
ഏതു പ്രായത്തിലാണ് വിവാഹം കഴിക്കേണ്ടത്. അല്ലെങ്കില്‍ ഏതു പ്രായത്തിലാണ് നിങ്ങളുടെ മക്കളെ വിവാഹം കഴിക്കാൻ നിര്‍ബന്ധിക്കേണ്ടത്. നമ്മുടെ രാജ്യത്ത് ഏതായാലും പ്രായം 21 കഴിയാതെ വിവാഹം നിയമപരമായി സാധ്യമല്ല. ജീവിതം രണ്ട് തരത്തിലുണ്ട് എന്നാണല്ലോ പറച്ചില്‍. ദാമ്പത്യ ജീവിതവും സാമ്പത്തിക ജീവിതവും. സന്തുഷ്ട ദാമ്പത്യ ജീവിതത്തിന് ഏതു പ്രായത്തില്‍ വിവാഹം കഴിച്ചാലും കുഴപ്പമില്ല. എന്നാല്‍ സന്തുഷ്ട സാമ്പത്തിക ജീവിതത്തിന് വിവാഹം കഴിക്കുന്ന പ്രായം ഒരു നിര്‍ണായക ഘടകമാണ്.
ഇപ്പോഴത്തെ കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ വലിയ താല്‍പ്പര്യമില്ല എന്നതൊക്കെ വസ്തുതയാണ്. അങ്ങനെ വിഹാഹം കഴിക്കാനും കുടുംബ ജീവിതം നയിക്കാനും താല്‍പ്പര്യമില്ലാത്തവരും അത്തരക്കാരെ വലുതായി നിര്‍ബന്ധിക്കാന്‍ ഇഷ്ടമില്ലാത്ത മാതാപിതാക്കളും ഇത് ഇനി തുടര്‍ന്ന് വായിക്കേണ്ടതില്ല.
എന്നാല്‍ വിവാഹം കഴിച്ച് കുടുംബ ജീവിതം ആഗ്രഹിക്കുന്ന യുവാക്കളും മക്കള്‍ക്ക് കുടുംബ ജീവിതം ഉണ്ടായിരിക്കണം എന്നാഗ്രഹിക്കുന്നവരും ചില വസ്തുകള്‍ മനസിലാക്കുന്നത് നല്ലതാണ്.
സാമ്പത്തികപരമായ സന്തുഷ്ട ജീവിതത്തിന് ഏതു പ്രായത്തില്‍ വിവാഹം കഴിക്കുന്നതാണ് ഉത്തമം?
ഇത് പറയും മുമ്പ് ചില ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തുന്നത് അഭികാമ്യമാണ്.
ഒന്നാമത്തെ ചോദ്യം ഇതാണ്. നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ മക്കള്‍ ശരിക്കും കുടുംബ ജീവിതം ആഗ്രഹിക്കുന്നുണ്ടോ?

അതായത് കല്യാണം കഴിച്ച് കുട്ടികളും കുട്ടികളുടെ കുട്ടികളുമൊക്കെയായി നല്ലൊരു ജീവിതം ആഗ്രഹിക്കുന്നുണ്ടോ? അതോ ഒരു ബാധ്യതയും ഏറ്റെടുക്കാന്‍ താല്‍പര്യമില്ല. ഒറ്റത്തടിയായി പറന്നുല്ലസിച്ച് ജീവിക്കാനാണോ ആഗ്രഹം. ഇതിനുള്ള ഉത്തരം കണ്ടെത്തണം. കുടുബ ജീവിതത്തില്‍ താല്‍പര്യമില്ലാത്തയാളാണ് നിങ്ങളോ മക്കളൊ എങ്കില്‍ ഏതു പ്രായത്തില്‍ വിവാഹം കഴിച്ചാലും കുഴപ്പമില്ല. അതുപോലെ വിവാഹം കഴിച്ചാലും കുട്ടികള്‍ വേണ്ട എന്ന് തീരുമാനിച്ചിട്ടുള്ള ആളാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളും ഏതെങ്കിലും സമയത്ത് വിവാഹം ചെയ്താല്‍ മതി. അത്തരക്കാരും ഇത് തുടര്‍ന്ന് വായിക്കേണ്ടതില്ല.
അതല്ല കുടുംബജീവിതം ആഗ്രഹിക്കുന്നുണ്ടോ നിങ്ങള്‍? പങ്കാളിക്ക് നല്ലത് വരണം എന്ന് ആഗ്രഹമുണ്ടോ നിങ്ങള്‍ക്ക്. നിങ്ങളുടെ കുട്ടികളെ വളര്‍ത്തി വലുതാക്കി വലിയൊരു നിലയിലെത്തിക്കാന്‍ താല്‍പര്യമുള്ള ആളാണോ നിങ്ങള്‍. എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഒരു നിശ്ചിത പ്രായത്തില്‍ തന്നെ വിവാഹം കഴിച്ചിരിക്കണം.
ഇനി രണ്ടാമത്തെ ചോദ്യം- എത്ര കുട്ടികള്‍ വേണം എന്നാണ് ആഗ്രഹിക്കുന്നത്. ദൈവം തരുന്നതുപോലെ എന്ന ഉത്തരം പോരാ. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരു ആഗ്രഹവും തീരുമാനവും ഇക്കാര്യത്തില്‍ ഉണ്ടാകണം.
മൂന്നാമത്തെ ചോദ്യം- വിവാഹം കഴിക്കും മുമ്പ് സ്വന്തമായി ഉണ്ടായിരിക്കണം എന്ന ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്.
ഈ ചോദ്യത്തിന് നല്ലൊരു ജോലി എന്നായിരിക്കും എല്ലാവരുടെയും ഉത്തരം. നല്ല ജോലി എന്നതുകൊണ്ട് ചിലര്‍ ഉദ്ദേശിക്കുന്നത് സ്ഥിരമായ ജോലി, സര്‍ക്കാര്‍ ജോലി, നല്ല ശമ്പളമുള്ള ജോലി എന്നൊക്കെ ആയിരിക്കും. ഇതിനായി കാത്തുകാത്തിരുന്നാണ് പലരുടെയും വിവാഹം നീണ്ടു നീണ്ടു പോകുന്നത്.
സ്ഥിരവരുമാനമുള്ള ഒരു ജോലി, അല്ലെങ്കില്‍ സ്ഥിരമായ വരുമാനം ലഭിക്കുന്ന ഒരു മാര്‍ഗം- ഇതിലേതെങ്കിലും ഉണ്ടെങ്കില്‍ ഒരു കുടുംബ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ അത് ധാരാളം. ബാക്കിയൊക്കെ വിവാഹശേഷം പിന്നീടുള്ള ജീവിതത്തില്‍ ഉണ്ടായാല്‍ മതി. വിവാഹ ജീവിതത്തിലെ വിജയവും വരുമാനവും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് ആദ്യം മനസിലാക്കുക. ദാമ്പത്യ ജീവിതത്തിലെ വിജയത്തിന് വേണ്ടത് പരസ്പരം മനസിലാക്കാനുള്ള കഴിവും കുറ്റങ്ങൾ മറന്ന് നല്ലതിനെ മാത്രം സ്വീകരിക്കാനുള്ള മനോഭാവവുമാണ്. ഇത് രണ്ടും ഇല്ലെങ്കില്‍ എത്ര വരുമാനം ഉണ്ടെങ്കിലും കുടുംബജീവിതം സുഗമമായി മുന്നോട്ടുപോകില്ല.

നാലാമത്തെ ചോദ്യം- 25 വയസിനു മുമ്പ് വിവാഹം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. തയ്യാറണോ അതിന് എന്നതാണ് !
