ബിഹാറിലെ സുനാമിയിൽ ചിരിക്കുന്നത് നരേന്ദ്ര മോദിയും നിതിഷ് കുമാറും മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടിയാണെന്ന നിരീക്ഷണം ഉയരുന്നുണ്ട്. മഹാ സഖ്യത്തിനേറ്റ തിരിച്ചടിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്ക് കുറച്ചു കാണാനാവില്ലെങ്കിലും കോൺഗ്രസും ആർജെഡിയും വിശദമായ ആത്മപരിശോധന നടത്തണമെന്നാണ് ഇവർക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ള സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് പറയുന്നത്. 2010 ൽ 22 സീറ്റിലേക്ക് ഒതുങ്ങിയ ചരിത്രം ആർജെഡിക്കുണ്ട്. അതുകൊണ്ടുതന്നെ 2025 ഒന്നിന്റെയും അവസാനമാവുന്നില്ല എന്നായിരിക്കും തേജസ്വി യാദവ് പറയുക. പക്ഷേ, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തോൽവി തോൽവി തന്നെയാണ്. വിജയം പോലെ മധുരിക്കുന്ന മറ്റൊന്നില്ല താനും.

To advertise here,

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് ബിഹാറിലെ വിജയം നിർണ്ണായകമായിരുന്നു. ഉത്തരേന്ത്യയിൽ , ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപിക്ക് സമ്പൂർണ്ണ ആധിപത്യം ഇല്ലാത്ത ഒരേയൊരു സംസ്ഥാനമാണ് ബിഹാർ. യുപിയിലും ഒഡിഷയിലും ഉത്തരാഖണ്ഡിലും മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഹരിയാനയിലും ബിജെപിക്ക് എന്ത് കളിയും കളിക്കാം. പക്ഷേ, ബിഹാറിൽ ആ നിലയിലേക്ക് ബിജെപി ഇനിയും എത്തിയിട്ടില്ല. നിതിഷ് കുമാർ കളത്തിൽ നിന്ന് നിഷ്‌ക്രമിക്കുന്നതോടെ ബിഹാറും കൈപ്പിടിയിലാക്കാനാവും എന്ന കണക്കുകൂട്ടലിലാണ് ബിജെപി കരുക്കൾ നീക്കുന്നത്. ആ വലിയ ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റമായാണ് ഈ തിരഞ്ഞെടുപ്പ് വിജയം ബിജെപി കാണുന്നത്.

പതിനായിരം രൂപയുടെ ഇടപെടൽ

വിജയം ഉറപ്പിക്കാൻ ഇക്കുറി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ ഏറ്റവും സമർത്ഥമായ ഇടപെടലായിരുന്നു ബിഹാറിലെ വനിതകളുടെ അക്കൗണ്ടിലേക്ക് പതിനായിരം രൂപ വീതം നൽകിയ നടപടി. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിലെ തിരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിക്കുന്നതിന് പത്ത് ദിവസം മുമ്പാണ് നരേന്ദ്ര മോദി വെടി പൊട്ടിച്ചത്. സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ഗ്രാമീണ മേഖലയിലെ ദരിദ്രരായ സ്ത്രീകൾക്ക് ( ഒരു കുടുംബത്തിൽ ഒരാൾക്ക്) പതിനായിരം രൂപ വീതം നൽകും. ഒരു കോടിയോളം വനിതകൾക്കാണ് ഈയിനത്തിൽ പണം കിട്ടിയത്. പതിനായിരം കോടി രൂപയാണ് ഇതുവരെ ഇതിനായി സർക്കാർ ചെലവഴിച്ചത്. സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ഉതകുന്ന ഫലപ്രാപ്തമായ പദ്ധതിക്ക് തുടക്കമിട്ടാൽ രണ്ട് ലക്ഷം രൂപ വരെ ധനസഹായം ലഷ്യമാക്കുമെന്നും പ്രഖ്യാപനമുണ്ടായി. പതിനായിരം രൂപ എന്ന് പറഞ്ഞാൽ ബിഹാറിലെ ഗ്രാമങ്ങളിൽ അത് ശരിക്കും വലിയ തുകയാണ്. ആർജെഡിയുടെ കോട്ടകളായ മണ്ഡലങ്ങളിൽ യാദവ കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ പോലും മനം മാറി മറിഞ്ഞെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല.

എല്ലാ അർത്ഥത്തിലും ഇതൊരു കൈക്കൂലിയായിരുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഈ പണമത്രയും സ്ത്രീകളുടെ കൈയ്യിലേക്കെത്തിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചത്. വേണമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഇതിൽ ഇടപെട്ട് തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇങ്ങനെയൊരു പണ വിതരണം മരവിപ്പിക്കാമായിരുന്നു. തമിഴ്‌നാട്ടിൽ രണ്ടു തവണ ഇത്തരത്തിലുള്ള കലാപരിപാടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർത്തിവെപ്പിച്ചിട്ടുണ്ട്. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജയലളിത സർക്കാർ തമിഴ്‌നാട്ടിലെ കർഷകർക്ക് വൈദ്യുതി നിരക്ക് അടയ്ക്കാൻ പണം നേരിട്ട് നൽകുന്ന നടപടി തുടങ്ങിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കാലയളവിൽ ഇത് പറ്റില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 2011 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സർക്കാരിന്റെ സൗജന്യ കളർ ടെലിവിഷൻ വിതരണവും കമ്മീഷൻ തടഞ്ഞു. 2006 മുതൽ ഡിഎംകെ സർക്കാർ നടപ്പാക്കിക്കൊണ്ടിരുന്ന പദ്ധതിയായിരുന്നു ഇത്. ഭരണകൂടത്തിന് മുന്നിൽ മുട്ടു മടക്കുന്ന സ്ഥാപനമായിരുന്നില്ല അന്നൊക്കെ തിരഞ്ഞെടുപ്പ് കമ്മീഷൻ.

ഇക്കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളിൽ ബിജെപി കൃത്യമായി പയറ്റുന്ന തന്ത്രമാണ് സ്ത്രീകളെ ലക്ഷ്യമിട്ടുള്ള പണം കൈമാറൽ. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ഡെൽഹിയിലും ഛത്തിസ്ഗഡിലും ബിജെപി ഇതേ കളി കളിച്ചു. കേരളത്തിൽ പിണറായിയും തമിഴ്‌നാട്ടിൽ സ്റ്റാലിനും ബംഗാളിൽ മമതയും ഇതേ കളി കളിക്കുന്നുണ്ട്. പക്ഷേ, ബിജെപിയുടെ പോലെ വൻ തോതിൽ പണമിറക്കി കളിക്കാൻ ഇവർക്കാവില്ല. കേന്ദ്ര സർക്കാരിന്റെ വിപുലമായ സാമ്പത്തിക പിന്തുണയുണ്ടെങ്കിൽ മാത്രമേ ഇങ്ങനെ പണമെറിഞ്ഞ് തിരഞ്ഞെടുപ്പുകളുടെ ഗതി മാറ്റാൻ കഴിയുകയുള്ളു.

രാഹുൽ ഗാന്ധി എന്ന നിക്ഷേപം

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പ്രശ്‌നം തന്നെയാണ്. ഈ വിഷയം നന്നായി ഉയർത്തിക്കൊണ്ടുവരാൻ രാഹുലിനും കൂട്ടർക്കും കഴിയുകയും ചെയ്തു. പക്ഷേ, ബിഹാറിലെ വോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം അതിനേക്കാൾ വലുത് അവരുടെ നിത്യ ജീവിത പ്രശ്‌നങ്ങളാണ്. ഇതിനുള്ള ഒറ്റ മൂലി എന്ന നിലയിലാണ് എൻ ഡി എ ഭരണകൂടം പണം വിതരണം ചെയ്തത്. ഇതിനൊപ്പം നിതീഷിന്റെ ജനകീയതയും ചിരാഗ്‌ പസ്വാന്റെ പാർട്ടിയുടെ സഖ്യത്തിലേക്കുള്ള തിരിച്ചുവരവും എൻഡിഎയ്ക്ക് ഗുണം ചെയ്തു. ശരിക്ക് നോക്കിയാൽ മഹാ സഖ്യം ഇക്കുറി ബിജെപിയാണ് രൂപപ്പെടുത്തിയത്. ബിഹാറിന്റെ സാമൂഹ്യ ഘടനയുടെ ആഴവും പരപ്പും കൃത്യമായി അറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ സഖ്യത്തിനാണ് ബിജെപി മുൻകൈ എടുത്തത്.

