ഴയകാല ഗ്രന്ഥങ്ങള്‍, രാജ്യത്ത് നിലനിന്നിരുന്ന പഴയകാല നാണയങ്ങള്‍, പ്രശസ്തമായ സ്മാരകങ്ങള്‍, മണ്ണിനടിയില്‍ നിന്ന് ലഭിച്ച പഴയകാല വിഗ്രഹങ്ങള്‍, ഉപകരണങ്ങള്‍, ഭരണികള്‍, ലോഹ അവശിഷ്ടങ്ങള്‍, ഗുഹകള്‍, കോട്ടകൊത്തളങ്ങള്‍, ക്ഷേത്രങ്ങളുടെ മുമ്പിലും പൊതുസ്ഥലങ്ങളിലും കൊത്തിവച്ചിരിക്കുന്ന ശാസനങ്ങള്‍ തുടങ്ങി നമ്മുടെ പ്രാചീന ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന ധാരാളം സ്രോതസ്സുകളുണ്ട്. ഗ്രന്ഥങ്ങള്‍, നാണയങ്ങള്‍, പഴയകാലകൊട്ടാരങ്ങള്‍, പഴയകാല ആയുധങ്ങള്‍ തുടങ്ങിയ നിരവധി ഉപാധാന വസ്തുക്കളെ പോലെത്തന്നെ ചരിത്രത്തെക്കുറിച്ച് വെളിച്ചം വീശുന്ന മറ്റൊരു പ്രധാന രേഖ ശാസനങ്ങളാണ്. കല്ലേപിളര്‍ക്കുന്ന കല്‍പ്പനകള്‍ പുറപ്പെടുവിച്ച ഭരണാധികാരികള്‍ തങ്ങളുടേതായ അധീശത്വം ഊട്ടിയുറപ്പിക്കാന്‍ വേണ്ടി കല്‍പ്പനകള്‍ പുറപ്പെടുവിച്ചിരിക്കുന്നു. നാടുവാഴികളുടെ അഥവാ ദേശാധികാരികളുടെ ഇത്തരം കല്പനകളാണ് ശാസനങ്ങളുടെ ഉള്ളടക്കം.

To advertise here,

ഭാഷയുടെ വരമൊഴി രൂപത്തിലുള്ള പ്രാചീനരേഖകളായി ശാസനങ്ങളെ കണക്കാക്കുന്നു. ഗദ്യഭാഷയുടെ ആദ്യകാല മാതൃകകളാണിവ. പുരാതനശാസനങ്ങള്‍ എല്ലാം കല്ലിലോ, ചെമ്പുതകിടിലോ ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. കല്ലില്‍ രേഖപ്പെടുത്തിയിരുന്ന ശാസനങ്ങള്‍ ശിലാശാസനങ്ങളെന്നും ചെമ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നവ താമ്രശാസനങ്ങള്‍ അഥവാ ചെപ്പേടുകള്‍ എന്നും അറിയപ്പെട്ടു. തരീസാപ്പള്ളി ശാസനം എന്നറിയപ്പെടുന്ന കോട്ടയം ചെപ്പേടും എ.ഡി ഒമ്പതാം ശതകത്തിലെ രാജശേഖരന്റെ വാഴപ്പിള്ളി ശാസനവും കോതഇരവിയുടെ അവിട്ടത്തൂര്‍ ശാസനവും തിരുവടിക്കോട് ശാസനം, കണ്ടിയൂര്‍ ശാസനം, കേരളപുരം ശാസനം, കല്‍ക്കുളം ശാസനം, പാലയൂര്‍ പട്ടയം, തിരുവല്ല ശാസനം, പാലിയം ശാസനം, വെള്ളായണി ശാസനം, മാമ്പിള്ളി ശാസനം, മണലിക്കര ശാസനം തുടങ്ങി പ്രാചീന കേരളത്തിന്റെ ഏടുകളില്‍ കണ്ടെത്തിയിട്ടുള്ള ശാസനങ്ങള്‍ നിരവധിയാണ്. അക്കാലത്ത് നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക വ്യവസ്ഥിതിയുടെ പരിച്ഛേദം ശാസനങ്ങളില്‍ വ്യക്തമാകുന്നു. ചരിത്രത്തിന്റെ നാള്‍വഴികളില്‍ സംഭവിച്ച ഗതിവിഗതികളെ ശാസനങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയും.

പഴയകാല സമൂഹത്തിന്റേയും മധ്യകാല സമൂഹത്തിന്റേയും അധിവാസ മാതൃകകളെക്കുറിച്ച് അത് കൃഷിയായാലും കലയായാലും ആചാരാനുഷ്ഠാനങ്ങളായാലും ശാസനങ്ങളില്‍ പരാമര്‍ശങ്ങളാണ്. ലിഖിതങ്ങള്‍ എന്ന പേരിലറിയപ്പെടുന്ന ചെറിയ ചെറിയ രേഖകളിലും സാമൂഹ്യ വ്യവസ്ഥിതി പ്രതിഫലിക്കുന്നു. മധ്യകാലത്തെ മുഖ്യവിള നെല്ലാണെന്ന് ചില ക്ഷേത്രരേഖകളില്‍ നിന്ന് മനസ്സിലാക്കാം. പ്രാചീന കേരളത്തില്‍ നിലനിന്നിരുന്ന ചില നാണയങ്ങളെക്കുറിച്ചും ശാസനങ്ങളില്‍ സൂചനയുണ്ട്. റോമന്‍ നാണയമായ ദിനാറിനെപ്പറ്റി വാഴപ്പള്ളി ചേപ്പേടില്‍ പരാമര്‍ശിക്കുന്നു. കൃഷി ഇറക്കുന്ന കാലത്തെക്കുറിച്ച് ലിഖിതങ്ങളില്‍ വ്യക്തമായ സൂചനകളില്ലെങ്കിലും പാട്ടം അളക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. കാര്‍ഷികവൃത്തി ജാതി തിരിച്ച് ഉള്ളതായിരുന്നുവെന്നാണ് സൂചന. ആണുങ്ങളും പെണ്ണുങ്ങളും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. ക്രിസ്തുവര്‍ഷം 968ലെ തൃക്കാക്കര ക്ഷേത്രരേഖകളില്‍ പെരുവയല്‍ ഭൂമിയും പുലയരും, കണ്ണമംഗലത്ത് വയല്‍കരയും പുലയരും, വെട്ടികരിക്കാട്ട് ഭൂമിയും പുലയരും എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ജാതിതിരിച്ചുള്ള കൃഷിയെടുപ്പിന്റെ സൂചനയായി ചരിത്രകാരന്‍മാര്‍ ഇതിനെ കണക്കാക്കുന്നു. നെല്‍ക്കൃഷിയുടെ പണിയാളുകള്‍ പുലയവിഭാഗത്തില്‍പ്പെട്ടവരായിരുന്നുവെന്ന് അനുമാനിക്കപ്പെട്ടിരുന്നു. പുലയന്‍, പറയന്‍, വള്ളോന്‍ തുടങ്ങി ജാതിയുടെ വിവിധ അവാന്തര വിഭാഗങ്ങള്‍ നിലനിന്നിരുന്നു. തൃക്കാക്കര ക്ഷേത്രരേഖകള്‍ക്ക് തുല്യമായ ലിഖിതങ്ങള്‍ തിരുവല്ല ചെപ്പേടിലും കാണപ്പെടുന്നു.

ഭൂമിയോടൊപ്പം ആളുകളെയും കൈമാറുന്നതിനെക്കുറിച്ച് തരീസാപ്പള്ളി ശാസനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഭൂമിയും പണിയാളുകളും തൊഴിലും തമ്മിലുള്ള ബന്ധത്തിന്റെ സൂചനയാണിത്. തച്ചന്‍, ഈഴവന്‍, വണ്ണാന്‍ തുടങ്ങിയ വിഭാഗങ്ങളെ ശാസനത്തില്‍ പേരെടുത്താണ് സൂചിപ്പിച്ചിരിക്കുന്നത്. കൂടാതെ വെള്ളാളരെക്കുറിച്ചും സൂചിപ്പിച്ചിരിക്കുന്നു. ദക്ഷിണേന്ത്യന്‍ പശ്ചാത്തലത്തില്‍ ഇവരില്‍ ഭൂവുടമകളും കൃഷിക്കാരുമുണ്ട്. എന്നാല്‍ തരീസ്സാപ്പള്ളി ചെപ്പേടില്‍ സൂചിപ്പിച്ചിരിക്കുന്ന വെള്ളാളര്‍ കാലാളരാണ്.

ബ്രാഹ്‌മണാധിവാസകേന്ദ്രം, ബ്രാഹ്‌മണേതരകേന്ദ്രം, ചേരിക്കല്‍ കേന്ദ്രം എന്നിങ്ങനെ മൂന്നുതരം അധിവാസഗ്രാമങ്ങള്‍ അക്കാലത്ത് നിലനിന്നിരുന്നു. ഓരോ അധിവാസ കേന്ദ്രങ്ങളിലും അവിടേയ്ക്ക് ആവശ്യമായ തൊഴില്‍ക്കൂട്ടങ്ങളും ഉള്‍പ്പെട്ടിരുന്നതായി തരീസ്സാപ്പള്ളി ചെപ്പേട് വ്യക്തമാക്കുന്നു. ഭൂമിയുടെ ഉടമ നാടുവാഴുന്ന രാജാവാണെന്നാണ് പൊതുവായ നിയമം. രാജാവിന്റെ ഭൂമി ചേരിക്കല്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ലിഖിതങ്ങളിലെ സൂചനകള്‍ പ്രകാരം അക്കാലത്ത് നിലനിന്നിരുന്ന എല്ലാ ഭൂമിയും ചേരിക്കലല്ല. ബ്രാഹ്‌മണഭൂമിയും ബ്രാഹ്‌മണേതര ഭൂമിയും ഉണ്ടായിരുന്നു. ബ്രഹ്‌മസ്വം, ദേവസ്വം, ചേരിക്കല്‍ എന്നിങ്ങനെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് മൂന്നുതരം ഉണ്ടായിരുന്നു. ശാസനങ്ങളില്‍ ഇവയെക്കുറിച്ച് വ്യക്തമായ സൂചനയും ഉണ്ട്. ബ്രാഹ്‌മണരുടെ സ്വത്താണ് ബ്രഹ്‌മസ്വം. ചിലയിടങ്ങളില്‍ ഇത് കൂട്ടുത്തരവാദിത്വത്തിലും മറ്റ് ചിലയിടത്ത് ഏകവ്യക്തിയെ കേന്ദ്രീകരിച്ചും ഇതിന്റെ ഉടമസ്ഥാവകാശം നിലനിന്നിരുന്നു. കരമൊഴിവായുള്ള ഇത്തരം ഭൂമി ഉടമസ്ഥര്‍ കാരാളര്‍ക്ക് പാട്ടം നിശ്ചയിച്ച് കാര്‍ഷികവൃത്തിക്ക് നല്‍കിയിരുന്നു. സ്വത്തവകാശം മൂത്ത ആണ്‍മക്കള്‍ക്കായിരുന്നു എന്ന് സൂചനയുണ്ട്. കാരായ്മ അവകാശവും പാരമ്പര്യവഴിക്കാണ് നിശ്ചയിച്ചിരുന്നത്. ചില ക്ഷേത്രങ്ങളില്‍ പൂജകളോ ചില ആചാരങ്ങളോ നടത്താനോ, നടത്തിക്കാനോ, മുഖ്യകാര്‍മ്മികത്വം വഹിക്കാനോ ഉള്ള അവകാശം ചില ബ്രാഹ്‌മണകുടുംബങ്ങള്‍ക്ക് നല്‍കി പോന്നിരുന്നു. ഈ അവകാശത്തെ പ്രസ്തുത കുടുംബക്കാര്‍ കാരായ്മ അവകാശമായി കരുതിപ്പോരുകയും ഇന്നും പല കുടുംബങ്ങളിലും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തുവരുന്നു. തലമുറ മാറുമ്പോഴുള്ള അവകാശമായ പുരുഷാന്തരം ക്രയവിക്രയം ചെയ്യരുതെന്നും 903ലെ തൃപ്പങ്ങോട്ട് രേഖയില്‍ കാണപ്പെടുന്നു.

ദേവന്റെ ഭൂമിയാണ് ദേവസ്വം എന്നറിയപ്പെടുന്നത്. ക്ഷേത്ര ഉടമകള്‍ക്കായിരുന്നു ഇതിന്റെ അവകാശം. ദേവസ്വം ഭൂമിയുടെ നടത്തിപ്പിന് ഗണം എന്ന പേരോടുകൂടിയ സംഘങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. തൃക്കൊടിത്താനം ക്ഷേത്രത്തിലെ ഉത്തരഗണം, പെരുന്നയിലെ തിരുനാള്‍ ഗണം, തിരുവല്ലയിലെ തിരുവോണം ഗണം എന്നിവ ഉദാഹരണങ്ങളാണ്. ഗണത്തിന്റെ അംഗങ്ങള്‍ പ്രധാനമായും തൃക്കാക്കര ക്ഷേത്രരേഖയ്ക്ക് സമാനമായ പരാമര്‍ശങ്ങള്‍ തിരുവല്ല ചെപ്പേടിലും കാണപ്പെടുന്നുണ്ട്. തരീസ്സാപ്പള്ളി ശാസനത്തില്‍ തച്ചന്‍, വണ്ണാന്‍, ഈഴവര്‍ എന്നീ അവാന്തര ജാതികളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ക്രിസ്തുവര്‍ഷം 1189ലെ കൊല്ലൂര്‍ മഠം ചെപ്പേടില്‍ ക്ഷേത്രത്തിലേയ്ക്ക് ആവശ്യമുള്ള എണ്ണയും നെയ്യും ലഭിക്കുന്നതിന് വെള്ളാളരേയും വാണിയന്‍മാരെയും താമസിപ്പിച്ചിരുന്നതായി സൂചിപ്പിക്കുന്നു. ക്രിസ്തുവര്‍ഷം 1225ലെ വീരരാഘവ പട്ടയം അനുസരിച്ച് അധിവാസസ്ഥാനം നല്‍കുമ്പോള്‍ അതോടൊപ്പം ഐങ്കുടിക്കമ്മാളരെ കൂടി ഉള്‍പ്പെടുത്തിയിരുന്നുവത്രേ. ആശാരി, മൂശാരി, പെരുംകൊല്ലന്‍, തട്ടാന്‍, തോല്‍ കൊല്ലന്‍ (ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍, ചെമ്പോട്ടി) എന്നിവര്‍ ചേര്‍ന്നതാണ് ഐങ്കുടി കമ്മാളന്മാര്‍.

അവസാനത്തെ കുലശേഖര ചക്രവര്‍ത്തിയായ രാമവര്‍മ്മ കൊടുങ്ങല്ലൂര്‍ നെടിയ തളിയില്‍ താമസിച്ചിരുന്നതായി പെരുന്ന ശാസനത്തില്‍ പറയുന്നു. വിക്രമാദിത്യവരഗുണന്റെ പാലിയം ശാസനമനുസരിച്ച് യാദവ വംശത്തിന്റെ പിന്‍തുടര്‍ച്ചക്കാരായി ദക്ഷിണകേരളത്തിലെ ആയ് രാജവംശത്തെ വിശേഷിപ്പിക്കുന്നു. വിഴിഞ്ഞം ആസ്ഥാനമാക്കി എട്ടാം നൂറ്റാണ്ടോടെ ആയി രാജാക്കന്‍മാര്‍ ഭരണം നടത്തിയിരുന്നു. ആയി രാജാവായിരുന്ന കരുനന്ദന്റെ കാലത്താണ് ചേരപിന്തുണയോടെ ആയി രാജാക്കന്‍മാര്‍ പാണ്ഡ്യന്‍മാരുടെ ആക്രമണത്തെ ചെറുക്കുന്നത്. ഇവരുടെ പ്രതിരോധത്തെക്കുറിച്ച് തിരുവനന്തപുരം ശിലാശാസനങ്ങള്‍ വിശദീകരിക്കുന്നു. ആയി രാജ്യത്തിന്റെ വിസ്തീര്‍ണ്ണം നാഗര്‍കോവില്‍ മുതല്‍ തൃശ്ശൂര്‍ വരെ വ്യാപിപ്പിച്ചത് ആയി രാജാവായ കരുതന്‍ തരുമന്റെ കാലത്താണ്. പാര്‍ത്ഥിവശേഖരപുരം എന്ന സ്ഥലത്തുള്ള വിഷ്ണുക്ഷേത്രം നിര്‍മ്മിച്ചതും അവിടെ പുതിയതായി ഒരു ഗ്രാമം പടുത്തുയര്‍ത്തിയതും ശ്രീവല്ലഭന്‍ എന്നുകൂടി പേരുള്ള കരുതന്‍ തരുമനാണെന്ന് ഖജൂര്‍ ശാസനത്തില്‍ നിന്ന് മനസ്സിലാക്കാം. പാര്‍ത്ഥിവപുരം ക്ഷേത്രത്തിന് രാജാവുതന്നെ ഒട്ടധികം വസ്തുക്കള്‍ ദാനം ചെയ്തതായി ശാസനങ്ങള്‍ വിശദീകരിക്കുന്നു.

പഴയകാല ശാസനങ്ങള്‍ മിക്കതും ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടാണ് കണ്ടുവരുന്നത്. ഇതര ആരാധനാലയങ്ങളോടു ബന്ധപ്പെട്ട ശാസനങ്ങളും നാമമാത്രമായി കണ്ടെത്തിയിട്ടുണ്ട്. തമിഴിന്റെ പ്രസരണം മിക്ക ശാസനങ്ങളിലും കാണാം. രാജാക്കന്‍മാരും നാടുവാഴികളും ക്ഷേത്രത്തിനു നല്‍കുന്ന സംഭാവനകളെയാണ് മിക്ക ശാസനങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രഭരണം നടത്താന്‍ ഊരാളസമിതികളെ തെരഞ്ഞെടുത്തിരുന്നതായും ശാസനങ്ങള്‍ വ്യക്തമാക്കുന്നു. ഇത് അക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതിയിലേയ്ക്ക് വെളിച്ചം വീശുന്നു. ക്ഷേത്രം വക സ്വത്തുക്കള്‍ക്ക് നികുതി ഈടാക്കിയിരുന്നില്ല. തിരുവല്ല ക്ഷേത്രത്തില്‍ ബ്രാഹ്‌മണര്‍ക്ക് ആഹാരം നല്‍കാനായി മാത്രം ഒരു ലക്ഷം പറ നിലം ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമിക്ഷേത്രം വകയായി ഏക്കര്‍കണക്കിന് വസ്തു ഉണ്ടായിരുന്നു എന്നതിനും ശാസന സൂചനയുണ്ട്. ഭൂസ്വത്ത് കൂടാതെ ധാരാളം സ്വര്‍ണ്ണം, മറ്റ് സ്വത്തുക്കള്‍ എന്നിവയും രാജാക്കന്‍മാര്‍ ആരാധനാലയങ്ങള്‍ക്ക് നല്‍കിയിരുന്നു. അപരാധങ്ങള്‍ ചെയ്തിരുന്നതിനു പിഴയായി സ്വര്‍ണ്ണം ക്ഷേത്രങ്ങളിലേയ്ക്ക് ദാനം ചെയ്തിരുന്നതായും സൂചനയുണ്ട്. ക്ഷേത്രസ്വത്തുക്കള്‍ക്ക് നികുതി ഈടാക്കിയിരുന്നില്ല എന്ന കാരണത്താല്‍ നികുതില്‍ നിന്ന് മോചനം നേടുന്നതിനുവേണ്ടി പ്രഭുക്കന്‍മാര്‍ ധാരാളം വസ്തുക്കള്‍ ക്ഷേത്രത്തിലേയ്ക്ക് ദാനം ചെയ്തിരുന്നതായും ശാസനങ്ങള്‍ പ്രതിപാദിക്കുന്നു. സ്വന്തം വസ്തുക്കള്‍ ക്ഷേത്രത്തിന്റെ പേരില്‍ നല്‍കി, അതില്‍നിന്ന് ലഭിക്കുന്ന കാരായ്മ അവകാശംകൊണ്ട് ജീവിതവൃത്തി കഴിച്ചിരുന്ന കാലാളന്മാരും അക്കാലത്ത് ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.

ഒടുവിലത്തെ കുലശേഖര ചക്രവര്‍ത്തിയായ രാമവര്‍മ്മയെക്കൊണ്ട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യിച്ചതായി 1102ലെ രാമേശ്വരം ശാസനത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. ആര്യരോട് വന്ന വിരോധത്തിന് പ്രായശ്ചിത്തമായി നിത്യവും ഒരു പറ നെല്ല് രാമേശ്വരം ക്ഷേത്രത്തിലേയ്ക്ക് ലഭിക്കത്തക്കവണ്ണമുള്ള വസ്തുതകളാണ് രാമേശ്വരം ശാസനത്തില്‍ കൊത്തിവച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധമായിരുന്ന ബുദ്ധമത തീര്‍ത്ഥാടനകേന്ദ്രമായിരുന്നു ദക്ഷിണപദത്തിലെ ശ്രീമൂലവാസം. ഇത് പതിനൊന്നാം നൂറ്റാണ്ടില്‍ അഫ്ഗാനിസ്ഥാനില്‍ പോലും പ്രശസ്തമായിരുന്നതായി സൂചനയുണ്ട്. ശ്രീമൂല വാസത്തെപറ്റി നമുക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും പ്രധാന രേഖ ആയി രാജാവായ വിക്രമാദിത്യ വരഗുണന്റെ പാലിയം ശാസനമാണ്. എ.ഡി 855 നും 975നും ഇടയ്ക്കാണ് വരഗുണന്റെ ഭരണകാലം. പാലിയും ശാസനത്തില്‍ തിരുമൂല സ്ഥാനമെന്നാണ് സൂചന. മൂഷിക വംശത്തിലെ ശ്രീമൂലവാസവും പാലിയം ചെപ്പേടിലെ തിരുമാല പാദവും ഒന്നാണെന്നാണ് ചരിത്രകാരന്‍മാരുടെ കണ്ടെത്തല്‍. വിക്രമാദിത്യ വരഗുണന്‍ ശ്രീമൂലവാസത്തിനു നല്‍കിയിട്ടുള്ള ഭൂസ്വത്തുക്കളുടെ വിവരണമാണ് പാലിയം ചെപ്പേടിലെ ഉള്ളടക്കം. കന്യാകുമാരി ജില്ലയിലെ തിരുച്ചാരണത്ത് മനയിലെ ഭഗവതിക്ഷേത്രം പതിനഞ്ചാം നൂറ്റാണ്ടുവരെ ഒരു ജൈവക്ഷേത്രമായിരുന്നുവെന്നാണ് ചരിത്രമതം. വിക്രമാദിത്യ വരഗുണന്‍ ഈ ക്ഷേത്രത്തിലേയ്ക്കും സംഭാവനകള്‍ നല്‍കിയിരുന്നതായി ചില ശിലാശാസനങ്ങള്‍ സൂചിപ്പിക്കുന്നു. നാഗര്‍കോവിലിലെ നാഗരാജസ്വാമി ക്ഷേത്രത്തിന് വേണാട് വാണിരുന്ന വീരഉദയ മാര്‍ത്താണ്ഡവര്‍മ കൊല്ലവര്‍ഷം 697ല്‍ വസ്തുവകകള്‍ ദാനം ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗുണവായില്‍ കോട്ടം എന്ന ജൈന ക്ഷേത്രത്തെക്കുറിച്ച് ആലത്തൂര്‍ ശാസനവും മൂതാടി ശാസനവും തെളിവു തരുന്നു. ചിലപ്പതികാര കര്‍ത്താവായ ഇളങ്കോവടികളുടെ ആസ്ഥാനമായിരുന്നു കുണവായില്‍ കോട്ടം. കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം ആണ് ഇതെന്നാണ് വിവക്ഷ.

വിവിധ സ്ഥലങ്ങളില്‍നിന്നിരുന്ന കച്ചവട സംഘങ്ങളെക്കുറിച്ചും കച്ചവടബന്ധങ്ങളെക്കുറിച്ചും വിവിധ ശാസനങ്ങളില്‍ സൂചനയുണ്ട്. അഞ്ചുവണ്ണം, മണിഗ്രാമം തുടങ്ങിയ പ്രാചീന കച്ചവട സംഘങ്ങളുടെ പ്രാധാന്യം ശാസനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അധിവാസസ്ഥാനങ്ങളില്‍ കൈമാറ്റത്തിലെ മുഖ്യഘടകങ്ങള്‍ വാണിയനും ചാലിയരും ആയിരുന്നു. തെരേസ്സ പള്ളിയിലേക്ക് ചേര്‍ന്ന അധിവാസ കേന്ദ്രത്തോടൊപ്പം പള്ളിക്ക് എണ്ണയും മറ്റും കുറവു വരാതെ കൊടുക്കണമെന്ന കല്പനയോട് കൂടി വാണിയരെ കൂടി ഏര്‍പ്പെടുത്തിയിരുന്നതായി പരാമര്‍ശമുണ്ട്. എള്ള്, തേങ്ങ എന്നിവ ആട്ടി എണ്ണ ഉത്പാദിപ്പിക്കുന്നവരാണ് വാണിയര്‍. കിളിമാനൂര്‍ ലിഖിതത്തില്‍ കുലവാണിഭക്കാരനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. എണ്ണ, മണ്‍പാത്രങ്ങള്‍ എന്നിവ ഓരോ അധിവാസ സ്ഥാനങ്ങളിലും എത്തിക്കാനുള്ള ബാധ്യത ഇവര്‍ക്കുണ്ടായിരുന്നു. ക്രിസ്തുവര്‍ഷം ഒന്‍പത്, പത്ത് നൂറ്റാണ്ടുകളില്‍ രൂപം കൊണ്ട അങ്ങാടികളില്‍ മുഴുവന്‍ സമയ കച്ചവടക്കാരായ അഞ്ചുവണ്ണം, മണിഗ്രാമം, വളഞ്ചിയര്‍ തുടങ്ങിയ കൂട്ടങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ശാസനങ്ങള്‍ തെളിവു നല്‍കുന്നു. ക്രിസ്തുവര്‍ഷം 1000-ാം ആണ്ടിലെ ജൂതപട്ടയത്തില്‍ വിവരിക്കുന്ന കച്ചവടകേന്ദ്രം ഇന്നത്തെ കൊടുങ്ങല്ലൂരാണെന്ന് ചരിത്രപണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. 1225ലെ വീരരാഘവപട്ടയത്തില്‍ കൊടുങ്ങല്ലൂര്‍ അഴി മുതലുള്ള പ്രദേശങ്ങളെക്കുറിച്ച് വിവരിക്കുന്നു. വര്‍ത്തക പ്രമാണിമാരുടെ ആധിപത്യം കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്നതായി വീരരാഘവപട്ടയം തെളിയിക്കുന്നു. പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളിലെ തമിഴ് ലിഖിതങ്ങളിലും കൊടുങ്ങല്ലൂരിനെക്കുറിച്ച് പരാമര്‍ശമുണ്ട്. കാലസൂചനയില്ലാതെ ലഭിച്ച ഒരു ഇരിങ്ങാലക്കുട ലിഖിതത്തില്‍ ഭാസ്‌കരപുരം അങ്ങാടിയെക്കുറിച്ച് പരാമര്‍ശമുണ്ട്. പന്തലായനി കൊല്ലത്തെക്കുറിച്ചും അവിടെനിന്ന് ലഭിച്ച ലിഖിതങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കൈമാറ്റകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വര്‍ത്തകസംഘങ്ങളെക്കുറിച്ച് മുഖ്യപരാമര്‍ശമുള്ളത് ഒമ്പതു മുതല്‍ പതിമൂന്ന് ശതകങ്ങള്‍ വരെയുള്ള രേഖകളിലാണ്. ആ സംഘങ്ങള്‍ ഒന്നും തന്നെ കേരളത്തില്‍ മാത്രം ഒതുങ്ങിനിന്നവയായിരുന്നില്ല. മധ്യകാലഘട്ടത്തില്‍ തെക്കേ ഇന്ത്യയില്‍ ഉടനീളം ഇവയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഇവയില്‍ മുഖ്യമായും എടുത്തുകാട്ടിയിരുന്നത് അഞ്ചുവണ്ണവും മണിഗ്രാമവുമായിരുന്നു. ചോളലിഖിതങ്ങളില്‍ മണിഗ്രാമത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. തിരുച്ചിറപ്പള്ളി ജില്ലയിലെ മറയൂരിലാണ് മണിഗ്രാമം എന്ന കച്ചവടസംഘം ഉടലെടുത്തതെന്നും ആദ്യകാലങ്ങളില്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് സഞ്ചരിക്കുന്ന കച്ചവടക്കാരായിരുന്നു ഇവരെന്നും സൂചിപ്പിച്ചിരിക്കുന്നു. എ.ഡി 849ലെ തരീസ്സാപ്പള്ളി ശാസനത്തില്‍ വേണാട് രാജവംശത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. വേണാട് രാജവംശത്തെക്കുറിച്ചുള്ള ആദ്യത്തെ ചരിത്രപരാമര്‍ശം ഇതാണെന്ന് കണക്കാക്കപ്പെടുന്നു. ജൂതവര്‍ത്തക പ്രമാണിയായിരുന്ന മരുവാന്‍ സമീര്‍ ഇശോയിക്ക് വേണാട്ടടികളായിരുന്ന അയ്യനടികള്‍ തിരുവടികള്‍ ഭൂമിയും സ്ഥാനമാനങ്ങളും കല്പിച്ച് അനുവദിച്ച രേഖയാണ് തരീസ്സാപ്പള്ളി ചെപ്പേട്. ഭൂമിയോടൊപ്പം കുടിയാന്മാരെയും കൈമാറ്റം ചെയ്തിരുന്നതായി രേഖ സൂചിപ്പിക്കുന്നു.

പത്താം നൂറ്റാണ്ടില്‍ വേണാട് വാണിരുന്ന ശ്രീവല്ലഭന്‍ കോതയുടെ കാലത്ത് കുടിയിരുത്തിയ 23 ബ്രാഹ്‌മണ കുടുംബങ്ങള്‍ക്ക് ബ്രഹ്‌മസ്വമായി ഭൂമി നല്‍കിയ വിവരം കൊല്ലൂര്‍ മഠം ചെപ്പേടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പത്താം നൂറ്റാണ്ടിന്റെ അന്ത്യകാലഘട്ടത്തിലും പതിനൊന്നാം നൂറ്റാണ്ടിന്റെ പ്രാരംഭകാലത്തും വേണാട് ഭരിച്ചിരുന്ന ഗോവര്‍ദ്ധന മാര്‍ത്താണ്ഡനെക്കുറിച്ച് തൃക്കൊടിത്താനം ക്ഷേത്രരേഖകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എ.ഡി ആയിരാമാണ്ടിലെ ഭാസ്‌കര രവിവര്‍മ്മയുടെ ജൂത ചെപ്പേടിലും ഗോവര്‍ദ്ധന മാര്‍ത്താണ്ഡനെ പരാമര്‍ശിച്ചിരിക്കുന്നു. എ.ഡി 974ലെ മാമ്പിള്ളി ശാസനത്തില്‍ ശ്രീവല്ലഭന്‍ കോതയുടെ  പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചെങ്ങന്നൂര്‍ ക്ഷേത്രത്തിന് ചില സ്വകാര്യ വ്യക്തികള്‍ ഭൂമി നല്‍കുന്ന രേഖയാണ് മാമ്പിള്ളി ശാസനം. ആ ചടങ്ങില്‍ വേണാട്ടടികള്‍ പങ്കെടുത്തിരുന്നതായി ശാസനത്തില്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.

ശരിയായ സംസ്‌കൃതത്തിലുള്ള ആദ്യത്തെ ശാസനം ശകരാജാവായ രുദ്രാദാമന്റേതാണെന്നാണ് കണ്ടെത്തല്‍. എ.ഡി രണ്ടാം നൂറ്റാണ്ടിലെ ജൂതഗാഡ് ശിലാശാസനമാണിത്. ഗദ്യഭാഷയിലാണ് ഇത് കണക്കാക്കപ്പെടുന്നത്. ശാതവാഹന രാജാക്കന്മാരുടേതായി കണ്ടുകിട്ടിയിട്ടുള്ള ശാസനങ്ങള്‍ പ്രാകൃതത്തിലായിരുന്നു. എ.ഡി മൂന്നും നാലും നൂറ്റാണ്ടുകളോടു കൂടിയാണ് സംസ്‌കൃത ശാസനങ്ങള്‍ സാര്‍വ്വത്രികമായി കണ്ടുവന്നിരുന്നതെന്ന് കാണാം. ആദ്യകാലത്ത് പ്രാകൃതത്തിലും പിന്നീട് സംസ്‌കൃതവും പ്രാകൃതവും ഇടകലര്‍ത്തിയും ശാസനഭാഷ ഉപയോഗിച്ചിരുന്നു. അതിനുശേഷമാണ് ശുദ്ധസംസ്‌കൃതത്തിലും സംസ്‌കൃതവും പ്രാദേശിക ഭാഷയും ഇടകലര്‍ത്തിയും ഉപയോഗിച്ചുവന്നത്. ആയ് രാജാവായ വിക്രമാദിത്യ വരഗുണന്‍ ശ്രീമൂലവാസം പള്ളിയിലേക്ക് കരമൊഴിവായി നിലം കൊടുക്കുന്നതിനെപ്പറ്റി സൂചിപ്പിക്കുന്ന പാലിയം ശാസനത്തിന്റെ അവസാനഭാഗം സംസ്‌കൃതത്തിലാണ് രചിച്ചിട്ടുള്ളത്. ഇതിന്റെ ആദ്യഭാഗം തമിഴ് ഭാഷയിലാണ്. ഇവിടെ 'പള്ളി' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ബുദ്ധമത വിഹാരങ്ങളെയാണ്. 'പള്ളി' എന്ന് ബുദ്ധമതക്കാര്‍ ഉപയോഗിച്ച വാക്കില്‍ നിന്നാണ് പിന്നീട് വിദ്യാസങ്കേതങ്ങളെ സൂചിപ്പിക്കുന്ന പള്ളിക്കൂടം എന്ന വാക്ക് ഉണ്ടയത്.