍ യുഎസ്സിയിലെ ഒരു ബിരുദദാന ചടങ്ങില്‍ അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ഫാക്ടറിയില്‍ നിലത്ത് കിടന്ന് ഉറങ്ങുന്ന മസ്‌ക്
2018-ല്‍ ടെസ്‌ലയുടെ മോഡല്‍ 3 ഉത്പാദനം വര്‍ധിപ്പിക്കുന്ന സമയത്ത് ശ്രദ്ധേയമായ ഒരു സംഭവം നടന്നിരുന്നു. അപ്രതീക്ഷിതമായി ഉണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ പരിഹാരിക്കുന്നതിനായി സ്ഥലത്ത് ഉണ്ടായിരിക്കണമെന്ന് മസ്‌ക് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം ഫാക്ടറിയുടെ തറയില്‍ കിടന്ന് ഉറങ്ങുകപോലും ചെയ്തു. ഒരേസമയം ഒന്നിലധികം കമ്പനികളെ നയിക്കാനും ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍ നേടാനും മസ്‌കിനെ ഈ സമീപനമാണ് പ്രാപ്തമാക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
Content Highlights: Discover Elon Musk`s grueling daily schedule, from managing Tesla engineering to late-night X meetings, and the sacrifices behind his success.
Published: 26 Nov 2025, 11:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented