ശരണമന്ത്രങ്ങളുടെ മഹാപ്രവാഹത്തില്‍ ഒരു കുട്ടിപ്പാട്ട് ഒഴുകിച്ചേരുന്നു: 'തേടിവരും കണ്ണുകളില്‍ ഓടിയെത്തും സ്വാമീ തിരുവിളക്കിന്‍ കതിരൊളിയില്‍ കുടിയിരിക്കും സ്വാമീ .....'

To advertise here,

പൊടുന്നനെ നിലയ്ക്കുന്നു ശബ്ദഘോഷം. നിശ്ശബ്ദതയാണ് പിന്നെ. കാതടപ്പിക്കുന്ന നിശ്ശബ്ദത. ആള്‍ക്കൂട്ടത്തിന് നടുവില്‍ കണ്ണടച്ചിരുന്ന് പാട്ടിന്റെ വരികളിലൂടെ ഏകാഗ്രതയോടെ ഒഴുകിപ്പോകവേ വര്‍ഷങ്ങള്‍ ചുറ്റും കൊഴിഞ്ഞുവീണ പോലെ തോന്നിയെന്ന് അമ്പിളി. 'കണ്ണു നിറഞ്ഞൊഴുകുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആ പാട്ട് പാടി റെക്കോര്‍ഡ് ചെയ്യുമ്പോള്‍ സങ്കല്‍പ്പിച്ചിട്ടു പോലുമില്ലല്ലോ എന്നെങ്കിലും സന്നിധാനത്തില്‍ അത് പാടാന്‍ ഭാഗ്യമുണ്ടാകുമെന്ന്. '' - അമ്പിളിയുടെ വാക്കുകള്‍.

പാട്ട് പാടിത്തീര്‍ന്ന് എഴുന്നേല്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ ആരോ വന്നു ഗായികയുടെ കാതില്‍ മന്ത്രിക്കുന്നു: 'ഈ പാട്ട് പാടിയ കുട്ടി നിങ്ങളായിരുന്നോ? വിശ്വസിക്കാന്‍ പറ്റുന്നില്ല. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കേട്ട അതേ ശബ്ദം..' ഉള്ളിലെ ആ നിഷ്‌കളങ്കയായ കുട്ടി ഇനിയും പടിയിറങ്ങിപ്പോയിട്ടില്ലെന്നു ഉറക്കെയുറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു അമ്പിളിക്ക്. പക്ഷെ ശബ്ദഘോഷത്തിനിടെ അതാര് കേള്‍ക്കാന്‍?

സ്വാമി അയ്യപ്പനില്‍ (1975) വയലാര്‍ - ദേവരാജന്‍ കൂട്ടുകെട്ടിനു വേണ്ടി ആ പാട്ട് പാടി റെക്കോര്‍ഡ് ചെയ്യുമ്പോള്‍ കൗമാരത്തിലേക്ക് കടന്നിട്ടേയുള്ളൂ അമ്പിളി. മുന്നില്‍ എ.വി.എം 'സി'' തിയേറ്ററിലെ മൈക്ക്. റെക്കോഡിംഗ് റൂമിന്റെ ചില്ലു ജാലകത്തിന് അപ്പുറത്ത് സൗണ്ട് എന്‍ജിനീയര്‍ വിശ്വനാഥന്റെയും, മെറിലാന്‍ഡ് സുബ്രഹ്‌മണ്യം മുതലാളിയുടെയും ഗാനശില്പികളുടേയും മുഖങ്ങള്‍. വാത്സല്യം കലര്‍ന്ന കൗതുകമായിരുന്നു എല്ലാവര്‍ക്കും. അതേ സ്‌നേഹ വാത്സല്യങ്ങള്‍ നാല്‍പത് വര്‍ഷം കഴിഞ്ഞു 2015 ല്‍ സന്നിധാനത്ത് ആദ്യമായി പാടാനെത്തിയപ്പോഴും അനുഭവിച്ചു അമ്പിളി. 'സ്വാമി അയ്യപ്പന്‍ സിനിമയിലെ എന്റെ പാട്ട് റേഡിയോയില്‍ കേള്‍ക്കുമ്പോള്‍ കുട്ടികളായിരുന്നിരിക്കണം സദസ്സിലുണ്ടായിരുന്നവരില്‍ പലരും. പണ്ട് കേട്ട പാട്ടിനോടും പാട്ടുകാരിയോടുമുള്ള സ്‌നേഹം മധ്യവയസ്സിലും അവര്‍ ഉള്ളില്‍ സൂക്ഷിക്കുന്നു എന്ന അറിവ് എനിക്കൊരു അത്ഭുതമായിരുന്നു. സംഗീതത്തിന് മാത്രം സാധിക്കുന്ന ഇന്ദ്രജാലമല്ലേ അത്?''

എവിഎം സ്റ്റുഡിയോയില്‍ ഇരുന്നാണ് ദേവരാജന്‍ മാഷ് പാട്ടിന്റെ വരികള്‍ പഠിപ്പിച്ചു തന്നത്. എന്തൊരു ഭാവമാധുര്യമായിരുന്നു മാഷിന്റെ ആലാപനത്തില്‍. കുട്ടികളുടെ പാട്ട് പാടുമ്പോള്‍ ശിശുസഹജമായ നിഷ്‌കളങ്കത വന്നു നിറയും ആ ശബ്ദത്തില്‍. 'അയ്യപ്പനെ മനസ്സില്‍ ധ്യാനിച്ച് പാടിത്തുടങ്ങാനാണ് എനിക്ക് കിട്ടിയ നിര്‍ദേശം. ശബ്ദത്തില്‍ അടക്കിപ്പിടിച്ച ഒരു ഗദ്ഗദം വേണം. പക്ഷേ പുറത്ത് വന്നുകൂടാ. പറഞ്ഞുതന്ന പോലെ തന്നെ പാടി. അധികം ടേക്കുകള്‍ ഒന്നും വേണ്ടിവന്നില്ല എന്നാണ് ഓര്‍മ്മ. മാസ്റ്റര്‍ നന്നായി റിഹേഴ്‌സ് ചെയ്യിച്ചിരുന്നത് കൊണ്ടാകും.'' റെക്കോര്‍ഡിംഗ് കഴിഞ്ഞ ശേഷം ഓര്‍ക്കസ്ട്രക്കാര്‍ വന്നു പുറത്തു തട്ടി അഭിനന്ദിച്ചത് മറന്നിട്ടില്ല. തബല തരംഗ് വായിച്ച ലക്ഷ്മണ്‍ റാവു, ഫ്‌ളൂട്ടിസ്റ്റ് നഞ്ചപ്പ എന്നിവരുടെ മുഖങ്ങള്‍ മനസ്സിന്റെ തിരശീലയില്‍ തെളിയുന്നു. സിനിമയില്‍ പാട്ടിനൊത്ത് ചുണ്ടനക്കിയത് ബേബി സുമതി.

ഈശ്വരവിശ്വാസികളല്ലാത്ത രണ്ടു മഹാപ്രതിഭകള്‍ ചേര്‍ന്നാണ് കാലാതിവര്‍ത്തിയായ ആ ഭക്തിഗാനം സൃഷ്ടിച്ചതെന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. ശിശുസഹജമായ നിഷ്‌കളങ്കതയാണ് വയലാറിന്റെ രചനയുടെ കാതല്‍:

'നീട്ടി നില്‍ക്കും കൈകളില്‍ നീ നിധി തരില്ലേ
എന്റെ വീട്ടിലൊരു കൊച്ചനുജനായ് കൂടെ വരില്ലേ
ആറ്റു നോറ്റു ഞങ്ങള്‍ വരും നിന്‍ തിരുനടയില്‍
എന്നും കാത്തരുളുക വരമരുളുക കൈവണങ്ങുന്നേന്‍
അയ്യപ്പസ്വാമി അഭയം അയ്യപ്പസ്വാമീ....'

ഒരു ഗാനം ഗായികയുടെ പര്യായമായി മാറുന്നതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു `തേടിവരും കണ്ണുകളില്‍.' എവിടെ ചെന്നാലും ആളുകള്‍ ആവശ്യപ്പെടുക ആ പാട്ട് മാത്രം. എത്ര വ്യത്യസ്തമായ ഗാനങ്ങള്‍ പാടിയാലും ആ ഒരൊറ്റ കുട്ടിപ്പാട്ടിന്റെ സ്‌നേഹസുരഭിലമായ പ്രതിച്ഛായയില്‍ നിന്ന് തനിക്കു മോചനമില്ലെന്ന് തിരിച്ചറിയുകയായിരുന്നു അമ്പിളി. 'ഒരിക്കലെങ്കിലും ആ വരികള്‍ മൂളാത്ത ദിവസങ്ങളില്ല. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ആ ഗാനത്തിന്റെ ഓര്‍മ്മകള്‍ എന്നെ വന്നു കീഴടക്കിക്കൊണ്ടിരിക്കും. '

ഏറ്റവും ഒടുവില്‍ അത്തരമൊരു അനുഭവമുണ്ടായത് കുറച്ചുകാലം മുന്‍പ് ശബരിമല ദര്‍ശനം കഴിഞ്ഞു തിരിച്ചെത്തിയ മകനിലൂടെയാണ്. 'പതിനെട്ടാം പടിമേല്‍ അവന്‍ ആദ്യമായി കാലെടുത്തുവെച്ച നിമിഷം കാറ്റില്‍ എങ്ങു നിന്നോ ഒഴുകിയെത്തുകയായിരുന്നു എന്റെ പാട്ട്. എന്തൊരു യാദൃഛികതയാണെന്ന് ഓര്‍ത്തു നോക്കൂ. സന്നിധാനത്തില്‍ വര്‍ഷങ്ങളായി കേള്‍പ്പിക്കാറുണ്ടത്രേ സ്വാമി അയ്യപ്പനിലെ പാട്ട്. സംഗീത ജീവിതത്തിലെ എല്ലാ നിരാശകളെയും അലിയിച്ചുകളഞ്ഞു ആ അറിവ് പകര്‍ന്നുതന്ന സന്തോഷം..''

സ്വാമി അയ്യപ്പന്റെ തമിഴ് പതിപ്പിലും ആ കുട്ടിപ്പാട്ട് അമ്പിളി തന്നെ പാടണമെന്നത് സുബ്രഹ്‌മണ്യം മുതലാളിയുടെ നിര്‍ബന്ധമായിരുന്നു. തമിഴിലെ പാട്ടുകള്‍ എഴുതിയത് കവിഞ്ജര്‍ കണ്ണദാസന്‍. ഈണങ്ങള്‍ ദേവരാജന്‍ മാസ്റ്ററുടേത് തന്നെ. ഒരു രാത്രി എട്ടു മണിക്കാണ് 'തേടുകിന്‍ട്ര കണ്‍കളുക്കുള്‍' എന്ന പാട്ട് റെക്കോര്‍ഡ് ചെയ്തത്. മലയാളത്തില്‍ പാടിയ പാട്ടിനേക്കാള്‍ നന്നായത് തമിഴിലെ ആലാപനമായിരുന്നു എന്ന് വിശ്വസിക്കുന്നു അമ്പിളി.

റെക്കോര്‍ഡിംഗ് കഴിഞ്ഞു അമ്പിളിയെ ആദ്യം അഭിനന്ദിച്ചവരില്‍ ഒരാള്‍ കണ്ണദാസനാണ്. 'നല്ല ശബ്ദം; നല്ല ഉച്ചാരണവും. നാളെ തന്നെ പത്മിനി പിക്‌ച്ചേഴ്‌സ് ഓഫീസില്‍ ചെന്ന് എം എസ് വിശ്വനാഥനെ കാണണം.'' - കവിഞ്ജര്‍ അമ്പിളിയോട് പറഞ്ഞു. പിറ്റേന്ന് ചെന്ന് പാട്ട് പാടിക്കേള്‍പ്പിച്ചപ്പോള്‍ എം എസ് വിക്കും കണ്ണദാസനും ഒരു പോലെ ഇഷ്ടമായി പുതുഗായികയുടെ ശബ്ദം. 'വിച്ചൂ, ഇന്ത വോയ്‌സ് തമിഴില്‍ നന്നായി യൂസ് പണ്ണണം; സുശീല മാതിരി വരും'' എന്ന് എം എസ് വിയോട് ആവശ്യപ്പെടുക വരെ ചെയ്തു കവിഞ്ജര്‍. പക്ഷെ എം എസ് വി ഒരിക്കലും തമിഴില്‍ അമ്പിളിയെ പാടാന്‍ വിളിക്കുകയുണ്ടായില്ല. 'കാരണം എന്തെന്ന് ഇന്നും അറിയില്ല എനിക്ക്.'' - അമ്പിളി പറയുന്നു. എങ്കിലും മലയാളത്തില്‍ എം എസ് വിക്ക് വേണ്ടി ചില പാട്ടുകള്‍ പാടാന്‍ ഭാഗ്യമുണ്ടായി അമ്പിളിക്ക്. `ധര്‍മക്ഷേത്രേ കുരുക്ഷേത്രേ'' എന്ന ചിത്രത്തില്‍ സുശീലക്കും വസന്തക്കും ഒപ്പം പാടിയ `ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം' ഓര്‍ക്കുക. (ഇതേ ഗാനം യേശുദാസും ജാനകിയും ചേര്‍ന്നും പാടിയിട്ടുണ്ട്).

അമ്പിളിയുടെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായ പാട്ടാണ് 'തേടിവരും കണ്ണുകളില്‍.' അതുവരെ 'ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന്' (ശ്രീ ഗുരുവായൂരപ്പന്‍) പാടിയ കുട്ടിയെന്നും ഊഞ്ഞാലാ (വീണ്ടും പ്രഭാതം) പാടിയ കുട്ടിയെന്നും അറിയപ്പെട്ടിരുന്ന ഗായിക അതോടെ 'തേടിവരും പാടിയ കുട്ടി'യായി മാറുന്നു. ആ മൂന്ന് പാട്ടുകളിലൂടെ എന്നന്നേക്കുമായി കുട്ടിപ്പാട്ടുകാരിയായി മുദ്രകുത്തപ്പെട്ടുപോകുമായിരുന്നു അമ്പിളി. അതാണല്ലോ സിനിമയുടെ രീതി. ഭാഗ്യത്തിന് അതുണ്ടായില്ല. ബോധപൂര്‍വം തന്നെ ആ പ്രതിച്ഛായയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചു അവര്‍. പ്രണയവും ഭക്തിയും ഹാസ്യരസവുമൊക്കെ കലര്‍ന്ന പാട്ടുകള്‍ പാടി. ഭാര്യാവിജയത്തിലെ 'ഏപ്രില്‍ മാസത്തില്‍ വിടര്‍ന്ന ലില്ലിപ്പൂ' (സംഗീതം: അര്‍ജ്ജുനന്‍), പുതിയ വെളിച്ചത്തിലെ ' ആരാരോ സ്വപ്നജാലകം തുറന്നു വരുന്നതാരോ' (സലില്‍ ചൗധരി), ആരവത്തിലെ ഏഴു നിലയുള്ള ചായക്കട ( എം ജി രാധാകൃഷ്ണന്‍) എന്നിവ മറക്കാനാവില്ല. മനോഹരമായ യുഗ്മഗാനങ്ങള്‍ വേറെ: ജയചന്ദ്രനൊപ്പം ശാരികത്തേന്മൊഴികള്‍ (കന്യക), സന്ധ്യതന്‍ കവിള്‍ തുടുത്തു (രാജാങ്കണം), ഏറ്റുമാന്നൂരമ്പലത്തിന്‍ പരിസരത്ത് (കുടുംബം നമുക്ക് ശ്രീകോവില്‍), യേശുദാസിനൊപ്പം കിഴക്ക് മഴവില്‍ പൂവിശറി (അനുമോദനം), കോളേജ് ലൈല കോളടിച്ചു (മൈലാഞ്ചി), മിഴിയിണ ഞാന്‍ അടക്കുമ്പോള്‍ (മണിയറ).... പ്രശസ്തമായ 'ദുബായ് കത്തി'ന് ശബ്ദം പകര്‍ന്നതും അമ്പിളി തന്നെ.

സംഗീത ലോകത്ത് ഇപ്പോള്‍ പഴയപോലെ സജീവമല്ല അമ്പിളി. വേദിയില്‍ പാടിയിട്ട് വര്‍ഷങ്ങളായി. മങ്ങുന്ന ഓര്‍മ്മകളുമായി ചെന്നൈയിലെ വീട്ടില്‍ മകള്‍ക്കൊപ്പം വിശ്രമജീവിതം നയിക്കുന്നു അവര്‍. എങ്കിലും തന്നെ താനാക്കി മാറ്റിയ പാട്ട് അമ്പിളിക്കെങ്ങനെ മറക്കാനാകും?