കഴിഞ്ഞ 21 വർഷങ്ങളായി കോൺഗ്രസ് ഏറ്റവുമധികം നിക്ഷേപം നടത്തിയത് രാഹുൽ ഗാന്ധിയിലാണ്. ഈ നിക്ഷേപത്തിൽ നിന്നും കോൺഗ്രസിന് കിട്ടിയ വരുമാനം എന്താണെന്ന് പാർട്ടി തീർച്ചയായും ആലോചിക്കണം. രാഹുൽ ഗാന്ധി സത്യസന്ധനും ആത്മാർത്ഥതയുമുള്ള നേതാവാണെന്നതിൽ സംശയമില്ല. ആർഎസ്എസ്സിനും ബിജെപിക്കുമെതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടം സമാനതകളില്ലാത്തതാണ്. പക്ഷേ, സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തില്‍ കോൺഗ്രസിന്റെ തലവര മാറണമെങ്കിൽ നെഹ്രു കുടുംബം ഒന്ന് മാറി ചിന്തിക്കേണ്ടതായിട്ടുണ്ട്. കുടുംബമാണ് പാർട്ടി എന്ന സമീപനം ഇനിയെങ്കിലും ഹൈക്കമാന്റ് അഴിച്ചുപണിയണം.

2019 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടായപ്പോൾ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി നിൽക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം ചരിത്രപരമായിരുന്നു. പാർട്ടി അദ്ധ്യക്ഷനായി നെഹ്രു കുടുംബത്തിന് പുറത്ത് നിന്നൊരാൾ വരണം എന്നും രാഹുൽ പറഞ്ഞു. പക്ഷേ, കുടുംബത്തിനെ ചുറ്റിപ്പറ്റി നിൽക്കുന്ന ഉപജാപക സംഘം അതിന് സമ്മതിച്ചില്ല. അവർ പാർട്ടി നേതൃത്വം വീണ്ടും ഏറ്റെടുക്കാൻ സോണിയാ ഗാന്ധിയെ നിർബ്ബന്ധിച്ചു. മൂന്ന് കൊല്ലത്തിന് ശേഷം പാർട്ടി പ്രസിഡന്റ് സ്ഥനത്തേക്ക് മത്സരമുണ്ടായപ്പോൾ ആദ്യം ഹൈക്കമാന്റ് അനുകൂലിച്ചത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലൊത്തിനെ ആയിരുന്നു. ഗെഹ്‌ലൊത്ത് വിസമ്മതിച്ചപ്പോൾ മല്ലികാർജുൻ ഖാർഗെയെ കൊണ്ടുവന്നു. ഖാർഗെയ്‌ക്കെതിരെ കളത്തിലിറങ്ങിയ ശശി തരൂർ ഉപജാപക സംഘത്തിന്റെ നോട്ടപ്പുള്ളിയായി. പിന്നീടങ്ങോട്ട് തരൂരിനെ എങ്ങിനെ ഒതുക്കാം എന്നതായി ഈ സംഘത്തിന്റെ വലിയൊരു അജണ്ട. കോൺഗ്രസിന് അലോസരമുണ്ടാക്കിയ നിരവധി നടപടികൾ പിന്നീട് തരൂരിന്റെ ഭാഗത്ത് നിന്നുണ്ടായി. തരൂരിനെ എങ്ങിനെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയാതെ പോയതിന്റെ അനന്തര ഫലം.

അഹമ്മദ്‌ പട്ടേലിന്റെ അഭാവം

അഹമ്മദ്‌ പട്ടേൽ എന്ന തന്ത്രജ്ഞന്റെ വിയോഗമാണ് കോൺഗ്രസിനെ ഈ നിലയിലേക്കെത്തിച്ചതെന്ന് കരുതുന്നവരുണ്ട്. പിന്നിൽ നിന്ന് കരുക്കൾ നീക്കുന്ന ആളായിരുന്നു അഹമ്മദ്‌ പട്ടേൽ. നീണ്ട കാലം നെഹ്രു കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന, അധികാര കേന്ദ്രങ്ങളോട് ഏറ്റവുമധികം അടുത്തു നിന്നിരുന്ന അഹമ്മദ്‌ പട്ടേൽ പബ്‌ളിസിറ്റിയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് എപ്പോഴും ഒഴിഞ്ഞു നിന്നു. കോൺഗ്രസിനുള്ളിൽ മാത്രമല്ല സഖ്യ കക്ഷികൾക്കിടയിലും പട്ടേൽ സ്വീകാര്യനായിരുന്നു. യെച്ചൂരിയുമായും മമതയുമായും ശരദ് പവാറുമായും കരുണാനിധിയുമായും പട്ടേലിനുള്ള ബന്ധം കോൺഗ്രസിന് ശക്തിയായി. പട്ടേൽ പോയതോടെ ജയ്‌റാം രമേഷും കെ സി വേണുഗോപാലും അടങ്ങുന്ന സംഘം കോൺഗ്രസ് ഹൈക്കമാന്റിന്റെ വാർ റൂം കൈകാര്യം ചെയ്യുന്നവരായി.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിതിഷ് കുമാറിനെ ഇന്ത്യ സഖ്യത്തിൽ പിടിച്ചു നിർത്താൻ കഴിയാതിരുന്നത് എന്തുകൊണ്ടായിരുന്നുവെന്ന് ഈ സംഘം പരിശോധിക്കണം. ഇന്ത്യ സഖ്യത്തിന്റെ മുൻ നിര നേതാവായി ഉയർത്തിക്കാണിക്കപ്പെട്ട നിതീഷ് കർണ്ണാട തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പതുക്കെ അരിക്‌വൽക്കരിക്കപ്പെട്ടു. രാഹുൽ ഗാന്ധിക്ക് ഒരെതിരാളി സഖ്യത്തിൽ വേണ്ടെന്ന ചിന്തയാവണം നീതീഷിന്റെ ഒതുക്കലിൽ കലാശിച്ചത്. അന്ന് നിതീഷ് എൻഡിഎയിലേക്ക് പോയില്ലായിരുന്നെങ്കിൽ 2024 ലെ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു.

നരേന്ദ്ര മോദിക്ക് ശേഷം ബിജെപി ദുർബ്ബലമാകുമെന്നും എൻഡിഎ തകരുമന്നെുമുള്ള പ്രത്യാശയായിരിക്കാം ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്നത്. ബിജെപിക്ക് പിന്നിൽ ആർഎസ്എസ് ഉണ്ടെന്നും ഇന്ത്യയിലെ മൊത്തം സംവിധാനങ്ങളും ആർഎസ്എസ്സിന്റെ ചൊൽപ്പടിയിലാണെന്നുമുള്ള യാഥാർത്ഥ്യം അറിയുന്നവർക്ക് ഇത്തരമൊരു സമീപനം പുലർത്താനാവില്ല. ബംഗാളിൽ മമതയും തമിഴ്‌നാട്ടിൽ സ്റ്റാലിനും മഹാരാഷ്ട്രയിൽ ശരദ് പവാറും കളത്തിൽ നിന്ന് മാറുന്നതോടെ പ്രതിപക്ഷത്തിന്റെ അവസ്ഥ എന്താകുമെന്നും ആലോചിക്കേണ്ടതുണ്ട്. രാഷ്ട്രീയം വാരാന്തത്തിലുള്ള വിനോദമല്ലെന്ന് രാഹുലിനോട് കോൺഗ്രസ് നേതാക്കൾ പറയണം. ദിവസത്തിൽ 24 മണിക്കൂറും കൊല്ലത്തിൽ 365 ദിവസവും അദ്ധ്വാനം ആവശ്യമായ പണിയാണത്. ബിഹാറിലെ തിരഞ്ഞെടുപ്പ് വിജയം ആസ്വദിച്ച് വിശ്രമിക്കുകയല്ല ആർഎസ്എസ്സും ബിജെപിയും ചെയ്യുന്നത്. ബംഗാളും കേരളവും തമിഴ്‌നാടും ലക്ഷ്യമിട്ട് അതിനിടയില്‍ സമസ്ത വിഭവങ്ങളും സമാഹരിച്ച് അവർ കളത്തിലിറങ്ങിക്കഴിഞ്ഞു.

മംദാനിയുടെ വിജയം

ഇന്ത്യൻ ഫെഡറലിസത്തിനേറ്റ തിരിച്ചടിയായി ബിഹാറിലെ എൻഡിഎ വിജയം കാണുന്നവരുണ്ട്. ഹിന്ദി ഹൃദയ ഭൂമിയിൽ ഒരു പ്രതിപക്ഷ സർക്കാർ ഇന്ത്യൻ ഫെഡറലിസത്തിന്റെ അതിജിവനത്തിന് അനിവാര്യമായിരുന്നു. വോട്ടിങ് വിഹിതത്തിൽ വലിയ തകർച്ചയുണ്ടായിട്ടില്ലെന്നും ആർജെഡിയുടെ വിഹിതം കഴിഞ്ഞ തവണ 23.11 ശതമാനമായിരുന്നെങ്കിൽ ഇക്കുറി 22.76 ശതമാനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 19.46 ശതമാനത്തിൽ നിന്ന് 20.90 ശതമാനമായാണ് ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിച്ചത്.15.3 ശതമാനമായിരുന്ന ജെഡിയു വിഹിതം 18.92 ശതമാനമായി ഉയർന്നു. അഞ്ച് കൊല്ലം മുമ്പ് 9.48 ശതമാനം വോട്ട് കിട്ടിയ കോൺഗ്രസിന് ഇക്കുറി 8.76 ശതമാനം വോട്ടാണ് ലഭിച്ചത്. പ്രതിപക്ഷ പാർട്ടികളുടെ അടിത്തറ അങ്ങിനെയങ്ങ് ഒലിച്ചുപോയിട്ടില്ലെന്നർത്ഥം.

തിരഞ്ഞെടുപ്പുകൾ എങ്ങിനെ ജയിക്കാം എന്നതിൽ നിരന്തര ഗവേഷണം നടത്തുന്നവരാണ് നാഗ്പൂരിൽ ഇരിക്കുന്നവരെന്ന ബോദ്ധ്യം കോൺഗ്രസിനുണ്ടാവണം. അതിനനുസരിച്ചുള്ള തന്ത്രങ്ങളും കരു നീക്കങ്ങളും രൂപപ്പെടണം. പുതിയ നേതൃ നിര വാർത്തെടുക്കണം. എല്ലാം കുടുംബത്തിന്, എന്തും കുടുംബത്തിന് എന്ന ചിന്താഗതി മാറ്റിവെയ്ക്കണം. ഒരു തിരഞ്ഞെടുപ്പ് പരാജയം കൊണ്ട് ലോകം അവസാനിക്കില്ല. പക്ഷേ, തുടർച്ചയായ പരാജയങ്ങൾ വലിയൊരു സൂചനയാണ്. ബിജെപിയെ മാത്രമല്ല സകല ഭരണ സംവിധാനങ്ങളെയുമാണ് തങ്ങൾ നേരിടുന്നതെന്നും തുടക്കം മുതലേ അനീതി നിറഞ്ഞു നിന്ന ഒരു പോരാട്ടത്തിലായിരുന്നു തങ്ങളെന്നും രാഹുൽഗാന്ധി പറയുന്നത് ശരിയിയിരിക്കാം. പക്ഷേ, ഇതിലും വലിയ സംവിധാനത്തെയാണ് ന്യൂയാർക്കിൽ സൊഹ്‌റാൻ മംദാനി പരാജയപ്പെടുത്തിയതെന്ന് മറക്കരുത്. അടിത്തട്ടിലറങ്ങി ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കുന്നവർക്ക് ജനാധിപത്യത്തിൽ വിജയിക്കാനാവുമെന്നാണ് മംദാനി തെളിയിച്ചത്.

വഴിയിൽ കേട്ടത് : ബിഹാറിൽ ഒരു സീറ്റ് പോലും നേടാനാവാതെ തകർന്നടിഞ്ഞ് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി. സ്വന്തം തലവര ശരിയായി ഗണിക്കാൻ ഏത് രാഷ്ട്രീയ ജ്യോതിഷിക്കാണ് കഴിഞ്ഞിട്ടുള്ളത്!