രാജ്യാതിര്‍ത്തികള്‍ മാറുമ്പോള്‍ സ്ത്രീകളോടുള്ള നമ്മുടെ സമീപനങ്ങള്‍ക്ക് മാറ്റം വരാറുണ്ടോ? വികസിതരാജ്യങ്ങള്‍ എല്ലാം പുരോഗമന ചിന്താഗതിക്കാരാണോ? അവിടെയുള്ള സ്ത്രീകള്‍ക്ക് വീട്ടിലും തൊഴിലിടത്തിലും തുല്യനീതി ലഭിക്കാറുണ്ടോ?  32 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസക്കാരനും ന്യൂയോര്‍ക്കിലെ Memorial Sloan Kettering Cancer Center-ന്റെ ക്ലൗഡ് ടെക്‌നോളജി നേതൃനിരയില്‍ പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്ന പ്രസന്നകുമാര്‍ അടുത്തില എഴുതിയ ഈ അനുഭവകഥ വായിക്കൂ

To advertise here,

ഈയിടെ ഒരു പിതാവ് എന്നെ കാണാന്‍ വന്നു. അദ്ദേഹത്തിന്റെ ഇരട്ടക്കുട്ടികള്‍ക്ക് പഠിക്കാന്‍ സഹായം വേണം. ഒന്‍പതാം ക്ലാസിലാണ്.  കുട്ടികളെ കണക്ക് പഠിപ്പിക്കുന്നതറിഞ്ഞ് വന്നതാണവര്‍.  

ഞാന്‍ ശരിക്കും കണക്കു മാഷ് അല്ല; എന്നാല്‍ കണക്ക് പഠിപ്പിക്കാനിഷ്ടപ്പെടുന്ന ഒരാളാണ്.  ഓഫീസ് സമയം കഴിഞ്ഞാണ് എന്റെ കണക്ക് പഠിപ്പിക്കല്‍. അതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്. ഇരട്ടകളില്‍ ഒരാള്‍ പെണ്‍കുട്ടിയും മറ്റേയാള്‍ ആണ്‍കുട്ടിയുമായിരുന്നു

'വിചാരിച്ചത്ര പോര സ്‌കൂളിലെ പഠിപ്പിക്കല്.' അയാള്‍ പറഞ്ഞു തുടങ്ങി, മകന് കണക്കില്‍ താത്പര്യം വളരെ കുറവാണ്. അത് നന്നാക്കിയെടുത്തേ പറ്റു, ഇവിടെ വലിയ നിലയിലെത്തേണ്ടവനല്ലേ അവന്‍. മകള്‍ കണക്കില്‍ മോശമല്ല, മകനേക്കാള്‍ താത്പര്യവുമുണ്ട്. പക്ഷേ അവളെ തോല്‍ക്കാതെ നോക്കിയാല്‍ മതി, പഠിപ്പിക്കണ്ട. സയന്‍സില്‍ ശ്രദ്ധിക്കാന്‍ പറയണം. അവളും അമ്മയെപ്പോലെ നഴ്സ് ആവട്ടെ. പെണ്ണല്ലേ! അവളോട് സാറ് ജോലി ചെയ്യുന്നിടത്തെ സയന്‍സ് കാര്യങ്ങളും നഴ്സ് ആയാലുള്ള ഗുണങ്ങളുമൊക്കെ ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊടുത്താല്‍ നന്നായി'. 

ഭാര്യ നഴ്സ് ആയി അമേരിക്കയില്‍ വന്ന വകയിലാണ് ഇദ്ദഹത്തിനും ഇങ്ങോട്ട് വരാന്‍ കഴിഞ്ഞത് എന്ന് പിന്നീടറിഞ്ഞു.

ഞാന്‍ പറഞ്ഞു: 'ഇത് താങ്കളുടെ മകനും മകളും. രണ്ടുപേര്‍ക്കും പഠിക്കാനും വളരാനും സ്വപ്നം കാണാനും ഒരേ പോലെ അവകാശമുണ്ട്. അവര്‍ എന്തു പഠിക്കണം ഏത് വിഷയം ഇഷ്ടമാണ്, എന്ത് ആവണം എന്നൊക്കെ അവരല്ലേ നിശ്ചയിക്കേണ്ടത്? അവരുടെ ഭാവി ജീവിതത്തിന്റെ കാര്യമല്ലേ? നിങ്ങള്‍ക്ക് മകള്‍ നഴ്സാവണം. അവള്‍ക്ക് ഡോക്ടറോ എന്‍ജിനീയറോ ആകാനാണ് ആഗ്രഹമെങ്കിലോ? അതില്‍ എന്താണ് താങ്കള്‍ കാണുന്ന കുറവ്?'

അയാള്‍ക്ക് ആദ്യം ഉത്തരമില്ല, പിന്നെ മെല്ലെ പറഞ്ഞുതുടങ്ങി ന്യായങ്ങള്‍. പെണ്ണല്ലേ. നമ്മളൊക്കെ ഇന്ത്യയില്‍ വളര്‍ന്ന പോലെ മതി ഇവിടെയും. അവളെ, കുറച്ച് പഠിച്ച ശേഷം നാട്ടില്‍നിന്ന് ഒരാളെ കൊണ്ട് കെട്ടിക്കണം.

'അമേരിക്കയില്‍ നഴ്സ് ആണ്' എന്ന പരസ്യം നാട്ടിലെ പത്രത്തില്‍ കൊടുത്തിട്ട്, അല്ലേ?' ഞാന്‍ ആവര്‍ത്തിച്ചു: 'അവള്‍ പെണ്ണായതു കൊണ്ട്  നഴ്‌സിങ്ങിന് പോയി  വിവാഹത്തിനായി നാട്ടില്‍ നിന്ന് ഒരാളെ ഇവിടെയെത്തിക്കാം. അല്ലേ?' 

നഴ്‌സ് ജോലി മോശമായതുകൊണ്ടല്ല, അതൊരു പുണ്യ കര്‍മ്മമാണ്. കുട്ടിയുടെ ആഗ്രഹത്തിന് വിലകല്‍പിക്കാത്ത മനോഭാവത്തോടായിരുന്നു എന്റെ കലഹം

മറ്റൊരുദാഹരണം ഞാന്‍ മുമ്പേ ജോലിചെയ്ത കമ്പനിയിലെ എന്റെ ബോസ്. 2008-ലായിരുന്നു. സമയബന്ധിതമായി തീര്‍ക്കേണ്ട ഒരു പ്രോജക്ടിന് ടീം രൂപീകരിക്കുമ്പോള്‍ ടീമിലുള്ള പെണ്‍കുട്ടിയെ ഒഴിവാക്കണമെന്ന് അവരെന്നോടാവശ്യപ്പെട്ടു.  

'ഇത് നമുക്ക് കൃത്യസമയത്തിനുള്ളില്‍ തീര്‍ക്കേണ്ട പ്രോജക്ട് ആണ്, സ്ത്രീകളെ ഉള്‍പ്പെടുത്തിയാല്‍ പ്രശ്നമുണ്ട്.'

'എന്താണ് പ്രശ്നം?'

'അവര്‍ ചിലപ്പോഴൊക്കെ വീട്ടിലേയും കുട്ടികളുടെ കാര്യത്തിനുമൊക്കെ ലീവെടുക്കും. അതിലും വലിയ പ്രശ്നം, ആ കുട്ടി കല്യാണം കഴിഞ്ഞ് കുറച്ചുകാലമായി. ഈയിടെ പറയുന്നതു കേട്ടു, planning to expand her family'.

ഞാന്‍ മുകളിലേക്ക് പരാതി കൊടുത്തു. അന്വേഷണം വന്നു. അന്വേഷണകമ്മീഷന്‍ വരുമ്പൊഴേക്കും അന്യായത്തിനിരയായ കുട്ടി എന്നോട് സംസാരിക്കാതായി. എച്ച്.ആര്‍. ഡിപ്പാര്‍ട്മെന്റ് അവള്‍ക്ക് വേണ്ട നിര്‍ദ്ദേശം കൊടുത്തുകഴിഞ്ഞു. കമ്മീഷനോട് അവള്‍ പറഞ്ഞത്, ആ ജോലി ഇഷ്ടമല്ലായിരുന്നതുകൊണ്ട് സ്വയം മാറിയതാണെന്ന്. അവിടെ നിന്ന് സ്ഥാനം പോയത് എനിക്ക്. പിന്നെ ജോലിയും മാറേണ്ടി വന്നു. 

തൊഴിലിടങ്ങളിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ - Whatsapp Number 94003 18888

ഞാന്‍ ജോലിചെയ്ത ഒരു കൊമേഴ്ഷ്യല്‍ ഇന്‍ഷൂറന്‍സ് കമ്പനിയിലെ ഒരനുഭവം കൂടി പറയാം. 2013-ലാണ് ഞാന്‍ അവിടെ ഒരു ടെക്നോളജി വിഭാഗത്തിന്റെ മേധാവിയായി ജോലി തുടങ്ങിയത.് എന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ സ്ത്രീ ജീവനക്കാര്‍ക്കു ശമ്പളം കുറവായിരുന്നു. എന്നാല്‍ ജോലി ആണുങ്ങളോളം അവരെക്കാളും വിദഗ്ധമായി അവരെല്ലാം ചെയ്യും. അതിനു മാറ്റം വരുത്താനും തുല്യജോലിക്ക് തുല്യവേതനം കൊടുക്കാനും മറ്റും ഞാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. അതിനുപുറമെ ഒരു മേധാവി സ്ത്രികളെ മോശമായും അശ്ലീലച്ചുവയോടെയും സ്ഥിരമായി പരാമര്‍ശിച്ചതിനെ എതിര്‍ക്കുകയും ചെയ്തു.

ഫലം അറിയണോ?
നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളു.
ജോലിയില്‍നിന്ന് പിരിച്ചുവിടുമ്പോള്‍ എന്റെ മേലധികാരി (അവര്‍ ഒരു സ്ത്രീയായിരുന്നു) പറഞ്ഞു: ''നിനക്ക് സ്ത്രീകളുടെ മാത്രം ശമ്പളം കൂട്ടണം അല്ലേ'' എന്ന്.

ഇങ്ങിനെയൊക്കയുള്ള പല മനുഷ്യരുടെയും കഠിനശ്രമങ്ങളും ശ്രമമില്ലായ്മകളും കാരണം അമേരിക്കയില്‍ ടെക്നോളജി മേഖലയില്‍ ഇന്ന് ജോലിചെയ്യുന്നത് 30 ശതമാനത്തില്‍ താഴെ സ്ത്രീകളാണ്. എല്ലാവരും 'സജീവമായി' ശ്രമിക്കുകയാണെങ്കില്‍ അത് 50:50 ആകുമത്രെ. എപ്പോഴെന്നു കൂടിയറിയണം. 2060-ല്‍!

ഇരട്ടക്കുട്ടികളുടെ കാര്യത്തിലേക്ക് തിരിച്ചു പോകാം. അവിടെയാണല്ലോ ഈ സംഭാഷണം തുടങ്ങിയത്. ക്ലാസില്‍ സഹോദരനെ കണക്കു മനസ്സിലാക്കിക്കൊടുക്കാന്‍ പെണ്‍കുട്ടി കഠിനശ്രമം നടത്തിയിരുന്നു. അവള്‍ക്കായിരുന്നു എല്ലാ പരീക്ഷകളിലും അധികം മാര്‍ക്ക്. അന്ന് ആരാകാനാണ് ആഗ്രഹമെന്ന എന്റെ ചോദ്യത്തിന് കണക്ക് അധ്യാപിക ആകണമെന്നായിരുന്നു ആ പെണ്‍കുട്ടിയുടെ മറുപടി

(32 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസക്കാരനും ന്യൂയോര്‍ക്കിലെ Memorial Sloan Kettering Cancer Center-ന്റെ ക്ലൗഡ് ടെക്നോളജി നേതൃനിരയില്‍ പ്രവര്‍ത്തിച്ചുവരികയുമാണ് ലേഖകന്‍)