നിങ്ങള്‍ ജോലിയില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പുതന്നെ നിങ്ങളുടെ മക്കള്‍ സ്വന്തം കാര്യം നേടാന്‍ പ്രാപ്തരായിരിക്കണം. അതിന് നിങ്ങള്‍ ഏതു പ്രായത്തില്‍ വിവാഹം കഴിക്കണം എന്ന് കണക്ക് കൂട്ടി നോക്കൂ. നിങ്ങള്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ട് എന്ന് കരുതുക. കുട്ടികള്‍ തമ്മില്‍ പ്രായവ്യത്യാസം മൂന്നുവയസാണ് എന്നും കരുതുക. അറുപതാമത്തെ വയസില്‍ നിങ്ങള്‍ ജോലിയില്‍ നിന്ന വിരമിക്കുന്ന ആളാണ് എന്നും കരുതുക. 25-ാമത്തെ വയസിലെങ്കിലും വിവാഹം കഴിച്ചാല്‍ 26-ാം വയസില്‍ ആദ്യ കുട്ടി. 29-ാം വയസില്‍ രണ്ടാമത്തെ കുട്ടി. നിങ്ങള്‍ വിരമിക്കുമ്പോള്‍ ആദ്യ കുട്ടിയുടെ പ്രായം 34. രണ്ടാമത്തെ കുട്ടിയുടെ പ്രായം 31. രണ്ട് പേരും വിദ്യാഭ്യാസവും ജോലിയും പക്വതയും നേടിയിരിക്കും. എന്നു മാത്രമല്ല. വിവാഹം കഴിഞ്ഞ് കുട്ടികളുമായിട്ടുണ്ടാകും. റിട്ടയര്‍മെന്റിനുശേഷം നിങ്ങള്‍ക്ക് അവരുടെ ഒരു കാര്യവും നോക്കേണ്ടവരില്ല എന്നുമാത്രമല്ല അവര്‍ നിങ്ങളെ സംരക്ഷിക്കാന്‍ പാകത്തില്‍ ആയിട്ടുമുണ്ടാകും.
ഇനി നിങ്ങള്‍ 30-ാം വയസിലാണ് വിവാഹം കഴിക്കുന്നത് എന്നുകരുതുക. റിട്ടയര്‍ ചെയ്യുമ്പോള്‍ ആദ്യ കുട്ടിക്ക് 29 വയസ് പ്രായം. രണ്ടാമത്തെ കുട്ടിക്ക് 26 വയസ് പ്രായം. ഈ പ്രായത്തില്‍ അവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടിയിട്ടുണ്ടാകും. ഇനി നിങ്ങള്‍ 35-ാം വയസിലാണ് വിവാഹം കഴികുന്നത് എങ്കിലോ. നിങ്ങള്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ ആദ്യത്തെ കുട്ടിക്ക് 24 വയസും രണ്ടമത്തെ കുട്ടിക്ക് 21 വയസും പ്രായം. ഇനി 40-ാം വയസിലാണ് വിവാഹം കഴിക്കുന്നതെങ്കില്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ ആദ്യ കുട്ടിക്ക് 19 വയസും രണ്ടാമത്തെ കുട്ടിക്ക് 16 വയസും പ്രായം.
വിവാഹപ്രായം നിശ്ചയിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസില്‍ വയ്ക്കുക. റിട്ടയര്‍ ചെയ്തശേഷവും കുട്ടികളുടെ പഠനച്ചെലവും വിവാഹച്ചെലവും സ്വയം നോക്കി നടത്തുന്ന സ്ഥിതി വലിയ സാമ്പത്തിക ഭാരമാകും ഉണ്ടാക്കുക. അത് നിങ്ങളുടെ റിട്ടയര്‍മെന്റ് ജിവിതത്തെ ആകെ താളം തെറ്റിക്കും. അതുകൊണ്ട് ഏതായാലും കുടുംബ ജീവിതം നിങ്ങള്‍ക്ക് ഉണ്ടാകണം. എങ്കില്‍ അത് കഴിയുന്നത്ര നേരത്തെ തന്നെ ആരംഭിക്കുന്നതാണ് ഏറ്റവും നല്ലത്. മാത്രമല്ല മലയാളികളുടെ ശരാശരി ആയുസ്സ് വര്‍ഷം ചെല്ലുംതോറും കുറഞ്ഞ് വരികയുമാണ്. അതിനാല്‍ നിങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ കുട്ടികളെ കഴിയാവുന്നത്ര ഉയരത്തിലേക്ക് കൈപിടിച്ച് നടത്തിക്കാന്‍ നേരത്തെയുള്ള വിവാഹ ജീവിതം ഉപകരിക്കും.
Content Highlights: Ideal marriage age for financial stability & raising a family.
Published: 24 Jan 2025, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented