വിശ്വാസിയല്ല. പള്ളിയിൽ പോകാറുമില്ല. വിപ്ലവപ്രസ്ഥാനങ്ങളോടാണ് കൂറ്. എങ്കിലും ജീവിതസായാഹ്നത്തിൽ എന്നും കൂട്ട് ഒരു ഭക്തിഗാനമായിരുന്നു: കെ.ജി. മാർക്കോസ് പാടിയ 'ഇസ്രായേലിൻ നാഥനായ് വാഴുമേകദൈവം...'

To advertise here,

'വൈകുന്നേരം കിടക്കാൻ പോകും മുൻപ് ദിവസവും ഇസ്രായേലിൻ നാഥൻ കേൾക്കും അപ്പച്ചൻ,' മകന്റെ ഓർമ. 'അദ്ദേഹത്തെ ചൊടിപ്പിക്കാൻവേണ്ടി ഇടയ്ക്ക് ഞങ്ങൾ ചോദിക്കും: ഭക്തിഗാനം കേട്ടാൽ വിപ്ലവം ആവിയായിപ്പോകും, അല്ലേ എന്ന്. മറുപടി മിക്കപ്പോഴും ഇങ്ങനെയായിരിക്കും: നിങ്ങൾ കരുതുംപോലെ ആ പാട്ടിന്റെ ആശയത്തോടല്ല എനിക്ക് ചായ്​വ്. അതിന്റെ സംഗീതത്തോടാണ്. പിന്നെ മാർക്കോസിന്റെ ആലാപനത്തോടും. ദിവസം മുഴുവൻ നമ്മൾ അനുഭവിക്കുന്ന ആകുലതകളും വ്യഥകളും അനായാസം അലിയിച്ചുകളയാൻ കഴിയും ആ പാട്ടിന്. ചിലപ്പോൾ എന്റെമാത്രം വ്യക്തിപരമായ അനുഭവമാകാം'.

ഒന്നുകൂടി പറഞ്ഞു അപ്പച്ചൻ. 'ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് പൊതുവെയുള്ള നേർത്ത വിഷാദഛായ ഈ പാട്ടിലില്ല. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഇതൊരു അടിപൊളി ഡിവോഷണൽ സോങ് ആണ്. കേൾവിയിൽ വളരെ പോസിറ്റിവ് ആയി തോന്നുന്ന പാട്ട്.' പാട്ടിന്റെ പല്ലവിയിലെ ഏകദൈവം, സ്‌നേഹദൈവം എന്നീ വാക്കുകൾക്ക് മാർക്കോസ് പകർന്നുനൽകിയ ഭാവമാണ് തന്നെ ആ പാട്ടിനോട് കൂടുതൽ അടുപ്പിച്ചതെന്ന് പറയാറുണ്ടായിരുന്നു അപ്പച്ചൻ. ദൈവസ്പർശമേറ്റ വാക്കുകൾ.

അവസാന നാളുകളിൽ ഡിമെൻഷ്യ ബാധിച്ച് മറവിയുടെ തീരത്തുകൂടി യാത്ര ചെയ്യുമ്പോഴും ഇസ്രായേലിൻ നാഥനെമാത്രം മറന്നില്ല അദ്ദേഹം. പ്രിയപ്പെട്ട പാട്ടുകൾ വല്ലതുമുണ്ടെങ്കിൽ മൊബൈൽ ഫോണിൽ പിതാവിനെ കേൾപ്പിച്ചുകൊടുക്കാൻ നിർദേശിച്ചത് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടറാണ്. ഒരു കാര്യം കൂടി ഓർമിപ്പിച്ചു ഡോക്ടർ: 'എല്ലാ രോഗികൾക്കും പാട്ട് ഇഷ്ടപ്പെടണം എന്നില്ല. എങ്കിലും ഒരു പരീക്ഷണം നടത്തിനോക്കുന്നതിൽ തെറ്റില്ല. ചിലപ്പോൾ പൊട്ടിത്തെറിച്ചേക്കാം. നമ്മളൊന്നും പ്രതീക്ഷിക്കാത്ത രീതിയിൽ പ്രതികരിച്ചേക്കാം. അതുകൂടി മനസിൽ കണ്ടു വേണം പാട്ട് കേൾപ്പിക്കാൻ'.

അപ്പച്ചനിഷ്ടമുള്ള ഒരേയൊരു പാട്ടേ ഉണ്ടായിരുന്നുള്ളൂ മക്കളുടെ ഓർമയിൽ: ഇസ്രായേലിൻ നാഥൻ. തെല്ലൊരു ആശങ്കയോടെ ഹെഡ്ഫോണിൽ ആ ഗാനം പിതാവിനെ കേൾപ്പിക്കുന്നു അവർ. ആദ്യമാദ്യം എതിർപ്പായിരുന്നു. പാട്ട് കേൾക്കാതിരിക്കാൻ കാതുകൾ പൊത്തിപ്പിടിച്ചു അപ്പച്ചൻ. അൽപ്പം ബലം പ്രയോഗിക്കേണ്ടിവന്നു സമ്മതിപ്പിച്ചെടുക്കാൻ എന്ന് മകൻ.

അത്ഭുതകരമായിരുന്നു പ്രതികരണം. അകാരണമായി ബഹളം വെക്കുകയും അക്രമാസക്തനാകുകയും ചെയ്തിരുന്ന ആൾ സമാധാനപൂർവം പാട്ട് കേട്ടു; ഒരക്ഷരം മിണ്ടാതെ, കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട്. പാട്ട് തീർന്നപ്പോഴാണ് അപ്പച്ചൻ അസ്വസ്ഥനായതെന്ന് മകൻ. രണ്ടാം തവണയും കേൾപ്പിക്കേണ്ടി വന്നു ഞങ്ങൾക്ക്. ഇടക്കൊരിക്കൽ, കൂടെപ്പാടാൻ ഒരു വിഫലശ്രമം നടത്തുകവരെ ചെയ്തു അദ്ദേഹം. കോളേജിൽ പഠിക്കുന്ന എന്റെ മകൾ പിറ്റേന്ന് ആ പാട്ട് കട്ടിലിനരികിലിരുന്ന് പാടിക്കൊടുത്തപ്പോഴും നിശ്ശബ്ദനായി കേട്ട് കിടന്നു അപ്പച്ചൻ. കൈവിട്ടുപോയ മനസിനെപ്പോലും ശാന്തമാക്കാൻ പോന്ന എന്തോ ഒരു മാജിക് ഉണ്ടായിരുന്നോ ആ പാട്ടിൽ? അറിയില്ല'.

പാട്ടുകൾക്ക് ഇങ്ങനെയും ചില മാന്ത്രിക സിദ്ധികൾ ഉണ്ടെന്ന് നിങ്ങളെപ്പോലുള്ളവർ എഴുതി വായിച്ചിട്ടുള്ളതുകൊണ്ട് വലിയ അത്ഭുതമൊന്നും തോന്നിയില്ലെന്ന് മകൻ. 'അപ്പച്ചൻ പോയിട്ട് രണ്ടു വർഷത്തിലേറെയായി. ഇപ്പോഴും മിക്കവാറും ദിവസങ്ങളിൽ ആ പാട്ട് കേൾക്കാറുണ്ട്. അതിലും മനോഹരമായ ഒരു സ്മാരകം ഇല്ലല്ലോ അപ്പച്ചന് ഞങ്ങളുടെ മനസ്സിൽ', മകൻ വികാരാധീനനാകുന്നു.

അച്ഛൻ പാടിക്കേട്ട പാട്ടിന്റെ വരികൾ മകനും മനഃപാഠം: 'ചെങ്കടലിൽ നീ അന്ന് പാത തെളിച്ചു മരുവിൽ മർത്യർക്ക് മന്ന പൊഴിച്ചു, എരിവെയിലിൽ മേഘത്തണലായി ഇരുളിൽ സ്‌നേഹനാളമായ് സീനായ് മാമലമുകളിൽ നീ നീതിപ്രമാണങ്ങൾ പകർന്നേകി'.

തീവണ്ടി യാത്രക്കിടെ യാദൃച്ഛികമായി പരിചയപ്പെട്ട മൂവാറ്റുപുഴക്കാരനായ ആ ചെറുപ്പക്കാരൻ ഒറ്റപ്പെട്ട ഉദാഹരണമല്ല. ബേബി ജോൺ കലയന്താനി എഴുതി പീറ്റർ ചേരാനെല്ലൂർ ഈണമിട്ട ഇസ്രായേലിൻ നാഥൻ എന്ന ഗാനത്തിന്റെ വേറെയും അടിയുറച്ച ആരാധകരെ കണ്ടുമുട്ടിയിട്ടുണ്ട്. മതവിശ്വാസങ്ങൾക്കെല്ലാം അതീതമായി ആ ഗാനത്തെ ഹൃദയത്തോട് ചേർത്തുവെക്കുന്നവർ. തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ പൂജാരിയായ മലയാളി യുവാവിനെ ഓർമ വരുന്നു. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള ഈ ഒറ്റപ്പാലംകാരൻ, കച്ചേരി മാതൃകയിൽ രാഗവിസ്താരത്തോടെ ഒരിക്കൽ പാടിക്കേൾപ്പിച്ചിട്ടുണ്ട് 'ഇസ്രായേലിൻ നാഥ'നും 'യഹൂദിയായിലെ'യും.

പീറ്റർ ചേരാനെല്ലൂരിന്റെ ഓർമയിലും സമാനമായ അനുഭവങ്ങൾ സുലഭം. ഇസ്രായേലിൻ നാഥനായ് കേട്ട് രാപ്പകലെന്നില്ലാതെ ഇന്നും വികാരാധീനരായി വിളിക്കുന്നവരുണ്ട്. എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയേടത്തുനിന്ന് ആ പാട്ടിന്റെ കൈ പിടിച്ചു ജീവിതത്തിലേക്ക് തിരികെ വന്നവർ; മാറാരോഗങ്ങളിൽനിന്ന് പോലും മുക്തി നേടിയവർ. ആ ഗാനം ആവർത്തിച്ച് കേട്ട് മനസ്സിന്റെ താളം വീണ്ടെടുത്ത അനുഭവങ്ങൾ ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്തവർ പോലും വിവരിച്ചു കേൾക്കുമ്പോൾ, നിറഞ്ഞ കണ്ണുകളോടെ സർവേശ്വരനെ സ്തുതിക്കും പീറ്റർ. ഒപ്പം പാട്ടെഴുതിയ പ്രിയ സുഹൃത്ത് ബേബിജോണിനും, ജോണിന്റെ വരികളിൽ ആത്മാവ് നിറച്ച ഗായകൻ കെ.ജി. മാർക്കോസിനും നന്ദി പറയും. അവർക്ക് കൂടി അവകാശപ്പെട്ടതാണല്ലോ ആ പാട്ടിന്റെ അനശ്വരത.

മാർക്കോസിനും ഏറെ പ്രിയപ്പെട്ട പാട്ടാണത്. അജ്ഞാതരായ എത്രയോ സാധാരണ മനുഷ്യരുടെ ഹൃദയങ്ങളെ ആഴത്തിൽ ചെന്നുതൊട്ട പാട്ട്. ഇന്നും ആ ഗാനമില്ലാതെ മാർക്കോസിന്റെ ഗാനമേളകൾ പൂർണമാകാറില്ല. 'കുറച്ചു കാലം മുൻപ് വിദേശത്തുനിന്ന് അയച്ചുകിട്ടിയ ഒരു വീഡിയോയിൽ ഏതോ സ്പാനിഷ് ബാൻഡ് ആ പാട്ടിന്റെ ഈണം വായിക്കുന്നത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു; മനസും. ഭാഷയുടെയും ദേശത്തിന്റെയുമൊക്കെ അതിരുകൾക്കപ്പുറത്തേക്ക് ആ ഗാനത്തെ കൈപിടിച്ചുയർത്തിയ ദൈവത്തിന് എങ്ങനെ നന്ദി പറയാതിരിക്കും? ദൈവസ്‌നേഹത്തേക്കാൾ മഹത്തായ മറ്റൊരു സംഗീതവുമില്ലല്ലോ', പീറ്റർ.

ഗൃഹലക്ഷ്മി മ്യൂസിക് പുറത്തിറക്കിയ ജീസസ് എന്ന ആൽബത്തിൽ വേറെയുമുണ്ടായിരുന്നു ശ്രദ്ധേയ ഗാനങ്ങൾ. ഗായകരായി മാർക്കോസിന് പുറമേ ജയചന്ദ്രൻ, ഉണ്ണിമേനോൻ, എം.ജി. ശ്രീകുമാർ, വേണുഗോപാൽ, ബിജു നാരായണൻ, ഉണ്ണികൃഷ്ണൻ, കെസ്റ്റർ, ഗായത്രി എന്നിവരും എഴുത്തുകാരായി ബേബി ജോണിന് പുറമേ ജോൺ അറക്കൽ, പീറ്റർ കെ. ജോസഫ്, ശബരിമണി, വിജയ് നായരമ്പലം എന്നിവരും. 'ഇസ്രായേലിൻ നാഥൻ' എന്ന ഗാനം ഗായത്രിയുടെ ശബ്ദത്തിലും കേൾക്കാം ആൽബത്തിൽ.

പിറന്നുവീണ് കാൽ നൂറ്റാണ്ടിനിപ്പുറവും എത്രയോ വിഹ്വല മനസുകൾക്ക് ആശ്വാസം പകർന്ന് കാതോരത്തുണ്ട് ഇസ്രായേലിൻ നാഥൻ. പാട്ടിൽ ബേബി ജോൺ എഴുതിയപോലെ എരിവെയിലിൽ മേഘത്തണലായി, ഇരുളിൽ സ്‌നേഹനാളമായി.